www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
ഇടനിലക്കാരൻ അഥവാ വിൽക്കുന്നയാളുടെയും വാങ്ങിക്കുന്നയാളുടെയും ഇടയിൽ പരസ്പരം അവരെ മുട്ടിച്ച് കൊടുക്കുകയും, സത്യസന്ധമായ നിലക്ക് അതിന് ബ്രോക്കറേജ് കൈപ്പറ്റുകയും ചെയ്യുക എന്നുള്ളത് അനുവദനീയമാണ്. ദല്ലാൽ , സിംസാർ എന്നെല്ലാമാണ് അറബിയിൽ ഇടനിലക്കാരന് പറയുക. ഒരുപക്ഷെ വാങ്ങിക്കുന്ന വ്യക്തിക്ക് ആ വിഷയവുമായി ബന്ധപ്പെട്ട് അത്ര പരിജ്ഞാനമില്ലാത്തതുകൊണ്ടോ, തനിക്ക് ആവശ്യമുള്ള വസ്തു കണ്ടെത്താൻ പ്രയാസമുള്ളത് കൊണ്ടോ, അതുപോലെത്തന്നെ വിൽക്കുന്ന വ്യക്തിക്ക് ആവശ്യക്കാരെ കണ്ടെത്താൻ വേണ്ടിയോ ഒക്കെ ഇത്തരത്തിൽ ഇടനിലക്കാരെ ആവശ്യമായി വരാറുണ്ട്.
ഇമാം ബുഖാരി തൻ്റെ സ്വഹീഹിൽ باب أجر السمسرة അഥവാ (ബ്രോക്കറേജ് വരുമാനം) എന്നൊരു ബാബ് തന്നെ കൊടുത്തിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നു:
وَلَمْ يَرَ ابْنُ سِيرِينَ وَعَطَاءٌ وَإِبْرَاهِيمُ وَالْحَسَنُ بِأَجْرِ السِّمْسَارِ بَأْسًا .
ഇമാം ഇബ്നു സീരീനോ , അത്വാഓ , ഇബ്‌റാഹീമോ , ഹസനോ ഇടനിലക്കാരന് ലഭിക്കുന്ന പ്രതിഫലത്തിന് യാതൊരു തെറ്റും കണ്ടിരുന്നില്ല. - [صحيح البخاري: 3/92].
പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സുപ്രധാന കാര്യം വില്പന നടക്കാനായി കളവുകൾ പറയുകയോ, വഞ്ചന നടത്തുകയോ ചെയ്യുന്ന പക്ഷം ആ ധനം അനുവദനീയമാകുകയില്ല എന്നത് പറയേണ്ടതില്ലല്ലോ. അതുപോലെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തു കേവലം ടോക്കൺ കൊടുത്ത് മറിച്ച് വിൽക്കുക എന്നതും അനുവദനീയമല്ല. ആ സ്ഥലം തൻ്റെ ഉടമസ്ഥതയിലേക്ക് വന്നാൽ മാത്രമേ അത് മറിച്ച് വിൽക്കാൻ അനുവാദമുള്ളൂ. ഉടമസ്ഥതയിലേക്ക് വരുക എന്ന് പറയുമ്പോൾ അത് തനിക്കായി ഒഴിഞ്ഞു തരികയും തനിക്ക് ഇഷ്ടമുള്ളത് അവിടെ ചെയ്യാൻ അനുവാദം ഉണ്ടാകുകയും ചെയ്യുക എന്നർത്ഥം.
ഇന്ന് ധാരാളമായി കാണുന്ന, കേവലം ഒരു ടോക്കൺ കൊടുത്ത് വില്‌പന ബ്ലോക്ക് ചെയ്യുകയും ശേഷം വലിയ വിലക്ക് ആളെ കണ്ടെത്തി മറിച്ച് വിൽക്കുകയും ചെയ്യുന്നത് ഇസ്‌ലാമികമല്ല. തൻ്റെ ഉടമസ്ഥതയിലില്ലാത്തത് തൻ്റേതാണ് എന്ന രൂപത്തിൽ കച്ചവടം ചെയ്യരുത് എന്ന് നബി (സ) കല്പിച്ചിട്ടുണ്ട്.
ഇനി ഉടമസ്ഥൻ്റെ അറിവോടെ ആളെ കണ്ടെത്തുകയും ആ നിലക്ക് കമ്മീഷൻ കൈപ്പറ്റുകയുമാണ് എങ്കിൽ അത് നേരത്തെ സൂചിപ്പിച്ച പോലെ അനുവദനീയമാണ്. അതുപോലെ എനിക്ക് ഇത്ര വില കിട്ടണം കൂടുതൽ എത്ര വില കിട്ടിയാലും നീ എടുത്തോ എന്ന രൂപത്തിൽ ഉടമസ്ഥൻ വിൽക്കാൻ അനുവാദം നൽകിയാലും അതിൽ തെറ്റില്ല.

قَالَ ابْنُ عَبَّاسٍ : لا بَأْسَ أَنْ يَقُولَ : بِعْ هَذَا الثَّوْبَ فَمَا زَادَ عَلَى كَذَا وَكَذَا فَهُوَ لَكَ
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: "നീ ഈ വസ്ത്രം വിറ്റോ, ഇത്രയിത്ര വിലയിൽ കൂടുതൽ കിട്ടിയാൽ നീ എടുത്തോ എന്ന് പറയുന്നതിൽ തെറ്റില്ല" - [صحيح البخاري: 3/92].
പക്ഷെ അവിടെ അതിനായി ആ വസ്തുവിൻ്റെ ഉടമസ്ഥൻ ടോക്കൺ വാങ്ങിക്കുന്നത് അനുവദനീയമല്ല. അതുപോലെ നേരത്തെ സൂചിപ്പിച്ച പോലെ ടോക്കൺ നൽകി ആ വസ്തു മറിച്ച് വിൽക്കുന്നതും അനുവദനീയമല്ല.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം കമ്മീഷൻ നൽകുമെന്നതും, എത്ര എന്നതും പരസ്‌പരം ധാരണയുണ്ടായിരിക്കണം എന്നതാണ്. കാരണം അല്ലാത്ത പക്ഷം ആളുകൾക്കിടയിൽ തർക്കങ്ങൾ ഉടലെടുക്കും. ഇനി കമ്മീഷൻ ഉണ്ടാകും എന്ന ധാരണയുണ്ടായിരുന്നു പക്ഷെ അത് എത്രയാണ് എന്ന് നിർണയിച്ചിരുന്നില്ല എങ്കിൽ അവിടെ നാട്ടുനടപ്പനുസരിച്ചുള്ള തുകയാണ് കമ്മീഷനായി കണക്കാക്കുക.
അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ .. അല്ലാഹു അനുഗ്രഹിക്കട്ടെ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ