الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛
ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യുടെ മജ്മൂഉ ഫതാവയില്‍ നിന്നും ഉദുഹിയത്തുമായി ബന്ധപ്പെട്ട് ഖാലിദ് ബിന്‍ സഊദ് എന്ന സഹോദരന്‍ ക്രോഡീകരിച്ച ചില നിയമങ്ങളെ വിവര്‍ത്തനം ചെയ്യുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അല്ലാഹു ശൈഖിനും, ഇത് ക്രോഡീകരിച്ച സഹോദരനും തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ. ഓരോ വിഷയത്തിന്‍റെയും അവസാനം ഇബ്ന്‍ ബാസ് റഹിമഹുല്ലയുടെ മജ്മൂഉ ഫതാവയില്‍ ഈ വിഷയം പ്രദിപാതിക്കപ്പെട്ട വോള്യം നമ്പറും, പേജ് നമ്പറും നല്‍കിയിട്ടുണ്ട്. അല്പം വിശദീകരണം ആവശ്യമാണ് എന്ന് തോന്നിയ ചില ഭാഗങ്ങളില്‍ ഈയുള്ളവന്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്. തിരിച്ചറിയാനായി ഇറ്റാലിക്ക് രൂപത്തില്‍ ബ്രാക്കറ്റില്‍ ആണ് അത് നല്‍കിയിട്ടുള്ളത്.
-----------------------------------------------------------------------
ഒന്ന്: ഒരാള്‍ ഉദുഹിയത്ത് അറുക്കുമ്പോള്‍ ഇപ്രകാരമാണ് പറയേണ്ടത്:
بسم الله
والله أكبر ، اللهم هذا منك ولك
അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍, അല്ലാഹുവേ ഇത് നിന്നില്‍ നിന്നുള്ളതാണ്, ഇത് നിനക്കുള്ളതാണ്. (16/156)
രണ്ട്: ശറഇയ്യായ അറവ് എന്ന് പറയുന്നത് അറുക്കുന്നയാള്‍ ഒട്ടകത്തിന്റെയും പശുവിന്‍റെയും ആടിന്‍റെയുമെല്ലാം അന്നനാളവും, ശ്വാസനാളവും, കഴുത്തിന്‍റെ ഇരുവശത്തുമുള്ള പ്രഥമ ഞരമ്പുകളും അറുക്കുക എന്നതാണ്. ഈ നാല് അവയവങ്ങളും അതായത് ശ്വാസനാളം, അന്നനാളം, ഇരുവശത്തുമുള്ള രണ്ട് ധമനികള്‍ ഇവ വിഛേദിക്കപ്പെട്ടാല്‍ അറവ് അനുവദനീയമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്. ഇനി ധമനികളില്‍ ഒന്ന് മാത്രമാണ് വിഛേദിക്കപ്പെട്ടതെങ്കില്‍ അതും ഭക്ഷിക്കാവുന്ന ഹലാല്‍ തന്നെയാണ്. എന്നാല്‍ ആദ്യത്തേദിന്‍റെ അത്ര പൂര്‍ണതയില്ല എന്നു മാത്രം. ഇനി ശ്വാസനാളവും അന്നനാളവും മാത്രമാണ് മുറിക്കപ്പെട്ടെതെങ്കിലും പൂരിപക്ഷം പണ്ഡിതന്മാരും അത് അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്. പ്രവാചകന്‍റെ ഈ ഹദീസാണ് അവര്‍ക്കുള്ള തെളിവ്. പ്രവാചകന്‍(ﷺ) പറഞ്ഞു: " അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുകയും, രക്തം വാരുകയും ചെയ്‌താല്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എല്ലുകൊണ്ടും നഖം കൊണ്ടും അറുത്തവ നിങ്ങള്‍ ഭക്ഷിക്കരുത്" - [തിര്‍മിദി]. (ഇവിടെ ظفر അഥവാ നഖം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അബിസീനിയക്കാര്‍ അറുക്കാന്‍ ഉപയോഗിക്കാരുണ്ടായിരുന്ന പ്രത്യേക തരം കത്തിയാണ്. മൃഗത്തിനെ അങ്ങേയറ്റം പീഡിപ്പിക്കുന്ന രൂപത്തിലുള്ളവയായതിനാലാണ് ഇവ രണ്ടും വിലക്കപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് ). അതിനാല്‍ തന്നെ അന്നനാളവും, ശ്വാസനാളവും മാത്രമാണ് മുറിഞ്ഞതെങ്കിലും ഭക്ഷിക്കാമെന്നതാണ് ഈ വിഷയത്തിലെ ശരിയായ അഭിപ്രായം. ഒട്ടകത്തിനെ അതിന്‍റെ ഇടതു കൈ ബന്ധിച്ച് മൂന്ന് കാലില്‍ നിര്‍ത്തി അതിന്‍റെ കഴുത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്ത് മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തി ബലി കഴിക്കുന്നതാണ് സുന്നത്ത്. എന്നാല്‍ പശുവിനെയും ആടിനെയും അവയുടെ ഇടതുഭാഗം താഴെയാവുന്ന രൂപത്തില്‍ ചരിച്ചു കിടത്തി അറുക്കുന്നതാണ് സുന്നത്ത്. അറുക്കുന്ന സമയത്ത് മൃഗത്തെ ഖിബ്'ലക്ക് നേരെ തിരിച്ചു നിര്‍ത്തുന്നതും സുന്നത്താണ്. ഇത് നിര്‍ബന്ധമല്ല. പുണ്യകരം മാത്രമാണ്. ഖിബ്'ലയിലേക്ക് തിരിച്ചു നിര്‍ത്താതെ ഒരാള്‍ അറുത്താലും അത് ഹലാലാകും. (18/26)
മൂന്ന്‍: ഒരാള്‍ തന്‍റെ ബലിയുടെ പണം അതറുക്കാനായി അല്‍റാജിഹി കമ്പനിയെയോ, ഇസ്ലാമിക് ബേങ്കിനെയോ ഏല്‍പിച്ചാല്‍ അതില്‍ തെറ്റില്ല. കാരണം അവര്‍ വിശ്വസ്ഥരും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവരുമായ ഏല്‍പിക്കാന്‍ പറ്റിയ ആളുകളാണ്. അല്ലാഹു അവരെ സഹായിക്കുകയും അവരെ മുസ്‌ലിം ഉമ്മത്തിന് ഉപകാരമുള്ളവരാക്കി മാറ്റുകയും ചെയ്യട്ടെ. (രാജ്യത്തിന്‍റെ പുറത്ത് അറുക്കുന്ന വിഷയത്തിലും, അതുപോലെ ഇങ്ങനെയുള്ള ചാരിറ്റബ്ള്‍ ട്രസ്റ്റുകളെ ഏല്പിക്കുന്ന വിഷയത്തിലും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസം ഉണ്ട്. ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല അത് നേരിട്ട് നിര്‍വഹിക്കണം എന്ന അഭിപ്രായക്കാരനാണ്.) ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല തുടരുന്നു: " എന്നാല്‍ ഒരാള്‍ സ്വയം തന്‍റെ കൈകൊണ്ട് ബലിയറുക്കുകയും സ്വയം തന്നെ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ അതാണ് സൂക്ഷ്മതക്ക് നല്ലതും ഏറ്റവും ശ്രേഷ്ഠമായതും. കാരണം പ്രവാചകന്‍(ﷺ) തന്‍റെ കൈകൊണ്ട് തന്‍റെ ബലിമൃഗത്തെ അറുക്കുകയും മറ്റു അറവുകള്‍ക്ക് മറ്റുള്ളവരെ എല്പിക്കുകയുമാണ് ചെയ്തത്. (18/28). (ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലക്ക് ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഒരാള്‍ മറ്റുള്ളവരെ പണം നല്‍കി അറുക്കാന്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. കാരണം ഇതൊരു ഇബാദത്താണ് കേവലം ഇറച്ചി വിതരണം ചെയ്യല്‍ മാത്രമല്ല ഇതിന്‍റെ ഉദ്ദേശ്യം. മാത്രമല്ല പ്രവാചകന്‍(സ) അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി സ്വയം അറുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ പണം നല്‍കി സംഘടനകളെയോ മറ്റോ അതേല്പിക്കുന്നത് സ്വദഖയായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ എന്നാണ് ശൈഖ് ഇബ്നു ഉസൈമീന്‍റെ അഭിപ്രായം. ഇതില്‍ ശൈഖ് ഇബ്നു ഉസൈമീന്‍റെ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി തോന്നുന്നത്. അല്ലാഹുവാണ് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍).
നാല്: ഇനി ഒരാള്‍ അത് അറുക്കുകയും അങ്ങനെത്തന്നെ പാവപ്പെട്ടവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതിലും തെറ്റില്ല. കാരണം പാവപ്പെട്ടവര്‍ക്ക് അത് തൊലിയുരിക്കുകയും അതിന്‍റെ ഇറച്ചിയും തൊലിയും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയും ചെയ്യുമല്ലോ. പക്ഷെ പരിപൂര്‍ണതയും ശ്രേഷ്ഠകരവുമായത് അറുക്കുന്നവര്‍ തന്നെ അതിന്‍റെ തൊലിയുരിച്ച് ഇറച്ചിയാക്കി പാവപ്പെട്ടവരുടെ അരികിലെക്കും വീടുകളിലേക്കും എത്തിച്ചു നല്‍കുക എന്നതാണ്. (18/33).
പ്രവാചകന്‍(ﷺ) ഒട്ടകങ്ങളെ ബലി കഴിക്കുകയും അവയെ പാവപ്പെട്ടവര്‍ക്ക് അങ്ങനെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്തതായിഹദീസുകളില്‍ വന്നിട്ടുണ്ട്. പക്ഷെ അത് അവിടെ സന്നിഹിതരായ പാവപ്പെട്ടവര്‍ക്ക് അതില്‍ നിന്നും എടുക്കാനും കൂടുതല്‍ ഉപകാരപ്പെടാനും ആയിരുന്നിരിക്കണം എന്നാണ് മനസ്സിലാകുന്നത്. (18/33)
അഞ്ച്: കഴിവുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഉദുഹിയത്ത് അറുക്കുക എന്നുള്ളത് ഏറെ പുണ്യകരമായ ഒരു കാര്യമാണ്. നിര്‍ബന്ധമല്ല. അത് നിര്‍ബന്ധമാണ് എന്ന രൂപത്തില്‍ തെളിവുകള്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ അത് നിര്‍ബന്ധമാണ് എന്ന അഭിപ്രായം ദുര്‍ബലമാണ്. (16/156). ഇനി അഥവാ ഉദുഹിയത്ത് അറുക്കണമെന്നത് ഒരാള്‍ വസ്വിയത്ത് ചെയ്തതാണെങ്കില്‍ അത് നിറവേറ്റല്‍ നിര്‍ബന്ധമാണ്. മരണപ്പെട്ടുപോയവര്‍ക്ക് പ്രതിഫലം ലഭിക്കാനായി ഉദുഹിയത്ത് പോലുള്ള ദാനധര്‍മ്മങ്ങള്‍ അനുഷ്ടിക്കല്‍ അനുവദനീയമാണ്. (16/156). അതിന്‍റെ പണം സ്വദഖ നല്‍കുന്നതിനേക്കാള്‍ അതറുക്കല്‍ തന്നെയാണ് ഉത്തമം. (18/41).
ആറ്: ഒരാണിനും അയാളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്. (18/37). അതുപോലെ ഒരു സ്ത്രീക്കും അവളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്. (18/38).
എഴ്: ഉദുഹിയത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ മാസം പ്രവേശിച്ചു കഴിഞ്ഞാല്‍ ഉദുഹിയത്ത് അറുക്കുന്നത് വരെ അയാളുടെ മുടിയില്‍ നിന്നോ, നഖത്തില്‍ നിന്നോ, തൊലിയില്‍ നിന്നോ യാതൊന്നും തന്നെ നീക്കം ചെയ്യാന്‍ പാടില്ല. (18/38, 39).
അതേസമയം മറ്റൊരാളുടെ ഉദുഹിയത്ത് അറുക്കാന്‍ വേണ്ടി ഏല്‍പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം മുടിയോ, നഖമോ, തൊലിയോ നീക്കം ചെയ്യുന്നത് വര്‍ജ്ജിക്കേണ്ടതില്ല. ( 18/39).
എന്നാല്‍ ഒരു വീട്ടുകാര്‍ ഒന്നടങ്കം ഒരു ഉദുഹിയത്തില്‍ പങ്കാളികളാവുകയാണെങ്കില്‍ അവരെല്ലാവരും തന്നെ ബാലിയറുക്കുന്നവരാണ്. അതിനാല്‍ തന്നെ അവരാരും ദുല്‍ഹിജ്ജ പ്രവേശിച്ചു കഴിഞ്ഞാല്‍ ഉദുഹിയത്ത് അറുക്കുന്നത് വരെ തങ്ങളുടെ മുടിയോ, നഖമോ, തൊലിയോ നീക്കം ചെയ്യരുത്. (2/318). (എന്നാല്‍ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ അഭിപ്രായപ്രകാരം ഒരാള്‍ തനിക്കും വീട്ടുകാര്‍ക്കും വേണ്ടി ഉദുഹിയത്ത് അറുക്കുകയാണെങ്കില്‍, അയാള്‍ മാത്രം മുടി, നഖം, തൊലി എന്നിവ നീക്കം ചെയ്യുന്നത് വര്‍ജ്ജിച്ചാല്‍ മതി).
എട്ട്: പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതനുസരിച്ച് പുരുഷനെപ്പോലെ സ്ത്രീക്കും ബലിയറുക്കാം. അവള്‍ മുസ്ലിമത്തോ, അഹ്'ലു കിത്താബില്‍ പെട്ട സ്ത്രീയോ ആയിരിക്കുകയും, ശറഇയ്യായ രൂപത്തില്‍ അറുക്കുകയും ചെയ്‌താല്‍ അതില്‍ നിന്നും ഭക്ഷിക്കാവുന്നതാണ്. അവളുടെ സ്ഥാനത്ത് അറുക്കുവാനുള്ള പുരുഷനുണ്ടെങ്കില്‍ പോലും അവള്‍ക്ക് അറുക്കാവുന്നതാണ്. പുരുഷന്മാരുടെ അഭാവം എന്നത് ഒരിക്കലും സ്ത്രീയറുത്തത് അനുവദനീയമാകാനുള്ള നിബന്ധനയല്ല. (6/264).
ഒന്‍പത്: ജീവിച്ചിരിക്കുന്ന ഒരാള്‍ തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി ശറഅ് നിശ്ചയിച്ച ഒരു നിശ്ചിത സമയത്ത് ബലിയര്‍പ്പിക്കുക എന്നതാണ് ഉദുഹിയത്തിന്‍റെ രീതി. എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെയും അതിന്‍റെ പ്രതിഫലത്തില്‍ പങ്കാളികളാകട്ടെ എന്ന് കരുതുന്നതില്‍ തെറ്റില്ല. (18/40) (എന്നാല്‍ മരിച്ചവര്‍ക്ക് വേണ്ടി മാത്രം ഉദ്ദേശിച്ചുകൊണ്ട് ഉളുഹിയത്ത് അറുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച തുടര്‍ന്ന് നല്‍കിയിട്ടുണ്ട്).
പത്ത്: ഒരാള്‍ തന്‍റെ മരണാനന്തര വസ്വിയത്തായി തന്‍റെ സ്വത്തിന്‍റെ മൂന്നിലൊന്നില്‍ കവിയാത്ത രൂപത്തില്‍ (മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയത്ത് ചെയ്യാന്‍ പാടില്ല എന്നത് പൊതു നിയമമാണ്) ഉദുഹിയത്ത് നടത്തണം എന്ന് വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍, അതല്ലെങ്കില്‍ തന്‍റെ വഖഫിന്‍റെ ഭാഗമായി ഉദുഹിയത്തും നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, ആ വഖഫും, വസ്വിയത്തും നടപ്പാക്കാന്‍ ഏല്‍പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം അത് നടപ്പാക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഒരാള്‍ അപ്രകാരം വസ്വിയ്യത്ത് ചെയ്തിട്ടില്ല, അതിനായി വഖഫ് നിശ്ചയിച്ചിട്ടുമില്ല എന്നിരിക്കട്ടെ, ഒരാള്‍ തന്‍റെ മരണപ്പെട്ട പിതാവിനോ മാതാവിനോ അതല്ലെങ്കില്‍ മറ്റു വല്ലവര്‍ക്കോ വേണ്ടി അത് നിര്‍വഹിക്കുന്നുവെങ്കില്‍ അതൊരു നല്ല കാര്യമാണ്. (18/40).
(ഈ വിഷയ സംബന്ധമായി ഒരു ചെറിയ വിശദീകരണം ആവശ്യമാണ്. ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും വേണ്ടി എന്ന അര്‍ത്ഥത്തിലല്ലാതെ, മരണപ്പെട്ടവരുടെ പേരില്‍ മാത്രമായി അവര്‍ക്ക് വേണ്ടി ഉളുഹിയത്ത് അറുക്കുന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. നബി (സ) യോ മുന്‍ഗാമികളോ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ട് വന്നിട്ടില്ല. നബി (സ) ക്ക് വേണ്ടി അലി (റ) പ്രത്യേകമായി ഒരാടിനെ അറുക്കാറുണ്ടായിരുന്നു എന്ന ഹദീസ് ളഈഫാണ്. എന്നാല്‍ ഉളുഹിയത്തിനെ സ്വദഖ എന്ന അര്‍ത്ഥത്തില്‍ കണക്കാക്കുകയും, ആകയാല്‍ മരണപ്പെട്ടവരുടെ പേരില്‍ അവര്‍ക്ക് വേണ്ടി സ്വദഖ നിര്‍വഹിക്കല്‍ ഹലാലാണ് എന്ന നിലക്ക് ഇതും അനുവദനീയമാണ് എന്ന് ഖിയാസ് ചെയ്യുകയാണ് അത് അനുവദിച്ച ഫുഖഹാക്കള്‍ ചെയ്തിട്ടുള്ളത്. ഫുഖഹാക്കള്‍ക്കിടയിലെ ഭൂരിപക്ഷാഭിപ്രായമായ ഈ അഭിപ്രായമാണ് ശൈഖ് ഇബ്നു ബാസ് (റ) യുടെയും അഭിപ്രായം. എന്നാല്‍ നബി (സ) യോ സ്വഹാബത്തോ ഇപ്രകാരം മരണപ്പെട്ട വ്യക്തികള്‍ക്ക് മാത്രം പ്രത്യേകമായി ഉദുഹിയത്ത് അറുത്തതായി കാണാന്‍ സാധിക്കുന്നില്ല. ശാഫിഇ മദ്ഹബില്‍ തത്'വിഷയത്തില്‍ പ്രബലമായ അഭിപ്രായമായി ഇമാം നവവി (റ) രേഖപ്പെടുത്തിയതും മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉളുഹിയത്ത് അറുക്കാന്‍ പാടില്ല. അവര്‍ വസ്വിയത്ത് ചെയ്തെങ്കിലല്ലാതെ എന്ന അഭിപ്രായമാണ്. -[അല്‍മിന്‍ഹാജ് : 1/287]. ശൈഖ് ഇബ്നു ഉസൈമീന്‍ (റ) മരണപ്പെട്ട ആള്‍ക്ക് വേണ്ടി മാത്രമായി ഉളുഹിയത്ത് അറുക്കാന്‍ പാടില്ല എന്ന അഭിപ്രായമാണ് പ്രബലമായ അഭിപ്രായമായി തിരഞ്ഞെടുത്തിട്ടുള്ളത്. കാരണം നബി (സ) യോ സ്വഹാബത്തോ അപ്രകാരം ചെയ്തതായി കാണാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏറ്റവും സൂക്ഷ്മതയുള്ള അഭിപ്രായം രണ്ടാമത്തെ അഭിപ്രായം തന്നെയാണ്. ഇബാദത്തുകള്‍ തൗഖീഫിയ ആണല്ലോ. ഇനി ഒരാള്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി സ്വദഖ എന്ന നിലക്ക് പ്രത്യേക സമയബന്ധിതമായിട്ടല്ലാതെ മൃഗത്തെ അറുത്ത് ദാനം ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പ്രതിഫലം ഇന്‍ ഷാ അല്ലാഹ് മരണപ്പെട്ടവര്‍ക്ക് ലഭിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കാരണം അല്ലാഹുവിന്‍റെ റസൂല്‍ (സ) മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
അതുപോലെ ഒരാള്‍ ഉദുഹിയത്ത് അറുക്കുമ്പോള്‍ തനിക്കും ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ തന്‍റെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഉദ്ദേശിച്ചുകൊണ്ടു ഉദുഹിയത്ത് അറുക്കുന്നതും അനുവദനീയമാണ്. കാരണം 'നബി (സ) എനിക്കും എന്‍റെ കുടുംബത്തിനും', 'എനിക്കും എന്‍റെ ഉമ്മത്തിനും' എന്നെല്ലാം പറഞ്ഞതില്‍ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും എല്ലാം പെടും. എന്നാല്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമായി അറുക്കുന്നത് സംബന്ധിച്ചാണ് നാം ചര്‍ച്ച ചെയ്തത്).
പതിനൊന്ന്: ഏഴു പേര്‍ ചേര്‍ന്ന് ഒരൊട്ടകത്തെയോ, പശുവിനെയോ അറുക്കുമ്പോള്‍ ആ ഓഹരി അയാള്‍ക്കും കുടുംബത്തിന്‍റെയും പേരില്‍ എന്ന നിലക്ക് നിയ്യത്താക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഏറ്റവും ശരിയായ അഭിപ്രായം അപ്രകാരം അപ്രകാരം ഉദ്ദേശിക്കാം എന്നതാണ്. കാരണം ആ വ്യക്തിയും അയാളുടെ കുടുംബവും ഒരൊറ്റ വ്യക്തിയെപ്പോലെത്തന്നെയാണ്. എന്നാല്‍ ഷെയറിന് പകരം ഒരു ആടിനെ അറുക്കുന്നുവെങ്കില്‍ അതാണ് ഉത്തമം. (18/44).
പന്ത്രണ്ട്: ഉദുഹിയത്ത് ഉദ്ദേശിക്കുന്ന സ്ത്രീക്ക് മുടിക്കെട്ട് അഴിച്ചിട്ട് കുളിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ മുടി അടര്‍ന്നു പോരുന്ന രൂപത്തില്‍ കോതി വാരാന്‍ പാടില്ല. (18/47).
പതിമൂന്ന്: അമുസ്ലിമീങ്ങള്‍ക്ക് ഉദുഹിയത്തിന്‍റെ ഇറച്ചിയില്‍ നിന്നും നല്‍കുന്നതില്‍ തെറ്റില്ല. കാരണം അല്ലാഹു പറയുന്നു :
لا
يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ
يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ
اللَّهَ يُحِبُّ الْمُقْسِطِينَ
"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു." - [മുംതഹിന :8].
അതിനാല്‍ തന്നെ നമുക്കും അവര്‍ക്കുമിടയില്‍ യുദ്ധമില്ലാത്ത അവിശ്വാസികള്‍, അഭയം നല്‍കപ്പെട്ടവരോ (المستأمن), പരസ്പര ധാരണയോടെയും കരാറോടെയും ജീവിക്കുന്നവരോ (المعاهد) ആയ ദാനധര്‍മ്മങ്ങളില്‍ നിന്നും, ഉദുഹിയത്തില്‍ നിന്നും നല്‍കപ്പെടാവുന്ന ആളുകള്‍ ആണ്. (18/48).
പതിനാല്: എല്ലാ കര്‍മങ്ങളും മക്കത്ത് തന്നെയാണ് കൂടുതല്‍ ശ്രേഷ്ഠകരം. എന്നാല്‍ മക്കത്ത് ഉദുഹിയത്ത് സ്വീകരിക്കാന്‍ ആവശ്യക്കാരില്ലാതെ വന്നാല്‍, പാവപ്പെട്ടവരുള്ള മറ്റു സ്ഥലങ്ങളില്‍ അവ അറുക്കുന്നതാണ് നല്ലത്.(18/48) (ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലക്ക് ഈ വിഷയത്തില്‍ അഭിപ്രായ വിത്യാസം ഉണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇരുവരുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ച് തെളിവിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രബലമായി ബോധ്യപ്പെടുന്ന അഭിപ്രായത്തെ ഓരോരുത്തര്‍ക്കും സ്വീകരിക്കാവുന്നതാണ്).
നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തുക.. അല്ലാഹു നമുക്കേവര്‍ക്കും അറിവ് വര്‍ദ്ധിപ്പിച്ചു തരുമാറാകട്ടെ ....