Tuesday, May 31, 2016

കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റില്‍ 5 ലക്ഷം നിക്ഷേപമുണ്ട്. അതിന്‍റെ സകാത്ത് എങ്ങനെ കൊടുക്കും ?.ഇതുവരെ ലാഭമൊന്നും ലഭിച്ചിട്ടില്ല.



ചോദ്യം: കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റില്‍ 5 ലക്ഷം നിക്ഷേപമുണ്ട്. അതിന്‍റെ സകാത്ത് എങ്ങനെ കൊടുക്കും ?.ഇതുവരെ ലാഭമൊന്നും ലഭിച്ചിട്ടില്ല.

www.fiqhussunna.com
 
ഉത്തരം:
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റ് ഏറെ ആവശ്യകരമായ ഒരു പൊതുസംരംഭം എന്ന നിലക്ക് കണക്കാക്കാം എങ്കിലും, അതിന്‍റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അല്ലാതെ വിമാനത്താവളം എന്നതിലാണ് താങ്കള്‍ക്ക് ഷെയര്‍ എടുത്തത് എങ്കില്‍ അതിനെക്കുറിച്ച് പുനരാലോചിക്കേണ്ടതുണ്ട്. കാരണം നമുക്ക് അറിയാവുന്നതനുസരിച്ച് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ മദ്യവില്പന വളരെ സുലഭമാണ്. മദ്യ വില്‍പനക്ക് സ്ഥലം വാടകക്ക് നല്‍കുക എന്നത് നിഷിദ്ധമാണ്. സ്വാഭാവികമായും അതിലെ ഒരു ഷെയര്‍ ഹോള്‍ഡര്‍ എന്ന നിലക്ക്  അത് നമ്മളെ ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് പ്രാഥമിക വീക്ഷണത്തില്‍ അത് അനുവദനീയമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നേരെ മറിച്ച് വിമാനത്താവളത്തില്‍ ഒരു ഷോപ്പ്, റസ്റ്റോറന്‍റ്, കോഫി ഷോപ്പ് തുടങ്ങി ഹലാലായ ഏതെങ്കിലും പ്രത്യേക സംരംഭത്തിലാണ് താങ്കള്‍ ഭാഗവാക്കായത് എങ്കില്‍ അതില്‍ തെറ്റില്ലതാനും.

ഇനി നമുക്ക് സകാത്തിന്‍റെ വിഷയത്തിലേക്ക് കടക്കാം. പൊതുവേ ഒരു വിമാനത്താവളത്തില്‍ ഉള്ള ഷെയറിന്‍റെ സകാത്ത് എങ്ങനെ നല്‍കാം എന്ന നിലക്കാണ് ഈ വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ബിസിനസുകള്‍ രണ്ടു വിധമാണ്. ഒന്ന് പ്രോഡക്റ്റ് സെല്ലിംഗ് ബിസിനസ്, മറ്റൊന്ന് സര്‍വീസ് പ്രൊവൈഡിംഗ് ബിസിനസ്. ഉദാ: സൂപ്പര്‍മാര്‍ക്കറ്റ് അവിടെ വസ്തുക്കള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. അതിന്‍റെ വാഹനം, ബില്‍ഡിംഗ്, കംബ്യൂട്ടര്‍ ...എന്നിങ്ങനെയുള്ള ഉപയോഗ സാധനങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. എന്നാല്‍ വില്പന വസ്തുക്കള്‍ക്കും അതുപോലെ അവരുടെ കൈവശമുള്ള കാശിനും സകാത്ത് ബാധകമാണ്. അതുകൊണ്ടുതന്നെ സകാത്ത് കണക്കാക്കാന്‍ അവര്‍ സ്റ്റോക്ക്‌ എടുക്കേണ്ടതുണ്ട്‌.  എന്നാല്‍ ഹോട്ടല്‍, എയര്‍പോര്‍ട്ട്, ട്രാവല്‍സ് തുടങ്ങിയവ സര്‍വീസ് പ്രൊവൈഡിംഗ് സംരഭങ്ങളാണ്. അതില്‍ നാം ഇറക്കിയ നിക്ഷേപത്തിനല്ല. മറിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനം, കൈവശമുള്ള പണം എന്നിവക്കാണ് സകാത്ത് ബാധകമാകുന്നത്. അതുകൊണ്ടുതന്നെ അതില്‍ നിന്നും തനിക്ക് എന്ത് ലഭിക്കുന്നുവോ അത് തന്‍റെ ധനത്തോടൊപ്പം പരിഗണിച്ച് വര്‍ഷാവര്‍ഷം സകാത്ത് കണക്കു കൂട്ടേണ്ട സമയം അഥവാ ഹൗല്‍ എത്തുമ്പോള്‍ കൈവശം ഉള്ളത് കണക്കുകൂട്ടി അതിന്‍റെ 2.5% നല്‍കിയാല്‍ മതി.അതല്ലാതെ എയര്‍പോര്‍ട്ട്‌ പോലുള്ള സംരഭങ്ങളില്‍ ഇറക്കിയ മുഴുവന്‍ തുകക്കും സകാത്ത് നല്‍കേണ്ടതില്ല. ഇനി ഒരാള്‍ തന്‍റെ ഷെയര്‍ തന്നെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവിടെ ആ ഷെയറിന്‍റെ മാര്‍ക്കറ്റ് പ്രൈസ് അഥവാ ആ സമയത്ത് അതിനുള്ള വിലയാണ് സകാത്ത് കണക്കു കൂട്ടുമ്പോള്‍ കണക്കാക്കേണ്ടത്.

അതുകൊണ്ട് താങ്കളുടെ വിഷയത്തില്‍ ഒന്ന് ആ ഷെയര്‍ അനുവദനീയമാണോ എന്നത് പുനരാലോചിക്കുക ?. താങ്കള്‍ എടുത്തത് ഏതെങ്കിലും പ്രത്യേകം ഷോപ്പിലോ മറ്റോ ഉള്ള ഷെയര്‍ ആണോ, അതോ മൊത്തം പ്രൊജക്റ്റിലെ ഷെയറാണോ എന്ന് തീര്‍ത്ത് പറയാന്‍ സാധിക്കാത്തതു കൊണ്ടാണ് ഞാന്‍ അപ്രകാരം പറയുന്നത്. രണ്ട് താങ്കളുടേത് ഷെയര്‍ നിലനില്‍ക്കുന്നത്  സര്‍വീസ് പ്രൊവൈഡിംഗ്, അല്ലെങ്കില്‍ വാടകക്ക് നല്‍കുന്നത് എന്നീ ഇനങ്ങളില്‍ ആണെങ്കില്‍ അതിന്‍റെ വരുമാനത്തിന് ആണ് സകാത്ത് നിക്ഷേപത്തിനല്ല എന്നതാണ്.  والله تعالى أعلم . അല്ലാഹു അനുഗ്രഹിക്കട്ടെ...
______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ