Tuesday, May 31, 2016

ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?.



ചോദ്യം: ആസ്ത്മയുടെ അസുഖമുള്ളവര്‍ റമളാനില്‍ പകല്‍ സമയത്ത് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?. 

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛

  ആമുഖമായി ഇന്‍ഹേലറിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നത് അതിന്‍റെ മതവിധി മനസ്സിലാക്കാന്‍ കൂടുതല്‍ ഉചിതമായിരിക്കും.   ശ്വാസകോശത്തില്‍ അനുഭവപ്പെടുന്ന പിരിമുറുക്കം മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍, ശ്വാസകോശത്തിലെ വായുസഞ്ചാരത്തിന്  വിശാലത ഉണ്ടാക്കുവാനും അതുവഴി ശ്വാസതടസ്സത്തില്‍ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താനുമാണ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത്. ശ്വാസകോശത്തിലെ വായുസഞ്ചാര ധമനികളെ തുറപ്പിക്കുന്ന വ്യത്യസ്ഥ തരത്തിലുള്ള മരുന്നുകള്‍ ഇന്‍ഹേലറില്‍ ഉപയോഗിക്കാറുണ്ട്. മറ്റേത് മരുന്നുകളെക്കാളും പെട്ടെന്ന് ശ്വാസകോശത്തിലെ കുഴലുകളിലേക്ക് കടന്നുചെന്ന് അവയെ വായുസഞ്ചാരത്തിന് ഉതകും വിതം വിശാലമാക്കാന്‍ ഇന്‍ഹേലറുകള്‍ക്ക് സാധിക്കുന്നു. ശ്വാസത്തോടൊപ്പം മരുന്ന് കൂടി ശ്വാസകോശത്തിലേക്ക് എടുക്കുകയാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്. 

ഇത് ഒരിക്കലും തന്നെ ശരീരത്തില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് പകരമാകുന്നില്ല. മാത്രമല്ല ആമാശയത്തിലേക്ക് അതിന്‍റെ കണികകള്‍ എത്തുന്നുമില്ല. മറിച്ച് നേരിട്ട് ശ്വാസകോശത്തിലേക്ക് മാത്രമാണ് ഇന്‍ഹേലര്‍ വഴി എടുക്കുന്ന മെഡിസിന്‍ പോകുന്നത്. സുഗന്ധമോ മറ്റോ ശ്വസിക്കുന്നത് പോലുള്ള പ്രവര്‍ത്തനമേ ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോഴും നടക്കുന്നുള്ളൂ. അതിനാല്‍ത്തന്നെ അത് നോമ്പ് മുറിക്കുകയില്ല എന്നതാണ് കര്‍മശാസ്ത്ര പണ്ഡിതന്മാരും പണ്ഡിതസഭകളും ഈ വിഷയത്തില്‍ എത്തിയിട്ടുള്ള തീരുമാനം. 

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം:

دواء الربو الذي يستعمله المريض استنشاقاً يصل إلى الرئتين عن طريق القصبة الهوائية لا إلى المعدة ، فليس أكلاً ولا شرباً ولا شبيهاً بهما . . . والذي يظهر عدم الفطر باستعمال هذا الدواء

" ഇന്‍ഹേലര്‍ ഉപയോഗിച്ച് ശ്വസനത്തിലൂടെ ആസ്ത്മയുടെ രോഗികള്‍  ഉള്ളിലേക്കെടുക്കുന്നതായ ശ്വാസകോശത്തിലേക്കെത്തുന്ന, ആമാശയാത്തിലേക്കെത്താത്ത മരുന്ന് ഭക്ഷണമോ, പാനീയമോ അല്ല, അവയോട് സാദൃശ്യമുള്ളതായി കണക്കാക്കാനും സാധിക്കില്ല. ഈ മരുന്ന് ഉപയോഗിക്കുക വഴി നോമ്പ് മുറിയില്ല എന്നതാണ് പ്രകടമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്." - [ഫതാവ ഇസ്‌ലാമിയ: 1/130].

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല പറയുന്നു: 

وبخاخ الربو لا يفطّر لأنه غاز مضغوط يذهب إلى الرئة وليس بطعام  .

"ആസ്ത്മക്കുള്ള ഇന്‍ഹേലര്‍ നോമ്പ് മുറിക്കുകയില്ല. കാരണം അത് ശ്വാസകോശത്തിലേക്ക് രൂപത്തില്‍ വായു രൂപത്തില്‍ കമ്പ്രെസ്സ് ചെയ്യപ്പെട്ട മരുന്നാണ്. അത് ഭക്ഷണ ഗണത്തില്‍ പെടില്ല". - [ഫതാവ ദഅവ : ഇബ്നു ബാസ്: 979]. 

അതുപോലെ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല പറയുന്നു: 

هذا البخاخ يتبخر ولا يصل إلى المعدة ، فحينئذٍ نقول : لا بأس أن تستعمل هذا البخاخ وأنت صائم ، ولا تفطر بذلك

" ഇന്‍ഹേലര്‍ വഴി എടുക്കുന്ന മെഡിസിന്‍ ആവിയായി ശ്വാസത്തില്‍ ലയിച്ചു പോകുന്നു. അത് ആമാശയാത്തിലേക്കെത്തുന്നില്ല. അതുകൊണ്ടുതന്നെ നാം പറയുന്നു: നീ നോമ്പുകാരനായിരിക്കെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അതുകൊണ്ട് നിന്‍റെ നോമ്പ് മുറിയുകയില്ല." - [ഫതാവ അര്‍കാനുല്‍ ഇസ്‌ലാം : പേജ്: 475]. 

എന്നാല്‍ ആസ്തമക്കുള്ള ഗുളിക കഴിക്കുക വഴി നോമ്പ് മുറിയും. കാരണം അത് അന്നനാളത്തിലൂടെ ആമാശയാത്തിലേക്ക് എത്തുന്നതും ഭക്ഷണത്തെപ്പോലെ ഘരരൂപത്തില്‍ ഉള്ളതുമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ ...

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ