Tuesday, May 28, 2019

തറാവീഹും ഖിയാമുല്ലൈലും - ലഘുവിവരണം
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഈയിടെയായി ഒരുപാട് പേർ ചോദിക്കുന്ന ചോദ്യമാണ് ഖിയാമുല്ലൈലും തറാവീഹും രണ്ടും രണ്ടാണോ അതോ ഒന്നാണോ ?. ഇനി ഒരു പള്ളിയിൽ തറാവീഹ് നമസ്കരിച്ച ശേഷം പിന്നെ അതേ പള്ളിയിൽ ഖിയാമുല്ലൈൽ നമസ്കരിക്കുന്നത് അനുവദിക്കപ്പെട്ട കാര്യമാണോ ?. തുടങ്ങിയ ചോദ്യങ്ങൾ.

എൻ്റെ പ്രിയ ഉസ്താദും തീസിസ് ഗൈഡും കൂടിയായ ശൈഖ് ഡോ. ഹമദ് അൽ ഹാജിരി ഈ വിഷയത്തിൽ എഴുതിയ കുറിപ്പിനെ കൂടി ആസ്പദമാക്കിയാണ് ഈ വിശദീകരണം രേഖപ്പെടുത്തുന്നത്.

www.fiqhussunna.com

       ഈയിടെയായി തറാവീഹ് ജമാഅത്തായി പള്ളിയിൽ നിന്നും നിർവഹിക്കുന്നത് തന്നെ ബിദ്അത്താണ് എന്ന് പറഞ്ഞുകൊണ്ട് അബദ്ധജഢിലമായ ഒരു ലേഖനം വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നത് പല സഹോദരങ്ങളും അയച്ചുതന്നിരുന്നു. യഥാർത്ഥത്തിൽ നബി (സ) യാണ് നമുക്ക് തറാവീഹ് ജമാഅത്തായി നമസ്കരിച്ച് കാണിച്ചുതന്നത്. മൂന്ന് ദിവസമേ അദ്ദേഹം അപ്രകാരം പള്ളിയിൽ വെച്ച് കാണിച്ച് തന്നിട്ടുള്ളൂ. എന്നാൽ അതിനു ശേഷം സ്വഹാബത്ത് ഒറ്റക്കൊറ്റക്കും ജമാഅത്തായും പള്ളിയിൽ വെച്ച് നമസ്കരിക്കാറുണ്ടായിരുന്നു.  വ്യത്യസ്ഥ ജമാഅത്തുകളായി ഒരേ പള്ളിയിൽ നമസ്കരിക്കുന്നത് കണ്ടപ്പോൾ ഉമർ (റ) അവരെ ഒരു ഇമാമിന്റെ കീഴിൽ ജമാഅത്തായി നമസ്‌കരിക്കാൻ കല്പിച്ചു. ഇബാദത്തുമായി ബന്ധപ്പെട്ട തൗഖീഫിയായ ഒരു വിഷയത്തിൽ ഉമർ (റ) അപ്രകാരം ഒരു തീരുമാനം സ്വന്തമായി എടുത്തതല്ല മറിച്ച് നബി (സ) അദ്ധ്യാപനം അനുസരിച്ചാണ് എന്നത്  ഉസ്വൂലുൽ ഫിഖ്ഹിന്റെ പ്രാഥമിക വിവരമുള്ള ആർക്കും അറിയാവുന്ന കാര്യമാണ്. മാത്രമല്ല മറ്റു സ്വഹാബാക്കൾ അതിനെ എതിർക്കാത്ത പക്ഷം അത് അവർക്കിടയിലുള്ള ഇജ്‌മാആയി കണക്കാക്കപ്പെടുകയും ചെയ്യുന്നു.  അതുകൊണ്ടുതന്നെ തറാവീഹ് പള്ളിയിൽ വെച്ച് നമസ്കരിക്കുന്നത് തന്നെ പുത്തൻ ആചാരമാണ് എന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധജഢിലവും അറിവില്ലായ്മയുടെ ആഴം വ്യക്തമാക്കുന്ന   ഒരു കാര്യവുമായതുകൊണ്ടുതന്നെ മറുപടി അർഹിക്കുന്നില്ല. മാത്രമല്ല ഈ ലേഖനത്തിൽ നാം ഉദ്ദരിച്ചിരിക്കുന്ന സ്വഹാബിയായ ത്വൽഖു ബ്‌നു അലി (റ)  അദ്ദേഹം ഒരേ രാത്രിയിൽ രണ്ട് പ്രദേശത്തുകാർക്ക് ഇമാമായി നമസ്കരിച്ച സംഭവം ഈ വിഷയത്തിലും സ്വഹാബത്ത് തറാവീഹ് നമസ്‌കാരം ജമാഅത്തായി നമസ്കരിച്ചിരുന്നു എന്നതിന് തെളിവാണ്.

നബി (സ) മൂന്ന് ദിവസം സ്വഹാബാക്കൾക്കൊപ്പം പള്ളിയിൽ വെച്ച് ജമാഅത്തായി തറാവീഹ് നമസ്കരിച്ചു. മൂന്നാം ദിവസം പള്ളി നിറഞ്ഞുകവിഞ്ഞു. പിന്നീട് അതൊരു നിർബന്ധ നമസ്കാരത്തെപ്പോലെയായിത്തീരുകയും ആളുകൾക്ക് പ്രയാസമായിത്തീരുകയും ചെയ്യുമെന്നതിനാൽ നബി (സ)   പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കുന്നത് അവസാനിപ്പിച്ചുവെന്ന് ഹദീസിൽ സ്പഷ്ടമായി വന്നിട്ടുണ്ട്. എന്നാൽ അത് ജമാഅത്തായി നമസ്കരിക്കുന്നതിനോ റമദാനിൽ പള്ളിയിൽ വെച്ച് ജമാഅത്തായി നമസ്കരിക്കുന്നതിനോ വിലക്കൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സ്വഹാബത്ത് ചിലരൊക്കെ ജമാഅത്തായും മറ്റു ചിലർ ഒറ്റക്കൊറ്റകായുമൊക്കെ പള്ളിയിൽ വെച്ച് അത് നിർവഹിച്ചു പോന്നത്. ഒരേ സമയം ഒന്നിലധികം ജമാഅത്തുകളും ഒറ്റക്കൊറ്റക്ക് നമസ്കരിക്കുന്നവരേയും കണ്ടപ്പോഴാണ് ഉമർ (റ) നബി (സ) കാണിച്ചുതന്നത് പോലെ ഒരു ഇമാമിൻ്റെ കീഴിൽ ഒരു ജമാഅത്തായി നമസ്കരിക്കാൻ അവരോട് ആവശ്യപ്പെട്ടത്.

وَعَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِيِّ قَالَ: خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ - رضي الله عنه - لَيْلَةً فِي رَمَضَانَ إِلَى الْمَسْجِدِ , فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ , يُصَلِّي الرَّجُلُ لِنَفْسِهِ , وَيُصَلِّي الرَّجُلُ فَيُصَلِّي بِصَلَاتِهِ الرَّهْطُ , فَقَالَ عُمَرُ: إِنِّي أَرَى لَوْ جَمَعْتُ هَؤُلَاءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ , ثُمَّ عَزَمَ فَجَمَعَهُمْ عَلَى أُبَيِّ بْنِ كَعْبٍ - رضي الله عنه - , ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى وَالنَّاسُ يُصَلُّونَ بِصَلَاةِ قَارِئِهِمْ , فَقَالَ عُمَرُ: نِعْمَتِ الْبِدْعَةُ هَذِهِ , وَالَّتِي يَنَامُونَ عَنْهَا أَفْضَلُ مِنْ الَّتِي يَقُومُونَ - يُرِيدُ آخِرَ اللَّيْلِ - وَكَانَ النَّاسُ يَقُومُونَ أَوَّلَهُ.

അബ്‌ദുറഹ്‌മാൻ ബ്ൻ അബ്ദുൽ ഖാരി നിവേദനം: ഞാൻ റമളാനിലെ ഒരു രാവിൽ ഉമർ ബ്ൻ ഖത്താബ് (റ) വിനോടൊപ്പം പള്ളിയിലേക്ക് പോയി. ആളുകൾ വേറെവേറെയായി അവിടെ രാത്രി നമസ്കാരം നിർവഹിക്കുന്നുണ്ടായിരുന്നു. ചിലർ ഒറ്റക്ക് നമസ്‌കരിക്കുന്നു. മറ്റു ചിലർ അവരോടൊപ്പം ചെറു സംഘം അവരെ പിന്തുടർന്ന് നമസ്കരിക്കുന്നു. അപ്പോൾ ഉമർ (റ) പറഞ്ഞു: അവരെയെല്ലാം ഒരു ഖാരിഇൻ്റെ കീഴിൽ ഒരുമിപ്പിച്ചാൽ കൂടുതൽ നന്നാകും. അങ്ങനെ അദ്ദേഹം അത് തീരുമാനിക്കുകയും ഉബയ്യ് ബ്ൻ കഅബ് (റ) വിൻ്റെ നേതൃത്വത്തിൽ അവരെ ഒരു ജമാഅത്താക്കുകയും ചെയ്തു. ശേഷം മറ്റൊരു രാവിൽ ഞാൻ അദ്ദേഹത്തോടൊപ്പം പള്ളിയിലേക്ക് പോയി. ആളുകൾ അവരുടെ ഖാരിഇനോടൊപ്പം ജമാഅത്തായി നമസ്‌കരിക്കുകയായിരുന്നു. അപ്പോൾ ഉമർ (റ) പറഞ്ഞു: ഇതെത്ര നല്ല തുടക്കമാണ്. എന്നാൽ ഇപ്പോൾ നിന്ന് നമസ്കരിക്കുന്നവരേക്കാൾ ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠം. ആളുകൾ അതിൻ്റെ  ആദ്യ സമയത്താണ് നമസ്കരിച്ചിരുന്നത്". - (مختصر صحيح البخاري: 950)

എന്നാൽ നാം ചർച്ച ചെയ്യുന്ന വിഷയം അതല്ല. തറാവീഹ് നമസ്കാരം ഒരാൾ പള്ളിയിൽ വെച്ച് ജമാഅത്തായി നമസ്കരിച്ചാൽ അയാൾക്ക് ശേഷം ഖിയാമുല്ലൈൽ നമസ്‌കരിക്കാമോ ?. അതുപോലെ പള്ളിയിൽ തറാവീഹ് ജമാഅത്ത് നമസ്കാരം നടന്ന ശേഷം പിന്നെ ഖിയാമുല്ലൈൽ എന്ന പേരിൽ രാത്രി വൈകി നമസ്കരിക്കുന്നത് ബിദ്അത്താകുമോ ?. തുടങ്ങിയ കാര്യങ്ങളാണ്.

രാത്രി നമസ്കാരത്തിന്റെ ശ്രേഷ്ഠത  നമുക്കൊക്കെ അറിയാമല്ലോ. ഏറെ പ്രതിഫലാർഹമായ, പരിശുദ്ധ റമളാനിൽ ഏറെ  പ്രോത്സാഹിപ്പിക്കപ്പെട്ട, നബി (സ) റമളാനിൽ പള്ളിയിൽ വെച്ച് മൂന്ന് ദിവസം ലഘുവായും, മിതമായും, സുദീർഘമായും നമസ്കരിച്ച് കാണിച്ചുകൊടുത്ത നമസ്കാരം റമളാനിൽ നിലനിർത്തുന്നവന് പ്രത്യേകം പ്രതിഫലം തന്നെ  ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്:

"مَنْ قامَ رمضانَ إيماناً واحتِساباً؛ غُفِرَ لهُ ما تَقدَّمَ من ذنبه".
"ഈമാനോട് കൂടിയും പ്രതിഫലേച്ഛയോടുകൂടിയും ആരെങ്കിലും പരിശുദ്ധ റമളാനിൽ രാത്രി നമസ്കാരം നിർവഹിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും" - [مختصر صحيح البخاري: 949].

"من قام ليلة القدر إيماناً واحتساباً غفره ما تقدم من ذنبه" 

"ഈമാനോട് കൂടിയും പ്രതിഫലേച്ഛയോടുകൂടിയും ആരെങ്കിലും ലൈലത്തുൽ ഖദ്റിൻ്റെ രാവിൽ രാത്രി നമസ്കാരം നിർവഹിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും" - [صحيح البخاري: 1901].

ഇശാ നമസ്കാരാനന്തരം മുതൽ ഫജ്ർ നമസ്കാരത്തിന് സമയമാകുന്നത് വരെ രാത്രി നമസ്കാരത്തിന്റെ സമയമാണ് എന്നത് തർക്കമില്ലാത്ത വിഷയമാണ്. മാത്രമല്ല രാവിൻറെ ആദ്യ സമയത്തേക്കാൾ അതിൻ്റെ അവസാനഭാഗം കൂടുതൽ ശ്രേഷ്ഠതയേറിയ സമയമാണ് എന്നതും തർക്കമില്ലാത്ത ഹദീസുകളിലൂടെ പഠിപ്പിക്കപ്പെട്ട കാര്യമാണ്. സ്വാഭാവികമായും ആളുകൾ ഈ ശ്രേഷ്ഠമായ സമയങ്ങളിൽ ഇബാദത്തുകളിൽ മുഴുകുന്നതിന്റെ ഭാഗമായി നമസ്കാരം കൊണ്ട് അതിനെ ജീവിപ്പിക്കുന്നു. അതിൻ്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ പൊതുവേയും, നമ്മുടെ നാട്ടിലൊക്കെ ചില പള്ളികളിലും റമളാൻ അവസാനത്തെ പത്തിന് പള്ളിയിൽ സാധാരണ ഇശാനമസ്കാരശേഷം ആളുകൾ തറാവീഹ് എന്ന് പറയാറുള്ള ജമാഅത്തും, രാത്രി വൈകിയ വേളയിൽ  ആളുകൾ ഖിയാമുല്ലൈൽ എന്ന് പറയാറുള്ള ജമാഅത്തും നടക്കുന്നു. സ്വാഭാവികമായും ചില ചോദ്യങ്ങൾ ഇവിടെ നമുക്ക് ഉണ്ടാകാം... താൻ ചെയ്യുന്ന കർമ്മങ്ങൾ നബി (സ) അദ്ധ്യാപനങ്ങളനുസരിച്ചുള്ളവയായിരിക്കണം എന്ന നല്ല ചിന്തയിൽ നിന്നുമുത്തിക്കുന്ന ന്യായമായ ചോദ്യങ്ങളാണവ. അതുകൊണ്ടുതന്നെ ആ സംശയങ്ങളും അതിനുള്ള മറുപടിയും നമുക്ക് ചർച്ച ചെയ്യാം:

ആശങ്കകൾ ഇവയാണ്:

ഒന്ന്: രാത്രി നമസ്കാരത്തെ തറാവീഹ് എന്നും ഖിയാമുല്ലൈൽ എന്ന് വേർതിരിക്കുന്നതും അവ രണ്ട് പേരുകളിൽ അറിയപ്പെടുന്നതും പുതുതായുണ്ടായതല്ലേ ?.

രണ്ട്: നബി (സ) രാത്രിയുടെ ആദ്യസമയത്തെ രാത്രിനമസ്കാരവും രാത്രിയുടെ അവസാന സമയത്തെ നമസ്കാരവും എന്ന രൂപത്തിൽ വ്യത്യസ്ഥ സമയങ്ങളിൽ വേർതിരിച്ച് നമസ്കരിച്ചിട്ടില്ല.

മൂന്ന്: അവസാനത്തെ പത്തിൽ മാത്രം പ്രത്യേകമായി രാത്രി വൈകി ഖിയാമുല്ലൈൽ നമസ്കരിക്കുന്നത് ശരിയാണോ ?.

നാല്: തറാവീഹ് നമസ്കരിച്ച ഒരാൾക്ക് ഖിയാമുല്ലൈലിൽ പങ്കെടുക്കാമോ ?.

ഒന്നാമതായി: താറാവീഹ് എന്ന പേര് തന്നെ അല്ലെങ്കിൽ തഹജ്ജുദ് എന്നത് പ്രത്യേകമായി വ്യത്യസ്ഥ നമസ്കാരങ്ങൾക്കായി വന്ന പേരല്ല. തറാവീഹ് എന്ന പേര് ഖുർആനിലോ ഹദീസിലോ സ്ഥിരപ്പെട്ട് വന്നിട്ടില്ല. രാത്രിയുടെ ആദ്യസമയത്ത് സുദീർഘമായ നമസ്കരിച്ച് അവക്കിടയിൽ അൽപ സമയം വിശ്രമം എടുക്കുന്നത് കൊണ്ടാണ് മുൻഗാമികൾ 'തറാവിഹ്' എന്ന പേര് അതിന് നൽകിയത്. ആഇശ (റ) യിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസിൽ ഇതിലേക്കുള്ള സൂചനകൾ കാണാം:

عَنْ عَائِشَةَ رَضِىَ اللَّهُ عَنْهَا قَالَتْ : كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُصَلِّى أَرْبَعَ رَكَعَاتٍ فِى اللَّيْلِ ، ثُمَّ يَتَرَوَّحُ

ആഇശാ (റ) യിൽ നിവേദനം: "നബി (സ) രാത്രി നമസ്കാരം നാല് റകഅത്ത് നമസ്കരിച്ചുകഴിഞ്ഞാൽ അല്പം വിശ്രമിക്കുമായിരുന്നു".  - [ السنن الكبرى للبيهقي: 4807].

ഇവിടെ (يَتَرَوَّح) 'യതറവ്വഹ്' വിശ്രമിക്കുമായിരുന്നു  എന്ന് ഉമ്മുൽ മുഅമിനീൻ ആഇശ (റ) പ്രയോഗിച്ചിരിക്കുന്നത് കാണാം. ഇടയിൽ വിശ്രമിക്കുന്ന നമസ്കാരം എന്നതാണ് 'തറാവീഹ്' എന്നതുകൊണ്ട് പൂർവ്വികർ ഉദ്ദേശിച്ചുവന്നത് എന്ന് മനസ്സിലാക്കാം.

ഇനി (تهجد) തഹജ്ജുദ് എന്ന പ്രയോഗം.. ഇത് വിശുദ്ധ ഖുർആനിൽ നമുക്ക് കാണാം   

وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَكَ عَسَى أَنْ يَبْعَثَكَ رَبُّكَ مَقَامًا مَحْمُودًا

"രാത്രിയില്‍ നിന്ന്‌ അല്‍പസമയം നീ ഉറക്കമുണര്‍ന്ന്‌ അതോടെ ( ഖുര്‍ആന്‍ പാരായണത്തോടെ ) നമസ്കരിക്കുകയും ചെയ്യുക. അത്‌ നിനക്ക്‌ കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ്‌ നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത്‌ നിയോഗിച്ചേക്കാം". - (سورة الإسراء: 79).

അതുകൊണ്ട് പൊതുവേ ഉറക്കമുണർന്ന് രാത്രി നമസ്കാരം നിർവഹിക്കുന്നതിന് പൂർവ്വികർ 'തഹജ്ജുദ്' എന്ന് പ്രയോഗിച്ച് പോന്നു.

 ഇനി ഖിയാമുല്ലൈൽ എന്ന പടവും ഇപ്രകാരം തന്നെ. രാത്രിയുടെ ആദ്യത്തിലോ അവസാനത്തിലോ മധ്യത്തിലോ ആകട്ടെ 'രാത്രിനമസ്കാരം' ഖിയാമുല്ലൈൽ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇത് ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുമുണ്ട്:

عن عبدِ الله بنِ عَمْروِ بنِ العاصِ رضي الله عنهما قالَ: قالَ لي رسولُ الله - صلى الله عليه وسلم -: "يا عبدَ الله! لا تَكُنْ مثلَ فلانٍ، كانَ يقومُ الليلَ فترَك قيامَ الليلِ"

അബ്ദുല്ലാഹ് ബ്ൻ അംറു ബ്നുൽ ആസ് (റ) നിവേദനം: നബി (സ) എന്നോട് ഇപ്രകാരം പറഞ്ഞു: "അല്ലയോ അബ്‌ദല്ലാഹ് ... രാത്രി നമസ്‌കാരം സ്ഥിരമായി നിർവഹിക്കുകയും പിന്നീട് 'ഖിയാമുല്ലൈൽ' ഉപേക്ഷിക്കുകയും ചെയ്തവനെപ്പോലെ നീയാകരുത്". - (مختصر صحيح البخاري: 575).

ഇവിടെ രാത്രിയുടെ ഏത് സമയത്താകട്ടെ രാത്രിനമസ്കാരം നിർവഹിക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. എന്നാൽ ഇന്ന് പൊതുവേ രാത്രി വൈകിയ ശേഷം നമസ്കരിക്കുന്നതിന് ആളുകൾ 'ഖിയാമുല്ലൈൽ' എന്ന് പ്രയോഗിക്കുന്നു. അതായത് രാത്രി വൈകിയും നമസ്കാരത്തിൽ മുഴുകുന്ന ഒന്നായതുകൊണ്ട് അങ്ങനെ പ്രയോഗിച്ചു എന്ന് മാത്രം.

ഏതായാലും ആളുകൾ അവരുടെ സൗകര്യാർത്ഥം വ്യത്യസ്ഥ പേരുകൾ പ്രയോഗിച്ചു എന്നതല്ലാതെ ഒന്നിന് തറാവീഹ് എന്നും മറ്റൊന്നിന് ഖിയാമുല്ലൈൽ എന്നും പ്രയോഗിച്ചു എന്നത് അവയെല്ലാം രാത്രിനമസ്‌കാരമെന്ന ഒരേ ഗണത്തിൽപ്പെടുന്നുവെന്നതിനെ നിരാകരിക്കുന്നില്ല. ഇനി പല നാടുകളിലും അതിന് വ്യത്യസ്ഥ പ്രയോഗങ്ങളും ഉണ്ടായിരിക്കാം. എന്നാൽ അതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നത് രാത്രിനമസ്കാരം എന്ന കർമ്മമാണെന്നിരിക്കെ പേരുകളെ ആസ്‌പദമാക്കി വിധിപറയൽ അപ്രസക്തമാണ്. ഇനി രാത്രിയുടെ ആദ്യത്തിൽ നമസ്കരിക്കുന്നതിന് തഹജ്ജുദ് എന്നോ, ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്നതിന് തറാവീഹ് എന്നോ പ്രയോഗിക്കപ്പെട്ടാലും മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നർത്ഥം.

രണ്ടാമതായി: നബി (സ) രാത്രിയുടെ ആദ്യത്തിൽ കുറച്ചും പിന്നെ അവസാനത്തിൽ കുറച്ചും എന്ന രൂപത്തിൽ നമസ്കരിച്ചിട്ടുണ്ടോ ?. അഥവാ ഇന്ന് ചെയ്യുന്നപോലെ ആദ്യം ഇശാ നമസ്കാരശേഷം നമസ്കരിച്ച് പിന്നെ രാത്രി വൈകി വീണ്ടും നമസ്കരിക്കുമ്പോൾ , അതിനിടയിൽ അത്രയും സമയം ഗ്യാപ്പ് വരുന്ന രൂപത്തിൽ നബി (സ) നമസ്കരിച്ചിട്ടുണ്ടോ ?.

രാത്രിയുടെ മുഴുവൻ സമയവും രാത്രി നമസ്കാരത്തിന് അനുവദിക്കപ്പെട്ട സമയമാണ് എന്ന് നബി (സ) പഠിപ്പിച്ചിരിക്കെ ഈ ചോദ്യം ഒരർത്ഥത്തിൽ അപ്രസക്തമാണ്. ഒരാൾക്ക് നമസ്കരിച്ച് കിടക്കാം. ഇനി കിടന്ന ശേഷം പിന്നെ എഴുന്നേറ്റ് നമസ്കരിക്കാം. കുറച്ച് നമസ്കരിച്ച് കിടക്കുകയോ വിശ്രമിക്കുകയോ ചെയ്ത ശേഷം  പിന്നെ നമസ്കരിക്കാം. ഇടയിൽ ഗ്യാപ്പ് വന്നു എന്നതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. മാത്രമല്ല ഇനി ഹദീസിലും നബി (സ) കുറച്ച് നമസ്കരിച്ച് കിടന്ന ശേഷം വീണ്ടും എഴുന്നേറ്റ് നമസ്കരിച്ചതായിത്തന്നെ കാണാം:

عن ابن عباس: أنه بات عند خالته ميمونة، فجاء النبي - صلى الله عليه وسلم - بعد العشاء الآخرة، فصلى أربعاً، ثم نام، ثم قام، فقال: "أنامَ الغُلام؟ "، أوكلمة نحوها، قال: فقام يصلي، فقمت عن يساره، فأخذني فجعلني عن يمينه، ثم صلى خمساً، ثم نام حتى سمعتُ غَطيطه أو خَطيطه، ثم خرج فصلى.

ഇബ്നു അബ്ബാസ് (റ) നിവേദനം: ഞാൻ എൻ്റെ മാതൃസഹോദരി മൈമൂന (റ) യുടെ അരികിൽ താമസിച്ചു. നബി (സ) ഇശാ നമസ്കാരശേഷം അവിടേക്ക് വന്നു. അദ്ദേഹം നാലു റകഅത്ത് നമസ്കരിച്ച ശേഷം ഉറങ്ങി. പിന്നെ എഴുന്നേറ്റ ശേഷം "അവനുറങ്ങിയോ" എന്നോ മറ്റോ ചോദിച്ചു. അങ്ങനെ അദ്ദേഹം നമസ്കരിക്കാനായി നിന്നു. അദ്ദേഹത്തിൻ്റെ ഇടതുവശത്തായി ഞാനും നിന്നു. അദ്ദേഹം എന്നെ പിടിച്ച് വലതുവശത്തേക്ക് നീക്കി. എന്നിട്ടദ്ദേഹം അഞ്ചു റകഅത്തുകൾ നമസ്‌കരിച്ചു. ശേഷം അദ്ദേഹം ഉറങ്ങാൻ കിടക്കുകയും കൂർക്കം വലിക്കുന്ന ശബ്ദം ഞാൻ കേൾക്കുകയും ചെയ്‌തു. പിന്നെ അദ്ദേഹം എഴുന്നേറ്റ് നമസ്കരിക്കാനായി പോയി നമസ്കരിച്ചു". - (مسند أحمد: 3169) .


ഈ ഹദീസിൽ നബി (സ) നാല് റകഅത്ത് നമസ്കരിച്ച ശേഷം ഉറങ്ങുകയും പിന്നെ എഴുന്നേറ്റ് 5 റകഅത്ത് കൂടി നമസ്കരിക്കുകയും ചെയ്തത് കാണാം. മാത്രമല്ല വീട്ടിലുള്ളവർക്ക് റമളാനിലാകട്ടെ അല്ലാത്ത സന്ദർഭത്തിലാകട്ടെ ജമാഅത്തായി രാത്രി നമസ്കാരം നിർവഹിക്കാം എന്നും മനസ്സിലാക്കാം.

മാത്രമല്ല ഉമർ ബ്ൻ ഖത്താബ് (റ) വിൽ നിന്നും ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസിൽ, അദ്ദേഹം ആളുകളോട് പള്ളിയിൽ വേറെ വേറെ ജമാഅത്തായി ഒരേ സമയം നമസ്കരിക്കുന്നവരോട് ഒരു ഇമാമിന്റെ കീഴിൽ നമസ്കരിക്കാൻ പറഞ്ഞ ശേഷം. ഇപ്പോൾ ഉറങ്ങി രാത്രിയുടെ അവസാന സമയം എഴുന്നേറ്റ് നമസ്‌കരിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠകരമായ സമയം എന്ന് പറയുമ്പോൾ അവർക്ക് വേണമെങ്കിൽ   ഉറങ്ങിയ   ശേഷം എഴുന്നേറ്റ് നമസ്കരിക്കുന്നതാണ് ഉചിതം എന്ന് മനസ്സിലാക്കാം. മാത്രമല്ല ആളുകൾ വേറെ വേറെ ജമാഅത്തായി നമസ്കരിച്ചപ്പോൾ, ഒരു പള്ളിയിൽ ഒരേ സമയം ഒരേ നമസ്കാരം ഒരു ഇമാമിന്റെ കീഴിൽ ആണ് നടക്കേണ്ടത്, അതാണ് നബി (സ) ചര്യ എന്ന നിലക്കാണ് അദ്ദേഹം ഒരാളുടെ കീഴിൽ എല്ലാവരോടും നമസ്കരിക്കാൻ കല്പിച്ചത്. അവർ ഉറങ്ങിയ ശേഷം എഴുന്നേറ്റ് നമസ്കരിക്കുകയാണ് എങ്കിൽ അതാണ് കൂടുതൽ ശ്രേഷ്ഠം എന്നത് വ്യക്തമാക്കുകയും ചെയ്തു. അഥവാ അനാവശ്യ ചർച്ചകൾ ആവശ്യമില്ലാത്ത വിശാലമായ ഒരു വിഷയമാണ് ഇത് എന്ന് മനസ്സിലാക്കാം.


മൂന്നാമതായി : അവസാനത്തെ പത്തിൽ മാത്രം പ്രത്യേകമായി രാത്രിയുടെ അവസാന സമയത്ത്  നമസ്കരിക്കുന്നതിനു എന്താണ് തെളിവ് ?. അത് ശ്രേഷ്ഠമെങ്കിൽ എന്തുകൊണ്ട് ആദ്യ പത്തിലോ രണ്ടാമത്തെ പത്തിലോ ചെയ്യുന്നില്ല.

ഇതൊരു തെറ്റിദ്ധാരണയാണ്. അവസാനത്തെ പത്തിലേ ഖിയാമുല്ലൈൽ പാടുള്ളൂ എന്ന അഭിപ്രായം ആർക്കുമില്ല. വേണമെങ്കിൽ നോമ്പ് മുഴുവനും, ഇനി റമളാൻ അല്ലാത്ത വേളകളിൽ വീട്ടിൽ വെച്ചും ഒക്കെ ഖിയാമുല്ലൈൽ നിർവഹിക്കാം. ഇനി എന്തുകൊണ്ടാണ് അവസാനത്തെ പത്തിൽ മാത്രം നിങ്ങൾ ചെയ്യുന്നത് എന്നാണ് ചോദ്യമെങ്കിൽ, നമുക്കറിയാം അവസാനത്തെ പത്തിന് മറ്റു ദിവസങ്ങളേക്കാൾ ശ്രേഷ്ഠതയുണ്ട്. മാത്രമല്ല നബി (സ) തന്നെ റമദാനിലെ മറ്റു ദിവസങ്ങളിൽ ചെയ്തിരുന്നതിനേക്കാൾ കൂടുതൽ ഉത്സാഹത്തോടെ അവസാനത്തെ പത്തിൽ അമലുകൾ ചെയ്യുമായിരുന്നു. കുടുംബത്തെ എഴുന്നേല്പിക്കുകയും അവസാനത്തെ പത്തിലെ രാവുകളെ ഇബാദത്തുകൾ കൊണ്ട് ജീവിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതുതന്നെ മതിയായ തെളിവാണ്.

قَالَتْ عَائِشَةُ رضى الله عنها كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يَجْتَهِدُ فِى الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِى غَيْرِهِ.

ആഇശ (റ) പറയുന്നു: " അമലുകൾ ചെയ്യുന്നതിൽ അല്ലാഹുവിൻ്റെ റസൂൽ (സ) അവസാന പത്ത് ദിനങ്ങളിൽ മറ്റുദിനങ്ങളേക്കാൾ കർമ്മനിരതനായിരുന്നു. " - (صحيح مسلم: 2845).

അതുകൊണ്ടുതന്നെ ഒരു വിശ്വാസി റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിൽ മറ്റു ദിനങ്ങളെക്കാൾ കർമ്മനിരതനാകുന്നത് നബി (സ) യുടെ ചാര്യപ്രകാരം തന്നെയാണ്. അതിൽ യാതൊരു തെറ്റുമില്ല.

നാലാമതായി:  ഒരാൾക്ക് തറാവീഹ് നമസ്കരിച്ചാൽ പിന്നെ ഖിയാമുല്ലൈൽ നമസ്‌കരിക്കാമോ എന്നതാണ് ?. രണ്ടും നമസ്കരിക്കാവുന്നതാണ്. ഒരാൾ വിത്ർ നമസ്കാരം ഒരു രാത്രിയിൽ രണ്ടു തവണ നിർവഹിക്കരുത് എന്നേ  നബി (സ) പഠിപ്പിച്ചിട്ടുള്ളൂ. എന്നാൽ അല്ലാതെ എത്ര നമസ്കരിച്ചാലും തെറ്റില്ല. ഒരു ജമാഅത്ത് നടക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും. ത്വൽഖ് ബ്നു അലി (റ) വിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസിൽ ഇത് വ്യക്തമായിക്കാണാം:

عَنْ قَيْسِ بْنِ طَلْقٍ ، قَالَ : زَارَنَا طَلْقُ بْنُ عَلِيٍّ فِي يَوْمٍ مِنْ رَمَضَانَ ، وَأَمْسَى عِنْدَنَا ، وَأَفْطَرَ ، ثُمَّ قَامَ بِنَا اللَّيْلَةَ ، وَأَوْتَرَ بِنَا ، ثُمَّ انْحَدَرَ إِلَى مَسْجِدِهِ ، فَصَلَّى بِأَصْحَابِهِ ، حَتَّى إِذَا بَقِيَ الْوِتْرُ قَدَّمَ رَجُلًا ، فَقَالَ : أَوْتِرْ بِأَصْحَابِكَ ، فَإِنِّي سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ : ( لَا وِتْرَانِ فِي لَيْلَةٍ )

ഖൈസ് ബ്ൻ ത്വൽഖ് നിവേദനം: റമദാനിലെ ഒരു ദിവസം ത്വൽഖ് ബ്നു അലി (റ) ഞങ്ങളെ സന്ദർശിച്ചു. അങ്ങനെ അദ്ദേഹം വൈകും വരെ ഞങ്ങളോടൊപ്പം കഴിച്ചുകൂട്ടുകയും ഞങ്ങളോടൊപ്പം നോമ്പ് തുറക്കുകയും ചെയ്തു. ശേഷം അദ്ദേഹം ഞങ്ങൾക്ക് ഇമാമായി രാത്രി നമസ്കാരം നിർവഹിച്ചു. അങ്ങനെ ഞങ്ങൾക്ക് ഇമാമായി അദ്ദേഹം വിത്റും നമസ്കരിച്ചു. ശേഷം അദ്ദേഹം തൻ്റെ പള്ളിയിലേക്ക് പോയി. അദ്ദേഹത്തിൻ്റെ ആളുകളോടൊപ്പം അവർക്ക് ഇമാമായി നമസ്‌കരിച്ചു. അങ്ങനെ വിത്ർ നമസ്കാരത്തിൻ്റെ സമയമെത്തിയപ്പോൾ അദ്ദേഹം ഒരാളെ മുന്നിലേക്ക് ഇമാം നിൽക്കാനായി നിർത്തി. എന്നിട്ടദ്ദേഹം ഇപ്രകാരം പറഞ്ഞു: "നീ ഇവർക്ക് ഇമാമായി വിത്ർ നമസ്കരിച്ചു കൊള്ളുക. കാരണം ഒരു രാത്രിയിൽ രണ്ടു വിത്ർ നമസ്കരിക്കരുത് എന്ന് നബി (സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്". - [روى أبو داود (1439) - واللفظ له - ، والترمذي (470) ، والنسائي (1679) ، وأحمد (16296)] . ശൈഖ് അൽബാനി (റ) സ്വഹീഹായി രേഖപെടുത്തിയ ഹദീസ് ആണിത്.

വളരെ സുവ്യക്തമായ ഒരു ഹദീസ് ആണിത്. ഒരു രാവിൽ വിത്ർ ആവർത്തിക്കുക എന്നതേ നബി (സ) വിലക്കിയിട്ടുള്ളൂ. അല്ലാത്ത പക്ഷം ഒരാൾക്ക് എത്രയും നമസ്കരിക്കാം. മാത്രമല്ല അദ്ദേഹം ഒരു സ്ഥലത്ത് നമസ്കരിച്ച ശേഷമാണ് തൻ്റെ പള്ളിയിലേക്ക് ചെന്ന് അവിടെയുള്ളവരോടൊപ്പം നമസ്കരിച്ചത്. ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ഖൈസ് ബ്‌നു ത്വൽഖ് രണ്ട് നമസ്കാരങ്ങളിൽ പങ്കെടുത്തു എന്നതും വ്യക്തമാണ്. മേൽപറഞ്ഞ ഹദീസിൽ വിത്ർ ആവർത്തിക്കരുത് എന്നാണു നബി (സ) കല്പിച്ചിട്ടുള്ളത് എന്ന് ത്വൽഖ് ബ്‌നു അലി (റ) വ്യക്തമാക്കിയതോടെ നമസ്കാരം ആവർത്തിക്കുന്നതിനോ വീണ്ടും നമസ്‌കരിക്കുന്നതിനോ വിലക്കില്ല എന്ന് മനസ്സിലാക്കാം.

ഇനി റകഅത്തുകളുടെ എണ്ണമാണ് വിഷയമെങ്കിൽ പ്രബലമായ അഭിപ്രായപ്രകാരം ഒരാൾക്ക് രാത്രി നമസ്കാരം എത്രയും നമസ്കരിക്കാം ഒറ്റയായി അവസാനിപ്പിക്കണം എന്ന് മാത്രം. രാത്രി നമസ്‌കാരം എങ്ങനെയാണ് എന്ന് പറഞ്ഞു തരണം എന്നാവശ്യപ്പെട്ടുകൊണ്ട് തൻ്റെ അരികിൽ വന്ന സ്വഹാബിയോട് "നീ ഈരണ്ട് ഈരണ്ട് റകഅത്തായി നമസ്‌കരിച്ചു കൊള്ളുക. സുബ്ഹിയാകുമെന്ന് ഭയപ്പെട്ടാൽ വിത്ർ നമസ്‌കരിച്ച് അവസാനിപ്പിക്കുക" എന്ന് പറഞ്ഞുകൊടുത്തത് കാണാം. സ്വാഭാവികമായും രാത്രി നമസ്കാരം എങ്ങനെ എന്നറിയാത്ത ആൾ വന്നു ചോദിക്കുമ്പോൾ അയാൾക്ക് എണ്ണം കൂടി പറഞ്ഞുകൊടുക്കണമല്ലോ

تأخير البيان عن وقت الحاجة لا يجوز  എന്നൊരു തത്വം തന്നെ ഫിഖ്ഹിൻ്റെ ഉസൂലുകളിൽ ഉണ്ട്. അഥവാ 'വ്യക്തമാക്കൽ അനിവാര്യമായ ഘട്ടത്തിൽ അത് വൈകിപ്പിക്കാൻ പാടില്ല'. അഥവാ രാത്രി നമസ്കാരം എങ്ങനെ എന്ന് ചോദിച്ചു വരുന്ന വ്യക്തിക്ക് നിശ്ചിത റകഅത്തുകളുടെ എണ്ണമുണ്ടെങ്കിൽ അത് കൂടി വ്യക്തമാക്കിക്കൊടുക്കണം എന്നർത്ഥം.

عن ابن عمر رضي الله عنه: أن رجلا سأل رسول الله صلى الله عليه وسلم عن صلاة الليل، فقال رسول الله عليه الصلاة والسلام : " صلاة الليل مثنى مثنى فإذا خشي أحدكم الصبح صلى ركعة واحدة توتر له ما قد صلَّى " . 
ഇബ്നു ഉമർ (റ) നിവേദനം: ഒരാൾ നബി (സ) യോട് രാത്രി നമസ്‌കാരം എപ്രകാരമാണ് എന്ന് ചോദിച്ചു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "രാത്രി നമസ്‌കാരം ഈരണ്ട് ഈരണ്ട് റകഅത്തായി നിർവഹിക്കുക. സുബ്ഹിയാകുമെന്ന് ഭയപ്പെട്ടാൽ ഇതുവരെ നമസ്കരിച്ചതിനെ വിത്‌റ് കൊണ്ട് അവസാനിപ്പിക്കാനായി ഒരു റകഅത്ത് നമസ്കരിച്ച് അവസാനിപ്പിക്കുക". - (رواه البخاري: 946 ومسلم: 749).
അത് എത്രയും നമസ്കരിക്കാം എന്നതിന് ഈ ഹദീസ് വളരെ സ്പഷ്ടമായ തെളിവാണ്. എന്ന് മാത്രമല്ല (توتر له ما قد صلى) എത്രയാണോ നമസ്കരിച്ചത് അതിനെ വിത്റുകൊണ്ട് അവസാനിപ്പിക്കാൻ ഒരു റകഅത്ത് നമസ്കരിക്കുക എന്ന പ്രയോഗം എണ്ണം ബാധകമല്ല എന്നത് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് പതിനൊന്നിൽ കൂടാം എന്ന് നാല് മദ്ഹബിൻ്റെ ഇമാമീങ്ങളും ഏകാഭിപ്രായപ്പെട്ടത്. മാത്രമല്ല ഇമാം മാലിക് (റ) യുടെ കാലത്ത് അവർ മുപ്പത്തിആറു റകഅത്തും വിത്റും നമസ്കരിച്ചിരുന്നു. അതുകൊണ്ടു റകഅത്തുകളുടെ എണ്ണം പതിനൊന്നിൽ കൂടിയാൽ അത് ബിദ്അത്താണ് എന്ന് പറയുന്ന അഭിപ്രായവും, പതിനൊന്ന് നമസ്കരിക്കുന്നത് ന്യൂനതയാണ് ഇരുപത് നമസ്കരിച്ചാലേ തറാവീഹാകൂ എന്ന് അഭിപ്രായപ്പെടുന്നവരും, രണ്ടു കൂട്ടരും അബദ്ധം സംഭവിച്ചവരാണ്. خلاف معتر ആയ അഥവാ പ്രമാണബദ്ധമായിത്തന്നെ അഭിപ്രായഭിന്നതയുള്ള അല്പം ഹൃദയവിശാലതയോടെ കാണേണ്ട ഒരു വിഷയമാണിത്. 
ചുരുക്കിപ്പറഞ്ഞാൽ മഹതി ആഇശാ (റ) യിൽ നിന്നും അബൂ സലമഃ (റ) ഉദ്ധരിക്കുന്ന ഹദീസിൽ നബി (സ) സാധാരണ റമളാനിലോ അല്ലാത്തപ്പോഴോ പതിനൊന്നിൽ കൂടുതൽ നമസ്കരിച്ചിരുന്നില്ല എന്ന് കാണാം. അതുകൊണ്ടുതന്നെ പതിനൊന്ന് എന്നതാണ് ഏറ്റവും ശ്രേഷ്ഠം. 
عن أبي سلمة بن عبد الرحمن أنه سأل عائشة رضي الله عنها : " كيف كانت صلاة رسول الله صلى الله عليه وسلم في رمضان ؟ فقالت : ما كان يزيد في رمضان ولا في غيره على إحدى عشرة ركعة يصلي أربعا فلا تسل عن حسنهن وطولهن ثم يصلي أربعا فلا تسل عن حسنهن وطولهن ثم يصلي ثلاثا فقلت يا رسول الله أتنام قبل أن توتر قال يا عائشة إن عينيَّ تنامان ولا ينام قلبي " .
അബൂസലമഃ (റ) നിവേദനം: അദ്ദേഹം ആഇശാ (റ) യോട് ചോദിച്ചു: നബി (സ) യുടെ റമളാനിലെ രാത്രി നമസ്കാരം ഇപ്രകാരമായിരുന്നു ?. അവർ പറഞ്ഞു: "അദ്ദേഹം റമളാനിലോ അല്ലാത്ത വേലകളിലോ പതിനൊന്നിൽ കൂടുതൽ നമസ്‌കരിക്കാറുണ്ടായിരുന്നില്ല. അദ്ദേഹം നാല് റകഅത്തുകൾ നമസ്കരിക്കും. അവയുടെ ദൈർഘ്യത്തെക്കുറിച്ചും മനോഹാരിതയെക്കുറിച്ചും നീ ചോദിക്കരുത്... ശേഷം നാലും നമസ്‌കരിക്കും. അവയുടെയും ദൈർഘ്യത്തെക്കുറിച്ചും മനോഹാരിതയെക്കുറിച്ചും നീ ചോദിക്കരുത്... ശേഷം അദ്ദേഹം വിത്ർ നമസ്‌കരിക്കും. ഞാനദ്ദേഹത്തോട് ചോദിച്ചു: താങ്കൾ വിത്ർ നമസ്കരിക്കുന്നതിന് മുൻപേ കിടക്കുകയാണോ ?. അദ്ദേഹം പറഞ്ഞു എൻ്റെ കണ്ണുകൾ ഉറങ്ങുന്നുവെങ്കിലും ഹൃദയം ഉറങ്ങുന്നില്ല ". - (رواه البخاري: 1909 ومسلم  738) .

 ആഇശാ (റ) യുടെ ഹദീസിൻ്റെ അടിസ്ഥാനത്തിൽ പതിനൊന്ന് എന്നതാണ് കൂടുതൽ ശ്രേഷ്ഠം എന്ന് മനസ്സിലാക്കാം. എന്നാൽ പതിനൊന്നിൽ കൂടിയാൽ അത് ബിദ്അത്താകും എന്ന് പറയാൻ സാധിക്കില്ല. കാരണം മുൻപുദ്ദരിച്ച ഇബ്‌നു ഉമർ (റ) വിൻ്റെ ഹദീസിൽ നിന്നു തന്നെ നബി (സ) സ്വഹാബത്തിനോട് പ്രത്യേക എണ്ണം നിഷ്കർഷിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം. മാത്രമല്ല സ്വഹാബാക്കളുടെയും  താബിഈങ്ങളുടെയും  ഒക്കെ കാലത്ത് തന്നെ പതിനൊന്നിൽ കൂടുതൽ നമസ്കരിക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ് നാല് മദ്ഹബിൻ്റെ  ഇമാമീങ്ങളും പതിനൊന്നിൽ കൂടുതൽ ആവാം എന്ന് അഭിപ്രായപ്പെട്ടത്.

മാത്രമല്ല ഇനി ഫർള് നമസ്കാരം തന്നെ, നമസ്കരിച്ചിട്ടില്ലാത്ത ഒരു വ്യക്തി ഉണ്ടെങ്കിൽ അയാളോടൊപ്പം ചേർന്ന് നമസ്കരിച്ച വ്യക്തിക്കും  ജമാഅത്തായി നമസ്കരിക്കാം. അതുപോലെ ഫർള് നമസ്കാരം നിർവഹിച്ച ഒരാൾ മറ്റൊരു കൂട്ടർ ജമാഅത്തായി നമസ്കരിക്കുന്നത് കണ്ടാൽ അവരോടൊപ്പം അയാൾക്ക് നമസ്കരിക്കാം. രണ്ടാമത് നമസ്കരിക്കുന്നത് സുന്നത്തായി പരിഗണിക്കപ്പെടും. അപ്പോൾ പിന്നെ തറാവീഹ് നമസ്കരിച്ച ഒരാൾക്ക് വീണ്ടും ജമാഅത്ത് ഉണ്ടെങ്കിൽ നമസ്കരിക്കാം എന്ന് പറയേണ്ടതില്ലല്ലോ... ത്വൽഖ് ബ്‌നു അലി (റ) വിന്റെ ഹദീസിൽ ഇത് വളരെ വ്യക്തവുമാണല്ലോ.

അതുകൊണ്ടുതന്നെ ഒരാൾ റമളാനിലെ അവസാനത്തെ പത്തിൽ രാത്രി വൈകി എഴുന്നേറ്റ് നമസ്കരിക്കുന്നതിനോ , ഉറങ്ങിയ ശേഷം എഴുന്നേറ്റ് ജമാഅത്തായി നമസ്കരിക്കുന്നതിനോ, ഇനി തറാവീഹ് ജമാഅത്തായോ ഒറ്റക്കോ നമസ്കരിച്ച ആൾ തന്നെ വീണ്ടും എഴുന്നേറ്റ് നമസ്കരിക്കുന്നതിനോ യാതൊരു തെറ്റുമില്ല. വിത്ർ നേരത്തെ നമസ്കരിച്ചുവെങ്കിൽ ആവർത്തിക്കാതിരുന്നാൽ മതി. ഉറങ്ങിപ്പോകാനിടയുണ്ട് എന്ന ഭയമില്ലയെങ്കിൽ വിത്ർ ഉറങ്ങി എണീറ്റ ശേഷം ഏറ്റവും അവസാനത്തിലേക്ക് നീട്ടി വെക്കുന്നതാണ് നല്ലത്. ഇനി വിത്ർ ഒരാൾ നമസ്കരിച്ചു എന്നതിനാൽ അതിനു ശേഷം പിന്നീട് ഈരണ്ട് റകഅത്തായി നമസ്കരിക്കുന്നതിന് തടസ്സമൊന്നുമില്ല. ഇശാ നമസ്‌കാരശേഷം ഫജ്ർ വരേയുള്ള സമയം എത്രയും സുന്നത്ത് നമസ്കാരം നിർവഹിക്കാവുന്ന മുത്വ്ലഖായ സമയം കൂടിയാണ്. അതുകൊണ്ടുതന്നെ ഉറങ്ങി എഴുന്നേറ്റ് വീണ്ടും നമസ്കരിക്കണം എന്ന് തോന്നിയാൽ നേരത്തെ വിത്ർ നമസ്കരിച്ചിട്ടുണ്ടെങ്കിലും സുന്നത്ത് നമസ്കാരം എത്രയും നിര്വഹിക്കാവുന്നതുമാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ...  
___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ