Thursday, August 20, 2015

ബന്ധുക്കള്‍ക്ക് സകാത്ത് കൊടുക്കാമോ ?. അയാള്‍ ശിര്‍ക്ക് ചെയ്യുന്ന ആളാണെങ്കിലോ ?.



ചോദ്യം: എന്‍റെ ബന്ധുവായ ഒരാള്‍ അങ്ങേയറ്റം പാവപ്പെട്ട ഒരാളാണ്. അയാളാകട്ടെ ഖബറാരാധന നടത്തുന്ന ഒരു സുന്നിയുമാണ്. അയാള്‍ക്ക് സകാത്ത് നല്‍കാന്‍ പറ്റുമോ ?.

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ബന്ധുവായ ഒരാള്‍ (ഫഖീര്‍, മിസ്കീന്‍, കടക്കാരന്‍.. ) എന്നിങ്ങനെ സകാത്തിന് അര്‍ഹനായ അവകാശിയാണ് എങ്കില്‍ അയാള്‍ക്ക് സകാത്തില്‍ നിന്ന് നല്‍കാം. ബന്ധുവാണ് എന്നതുകൊണ്ട്‌ ഒരാള്‍ക്ക് സകാത്തിന് അര്‍ഹതയില്ലാതാവുകയില്ല. എന്നാല്‍ ഖബറാരാധന നടത്തുകയോ, അത് അംഗീകരിക്കുകയോ ചെയ്യുന്ന ശിര്‍ക്കന്‍ വിശ്വാസമുള്ള ആളുകള്‍ക്ക് സകാത്ത് കൊടുത്താല്‍ അത് വീടില്ല. അവരുടെ പിന്നില്‍ നിന്ന് നമസ്കരിക്കാനും പാടില്ല.

യഥാര്‍ത്ഥത്തില്‍ അത്തരം ശിര്‍ക്കന്‍ വിശ്വാസം വച്ച് പുലര്‍ത്തുന്നവരെ സംബന്ധിച്ച് ചോദ്യ കര്‍ത്താവ് ഉന്നയിച്ച സുന്നി എന്ന പ്രയോഗം ശരിയല്ല. (سني) അഥവാ സുന്നത്ത് എന്ന പദത്തിലേക്ക് (ياء النسبة) അതായത് ഒന്നിനെ ഒന്നിലേക്ക് ചേര്‍ത്തിപ്പറയാന്‍ ഉപയോഗിക്കുന്ന  (ي) എന്ന അക്ഷരം ഉപയോഗിച്ചതിലൂടെയാണ് സുന്നിയ് (സുന്നി) എന്ന പദം ഉണ്ടായത്. അഥവാ നബീ കരീം (ﷺ) യുടെ സുന്നത്തിനെ മുറുകെപ്പിടിക്കുന്ന സുന്നത്തിന്‍റെ ആള്‍ എന്നര്‍ത്ഥം. ഖബറാരാധന നടത്തുന്ന ആള്‍ എങ്ങനെ അതില്‍പ്പെടും ?!. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ....

സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം, മക്കള്‍ മാതാപിതാക്കള്‍ തുടങ്ങി താന്‍ നിര്‍ബന്ധമായും ചിലവിന് നല്‍കാന്‍ ബാധ്യസ്ഥരായവര്‍ക്കുള്ള ചിലവ് സകാത്തില്‍ നിന്നും നല്‍കിയാല്‍ സകാത്ത് വീടില്ല. എന്നാല്‍ സ്വയം കടം വീട്ടാന്‍ സാധിക്കാത്ത കടക്കാര്‍ ആണ് എങ്കില്‍ ആ ഇനത്തില്‍ താന്‍ ചിലവിന് കൊടുക്കുന്നവര്‍ക്കും സകാത്ത് നല്‍കാം . ഈ വിഷയത്തിലെ വിശദമായ ലേഖനത്തിന് : http://www.fiqhussunna.com/2016/06/blog-post_7.html

അല്ലാഹു അനുഗ്രഹിക്കട്ടെ ...
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ