Wednesday, May 22, 2019

ഉമ്മ മകന് സകാത്ത് നൽകിയാൽ അത് വീടുമോ ?.



ചോദ്യം: ഉമ്മ മകന് സകാത്ത് നൽകിയാൽ സകാത്ത് വീടുമോ ?. ഉമ്മ മകന് ചിലവിനു നൽകാൻ ബാധ്യസ്ഥയല്ലല്ലോ .

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

അല്പം വിശദീകരണം ആവശ്യമായ ഒരു വിഷയമാണിത്. സകാത്തിൻ്റെ അവകാശിയായ, താൻ ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയല്ലാത്ത മകന് ഉമ്മ സകാത്ത് നൽകിയാലേ അത് വീടുകയുള്ളൂ. 

അഥവാ എല്ലാ സാഹചര്യത്തിലും ഉമ്മ മകന് ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയല്ലാതാകുന്നില്ല. ചില സാഹചര്യങ്ങളിൽ ഉമ്മ മകന് ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയാകും. അത്തരം സന്ദർഭങ്ങളിൽ ഉമ്മ തൻ്റെ സകാത്ത് പ്രാരാബ്ധക്കാരനായ മകന് നൽകിയാൽ വീടില്ല. കാരണം അല്ലാതെത്തന്നെ തൻ്റെ മകൻ്റെ നൽകാൻ പ്രാഥമികാവശ്യങ്ങൾക്ക് നൽകാൻ അവർ ബാധ്യസ്ഥയാണ്. താഴെ പറയുന്ന നിബന്ധനകളോടെ ഒരുമ്മ മക്കൾക്ക് ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയാകും:

1 - പിതാവ് ജീവിച്ചിരിപ്പില്ലയെങ്കിൽ. (അതുപോലെ പിതാവിന് ധനമില്ലാതെ വരുകയും മാതാവിൻ്റെ കൈവശം ധനം ഉണ്ടാകുകയും ചെയ്‌താൽ).

2- ഉമ്മയുടെ കൈവശം തൻ്റെ ആവശ്യം കഴിച്ച് ചിലവിന് കൊടുക്കാനുള്ള സംഖ്യ മിച്ചമുണ്ടെങ്കിൽ.

3- മകൻ പാവപ്പെട്ട തൻ്റെ പ്രാഥമികാവശ്യങ്ങൾക്ക് ധനം ആവശ്യമുള്ളവനാണ് എങ്കിൽ.  (പ്രായപൂർത്തി എത്തുകയും സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തി നേടുകയും ചെയ്യുന്നത് വരെയാണ് മാതാപിതാക്കൾ ചിലവിന് കൊടുക്കാൻ ബാധ്യസ്ഥരാകുന്നത്   എന്നതാണ് ഭൂരിപക്ഷാഭിപ്രായം ).

ഈ സാഹചര്യത്തിൽ ഒരുമ്മ മകന് ചിലവിന് കൊടുക്കണം.

ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:

"يجب على الأم أن تنفق على ولدها إذا لم يكن له أب ، وبهذا قال أبو حنيفة والشافعي، وَلِأَنَّهَا أَحَدُ الْوَالِدَيْنِ، فَأَشْبَهَتْ الْأَبَ، وَلِأَنَّ بَيْنَهُمَا قَرَابَةً تُوجِبُ رَدَّ الشَّهَادَةِ، فَأَشْبَهْت الْأَبَ. فَإِنْ أَعْسَرَ الْأَبُ، وَجَبَتْ النَّفَقَةُ عَلَى الْأُمِّ، .

"ബാപ്പയില്ലാത്ത പക്ഷം ഉമ്മ മക്കൾക്ക് ചിലവിന് കൊടുക്കണം. ഇതാണ് ഇമാം അബൂഹനീഫ (റ) യുടെയും ഇമാം ശാഫിഇ (റ) യുടെയും അഭിപ്രായം. കാരണം അവർ മാതാപിതാക്കളിൽ ഒരാളാണല്ലോ. അതുകൊണ്ട് ബാപ്പയെപ്പോലെയാണ് അവരുടെ സ്ഥാനവും. മാത്രമല്ല ഉമ്മ മകന് വേണ്ടി സാക്ഷി പറഞ്ഞാൽ അത് സ്വീകരിക്കപ്പെടുകയില്ല. അഥവാ ഉമ്മയും മക്കളുമായുള്ള ബന്ധം ബാപ്പയുമായുള്ള ബന്ധത്തെപ്പോലെത്തന്നെ. അതുകൊണ്ടുതന്നെ ബാപ്പ മക്കൾക്ക് ചിലവിന് കൊടുക്കാൻ സാധിക്കാത്ത വ്യക്തിയായിരിക്കുകയും ഉമ്മ അതിനു സാധിക്കുന്നവരുമാണ് എങ്കിൽ ചിലവിന് കൊടുക്കാൻ അവർ ബാധ്യസ്ഥയാണ്". - [المغني:8/ 212] .

അഥവാ മക്കൾ മാതാപിതാക്കളുടെ ആശ്രിതരായി ജീവിക്കുന്ന വേളയിൽ പിതാവിനാണ് ചിലവിന് കൊടുക്കാൻ ബാധ്യത. അതിന് പിതാവിന് സാധിക്കാത്ത പക്ഷം മാതാവ് സാധിക്കുന്നവരാണ് എങ്കിൽ ആ ബാധ്യത അവരിലേക്ക് നീങ്ങും എന്നർത്ഥം. അതുപോലെത്തന്നെ മക്കൾ ധനമുളളവരായിരിക്കുകയും മാതാപിതാക്കൾ ആവശ്യക്കാരായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ അവരുടെ ജീവിതാവശ്യങ്ങൾ നിർവഹിച്ചു കൊടുക്കേണ്ട ബാധ്യത മക്കൾക്കുമാണ്.

മേൽ സൂചിപ്പിച്ച സാഹചര്യത്തിൽ ഒരു മകൻ ഉമ്മയുടെ ആശ്രിതനായി ജീവിക്കുന്ന സാഹചര്യത്തിൽ ആ ഉമ്മയുടെ സകാത്തിൽ നിന്നും ആ മകന് നൽകാവതല്ല. കടക്കാരൻ എന്ന ഗണത്തിൽ മാത്രമേ ഈ ഒരവസ്ഥയിൽ അവർക്ക് സകാത്ത് നൽകാൻ പറ്റൂ. കാരണം മക്കളുടെ കടം മാതാപിതാക്കളുടെയോ , മാതാപിതാക്കളുടെ കടം മക്കളുടെയോ ബാധ്യതയല്ല എന്നതുകൊണ്ടാണത്.

അതുകൊണ്ട് മക്കൾ സ്വയം പര്യാപ്തത നേടുന്നത് വരെ പിതാവ് മക്കൾക്ക് ചിലവിന് നൽകണം. പിതാവിന് സാധിക്കാത്ത പക്ഷം മാതാവിന് സാധിക്കുമെങ്കിൽ അവർ അത് നിർവഹിക്കണം. എന്നാൽ ഉമ്മയുടെ ആശ്രിതരല്ലാത്ത മക്കൾക്ക്, അവർ സകാത്തർഹിക്കുന്നവരാണ് എങ്കിൽ ഉമ്മയുടെ സകാത്തിൽ നിന്നും നൽകിയാൽ ആ സകാത്ത് വിടുന്നതാണ്.

ഇനി ഏതൊരാൾക്കും തൻ്റെ മക്കളോ മാതാപിതാക്കളോ പ്രാരാബ്ധക്കാരും പാവപ്പെട്ടവരുമായിരിക്കുകയും സകാത്തിൻ്റെ പണമല്ലാതെ അവർക്ക് നൽകാൻ തൻ്റെ കയ്യിൽ യാതൊന്നും അവശേഷിക്കുന്നുമില്ലെങ്കിൽ അവർക്കത് നൽകാം. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റ) ഇത് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: 

" ويجوز صرف الزكاة إلى الوالدين وإن علوا ، وإلى الولد وإن سفل ، إذا كانوا فقراء ، وهو عاجز عن نفقتهم ، وهو أحد القولين في مذهب أحمد" 

" പാവപ്പെട്ടവരായ മാതാപിതാക്കൾക്കും അവരുടെ ഗണത്തിൽ പെടുന്നവർക്കും, മക്കൾക്കും അവരുടെ ഗണത്തിൽ പെടുന്നവർക്കും അവർക്ക് ചിലവിന് നൽകാൻ തൻ്റെ കയ്യിൽ മറ്റൊന്നും അവശേഷിക്കുന്നില്ലയെങ്കിൽ,  സകാത്തിന്റെ ധനത്തിൽ നിന്നും നൽകാവുന്നതാണ്. ഇമാം അഹ്മദിൽ നിന്നുമുള്ള ഒരഭിപ്രായവും അതാണ്." - [الاختيارات الفقهية : 104].

മാതാപിതാക്കൾക്കോ മക്കൾക്കോ ചിലവിന് നൽകാൻ ഒരാൾ ബാധ്യസ്ഥനാകുന്ന സാഹചര്യത്തിൽ തൻ്റെ സകാത്ത് അവർക്ക് അതിനായി നൽകാൻ പാടില്ല എന്നതാണ് ഈ വിഷയത്തിലെ രത്നച്ചുരുക്കം.  ഏതായാലും ഏതാവസ്ഥയിലും മക്കളോ മാതാപിതാക്കളോ പ്രാരാബ്ധക്കാരാണ് എന്ന് വന്നാൽ അവർക്ക് നൽകുന്ന ധനം തൻ്റെ സകാത്തല്ലാത്ത ധനത്തിൽ നിന്നും നൽകുക എന്നതാണ് സൂക്ഷ്മത.

അല്ലാഹു അനുഗ്രഹിക്കട്ടെ ... 
____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ