Wednesday, August 17, 2016

വസ്തുവിന്‍റെ ന്യൂനത തുറന്ന് പറയാതെ വില്‍ക്കല്‍ അനുവദനീയമാണോ ?. വാങ്ങുന്നവര്‍ക്ക് ചെക്ക് ചെയ്ത് വാങ്ങാന്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട് എങ്കിലോ ?!.

ചോദ്യം: ഞാന്‍ വില്‍ക്കുന്ന വാഹനത്തില്‍ ഇന്നയിന്ന കുഴപ്പങ്ങള്‍ ഉള്ളതായി എനിക്കറിയാം. എന്നാല്‍ വാങ്ങിക്കുന്ന ആളോട് അത് തുറന്ന് പറയാതെ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പോയി ചെക്ക് ചെയ്യാം. വാങ്ങിയ ശേഷം കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ അറിയുകയില്ല എന്ന് പറഞ്ഞുകൊണ്ട് വില്‍ക്കാമോ ?. 

www.fiqhussunna.com

ഉത്തരം:  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
 
അപ്രകാരം കച്ചവടം ചെയ്യുക നിഷിദ്ധമാണ്. നിങ്ങള്‍ക്ക് അറിയാവുന്ന ന്യൂനതകള്‍ തുറന്ന് പറഞ്ഞുകൊണ്ടായിരിക്കണം കച്ചവടം നടത്തേണ്ടത്. അല്ലാത്ത പക്ഷം നിങ്ങള്‍ ചെയ്യുന്നത് വഞ്ചനയാണ് എന്ന് മാത്രമല്ല  അക്കാരണത്താല്‍ അല്ലാഹു ആ ധനത്തില്‍ നിന്നും അവന്‍റെ കാരുണ്യവും അനുഗ്രഹവും ഇല്ലാതാക്കിയേക്കാം.

അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു:

عَنْ حَكِيمِ بْنِ حِزَامٍ عَنِ النَّبِىِّ -صلى الله عليه وسلم- قَالَ « الْبَيِّعَانِ بِالْخِيَارِ مَا لَمْ يَتَفَرَّقَا فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِى بَيْعِهِمَا وَإِنْ كَذَبَا وَكَتَمَا مُحِقَتْ بَرَكَةُ بَيْعِهِمَا ».

"ഹകീം ബ്ന്‍ ഹിസാം (റ) നിവേദനം: നബി (സ) പറഞ്ഞു: "പരസ്പരം വേര്‍പിരിയുന്നത് വരെ വില്‍ക്കുന്നവനും വാങ്ങിക്കുന്നവനും (തീരുമാനമെടുക്കാനുള്ള) സ്വാതന്ത്ര്യമുണ്ട്. അവര്‍ പരസ്പരം സത്യസന്തമായും സുതാര്യമായുമാണ് കച്ചവടം നടത്തുന്നത് എങ്കില്‍ അല്ലാഹു അവരിരുവരുടെയും കച്ചവടത്തില്‍ ബര്‍ക്കത്ത് നല്‍കും. എന്നാല്‍ പരസ്പരം കളവ് പറഞ്ഞുകൊണ്ടും മൂടിവെച്ചുകൊണ്ടുമാണ് അവര്‍ കച്ചവടം നടത്തുന്നത് എങ്കില്‍  അല്ലാഹു അവരുടെ കച്ചവടത്തിന്‍റെ ബര്‍ക്കത്ത് തുടച്ചുനീക്കും." - [സ്വഹീഹുല്‍ ബുഖാരി: 2082, സ്വഹീഹ് മുസ്‌ലിം: 3937]. 

മാത്രമല്ല കച്ചവടം ചെയ്യുന്നയാള്‍ വസ്തുവിന്‍റെ ന്യൂനതകള്‍ പ്രകടമാക്കണം എന്ന് റസൂല്‍ (സ) വളരെ ഗൗരവത്തോടെ  നിഷ്കര്‍ഷിച്ചിട്ടുണ്ട്.

عَن أَبِي هُرَيْرَةَ ، أَنّ النَّبِيَّ صلى الله عليه وسلم مَرَّ بِرَجُلٍ يَبِيعُ طَعَامًا ، فَقَالَ : كَيْفَ تَبِيعُ ؟ فَأَخْبَرَهُ ، فَأَوْحَى اللَّهُ إِلَيْهِ أَنْ أَدْخِلْ يَدَكَ فِيهِ ، فَأَدْخَلَ يَدَهُ فَإِذَا هُوَ مَبْلُولٌ ، فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم : لَيْسَ مِنَّا مَنْ غَشَّنَا

അബൂഹുറൈറ (റ) നിവേദനം: "നബി (സ) ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഒരാളുടെ അരികിലൂടെ കടന്നുപോയി. അദ്ദേഹം ചോദിച്ചു: നീ എപ്രകാരമാണ് കച്ചവടം ചെയ്യുന്നത് ?. അയാള്‍ അത് വിവരിച്ചു കൊടുത്തു. അപ്പോള്‍ തന്‍റെ കൈകള്‍ (ആ ധാന്യത്തിലേക്ക്) പ്രവേശിപ്പിച്ച് നോക്കാന്‍ അല്ലാഹു നബി (സ) ക്ക് വഹ്'യ് നല്‍കി. അദ്ദേഹം തന്‍റെ കൈ ആ ധാന്യത്തിനിടയിലേക്ക് പ്രവേശിപ്പിച്ചു. അത് നനഞ്ഞിരുന്നു. അപ്പോള്‍ ആ കച്ചവടക്കാരനോട് അല്ലാഹുവിന്‍റെ റസൂല്‍ (സ) ഇപ്രകാരം പറഞ്ഞു: "നമ്മെ വഞ്ചിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല." - [സുനനുസുഗ്റ-ബൈഹഖി :  2013]. 

അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:

عَنْ عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ ، قَالَ : سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : الْمُسْلِمُ أَخُو الْمُسْلِمِ وَلا يَحِلُّ لِمُسْلِمٍ إِنْ بَاعَ مِنْ أَخِيهِ بَيْعًا فِيهِ عَيْبٌ أَنْ لاَ يُبَيِّنَهُ لَهُ

ഉഖ്ബതു ബ്നു ആമിര്‍ അല്‍ജുഹനി (റ) പറയുന്നു: റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു: "ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്‍റെ സഹോദരനാണ്. അതുകൊണ്ടുതന്നെ തന്‍റെ സഹോദരന് ന്യൂനതയുള്ള ഒരു വസ്തു വിറ്റാല്‍ ആ ന്യൂനത അവനെ അറിയിക്കാതിരിക്കുകയെന്നത് ഒരു മുസ്‌ലിമിന് പാടില്ല." - [സുനനുസുഗ്റ-ബൈഹഖി :  2014].

എന്നാല്‍ ഈ വിഷയം മറി കടക്കാന്‍ പലരും പയറ്റാറുള്ള ഒരു തന്ത്രമാണ് ചോദ്യകര്‍ത്താവ് സൂചിപ്പിച്ചത് പോലെ നിങ്ങള്‍ എവിടെ വേണമെങ്കിലും കൊണ്ടുപോയി പരിശോധിച്ചു കൊള്ളുക. ന്യൂനത ഉണ്ടോ എന്ന് നിങ്ങള്‍ ഉറപ്പ് വരുത്തിയ ശേഷം മാത്രം വാങ്ങിയാല്‍ മതി.  എന്നാല്‍ പിന്നീട് ന്യൂനതകള്‍ കണ്ടാല്‍ ഞാന്‍ ഉത്തരവാദിയല്ല തുടങ്ങിയ വാക്കുകള്‍. 

സത്യത്തില്‍ ഇവിടെ കൂടുതല്‍ വഞ്ചന നടത്തുകയാണ് ചെയ്യുന്നത്. കാരണം അത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവന് വിശ്വാസ്യത ഒന്നുകൂടി വര്‍ധിക്കാന്‍ അത് ഇടവരുത്താറാണ് പതിവ്. പലപ്പോഴും അത് കേട്ട് യാതൊരു പരിശോധനയും നടത്താതെത്തന്നെ വാങ്ങാന്‍ പലരും തയ്യാറാവുകയും ചെയ്യും. അതുകൊണ്ട് കൊടുംവഞ്ചന എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. താന്‍ വില്‍ക്കുന്ന വസ്തുവിന് വല്ല ന്യൂനതയും ഉള്ളതായി ഒരാള്‍ക്ക് അറിയുമെങ്കില്‍ വാങ്ങിക്കുന്ന ആളോട് അത് തുറന്ന് പറയുക എന്നത് മതപരമായി നിര്‍ബന്ധമായ കാര്യമാണ്. 

പ്രത്യേകിച്ചും യൂസ്ഡ് ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുമ്പോള്‍. തനിക്കറിയാവുന്ന ന്യൂനതകള്‍ മറച്ച് വെക്കുകയെന്നുള്ളത് വഞ്ചനയും അതുമുഖേന കരസ്ഥമാക്കുന്ന ധനം ഹറാമായ ധനവുമാണ്. "ഹറാമായ ധനത്തില്‍ നിന്നും വളരുന്ന ഇറച്ചിക്ക് ഏറ്റവും ഉചിതം നരകമാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിചിട്ടുമുണ്ട്. അതുകൊണ്ട് നാം സൂക്ഷിക്കുക. അതിലുപരി ആ ധനം ഭൗതികമായിത്തന്നെ തനിക്ക് ഉപകരിച്ചില്ല എന്ന് വരാം. കാരണം അല്ലാഹു അതില്‍ നിന്നും ബര്‍ക്കത്ത് എടുത്ത് കളയും എന്ന് നാം മനസ്സിലാക്കിയല്ലോ.

പലപ്പോഴും സത്യസന്ധമായി കച്ചവടം ചെയ്‌താല്‍ കച്ചവടം നടക്കില്ല എന്ന തെറ്റായ ധാരണയില്‍ നിന്നുമാണ് ആളുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരാറുള്ളത്. അത് പിശാചിന്‍റെ ദുര്‍ബോധനമാണ്. അല്ലാഹുവിനെ അനുസരിക്കുന്നതില്‍ നിന്നും ആളുകളെ വഴി പിഴപ്പിക്കാന്‍ അവന്‍ സദാ ശ്രമിച്ചുകൊണ്ടേയിരിക്കും. സത്യസന്ധമായ കച്ചവടത്തില്‍ ലാഭം അല്പം കുറഞ്ഞാല്‍പ്പോലും അല്ലാഹുവിന്‍റെ അനുഗ്രഹമുണ്ടാകും എന്ന് മാത്രമല്ല ആത്മാര്‍ത്ഥവും സത്യസന്ധവുമായി കച്ചവടം ചെയ്യുകയും അല്ലാഹുവില്‍  തവക്കുല്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു സുബ്ഹാനഹു വ തആല കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുകയും ഉപജീവനമാര്‍ഗങ്ങള്‍  വര്‍ദ്ധിപ്പിച്ച് നല്‍കുകയും ചെയ്യും. അതല്ലാഹുവിന്‍റെ വാഗ്ദാനമാണ്:

وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا

 "അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌".- [വിശുദ്ധഖുര്‍ആന്‍ : 65/2-3].

അതുകൊണ്ട് വസ്തുക്കള്‍ കച്ചവടം ചെയ്യുമ്പോള്‍ തനിക്കറിയാവുന്ന ന്യൂനതകള്‍ തുറന്ന് പറഞ്ഞുകൊണ്ട് സത്യസന്ധമായും സുതാര്യമായും കച്ചവടം ചെയ്യുക. അപ്രകാരം ചെയ്യല്‍ ഒരു മുസ്‌ലിമിന് നിര്‍ബന്ധവുമാണ്‌. ന്യൂനതകള്‍ മറച്ച് വെച്ച് കച്ചവടം നടത്തുക എന്നതാകട്ടെ നിഷിദ്ധവും അതുമുഖേന ലഭിക്കുന്ന ധനം ഹറാമായ ധനവുമാണ്.

ഇനി ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ്,
ഒരാള്‍ ഒരു വസ്തു വാങ്ങിക്കുകയും, അതില്‍ താന്‍ വാങ്ങിക്കുന്നതിന് മുന്‍പേ ന്യൂനത ഉണ്ടായിരുന്നു എന്ന് കണ്ടെത്തുകയും ചെയ്‌താല്‍, അയാള്‍ക്ക് അത് തിരികെ നല്‍കുകയോ അതല്ലെങ്കില്‍ നഷ്ടപരിഹാരം സ്വീകരിക്കുകയോ ചെയ്യാന്‍ ശറഇയ്യായി അവകാശമുണ്ട്.

എന്നാല്‍
കച്ചവടക്കാരന്‍ തനിക്ക് അറിയാവുന്ന ന്യൂനതകള്‍ വാങ്ങിക്കുന്നയാളെ ബോധ്യപ്പെടുത്തുകയും,  'ഇനി മറ്റു വല്ല ന്യൂനതകളും ഉള്ളതായി തനിക്കറിയില്ല, അപ്രകാരം ഉണ്ടെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ല' എന്ന് പറയുകയും ചെയ്തിട്ടുണ്ടെങ്കില്‍, അതംഗീകരിച്ചുകൊണ്ട് ഒരാള്‍ ആ വസ്തു വാങ്ങിച്ചാല്‍ ന്യൂനത കാരണത്താല്‍ ആ വസ്തു തിരികെ നല്‍കാനോ, നഷ്ടപരിഹാരം ഈടാക്കാനോ അയാള്‍ക്ക് അവകാശമില്ല. ഫുഖഹാക്കള്‍ ഈ വിഷയസംബന്ധമായി നടത്തിയ ചര്‍ച്ചയില്‍ നിന്നും പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്ന അഭിപ്രായം ഇതാണ്‌. കാരണം വസ്തുവിന് ന്യൂനത ഉണ്ടെങ്കില്‍ മടക്കി നല്‍കാം എന്ന തന്‍റെ ശറഇയ്യായ അവകാശത്തെ സ്വയം വേണ്ടെന്നു വെച്ചത് അയാളാണ്.

പക്ഷെ നാം നേരത്തെ സൂചിപ്പിച്ച കാര്യം എല്ലായിപ്പോഴും ബാധകമാണ്. അഥവാ തനിക്ക് മുന്‍കൂട്ടി അറിയുന്ന ഒരു ന്യൂനത മറച്ച് വെക്കാന്‍ ഒരിക്കലും ഒരു കച്ചവടക്കാരന് പാടില്ല. അപ്രകാരം ചെയ്യുന്നവന്‍ അല്ലാഹുവിന്‍റെ മുന്നില്‍ കുറ്റക്കാരനും വഞ്ചകനുമാണ്.

അല്ലാഹു നമുക്ക് സത്യസന്ധമായ മാര്‍ഗത്തിലൂടെ ഉപജീവനം നേടാനും, അതുകൊണ്ട് തൃപ്തിയടയാനും തൗഫീഖ് നല്‍കട്ടെ ....