الحمد لله وحده، والصلاة والسلام على من لا نبي بعده، نبينا محمد وعلى آله وصحبه، وبعد:
ചോദ്യം: കിഡ്നിയുടെ പ്രവര്‍ത്തനം നിലച്ചത് കാരണം ബുദ്ധിമുട്ടുന്ന എന്‍റെ മുസ്‌ലിം സഹോദരന് എന്‍റെ രണ്ട് കിഡ്നികളില്‍ ഒന്ന് ദാനം ചെയ്യാമോ ?.
www.fiqhussunna.com
ഉത്തരം: "ഈ വിഷയത്തില്‍ സൗദിഅറേബ്യയിലെ ഉന്നത പണ്ഡിത സഭ അത് രണ്ടു നിബന്ധനകളോടെ അനുവദനീയമാണ് എന്ന് തീരുമാനം പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് നിബന്ധനകളാണ് അത് അനുവദനീയമാകാനുള്ളത്. ഒന്ന്: ദാതാവിന് അത് പ്രയാസം സൃഷ്ടിക്കരുത്. അതായത് അത് നല്‍കുന്നത് കൊണ്ട് ദാതാവിന്‍റെ ജീവന്‍ അപകടത്തിലാകുകയോ, അയാളുടെ ആരോഗ്യത്തെ ദോശകരമായി ബാധിക്കുകയോ ചെയ്യരുത്. രണ്ടാമത്തെ നിബന്ധന: സ്വീകര്‍ത്താവിന് (തന്‍റെ ജീവന്‍ നിലനിര്‍ത്താന്‍) അത് സ്വീകരിക്കല്‍ അനിവാര്യമായിരിക്കണം. (അഥവാ അയാളുടെ ജീവന്‍ നിലനിര്‍ത്താന്‍ അത് കിഡ്നി സ്വീകരിക്കല്‍ നിര്‍ബന്ധമായി വരുന്ന സാഹചര്യത്തില്‍ മാത്രമേ അത് അനുവദനീയമാകൂ). ഈ രണ്ട് നിബന്ധനകള്‍ പാലിക്കപ്പെട്ടാല്‍ അത് അനുവദനീയമാണ്". [https://www.youtube.com/watch?v=vBvNTqx5aic].
------------------------
ഇവിടെ ശൈഖ് പരാമര്‍ശിക്കാത്ത രണ്ട് നിബന്ഥകള്‍ കൂടി അതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്:
1- ശാസ്ത്രക്രിയ വിജയകരമാകാനാണ് കൂടുതല്‍ സാധ്യത എന്ന് അതുമായി ബന്ധപ്പെട്ട് അഗ്രഗണ്യരായ ഒന്നിലധികം ഡോക്ടര്‍മാരുടെ സാക്ഷ്യമുണ്ടായിരിക്കണം.
2- ഒരു കാരണവശാലും ദാതാവ് സ്വീകര്‍ത്താവിനോട് പണമോ, പാരിതോഷികങ്ങളോ ഈടാക്കാന്‍ പാടില്ല.
ഇനി ഒരാള്‍ക്ക് തന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ കിഡ്നി അനിവാര്യമായി വരുകയും, ഒരുപാട് അന്വേഷിച്ചിട്ടും അത് നല്‍കാന്‍ ആരും തയ്യാറാകാതെ വരികയും, പണം കൊടുത്ത് വാങ്ങാന്‍ അയാള്‍ നിര്‍ബന്ധിതനാവുകയും ചെയ്‌താല്‍, ആ ഒരു സാഹചര്യത്തില്‍ പണം നല്‍കി സ്വീകരിക്കുന്നതില്‍ അയാള്‍ കുറ്റക്കാരനല്ല. എന്നാല്‍ അപ്പോഴും വില്‍ക്കുന്നവന്‍ കുറ്റക്കാരന്‍ തന്നെയാണ്.
അതോടൊപ്പം വളരെ ഗൗരവപരമായി പരാമര്‍ശിക്കേണ്ട ഒരു കാര്യം പാവപ്പെട്ട ആളുകളെ പണം വാഗ്ദാനം ചെയ്ത് ചൂഷണത്തിലൂടെ കിഡ്നി ദാനത്തിന് ഇരകളാക്കുന്ന വ്യാപകമായ വഞ്ചന തീര്‍ത്തും അനിസ്‌ലാമികവും എതിര്‍ക്കപ്പെടേണ്ടതുമാണ്. ഒരാള്‍ക്ക് കിഡ്നി അനിവാര്യമായി വരുമ്പോള്‍ വിലയോ പാരിതോഷികങ്ങളോ ഈടാക്കാതെ അത് നല്‍കാന്‍ അടുത്ത ബന്ധുക്കള്‍ തയ്യാറാവുകയാണ് വേണ്ടത്. എങ്കിലേ പാവപ്പെട്ട ആളുകളെ ചൂഷണം ചെയ്യുന്ന സാഹചര്യം നിര്‍ത്തലാക്കാന്‍ സാധിക്കൂ. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.
അല്ലാഹു അനുഗ്രഹിക്കട്ടെ .....
______________________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ