Saturday, March 14, 2020

ബാങ്ക് വിളിക്കുമ്പോള്‍ "സ്വല്ലൂ ഫീ രിഹാലികും" എന്ന് പറയുന്ന സാഹചര്യങ്ങള്‍ ഏത് ?. ബാങ്കില്‍ എപ്പോഴാണ് അത് പറയേണ്ടത് ?. പകര്‍ച്ചവ്യാധി ഭയപ്പെട്ടാല്‍ പള്ളികള്‍ പൂട്ടി വീടുകളില്‍ നമസ്കരിക്കാന്‍ ആവശ്യപ്പെടാമോ ?.




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഇന്നലെ 13/3/2020 ന് കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി കുവൈറ്റിലെ പള്ളികള്‍ അടക്കപ്പെടുകയും ജുമുഅ ജമാഅത്തുകള്‍ക്ക് ആളുകള്‍ പങ്കെടുക്കുന്നത് താല്‍ക്കാലികമായി വിലക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ഒരു വിഷയത്തിലെ ചര്‍ച്ച സജീവമായത്. കുവൈറ്റില്‍ അത്തരം ഒരു മതവിധി പുറപ്പെടുവിക്കുവാനുണ്ടായ സാഹചര്യം മതകാര്യ മന്ത്രാലയം അവരുടെ ഫത്'വയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് നാം വിവര്‍ത്തനം ചെയ്തതുമാണ്. ആ ഫത്'വയും വിവര്‍ത്തനവും ലഭിക്കാന്‍ ഈ ലിങ്കില്‍ പോകുക: https://www.fiqhussunna.com/2020/03/blog-post_13.html

ഇനി ഏത് സാഹചര്യങ്ങളിലാണ് ബാങ്ക് വിളിക്കുമ്പോള്‍ 'സ്വല്ലൂ ഫീ രിഹാലികും' അല്ലെങ്കില്‍ 'സ്വല്ലൂ ഫീ ബുയൂത്തിക്കും' എന്നൊക്കെ പറയുക എന്നതാണ് നമ്മുടെ വിഷയം. ആളുകള്‍ക്ക് പള്ളിയിലേക്ക് വരാന്‍ പ്രയാസമുണ്ടാകുന്ന സാഹചര്യങ്ങളിലാണ് അപ്രകാരം പറയാന്‍ നബി (സ) ബാങ്ക് വിളിക്കുന്നവരോട് കല്പിച്ചത്. വിവിധ രൂപങ്ങളില്‍ ബാങ്ക് വിളിക്കുന്നവര്‍ക്ക് അത് പറയാം.  ഇബ്നു ഉമര്‍ (റ) വില്‍ നിന്നും, ഇബ്നു അബ്ബാസ് (റ) വില്‍ നിന്നുമൊക്കെ ഇമാം ബുഖാരിയും (റ) ഇമാം മുസ്‌ലിമും (റ) ഈ കാര്യം ഉദ്ദരിച്ചിട്ടുണ്ട്. 

عَنْ نَافِع ، قَالَ : " أَذَّنَ ابْنُ عُمَرَ فِي لَيْلَةٍ بَارِدَةٍ بِضَجْنَانَ ، ثُمَّ قَالَ : صَلُّوا فِي رِحَالِكُمْ ، فَأَخْبَرَنَا أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَأْمُرُ مُؤَذِّنًا يُؤَذِّنُ ، ثُمَّ يَقُولُ عَلَى إِثْرِهِ : " أَلاَ صَلُّوا فِي الرِّحَالِ " فِي اللَّيْلَةِ البَارِدَةِ ، أَوِ المَطِيرَةِ ، فِي السَّفَرِ .

നാഫിഅ് പറയുന്നു: ളജ്നാനില്‍ വെച്ച് ഒരു തണുപ്പുള്ള രാത്രിയില്‍ ഇബ്നു ഉമര്‍ (റ) ബാങ്ക് വിളിച്ചു. ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു: 'സ്വല്ലൂ ഫീ രിഹാലികും'. എന്നിട്ടദ്ദേഹം ഞങ്ങളോട് പറഞ്ഞു: യാത്രാ വേളകളില്‍ തണുപ്പോ, നല്ല മഴയോ ഉള്ള രാത്രികളില്‍ നബി (സ) മുഅദ്ദിനോട് ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെടുകയും, ബാങ്കിന് ശേഷം  "അലാ സ്വല്ലൂ ഫിരിഹാല്‍ - നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ നമസ്കരിച്ച് കൊള്ളുക" എന്ന് പറയാന്‍ കല്പിക്കാറുണ്ടായിരുന്നു. - [സ്വഹീഹുല്‍ ബുഖാരി: 666, സ്വഹീഹ് മുസ്‌ലിം: 697]. 

ഈ ഹദീസില്‍ പ്രയോഗിക്കപ്പെട്ട 'രിഹാല്‍' എന്ന പദം പൊതുവേ താല്‍ക്കാലികമായി നിര്‍മ്മിക്കപ്പെടുന്ന ടെന്‍റുകള്‍ പോലുള്ള പാര്‍പ്പിടങ്ങള്‍ക്ക് പറയുന്ന പേരാണ്.  താമസസ്ഥലം എന്ന അര്‍ത്ഥത്തിലും ആ പദം പ്രയോഗിക്കാം. ഇവിടെ ഈ ഹദീസില്‍ നിന്ന് നമുക്ക് ലഭിക്കുന്ന പാഠങ്ങളാണ്: 

തണുപ്പ്, മഴ എന്നിങ്ങനെ ജമാഅത്തിന് വരുവാന്‍ ആളുകള്‍ക്ക് പ്രയാസമുണ്ടാകുന്ന കാര്യങ്ങള്‍ ഉണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ ആളുകളോട് വീട്ടില്‍ നിന്നും നമസ്കരിക്കാന്‍ ബാങ്കിലൂടെ ആവശ്യപ്പെടാം. അപ്പോള്‍ പിന്നെ കൊറോണ പോലെ ആളുകള്‍ ഒത്തുകൂടുന്നത് അതിന്‍റെ വ്യാപനത്തിന് ഇടവെക്കുന്ന ഒരു പകര്‍ച്ചവ്യാധി ഭയപ്പെടുന്ന സാഹചര്യം ഒരു നാട്ടില്‍ ഉണ്ടായാല്‍ അപ്രകാരം പറയാമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇബ്നു ഉമര്‍ (റ)  ഈ ഹദീസില്‍ ഉദ്ദരിച്ച രീതി ബാങ്ക് മുഴുവന്‍ സാധാരണ പോലെ കൊടുത്ത് കഴിഞ്ഞ ശേഷം ( ألا صلوا في الرحال നിങ്ങള്‍ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ത്തന്നെ നമസ്കരിച്ച് കൊള്ളുക) എന്ന് പറയാനാണ്. ബാങ്ക് സാധാരണത്തെപ്പോലെ പൂർണമായി വിളിച്ച ശേഷം ألا صلوا في الرحال എന്നോ, صلوا في رحالكم  എന്നോ രണ്ട് തവണയാണ് പറയേണ്ടത്. ഇമാം ശാഫിഇ (റ) യെപ്പോലുള്ള ചില ഇമാമീങ്ങൾ ബാങ്ക് പൂർണമായി കൊടുത്ത ശേഷം ഇപ്രകാരം പറയലാണ് കൂടുതൽ ശ്രേഷ്ഠം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. - [كتاب الأم: ج2 ص196 പരിശോധിക്കുക]. 

ഇനി ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും ഉദ്ദരിക്കപ്പെട്ട ഹദീസില്‍ മറ്റൊരു രീതി കൂടി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്: 

 عَنْ عَبْدِ اللَّهِ بْنِ الحَارِثِ ، عَنْ عَبْدِ اللهِ بْنِ عَبَّاسٍ ، أَنَّهُ قَالَ لِمُؤَذِّنِهِ فِي يَوْمٍ مَطِيرٍ : " إِذَا قُلْتَ : أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ ، أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ ، فَلَا تَقُلْ : حَيَّ عَلَى الصَّلَاةِ ، قُلْ : صَلُّوا فِي بُيُوتِكُمْ " ، قَالَ : فَكَأَنَّ النَّاسَ اسْتَنْكَرُوا ذَاكَ ، فَقَالَ: " أَتَعْجَبُونَ مِنْ ذَا ؟! ، قَدْ فَعَلَ ذَا مَنْ هُوَ خَيْرٌ مِنِّي ، إِنَّ الْجُمُعَةَ عَزْمَةٌ ، وَإِنِّي كَرِهْتُ أَنْ أُحْرِجَكُمْ ، فَتَمْشُوا فِي الطِّينِ وَالدَّحْضِ ".

അബ്ദുല്ലാഹ് ബ്നുല്‍ ഹാരിസ് നിവേദനം: നല്ല മഴയുള്ള ഒരു ദിവസം ഇബ്നു അബ്ബാസ് (റ) ബാങ്ക് വിളിക്കുന്നയാളോട് ഇപ്രകാരം പറഞ്ഞു: "നീ 'അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ് , അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്' എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ 'ഹയ്യ അലസ്സ്വലാ' എന്ന് പറയരുത്. പകരം: 'സ്വല്ലൂ ഫീ ബുയൂത്തികും' എന്ന് പറയുക". അത് കേട്ടപ്പോള്‍ ആളുകള്‍ക്ക് അങ്ങനെയൊന്നുണ്ടോ എന്നൊരാശങ്ക തോന്നി. അപ്പോള്‍ ഇബ്നു അബ്ബാസ് (റ) അവരോട് പറഞ്ഞു: "നിങ്ങള്‍ ഇതില്‍ അത്ഭുതപ്പെടുകയാണോ ?. എന്നെക്കാള്‍ ഉത്തമനായവര്‍ (അഥവാ നബി-സ) അപ്രകാരം ചെയ്തിട്ടുണ്ട്. (ഈയൊരവസരത്തില്‍ ഞാനപ്രകാരം ചെയ്യാന്‍) കാരണം നമസ്കാരത്തിനായി ഒത്തുകൂടല്‍ വാജിബാണ്‌. എന്നാല്‍ നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ പുറത്ത് കൊണ്ടുവരുകയും, മണ്ണും ചെളിയും ചവിട്ടി നിങ്ങള്‍ നടക്കുകയും ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെട്ടില്ല എന്നതിനാലാണ്" - [സ്വഹീഹുല്‍ ബുഖാരി: 668, സ്വഹീഹ് മുസ്‌ലിം: 699]. 

നേരത്തെ ഇബ്നു ഉമര്‍ (റ) വില്‍ നിന്നും ഉദ്ദരിച്ച ഹദീസും ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും ഉദ്ദരിക്കപ്പെട്ട ഈ ഹദീസും ചേര്‍ത്ത് വെക്കുമ്പോള്‍ ഒരുപാട് പാഠങ്ങള്‍ ഉണ്ട്. ഇബ്നു അബ്ബാസ് (റ) ഉദ്ദരിച്ച ഹദീസില്‍ യാത്രയുടെ വേള എന്ന് പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല (بيوتكم) നിങ്ങളുടെ വീടുകള്‍ എന്ന് തന്നെ പ്രയോഗിക്കപ്പെടുകയും ചെയ്തു. യാത്രയില്‍ അല്ലാത്ത വേളകളിലും ആളുകള്‍ക്ക് പള്ളിയിലേക്ക് വരാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായ സാഹചര്യങ്ങളില്‍ വീട്ടില്‍ നിന്ന് നമസ്കരിച്ചുകൊള്ളുക എന്ന് ബാങ്ക് വിളിക്കുമ്പോള്‍ പറയാം എന്ന് കൂടി ഈ ഹദീസ് മനസ്സിലാക്കിത്തരുന്നു. 

ഇനി ഈ ഹദീസിലെ ശ്രദ്ധേയമായ പാഠം ഇത്തരം അവസരങ്ങളിലെ ബാങ്കിന്‍റെ മറ്റൊരു രൂപമാണ്. "ഹയ്യ അലസ്സ്വലാ" എന്ന് പറയുന്നതിന് പകരം "സ്വല്ലൂ ഫീ ബുയൂത്തികും" എന്ന് പറയാനാണ് കല്പിച്ചത്. ഇബ്നു ഉമര്‍ (റ) ഉദ്ദരിച്ച രീതിയില്‍ ബാങ്ക് മുഴുവന്‍ സാധാരണ നിലക്ക് വിളിച്ച ശേഷം "അലാ സ്വല്ലൂ ഫിരിഹാല്‍" എന്ന് പറയാനാണ് കല്പിച്ചത്. എന്നാല്‍ രണ്ടും നബി (സ) യില്‍ നിന്നും പഠിപ്പിക്കപ്പെട്ട രീതിയാണ് എന്ന് മനസ്സിലാക്കാം. 

'ഹയ്യ അലസ്വലാ' എന്ന് സാധാരണ പറയുന്ന വാചകം പറയാതിരുന്നത് ആളുകളില്‍ അത്ഭുതം ഉണ്ടാക്കിയപ്പോള്‍ അത് ഇത്തരം സാഹചര്യങ്ങളില്‍ നബി (സ) യുടെ രീതിയാണ് എന്നും, കാരണമുള്ളതുകൊണ്ടാണ് അപ്രകാരം ചെയ്തത് എന്നും അദ്ദേഹം അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു.  മാത്രമല്ല  'ഹയ്യ അലസ്സ്വലാ' എന്നതിന് പകരം  'സ്വല്ലൂ ഫീ ബുയൂത്തിക്കും' എന്ന് പറഞ്ഞില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും വീട്ടില്‍ നിന്നും മണ്ണും ചളിയും  താണ്ടി പള്ളിയിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായേനെ എന്ന് അദ്ദേഹം അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ആളുകളോട് വീട്ടില്‍ നിന്നും നമസ്കരിക്കാന്‍ ഏത് സാഹചര്യത്തില്‍ പറയാം എന്നത് ഉത്തരവാദപ്പെട്ടവര്‍ക്ക് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാം എന്നും ഉത്തരവാദപ്പെട്ടവര്‍ ഉണ്ടായിരിക്കെ നിര്‍ദേശപ്രകാരം മാത്രമേ മുഅദ്ദിന്‍ അപ്രകാരം ചെയ്യാവൂ  എന്നും  ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാമല്ലോ. 

മേല്‍ ഉദ്ദരിക്കപ്പെട്ട ബാങ്കിന്‍റെ രണ്ട് രീതികളില്‍ ഏത് രീതിയാണ് ഉചിതം എന്ന നിലക്ക് ധാരാളം ചര്‍ച്ചകള്‍ ഫുഖഹാക്കള്‍ക്കിടയില്‍ ഉണ്ട്. രണ്ട് രീതിയും സ്ഥിരപ്പെട്ട രീതിയാണ് എന്ന് നാം മനസ്സിലാക്കിയല്ലോ.

അതുപോലെ രണ്ട് തരത്തിലുള്ള പദപ്രയോഗങ്ങളും വന്നു. ബാങ്കിന്‍റെ മറ്റു പദങ്ങള്‍ പോലെ നിര്‍ണിതമായ വാക്കുകള്‍ അല്ലാത്തതിനാല്‍ രിഹാല്‍ എന്നോ, ബുയൂത്ത് എന്നോ, ഇനി 'സ്വല്ലൂ ഫീ രിഹാലികും' എന്നോ ഒക്കെ പറയാം എന്ന് ഫുഖഹാക്കള്‍ ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇബ്നു ഉമര്‍ (റ) വിന്‍റെ ഹദീസ് ശ്രദ്ധിച്ചാല്‍ (ألا صلوا في الرحال) എന്ന് പറയാന്‍ നബി (സ) മുഅദ്ദിനോട് കല്പിച്ചു എന്ന് ഇബ്നു ഉമര്‍ (റ) പറയുമ്പോഴും അതേ ഹദീസില്‍ അദ്ദേഹം ജനങ്ങളോട് (صلوا في رحالكم) എന്നാണ് പറഞ്ഞത്. ഇത് ആ പദപ്രയോഗം അതേപടി പറയണം എന്നില്ല മറിച്ച് സമാനമായ  പദങ്ങളായാല്‍ മതി എന്നത് സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ഇന്ന് കുവൈറ്റില്‍ ഉള്ളവര്‍ ശ്രദ്ധിച്ചാല്‍ അറിയാം പല പള്ളികളില്‍ നിന്നും വ്യത്യസ്ഥ രൂപത്തില്‍ ഈ സന്ദര്‍ഭത്തിലെ ബാങ്കുകള്‍ കേള്‍ക്കുന്നത്. അതില്‍ തെറ്റില്ലതാനും. അതുപോലെ (ومن قعد فلا حرج) എന്ന് പറയുന്ന രൂപവും ഹദീസുകളിൽ വന്നിട്ടുണ്ട്:


عَنْ نُعَيْمِ بْنِ النَّحَّامِ قَالَ : كُنْتُ مَعَ امْرَأَتِى فِى مِرْطِهَا فِى غَدَاةٍ بَارِدَةٍ ، فَنَادَى مُنَادِى رَسُولِ اللَّهِ -صلى الله عليه وسلم- إِلَى صَلاَةِ الصُّبْحِ ، فَلَمَّا سَمِعْتُ قُلْتُ : لَوْ قَالَ وَمَنْ قَعَدَ فَلاَ حَرَجَ. قَالَ : فَلَمَّا قَالَ الصَّلاَةُ خَيْرٌ مِنَ النَّوْمِ قَالَ : وَمَنْ قَعَدَ فَلاَ حَرَجَ. - (السنن الكبرى للبيهقي: ج1 ص423 حديث: 2065).

നുഐം ബ്‌നുന്നഹാം (റ)  പറയുന്നു:  നല്ല തണുപ്പുള്ള ഒരു പുലരിയിൽ ഞാൻ എൻ്റെ ഭാര്യയുടെ ഷാൾ പുതച്ച് കിടക്കുകയായിരുന്നു. അപ്പോൾ റസൂൽ (സ) യുടെ മുഅദ്ദിൻ സുബ്ഹിക്കുള്ള ബാങ്ക് കൊടുക്കാൻ തുടങ്ങി. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു: "വീട്ടിലിരിക്കുന്ന പക്ഷം കുഴപ്പമില്ല" എന്നുകൂടി മുഅദ്ദിൻ പറഞ്ഞിരുന്നുവെങ്കിൽ. അങ്ങനെ അദ്ദേഹം "അസ്വലാത്തു ഖൈറുൻ മിനന്നൗം" എന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ "ومن قعد فلا حرج" അഥവാ ആരെങ്കിലും വീട്ടിൽത്തന്നെ ഇരുന്നാൽ കുഴപ്പമില്ല എന്ന് വിളിച്ചുപറഞ്ഞു". - (സുനനുൽ കുബ്റ-ബൈഹഖി:  വോ: 1 പേജ്: 423 ഹദീസ്: 2065,  അൽബാനി: സ്വഹീഹ്).   

ഹദീസിൽ സ്ഥിരപ്പെട്ട് വന്ന പ്രയോഗങ്ങൾ: 

1- ( ألا صلوا في الرحال )
2- ( صلوا في رحالكم )
3- ( الصلاة في الرحال )
4- ( صلوا في بيوتكم  )
5-  (ومن قعد فلا حرج )

 ഇബ്നു അബ്ബാസ് (റ) വിന്‍റെ ഹദീസിനെ സംബന്ധിച്ച് തന്നെ (ഹയ്യ അലസ്സ്വലാ) എന്നതിന് പകരം മാത്രം (സ്വല്ലൂ ഫീ ബുയൂത്തികും) എന്ന് പറഞ്ഞാല്‍ മതിയോ അതല്ല (ഹയ്യ അലല്‍ ഫലാഹ്) പറയുന്നിടത്തും അപ്രകാരം പറയണോ അതല്ല (ഹയ്യ അലല്‍ ഫലാഹ്) അതുപോലെ പറയണോ എന്നെല്ലാം ഫുഖഹാക്കള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. രണ്ടും ആവാം. എന്നാൽ "സ്വല്ലൂ ഫീ ബുയൂത്തിക്കും, സ്വല്ലൂ ഫീ ബുയൂത്തിക്കും" എന്നിങ്ങനെ പറഞ്ഞ ശേഷം  പിന്നെ സാധാരണത്തെപ്പോലെ "ഹയ്യ അലൽ ഫലാഹ് , ഹയ്യ അലൽ ഫലാഹ്" എന്ന് പറഞ്ഞുകൊണ്ട് സാധാരണത്തെപ്പോലെ ബാങ്ക് പൂർത്തീകരിക്കുന്നതാണ് ഈ രീതി അവലംബിക്കുമ്പോൾ ഉചിതം. 

ഏതായാലും ശക്തമായ മഴ, കാറ്റ്, തണുപ്പ്, ചളി തുടങ്ങി ആളുകള്‍ക്ക് പ്രയാസം ഉണ്ടാകുന്ന കാര്യങ്ങള്‍ വരുമ്പോള്‍ ആളുകളോട് വീട്ടില്‍ വെച്ച് നമസ്കരിക്കാന്‍ ആവശ്യപ്പെടാം എന്ന് നാം മനസ്സിലാക്കിയല്ലോ. അതുപോലെ ഭയം, രോഗം, യാത്ര തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ട് ജമാഅത്ത് നമസ്കാരം ഒരാള്‍ക്ക് നിര്‍ബന്ധമല്ലാതായിത്തീരും എന്നും നമുക്ക് അറിയാമല്ലോ. അതുപോലുള്ള, അതല്ലെങ്കില്‍ അതിനേക്കാള്‍ ഗൗരവപരമായ ഒരു സാഹചര്യമാണ് പകര്‍ച്ചവ്യാധിയോ, ആളുകള്‍ ഒത്തുകൂടുന്നത് തങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്കോ മറ്റുള്ളവരില്‍ നിന്നും തങ്ങളിലേക്കോ പകരാന്‍ ഇടയുള്ള രോഗഭീതി നിലനില്‍ക്കുന്നതായി ഉത്തരവാദപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നതായ സാഹചര്യം. അങ്ങനെയുള്ള നാടുകളില്‍ ആ ഭയം നീങ്ങുന്നത് വരേ ആളുകളോട് വീട്ടില്‍ നിന്നും നമസ്കരിക്കാന്‍ ആവശ്യപ്പെടുകയും പള്ളികള്‍ അടക്കുകയുമാകാം. 

കുവൈറ്റ്‌ ഔഖാഫ് മന്ത്രാലയത്തിലെ ഫത്'വാ ബോര്‍ഡിലെ പണ്ഡിതന്മാര്‍  ചര്‍ച്ച ചെയ്ത് നല്‍കിയ ഈ വിഷയത്തിലെ ഫത്'വ ഞാന്‍ മുകളില്‍ കൊടുത്തുവല്ലോ. ഇസ്‌ലാമിലെ നിയമങ്ങള്‍ പ്രായോഗികവും, മനുഷ്യ ജീവനും മനുഷ്യന്‍റെ പൊതു നന്മക്കും അങ്ങേയറ്റം വിലകലപിക്കുന്ന ഒന്നുമാണ്. അതുകൊണ്ട് തന്നെ ഭയപ്പെടുത്തുന്ന പകര്‍ച്ചവ്യാധി പിടികൂടപ്പെടുന്ന ഒരു സാഹചര്യം ഒരു നാട്ടില്‍ നിലനിന്നാല്‍ അവിടെ നിര്‍ബന്ധ ബുദ്ധിയാ തന്നെ ആളുകളോട് വീട്ടില്‍ വെച്ച് നമസ്കരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക്  ആവശ്യപ്പെടാം. അതും നബി (സ) പഠിപ്പിച്ച് തന്ന ഒരു സുന്നത്താണ് എന്നര്‍ത്ഥം. 

ശാമിലെ അംവാസ് പ്രദേശത്ത് പ്ലാഗ് രോഗം പടര്‍ന്നപ്പോള്‍ തനിക്ക് മുന്‍പ് ഉണ്ടായിരുന്ന എന്നീ ഗവര്‍ണര്‍മാരില്‍ നിന്നും വ്യത്യസ്ഥമായി രോഗം പടരാധിരിക്കാന്‍ പരസ്പരം വേര്‍പിരിഞ്ഞ് മലമുകളുകളിലേക്ക് പോകാന്‍ അംറു ബ്നുല്‍ ആസ്വ് (റ) ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും ആ തീരുമാനം അറിഞ്ഞപ്പോള്‍ ഖലീഫയായ ഉമര്‍ (റ) അതിനോട് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല എന്നും അങ്ങനെ അവിടെ നിന്നും പ്ലേഗ് രോഗം നിര്‍മാര്‍ജനം ചെയ്യപ്പെട്ടുവെന്നും ത്വബ്'രിയും ഇബ്നു അസാകിറും ഒക്കെ അവരുടെ താരീഖില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. - [താരീഖുത്വബ്'രി: വോ: 2 പേജ്:488]. 

ത്വവാഫ് പോലും നിര്‍ത്തിവെക്കേണ്ട പള്ളികള്‍ അടച്ചിടേണ്ട ഇത്തരം ഒരു സാഹചര്യം നമ്മുടെയൊക്കെ ജീവിതത്തില്‍ ആദ്യമാണ് എന്ന് തന്നെ പറയാം. പക്ഷെ വലിയ പാഠങ്ങള്‍ അതിലുണ്ട്. നാം ആരാധിച്ചതും ആരാധിച്ചുകൊണ്ടിരിക്കുന്നതും കഅബയെയല്ലല്ലോ കഅബയുടെ റബ്ബിനെയാണ്. അതുപോലെ പള്ളികള്‍ ആരാധനക്കുള്ള ഇടങ്ങളാണ്. അത് അടക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ അടക്കാം. പക്ഷെ നമസ്കാരം മുറപോലെ നടക്കണം. കുടുംബവുമൊത്ത് വീടുകളില്‍ യഥാസമയം ജമാഅത്തായി നമസ്കരിക്കണം. 'ഒരു വിശ്വാസിയുടെ ജീവിതത്തില്‍ സംഭാവിക്കുന്നതെന്തും അവന്‍റെ നന്മക്കാണ് എന്ന നബി (സ) യുടെ വചനം എന്നും ഓര്‍മയിലുണ്ടാകണം. 

വളരെ വൈകാരികമാണ് എന്നറിയാം. ഇന്നലെ ഉത്തരവാദപ്പെട്ടവരുടെ അറിയിപ്പ് പ്രകാരം അസര്‍ നമസ്കാരത്തിനാണ് കുവൈറ്റിലെ സാല്‍മിയയിലുള്ള മസ്ജിദ് നിമിഷ് ഞങ്ങള്‍ പൂട്ടിയത്. ഒരുപാട് പേര്‍ വിവരമറിയാതെ ബാങ്കിന് മുന്‍പേ പള്ളിക്ക് സമീപം എത്തിയിരുന്നു. എന്നും പള്ളിയിലെ ആദ്യ സ്വഫില്‍ കാണുന്ന പരിചിത മുഖങ്ങള്‍. നല്ല രൂപത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തപ്പോള്‍ പൂര്‍ണ മനസോടെ അവര്‍ വീടുകളിലേക്ക് പോയി. പള്ളിയുമായുള്ള വൈകാരിക ബന്ധം ഒരു വശത്ത് നിലനില്‍ക്കുമ്പോഴും ഈയൊരു പ്രത്യേക സാഹചര്യത്തില്‍ ഒരു വിശ്വാസിക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്വ ബോധവും അതാത് സാഹചര്യങ്ങളിലെ മതവിധി മനസിലാക്കി ചെയ്യേണ്ടതായ കര്‍മ്മബോധം എന്നിങ്ങനെ വളരെ പക്വമായ പ്രതികരണമാണ് ഏവരിലും കണ്ടത്. 

ഇത് കുവൈറ്റിന്‍റെ ചരിത്രത്തില്‍ത്തന്നെ ആദ്യ സംഭവമാണ്. പള്ളികളില്‍ പൊതുജങ്ങള്‍ക്ക് പ്രവേശനം താല്‍ക്കാലികമായി ഇല്ലെങ്കിലും അതാത് സമയങ്ങളില്‍ ബാങ്ക് വിളിച്ച് പള്ളികളിലെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതാത് സമയങ്ങളില്‍ ജമാഅത്തായി നമസ്കരിക്കുന്നു. സുബഹിക്ക് സാധാരണ തഹജ്ജുദ് നമസ്കരിക്കാനായി സുബഹി ബാങ്കിന് മുന്‍പേ പള്ളിയില്‍ എത്തുന്ന സഹോദരങ്ങളുണ്ട്. അവരില്‍ ചിലര്‍ ഇന്നും വന്നു. കാര്യങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ പൂര്‍ണമനസ്സോടെ അവരും തിരിച്ച് പോയി.

ഇസ്‌ലാമിലെ മതവിധി സമയോചിതവും കൂടിയാണ്. അതാത് സമയങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് നബി (സ) പഠിപ്പിച്ച കാര്യങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെടുമ്പോള്‍ അത് പൂര്‍ണ മനസ്സോടെ സ്വീകരിക്കുന്ന ആളുകളുടെ സമീപനത്തില്‍ വലിയ പ്രതീക്ഷയും നന്മയും ഉണ്ട്. അല്ലാഹുവിന് സ്തുതി. രോഗമോ യാത്രയോ കാരണത്താല്‍ ഒരാള്‍ക്ക് നിര്‍വഹിക്കാന്‍ സാധിക്കാതെ പോകുന്ന ഏതൊന്നിനും മുന്‍പ് ഇങ്ങനെയൊരാള്‍ നിര്‍വഹിചിരുന്നുവോ അതുപോലുള്ള പ്രതിഫലം തന്നെ ലഭിക്കുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുമുണ്ട്:

قال رسول الله صلى الله عليه وسلم: إذا مرض العبد أو سافر كتب له مثل ما كان يعمل مقيما صحيحا

അല്ലാഹുവിന്‍റെ റസൂല്‍ (സ) ഇപ്രകാരം പറഞ്ഞു: "ഒരാള്‍ രോഗിയോ യാത്രക്കാരനോ ആണെന്നു വന്നാല്‍, അയാള്‍ പൂര്‍ണ ആരോഗ്യവാനും യാത്രാവേളകളിലല്ലാത്തപ്പോഴും എപ്രകാരം പ്രവര്‍ത്തിച്ചിരുന്നുവോ അതേ പ്രതിഫലം അവന് രേഖപ്പെടുത്തപ്പെടും" - [സ്വഹീഹുല്‍ ബുഖാരി: 2996]. 

ഏതായാലും ഇതൊരു പരീക്ഷണത്തിന്‍റെ സമയമാണ്. റബ്ബിലേക്ക് മടങ്ങുക. ഇങ്ങനെയുള്ള പാഠങ്ങളൊക്കെ തന്‍റെ കണ്മുന്നില്‍ കാണാന്‍ ഇടവന്നിട്ടും തന്‍റെ റബ്ബിനെ ധിക്കരിക്കുന്നവ വല്ലവരും ഉണ്ടെങ്കില്‍ അവരുടെ കാര്യം വളരെ ആശ്ചര്യകരമാണ്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.. 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ