Thursday, August 6, 2015

സ്വര്‍ണ്ണാഭരണങ്ങള്‍ വാടകക്ക് നല്‍കാമോ ?.



الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്നലെ 5/8/2015ന് റിയാദില്‍ വച്ച് നടന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചുള്ള സെമിനാറില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഹലാലായ ഉപയോഗങ്ങള്‍ക്ക് വേണ്ടി വാടകക്ക് നല്‍കുന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടിരുന്നു. ജ്വല്ലറിയില്‍ ഡിസ്പ്ലേ ചെയ്യാന്‍ ആഭരണങ്ങള്‍ നല്‍കി അതിന് വാടക ഈടാക്കാമോ എന്നതായിരുന്നു ചോദ്യം. കൂടുതല്‍ പരിശോധിച്ച് അത് വ്യക്തമാക്കാം എന്ന് പറഞ്ഞിരുന്നു. അതാണ്‌ ഇവിടെ കുറിക്കുന്നത്.

www.fiqhussunna.com

ഹലാലായ ഉപയോഗങ്ങള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളാകട്ടെ വെള്ളിയാഭരണങ്ങളാകട്ടെവാടകക്ക് നല്‍കുന്നതില്‍ തെറ്റില്ല. ജ്വല്ലറിയില്‍ ആഭരണങ്ങളുടെ പ്രദര്‍ശനാര്‍ത്ഥം നല്‍കുന്നത് ഈ ഇനത്തില്‍ പെട്ടതാണ്. എന്നാല്‍ സ്ത്രീ സൗന്ദര്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് വ്യാപാരം നടത്തുന്ന ജ്വല്ലറികളുമായി ഒരു നിലക്കും വിശ്വാസികള്‍ സഹകരിക്കാന്‍ പാടില്ല. അതുപോലെ അന്യപുരുഷന്മാര്‍ക്ക് മുന്‍പില്‍ സ്ത്രീസൗന്ദര്യം പ്രദര്‍ശിപ്പിക്കാനായുള്ള ആവശ്യത്തിനും വാടകക്ക് നല്‍കല്‍ നിഷിദ്ധമാണ്.

കല്യാണവേളയില്‍ സ്ത്രീക്ക് ധരിക്കാനുള്ള സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ ഒന്നോ രണ്ടോ ആഴച്ചക്ക് വാടകക്ക് നല്‍കുന്നതിനെ സംബന്ധിച്ച് ലിജ്നതുദ്ദാഇമയോടുള്ള ചോദ്യത്തിന് അവര്‍ നല്‍കുന്ന മറുപടി:

ഉത്തരം: "സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളോ ഇതര ആഭരണങ്ങളോ നിര്‍ണ്ണിതമായ സമയത്തേക്ക് നിശ്ചിത വാടക നിശ്ചയിച്ചുകൊണ്ട് വാടകക്ക് നല്‍കല്‍ അടിസ്ഥാനപരമായി അനുവദനീയമാണ്. വാടകയുടെ സമയം പൂര്‍ത്തിയായാല്‍ വാടകക്കെടുത്തയാള്‍ ആഭരണങ്ങള്‍ തിരിച്ച് നല്‍കണം. വാടകക്ക് നല്‍കുന്ന ആഭരണങ്ങള്‍ക്ക് ഈട് വാങ്ങിവെക്കുന്നതിലും തെറ്റില്ല". - [ഇതിന്‍റെ അറബി ലഭിക്കാന്‍ ഈ ലിങ്കില്‍ പോകുക : http://www.alifta.net/Fatawa/FatawaChapters.aspx?languagename=ar&View=Page&PageID=5514&PageNo=1&BookID=3 ].


എന്നാല്‍ ഇവിടെമനസ്സിലാക്കേണ്ട ഒരു കാര്യം ഒരിക്കലും കല്യാണവേളയില്‍ സ്ത്രീ ആഭരണങ്ങള്‍ അണിഞ്ഞൊരുങ്ങി അന്യ പുരുഷന്മാര്‍ക്ക് മുന്നില്‍ പ്രദര്‍ശന വസ്തുവാകുന്നത് ഹറാമാണ്. ആണും പെണ്ണും ഇടകലര്‍ന്നുള്ള നമ്മുടെ നാട്ടിലെ കല്യാണസ്വീകരണങ്ങളും ഹറാം തന്നെയാണ് എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ഒരുക്കിയ സൗകര്യത്തില്‍ അവര്‍ക്ക് അലങ്കാരമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ അണിയാം. അത് വാടകക്കെടുത്തും അണിയാം. സ്വര്‍ണ്ണാഭരണങ്ങള്‍ ഹലാലായ ആവശ്യത്തിന് വാടകക്കെടുക്കുന്നതും നല്‍കുന്നതും തെറ്റില്ല. അതാണ്‌ ഫത്'വയില്‍ സൂചിപ്പിക്കപ്പെട്ടത്.

എന്നാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സാമ്പത്തിക ആവശ്യത്തിന് ഉപയോഗിക്കാനായി, അഥവാ അത് വിറ്റ് പണമാക്കി ഉപയോഗിക്കാനും, ശേഷം തിരിച്ചു നല്‍കാനും ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ക്ക് കടം നല്‍കിയാല്‍, നല്‍കിയ സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ യാതൊന്നും തന്നെ ഈടാക്കാന്‍ പാടില്ല. കാരണം അത് കടമാണ്. ഒരാള്‍ക്ക് സ്വര്‍ണ്ണം കടം നല്‍കിയാല്‍, നല്‍കിയ തൂക്കത്തേക്കാള്‍ കൂടുതല്‍ യാതൊന്നും ഈടാക്കാന്‍ പാടില്ല. ഉദാ: ഞാന്‍ ഒരാള്‍ക്ക് അയാളുടെ സാമ്പത്തിക ആവശ്യത്തിനായി പത്ത് പവന്‍ നല്‍കി എന്ന് കരുതുക. അയാളില്‍ നിന്ന് തിരിച്ച് പത്ത് പവനില്‍ കൂടുതല്‍ യാതൊന്നും തന്നെ ഈടാക്കാന്‍ പാടില്ല. മാത്രമല്ല സ്വര്‍ണ്ണം കടം നല്‍കിയാല്‍ അത് സ്വര്‍ണ്ണമായിത്തന്നെ തിരിച്ചു നല്‍കണം.

അതോടൊപ്പം മനസ്സിലാക്കേണ്ട ഒരു കാര്യം സ്വര്‍ണ്ണാഭരണം ഒരാളുടെ കയ്യില്‍ നിന്ന് വാങ്ങിക്കുകയാണ് എങ്കില്‍ അതിന്‍റെ വില നല്‍കാതെ കടം പറഞ്ഞ് വാങ്ങിക്കല്‍ പലിശയാണ്. ഉദാ: ജ്വല്ലറിയില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണ്ണം പണം പിന്നെ നല്‍കാം എന്ന ഉപാധിയോടെ വാങ്ങിച്ചാല്‍ അത് പലിശയാണ്. കാരണം നബി (സ) സ്വര്‍ണ്ണവും നാണയവും കൈമാറ്റം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അപ്പപ്പോള്‍ കൈമാറ്റം ചെയ്യണം എന്ന നിബന്ധന പഠിപ്പിച്ചിട്ടുണ്ട്. ഇല്ലയെങ്കില്‍ അത് 'രിബന്നസീഅ' അഥവാ 'കാലതാമസത്തിന്‍റെ പലിശ' എന്ന ഇനത്തിലാണ് പെടുക.

നേരത്തെ സ്വര്‍ണ്ണം കടം നല്‍കാം എന്ന് പറഞ്ഞതും ഇതും തമ്മില്‍ തെറ്റിദ്ധാരണ ഉണ്ടാകേണ്ടതില്ല. ജ്വല്ലറിക്കാരന്‍ നിങ്ങള്‍ അയാള്‍ക്ക് പത്ത്  പവന്‍ തന്നെ തിരിച്ച് നല്‍കിയാല്‍ മതി എന്ന ഉപാധിയോടെ പത്ത് പവന്‍ നല്‍കിയാല്‍ അത് കടമാണ്. അത് അനുവദനീയമാണ്. പക്ഷെ ജ്വല്ലറിക്കാര്‍ നിങ്ങള്‍ക്ക് പത്ത് പവന്‍ നല്‍കി, പത്ത് പവന്‍ തിരിച്ച് തന്നാല്‍ മതി എന്ന് പറയുമെന്ന് ഞാന്‍ കരുതുന്നില്ല.  എന്നാല്‍ പത്ത് പവന്‍ നല്‍കി അതിന്‍റെ പണം പിന്നെ നല്‍കിയാല്‍ മതി എന്ന് പറഞ്ഞാല്‍ അത് കച്ചവടമാണ്. പണം റൊക്കം തതവസരത്തില്‍ തന്നെ കൊടുക്കാതെ സ്വര്‍ണ്ണം കച്ചവടം ചെയ്യുന്നത് നബി (സ) വിലക്കുകയും പലിശയുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്ത കാര്യമാണ്. അതുപോലെ പഴയ സ്വര്‍ണ്ണം 8 പവന്‍ നല്‍കി പുതിയ സ്വര്‍ണ്ണം 7 പവന്‍ വാങ്ങുന്ന എക്സ്ചേഞ്ച്‌ രീതിയും നിഷിദ്ധമാണ്. അത് 'രിബല്‍ ഫദ്ല്‍' അഥവാ 'അധികമീടാക്കുന്ന പലിശ' എന്ന ഇനത്തിലാണ് പെടുക. നബി (സ) പറഞ്ഞു : "നിങ്ങള്‍ സ്വര്‍ണ്ണത്തെ സ്വര്‍ണ്ണത്തിന് പകരമായി തുല്യ തൂക്കമായിട്ടല്ലാതെ കൈമാറ്റം ചെയ്യരുത്". അത് പലിശയാണ് എന്ന് സൂചിപ്പിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം. പഴയ സ്വര്‍ണ്ണം വിറ്റ് അതിന്‍റെ വില കൈപ്പറ്റിയതിനു ശേഷം, പുതിയ സ്വര്‍ണ്ണം അതിന്‍റെ വിലകൊടുത്ത് വാങ്ങുക എന്നതാണ് ഇസ്‌ലാമികമായി അനുവദിക്കപ്പെട്ട രീതി. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

അല്ലാഹു അനുഗ്രഹിക്കട്ടെ....