Tuesday, August 16, 2016

Extended Warranty വാങ്ങിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി.

ചോദ്യം: വസ്തുക്കള്‍ വാങ്ങിക്കുമ്പോള്‍ Extended Warranty പണം കൊടുത്ത് വാങ്ങിക്കുന്നതിന്‍റെ വിധി എന്താണ് ?. ഉദാ: ഒരു മൊബൈല്‍ വാങ്ങിക്കുമ്പോള്‍ അതിന്‍റെ കൂടെ 1000 രൂപ കൂടി അധികം നല്‍കിയാല്‍ രണ്ട് വര്‍ഷം കൂടുതല്‍ വാറന്‍റി ലഭിക്കും. ഇത് ഇസ്‌ലാമികമായി അനുവദനീയമാണോ ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

പണം കൊടുത്ത് Extended Warranty വാങ്ങിക്കുക എന്നുള്ളത് അനുവദനീയമല്ല. കാരണം അത് ചൂതാട്ടത്തില്‍ പെടുന്ന കാര്യമാണ്. ഒരു വസ്തു വാങ്ങിക്കുമ്പോള്‍ അതിന്‍റെ കൂടെ പ്രത്യേകമായി പണം നിശ്ചയിക്കാതെ വസ്തുവിന്‍റെ നിര്‍മ്മാണത്തില്‍ ഉള്ള അപാകതകള്‍ കാരണത്താലോ, കാര്യക്ഷമതയില്‍ ഉള്ള ന്യൂനതയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കോ ഒക്കെ    ലഭിക്കുന്ന വാറന്‍റി  അനുവദനീയമാണ്. കാരണം അത് ഒരാള്‍ നമുക്ക് നല്‍കുന്ന 'വാക്ക്' , 'വാഗ്ദാനം' എന്ന ഗണത്തില്‍ പെടുന്നതാണ്. എന്നാല്‍ അതേ വാറന്‍റി പ്രത്യേകമായി വില നല്‍കി വാങ്ങിക്കുമ്പോള്‍ അത് ചൂതാട്ടം എന്ന ഗണത്തില്‍പ്പെടുന്നു. 

ഒന്നിനോട് അനുബന്ധമായി വരുമ്പോള്‍ അനുവദിക്കപ്പെടുകയും എന്നാല്‍ വേറിട്ടതാകുമ്പോള്‍ നിഷിദ്ധമായിത്തീരുകയും ചെയ്യുന്ന കാര്യത്തില്‍പ്പെട്ടതാണ് വാറന്‍റി. കര്‍മ്മശാസ്ത്രത്തില്‍ يجوز تبعا ما لا يجوز استقلالا അഥവാ (സ്വതന്ത്രമായി അനുവദിക്കപ്പെടാത്ത കാര്യങ്ങള്‍ മറ്റൊന്നിന് ഉപോല്‍ഭലകമായി വരുമ്പോള്‍ അനുവദിക്കപ്പെടാം) എന്ന നിയമത്തിന്‍റെ ഗണത്തിലാണ് ഫുഖഹാക്കള്‍ അതിനെ എണ്ണിയിട്ടുള്ളത്.  ഒരു വസ്തു വില്‍ക്കപ്പെടുമ്പോള്‍ അതിന് ഒരു വര്‍ഷം, രണ്ട് വര്‍ഷം തുടങ്ങി ആ വസ്തു വാങ്ങിക്കുന്നതിനോട് ഉപോല്‍ബലകമായി പ്രത്യേക പണം ഈടാക്കാതെ നല്‍കപ്പെടുന്ന വാറന്‍റിയില്‍ തെറ്റില്ല. സാധാരണ നിലക്ക് വസ്തു ഉപയോഗിക്കുന്ന വ്യക്തിയുടെ മോശമായ ഉപയോഗം കാരണത്താലോ അശ്രദ്ധ കാരണത്താലോ വസ്തുവിന് സംഭവിക്കുന്ന കുഴപ്പങ്ങള്‍ക്ക് ഇപ്രകാരം വാറന്‍റി നല്‍കാറില്ല. വസ്തുവിന്‍റെ നിര്‍മ്മാണപ്പിഴവുകള്‍ പ്രവര്‍ത്തനത്തിലെ അപാകതകള്‍ തുടങ്ങിയവയാണ് ഈ ഇനത്തില്‍ വരാറ്. 

എന്നാല്‍ വസ്തുവിന് വാറന്‍റി ലഭിക്കണമെങ്കില്‍ ഒരു വിലയും, വാറന്‍റി ഇല്ലാതെ മറ്റൊരു വിലയും എന്ന നിലക്കോ, അതല്ലെങ്കില്‍ നിശ്ചിത തുക നല്‍കിയാല്‍ ഇത്ര സമയം വാറന്‍റി അധികരിപ്പിച്ച് നല്‍കും എന്ന നിലക്കോ, വെള്ളത്തില്‍ വീണാല്‍, സ്ക്രീന്‍ താഴെ വീണ് പൊട്ടിയാല്‍, വാഹനം അപകടത്തില്‍പ്പെട്ടാല്‍ എന്നിങ്ങനെ ഉപഭോക്താവിന്‍റെ കാരണങ്ങളാല്‍ ഉണ്ടാകുന്ന വീഴ്ചകള്‍ക്ക് നിശ്ചിത പണം നല്‍കി വാറന്‍റി സ്വീകരിക്കാം എന്ന നിലക്കോ ഒക്കെ  ആണ് ഡീല്‍ എങ്കില്‍ അവിടെ വാറന്‍റി ഉള്ള  ഡീല്‍ വാങ്ങിക്കുകയോ, പണമടച്ച് വാറന്‍റി നീട്ടുകയോ ചെയ്യുന്നത് നിഷിദ്ധമാണ്. 

അപകടം സംഭവിക്കുമോ ഇല്ലയോ എന്നുള്ളത് ഉറപ്പില്ലാത്ത കാര്യമാണ്. എന്നാല്‍ നിശ്ചിത സംഖ്യ നല്‍കുകയും അതിന് പകരമായി വാറന്‍റി നല്‍കുകയും ചെയ്യുമ്പോള്‍, അവിടെ ആ പണം നല്‍കുക വഴിയാണ്  കേടുപാടുകള്‍ സംഭവിച്ചാല്‍ നഷ്ടപരിഹാരം, സര്‍വീസ്, റീപ്ലേസ്മെന്‍റ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കമ്പനി നമുക്ക് വാഗ്ദാനം ചെയ്യുന്നത്. അഥവാ അപകടം സംഭവിച്ചാല്‍ നമുക്കും ഇല്ലെങ്കില്‍ കമ്പനിക്കും നേട്ടമുണ്ടാകും.

ഇവിടെ സംഭവിക്കുമോ അതോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരു കാര്യത്തിന് ബദലായാണ് നാം പണം നല്‍കിയത്. ഇത് ശറഇല്‍ നിഷിദ്ധമായ ഇടപാടാണ്. ഇമാം മുസ്‌ലിം (റ) ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: 

عن أبي هريرة رضي الله عنه قال : نهى رسول الله صلى الله عليه وسلم عن بيع الغرر

അബൂഹുറൈറ (റ) പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂല്‍ (സ) ഊഹക്കച്ചവടം വിലക്കിയിരിക്കുന്നു." - [സ്വഹീഹ് മുസ്‌ലിം:  3881]. 

താന്‍ വില നല്‍കുമ്പോള്‍ അതിന് പകരമായി ലഭിക്കുന്ന സേവനം അല്ലെങ്കില്‍ ഉല്‍പന്നം ലഭിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തതോ, അതല്ലെങ്കില്‍ താന്‍ നല്‍കുന്ന പണത്തിന് പകരം ലഭിക്കുന്നത് എന്തായിരിക്കും എത്രയായിരിക്കും എന്നോ ഉറപ്പില്ലാത്ത കച്ചവടത്തിനാണ് بيع الغرر (ഊഹക്കച്ചവടം) എന്ന് പറയുന്നത്. വാറന്‍റി പണം നല്‍കി വാങ്ങിക്കുമ്പോള്‍ അത് ലഭിക്കുവാന്‍ ഇടവരുത്തുന്ന കാര്യം സ്വാഭാവികമായും ഊഹത്തില്‍ അധിഷ്ടിതമായ സംഭവിക്കുമോ എന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ആയിരിക്കുമല്ലോ.

എന്നാല്‍ ഒരു വസ്തുവിന് ആ വസ്തുവിനോടൊപ്പം പ്രത്യേകമായ പണം നിശ്ചയിക്കാതെ അവര്‍ നല്‍കുന്ന വാറന്‍റി അനുവദനീയവുമാണ്. വസ്തു വാങ്ങിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ ആ വാഗ്ദാനം ലഭിക്കുകയും ചെയ്യുന്നു. അത് കേവലം وعد അഥവാ (വാഗ്ദത്തം) എന്ന ഗണത്തില്‍ പെടുന്നതാണ്. വസ്തുവിന്‍റെ ഗുണമേന്മയും വിശ്വാസ്യതയും അനുസരിച്ച് കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഒരു പ്രോമിസ് ആണ് അത്. അതിനനുസരിച്ച് വസ്തുവിന്‍റെ അടിസ്ഥാന വില അവര്‍ക്ക് വര്‍ദ്ധിപ്പിക്കുകയുമാകാം. അതേ പ്രോമിസ് വേറിട്ട വില്പന വസ്തു ആകുമ്പോഴാണ് അത് ഊഹക്കച്ചവടമായി മാറുന്നത്. ഇതേ മാനദണ്ഡം അനുസരിച്ചാണ് കണ്‍വെന്‍ഷനല്‍ ഇന്‍ഷുറന്‍സ് സംവിധാനവും നിഷിധമാകുന്നത്. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ലിങ്കില്‍ പോകാവുന്നതാണ്: http://www.fiqhussunna.com/2015/07/blog-post_23.html.

നാം വിശദീകരിച്ചതിന്‍റെ സാരാംശം:

വാറന്‍റികള്‍ രണ്ട് വിധമുണ്ട്: 

ഒന്ന്: വസ്തു വാങ്ങിക്കുമ്പോള്‍ വാറന്‍റിക്ക് പ്രത്യേകമായ വില നിശ്ചയിച്ച് അത് ഈടാക്കി വാറന്‍റി നല്‍കുന്ന രീതി. ഈ ഇനത്തില്‍ വേണമെങ്കില്‍  വാറന്‍റി ഉപേക്ഷിച്ച്, അല്ലെങ്കില്‍ Extended Warranty ഉപേക്ഷിച്ച് അതിന്‍റെ വില കസ്റ്റമര്‍ക്ക്  ലാഭിക്കാം. പണം നല്‍കി വാറന്‍റി വര്‍ദ്ധിപ്പിക്കുകയുമാകാം. ഈ ഇടപാട് നിഷിദ്ധവും ഊഹക്കച്ചവടത്തിലും ചൂതാട്ടത്തിലും പെട്ടതും ആണ്. വസ്തു കേടു വരാതിരിക്കുകയോ കേടു വരികയോ ചെയ്യാവുന്നതും, താന്‍ നല്‍കിയ പണത്തേക്കാള്‍ കൂടുതലോ, കുറവോ ആയ കേടുപാടുകള്‍ സംഭവിക്കാവുന്നതുമായ തീര്‍ത്തും ഊഹത്തില്‍ അധിഷ്ടിതമായ ഒരിടപാടാണിത്. ഇത് നിഷിദ്ധമാണ്. 

രണ്ട്: വസ്തു വാങ്ങിക്കുമ്പോള്‍ത്തന്നെ അതിന്‍റെ കൂടെ ലഭ്യമായ, പ്രത്യേകമായ തുക അധികം നല്‍കേണ്ടതില്ലാത്ത വാറന്‍റി. ഇവിടെ വാറന്‍റി എന്നുള്ളത് വസ്തുവില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന മറ്റൊരു ഇടപാട് അല്ല. മറിച്ച് വസ്തു വാങ്ങിക്കുന്ന ഇടപാടില്‍ത്തന്നെ അടങ്ങിയതാണ്. അതില്‍ വസ്തുവിന് ഉണ്ടാകാനിടയുള്ള ന്യൂനതകള്‍ (Defects), പ്രവര്‍ത്തനത്തിലെ അപാകതകള്‍ (Technical Errors) തുടങ്ങിയവ നിശ്ചിത കാലത്തേക്ക് നന്നാക്കി നല്‍കുമെന്നോ, വസ്തു മാറ്റി നല്‍കുമെന്നോ ഒക്കെ ഉറപ്പ് നല്‍കുന്ന വാറന്‍റിയായിരിക്കും ഇത്. ഉപഭോക്താവിന്‍റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ കാരണത്താല്‍ വരുന്ന അപാകതകള്‍ ഇതില്‍ ഉള്‍പ്പെടാറില്ല. ഈ കരാര്‍  കര്‍മ്മശാസ്ത്രത്തില്‍ (ضمان العيب , ന്യൂനതക്ക് നഷ്ടപരിഹാരം ഉറപ്പ് നല്‍കല്‍) എന്ന ഗണത്തിലോ (ضمان العيب الذي لا يعلم إلا بالتجربة , ഉപയോഗിച്ച് നോക്കിയാലല്ലാതെ അറിയാന്‍ പറ്റാത്ത ന്യൂനതകളുടെ നഷ്ടപരിഹാരം ഉറപ്പ് നല്‍കല്‍) എന്ന ഗണത്തിലോ ആണ് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടായാലും ഇത് അനുവദനീയമാണ്. 

ഇനി സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ചോദ്യം ഞാന്‍ Extended Warranty പണം നല്‍കി വാങ്ങിക്കഴിഞ്ഞു. അന്നത് നിഷിദ്ധമാണ് എന്ന് അറിയില്ലായിരുന്നു. ഇനി എന്ത് ചെയ്യും എന്നതാണ്. ആത്മാര്‍ഥമായി തൗബ ചെയ്യുകയും അതിന്‍റെ ശറഇയായ വശം മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി അതുമായി ബന്ധപ്പെടുകയില്ല എന്ന് ഉറച്ച തീരുമാനം എടുക്കുകയും ചെയ്യുകയാണ് വേണ്ടത്. അതോടൊപ്പം ആ Extended Warranty ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുക. എന്നാല്‍ വസ്തുവിന്‍റെ കൂടെ അഡീഷണല്‍ ചാര്‍ജ് നല്‍കാതെ സ്വാഭാവികമായി ലഭിച്ച വാറന്‍റി താങ്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതുമാണ്.

എന്നാല്‍ ഈ വിധി നിരുപാധികം  മൈന്‍റനന്‍സ് കൊണ്ട്രാക്റ്റുകള്‍ക്ക് ബാധകമാക്കാന്‍ കഴിയില്ല. മൈന്‍റനന്‍സ് കൊണ്ട്രാക്റ്റുകളെ സംബന്ധിച്ച് വിശദമായി വേറെത്തന്നെ വിശദീകരിക്കേണ്ടതുണ്ട്. കാരണം വ്യത്യസ്ഥ രൂപങ്ങളിലുള്ള  മൈന്‍റനന്‍സ് കൊണ്ട്രാക്റ്റുകളുണ്ട്. അവയില്‍ അനുവദനീയമായവയും അനുവദനീയമല്ലാത്തവയും ഉണ്ട്. അത് മറ്റൊരു ആര്‍ട്ടിക്കിളില്‍ വ്യക്തമാക്കാം ഇന്‍ ഷാ അല്ലാഹ്...

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍... അല്ലാഹു അനുഗ്രഹിക്കട്ടെ ...