Friday, August 5, 2016

ഇമാം അഹ്മദി (റ) ന്‍റെ ഉസ്വൂലുസ്സുന്ന - വിവരണം : ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി PART 5 : ഹവയുടെ (തന്നിഷ്ടക്കാര്‍) ആളുകള്‍ക്കൊപ്പമുള്ള ഇരുത്തവും വാഗ്വാദവും ഉപേക്ഷിക്കല്‍.


[ഇമാം അഹ്മദ് (റ) യുടെ ഉസൂലുസ്സുന്ന എന്ന ഗ്രന്ഥത്തിന്‍റെയും അതിന് ശൈഖ് റബീഅ് ബ്ന്‍ ഹാദി അല്‍ മദ്ഖലി നല്‍കിയ വിശദീകരണവും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണിത്].  

അഹ്ലുസ്സുന്നയുടെ ഉസ്വൂലുകളില്‍ പെട്ട മറ്റൊരു കാര്യമാണ്:

ഹവയുടെ (തന്നിഷ്ടക്കാര്‍) ആളുകള്‍ക്കൊപ്പമുള്ള ഇരുത്തവും വാഗ്വാദവും ഉപേക്ഷിക്കല്‍ : 

www.fiqhussunna.com
 
അഥവാ സംവാദവും തര്‍ക്കവും അധികരിപ്പിക്കരുത്. സംവാദം ആവശ്യമായി വരുന്നവനോട് അതുപകാരപ്പെടുമെന്ന് കാണുന്ന സന്ദര്‍ഭത്തിലല്ലാതെ അതിന് മുതിരരുത്. ഒരാള്‍ നീയുമായി ചര്‍ച്ച ചെയ്യുന്നത് സത്യത്തിലേക്കെത്താന്‍ വേണ്ടിയാണ് എന്നുണ്ടെങ്കിലേ നീയതിന് മുതിരാവൂ.

وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ ۚ

“ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക.” - [നഹ്ല്‍: 125]. 

മറിച്ച് നിന്നെ വഴി തെറ്റിക്കാനോ, മത്സരിച്ച് പരാജയപ്പെടുത്താനോ ആണ് ഒരാള്‍ നീയുമായി സംവദിക്കുന്നതെങ്കില്‍ അവനുമായി നീ സംവാദത്തിലേര്‍പ്പെടരുത്. മതത്തില്‍ വിലക്കപ്പെട്ടതും നിന്ദിക്കപ്പെട്ടതുമായ തര്‍ക്കത്തിലും കലഹത്തിലും പെട്ടതാണത്. കലഹങ്ങളും തര്‍ക്കങ്ങളും ഉപേക്ഷിക്കുക. സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി പക്വതയോടെ പെരുമാറുന്നവാനാണ് യുക്തിമാന്‍. തന്‍റെ സംശയങ്ങള്‍ ദൂരീകരിച്ച്‌ നല്‍കാന്‍ ആരെങ്കിലും നിന്നോടാവശ്യപ്പെട്ടാല്‍ നീ അവന്‍റെ സംശയങ്ങള്‍ ദൂരീകരിച്ച്‌ കൊടുക്കുക. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമെന്ന രൂപത്തില്‍ അവന്‍റെ ശരികള്‍ അംഗീകരിച്ചും തെറ്റുകള്‍ തിരുത്തിക്കൊടുത്തും യുക്തിയോടെയും സദുപദേശത്തോടെയുമാണ് അത് ചെയ്യേണ്ടത്. പരാജയപ്പെടുത്താന്‍ വേണ്ടിയായിരിക്കരുത്. സത്യം വെളിപ്പെടാനും, അത് ബോധ്യപ്പെടുത്താനും ഉപകരിക്കുന്ന രൂപത്തില്‍ വഴി ചോദിച്ചു വന്നവനുള്ള ഒരു വഴികാട്ടലായിരിക്കണം അത്.

ഇമാം അഹ്മദ് പറയുന്നു: “അവരോടൊപ്പമുള്ള ഇരുത്തവും ഉപേക്ഷിക്കുക.”

അഥവാ സ്വന്തം ചിന്തക്കും യുക്തിക്കും പ്രമാണങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുന്നവരോടൊപ്പമുള്ള കൂടിയിരുത്തം ഉപേക്ഷിക്കുക. എന്തുകൊണ്ടെന്നാല്‍ അവരോടൊപ്പം കൂട്ട്കൂടുന്നതും അവരോടൊപ്പമിരിക്കുന്നതും വഴികേടിന് കാരണമാകാറാണ് പതിവ്.

ചില ആളുകള്‍ അവരുടെ ബുദ്ധിയും അറിവുമെല്ലാം കണ്ട് അതില്‍ കണ്ണ് മഞ്ഞളിച്ച് അവരോടൊപ്പം കൂട്ട്കൂടുകയും സഹവസിക്കുകയും ചെയ്യാറുണ്ട്. എനിക്ക് വ്യതിയാനങ്ങളൊന്നും സംഭവിക്കുകയില്ല എന്ന രൂപത്തില്‍ അമിതമായ ആത്മവിശ്വാസം കാണിക്കുകയും അവസാനം ആ ബിദ്അത്തുകാരുടെ വഴികേടുകളിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. ഇത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. ഇമാം ഇബ്നു ബത്വ (റഹി) ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് പറയുന്നു: “ ആദ്യമൊക്കെ ബിദ്അത്തുകാരെ വിമര്‍ശിക്കുകയും ശപിക്കുകയുമൊക്കെ ചെയ്യുകയും പിന്നീട് അവരോടൊപ്പം കൂടിയിരിക്കുകയും സഹാവസിക്കുകയുമൊക്കെ ചെയ്തതിനാല്‍ അവരില്‍പ്പെട്ടവരായിത്തീരുകയും ചെയ്ത ആളുകളെ നമുക്കറിയാം. ചിലര്‍ സ്വയം മറ്റു ചിലരില്‍ ആകൃഷ്ടരാവുകയും ബിദ്അത്തിന്റെ പടുകുഴിയില്‍ ആപതിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ പേരുകള്‍ ഇവിടെ പരാമര്‍ശിക്കുവാന്‍ ഞാനാഗ്രഹിക്കുന്നില്ല. മതവിദ്യാര്‍ഥികള്‍ക്കിടയില്‍ അവര്‍ കുപ്രസിദ്ധരാണ്.” 

والجلوس مع أصحاب الأهواء

‘ഹവയുടെ (തന്നിഷ്ടക്കാരുടെ) കൂടെയിരിക്കുന്നതിനെ നീ സൂക്ഷിക്കുക’. എന്ന ഇമാം അഹ്മദിന്‍റെ ഈ വാചകത്തിനുള്ള തെളിവാണ്:

وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ

 “നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനങ്ങളിലും പ്രവേശിക്കുന്നതുവരെ നീ അവരില്‍ നിന്നും തിരിഞ്ഞുകളയുക.” - [അന്‍ആം: 68].

ഒരിക്കലും അവരോട് കൂട്ടിരിക്കരുത്. കാരണം അവര്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ അപഹസിക്കുകയും. അല്ലാഹുവിന്‍റെ മേല്‍ തങ്ങള്‍ക്കറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയുമാണ്‌ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്‍റെ ദീനിനോടും അവന്‍റെ ഗ്രന്ഥത്തോടുമുള്ള അപഹാസത്തെ ആസ്പദമാക്കിയല്ലാതെ ഒരു ബിദ്അത്തും നിലനില്‍ക്കുന്നില്ല. എന്നിട്ടും അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ആ കാര്യങ്ങളെ യാതൊരു മടിയുമില്ലാതെ വിശുദ്ധഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും ചേര്‍ത്തിപ്പറയുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ അവരുമായുള്ള ബന്ധം വിഛേദിക്കല്‍ നിര്‍ബന്ധമാണ്‌. നേരത്തെ സൂചിപ്പിച്ച പ്രവാചക വചനം നാം ഒരിക്കലും മറക്കരുത്. അദ്ദേഹം പറയുന്നു:

" فإذا رأيت الذين يتبعون ما تشابه منه فأولئك الذين سمى الله فاحذروهم "

“ആകയാല്‍ അതില്‍ (ഖുര്‍ആനില്‍) ആശയ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നവരെ നീ കണ്ടാല്‍ അവരെയാണ് അല്ലാഹു പേരെടുത്ത് പറഞ്ഞതെന്ന് മനസ്സിലാക്കുകയും അവരെ സൂക്ഷിക്കുകയും ചെയ്യുക.” - [സ്വഹീഹുല്‍ ബുഖാരി: 4547, സ്വഹീഹ് മുസ്‌ലിം: 2665]. 


" يكون أناس في أمتي يأتونكم بما لم تعلموا أنتم ولا آباؤكم فإياكم وإياهم "

“എന്‍റെ ഉമ്മത്തിലെ ചില ആളുകള്‍ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങളുമായി കടന്നുവരും. ആകയാല്‍ നിങ്ങളവരെ സൂക്ഷിക്കുക.” - [സ്വഹീഹ് മുസ്‌ലിം: 15.

ഇതും ബിദ്അത്തുകാരോടൊപ്പം കൂട്ട് കൂടുന്നതില്‍ നിന്നും താക്കീത് നല്‍കുന്ന നബിവചനമാണ്. എന്നാല്‍ വിവരമില്ലാത്തവരും, തങ്ങളുടെ വിവരമില്ലായ്മ കാരണത്താല്‍ വഞ്ചിക്കപ്പെട്ടവരുമായ ചിലരുണ്ടാകും. അവരുടെ തെറ്റ് വ്യക്തമാക്കിക്കൊടുക്കാനുള്ള അറിവും, പ്രമാണവും നിന്‍റെ പക്കലുണ്ടെങ്കില്‍ അവരെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിനും അവര്‍ക്ക് സത്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും യാതൊരു കുഴപ്പവുമില്ല. മറിച്ച് സാഹോദര്യ ബന്ധം സ്ഥാപിക്കുകയും, ചങ്ങാത്തം കൂടുകയും സഹവസിക്കുകയും ചെയ്യും വിധം അവരോടൊപ്പമിരുന്നാല്‍ അത് നിന്നെ വഴികേടിലേക്ക് വലിച്ചിഴക്കും. വിവേകമുള്ളവന്‍ നിര്‍ബന്ധമായും അത്തരം ഒരു സാഹചര്യത്തിന് ഇടവരുത്തരുത്.

സ്വഹാബികളില്‍ ഇബ്നു അബ്ബാസ് (റ) നെപ്പോലുള്ള ചിലരും, താബിഈങ്ങളില്‍ പ്രമുഖരായ അയ്യൂബുസ്സഖ്തിയാനി (റഹി), ഇബ്നു സീരീന്‍ (റഹി), തുടങ്ങിയവരും സംവാദങ്ങളില്‍ നിന്നും ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവരാരും ബിദ്അത്തുകാരില്‍ നിന്നും യാതൊന്നും തന്നെ കേള്‍ക്കുവാന്‍ കൂട്ടാക്കാറുണ്ടായിരുന്നില്ല. ഒരു ഹദീസോ ആയത്തോ കേള്‍പിക്കാമെന്നാണ് ബിദ്അത്തുകാരന്‍ വാഗ്ദാനം ചെയ്യുന്നതെങ്കില്‍ പോലും അവരതിന് ചെവി കൊടുക്കാറുണ്ടായിരുന്നില്ല. ‘വേണ്ട എനിക്ക് കേള്‍ക്കണ്ട’ എന്നതായിരുന്നു അവരുടെ മറുപടി. അതിന്‍റെ കാരണമന്വേഷിച്ചാല്‍ അവര്‍ പറയും: ‘എന്‍റെ ഹൃദയം എന്‍റെ പക്കലല്ല. എന്‍റെ ഹൃദയത്തില്‍ അവരുടെ വാക്കുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും പിന്നീടൊരിക്കലും അതില്‍ നിന്നും മോചിതനാകാന്‍ സാധിക്കാതെ വരുമെന്നും ഞാന്‍ ഭയപ്പെടുന്നു.” അഹ്ലുസ്സുന്നയുടെ ആദര്‍ശം കൊണ്ടുണ്ടാകുന്ന സമാധാനം. അതിനു തുല്യമായി യാതൊന്നുമില്ല. ഒരാളും തന്നെ കുഴപ്പങ്ങളിലേക്ക് സ്വയം എടുത്ത് ചാടരുത്. തന്‍റെ ദുര്‍ബലതയെക്കുറിച്ച് ബോധ്യമുള്ളവന്‍ പ്രത്യേകിച്ചും.       


(വിവര്‍ത്തകക്കുറിപ്പ്: ബിദ്അത്തുകാര്‍ക്ക് പ്രാധിനിധ്യം ഉള്ള ഇടങ്ങളില്‍ അവരുടെ പൊള്ളയായ വാദങ്ങള്‍ സാധാരണക്കാരില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അവരുടെ വാദത്തിന്‍റെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ തത്വിഷയത്തില്‍ അറിവും വിജ്ഞാനവും ഉള്ളവര്‍ക്ക് അവരുമായി സംവദിക്കാവുന്നതാണ്. എന്നാല്‍ അഹ്ലുസ്സുന്നക്ക് പ്രാധിനിധ്യം ഉള്ള ഇടങ്ങളില്‍ ബിദ്അത്തുകാരുമായി സംവദിക്കുക എന്നത് അവരുടെ ആശയങ്ങള്‍ പറയാന്‍ അവസരം കൊടുക്കലേ ആകൂ. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുമായി സംവദിക്കരുത്. ചില സന്ദര്‍ഭങ്ങളില്‍ സംവാദം കൊണ്ട് ഗുണവും ചില സന്ദര്‍ഭങ്ങളില്‍ ദോഷവും ആണ് ഉണ്ടാവുക. ഇത് പരിഗനിക്കപ്പെടണം. ഇമാം അഹ്മദ് (റ) യുടെ കാലത്ത് നിലനിന്നിരുന്ന വിശുദ്ധ ഖുര്‍ആന്‍ സ്രിഷ്ടിവാദം അവസാനിച്ചത് അന്നത്തെ ഭരണാധികാരിക്കു മുന്നില്‍ വെച്ച് ഉണ്ടായ ഹ്രസ്വമായ ഒരു സംവാദത്തിലൂടെയാണ്. ഇമാം അബൂ അബ്ദുറഹ്മാന്‍ അബ്ദുല്ലാഹ് ബ്ന്‍ മുഹമ്മദ്‌ അല്‍ അദ്റമി റഹിമഹുല്ലയാണ് അന്ന് ഖുര്‍ആന്‍ സൃഷ്ടിവാദക്കാരുടെ മുനയൊടിച്ചത്. ഭരണാധികാരിക്ക് അദ്ദേഹത്തിന്‍റെ തെറ്റ് ബോധ്യപ്പെടാനും ബിദ്അത്തുകാരുടെ വഞ്ചനയും ദുര്‍വ്യാഖ്യാനവും തിരിച്ചറിയാനും അത് കാരണമായി. ചില സാഹചര്യങ്ങളില്‍ അസത്ത്യം വളരെയധികം വ്യാപകമായാല്‍ ഒരുപക്ഷെ സത്യം ബോധ്യപ്പെടുത്താന്‍ സംവദിക്കല്‍ അനിവാര്യമായി വരുന്ന സന്ദര്‍ഭം വരെ ഉണ്ടായേക്കാം. തത് വിഷയത്തില്‍ അറിവും, വാദങ്ങളെ പ്രാമാണികമായി നേരിടാന്‍ കഴിവും പ്രാപ്തിയുമുള്ളവര്‍ അതിന് മുതിരണം. എന്നാല്‍ അത്ര തന്നെ പ്രചാരം നേടിയിട്ടില്ലാത്ത ഒറ്റപ്പെട്ട വാദങ്ങളുമായി സംവദിച്ച് അതിന് പ്രചാരം നേടിക്കൊടുക്കല്‍ ഒരിക്കലും പാടില്ലാത്തതാണ്. പ്രത്യേകിച്ച് അഹ്ലുസ്സുന്നക്ക് പ്രാധിനിധ്യം ഉള്ള ഇടങ്ങളില്‍. തനിക്കറിവില്ലാത്ത വിഷയങ്ങളില്‍ പോലും ആരുമായും സംവദിക്കുകയും, വിജയിക്കാന്‍ വേണ്ടി എന്തും വിളിച്ച് പറയുകയും ചെയ്യുന്ന രീതി ഒരിക്കലും ഇസ്‌ലാമികമല്ല. അറിവുള്ള വിഷയങ്ങളില്‍ പോലും അനിവാര്യഘട്ടങ്ങളിലെ സംവാദത്തിന് മുതിരാവൂ എങ്കില്‍ അറിവില്ലാത്ത വിഷയങ്ങളില്‍ പിന്നെ പറയേണ്ടതില്ലല്ലോ. അത് ഒരാളെ വഴികേടില്‍ കൊണ്ട് ചെന്നെത്തിക്കും). 

തുടരും .....

കഴിഞ്ഞ ഭാഗങ്ങള്‍:

Part 1: ആമുഖം

Part 3: ബിദ്അത്തിനെ സൂക്ഷിക്കലും അതില്‍ നിന്നകന്നു നില്‍ക്കലും.
Part 4: എല്ലാ ബിദ്അത്തും വഴികേടാകുന്നു.

[അറിയിപ്പ്: ഈ വിവര്‍ത്തനം വിവര്‍ത്തകന്‍റെ അനുവാദമില്ലാതെ പ്രസിദ്ധീകരണാവശ്യത്തിന് എടുക്കരുത്].