Thursday, August 4, 2016

ഉസ്വൂലുസ്സുന്ന - വിവരണം : ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി Part - 4: എല്ലാ ബിദ്അത്തും വഴികേടാകുന്നു.

PART 4 : എല്ലാ ബിദ്അത്തും വഴികേടാകുന്നു.

www.fiqhussunna.com

"قال صلى الله عليه وسلم: إياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة "
 
“നിങ്ങള്‍ പുതുതായുണ്ടാക്കപ്പെടുന്ന കാര്യങ്ങളെ സൂക്ഷിക്കുക. കാരണം എല്ലാ പുത്തന്‍കാര്യങ്ങളും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടാണ്. എല്ലാ വഴികേടും ചെന്നെത്തുന്നത് നരകത്തിലേക്കാണ്.” - (صحيح،مشكاة المصابيح للألباني-165).

ബിദ്അത്തുകളെ സംബന്ധിച്ച് ഇതല്ലാത്ത മറ്റു വല്ല വാദവും ആരെങ്കിലും മുന്നോട്ട് വച്ചാല്‍ അവന്‍ വ്യക്തവും സ്പഷ്ടവുമായ നബിവചനത്തെ എതിര്‍ക്കുന്നവനും. തന്‍റെ മുഴുവന്‍ ഖുതുബകളിലുമെന്നപോലെ റസൂല്‍ (സ)  പരാമര്‍ശിക്കാറുണ്ടായിരുന്ന ഈ കാര്യത്തെ പരിപൂര്‍ണമായി നിഷേധിക്കുന്നവനുമാണ്:


" أما بعد فإن خير الحديث كتاب الله وخير الهدي هدي محمد صلى الله عليه وسلم وشر الأمور محدثاتها وكل بدعة ضلالة "

“സംസാരങ്ങളില്‍ വച്ച് ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. മാര്‍ഗങ്ങളില്‍ വച്ച് ഏറ്റവും നല്ല മാര്‍ഗം മുഹമ്മദ്‌ (സ) യുടെ മാര്‍ഗമാണ്. ഏറ്റവും നീചമായ കാര്യമാകട്ടെ, അത് മതത്തില്‍ പുതുതായുണ്ടാക്കപ്പെടുന്നവയാണ്. എല്ലാ പുതുതായുണ്ടാക്കപ്പെടുന്നവായും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടാണ്.” - (സ്വഹീഹ് മുസ്‌ലിം: 867).


ജാബിര്‍ (റ) നിവേദനം ചെയ്യുന്നതായി സ്വഹീഹ് മുസ്‌ലിമിലാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രഭാതത്തിലോ പ്രദോഷത്തിലോ ഒരു പറ്റം ശത്രുക്കള്‍ നിങ്ങളെ ആക്രമിക്കാനായി കടന്നു വരുന്നുണ്ട്എന്ന് പറഞ്ഞുകൊണ്ട് സ്വന്തം സൈന്യത്തെ സജ്ജമാക്കുന്ന ഒരു സൈന്യാധിപനെപ്പോലെ മുഖം തുടുത്തും, ശബ്ദം ഉയര്‍ത്തിയും, ശൗര്യം പുറത്തെടുത്തും റസൂല്‍ (സ) പറയാറുണ്ടായിരുന്ന വാക്കുകളാണത്. അദ്ദേഹത്തിന് മേല്‍ അല്ലാഹുവിന്റെ കാരുണ്യവും സമാധാനവും സദാ വര്‍ഷിക്കുമാറാകട്ടെ. ഈ ഉമ്മത്തിന് മേല്‍ ബിദ്അത്തുയര്‍ത്തുന്ന അപകടത്തിന്റെ ഭയാനത കാരണമാണ് അത്ര ഗൗരവപൂര്‍വ്വം റസൂല്‍ (സ) താക്കീത് ചെയ്യുകയുണ്ടായത്. അതെ, എല്ലാ ബിദ്അത്തുകളും വഴികേടു തന്നെയാണ്. അവയെല്ലാം ചെന്നെത്തുന്നത് നാശത്തിലേക്കാണ്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ ബിദ്അത്തിനെ നല്ലതും ചീത്തതുമായി വേര്‍തിരിക്കുന്ന ചിലരെ നമുക്ക് കാണാം. ഒരിക്കലും തന്നിഷ്ടമനുസരിച്ച് സംസാരിക്കാത്ത മഹാനായ പ്രവാചകന്റെ തിരുവചനങ്ങളെ പരസ്യമായി അവഹേളിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവരാണവര്‍. ബിദ്അത്തിനെ നല്ലതും ചീത്തതുമായി വേര്‍തിരിക്കുക മാത്രമല്ല, ബിദ്അത്തുകളെ നിര്‍ബന്ധമായവ, പുണ്യകരമായവ, അനുവദനീയമായവ, വെറുക്കപ്പെട്ടവ, നിഷിദ്ധമായവ എന്നിങ്ങനെ ശറഇന്റെ അഞ്ചു നിയമങ്ങള്‍ നല്‍കി വേര്‍തിരിക്കുന്നവരും അവര്‍ക്കിടയിലുണ്ട്. ഇത് ശുദ്ധ മണ്ടത്തരമാണ്. കാരണം ഒരു കാര്യത്തെക്കുറിച്ച് നിര്‍ബന്ധം എന്ന് പറയണമെങ്കില്‍ തന്നെ അത് നിര്‍ബന്ധമാണെന്ന് തെളിവിനാല്‍ സ്ഥിരപ്പെടണം. ഇനി തെളിവിനാല്‍ സ്ഥിരപ്പെട്ട ഒരു കാര്യമാണെങ്കില്‍ തെളിവിനാല്‍ സ്ഥിരപ്പെട്ട ബിദ്അത്ത് എന്ന് നാം പറയുമോ ?!. തെളിവിനാല്‍ സ്ഥിരപ്പെട്ട ഒരു കാര്യത്തെ എങ്ങിനെയാണ് ബിദ്അത്ത് എന്ന് വിളിക്കുക ?!. ഇനി ഒരു കാര്യം പുണ്യകരമോ അനുവദനീയമോ ആണ് എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് തെളിവ് വന്നതെങ്കിലും  ഇതുപോലെത്തന്നെ. അവയെ നാം ബിദ്അത്ത് എന്ന് വിളിക്കില്ല. മറിച്ച് അവ സുന്നത്താണ്. അതിനാല്‍ തന്നെ അത്തരത്തിലുള്ള വിഭചനം തെറ്റാണ് എന്ന് മാത്രമല്ല, ശുദ്ധ അസംബന്ധം കൂടിയാണ്.

തുടരും .....

Next: PART: 5: http://www.fiqhussunna.com/2016/08/part-5.html

കഴിഞ്ഞ ഭാഗങ്ങള്‍:

Part 1: ആമുഖം
Part 3: ബിദ്അത്തിനെ സൂക്ഷിക്കലും അതില്‍ നിന്നകന്നു നില്‍ക്കലും.

[അറിയിപ്പ്: ഈ വിവര്‍ത്തനം വിവര്‍ത്തകന്‍റെ അനുവാദമില്ലാതെ പ്രസിദ്ധീകരണാവശ്യത്തിന് എടുക്കരുത്].