Saturday, August 8, 2015

'ഇന്‍സ്റ്റാള്‍മെന്‍റ്' ആയി വില്‍ക്കുമ്പോള്‍ 'റെഡി കാശ്' വിലയെക്കാള്‍ കൂടുതല്‍ വില ഈടാക്കാം. (ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം ഇസ്ലാമികവും അനിസ്‌ലാമികവും ആകുന്നത് എപ്പോള്‍ എന്ന് ഫിഖ്ഹിയായി ചര്‍ച്ച ചെയ്യുന്ന ലേഖനം).


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛


ഈയിടെ ഒരുപാട് വര്‍ദ്ധിച്ച് വന്നിട്ടുള്ള ഒരു കച്ചവടരൂപമാണ് 'ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍'. റെഡി കാശ് നല്‍കി വാങ്ങുമ്പോള്‍ നല്‍കേണ്ട വിലയെക്കാള്‍ ഇന്‍സ്റ്റാള്‍മെന്‍റ് വഴി വാങ്ങുമ്പോള്‍ നല്‍കണം. ഇതിന്‍റെ ഇസ്‌ലാമിക വിധിയാണ് നാം ചര്‍ച്ച ചെയ്യുന്നത്.നമ്മുടെ നാട്ടില്‍ ഈ ഇടപാടിന്‍റെ ഇസ്‌ലാമിക വിധിയെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണ ഉണ്ട് എന്നതുകൊണ്ടുതന്നെ അല്പം ധൈര്‍ഗ്യമുണ്ടെങ്കില്‍ക്കൂടി കര്‍മ്മശാസ്ത്രപരമായ ഒരു വിശകലനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. 

www.fiqhussunna.com

ഒരു വസ്തു വാങ്ങിക്കുകയും അതിന്‍റെ പണം പിന്നീട് നല്‍കുകയും ചെയ്യുക എന്നുള്ളത് അനുവദിക്കപ്പെട്ട കാര്യമാണ്. അതില്‍ ആര്‍ക്കും ഒരുപക്ഷെ സംശയമുണ്ടാകില്ല. ആഇശ (റ) ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം:

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا:" أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اشْتَرَى طَعَامًا مِنْ يَهُودِيٍّ إِلَى أَجَلٍ، وَرَهَنَهُ دِرْعًا مِنْ حَدِيدٍ ."

ആഇശ (റ) യില്‍ നിന്നും നിവേദനം: "നബി(ﷺ) ഒരു ജൂതന്റെ കയ്യില്‍ നിന്നും അവധി പറഞ്ഞുകൊണ്ട് ഭക്ഷണം വാങ്ങിക്കുകയും, തന്‍റെ ഇരുമ്പുകൊണ്ടുള്ള പടയങ്കി അയാള്‍ക്ക് ഈടായി നല്‍കുകയും ചെയ്തു". - [ബുഖാരി: 2068, മുസ്‌ലിം: 1603].

അതുകൊണ്ടുതന്നെ വില നല്‍കാന്‍ അവധി പറയുക എന്നതില്‍ തെറ്റില്ല. ഇനി അത് ഘടുക്കളായി നല്‍കുന്നതിലും തെറ്റില്ല. കാരണം: ആഇശ (റ) ബരീറ (റ) യെ മോചിപ്പിച്ച സമയത്ത് ഒമ്പത് ഊഖിയ (അതായത് നാല്പത് വെള്ളിനാണയം അടങ്ങിയ ഒന്‍പത് കിഴികള്‍) വിലയായി നിശ്ചയിച്ചുകൊണ്ട്, ഓരോ വര്‍ഷവും ഒരു ഊഖിയ നല്‍കാമെന്ന വ്യവസ്ഥയോടെ അവരെ വാങ്ങിച്ചതായി കാണാന്‍ സാധിക്കും [ബുഖാരി: 2168 നോക്കുക]. അതുകൊണ്ടുതന്നെ പണത്തിന് അവധി പറഞ്ഞുകൊണ്ടും അവ ഘടുക്കളായി നല്‍കിയും കച്ചവടം ചെയ്യുന്നതില്‍ തെറ്റില്ല.

എന്നാല്‍ അവധി നല്‍കിയുള്ള കച്ചവടത്തില്‍ റൊക്കം പണം നല്‍കി വാങ്ങുമ്പോള്‍ ഉള്ള വിലയെക്കാള്‍ ഈടാക്കാമോ എന്നതാണ് ചര്‍ച്ചാ വിഷയം. സുവ്യക്തമായി പരാമര്‍ശിക്കപ്പെടുന്ന തെളിവുകള്‍ ആ വിഷയത്തില്‍ വരാത്തത് കൊണ്ടുതന്നെ വളരെ ന്യൂനപക്ഷം ചില പണ്ഡിതന്മാര്‍ അത് അനുവദനീയമല്ല എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ തെറ്റില്ല എന്നതാണ് പ്രബലമായ അഭിപ്രായം. അതുതന്നെയാണ്  നാല് മദ്ഹബുകളുടെയും ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.

ഉദാ: റെഡി കാശ് നല്‍കി വാങ്ങുമ്പോള്‍ അയ്യായിരം രൂപ വിലയുള്ള ഒരു വസ്തുവിന്, അതിന്‍റെ പണമടക്കാന്‍ ആറു മാസം അവധി നല്‍കുമ്പോള്‍ ആറായിരം രൂപ ഈടാക്കുക എന്നത് അനുവദനീയമാണ്. പക്ഷെ വസ്തുവിന്‍റെ വില്പന നടന്നു കഴിഞ്ഞാല്‍ പിന്നെ ആ കടബാധ്യത ഒരു കാരണവശാലും വര്‍ദ്ധിക്കില്ല. അഥവാ ആറു മാസം കൊണ്ട് പണം അടച്ചുതീര്‍ക്കാം എന്ന ഉപാധിയോടെ ആറായിരം രൂപക്ക് ഒരാള്‍ ആ വസ്തു വാങ്ങിച്ചാല്‍ ഒരു കാരണവശാലും പിന്നെ ആ കടബാധ്യത വര്‍ദ്ധിക്കുകയില്ല. അപ്രകാരം വര്‍ദ്ധിക്കുന്നുവെങ്കില്‍ അത് ഇസ്‌ലാമികമായി അനുവദിക്കപ്പെട്ട ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍ അല്ല.

കാരണം വില്പന നടന്നു കഴിഞ്ഞാല്‍ വില്പനക്കാരനും വാങ്ങിക്കുന്ന ആളും തമ്മിലുള്ള ഇടപാട് കടമിടപാടായി മാറും. ലഭിക്കുവാനുള്ള കടത്തിനാകട്ടെ അധികമായി ഒന്നും തന്നെ ഈടാക്കാനുള്ള അനുവാദം ഇസ്‌ലാമില്‍ ഇല്ല. അഥവാ കടബാധ്യത ഒരിക്കലും വര്‍ദ്ധിക്കില്ല. എന്നാല്‍ കച്ചവടം നടന്നു കഴിഞ്ഞതിന് ശേഷവും കടബാധ്യത വര്‍ദ്ധിക്കാനിടയുള്ള ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍ ആണ് എങ്കില്‍ അത് ഇസ്‌ലാമികമായി അനുവദനീയമല്ല.
 ഉദാ: ആറുമാസം കൊണ്ട് ആറായിരം രൂപ അടക്കുക എന്ന ഉപാധിയോടെ കച്ചവടം നടന്നു. വാങ്ങിച്ച ആള്‍ അടവ് തെറ്റിച്ചപ്പോള്‍ ആറായിരമുള്ളത് ആറായിരത്തി ഒരുനൂറോ, ഇരുനൂറോ തുടങ്ങി കടബാധ്യത വര്‍ദ്ധിക്കുന്നുവെങ്കില്‍ അത് ഇസ്‌ലാമികമായി നിഷിദ്ധമായ കച്ചവടമാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടിലുള്ള പൂരിഭാഗം ഇന്‍സ്റ്റാള്‍മെന്‍റ് സെയിലുകളും പലിശ ഗണത്തില്‍ പെടുന്ന ഹറാമായ ഇന്‍സ്റ്റാള്‍മെന്‍റ് ആണ് എന്ന് പറയുന്നത്.

ഇസ്‌ലാമികമായി ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍ അനുവദിപ്പെടാന്‍ ചില നിബന്ധനകളുണ്ട്: 

ഒന്ന്: കച്ചവടം തീര്‍പ്പാകുന്നതിന് മുന്‍പ് വിലയും കാലപരിധിയും  നിശ്ചയിക്കപ്പെടണം.

രണ്ട്: കച്ചവടം നടന്നു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും കടബാധ്യത വര്‍ദ്ധിക്കുകയില്ല.

മൂന്ന്‍: അവധി നിഷിദ്ധമാക്കപ്പെട്ട കച്ചവടങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്‍റ് പാടില്ല. ഉദാ: സ്വര്‍ണ്ണം ഇന്‍സ്റ്റാള്‍മെന്‍റ് ആയി വാങ്ങാന്‍ പാടില്ല. കാരണം സ്വര്‍ണ്ണം കറന്‍സി നല്‍കി വാങ്ങുമ്പോള്‍ ആ സദസ്സില്‍ വച്ച് തന്നെ കൈപ്പറ്റണം എന്ന നിബന്ധനയുണ്ട്. അതുപോലെത്തന്നെയാണ് വെള്ളിയും. സ്വര്‍ണ്ണം ആദ്യം  വാങ്ങി പണം പിന്നെ നല്‍കാം എന്ന് പറഞ്ഞാലും, പണം നല്‍കി സ്വര്‍ണ്ണം പിന്നെ വാങ്ങിച്ചോളാം എന്ന് പറഞ്ഞാലും അത് 'ربا النسيئة' അഥവാ കാലതാമസത്തിന്‍റെ പലിശ എന്ന ഇനത്തില്‍ പെടും. കാരണം അത് അപ്പപ്പോള്‍ത്തന്നെ പരസ്പരം കൈമാറിയിരിക്കണം ഇല്ലെങ്കില്‍ പലിശയാകും എന്ന് നബി(ﷺ) പഠിപ്പിച്ച ഇനത്തില്‍പ്പെട്ടതാണ്. അതുകൊണ്ട് സ്വര്‍ണ്ണവും വെള്ളിയും അതുപോലെ കറന്‍സികളും ഇന്‍സ്റ്റാള്‍മെന്‍റ് രീതിയില്‍ ആയി വില്‍ക്കാന്‍ പാടില്ല. റെഡി കാശ് നല്‍കി മാത്രമേ വാങ്ങാവൂ.

നാല്: ഹലാലായ വസ്തു ആയിരിക്കണം, ഉടമസ്ഥതയിലുള്ള വസ്തു ആയിരിക്കണം, കച്ചവടത്തിലേര്‍പ്പെടുന്നവര്‍ ശറഇയ്യായി ക്രയവിക്രയം നടത്താന്‍ യോഗ്യതയുള്ളവരായിരിക്കണം തുടങ്ങി സാധാരണ നിലക്ക് കച്ചവടത്തിന് ബാധകമാകുന്ന എല്ലാ നിബന്ധനകളും ഇന്‍സ്റ്റാള്‍മെന്‍റ് സെയിലിനും ബാധകമാണ്.

ഈ നിബന്ധനകളില്ലെങ്കില്‍ അത് ഇസ്‌ലാമികമായി അനുവദിക്കപ്പെടുകയില്ല.

ഇനി ഇന്‍സ്റ്റാള്‍മെന്‍റ് ആകുമ്പോള്‍ അതില്‍ റെഡി കാശ് വിലയെക്കാള്‍ കൂടുതല്‍ ഈടാക്കുന്നത് അനുവദനീയമാണ് എന്ന് പറയാന്‍ നമുക്ക് ഒരുപാട് തെളിവുകളുണ്ട്:

ഒന്ന്: നബി(ﷺ) അംറുബ്നുല്‍ ആസ് (റ) വിനോട് യുദ്ധസന്നാഹങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യത്തിനുള്ള ഒട്ടകങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ ഇപ്പോള്‍ ഒരൊട്ടകം നല്‍കുന്നവര്‍ക്ക് ബൈതുല്‍മാലിലെ ഒട്ടകങ്ങള്‍ വന്നാല്‍ രണ്ടൊട്ടകം നല്‍കാം എന്ന തോതില്‍ ആളുകളില്‍ നിന്ന് ഒട്ടകത്തെ വാങ്ങാന്‍ നബി(ﷺ) അദ്ദേഹത്തോട് കല്പിച്ചു. വില പിന്നീടാണ് നല്‍കുന്നത് എന്നതുകൊണ്ട്‌ തന്നെ രണ്ട് ഒട്ടകങ്ങള്‍ അവര്‍ക്ക് നല്‍കുന്നതായി ഈ ഹദീസില്‍ കാണാന്‍ സാധിക്കും. തത് സമയത്ത് റൊക്കം പണം നല്‍കി വാങ്ങുകയാണ് എങ്കില്‍ ഒരിക്കലും ഒരൊട്ടകത്തിന് രണ്ടൊട്ടകത്തിന്‍റെ വില വരികയില്ലല്ലോ. അപ്പോള്‍ അവിടെ പണം പിന്നീട് നല്‍കുന്നത് കൊണ്ട് കുറച്ചധികം നബി(ﷺ) നല്‍കാന്‍ തയ്യറായി എന്നത് വ്യക്തമാണ്. ആ ഹദീസ് വ്യത്യസ്ഥ സനദുകളിലൂടെ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതില്‍ അധിക സനദുകളിലും ന്യൂനതകളുണ്ട്. എന്നാല്‍ സ്വീകാര്യയോഗ്യമായ സനദായി ശൈഖ് അല്‍ബാനി (റഹിമഹുല്ല) രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് ആണ് താഴെ കൊടുക്കുന്നത്. നമുക്കറിയാവുന്നത് പോലെ അംറുബ്നു ശുഐബ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസ് ഹസനായ ഹദീസ് ആണ് എന്നതാണ് പ്രബലമായ അഭിപ്രായം. അത് ഹസനാണ് എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലയും രേഖപ്പെടുത്തിയിട്ടുണ്ട്:

عن ابن جريج أن عمرو بن شعيب . أخبره عن أبيه عن عبد الله بن عمرو بن العاص : " أن رسول الله صلى الله عليه وسلم أمره أن يجهز جيشا قال عبد الله بن عمرو : وليس عندنا ظهر قال : فأمره النبي صلى الله عليه وسلم أن يبتاع ظهرا إلى خروج المصدق فابتاع عبد الله بن عمرو البعير بالبعيرين وبأبعرة إلى خروج المصدق بأمر رسول الله صلى الله عليه وسلم "  - أخرجه البيهقي والدارقطني وعنه ( 5 / 287 - 288 )

ഇബ്നു ജുറൈജില്‍ നിന്നും നിവേദനം. അംറു ബ്നു ശുഐബ് തന്നോട് ഇപ്രകാരം പറഞ്ഞു: അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും, അദ്ദേഹം അബ്ദുല്ലാഹ് ബിന്‍ അംറു ബ്നു ആസില്‍ നിന്നും ഉദ്ദരിക്കുന്നു: "നബി(ﷺ) അദ്ദേഹത്തോട് പടയൊരുക്കങ്ങള്‍ നടത്താന്‍ കല്പിച്ചു. അബ്ദുല്ലാഹ് ബ്ന്‍ അംറു ബ്നുല്‍ ആസ് (റ) പറയുന്നു: അപ്പോള്‍ ഞങ്ങളുടെ പക്കല്‍ ആവശ്യാനുസരണമുള്ള ഒട്ടകങ്ങള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ നബി(ﷺ) അദ്ദേഹത്തോട് സ്വദഖയുടെ (ഒട്ടകങ്ങള്‍) വരുമ്പോള്‍ (വില നല്‍കാം) എന്ന ഉപാധിയോടെ   ഒട്ടകങ്ങളെ വാങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അബ്ദുല്ലാഹ് ബ്ന്‍ അംറു ബ്നുല്‍ ആസ് (റ) നബി(ﷺ) യുടെ കല്പനപ്രകാരം 'സ്വദഖയുടെ വിഹിതം വന്നാല്‍ ഒരൊട്ടകം നല്‍കുന്നവര്‍ക്ക് രണ്ടോ അതില്‍കൂടുതലോ ഒട്ടകങ്ങള്‍ വില  നല്‍കാം എന്ന ഉപാധിയോടെ (പടയൊരുക്കത്തിനാവശ്യമായ) ഒട്ടകങ്ങളെ വാങ്ങി". - [ ദാറഖുത്വനി: 5/287 - 288 

ഒരുപക്ഷെ ഇവിടെ ഒട്ടകത്തിന് പകരമായി രണ്ടൊട്ടകങ്ങള്‍ നല്‍കാം എന്നല്ലേ നബി(ﷺ) പറഞ്ഞത്. അതെങ്ങനെ അവധി നല്‍കിക്കൊണ്ടുള്ള കച്ചവടത്തിന് കൂടുതല്‍ പണം ഈടാക്കാനുള്ള തെളിവാകും എന്ന് ചിലര്‍ പറഞ്ഞേക്കാം. ഈ ഹദീസിന്‍റെ മറ്റു റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍, അബ്ദുല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ് (റ) വിന്‍റെ അടുത്തേക്ക് ചില ആളുകള്‍ വന്നുകൊണ്ട്‌ ഇപ്രകാരം പറയുന്നത് കാണാം: "ഞങ്ങള്‍ സ്വര്‍ണ്ണ നാണയങ്ങളോ വെള്ളി നാനയങ്ങളോ ഒന്നും കൈവശമില്ലാത്തിടത്തായിരിക്കും, അപ്പോള്‍ വില പിന്നീട് നല്‍കാം എന്ന് അവധി പറഞ്ഞുകൊണ്ട് ഞങ്ങള്‍ ഒട്ടകത്തെയും ആടിനെയുമൊക്കെ കച്ചവടം ചെയ്യും. അതില്‍ താങ്കളുടെ അഭിപ്രായം എന്താണ്. അപ്പോള്‍ നബി(ﷺ) യുടെ കാലത്ത് ഉണ്ടായ ഈ സംഭവം അദ്ദേഹം ഉദ്ദരിക്കുന്നതായി കാണാം. ഒരിക്കലും ഒരൊട്ടകം റൊക്കം പണം നല്‍കി വാങ്ങുമ്പോള്‍ രണ്ട് ഒട്ടകങ്ങളുടെ വില വരില്ലല്ലോ. എന്നാല്‍ പണം പിന്നീട് നല്‍കാം എന്ന് പറഞ്ഞപ്പോള്‍ രണ്ട് ഒട്ടകം വിലയായി നിശ്ചയിച്ചത് ഇവിടെ ശ്രദ്ധേയമാണ്. അതോടൊപ്പം ദീനാറും ദിര്‍ഹമും അവധി പറഞ്ഞുകൊണ്ടുള്ള കച്ചവടത്തെയും അബ്ദുല്ലാഹ് ബ്ന്‍ അംറു (റ) അപ്രകാരം തന്നെയാണ് കണക്കാക്കിയത് എന്നും കാണാന്‍ സാധിക്കും. 

രണ്ട് : കച്ചവടം ഉറപ്പിക്കുന്നതിന് മുന്‍പ് വില്‍ക്കുന്നയാള്‍ക്കും, വാങ്ങിക്കുന്നയാള്‍ക്കും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നബി(ﷺ) നല്‍കിയിട്ടുണ്ട്:

عن حكيم بن حزام رضي الله عنه، عن النبي صلى الله عليه وسلم قال:  "البيِّعانِ بالخيار ما لم يتفرَّقا، فإن صدقا وبيَّنا بورك لهما في بيعهما، وإن كذبا وكتما محقت بركة بيعهما". - متفق عليه.

ഹകീം ബിന്‍ ഹിസാം (റ) നിവേദനം: നബി(ﷺ) പറഞ്ഞു: "വില്‍ക്കുന്നവനും വാങ്ങുന്നവനും (കച്ചവടമുറപ്പിച്ച്) വേര്‍പ്പിരിയുന്നതിന് മുന്‍പ് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ സത്യസന്തതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്നുവെങ്കില്‍ അവരുടെ കച്ചവടത്തില്‍ അല്ലാഹു 'ബര്‍ക്കത്ത്' ചൊരിയും. ഇനി കളവ് പറഞ്ഞുകൊണ്ടും കാര്യങ്ങള്‍ മൂടിവെച്ചുകൊണ്ടുമാണ് അവര്‍ കച്ചവടം ചെയ്യുന്നതെങ്കില്‍ അവരുടെ  കച്ചവടത്തിന്‍റെ ബര്‍ക്കത്ത് തന്നെ നീക്കം ചെയ്യപ്പെടും". - [മുത്തഫഖുന്‍ അലൈഹി].

ഒരാള്‍ക്ക് കച്ചവടം നടക്കുന്നതിന് മുന്‍പ് അയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്‍റെ വില നിശ്ചയിക്കാനുള്ള അധികാരമുണ്ട്‌. അത് അവധി നല്‍കികൊണ്ടോ അല്ലാതെയോ ആകട്ടെ. കച്ചവടം ഉറപ്പിച്ച് പിരിയുന്ന വരെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം രണ്ടുപേര്‍ക്കും നബി(ﷺ) നല്‍കിയിട്ടുണ്ട്.

മൂന്ന്:  നബി(ﷺ) അനുവദിച്ചതും ഹദീസുകളില്‍ വ്യക്തമായി പരാമര്‍ശിക്കപ്പെട്ടതുമായ കാര്യമാണ് 'സലം കച്ചവടം'. അഥവാ കൃഷിക്കാരന് നേരത്തെ പണം നല്‍കുകയും, ശേഷം അയാള്‍ കൃഷി ചെയ്യുന്ന കൃഷി വിള മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടത് പ്രകാരം പണം നല്‍കിയ ആള്‍ക്ക് നല്‍കുകയും ചെയ്യുന്ന കച്ചവടമാണ് 'സലം'. 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ وَهُمْ يُسْلِفُونَ بِالتَّمْرِ السَّنَتَيْنِ وَالثَّلَاثَ، فَقَالَ : مَنْ أَسْلَفَ فِي شَيْءٍ فَفِي كَيْلٍ مَعْلُومٍ ، وَوَزْنٍ مَعْلُومٍ، إِلَى أَجَلٍ مَعْلُوم.

ഇബ്നു അബ്ബാസ് (റ) നിവേദനം. അദ്ദേഹം പറഞ്ഞു:  നബി(ﷺ) മദീനയിലേക്ക് കടന്നു വന്നപ്പോള്‍ അവര്‍ രണ്ടു വര്‍ഷത്തേക്കും മൂന്ന് വര്‍ഷത്തേക്കുമൊക്കെ കാരക്കക്ക് (മുന്‍കൂട്ടി പണം നല്‍കിക്കൊണ്ട്) സലം കച്ചവടം ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: " (ആരെങ്കിലും മുന്‍കൂട്ടി പണം നല്‍കിക്കൊണ്ട്) 'സലം കച്ചവടം' ചെയ്യുകയാണെങ്കില്‍, കൃത്യമായ അളവ് നിര്‍ണ്ണയിച്ചുകൊണ്ടും, കൃത്യമായ തൂക്കം നിര്‍ണ്ണയിച്ചുകൊണ്ടും, കൃത്യമായ അവധി നിര്‍ണയിച്ചുകൊണ്ടുമാണ് 'സലം  കച്ചവടം' ചെയ്യേണ്ടത്". - [ബുഖാരി : 2086].

ഈ സലം കച്ചവടത്തിന് ഇന്‍സ്റ്റാള്‍മെന്‍റ് സെയിലുമായി സാമ്യതയുണ്ട്. അതായത് വിള ആവശ്യമുള്ള ആള്‍ കര്‍ഷകന് മുന്‍കൂട്ടി പണം നല്‍കുന്നു. അതുകൊണ്ട് അയാള്‍ക്ക് കുറഞ്ഞ വിലയില്‍ വിള ലഭിക്കുന്നു. കര്‍ഷകനാകട്ടെ പണം മുന്‍കൂട്ടി ലഭിക്കുന്നത് കൊണ്ട് കൃഷി ചെയ്യല്‍ എളുപ്പമാകുകയും ചെയ്യുന്നു. ഇതായിരുന്നു സലം കച്ചവടം അവിടെ വ്യാപിക്കാനുണ്ടായ കാരണം. അതില്‍ കച്ചവടക്കാരനും കൃഷിക്കാരനും ഒരുപോലെ നേട്ടമുണ്ടായിരുന്നു. ഇനി ഇതെങ്ങനെ ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടത്തില്‍ റെഡി കാശിനേക്കാള്‍ കൂടുതല്‍ വില ഈടാക്കല്‍ അനുവദനീയമാണ് എന്നതിനുള്ള തെളിവാകുന്നു എന്നാണ് നാം പരിശോധിക്കുന്നത്.

സലം കച്ചവടത്തില്‍ പണം മുന്‍കൂട്ടി നല്‍കുന്നു. വസ്തു പിന്നീടാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വസ്തുവിന്‍റെ വിലയില്‍ മുന്‍കൂട്ടി പണം നല്‍കിയ ആള്‍ക്ക് ഇളവ് ലഭിക്കുന്നു. അപ്പോള്‍ പണം മുന്‍കൂട്ടി നല്‍കുന്നത് കൊണ്ട് ഇവിടെ ലഭിക്കുന്ന ഇളവ് ശ്രദ്ധേയമാണ്. ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടത്തിലാകട്ടെ വസ്തു മുന്‍കൂട്ടി നല്‍കുന്നു. പണം പിന്നീടാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ വസ്തുവിന് കൂടുതല്‍ വില ഈടാക്കാം. അതുകൊണ്ടാണ് 'സലം കച്ചവടം' റെഡി കാശ് വിലയേക്കാള്‍ ഇന്‍സ്റ്റാള്‍മെന്‍റ് വില ഈടാക്കാന്‍ തെളിവാണ് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്താന്‍ കാരണം. അതില്‍ ഒന്ന് നിഷിദ്ധമാണ് എന്ന് വന്നാല്‍ മറ്റേതും നിഷിദ്ധമാണ് എന്ന് പറയേണ്ടി വരും. സലം കച്ചവടം അനുവദനീയമാണ് എന്നതില്‍ സ്പഷ്ടമായ തെളിവും ഇജ്മാഉം ഉണ്ട്താനും.

നാല്:  ഒരു വസ്തുവിന് അതിന്‍റെ റൊക്കം പണം നല്‍കി വാങ്ങുന്നതിനേക്കാള്‍ വില അവധി നിശ്ചയിച്ച് വാങ്ങുമ്പോള്‍ നല്‍കേണ്ടി വരും എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു തര്‍ക്കവുമില്ല. വളരെക്കാലം മുതല്‍ക്കേ ആളുകള്‍ കച്ചവട രംഗത്ത് പാലിച്ചുപോരുന്ന ഒരു രീതിയാണത്. തന്‍റെ വസ്തു വില്‍ക്കുമ്പോള്‍ കച്ചവടം ഉറപ്പിക്കുന്നതിന് മുന്‍പ് അതിന്‍റെ വില നിര്‍ണയിക്കാനുള്ള അനുവാദം അതിന്‍റെ ഉടമസ്ഥന് ഉണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാല്‍ സര്‍വവ്യാപകമായി നിലവിലുള്ള ഈ കച്ചവടം അനുവദനീയമല്ല എന്ന് പറയാന്‍ യാതൊരു തെളിവുമില്ല. നമുക്കറിയാം അടിസ്ഥാനപരമായി കച്ചവടങ്ങള്‍ എല്ലാം അനുവദനീയമാണ് അത് നിഷിദ്ധമാണ് എന്നതിന് വ്യക്തമായ തെളിവ് ലഭിക്കുന്നത് വരെ. ഇത് പാടില്ല എന്ന് പറഞ്ഞ വളരെ ന്യൂനപക്ഷം വരുന്ന പണ്ഡിതന്മാര്‍ക്ക് തങ്ങളുടെ വാദത്തിനുള്ള പ്രബലമായ തെളിവ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. ഇതിന്  പലിശയുമായി സാമ്യതയുണ്ട് എന്നതാണ് അവരുടെ വാദം. എന്നാല്‍ ഇത് കച്ചവടമാണ്. വില്‍ക്കുന്നവനും വാങ്ങുന്നവനും തമ്മില്‍ മുന്‍കൂട്ടി യാതൊരു കടബാധ്യതയും ഇല്ല. മാത്രമല്ല പലിശയില്‍ നിന്നും വ്യത്യസ്ഥമായി വസ്തുവിന്‍റെ വില്പനയാണ് ഇവിടെ നടക്കുന്നത്. പലിശക്കരാറില്‍ നിന്നും വ്യത്യസ്ഥമായി പ്രൊഡക്റ്റ് ആണ് ഈ കരാറിലെ അടിസ്ഥാന ബിന്ദു എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല വില്പന നടന്നു കഴിയുമ്പോള്‍ വില്പനക്കാരനും വാങ്ങിക്കുന്നവനും തമ്മില്‍ ഉള്ള ബന്ധം കടബാധ്യതയായി മാറുന്നു. അതുകൊണ്ടാണ് കച്ചവടം നടന്നുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ആ കടബാധ്യത വര്‍ദ്ധിക്കാന്‍ പാടില്ല എന്ന് നാം പ്രത്യേകം സൂചിപ്പിച്ചത്. അപ്പോള്‍ വാങ്ങിക്കുന്നയാള്‍ അടവ് കൃത്യമായി അടച്ചില്ലെങ്കിലോ എന്നാണ് ചോദ്യമെങ്കില്‍, അതിന് വേണ്ട മുന്‍കരുതല്‍ വില്‍ക്കുന്നയാള്‍ അല്ലെങ്കില്‍ സ്ഥാപനം മുന്‍കൂട്ടി എടുത്തിരിക്കണം എന്നാണ് പറയാനുള്ളത്. സാധാരണ അതിന് ചെയ്യാറുള്ളത് അയാളുടെ ബാങ്ക് വഴി സാലറിയില്‍ നിന്നു തന്നെ ഘടുക്കള്‍ പിടിക്കുക എന്നുള്ളതാണ്. അതുകൊണ്ടാണ് ഇസ്‌ലാമികമായി ഇന്‍സ്റ്റാള്‍മെന്‍റ് സെയില്‍ നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ സാലറി സര്‍ട്ടിഫിക്കറ്റും മറ്റും കൃത്യമായി പരിശോധിച്ച ശേഷം മാത്രം ഇന്‍സ്റ്റാള്‍മെന്‍റ് അനുവദിക്കുന്നത്. മാത്രമല്ല വ്യക്തികളുടെയോ വസ്തുക്കളുടെയോ ഗ്യാരണ്ടി ആവശ്യപ്പെട്ടുകൊണ്ടും സുരക്ഷ ഉറപ്പാക്കാം. അപ്പോഴും തങ്ങള്‍ക്ക് ലഭിക്കാനുള്ള തുകയില്‍ കൂടുതല്‍ ഒന്നും തന്നെ ഈടാക്കാന്‍ പാടില്ല.

ആധുനിക കാലഘട്ടത്തില്‍ ജീവിച്ച പ്രമുഖ സലഫീ പണ്ഡിതന്മാരെല്ലാം ഇത് അനുവദനീയമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല പറയുന്നു: 

എന്നോട് ചോദിക്കപ്പെട്ട ഒരു ചോദ്യം ഇപ്രകാരമാണ്: നൂറ് റിയാല്‍ വില വരുന്ന ഒരു പാക്കറ്റ് പഞ്ചസാര, വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് നൂറ്റി അന്‍പത് റിയാലിന് വില്‍ക്കാന്‍ പാടുണ്ടോ ?.

അതുമായി ബന്ധപ്പെട്ട് പറയാനുള്ളത്, അത് അനുവദനീയമായ ഇടപാടാണ്. റൊക്കം പണം നല്‍കിയുള്ള കച്ചവടവും, അവധി പറഞ്ഞുള്ള കച്ചവടവും ഒരുപോലെയല്ല.  അത് അനുവദനീയമാണ് എന്നതില്‍ ഏകാഭിപ്രായമുള്ളത് പോലെ മുസ്‌ലിംകള്‍ ഇക്കാലം വരെ ഈ ഒരിടപാട് ചെയ്തുപോരുന്നുണ്ട്.

വിലക്ക് അവധി പറഞ്ഞുകൊണ്ട് കച്ചവടം ചെയ്യുമ്പോള്‍കൂടുതല്‍ പണം ഈടാക്കുന്നത് അനുവദനീയമല്ല എന്ന് വളരേ ഒറ്റപ്പെട്ട ചില പണ്ഡിതാഭിപ്രായങ്ങളുണ്ട്. അത് പലിശയാണ് എന്നാണവര്‍ ധരിച്ചത്. അവരുടെ അഭിപ്രായത്തിന് യാതൊരു സാധുതയുമില്ല. യഥാര്‍ത്ഥത്തില്‍ ആ ഇടപാടിന് പലിശയുമായി യാതൊരു ബന്ധവുമില്ല. കാരണം കച്ചവടക്കാരന്‍ അതിന്‍റെ വില നല്‍കാന്‍ അവധി നല്‍കിയപ്പോള്‍, അദ്ദേഹത്തിന് കൂടുതല്‍ വില നല്‍കി ആ വസ്തു വാങ്ങിക്കുന്നതില്‍ അദ്ദേഹത്തിനും പ്രയോജനമുണ്ട്  എന്നതുകൊണ്ടാണ് അപ്രകാരം നല്‍കാന്‍ തയ്യാറായത്. (വില നല്‍കാന്‍) തനിക്ക് കുറച്ച് സാവകാശം കിട്ടുമെന്ന ഉപകാരം കണക്കിലെടുത്തുകൊണ്ടും, റെഡി കാശ് നല്‍കി വാങ്ങാന്‍ തനിക്കാവാത്തതിനാലുമാണ് വാങ്ങിക്കുന്നവന്‍ കൂടുതല്‍ വില നല്‍കാന്‍ തയ്യാറായത്. അതുകൊണ്ട് ഈ ഇടപാട് വില്‍ക്കുന്നവനും വാങ്ങിക്കുന്നവനും പ്രയോജനകാരമാണ്.

ഇത് അനുവദനീയമാണ് എന്ന് സൂചിപ്പിക്കുന്ന ഹദീസ് നബി
(ﷺ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുമുണ്ട്. അബ്ദുല്ലാഹ് ബിന്‍ അം റു ബ്നുല്‍ ആസ് (റ) വിനെ പടയൊരുക്കം നടത്താനായി ഏല്‍പ്പിച്ച സമയത്ത് അദ്ദേഹം ഒരൊട്ടകം ഇപ്പോള്‍ നല്‍കിയാല്‍ പിന്നീട് രണ്ടൊട്ടകങ്ങള്‍ നല്‍കാം എന്ന തോതില്‍ അവധി പറഞ്ഞുകൊണ്ട്  ഒട്ടകങ്ങളെ വാങ്ങിച്ചിരുന്നു.  (ഈ ഹദീസിന്‍റെ പൂര്‍ണരൂപം മുകളില്‍ എന്‍റെ വിശദീകരണത്തില്‍ ആദ്യത്തെ തെളിവായി ഞാന്‍ നല്‍കിയിട്ടുണ്ട്).

അതുപോലെ ഈ ഇടപാട് അല്ലാഹുവിന്‍റെ ഈ ആയത്തിന്‍റെ പൊതു ആശയത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു അനുവദിക്കപ്പെട്ട ഒരിടപാടാണ്. അല്ലാഹു പറയുന്നു: 


يَا أَيُّهَا الَّذِينَ آمَنُواْ إِذَا تَدَايَنتُم بِدَيْنٍ إِلَى أَجَلٍ مُّسَمًّى فَاكْتُبُوهُ

"സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട്‌ നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത്‌ എഴുതി വെക്കേണ്ടതാണ്‌". - [അല്‍ബഖറ: 282].

മുകളിലെ ആയത്തില്‍ സൂചിപ്പിക്കപ്പെട്ട, അനുവദനീയമായ  കടമിടപാടുകളില്‍ പെട്ടതാണ് ഈ കച്ചവട രീതിയും. അതുപോലെത്തന്നെ ഇത് 'സലം' കച്ചവടത്തിന്‍റെ അതേ ഗണത്തില്‍പ്പെട്ടതുമാണ്. കാരണം സലം കച്ചവടത്തില്‍ അത് അനുവദിക്കപ്പെട്ട കൃഷിവിളകളില്‍ കച്ചവടക്കാരന്‍ ധാന്യങ്ങള്‍ പിന്നീട് നല്‍കാം എന്ന ഉറപ്പോടുകൂടി പണം മുന്‍കൂട്ടി സ്വീകരിച്ച് കച്ചവടം നടത്തുന്നു. സലം കരാര്‍ ഉറപ്പിക്കുന്ന വേളയില്‍ ഉള്ള വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ ആണ് വാങ്ങിക്കുന്നയാള്‍ക്ക് ധാന്യം ലഭിക്കുക. കാരണം പണം മുന്‍കൂട്ടി നല്‍കുന്നതിനാലും ധാന്യം അവധി നിശ്ചയിച്ചുകൊണ്ട് ലഭിക്കുന്നതിനാലുമാണത്. 'സലം' അനുവദനീയമാണ് എന്നുള്ളത് 'ഇജ്മാഅ്' ഉള്ള കാര്യമാണ്. സലം കച്ചവടത്തിന്‍റെ നേര്‍ വിപരീതത്തിലുള്ള ഒരു രീതിയാണ് ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. (സലമില്‍ പണം ആദ്യം നല്‍കുകയും വസ്തു പിന്നീട് ലഭിക്കുകയും ചെയ്യുന്നതിനാല്‍ വസ്തു കുറഞ്ഞ വിലക്ക് നല്‍കുന്നു. ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തിലാകട്ടെ വസ്തു ആദ്യം ലഭിക്കുകയും പണം പിന്നീട് നല്‍കുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ വില ഈടാക്കുന്നു എന്നേയുള്ളൂ. രണ്ടും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ രണ്ടും സലമിന്‍റെ അതേ വിധി തന്നെയാണ് ഇതിനും).
- [ഫത്'വയുടെ പൂര്‍ണരൂപവും അറബിയും ലഭിക്കാന്‍ ഈ ലിങ്കില്‍ പോകുക. http://www.binbaz.org.sa/node/3884].

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും അദ്ദേഹം നല്‍കുന്ന മറുപടിയും: 


ചോദ്യം: ഒരാള്‍ തന്‍റെ കൈവശമുള്ള കാറുകള്‍ ഇന്‍സ്റ്റാള്‍മെന്‍റ് രൂപത്തില്‍ വില്‍ക്കാനായി ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിന്‍റെ യഥാര്‍ത്ഥ വിലയെക്കാള്‍ പതിനയ്യായിരം റിയാല്‍ അതികം നല്‍കിക്കൊണ്ട്, അഥവാ മുപ്പത്തയ്യായിരം റിയാല്‍ റെഡി കാശ് വിലയുള്ള കാറിന് പതിനയ്യായിരം അധികം നല്‍കി മൊത്തം അന്‍പതിനായിരം റിയാല്‍ ഇന്‍സ്റ്റാള്‍മെന്‍റ് ആയി അടക്കം എന്ന നിലക്ക് ഞാന്‍ വാങ്ങുകയാണ് എങ്കില്‍ ആ കച്ചവടത്തിന്‍റെ വിധി എന്താണ് ?.

ഉത്തരം : " റെഡി കാശ് വിലയെക്കാള്‍ കൂടുതല്‍ വില നല്‍കിക്കൊണ്ട് അവധിക്ക് വസ്തു വാങ്ങുന്നതില്‍ (ഇന്‍സ്റ്റാള്‍മെന്‍റ് രൂപത്തില്‍) തെറ്റില്ല. വില അധികം നല്‍കിയാലല്ലാതെ ആളുകള്‍ വസ്തു അവധിക്ക് നല്‍കുകയില്ലല്ലോ. വില അധികം നല്‍കിയില്ലെങ്കില്‍ ഒരാളും റെഡി കാശിനല്ലാതെ  പിന്നെ ആരും  അവധി നല്‍കിക്കൊണ്ട് ആരും വില്‍പന നടത്തില്ല. അത് പണമില്ലാത്ത  ആളുകളെ വളരെയധികം ദോശകരമായി ബാധിക്കും. ഇന്‍സ്റ്റാള്‍മെന്‍റ് ആയും, സാവകാശം നല്‍കിക്കൊണ്ടും വില ഈടാക്കുന്ന കച്ചവട രീതി ആളുകള്‍ക്ക് വളരെയധികം  ആശ്വാസം നല്‍കുന്നുണ്ട്. അത് ആളുകള്‍ക്ക് ആവശ്യവുമാണ്. അതുകൊണ്ട് ഇന്‍ ഷാ അല്ലാഹ് അതില്‍ യാതൊരു കുഴപ്പവുമില്ല. പക്ഷെ അമിതമായ രൂപത്തില്‍ വില വര്‍ദ്ധിപ്പിക്കരുത്. ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പരിധിയിലേ വില വര്‍ദ്ധിപ്പിക്കാവൂ. ഈ രൂപത്തില്‍ അമിതമായ വില ഈടാക്കരുത്. അമിതമായ വില ഈടാക്കുക എന്നുള്ളത് വെറുക്കപ്പെട്ടതാണ്. ദരിദ്രന്‍റെ ആവശ്യത്തെ ചൂഷണം ചെയ്തുകൊണ്ട് കച്ചവടക്കാരന്‍ അമിതമായ വില ഈടാക്കുകയെന്നത്, മുസ്‌ലിമിനെ ഉപദ്രവിക്കലാണ്. അതുകൊണ്ട് തന്നെ അമിതമായ വില ഈടാക്കുക എന്നത് വെറുക്കപ്പെട്ട കാര്യമാണ്. ഏതായാലും അടിസ്ഥാനപരമായി ചോദിക്കപ്പെട്ട കച്ചവടം അനുവദനീയമാണ്. " - [ഈ ഫത്'വയുടെ അറബി ശ്രവിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.alfawzan.af.org.sa/node/4201 ].

ഏതായാലും കച്ചവടം നടന്നു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ആ കടബാധ്യത വര്‍ദ്ധിപ്പിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണ്. അതായത് രണ്ട് ലക്ഷം റെഡി കാശ് വിലവരുന്ന ഒരു കാര്‍ രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപക്ക് രണ്ട് വര്‍ഷത്തെ അവധിയോടുകൂടി  ഇന്‍സ്റ്റാള്‍മെന്‍റ് രൂപത്തില്‍ നമ്മള്‍ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒരു കാരണവശാലും രണ്ടുലക്ഷത്തി ഇരുപത്തയ്യായിരം എന്ന കടബാധ്യത വര്‍ദ്ധിക്കില്ല. അഥവാ കച്ചവടം നടക്കുന്നതിന് മുന്‍പ് വിലയില്‍ മാറ്റം വരുത്താനുള്ള അനുമതി കച്ചവടം നടന്നു കഴിഞ്ഞാല്‍ ഇല്ല. കാരണം കച്ചവടം നടന്നു കഴിഞ്ഞാല്‍ പിന്നെ വാങ്ങിക്കുന്നയാളും വില്‍ക്കുന്നയാളും തമ്മിലുള്ള ബാധ്യത കടബാധ്യതയായി മാറി. കടബാധ്യത വര്‍ദ്ധിപ്പിക്കല്‍ പലിശയാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ പൊതുവേ പ്രചാരത്തിലുള്ള ഇന്‍സ്റ്റാള്‍മെന്‍റ് രീതി നിഷിദ്ധമാണ് എന്ന് പറയാന്‍ കാരണം. കസ്റ്റമര്‍ പെയ്മെന്‍റ് തെറ്റിച്ചാല്‍ അവര്‍ കടബാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് പലിശയാണ്. മറിച്ച് കസ്റ്റമര്‍ പെയ്മെന്‍റ് തെറ്റിച്ചാല്‍ എന്തുചെയ്യുമെന്ന മുന്‍കരുതല്‍ മുന്‍കൂട്ടി എടുക്കുകയാണ് വേണ്ടത്. സെക്യൂരിറ്റി വാങ്ങുക, സാലറിയില്‍ നിന്നും ഇന്‍സ്റ്റാള്‍മെന്‍റ് നേരിട്ട് ഈടാക്കുക, വലിയ സംഖ്യക്ക് വ്യക്തികളെ സെക്യൂരിറ്റി ആയി ആവശ്യപ്പെടുക, അകാരണമായി ഇന്‍സ്റ്റാള്‍മെന്‍റ് തെറ്റിക്കുന്ന സമയത്ത് നിയമ നടപടി എടുക്കാനുള്ള പെയ്പ്പറുകള്‍ തയ്യാറാക്കുക  തുടങ്ങി ഒരുപാട് മാര്‍ഗങ്ങള്‍ അതിനുണ്ട് താനും.

അല്ലാഹു അനുഗ്രഹിക്കട്ടെ .....


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 
_______________________

ഇന്ത്യയിൽ വാഹനം അടവിന് എടുക്കുന്നതുമായി ബന്ധപ്പെട്ട ലേഖനം:

മുൻകൂട്ടി കരാർ ചെയ്ത കൂടിയ പൈസക്ക് നാട്ടിൽ നിന്നും വാഹനം ഇൻസ്റ്റാൾ മെന്റിന് എടുക്കാമോ. അടവു തെറ്റിയാൽ മാത്രമേ പ ലിശ വരുന്നുള്ളൂ ?.