Tuesday, May 21, 2019

ഭാര്യയുടെ സ്വർണ്ണത്തിൻ്റെ സകാത്ത് ഭർത്താവ് കൊടുത്താൽ വീടുമോ ?.



ചോദ്യം: ഭാര്യയുടെ സ്വർണ്ണത്തിന്റെ സകാത്ത് ഭർത്താവ് കൊടുത്താൽ വീടുമോ ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
ഭാര്യയുടെ അറിവോടെയും തൃപ്തിയോടെയും ഭാര്യയുടെ സകാത്ത് ഭർത്താവ് നല്കുന്നുവെങ്കിൽ തെറ്റില്ല.

വിശദമായിപ്പറഞ്ഞാൽ സകാത്ത് എന്നത് ഒരാരാധനയാണല്ലോ. ആരിലാണോ ആരാധന അർപ്പിതമായത് അവരാണല്ലോ ആ ആരാധന നിർവഹിക്കാൻ ബാധ്യസ്ഥർ. അതുകൊണ്ട് തൻ്റെ കൈവശമുള്ള സ്വർണ്ണത്തിൻറെ സകാത്ത് നൽകേണ്ട ബാധ്യത ആരുടെ ഉടമസ്ഥതയിലാണോ ആ സ്വർണ്ണമുള്ളത് അവർക്കാണ്. ആ ബാധ്യത ശറഇയ്യായ ഒരു സാമ്പത്തിക ബാധ്യതയാകയാൽ ആരുടെ മേലാണോ അത് ബാധകമായിട്ടുളളത് അവരുടെ അറിവോടെയും തൃപ്തിയോടെയും ആ ബാധ്യത അവരുടെ വേണ്ടപ്പെട്ട ആർക്കും ഏറ്റെടുക്കാം. ആ ബാധ്യത നിറവേറ്റാനുള്ള അത്രയും പണം ആ സ്ത്രീക്ക് അവർ ദാനമായി നൽകി എന്നുമാത്രം.

ഇനി ഒരു സ്ത്രീയുടെ മേൽ നിസ്വാബ് തികയുന്നത്ര ആഭരണങ്ങൾ ഉണ്ട് എന്ന് കരുതുക. ഭർത്താവോ മറ്റോ ആ ബാധ്യത നിർവഹിക്കാനുള്ള പണം ഏറ്റെടുത്ത് സഹായിച്ചില്ല എങ്കിലും അവരുടെ മേൽ ആ ബാധ്യത നിലനിൽക്കും. കയ്യിൽ സകാത്ത് നൽകാൻ ആവശ്യമായ പണമില്ലയെങ്കിൽ ആ സ്വർണ്ണം വിറ്റിട്ടെങ്കിലും ആ ബാധ്യത അവർ  നിറവേറ്റണം. 85 ഗ്രാം എന്നതാണ് സ്വർണ്ണത്തിന്റെ നിസ്വാബ്. അതിനുമുകളിൽ ഉണ്ടെങ്കിൽ കൈവശം ഉള്ള മുഴുവൻ സ്വർണ്ണത്തിന്റെ രണ്ടര ശതമാനം ഓരോ ഹിജ്‌റ വർഷം തികയുമ്പോഴും നൽകണം.

ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1- അവനവന്റെ കൈവശമുള്ള ധനത്തിന്റെ സകാത്ത് നൽകാൻ ബാധ്യസ്ഥർ അതത് വ്യക്തികളാണ്. ഇനി കുട്ടികളോ ബുദ്ധിയില്ലാത്തവരോ ആണെങ്കിൽ നിസ്വാബ് എത്തുന്ന ധനം അവരുടെ ഉടമസ്ഥതയിലുണ്ട്   എങ്കിൽ അതിൻ്റെ സകാത്ത് നൽകേണ്ട ബാധ്യത അവരുടെ രക്ഷാകർത്താക്കൾക്കാണ് .

2 - ഭർത്താവ് തൻ്റെ കൈവശമുള്ള സ്വർണ്ണത്തിന്റെ സകാത്ത് നൽകുന്നില്ല എന്നത് ഒരു സ്ത്രീക്ക് സകാത്ത് നൽകാതിരിക്കാനുള്ള ഒരു കാരണമല്ല. തൻ്റെ കൈവശമുള്ള സ്വർണ്ണത്തിന് സകാത്ത് ബാധകമാണോ എന്നത് പരിശോധിച്ച് ബാധകമെങ്കിൽ അതിൻ്റെ സകാത്ത് നൽകാനുള്ള ബാധ്യത അവർക്കുണ്ട്.


3- ഭാര്യയുടെ ആഭരണങ്ങൾക്ക് സകാത്തായി നൽകേണ്ട പണം ഭർത്താവിന് നൽകി സഹായിക്കാം. അവരുടെ മേലുള്ള ശറഇയ്യായ സാമ്പത്തിക ബാധ്യതയാകയാൽ അവരുടെ അറിവോടെയും തൃപ്തിയോടെയും ആയിരിക്കണം അത്. എന്നാൽ ഭർത്താവ് ഒരിക്കലും അതേറ്റെടുക്കാൻ ബാധ്യസ്ഥനല്ല.

4- നന്മയിൽ സഹകരിക്കുക എന്ന അല്ലാഹുവിന്റെ കല്പനയുടെ അടിസ്ഥാനത്തിലും, പലപ്പോഴും സ്ത്രീകൾക്ക് സ്വയം  കൈവശമുള്ള സ്വർണ്ണം തിട്ടപ്പെടുത്താനും മറ്റുമൊക്കെ പ്രയാസമുണ്ടാകും എന്നതിനാലും അവർക്ക് അവരുടെ മേൽ ബാധകമായ സകാത്ത് അനുഷ്ഠിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ഭർത്താവ് ചെയ്തുകൊടുക്കണം.


അല്ലാഹു അനുഗ്രഹിക്കട്ടെ....


അനുബന്ധ ലേഖനങ്ങൾ: 

1- ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്തുണ്ടോ ?.

2- 30 പവൻ സ്വർണ്ണമുണ്ട് എത്ര സകാത്ത് കൊടുക്കണം ?. സ്ഥിരമായി ഉപയോഗിക്കുന്നതിനും കൊടുക്കണോ ?.

3- സ്വർണ്ണത്തിന്റെ സകാത്ത് ആ സ്വർണ്ണത്തിൽ നിന്ന് തന്നെ നൽകണോ ?.

4- പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?.

5- സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എപ്രകാരമാണ് ?. എത്ര കൈവശം ഉണ്ടായാലാണ് സകാത്ത് കൊടുക്കേണ്ടത് ?. എത്രയാണ് സകാത്തായി നല്‍കേണ്ടത് ?. അത് എല്ലാ വര്‍ഷവും നല്‍കണോ ?.

6- പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് കൊടുക്കണോ ?.

7- ഭാര്യയുടെ കയ്യിൽ 25 പവനും, ഞാനാണെങ്കിൽ കടക്കാരനുമാണ്. സകാത്ത് എങ്ങനെ നൽകും ?. ഭാര്യയുടെ സകാത്ത് ഭർത്താവിന് നൽകാമോ ?.

8- സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ്.

9- എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാത്ത് ബാധകമാണോ ?.

10- എന്‍റെ പണയം തിരിച്ചെടുക്കാന്‍ എന്‍റെ സകാത്ത് ഉപയോഗിക്കാമോ ?. ഭര്‍ത്താവിന് ഈ ആവശ്യത്തിനായി എനിക്ക് സകാത്ത് നല്‍കാമോ ?.