Wednesday, March 18, 2020

നാസിലത്തിന്‍റെ ഖുനൂത്തില്‍ കൈകള്‍ ഉയര്‍ത്തേണ്ടതെങ്ങനെ ?.




ചോദ്യം: നാസിലത്തിന്‍റെ ഖുനൂത്തില്‍ കൈകള്‍ ഉയര്‍ത്തേണ്ടതെങ്ങനെ ?. കമഴ്ത്തിയാണോ, അതല്ല ഉള്‍ഭാഗം മുകളിലേക്ക് വരും വിധം സാധാരണത്തെപ്പോലെ തുറന്ന് പിടിച്ചാണോ ദുആ ചെയ്യേണ്ടത് ?. നമസ്കാരത്തില്‍ എവിടെയാണ് നാസിലത്തിന്‍റെ ഖുനൂത്തിന്‍റെ സ്ഥാനം ?.
 
www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കാന്‍ ചില ഇസ്ലാമിക രാജ്യങ്ങളിലെ മതകാര്യവകുപ്പുകള്‍ നിര്‍ദേശം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു ചോദ്യം ആളുകള്‍ക്കിടയില്‍ ഉയര്‍ന്നുവന്നത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുമ്പോള്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കുന്നതുമായി ബന്ധപ്പെട്ട് പണ്ഡിതലോകത്ത് നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചയും മറ്റൊരു ലേഖനത്തില്‍ നാം പ്രതിപാദിച്ചിട്ടുണ്ട്. ഈ ലേഖനം വായിക്കുന്നതിന് മുന്‍പ് ആ ലേഖനം വായിക്കുന്നത് വളരെ നന്നായിരിക്കും. ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (നാസിലത്തിന്‍റെ ഖുനൂത്തും പകര്‍ച്ച വ്യാധിയും. https://www.fiqhussunna.com/2020/03/blog-post_10.html).
 ഇനി നമ്മുടെ ചോദ്യത്തിലേക്ക് വരാം. കയ്യിന്‍റെ പുറം ഭാഗം മുകളിലേക്ക് വരും വിധം കൈകള്‍ കമഴ്ത്തിപ്പിടിച്ചാണോ, അതല്ല സാധാരണ ദുആ ചെയ്യുന്നപോലെ തുറന്നു പിടിച്ചാണോ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കേണ്ടത് എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുള്ള ഒരു വിഷയമാണ്. രണ്ട് ഹദീസുകളാണ് ഈ വിഷയത്തിലെ ചര്‍ച്ചക്ക് ആധാരം. രണ്ട് രൂപത്തില്‍ നിര്‍വഹിച്ചാലും അതില്‍ തെറ്റില്ല എന്നത് ആദ്യമേ സൂചിപ്പിക്കട്ടെ. എന്നാല്‍ കൈ തുറന്ന് പിടിച്ച് സാധാരണത്തെപ്പോലെത്തന്നെ പ്രാര്‍ഥിക്കുക എന്നതാണ് ഈയുള്ളവന് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിച്ചത്. തര്‍ക്കത്തിനോ ഭിന്നതക്കോ കാരണമാകേണ്ട ഒരു വിഷയമേ അല്ല ഇത്. എന്നാല്‍ അറിയാനും മനസ്സിലാക്കാനുമെന്നോണം ഈ വിഷയത്തില്‍ വന്ന ഹദീസുകളും ഇമാമീങ്ങളുടെ അഭിപ്രായങ്ങളും ഹ്രസ്വമായി നമുക്ക് ചര്‍ച്ച ചെയ്യാം: 

ഒന്നാമത്തെ ഹദീസ്:

عَنْ مَالِكِ بْنِ يَسَارٍ السَّكُونِيِّ رضي الله عنه، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ( إِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ بِبُطُونِ أَكُفِّكُمْ، وَلَا تَسْأَلُوهُ بِظُهُورِهَا ) - (رواه أبو داود : 1486 وصححه الألباني). 

മാലിക് ബ്ന്‍ യസാര്‍ നിവേദനം: റസൂലുല്ലാഹി (സ) ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന്നപക്ഷം നിങ്ങളുടെ ഉള്ളം കൈകള്‍ കൊണ്ട് ചോദിക്കുക. നിങ്ങളുടെ കയ്യിന്‍റെ പുറം ഭാഗങ്ങള്‍ കൊണ്ട് അവനോട് നിങ്ങള്‍ ചോദിക്കരുത്" - [അബൂ ദാവൂദ്: 1486, അല്‍ബാനി: സ്വഹീഹ്]. 

ഹദീസില്‍ ദുആ ചെയ്യുമ്പോള്‍ കൈകള്‍ തുറന്നു പിടിക്കണമെന്നും  കൂപ്പുകൈ കാണിച്ചോ, കൈ കമഴ്ത്തി വെച്ചോ ദുആ ചെയ്യരുത് എന്നും ദുആഇന്‍റെ ഒരു പൊതു മര്യാദയായി നബി (സ) പഠിപ്പിക്കുന്നുണ്ട്. സാധാരണത്തെപ്പോലെ കൈകള്‍ തുറന്നുപിടിച്ചാണ് നാസിലത്താകട്ടെ കൈകള്‍ ഉയര്‍ത്തുന്ന മറ്റേത് സന്ദര്‍ഭങ്ങളാകട്ടെ ദുആ ചെയ്യേണ്ടത് എന്ന് പറഞ്ഞവരുടെ പ്രമാണം ഈ ഹദീസ് ആണ്. 

രണ്ടാമത്തെ ഹദീസ്: 

عَنْ أَنَسِ بْنِ مَالِكٍ: " أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَسْقَى، فَأَشَارَ بِظَهْرِ كَفَّيْهِ إِلَى السَّمَاءِ " - (رواه مسلم: 895). 

 അനസ് ബ്ന്‍ മാലിക് (റ) നിവേദനം: "നബി (സ) മഴക്ക് വേണ്ടി പ്രാര്‍ഥിച്ചു. അപ്പോള്‍ അദ്ദേഹത്തിന്‍റെ കയ്യിന്‍റെ പുറം ഭാഗം ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു". - (സ്വഹീഹ് മുസ്‌ലിം: 895).

ആളുകള്‍ക്ക് വരള്‍ച്ച അതുപോലെ ഉണ്ടാകുന്ന മറ്റു പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം ഉണ്ടാകുമ്പോള്‍  കൈ കമഴ്ത്തിപ്പിടിച്ച് കയ്യിന്‍റെ പുറം ഭാഗം മേലോട്ട് വരും വിധം ഉയര്‍ത്തിയാണ് പ്രാര്‍ഥിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ടവര്‍ തെളിവാക്കിയത് ഈ ഹദീസുമാണ്.
 
ഇമാം നവവി പറയുന്നു: 

" قَالَ جَمَاعَةٌ مِنْ أَصْحَابِنَا وَغَيْرُهُمْ: السُّنَّةُ فِي كُلِّ دُعَاءٍ لِرَفْعِ بَلَاءٍ ، كَالْقَحْطِ وَنَحْوِهِ ، أَنْ يَرْفَعَ يَدَيْهِ وَيَجْعَلَ ظَهْرَ كَفَّيْهِ إِلَى السَّمَاءِ، وَإِذَا دَعَا لِسُؤَالِ شَيْءٍ وَتَحْصِيلِهِ ، جَعَلَ بَطْنَ كَفَّيْهِ إلى السماء "

"നമ്മുടെ പണ്ഡിതന്മാരില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്: "വരള്‍ച്ച പോലുള്ള  പരീക്ഷണങ്ങള്‍ ഉയര്‍ത്തപ്പെടുവാന്‍ വേണ്ടിയുള്ള ദുആകളില്‍ കൈകള്‍ ഉയര്‍ത്തുകയും, കയ്യിന്‍റെ പുറം ഭാഗം മുകളിലേക്ക് വരുംവിധം പിടിക്കുകയുമാണ് ചെയ്യേണ്ടത് എന്നും. എന്തെങ്കിലും കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടും, അനുഗ്രഹങ്ങള്‍ ലഭിക്കാനായുമുള്ള ദുആയാണ് എങ്കില്‍ ഉള്ളം കൈ മുകളിലേക്ക് വരുംവിധം (സാധാരണത്തെപ്പോലെ) ആണ് ചോദിക്കേണ്ടത് എന്നുമാണ്" - (ശറഹു മുസ്‌ലിം: 6/190).

  അഭിപ്രായപ്രകാരമാണ് പരീക്ഷണഘട്ടത്തിലെ പ്രാര്‍ഥനയാകയാല്‍ പലരും നാസിലത്തിന്‍റെ ഖുനൂത്തിലും കൈ കമഴ്ത്തിപ്പിടിക്കണം എന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.

കൈകള്‍ സാധാരണത്തെപ്പോലെ ഉള്ളം കൈ മുകളിലേക്ക് വരത്തക്കവിധം തന്നെയാണ് നാസിലത്തിന്‍റെ ഖുനൂത്തിലും പ്രാര്‍ഥിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ അനസ് (റ) വില്‍ നിന്നും ഉദ്ദരിക്കപ്പെട്ട ഈ ഹദീസിനെ വിശദീകരിച്ചത്. നബി (സ) മഴക്ക് വേണ്ടി തന്‍റെ കൈകള്‍ അത്രമാത്രം ഉയര്‍ത്തി പ്രാര്‍ഥിച്ചപ്പോള്‍ ഉയര്‍ത്തലിന്‍റെ ആധിക്യത്താല്‍ കയ്യിന്‍റെ പുറം ഭാഗം മുകളിലേക്ക് വരുമാറ് ഉയര്‍ത്തി എന്ന അര്‍ത്ഥത്തിലാണ്. കമഴ്ത്തി എന്ന അര്‍ത്ഥത്തിലല്ല. ചില ഹദീസുകളില്‍ നബി (സ) കക്ഷം കാണുമാറ് തന്‍റെ തിരുകരങ്ങള്‍ ഉയര്‍ത്തി എന്നത് ഈ അഭിപ്രായത്തിന് കൂടുതല്‍ പിന്‍ബലം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചതായി ഉദ്ദരിക്കപ്പെട്ട ധാരാളം ഹദീസുകളില്‍ ഇപ്രകാരം കമഴ്ത്തിയതായി പറയുന്നുമില്ല. മാലിക് ബ്നു യസാര്‍ (റ) വിന്‍റെ ഹദീസിലാകട്ടെ കൈകള്‍ കമഴ്ത്തി ചോദിക്കരുത് എന്ന് വന്നിട്ടുമുണ്ട്. ഇതെല്ലാം ആണ് സാധാരണത്തെപ്പോലെത്തന്നെയാണ് നാസിലത്തിന്‍റെ ഖുനൂത്തിലും കൈകള്‍ ഉയര്‍ത്തേണ്ടത് എന്ന് പറഞ്ഞവരുടെ തെളിവ്.

ശൈഖ് ബകര്‍ അബൂ സൈദ്‌ (റ) അദ്ദേഹത്തിന്‍റെ تصحيح الدعاء  എന്ന ഗ്രന്ഥത്തില്‍ "അദ്ദേഹം തന്‍റെ കയ്യിന്‍റെ പുറം ഭാഗം മുകളിലേക്ക് ഉയര്‍ത്തി" എന്ന് പറയുന്ന അനസ് (റ) വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസ് വിശദീകരിക്കവേ ഇപ്രകാരം പറയുന്നത് കാണാം: 

"أي من شدة الرفع بيده ، كأن ظهور كفيه نحو السماء ، وهذا هو الذي يلتقي مع جميع أحاديث الرفع التي فيها التصريح بجعل بطونهما إلى السماء ، ومع حديث مالك بن يسار رضي الله عنه

"
അഥവാ ഉയര്‍ത്തലിന്‍റെ ആധിക്യം കാരണത്താല്‍ കയ്യിന്‍റെ പുറം ഭാഗം ഉപരിയിലേക്ക് വരും വിധമായിത്തീര്‍ന്നു എന്നാണത് അര്‍ത്ഥമാക്കുന്നത്. ഈ അഭിപ്രായമാണ് "കയ്യിന്‍റെ ഉള്‍ഭാഗം ഉപരിയിലേക്കാക്കി പ്രാര്‍ഥിച്ചു" എന്ന് സുവ്യക്തമായി പ്രതിപാദിച്ചുകൊണ്ടു വന്ന എല്ലാ ഹദീസുകളുമായും, അതുപോലെ മാലിക് ബ്ന്‍ യസാര്‍ (റ) വിന്‍റെ ഹദീസുമായും പൊരുത്തപ്പെടുന്ന അഭിപ്രായവും". - [تصحيح الدعاء : 118, 119 ]. 

ഇമാം മര്‍ദാവി (റ) തന്‍റെ ഇന്‍സ്വാഫില്‍ ഇതേ അഭിപ്രായം പറയുകയും (الإنصاف: 1/458) ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) ഹദീസുകളെ പരസ്പരം യോജിപ്പിക്കുന്നതും പ്രബലവുമായ അഭിപ്രായമായി അതിനെ കണക്കാക്കുകയും ചെയ്തിട്ടുണ്ട്. 

ഏതായാലും രണ്ട് അഭിപ്രായങ്ങളും ഹദീസുകളോട് കൂറ് പുലര്‍ത്താന്‍ വേണ്ടിയുള്ള പരിശ്രമങ്ങളാണ്. ഒരഭിപ്രായം കൈ തുറന്ന് പിടിക്കുന്നതും കമഴ്ത്തുന്നതും രണ്ട് വ്യത്യസ്ഥ അവസരങ്ങളിലാണ് എന്ന നിലക്ക് രണ്ട് ഹദീസുകളെയും ജംഉ ചെയ്യുന്നു. മറ്റൊരഭിപ്രായം കൈകള്‍ അത്രമാത്രം ഉയര്‍ത്തിയിരുന്നു എന്നതാണ് 'പുറം ഭാഗം മുകളിലേക്ക് വരുംവിധം' എന്ന് അനസ് (റ) ഉദ്ദരിച്ചത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന നിലക്കും ഇരു ഹദീസുകളെയും ജംഉ ചെയ്യുന്നു. അതുകൊണ്ട് രണ്ട് ഹദീസുകളും തമ്മില്‍ വൈരുധ്യമില്ല.

ഇതില്‍ കൂടുതല്‍ പ്രബലമായി ഒരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന അഭിപ്രായമേതോ അത് സ്വീകരിക്കാം. എനിക്ക് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിച്ചത് എല്ലായിപ്പോഴും ദുആ ചെയ്യുമ്പോള്‍ കയ്യിന്‍റെ ഉള്‍ഭാഗം മുകളിലേക്ക് വരുംവിധം സാധാരണത്തെപ്പോലെ തുറന്നു പിടിക്കുക തന്നെയാണ് ചെയ്യേണ്ടത് എന്നതാണ്. കൈകള്‍ തുറന്നുപിടിച്ച ശേഷം നമ്മള്‍ തന്നെ നന്നായി ഉയര്‍ത്തി നോക്കിയാല്‍ കയ്യിന്‍റെ പുറം ഭാഗം ആകാശത്തിനു നേര്‍ക്ക് വരും വിധമാകുന്നത് കാണാം. അതു തന്നെയാകണം അനസ് (റ) വിന്‍റെ ഹദീസിലെ ഉദ്ദേശ്യം. മാത്രമല്ല ദുആ ചെയ്യുമ്പോള്‍ കമഴ്ത്തിപ്പിടിക്കരുത് എന്ന് മാലിക് ബ്ന്‍ യസാര്‍ (റ) വിന്‍റെ ഹദീസില്‍ വരുകയും ചെയ്തുവല്ലോ. അതുപോലെ അനുഗ്രഹത്തെ ചോദിക്കുമ്പോഴും പരീക്ഷണത്തെ ചോദിക്കുമ്പോഴുമെല്ലാം അത് ചോദ്യം തന്നെയാണല്ലോ. അപ്പോള്‍ അതിനെ ഒന്ന് പരീക്ഷണ ഘട്ടത്തിലെ ചോദ്യവും മറ്റൊന്ന് അനുഗ്രഹതേട്ടവും  എന്ന് വേര്‍തിരിക്കുന്നനേക്കാള്‍ മനസിനോട് ഇണങ്ങുന്നത് നേരത്തെ പറഞ്ഞ വിശദീകരണം തന്നെയാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

  ഏതായാലും ഏറ്റവും പ്രമാണബദ്ധമായി നാം മനസ്സിലാക്കുന്ന അഭിപ്രായം ഈ വിഷയത്തില്‍ സ്വീകരിക്കുക. ഹദീസുകളുടെ പിന്‍ബലത്തിലുള്ള ഭിന്നതയാകയാല്‍ രണ്ട് രൂപവും റബ്ബിന്‍റെ പക്കല്‍ സ്വീകാര്യം തന്നെയായിരിക്കും ഇന്‍ ഷാ അല്ലാഹ്. ഇനി നാം നമസ്കരിക്കുന്ന പള്ളിയില്‍ ഇമാം കമഴ്ത്തി വെക്കണം എന്നോ നിവര്‍ത്തി വെക്കണം എന്നോ പ്രത്യേകം  നിര്‍ദേശിച്ചാല്‍ അവിടെ നാം ഇമാം പറയുന്ന രീതി പിന്തുടരുക. രണ്ട് രീതിക്കും പ്രമാണത്തിന്‍റെ പിന്‍ബലം ഉള്ളതാകയാല്‍ ഇമാമിനെ ഈ വിഷയത്തില്‍ പിന്തുടരേണ്ടത് അനിവാര്യമാണ്. 

അല്ലാഹു അനുഗ്രഹിക്കട്ടെ..


നമസ്കാരത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കേണ്ടത് എപ്പോഴാണ്: 

എല്ലാ ഫര്‍ള് നമസ്കാരങ്ങളിലും അവസാനത്തെ റകഅത്തില്‍ റുകൂഇല്‍ നിന്നും ഇഅ്തിദാലിലേക്ക് (سمع الله لمن حمده) എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റ ശേഷം ഇഅ്തിദാലിലെ പ്രാര്‍ത്ഥന നിര്‍വഹിച്ച ശേഷമാണ് നാസിലത്തിന്‍റെ ഖുനൂത്ത് ചൊല്ലേണ്ട സ്ഥാനം. നബി (സ) യുടെ സ്വഹാബാക്കളില്‍ വിശുദ്ധഖുര്‍ആന്‍ മനപ്പാഠമാക്കിയ  ഖുര്‍റാഉകളെ ചിലര്‍ വഞ്ചിച്ച് കൊല ചെയ്തപ്പോള്‍ നബി (സ) നടത്തിയ നാസിലത്തിന്‍റെ ഖുനൂത്ത് അനേകം ഹദീസുകളില്‍ നമുക്ക് കാണാം:

عَنْ أَبِي هُرَيْرَةَ رضي الله عنه : " أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فِي الرَّكْعَةِ الْآخِرَةِ مِنْ صَلَاةِ الْعِشَاءِ قَنَتَ اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ "(أخرجه البخاري) .

അബൂ ഹുറൈറ നിവേദനം: പ്രവാചകന്‍ (സ) ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍   'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി].

ഇമാം നവവി പറയുന്നു: "നാസിലത്തിന്‍റെ  ഖുനൂത്ത് എല്ലാ ഫര്‍ള് നമസ്കാരങ്ങളിലും നിര്‍വഹിക്കുകയെന്നതാണ് ശരിയായ വീക്ഷണം " [ അല്‍ മജ്മൂഅ്- വോ:3/485 ].

എന്നാല്‍ ജുമുഅ നമസ്കാരത്തില്‍ നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കല്‍ വീക്ഷണ വ്യത്യാസമുള്ള കാര്യമാണ്. ജുമുഅയില്‍ ഖുനൂത്ത് ചൊല്ലേണ്ടതില്ല എന്ന അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യെപ്പോലുള്ളവര്‍ തിരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേകമായ പ്രമാണങ്ങള്‍ ആ വിഷയത്തില്‍ വന്നിട്ടില്ല. അഭിപ്രായഭിന്നത ഉള്ളതാകയാല്‍ ചെയ്യാതിരിക്കുകയാകും ഉചിതം. ഇനി ഇമാം നിര്‍വഹിക്കുന്ന പക്ഷം നിര്‍വഹിക്കേണ്ടതുമാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ...