Sunday, August 2, 2015

കച്ചവടത്തില്‍ നിന്നും പിന്മാറിയാല്‍ അഡ്വാന്‍സ് തിരികെ നല്‍കേണ്ടതുണ്ടോ ?.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

അഡ്വാന്‍സ് ആയി നല്‍കുന്ന പണം തിരിച്ച് നല്‍കില്ല എന്ന ധാരണ വില്‍ക്കുന്നയാളും വാങ്ങുന്നയാളും തമ്മില്‍ മുന്‍കൂട്ടിയുണ്ടെങ്കില്‍ അഡ്വാന്‍സ് തിരിച്ച് കൊടുക്കേണ്ടതില്ല. 

www.fiqhussunna.com

വാങ്ങിക്കുന്ന ആള്‍ കച്ചവട ഇടപാടില്‍ ഏര്‍പ്പെടുന്നത്  ഗൗരവത്തോടെത്തന്നെയാണ് എന്ന് ഉറപ്പാക്കാനാണല്ലോ അഡ്വാന്‍സ് വാങ്ങുന്നത്. വില്‍ക്കുന്നയാള്‍ക്കും വാങ്ങിക്കുന്നയാള്‍ക്കും അഡ്വാന്‍സ് കൊണ്ട് പ്രയോജനമുണ്ട്. വില്പനക്കാരനെ സംബന്ധിച്ചിടത്തോളം കബളിപ്പിക്കപ്പെടാതിരിക്കാനും, അന്യായമായി അയാളുടെ കച്ചവടം തടസ്സപ്പെടുത്തപ്പെടാതിരിക്കാനും, അതുപോലെ വാങ്ങിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം വസ്തു മറ്റാരെങ്കിലും വാങ്ങിപ്പോകാതെ താന്‍ ഉദ്ദേശിക്കുന്ന സാവകാശം ലഭിക്കാനും അഡ്വാന്‍സ് സഹായകമാണ്. എന്നാല്‍ അഡ്വാന്‍സ് നല്‍കിയ വ്യക്തിക്ക് വേണ്ടി കാത്തുനില്‍ക്കുന്നത് വില്പനക്കാരന്‍റെ മറ്റു കച്ചവടത്തെ തടയുമെന്നതിനാലും, ഒരുപക്ഷെ അയാള്‍ക്കതുകൊണ്ട് നഷ്ടം സംഭവിച്ചേക്കാം എന്നതിനാലും അഡ്വാന്‍സ് നല്‍കിയ ആളുടെ കാരണത്താല്‍ കച്ചവടം നടന്നില്ലെങ്കില്‍ അയാള്‍ ആ അഡ്വാന്‍സിന് അര്‍ഹനാണ്. എന്നാല്‍ പിന്നീട് അതിനെചൊല്ലി തര്‍ക്കം ഉണ്ടാകാതിരിക്കാനാണ് നേരത്തെ തന്നെ കച്ചവടം മുടങ്ങിയാല്‍ അഡ്വാന്‍സ് തിരികെ നല്‍കില്ല എന്ന ധാരണ മുന്‍കൂട്ടി ഉണ്ടായിരിക്കണം എന്ന് പറയാന്‍ കാരണം.

ലിജ്നതുദ്ദാഇമയോട് ഇത് സംബന്ധമായി ചോദിക്കപ്പെട്ട ഒരു ചോദ്യവും അതിന് അവര്‍ നല്‍കിയ മറുപടിയും:

ചോദ്യം:
കച്ചവടക്കാരന് കസ്റ്റമറില്‍ നിന്നും അഡ്വാന്‍സ് വാങ്ങാമോ ?. (വസ്തു) വാങ്ങിക്കുന്നവന്‍ വാക്ക് പാലിക്കാതിരിക്കുകയോ, കച്ചവടത്തില്‍ നിന്നും പിന്മാറുകയോ ചെയ്‌താല്‍ അഡ്വാന്‍സ് ആയി വാങ്ങിയ പണം തിരിച്ച് കൊടുക്കാതെ കച്ചവടക്കാരന് അതെടുക്കാമോ ?. ശറഇയ്യായി അതനുവദനീയമാണോ ?.

ഉത്തരം: ചോദ്യത്തില്‍ സൂചിപ്പിച്ചത് പോലെ (അഡ്വാന്‍സ് നല്‍കിയ ആള്‍ കച്ചവടത്തില്‍ നിന്നും പിന്മാറുകയോ, വാക്ക് ലംഘിക്കുകയോ ചെയ്‌താല്‍)  കച്ചവടക്കാരന് അഡ്വാന്‍സ് എടുക്കാം. കച്ചവടത്തില്‍ നിന്നും പിന്മാറിയാല്‍ അഡ്വാന്‍സ് തിരിച്ച് നല്‍കില്ല എന്ന ധാരണ മുന്‍കൂട്ടി രണ്ടുപേര്‍ക്കും ഉണ്ടെങ്കില്‍ അഡ്വാന്‍സ് തിരിച്ച് നല്‍കേണ്ടതില്ല എന്നതാണ് പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തിലുള്ള രണ്ടഭിപ്രായങ്ങളില്‍ ഏറ്റവും ശരിയായ അഭിപ്രായം. -

[ഫത്'വയില്‍ ഒപ്പ് വെച്ചത്: അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് (റഹിമഹുല്ല), അബ്ദുറസാഖ് അഫീഫി (ഹഫിദഹുല്ല), അബ്ദല്ലാഹ് ബിന്‍ ഗുദയ്യാന്‍ (റഹിമഹുല്ല).]


എന്നാല്‍ ഇത്തോടൊപ്പം മനസ്സിലാക്കേണ്ട ഒരു കാര്യം, വില്പനക്കാരന്‍റെ വീഴ്ച കൊണ്ടോ, അതല്ലെങ്കില്‍ രണ്ടുപേരുടേതുമല്ലാത്ത ഒരു കാരണത്താലോ ആണ് കച്ചവടം മുടങ്ങിയതെങ്കില്‍ അഡ്വാന്‍സ് തുക തിരികെ നല്‍കേണ്ടതാണ്.

അതായത് വാങ്ങിക്കാനായി അഡ്വാന്‍സ് നല്‍കിയ വ്യക്തി വാഗ്ദത്തം ലംഘിക്കുകയോ, കച്ചവടത്തില്‍ നിന്ന് പിന്മാറുകയോ ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ അഡ്വാന്‍സ് തിരികെ നല്‍കാതിരിക്കാന്‍ നിര്‍വാഹമുള്ളൂ എന്നര്‍ത്ഥം. അതാകട്ടെ മുന്‍കൂട്ടി ധാരണ ഉണ്ടായിരിക്കുകയും ചെയ്യണം.... والله تعالى أعلم 


അല്ലാഹു അനുഗ്രഹിക്കട്ടെ ....

وصلى الله وسلم على نبينا محمد 

✍🏽 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ