الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛
മുൻപ് ചോദിക്കപ്പെട്ട ഒരു ചോദ്യവുമായി ബന്ധപ്പെട്ട് ഇത് നാം വിശദീകരിച്ചിട്ടുണ്ട്. ആ മറുപടി ഇവിടെ ആവർത്തിക്കുന്നു :
മക്കളില്ലാതെ വിഷമിക്കുന്ന എത്രയോ ദമ്പതികളെ നമുക്കേവര്‍ക്കുമറിയാം .. അവര്‍ക്കല്ലാഹു സ്വാലിഹീങ്ങളായ സന്താനങ്ങളെ നല്‍കുമാറാകട്ടെ... അല്‍ഹംദുലില്ലാഹ് ...!. നിങ്ങള്‍ക്ക് മക്കളെ ലഭിച്ചുവല്ലോ... അല്ലാഹു അവരെ അവന്‍റെ നിയമങ്ങള്‍ പാലിക്കുന്ന, നിങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന കണ്‍കുളിര്‍മയുള്ള മക്കളാക്കി മാറ്റുമാറാകട്ടെ. സ്വാലിഹീങ്ങളായ മക്കള്‍ അല്ലാഹുവിന്‍റെ അനുഗ്രഹമാണ്. അവരെ സന്മാര്‍ഗത്തിലും സല്‍സ്വഭാവത്തിലും വളര്‍ത്തുകയെന്നുള്ളത് ഏറെ പ്രതിഫലാര്‍ഹാമായ കാര്യമാണ്. അല്ലാഹു അതിനു നിങ്ങള്‍ക്ക് തൗഫീഖ് നല്‍കട്ടെ...
മക്കളില്ലാതെ വിഷമിക്കുന്ന എത്രയോ ദമ്പതികളെ നമുക്കേവര്‍ക്കുമറിയാം .. അവര്‍ക്കല്ലാഹു സ്വാലിഹീങ്ങളായ സന്താനങ്ങളെ നല്‍കുമാറാകട്ടെ... അല്‍ഹംദുലില്ലാഹ് ...!. നിങ്ങള്‍ക്ക് മക്കളെ ലഭിച്ചുവല്ലോ... അല്ലാഹു അവരെ അവന്‍റെ നിയമങ്ങള്‍ പാലിക്കുന്ന, നിങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന കണ്‍കുളിര്‍മയുള്ള മക്കളാക്കി മാറ്റുമാറാകട്ടെ. സ്വാലിഹീങ്ങളായ മക്കള്‍ അല്ലാഹുവിന്‍റെ അനുഗ്രഹമാണ്. അവരെ സന്മാര്‍ഗത്തിലും സല്‍സ്വഭാവത്തിലും വളര്‍ത്തുകയെന്നുള്ളത് ഏറെ പ്രതിഫലാര്‍ഹാമായ കാര്യമാണ്. അല്ലാഹു അതിനു നിങ്ങള്‍ക്ക് തൗഫീഖ് നല്‍കട്ടെ...
www.fiqhussunna.com
ഈ വിഷയസംബന്ധമായി അടിസ്ഥാനപരമായി നാം മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്:
ഒന്ന്: സന്താനങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. അല്ലാഹുവിന്‍റെ റസൂല്‍(ﷺ)പറഞ്ഞു:
تَزَوَّجُوا الْوَدُودَ الْوَلُودَ فَإِنِّي مُكَاثِرٌ بِكُمْ الأُمَمَ
"നിങ്ങള്‍ സ്നേഹനിധികളും, സന്താനോല്പാദനശേഷിയുള്ളവരുമായ സ്ത്രീകളെ വിവാഹം ചെയ്യുക. മറ്റു ഉമ്മത്തുകളെ അപേക്ഷിച്ച് നിങ്ങളുടെ ആധിക്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളും." - [അല്‍ബാനി: സ്വഹീഹ് - ഇര്‍വാഉല്‍ ഗലീല്‍: 1784].
ഒരു സമൂഹത്തിന്‍റെ ആയാലും ഒരു രാജ്യത്തിന്‍റെ ആയാലും ഏറ്റവും വലിയ വിഭവശേഷി എന്ന് പറയുന്നത് മനുഷ്യരാണ്. അത് ദാരിദ്ര്യത്തിന് കാരണമാകും എന്ന് പറയുന്ന ചില വിഡ്ഢികളെ നമുക്ക് കാണാം. യഥാര്‍ത്ഥത്തില്‍ സന്താന നിയന്ത്രണമാണ് ദാരിദ്ര്യത്തിന് കാരണമാക്കുന്നത്. എന്തുകൊണ്ടെന്നാല്‍ അത് ഉല്പാദനക്ഷമരല്ലാത്ത വൃദ്ധന്മാരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിപ്പിക്കുകയും, ഉല്പാദനക്ഷമരായ യുവാക്കളുടെ എണ്ണം കുറക്കുകയും ചെയ്യും. സ്വാഭാവികമായും സാമ്പത്തിക രംഗം ഇതുമൂലം പ്രതിസന്ധിയിലാവുകയും ചെയ്യും. ഇത് ഒരുപാട് തവണ ഈയുള്ളവന്‍ തന്നെ തെളിവുകള്‍ സഹിതം വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.
സന്താനനിയന്ത്രണം വേണം എന്ന ചിന്ത യഥാര്‍ത്ഥത്തില്‍ ലോകത്ത് കൊണ്ടുവന്നത് സോഷ്യലിസ്റ്റുകളും കാപ്പിറ്റലിസ്റ്റുകളുമാണ്. കാരണം രണ്ടുകൂട്ടരും ബദ്ധവൈരികളാണെങ്കിലും മനുഷ്യന്‍റെ ആധിക്യവും വിഭവങ്ങളുടെ കുറവുമാണ് സാമ്പത്തിക രംഗത്തെ പ്രതിസന്ധിക്ക് കാരണം എന്ന തത്വത്തില്‍ അവര്‍ ഒരേ അഭിപ്രായക്കാരാണ്. എന്നാല്‍ ഇസ്‌ലാം പറയുന്നത് സകലമനുഷ്യര്‍ക്കുമുള്ള വിഭവങ്ങള്‍ അല്ലാഹു ഭൂമിയില്‍ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഭവങ്ങളിലുള്ള കുറവല്ല സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. മറിച്ച് അവയെ ഉപയോഗപ്പെടുത്തുന്ന മനുഷ്യന്‍റെ സ്വഭാവ രംഗത്തുള്ള പിഴവാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. അതുകൊണ്ടുതന്നെ വിഭവങ്ങളെ ഉപയോഗപ്പെടുത്തുന്നിടത്തുള്ള അവന്‍റെ ഇടപെടലുകളാണ് നിയന്ത്രിക്കപ്പെടേണ്ടത്. അല്ലാതെ മനുഷ്യന്‍റെ സന്താനോല്പാദനത്തെയല്ല. ഇത് സാമ്പത്തിക രംഗം പഠനവിധേയമാക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. വിഭവത്തിന്റെ കുറവല്ല മറിച്ച് സാമ്പത്തിക രംഗത്തെ ചൂഷണവും, അസമത്വവും, അരാജകത്വവുമാണ് പ്രതിസന്ധിക്ക് കാരണം എന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാം.
ഏതായാലും ഇസ്‌ലാം സന്താനോല്പാദനത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ശറഇയായി അനുവദിക്കപ്പെട്ട കാരണങ്ങള്‍ കൊണ്ടല്ലാതെ അത് നിയന്ത്രണവിധേയമാക്കുക എന്നത് മതപരമായ താല്പര്യത്തോട് യോജിക്കുന്നില്ല.
രണ്ട്: സന്താനങ്ങള്‍ ഒരിക്കലും ദാരിദ്ര്യത്തിന് കാരണമല്ല. സന്താനങ്ങള്‍ ഇല്ലാതെയും നാം ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കപ്പെട്ടേക്കാം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അബോര്‍ഷന്‍, D&C തുടങ്ങിയ പേരുകളില്‍ ജീവനുള്ള രക്തം തുടിക്കുന്ന സന്താനങ്ങളെ കൊന്നൊടുക്കുന്നവര്‍ ഇന്നുമുണ്ട്. ദാരിദ്ര്യഭയത്താല്‍ മക്കളെ കൊല ചെയ്യുന്നതിനെപ്പറ്റി അല്ലാഹു പറയുന്നു:
وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا
"ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് ഭീമമായ അപരാധമാകുന്നു." - [ഇസ്റാഅ്: 31].
മക്കളെ കൊല്ലാന്‍ പാടില്ല എന്നത് മനസ്സിലാക്കുന്നതോടൊപ്പം ഈ ആയത്തില്‍ നിന്നും മനസ്സിലാക്കേണ്ട ഒരു സുപ്രധാനകാര്യമുണ്ട്. അല്ലാഹു പറയുന്നു: "നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്." അതുകൊണ്ട് മക്കള്‍ കാരണം തനിക്ക് പ്രയാസം ഉണ്ടാകുമെന്ന് ഒരാളും കരുതാന്‍ പാടില്ല. തന്നാലാവുന്നത് അവര്‍ക്ക് വേണ്ടി ചെയ്യുകയും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. അതായത് മക്കളെ വളര്‍ത്താന്‍ പ്രയാസപ്പെടും എന്നോര്‍ത്ത് ആരും സന്താനങ്ങളെ നിയന്ത്രിക്കുകയോ, സന്താനങ്ങളുണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയോ ചെയ്യേണ്ടതില്ല എന്നര്‍ത്ഥം.
മൂന്ന്: നമുക്കാര്‍ക്കും ഭാവി പ്രവചിക്കാന്‍ കഴിയില്ല. നമ്മുടെ മക്കള്‍ നമുക്കൊപ്പം ഉണ്ടാകുമോ, അതോ അവര്‍ നമുക്ക് മുന്‍പേ പിരിഞ്ഞ് പോകുമോ എന്നൊന്നും പറയാന്‍ സാധിക്കില്ലല്ലോ.. അല്ലാഹു അവരെ സംരക്ഷിക്കുമാറാകട്ടെ. അതുപോലെ നാം ഉദ്ദേശിക്കുമ്പോള്‍ മക്കളെ ഉണ്ടാക്കുവാനും സാധിക്കില്ല. വൈദ്യശാസ്ത്രപരമായി യാതൊരു കുഴപ്പവും ഇല്ലാത്ത എത്രയെത്ര ദമ്പതികളാണ് കുഞ്ഞുങ്ങളില്ലാതെ നമുക്ക് മുന്നില്‍ ജീവിക്കുന്നത്. അതുകൊണ്ട് അകാരണമായി സന്താന നിയന്ത്രണം, ഫാമിലി പ്ലാനിംഗ് തുടങ്ങിയ പാശ്ചാത്യ ചിന്തകളില്‍ നാം വഞ്ചിതരാകരുത്.
നാല്: ആരോഗ്യപരമായുള്ള കാരണങ്ങളാല്‍ സ്ത്രീക്ക് അല്പം വിശ്രമം ആവശ്യമാണ് എങ്കില്‍ അവിടെ താല്‍ക്കാലികമായ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഗര്‍ഭ നിരോധന ഗുളികകള്‍, കോപ്പര്‍ ട്ടി തുടങ്ങിയവക്ക് ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളതിനാല്‍ Coitus interruptus അഥവാ സ്ഖലന സമയത്ത് ഗുഹ്യ സ്ഥാനം തെറ്റിക്കുന്ന രീതിയാണ് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത രീതി. ഗര്‍ഭനിരോധന ഉറകള്‍ Coitus interruptus ആണ് നിര്‍വഹിക്കുന്നത്.
അഞ്ച്: താല്‍ക്കാലികമായ ചില സാഹചര്യങ്ങളാല്‍, ഉദാ: വീട് മാറുന്നു, എക്സാം തുടങ്ങിയ താല്‍ക്കാലിക ആവശ്യങ്ങള്‍ക്കും, പൊതുവേ മുലയൂട്ടുന്ന സമയത്ത് ഗര്‍ഭധാരണം ഉണ്ടാവാനുള്ള സാധ്യത കുറവാണ് എങ്കിലും കുഞ്ഞിന് മുലയൂട്ടല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഗര്‍ഭധാരണം അല്പം വൈകിപ്പിക്കാന്‍ വളരെ താല്‍ക്കാലികമായി ഭാര്യയുടെയും, ഭര്‍ത്താവിന്റെയും പരസ്പര സമ്മതത്തോടുകൂടി عزل അഥവാ Coitus interruptus ചെയ്യുകയാണെങ്കില്‍ കുഴപ്പമില്ല. കാരണം Coitus interruptus ഇസ്‌ലാം വിലക്കിയിട്ടില്ല. ജാബിര്‍ (റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം:
عن جابر رضي الله عنه قال: "كنا نعزل على عهد النبي صلى الله عليه وسلم والقرآن ينزل."
ജാബിര്‍ (റ) വില്‍ നിന്നും നിവേദനം: "നബി (ﷺ) യുടെ കാലത്ത് വിശുദ്ധഖുര്‍ആന്‍ അവതരിച്ചുക്കൊണ്ടിരിക്കെ ഞങ്ങള്‍ عزل (Coitus interruptus) ചെയ്യാറുണ്ടായിരുന്നു." - [സ്വഹീഹുല്‍ ബുഖാരി]. അതായത് നബി (ﷺ) ക്ക് വഹ്'യ് ഇറങ്ങിക്കൊണ്ടിരുന്ന കാലത്ത് ഞങ്ങള്‍ Coitus interruptus ചെയ്യാറുണ്ടായിരുന്നു. അതെങ്ങാനും നിഷിദ്ധമായിരുന്നുവെങ്കില്‍ അത് വിലക്കിക്കൊണ്ടുള്ള വഹ്'യ് ഇറങ്ങുമായിരുന്നു. അതുകൊണ്ടുതന്നെ Coitus interruptus നിഷിദ്ധമല്ല.
എന്നാല്‍ മക്കള്‍ ഉണ്ടാകുന്നതാണ് ശറഅ് പ്രോത്സാഹിപ്പിക്കുന്നത് എന്നിരിക്കെ അനാവശ്യമായി സ്വഹാബത്ത് Coitus interruptusചെയ്യുകയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ സന്താന നിയന്ത്രണം, കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സാധിക്കില്ല എന്ന തോന്നല്‍, ദാരിദ്ര്യത്തെ ഭയപ്പെടല്‍ തുടങ്ങിയ കാരണങ്ങളാല്‍ Coitus interruptus ചെയ്യരുത്. അത് അല്ലാഹുവെക്കുറിച്ചുള്ള حسن الظن ന് അഥവാ ശുഭപ്രതീക്ഷക്ക് ഭംഗം വരുത്തുന്ന കാര്യങ്ങളാണ്.
ആറ്: ഒരു സ്ത്രീ പൂര്‍ണമായി ഗര്‍ഭധാരണം നിര്‍ത്താന്‍ പാടില്ല. അഥവാ Permanent Sterilization ചെയ്യാന്‍ പാടില്ല. എന്നാല്‍ അനിവാര്യമായി വരുന്ന അഥവാ ഗര്‍ഭധാരണം Maternal Death നോ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കോ, ഗര്‍ഭധാരണത്തിന് ശേഷം പിന്നീട് നിര്‍ബന്ധിത ഗര്‍ഭചിദ്രത്തിന് കാരണമാകുമെന്ന് തത് വിഷയത്തില്‍ അറിവുള്ള വിശ്വസ്തരായ ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍ മാത്രമേ അത് ചെയ്യാന്‍ പാടുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ ഒരുപക്ഷെ ഗര്‍ഭധാരണം നിര്‍ത്തല്‍ നിര്‍ബന്ധമായേക്കാം. ഇത്തരം സാഹചര്യത്തില്‍ ഗര്‍ഭം നിര്‍ത്താതിരിക്കല്‍ ഒരുപക്ഷേ ശറഇയ്യായ താല്പര്യങ്ങള്‍ക്ക് ഭംഗം വരുത്തിയേക്കാം. അല്‍ഹംദുലില്ലാഹ് രോഗിക്ക് അത്തരം അനിവാര്യ സാഹചര്യമുണ്ടോ എന്ന് പരിശോധിച്ച് വിലയിരുത്താന്‍ സാധിക്കുന്ന InTheShade Medical Desk ഉള്ളതുകൊണ്ട്, അത്തരം സാഹചര്യം ഉള്ളവര്‍ ഈ ബ്ലോഗിലെ ഇമെയില്‍ സംവിധാനം വഴിയോ intheshade.in@gmail.com എന്ന അഡ്രസിലോ വിഷയം ചര്‍ച്ച ചെയ്ത് Medical Desk ന്‍റെ അനുമതി ലഭിച്ച ശേഷമേ Permanent Sterilization നടത്താവൂ. ഇനി മെഡിക്കല്‍ ഡെസ്കുമായി ബന്ധപ്പെടാന്‍ സാധിചിട്ടില്ലെങ്കില്‍ മതപരമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വിശ്വാസയോഗ്യരായ ഡോക്ടര്‍മാരോട് കൂടിയാലോചിച്ച ശേഷമേ നിലപാട് എടുക്കാവൂ.
മുകളില്‍ ചോദിക്കപ്പെട്ട ചോദ്യത്തിന് സമാനമായ ഒരു ചോദ്യം ചോദിക്കപ്പെട്ടപ്പോള്‍ ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല ) നല്‍കിയ മറുപടി. മുകളിലുള്ള ചോദ്യത്തോട് എല്ലാ അര്‍ത്ഥത്തിലും യോജിക്കുന്ന സമാനമായ ഒരു ചോദ്യവും മറുപടിയും ആയതിനാലാണ് ഇതിവിടെ പരാമര്‍ശിക്കുന്നത്:
ചോദ്യം: ഒരു യുവാവ് വിവാഹിതനാണ്. അല്‍ഹംദുലില്ലാഹ് മൂന്ന്‍ മക്കളുമുണ്ട്. പക്ഷെ അയാള്‍ പറയുന്നത്: ഞങ്ങളുടെ മക്കളെ ഇസ്ലാമികമായ പരിപാലനം നല്‍കി വളര്‍ത്താന്‍ സാധിക്കുന്നതിനായി തുടര്‍ന്നുള്ള ഗര്‍ഭധാരണം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ ഞാനും ഭാര്യയും തീരുമാനിച്ചിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായത്തില്‍ ഈ വിഷയത്തിലുള്ള പോംവഴി എന്താണ് ?.
ഉത്തരം: "അവര്‍ കണ്ടെത്തിയ മാര്‍ഗം ഒരിക്കലും ശരിയല്ല. അഥവാ ഗര്‍ഭധാരണം നിര്‍ത്തലാക്കുക എന്നത് നബി (സ) യുടെ അധ്യാപനത്തിന് എതിരാണ്. അദ്ദേഹം പറഞ്ഞു:
تَزَوَّجُوا الْوَدُودَ الْوَلُودَ فَإِنِّي مُكَاثِرٌ بِكُمْ الأُمَمَ
"നിങ്ങള്‍ സ്നേഹനിധികളും, സന്താനോല്പാദനശേഷിയുള്ളവരുമായ സ്ത്രീകളെ വിവാഹം ചെയ്യുക. മറ്റു ഉമ്മത്തുകളെ അപേക്ഷിച്ച് നിങ്ങളുടെ ആധിക്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളും." - [അല്‍ബാനി: സ്വഹീഹ് - ഇര്‍വാഉല്‍ ഗലീല്‍: 1784].
അതുപോലെ മനുഷ്യന് അറിയില്ല ... ഒരുപക്ഷേ ഇപ്പോള്‍ അവനോടോപ്പമുള്ള മക്കള്‍ മരണമടയുകയും ശേഷം മക്കളില്ലാതെ ജീവിക്കേണ്ടി വരുകയും ചെയ്തേക്കാം... തന്‍റെ മക്കളുടെ ശരിയായ പരിപാലനം ഉദ്ദേശിച്ചും, അവര്‍ക്ക് ശരിയായ രൂപത്തില്‍ ചിലവിന് നല്‍കാന്‍ സാധിക്കാനുമൊക്കെയാണ് ഗര്‍ഭധാരണം നിര്‍ത്തലാക്കുന്നത് എന്ന വാദം യഥാര്‍ത്ഥത്തില്‍ അര്‍ത്ഥശൂന്യമാണ്..... കാരണം അവര്‍ നന്നാവുക എന്നത് അല്ലാഹുവിന്‍റെ പക്കലാണ്.... നല്ല പരിപാലനം അതിനുള്ള ഒരു കാരണം തന്നെ, അതില്‍ സംശയമില്ല.... എങ്കിലും എത്ര മനുഷ്യരാണ് അവര്‍ക്ക് ഒരേയൊരു കുട്ടി മാത്രമായിട്ടും അവനെ ശരിയായ രൂപത്തില്‍ വളര്‍ത്താന്‍ സാധിക്കാത്തവരായുള്ളത്.... എത്ര പേരാണ് പത്തോളം മക്കളുണ്ടായിട്ടും അവരെ നല്ല രൂപത്തില്‍ വളര്‍ത്തുകയും, അയാളിലൂടെ അല്ലാഹു അവരെ നന്മയിലാക്കുകയും ചെയ്തിട്ടുള്ളത്.... മക്കള്‍ വര്‍ദ്ധിച്ചാല്‍ അവരെ നല്ല രൂപത്തില്‍ വളര്‍ത്താന്‍ കഴിയില്ല എന്ന് പറയുന്നവര്‍ തീര്‍ച്ചയായും അല്ലാഹുവിനെക്കുറിച്ച് മോശമായ രൂപത്തിലാണ് ചിന്തിക്കുന്നത്... ഒരുപക്ഷെ ആ ചിന്ത കാരണത്താല്‍ അവര്‍ ശിക്ഷിക്കപ്പെട്ടേക്കാം.... എന്നാല്‍ ശുഭപ്രതീക്ഷയും മനക്കരുത്തുമുള്ള ഒരു മുസ്‌ലിം തന്നാലാവുന്ന കാര്യങ്ങള്‍ ചെയ്യുകയും അല്ലാഹുവിനോട് സഹായവും തൗഫീഖും ചോദിക്കുകയുമാണ് ചെയ്യുക. അയാളുടെ ഉദ്ദേശം നല്ലതെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അയാളുടെ കാര്യങ്ങള്‍ എളുപ്പമാക്കും. അതുകൊണ്ടുതന്നെ ചോദ്യകര്‍ത്താവിനോട് പറയാനുള്ളത്, അത് ചെയ്യരുത് ... ഗര്‍ഭധാരണം നിര്‍ത്തരുത് ... കഴിയുന്നത്ര മക്കളുണ്ടാകട്ടെ ,.,, അവരുടെ ഉപജീവനവും, അവരുടെ നേര്‍വഴിയിലാക്കുന്നതും അല്ലാഹുവിന്‍റെ പക്കലാണ് ... നീ അവരെ നല്ല രൂപത്തില്‍ വളര്‍ത്താന്‍ എത്രമാത്രം ശ്രമിക്കുന്നുവോ അതിനുള്ള പ്രതിഫലം നിനക്കുണ്ട്... നിനക്ക് മൂന്ന്‍ മക്കളാണ് ഉള്ളതെങ്കില്‍ അവരെ മര്യാദയുള്ളവരായും, നന്മയിലും വളര്‍ത്തിയാല്‍ മൂന്ന് പേരെ വളര്‍ത്തിയ പ്രതിഫലം മാത്രമാണ് നിനക്കുള്ളത്.... പത്ത് പേരാണെങ്കില്‍ പത്ത് പേരെ വളര്‍ത്തിയ പ്രതിഫലം കിട്ടും.... ഒരുപക്ഷേ ആ പത്തുപേരില്‍ നിന്നും അല്ലാഹു ഉലമാക്കളെയും , മുജാഹിദീങ്ങളെയും തിരഞ്ഞെടുക്കുക വഴി അവര്‍ ഈ മുസ്‌ലിം ഉമ്മത്തിന് തന്നെ ഉപകാരപ്രദമായിത്തീര്‍ന്നേക്കാം... അതെല്ലാം നിന്‍റെ സദ്‌പ്രവര്‍ത്തിയുടെ ഫലങ്ങളായിത്തീരുകയും ചെയ്യും.... അതുകൊണ്ട് സന്താനങ്ങളെ വര്‍ദ്ധിപ്പിക്കുക... സന്താനങ്ങളെ വര്‍ദ്ധിപ്പിക്കുക... അല്ലാഹു നിന്‍റെ സമ്പത്ത് വര്‍ധിപ്പിച്ചു തരുകയും, നിന്‍റെ ഉപജീവനം വിശാലമാക്കിത്തരുകയും ചെയ്യും." - [ഫതാവ നൂറുന്‍ അലദ്ദര്‍ബ്].
അല്ലാഹു അനുഗ്രഹിക്കട്ടെ...
____________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ