[സ്നേഹം നിറഞ്ഞ പഠിതാക്കളെ.. ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനലിൽ ആരംഭിച്ച ശൈഖ് അൽബാനി (റ) യുടെ أحكام الجنائز وبدعها (അഹകാമുൽ ജനാഇസ്) എന്ന ഗ്രന്ഥത്തിൻ്റെ ഓരോ എപ്പിസോഡിലും എടുക്കുന്ന പാഠഭാഗങ്ങളുടെ മലയാള വിവർത്തനം ആണ് താഴെ നൽകിയിരിക്കുന്നത്].
അദ്ധ്യായം ഒന്ന് (ഭാഗം 2):
ما يجب على المريض
രോഗി പാലിക്കേണ്ട കാര്യങ്ങള്‍:
[ഈ പാഠഭാഗത്തിൻ്റെ വീഡിയോ ക്ലാസ് ലഭിക്കാൻ : https://youtu.be/-rzUMCxapJo].
فقد قال صلى الله عليه وسلم: " من كانت عنده مظلمة لاخيه من عرضه أو ماله، فليؤدها إليه، قبل أن يأتي يوم القيامة لا يقبل فيه دينار ولا درهم " إن كان له عمل صالح أخذ منه، وأعطي صاحبه، وإن لم يكن له عمل صالح، أخذ من سيئات صاحبه فحملت عليه ".
നബി (സ) പറഞ്ഞു: "ഏതെങ്കിലും ഒരാളുടെ പക്കൽ തൻ്റെ സഹോദരൻ്റെ അഭിമാനത്തിനോടോ ധനത്തോടോ താൻ ചെയ്തുപോയ വല്ല അതിക്രമവും, തിരികെ നൽകാനായുണ്ടെങ്കിൽ ദീനാറോ ദിർഹമോ സ്വീകരിക്കപ്പെടാത്ത അന്ത്യദിനം വന്നെത്തുന്നതിന് മുൻപായി അവൻ അത് തിരികെ നൽകിക്കൊള്ളട്ടെ. അന്ത്യദിനത്തിൽ അവന് വല്ല നന്മകളും ഉണ്ടെങ്കിൽ അത് തൻ്റെ സഹോദരന് നല്കിക്കൊണ്ടായിരിക്കും ആ കടം വീട്ടപ്പെടുക. ഇനി അവന് സൽക്കർമ്മങ്ങൾ ഇല്ലെങ്കിൽ തൻ്റെ സഹോദരൻ്റെ പാപങ്ങൾ എടുത്ത് അവൻ്റെ മേൽ ചുമത്തപ്പെടുകയും ചെയ്യും" - [أخرجه البخاري والبيهقي: 3/369].
وقال صلى الله عليه وسلم: " أتدرون ما المفلس؟ قالوا: المفلس فينا من لا دراهم له ولا متاع، فقال: إن المفلس من أمتي يأتي يوم القيامة بصلاة وصيام وز كاة، ويأتي قد شتم هذا، وقذف هذا، وأكل مال هذا، وسفك دم هذا، وضرب هذا، فيعطى هذا من حسناته، وهذا من حسناته، فإن فنيت حسناته قبل أن يقضى ما عليه أخذ من خطاياهم فطرحت عليه، ثم طرح في النار ".
അതുപോലെ അല്ലാഹുവിൻ്റെ റസൂൽ (സ) ചോദിച്ചു: "മുഫ്‌ലിസ് (പാപ്പരായവർ) എന്നാൽ ആരെന്ന് നിങ്ങൾക്ക് അറിയുമോ ?. സ്വഹാബാക്കൾ പറഞ്ഞു: ഞങ്ങളുടെ കൂട്ടത്തിൽ സ്വർണ്ണ നാണയമോ വെള്ളിവനാണയമോ കൈവശമില്ലാത്ത ആളുകളെയാണ് ഞങ്ങൾ മുഫ്‌ലിസ് എന്ന് വിളിക്കാറുള്ളത്. അപ്പോൾ റസൂൽ (സ) പറഞ്ഞു: എന്നാൽ യഥാർത്ഥത്തിൽ പാപ്പരായവർ എന്നാൽ, എൻ്റെ ഉമ്മത്തിൽ നിന്നും അന്ത്യദിനത്തിൽ നമസ്‌കാരവും നോമ്പും സകാത്തും ഒക്കെയായി വരുന്ന ചില ആളുകളുണ്ട്. പക്ഷെ അവൻ ഇന്നയാളെ ചീത്ത വിളിച്ചിട്ടുണ്ടാകും, ഇന്നയാളെക്കുറിച്ച് അപവാദം പറഞ്ഞിട്ടുണ്ടാകും. ഇന്നയാളുടെ ധനം അന്യായമായി തിന്നിട്ടുണ്ടാകും. ഇന്നയാളുടെ രക്തം ചിന്തിയിട്ടുണ്ടാകും, ഇന്നയാളെ മർദ്ധിച്ചിട്ടുണ്ടാകും, അങ്ങനെ അവൻ ചെയ്തുകൂട്ടിയ നന്മകൾ ഇന്നയാൾക്കും ഇന്നയാൾക്കുമൊക്കെ വീതം വെക്കപ്പെടും. ഇനി അവൻ്റെ മേലുള്ള കുറ്റങ്ങൾ തീർന്നുപോകുന്നതിന് മുൻപ് അവൻ്റെ നന്മകൾ തീർന്നുപോയാൽ, അവരുടെ പാപങ്ങളിൽ നിന്നും എടുത്ത് അവൻ്റെ മേൽ ചുമത്തപ്പെടും. അങ്ങനെ അവൻ നരഗാഗ്നിയിൽ എറിയപ്പെടും". - [رواه مسلم: 8/18].
وقال صلى الله عليه وسلم أيضا: " من مات وعليه دين، فليس ثم دينار ولا درهم، ولكنها الحسنات والسيئات ".
അതുപോലെ അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: "ഒരാൾ കടക്കാരനായി മരണപ്പെട്ടാൽ, പിന്നെ ആ കടം ദീനാറോ ദിർഹമോ ആയിരിക്കില്ല. മറിച്ച് സൽക്കർമ്മങ്ങളും തിന്മകളും ആയിരിക്കും" - [أخرجه الحاكم :2 / 27].
(വിവർത്തകക്കുറിപ്പ്: അഥവാ ആ കടം പിന്നെ വീട്ടപ്പെടുന്നത് കർമ്മങ്ങൾ പരസ്‌പരം പങ്കുവെക്കപ്പെട്ടുകൊണ്ടായിരിക്കും. ആർക്കാണോ കടം നൽകാനുള്ളത് അയാൾക്ക് തൻ്റെ നന്മകൾ നൽകപ്പെടും എന്നർത്ഥം. മറ്റൊരാളുടെ ധനം കടം വാങ്ങിക്കുകയും അത് തിരികെ നൽകാൻ മനസ് വെക്കാതിരിക്കുകയും പരിശ്രമിക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾക്ക് വലിയ താക്കീതാണിത്).
ورواه الطبراني في الكبير بلفظ: " الدين دينان، فمن مات وهو ينوي قضاءه فأنا وليه، ومن مات وهو لا ينوي قضاءه، فذاك الذي يؤخذ من حسناته، ليس يومئذ دينار ولا درهم
ഈ ഹദീസിൻ്റെ ഇമാം ത്വബ്റാനി ഉദ്ദരിച്ച റിപ്പോർട്ടിൽ ഇപ്രകാരം കാണാം: നബി (സ) പറഞ്ഞു: " കടം രണ്ടുവിധമാണ്. തിരിച്ചുവീട്ടാൻ അതിയായി ആഗ്രഹിക്കുന്നവനായിരിക്കെയാണ് ഒരാൾ കടക്കാരനായി മരണപ്പെടുന്നതെങ്കിൽ അവൻ്റെ കടം ഞാൻ ഏറ്റെടുത്തിരിക്കുന്നു. എന്നാൽ തിരികെ വീട്ടാൻ ഉദ്ദേശിക്കാതെയാണ് ഒരാൾ മരണപ്പെടുന്നത് എങ്കിൽ അവൻ്റെ നന്മയിൽ നിന്നാണ് (ആ കടം) എടുക്കപ്പെടുന്നത്. അന്നേ ദിവസം ദീനാറോ ദിർഹമോ ആയിരിക്കില്ല".
(വിവർത്തകക്കുറിപ്പ്: മറ്റൊരു ഹദീസിൽ ഒരാൾ കടം വാങ്ങിയത് തിരികെ നൽകണം എന്ന ഉദ്ദേശത്തോടെയാണ് എങ്കിൽ അല്ലാഹു ഒന്നുകിൽ ആ കടം വീട്ടാൻ ഒരു വഴിയുണ്ടാക്കും, അല്ലെങ്കിൽ ആർക്കാണോ കടം നൽകാനുള്ളത് അയാളുടെ മനസ്സിൽ അത് വിട്ടുകൊടുക്കാനുള്ള തൃപ്തിയും പൊരുത്തവും വിട്ടുകൊടുക്കും എന്ന് കാണാം. കടം തിരികെ കൊടുക്കാൻ സത്യസന്ധമായി ആഗ്രഹിക്കുക എന്നതിൻ്റെ ഭാഗമാണ് അത് വൈകിപ്പിക്കാതിരിക്കുക, പരിശ്രമിക്കുക, അത് എഴുതി വെക്കുക തുടങ്ങിയ കാര്യങ്ങൾ).
وقال جابر بن عبد الله رضي الله عنهما: " لما حضر أحد، دعاني أبي من الليل، فقال: ما أراني إلا مقتولا في أول من يقتل من أصحاب صلى الله عليه وسلم، وإني لا أترك بعدي أعز على منك غير نفس رسول الله صلى الله عليه وسلم، وإن على دينا فاقض، واستوص باخوتك خيرا، فأصبحنا، فكان أول قتيل.
അതുപോലെ ജാബിർ (റ) പറയുന്നു: ഉഹുദ് യുദ്ധം സമാഗതമായ രാത്രിയിൽ, ബാപ്പ എന്നെ അരികിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലിൻ്റെ സ്വഹാബാക്കളിൽ ആദ്യം വധിക്കപ്പെടുന്നവരിൽഞാനും വധിക്കപ്പെടും എന്നല്ലാതെ ഞാൻ കരുതുന്നില്ല. ഞാൻ വിട്ടേച്ച് പോകുന്നവരിൽ നിന്നെക്കാൾ എനിക്ക് പ്രിയപ്പെട്ടവരായി അല്ലാഹുവിൻ്റെ റസൂലല്ലാതെ മറ്റൊരാളുമില്ല. എനിക്ക് കുറച്ച് കടമുണ്ട്. അത് നീ വീട്ടണം. നിൻ്റെ സഹോദരങ്ങളോട് നീ നല്ല രൂപത്തിൽ കഴിയണം. അങ്ങനെ നേരം പുലർന്നപ്പോൾ അദ്ദേഹം ആദ്യം കൊല്ലപ്പെട്ടവരിൽ ഒരാളായിരുന്നു". - [أخرجه البخاري ].
(വിവർത്തകക്കുറിപ്പ്: ഇവിടെ തൻ്റെ കടങ്ങൾ മകനോട് അബ്ദുല്ല (റ) പ്രത്യേകം പറഞ്ഞേൽപ്പിച്ചതും മറ്റു നല്ല കാര്യങ്ങൾ വസ്വിയ്യത്ത് ചെയ്തതും കാണാം. ഈ ഹദീസിൻ്റെ പൂർണരൂപത്തിൽ ആ കടങ്ങൾ വീട്ടാൻ പ്രയാസപ്പെട്ടാൽ നീ എൻ്റെ യജമാനനോട് സഹായം ചോദിച്ചുകൊള്ളുക, ആരാണ് താങ്കളുടെ യജമാനൻ എന്ന് ജാബിർ (റ) പിതാവ് അബ്ദുല്ല (റ) വിനോട് ചോദിച്ചപ്പോൾ, അല്ലാഹുവാണ് എൻ്റെ യജമാനൻ നീ അവനോടു സഹായം ചോദിക്കുക, അവൻ നിന്നെ സഹായിക്കും എന്നും പറഞ്ഞത് കാണാം. ശേഷം കടം വീട്ടാനായി പ്രയാസപ്പെട്ടപ്പോഴൊക്കെ താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അല്ലാഹു എളുപ്പമാക്കിത്തരുകയും ചെയ്തു എന്ന് ഹദീസിൽ കാണാം).
തുടരും...
വിവർത്തനം: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
(അദ്ധ്യായം ഒന്നിൻ്റെ - ഭാഗം ഒന്ന് - പാഠഭാഗം ലഭിക്കാൻ ഈ ലിങ്കിൽ പോകുക: https://www.fiqhussunna.com/2020/06/episode-1-i-1-3.html )
(ഭാഗം ഒന്ന് വീഡിയോ കാണാൻ: https://youtu.be/ilhaAyZYzaY)