Friday, March 13, 2020

കൊറോണ - കുവൈറ്റില്‍ ജുമുഅ ജമാഅത്ത് നിര്‍ത്തിവെച്ചുകൊണ്ട് ഔഖാഫ് മന്ത്രാലയം പുറപ്പെടുവിച്ച ഫത്'വ



കുവൈറ്റ്‌ ഔഖാഫ് മന്ത്രാലയത്തിന്‍റെ ഫത്'വ No. 18 / 2020

الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛ 

ഔഖാഫ് മന്ത്രാലയത്തിലെ ഫത്'വാ  ബോര്‍ഡിന് കീഴിലുള്ള പൊതുകാര്യ വിഷയങ്ങളില്‍ ഫത്'വ നല്‍കുന്ന സമിതി  17/റജബ്/ 1441 ഹിജ്റ, അഥവാ 12/3/2020  ചേര്‍ന്ന അടിയന്തിര യോഗത്തില്‍ എടുത്ത തീരുമാനം: 

ഔഖാഫ് മന്ത്രാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി നല്‍കിയ നിര്‍ദേശപ്രകാരവും, കൊറോണ പോലുള്ള പകര്‍ച്ചവ്യാതികള്‍ തടയുന്നതിന്‍റെ ഭാഗമായി ഭരണകൂടവും അനുബന്ധ സംവിധാനങ്ങളും ഉദ്യോഗസ്ഥരും കൈക്കൊണ്ടുവരുന്ന മുന്‍കരുതല്‍ നടപടികളും ജാഗ്രതാശ്രമങ്ങളും കണക്കിലെടുത്തും, ഈ രാജ്യത്തുള്ള സ്വദേശികളുടെയും വിദേശികളുടെയും ജീവന്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായും താഴെ പറയുന്ന ചോദ്യത്തിന് മറുപടി നല്‍കണമെന്ന് അപേക്ഷ: 

ചോദ്യം: കൊറോണ പോലുള്ള പകര്‍ച്ചവ്യാതികള്‍ പകരാനുള്ള അടിസ്ഥാനകാരണം പല തരത്തിലും ആളുകള്‍ തിങ്ങിക്കൂടുന്നതാണ് എന്ന് പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ധാരണയിലെത്തുകയും സ്വദേശികളും വിദേശികളുമൊക്കെ പരമാവധി ഒത്തുകൂടലുകള്‍ ഒഴിവാക്കണമെന്ന് അറിയിക്കുകയും ചെയ്‌താല്‍, അത്തരം ഒരു സാഹചര്യത്തില്‍ ജുമുഅ ജമാഅത്തുകള്‍ക്ക് വരാതിരിക്കുന്നതിന്‍റെ വിധിയെന്താണ് ?. അത്തരം ഒരു സാഹചര്യത്തില്‍ ബാങ്ക് മാത്രം വിളിക്കുകയും ബാങ്കില്‍ (صلوا في رحالكم) "നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ത്തന്നെ നമസ്കരിച്ചുകൊള്ളുക" എന്ന് പറയുകയും ചെയ്യുന്നതിന്‍റെ മതവിധിയെന്താണ് ?. 

(പൊതുകാര്യ ഫത്'വാ സമിതി നല്‍കിയ മറുപടി) : 

ഒരു നാട്ടില്‍ പകര്‍ച്ചവ്യാധി ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്ന സാഹചര്യമുണ്ടാകുകയും പള്ളികളില്‍ ജമാഅത്തുകള്‍ക്ക് ആളുകള്‍ ഒരുമിച്ചു കൂടുന്നത്  പകര്‍ച്ച വ്യാധിയുടെ വ്യാപനത്തിന് കാരണമാകുമെന്ന് അതുമായിബന്ധപ്പെട്ട ഉത്തരവാദപ്പെട്ട ആളുകള്‍ അറിയിക്കുകയും ചെയ്‌താല്‍ ആ നാട്ടിലുള്ള വിശ്വാസികള്‍ക്ക് ജമാഅത്ത് നമസ്കാരങ്ങള്‍ക്ക്  പങ്കെടുക്കാനുള്ള ബാധ്യത ഇല്ലാതാകും. അതുപോലെ ജുമക്ക് പങ്കെടുക്കാനുള്ള ബാധ്യതയും അവരുടെ മേല്‍ ഇല്ലാതാകും. ജുമഅക്ക് പകരം അവര്‍ ളുഹര്‍ നമസ്കരിക്കുകയാണ് ചെയ്യേണ്ടത്. മറ്റുള്ളവരില്‍ നിന്നും അവര്‍ക്കോ അവരില്‍ നിന്നും മറ്റുള്ളവര്‍ക്കോ  രോഗം പടരാതിരിക്കാന്‍ അവരെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുകയുമാവാം. എന്തുകൊണ്ടെന്നാല്‍ ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസില്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ)ഇപ്രകാരം പറഞ്ഞു:
لايوردن ممرض على مصح

"രോഗബാധിതരെ രോഗമില്ലാത്തവരുടെ അരികിലേക്ക് കൊണ്ടുവരപ്പെടരുത്". - [متفق عليه واللفظ للبخاري]

അതുപോലെ  ഇമാം മാലിക് (റ) ഉദ്ദരിച്ച ഹദീസില്‍ നബി (സ) ഇപ്രകാരം പറഞ്ഞു:
لا ضرر ولا ضرار
"സ്വയം ഉപദ്രവം ചെയ്യുകയോ മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുകയോ അരുത്" - [أخرجه مال في الموطأ وحسنه النووي]

ഇനി (صلوا في رحالكم) "നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ത്തന്നെ നമസ്കരിച്ചുകൊള്ളുക" എന്ന് ചേര്‍ത്തുകൊണ്ട് ബാങ്ക് വിളി നിലനിര്‍ത്തുക എന്നത് മതപരമായി സ്ഥിരപ്പെട്ട ഒരു കാര്യമാണ്. ഉമര്‍ (റ) ഉദ്ദരിച്ച ഹദീസില്‍ "നബി (സ) ബാങ്കുവിളിക്കുന്നയാളോട് യാത്രാവേളകളില്‍ കൊടും തണുപ്പുള്ള രാത്രികളിലും ശക്തമായ മഴയുള്ളപ്പോഴും  ബാങ്ക് കൊടുത്ത ശേഷം (ألا صلوا في الرحال) "നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ നമസ്കരിച്ചുകൊള്ളുക" എന്ന് പറയാന്‍ കല്പിക്കാറുണ്ടായിരുന്നു. - [സ്വഹീഹുല്‍ ബുഖാരി: 632].  

അതുകൊണ്ടുതന്നെ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്ന സമയത്തും രോഗങ്ങള്‍ വ്യാപിക്കുന്ന സമയത്തും  അപ്രകാരമാവാം എന്ന് പറയേണ്ടതില്ലല്ലോ. 

وصلى الله على نبينا محمد وسلم. 

ഔഖാഫ് മന്ത്രാലയം
ഫത്'വാ & മതകാര്യ ഗവേഷണ വിഭാഗം സെക്രട്ടറി.
ഈസാ അഹ്മദ് ഈസാ അല്‍ ഉബൈദലി.


(വിവര്‍ത്തനം അവസാനിച്ചു. www.fiqhussunna.com )