Saturday, August 1, 2015

രക്തദാനം അനുവദനീയമാണോ ?. രക്തദാനത്തിന് പണം ഈടാക്കാമോ ?.



الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

സുപ്രധാനമായും രണ്ട് ചോദ്യങ്ങളാണുള്ളത്. ഒന്ന് രക്തദാനം അനുവദനീയമാണോ ?, മറ്റൊന്ന് രക്തദാനത്തിന് പണം ഈടാക്കാമോ ?.

ഒന്നാമത്തെ ചോദ്യത്തിന്‍റെ ഉത്തരം:
  രക്തദാതാവിന് ആരോഗ്യപരമായ പ്രശ്നം ഉണ്ടാകാതിരിക്കുകയും, സ്വീകര്‍ത്താവിന് അനിവാര്യമായി വരുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണല്ലോ ഒരാളുടെ രക്തം മറ്റൊരാള്‍ക്ക് ദാനം ചെയ്യാറ്.  അത് അനുവദനീയമെന്നതിലുപരി പുണ്യകരമാണ്. കാരണം ഒരു മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ കാരണക്കാരനാവുക എന്നുള്ളത് അല്ലാഹു സുബ്ഹാനഹു വ തആല ഏറെ പ്രശംസിച്ച കാര്യമാണ് അല്ലാഹു പറയുന്നു:

وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعاً
"ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു." - [മാഇദ : 32].

രക്തദാതാവിന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടാവുന്ന സാഹചര്യത്തിലും, സ്വീകര്‍ത്താവിന് അനിവാര്യമല്ലാത്ത സാഹചര്യത്തിലും ഒരാളുടെ രക്തം മറ്റൊരാളുടെ ശരീരത്തിലേക്ക് മാറ്റം ചെയ്യുന്നത് അനുവദനീയമല്ല.

രണ്ടാമത്തെ ചോദ്യത്തിന്‍റെ ഉത്തരം:
പണം ഈടാക്കിയുള്ള രക്തദാനം ഹറാമാണ്.

ലജ്‌നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം:

أخذ العوض على بذل الدم محرم، سواء كـان العوض عينًا أو نقدًا، لحديث أبي جحيفة في (صحيح البخاري أن النبي صلى الله عليه وسلم نهى عن ثمن الدم (، والإجماع منعقد على ذلك، ولو كـان ذلك على سبيل الهدية؛ لأنها هدية في مقابل محرم.

"രക്തദാനത്തിന് പകരമായി വല്ലതും ഈടാക്കുന്നത് ഹറാമാണ്. അത് പണമായാലും വസ്തുക്കളായാലും ശരി. കാരണം ഇമാം ബുഖാരി ഉദ്ദരിച്ച അബൂ ജുഹൈഫ (റ) വില്‍ നിന്നുള്ള ഹദീസില്‍ ഇപ്രകാരം കാണാം: " നബി(ﷺ) രക്തത്തിന് പകരമായി കിട്ടുന്ന വിലയെ നിഷിദ്ധമാക്കിയിട്ടുണ്ട്". ഇത് ഇജ്മാഉള്ള വിഷയമാണ്. 'ഹദിയ്യ' അഥവാ ഒരു പാരിതോഷികം എന്ന നിലക്കാണ് അത് നല്‍കപ്പെടുന്നതെങ്കില്‍ പോലും. കാരണം അത് (വില്പന) നിഷിദ്ധമായ ഒരു കാര്യത്തിന് ബദലായി കിട്ടുന്ന പാരിതോഷികമാണ്".
- [ഫത്'വയില്‍ ഒപ്പ് വച്ചവര്‍: അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് (റഹിമഹുല്ല), അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹഫിദഹുല്ല), സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല), ബകര്‍ അബൂ സൈദ്‌ (ഹഫിദഹുല്ല).  http://www.alifta.net/fatawa/fatawaDetails.aspx?BookID=3&View=Page&PageNo=7&PageID=9780].  

ഇനി ഒരാള്‍ക്ക് പണം നല്‍കാതെ രക്തം ലഭിക്കാത്ത ഒരു നിര്‍ബന്ധിത സാഹചര്യം ഉണ്ടായാല്‍, തന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ പണം കൊടുത്ത് വാങ്ങല്‍ അനിവാര്യമായി വന്നാല്‍, അത്തരം ഒരു സാഹചര്യത്തില്‍ വാങ്ങിക്കുന്നവന് കുറ്റമില്ല. എന്നാല്‍ വില്‍ക്കുന്നവന്‍ കുറ്റക്കാരനാണ്.  അയാള്‍ പണമീടാക്കാതെ നല്‍കാന്‍ തയ്യാറാവുകയാണ് വേണ്ടത്.
_____________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ