Saturday, June 25, 2016

സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എപ്രകാരമാണ് ?. എത്ര കൈവശം ഉണ്ടായാലാണ് സകാത്ത് കൊടുക്കേണ്ടത് ?. എത്രയാണ് സകാത്തായി നല്‍കേണ്ടത് ?. അത് എല്ലാ വര്‍ഷവും നല്‍കണോ ?.



ചോദ്യം: സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എപ്രകാരമാണ് ?. എത്ര കൈവശം ഉണ്ടായാലാണ് സകാത്ത് കൊടുക്കേണ്ടത് ?. എത്രയാണ് സകാത്തായി നല്‍കേണ്ടത് ?. അത് എല്ലാ വര്‍ഷവും നല്‍കണോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

ഒരാളുടെ കൈവശം 85 ഗ്രാം സ്വര്‍ണ്ണം, അഥവാ ഏകദേശം പത്തര പവനോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍, ഓരോ ഹിജ്റ വര്ഷം തികയുമ്പോഴും  അതിന്‍റെ രണ്ടര ശതമാനം അയാള്‍ സകാത്തായി നല്‍കണം. ഉപയോഗിക്കുന്ന ആഭരണമായാലും, മഹ്റായാലും എല്ലാം ഇതില്‍ ഉള്‍പ്പെടും. പത്തര പവന്‍ കഴിച്ച് ബാക്കിയുള്ള സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം എന്നല്ല, മറിച്ച് ഒരാളുടെ കൈവശം നിസ്വാബ് തികഞ്ഞാല്‍ മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അത് ആ സ്വര്‍ണ്ണത്തില്‍ നിന്നോ തതുല്യമായ സംഖ്യയായോ നല്‍കാവുന്നതാണ്. ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും നിസ്വാബ് കൈവശമുള്ളവര്‍ ഇപ്രകാരം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്.

എന്നാല്‍ ഒരാള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായ സ്വര്‍ണ്ണാഭരണങ്ങളോ, ചരിത്ര മൂല്യമുള്ള സ്വര്‍ണ്ണ നാണയങ്ങളോ ഒക്കെയാണ് എങ്കില്‍, പലപ്പോഴും അതിന് അതില്‍ അടങ്ങിയ സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തെക്കാള്‍ മൂല്യമുണ്ടാകും. അവിടെ സ്വര്‍ണ്ണത്തിന്‍റെ തൂക്കമല്ല മറിച്ച് വിലയാണ് പരിഗണിക്കേണ്ടത്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണക്കടക്കാരെപ്പോലുള്ളവര്‍ കൈവശമുള്ള ആഭരണങ്ങളുടെ തൂക്കമല്ല വിലയാണ് പരിഗണിക്കേണ്ടത്. ഇത് വിശദമായി മറ്റൊരു ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആ ലേഖനം ലഭിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2016/06/25.html.

 അതുപോലെ ഉപയോഗിക്കുന്ന ആഭരണത്തിനും സകാത്ത് ബാധകമാണ് എന്നതാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രബലമായ അഭിപ്രായം. അതും വിശദമായി മുന്‍പ് വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍: http://www.fiqhussunna.com/2015/08/blog-post_80.html

 അല്ലാഹു അനുഗ്രഹിക്കട്ടെ ...
____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ