Wednesday, July 15, 2020

ഉളുഹിയത്തിൽ ഉപ്പക്കും മകനും കൂടി ഒരു ഷെയർ കൂടാമോ ?.



ചോദ്യം:
ഉളുഹിയ്യത്ത് ഷയര്‍ കൂടുന്ന സമയത്ത് ഒരു കുടുംബത്തിലെ ഉപ്പാക്കും,മകനും കൂടി 
ഒരു ഷയര്‍ കുടാന്‍ പറ്റുമോ ?. 

www.fiqhussunna.com


ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ആടിനെയാണ് അറുക്കുന്നതെങ്കിൽ ഒരാൾ സ്വന്തമായി അറുക്കണം. തനിക്കും തൻ്റെ കുടുംബത്തിനും എന്ന നിലക്ക് ഒരാൾക്ക് ഒരാടിനെ അറുക്കാം. എന്നാൽ ഉള്ഹിയ്യത്ത് ബാധ്യത നിറവേറാനായി ഒരാടിൽ ഒന്നിലധികം പേർ പണം നൽകി പങ്കാളികളായി അറുക്കാൻ പറ്റില്ല എന്നർത്ഥം.

ഒട്ടകമോ, മാടുകളോ ആണെങ്കിൽ ഏഴ് പേർക്ക് വരെ പങ്കാളികളായി അറുക്കാം. ഏഴ് പേരിൽ കൂടുതൽ ഷെയറുകൾ ഒരു ഉരുവിൽ പാടില്ല. അതുകൊണ്ടുതന്നെ ഒരാളുടെ പങ്കു ഉരുവിൻ്റെ വിലയുടെ ഏഴിലൊന്നിൽ  താഴെയാകാൻ പാടില്ല. എന്നാൽ ഷെയറുകൾ തമ്മിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിന് കുഴപ്പമില്ല. 

ഇവിടെ നാം മനസ്സിലാക്കേണ്ടത് ഒരാൾക്ക് ഒറ്റക്ക് ഒരാടിനെ അറുക്കാനോ, അതല്ലെങ്കിൽ മാടുകളിൽ ഒരു ഷെയറിനുള്ള പണം നൽകാനോ കൈവശം ഇല്ലയെങ്കിൽ അയാൾ ഉളുഹിയ്യത്ത് അറുക്കേണ്ടതില്ല. من وجد سعة അഥവാ  ഉളുഹിയ്യത്ത് അറുക്കാനുള്ള സമ്പാദ്യം കൈവശമുള്ള വ്യക്തിക്കാണ് അത് ബാധകമാകുന്നത്. അത് കൈവശമുള്ളവരാകട്ടെ, ഒരു ഷെയറിൽ രണ്ടുപേർ പങ്കാളികളാകുകയോ, അതുപോലെ ഷെയർ തന്നെ അനുവദനീയമല്ലാത്ത ഒരാൾ ഒറ്റക്ക് അറുക്കേണ്ട ആടിൽ പരസ്പരം ഷെയർ കൂടുകയോ ചെയ്യുന്നത് അനുവദനീയമല്ല. 

വീട്ടിൽ ഒരുമിച്ച് താമസിക്കുന്നവർ ആണെങ്കിൽ എല്ലാവർക്കും വേണ്ടി വീട്ടിലെ ഒരാൾ അറുത്താൽ മതി എന്ന് പ്രമാണങ്ങളിൽ വന്നിട്ടുണ്ട്. എന്നാൽ കഴിവുള്ളവർ ഒക്കെ അറുക്കുകയാണ് എങ്കിൽ അതാണ് ശ്രേഷ്ഠം എന്ന് പറയേണ്ടതില്ലല്ലോ. 

ഇവിടെ നാം മനസ്സിലാക്കേണ്ട ഒരുകാര്യമാണ് ഒരു ബലിമൃഗത്തിൽ പങ്കാളികളാവുക എന്നത് രണ്ട് വിധമാണ്. ഒന്ന് الإشتراك في الأجر അഥവാ അതിൻ്റെ പ്രതിഫലത്തിൽ പങ്കാളികളാവുക എന്നത്. അറുക്കുന്ന വ്യക്തി ഉദ്ദേശിക്കുന്നവരെ അതിൽ പ്രതിഫലത്തിൽ പങ്കാളികളാക്കാം. ഉദാഹരണത്തിന് നബി (സ) ഉള്ഹിയത്ത് അറുത്തപ്പോൾ "അളളാഹുവേ മുഹമ്മദിൽ നിന്നും മുഹമ്മദിൻ്റെ കുടുംബത്തിൽ നിന്നും" എന്ന് പറഞ്ഞുകൊണ്ട് അറുത്തത് ഹദീസുകളിൽ കാണാം. രണ്ടാമത്തെ പങ്കാളിത്തം الإشتراك في الملك ബലി മൃഗത്തിൻ്റെ ഉടമസ്ഥതയിൽ പങ്കാളികളാവുക എന്നതാണ്. അത് ആടുകളിൽ അനുവദനീയമല്ല. മാടുകളിലോ ഒട്ടകത്തിലോ നേരത്തെ സൂചിപ്പിച്ചപോലെ ഏഴ് ഷെയർ വരെ ആകാവുന്നതാണ്. 

ഇനി താങ്കൾ ചോദിച്ചത് പിതാവിൻ്റെ കയ്യിലുള്ള പണം ഒരു ഉളുഹിയ്യത്ത് മൃഗത്തിനോ, ഷെയറിനോ തികയുന്നില്ല എങ്കിൽ , ബാക്കി ആവശ്യമായ തുക പിതാവിന് മകൻ നൽകുകയും അങ്ങനെ പിതാവ് ആ തുക കൊണ്ട് ബലി മൃഗത്തെ വാങ്ങുകയോ, ഷെയർ കൂടുകയോ ചെയ്യുകയാണ് എങ്കിൽ അതിൽ തെറ്റില്ല. അവിടെ ആ പിതാവിന് മകൻ പണം ഹദിയ്യയായി നൽകി എന്ന് മാത്രം. മകൻ തനിക്ക് ഹാദിയ്യയായി നൽകിയ പണം കൊണ്ട് പിതാവ് ഉരുവിനെ വാങ്ങി അറുക്കുന്നു എന്നതിൽ തെറ്റില്ല. അത് ഷെയറായി പരിഗണിക്കുകയില്ല. അഥവാ ആ മകൻ സ്വന്തം തന്നെ അറുക്കാൻ കഴിവുള്ളവനാണ് എങ്കിൽ ഉപ്പാക്ക് ആ പണം നൽകിയത് കൊണ്ട് തൻ്റെ ബലികർമ്മമായി അത് മാറുന്നില്ല, ശറഇയ്യായ ബലികർമ്മമെന്ന തൻ്റെ ഉത്തരവാദിത്വം നിറവേറുന്നുമില്ല എന്നർത്ഥം. അത് ഉപ്പക്ക് നൽകിയ ഒരു ഹദിയ മാത്രമായാണ് പരിഗണിക്കപ്പെടുക. 

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.. 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ