Tuesday, May 3, 2016

സിവില്‍ എഞ്ചിനീയറായ എനിക്ക്, ഹൗസിംഗ് ലോണ്‍ എടുക്കുന്നതിന് എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കാന്‍ പറ്റുമോ ?.

ചോദ്യം : ഞാന്‍ ഒരു സിവില്‍ എഞ്ചിനീയറാണ്. ബേങ്കില്‍ നിന്ന് പലിശക്ക് ഹൗസിംഗ് ലോണ്‍ എടുക്കാന്‍ പലപ്പോഴും എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കേണ്ടി വരാറുണ്ട്. അത് അനുവദനീയമാണോ ?. 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഉത്തരം:  തിന്മ ചെയ്യുന്നത് പോലെത്തന്നെയാണ് തിന്മക്ക് കൂട്ടുനില്‍ക്കുന്നതും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുന്നതും. അതുകൊണ്ടുതന്നെ പലിശക്ക് ലോണ്‍ എടുക്കാന്‍ എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കലും നിഷിദ്ധമാണ്.

അല്ലാഹു പറയുന്നു: وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَاب

"പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു." - [മാഇദ : 2].


അതുപോലെ ഹദീസില്‍ ഇപ്രകാരം കാണാം:

عن بن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: " അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്." - [ത്വബറാനി : 3/7 - ഹദീസ് 20].
അതുകൊണ്ടുതന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു മുഅ്മിനിന് ഇത്തരത്തിലുള്ള സമ്പാദ്യങ്ങള്‍ അനുവദനീയമല്ല. തന്‍റെ സമ്പാദ്യവും ഉപജീവനവുമെല്ലാം ഹലാലില്‍ നിന്നായിരിക്കാന്‍ ഒരു വിശ്വാസി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പലിശ കടന്നുവരുന്ന വിഷയങ്ങളില്‍. കാരണം പലിശ എഴ് വന്‍പാപങ്ങളില്‍ ഒന്നാണ്.

ഹദീസില്‍ ഇപ്രകാരം കാണാം: 


قال النبي صلى الله عليه وسلم: "اجتنبوا السبع الموبقات - يعني المهلكات - قلنا: وما هن يا رسول الله؟ قال: الشرك بالله، والسحر، وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات الغافلات المؤمنات"

നബി (സ) പറഞ്ഞു: "നിങ്ങള്‍ എഴ് മഹാപാപങ്ങളെ അഥവാ വിനാശകാരികളായ ഏഴ് മഹാപാപങ്ങളെ വെടിയുക. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, ഏതൊക്കെയാണവ ?. അദ്ദേഹം പറഞ്ഞു: " ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, സിഹ്ര്‍, ന്യായകാരണങ്ങളാലല്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ജീവനെടുക്കല്‍, പലിശ ഭുജിക്കല്‍, യതീം കുട്ടികളുടെ പണം അന്യായമായി തിന്നല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പവിത്രവതികളും കുലീനകളും വിശ്വാസിനികളുമായ സ്ത്രീകളെപ്പറ്റി അപവാദം പറയല്‍" - [ബുഖാരി - മുസ്‌ലിം].

അതുപോലെ അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: 

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ 

ജാബിര്‍ ബിന്‍ അബ്ദുല്ല (റ) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും, അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവനെയും റസൂല്‍ (സ) ശപിച്ചിരിക്കുന്നു. അവരെല്ലാം ഒരുപോലെയാണ് എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു." - [സ്വഹീഹ് മുസ്‌ലിം].

അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും ഹലാലായ മാര്‍ഗങ്ങളിലൂടെ ഉപജീവനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്ക് അവന്‍ കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നതാണ്. അല്ലാഹു പറയുന്നു:

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا
"അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌." - [ത്വലാഖ്: 2, 3]. 

അതുപോലെ നബി (സ) പറഞ്ഞു:

إِنَّكَ لَنْ تَدَعَ شَيْئًا لِلَّهِ عَزَّ وَجَلَّ إِلَّا بَدَّلَكَ اللَّهُ بِهِ مَا هُوَ خَيْرٌ لَكَ مِنْهُ
 
"നീ അല്ലാഹുവിന് വേണ്ടി ഏതൊരു കാര്യം ഉപേക്ഷിച്ചാലും, അല്ലാഹു അതിനു പകരം അതിനേക്കാള്‍ നല്ലത് നിനക്ക് നല്‍കാതിരിക്കില്ല." - [മുസ്നദ് അഹ്മദ് : 23074].
 
അല്ലാഹു അനുഗ്രഹിക്കട്ടെ ....


പലിശയുടെ ഗൗരവം മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്കുകളില്‍ പോകാവുന്നതാണ്:

1- പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം !.