Tuesday, August 16, 2016

മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നവര്‍ ഖബറിനരികില്‍ വെച്ച് നമസ്കരിക്കല്‍.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ പിന്നീട് ഖബറിനരികില്‍ പോയി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുന്നതിന്‍റെ വിധിയെന്ത്‌ ?, എത്ര കാലം വരെ അപ്രകാരം നിര്‍വഹിക്കാം ? തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com

ഖബറിനരികില്‍ വെച്ച് റുകൂഉം സുജൂദും എല്ലാമുള്ള നമസ്കാരം നിര്‍വഹിക്കല്‍ അനുവദനീയമല്ല. മാത്രമല്ല അത് ജൂത-ക്രിസ്ത്യാനികളുടെ പ്രവര്‍ത്തിയാണ്. അക്കാരണത്താല്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) അവരെ ശപിചിട്ടുമുണ്ട്:
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ قَاتَلَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ
അബൂ ഹുറൈറ (റ) നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ജൂതന്മാരെ അല്ലാഹു നശിപ്പിക്കട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകള്‍ സുജൂദ് ചെയ്യുന്ന ഇടങ്ങളാക്കി” – [സ്വഹീഹുല്‍ ബുഖാരി: 1330].

عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- فِى مَرَضِهِ الَّذِى لَمْ يَقُمْ مِنْهُ « لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ». قَالَتْ فَلَوْلاَ ذَاكَ أُبْرِزَ قَبْرُهُ غَيْرَ أَنَّهُ خُشِىَ أَنْ يُتَّخَذَ مَسْجِدًا.

ആഇശ (റ) നിവേദനം: റസൂല്‍ (സ) അദ്ദേഹം പിന്നെ എഴുന്നേറ്റിട്ടില്ലാത്ത രോഗശയ്യയില്‍ ഇപ്രകാരം പറഞ്ഞു: “അല്ലാഹു ജൂത-ക്രൈസ്തവരെ ശപിച്ചിരിക്കുന്നു. അവര്‍ അവരുടെ നബിമാരുടെ ഖബറിടങ്ങള്‍ ആരാധനാലയങ്ങളാക്കി.” ആഇശ (റ) പറഞ്ഞു: അപ്രകാരമല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ ഉയര്‍ത്തപ്പെടുമായിരുന്നു. പക്ഷെ അത് ആളുകള്‍ ആരാധനാലയമാക്കുമെന്നതിനെ ഭയപ്പെട്ടത് കൊണ്ട് അപ്രകാരം ചെയ്തില്ല. – [സ്വഹീഹ് മുസ്‌ലിം: 1212]. 

ഇന്ന് ചില പിഴച്ച കക്ഷികള്‍ വാദിക്കുന്നത് പോലെ നബി (സ) യുടെ ഖബര്‍ കെട്ടിപ്പൊക്കപ്പെട്ടിരുന്നില്ല എന്നതിനും, തന്നെ ആരാധിക്കുക എന്നത് അല്ലാഹുവിന്‍റെ റസൂല്‍ (സ) അതിഗൗരവത്തോടെ വിലക്കിയിട്ടുണ്ട് എന്നതും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ഒപ്പം ഖബറിടം നമസ്കാരസ്ഥലമാക്കാന്‍ പാടില്ല എന്നും ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ത്തന്നെ ഉള്ളില്‍ ഖബറുകള്‍ ഉള്ള പള്ളിയില്‍ നമസ്കരിക്കാന്‍ പാടില്ല. അതുപോലെ ഖബര്‍സ്ഥാനും പള്ളിയും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് ഉണ്ടായിരിക്കുകയും ചെയ്യണം.

എന്നാല്‍ ജനാസ നമസ്കാരം ഖബറിടത്തില്‍ വെച്ച് നമസ്കരിക്കാം. അല്ലാഹുവിന്‍റെ റസൂല്‍ (സ) ബഖീഇല്‍ വെച്ചാണ് പൊതുവേ ജനാസ നമസ്കാരം നിര്‍വഹിച്ചിരുന്നത്. അതുപോലെ ഒരാള്‍ക്ക് ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാല്‍ മറമാടപ്പെട്ട ശേഷവും മരണപ്പെട്ട വ്യക്തിയുടെ ഖബറിനരികില്‍ പോയിക്കൊണ്ട് അവിടെ വച്ച് ആ വ്യക്തിക്ക് വേണ്ടി ജനാസ നമസ്കരിക്കാം എന്ന് ഹദീസുകളില്‍ കാണാം:

عَنِ ابن عباس أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- صَلَّى عَلَى قَبْرٍ بَعْدَ مَا دُفِنَ فَكَبَّرَ عَلَيْهِ أَرْبَعًا.

ഇബ്നു അബ്ബാസ് (റ) നിവേദനം: “മറവ് ചെയ്യപ്പെട്ടതിന് ശേഷം നബി (സ) ഒരു ഖബറിനരികില്‍ നിന്നുകൊണ്ട് നാല് തക്ബീറുകള്‍ കെട്ടി (മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചു).” – [സ്വഹീഹ് മുസ്‌ലിം: 2255].

ഇതേ ഹദീസ് അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നും ഇമാം മുസ്‌ലിം (റ) ഉദ്ദരിച്ചിട്ടുണ്ട്.

عَنْ أَبِى هُرَيْرَةَ أَنَّ امْرَأَةً  كَانَتْ تَقُمُّ الْمَسْجِدَ - أَوْ شَابًّا - فَفَقَدَهَا رَسُولُ اللَّهِ -صلى الله عليه وسلم- فَسَأَلَ عَنْهَا - أَوْ عَنْهُ - فَقَالُوا مَاتَ. قَالَ « أَفَلاَ كُنْتُمْ آذَنْتُمُونِى ». قَالَ فَكَأَنَّهُمْ صَغَّرُوا أَمْرَهَا - أَوْ أَمْرَهُ - فَقَالَ « دُلُّونِى عَلَى قَبْرِهِ ». فَدَلُّوهُ فَصَلَّى عَلَيْهَا ثُمَّ قَالَ « إِنَّ هَذِهِ الْقُبُورَ مَمْلُوءَةٌ ظُلْمَةً عَلَى أَهْلِهَا وَإِنَّ اللَّهَ عَزَّ وَجَلَّ يُنَوِّرُهَا لَهُمْ بِصَلاَتِى عَلَيْهِمْ ».

അബൂ ഹുറൈറ (റ) നിവേദനം: “പള്ളി അടിച്ചുവാരിയിരുന്ന ഒരു കറുത്ത സ്ത്രീ - അല്ലെങ്കില്‍ ഒരു പുരുഷന്‍ -[1] ഉണ്ടായിരുന്നു അവരെ കാണാതായപ്പോള്‍ നബി (സ) അവരെക്കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: അവര്‍ മരണപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് എന്നെ അറിയിക്കാമായിരുന്നില്ലേ ?!. അബൂ ഹുറൈറ (റ) പറയുന്നു: ആളുകള്‍ അവരുടെ കാര്യം നിസാരവല്‍ക്കരിച്ചത് പോലെയായിരുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: നിങ്ങള്‍ അവരുടെ ഖബര്‍ എനിക്ക് കാണിച്ചു തരിക. അങ്ങനെ അവര്‍ അദ്ദേഹത്തിന് അവരുടെ ഖബര്‍ കാണിച്ചു കൊടുക്കുകയും അദ്ദേഹം അവിടെ വച്ച് നമസ്കരിക്കുകയും ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: ഈ ഖബറുകളുടെ ആളുകള്‍ക്ക് അവ വളരെ ഇരുളടഞ്ഞതാണ്. എന്‍റെ നമസ്കാരം കൊണ്ട് അല്ലാഹു അവര്‍ക്കത് പ്രകാശപൂരിതമാക്കിക്കൊടുക്കും.” – [സ്വഹീഹ് മുസ്‌ലിം: 2259].

ഏതായാലും ഈ ഹദീസില്‍ മയ്യിത്ത് മറമാടിക്കഴിഞ്ഞ ശേഷവും നേരത്തെ ജനാസ നമസ്കരിചിട്ടില്ലാത്തവര്‍ക്ക് മയ്യിത്തിന് വേണ്ടി ഖബറിനരികില്‍ വെച്ച് ജനാസ നമസ്കാരം നിര്‍വഹിക്കാം എന്നതിനുള്ള സ്പഷ്ടമായ തെളിവാണ്.

عن يَزِيدَ بْنِ ثَابِتٍ رضي الله عنه :  أَنَّهُمْ خَرَجُوا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ فَرَأَى قَبْرًا جَدِيدًا ، فَقَالَ : مَا هَذَا ؟ قَالُوا : هَذِهِ فُلانَةُ ، مَوْلاةُ بَنِي فُلَانٍ ، فَعَرَفَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، مَاتَتْ ظُهْرًا وَأَنْتَ نَائِمٌ قَائِلٌ (أي : في القيلولة) فَلَمْ نُحِبَّ أَنْ نُوقِظَكَ بِهَا ، فَقَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَفَّ النَّاسَ خَلْفَهُ ، وَكَبَّرَ عَلَيْهَا أَرْبَعًا ، ثُمَّ قَالَ : لا يَمُوتُ فِيكُمْ مَيِّتٌ مَا دُمْتُ بَيْنَ أَظْهُرِكُمْ إِلا آذَنْتُمُونِي بِهِ ؛ فَإِنَّ صَلاتِي لَهُ رَحْمَةٌ

യസീദ് ബ്ന്‍ സാബിത്ത് (റ) നിവേദനം: അവര്‍ ഒരിക്കല്‍ റസൂല്‍ (സ) യുടെ കൂടെ പുറപ്പെട്ടു. അപ്പോള്‍ ഒരു പുതിയ ഖബര്‍ കാണാന്‍ ഇടയായി. അദ്ദേഹം ചോദിച്ചു: ഇതെന്താണ് ?. അവര്‍ പറഞ്ഞു: ഇത് ഇന്ന ഗോത്രക്കാരുടെ ഭൃത്യയായിരുന്ന ഇന്ന സ്ത്രീയാണ്. നബി (സ) ക്ക് അവരെ മനസ്സിലായി. ‘അവര്‍ ഉച്ച സമയത്താണ് മരണപ്പെട്ടത്. ആ സമയത്ത് അങ്ങ് ഉച്ചയുറക്കത്തിലായിരുന്നു. അങ്ങയെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെട്ടില്ല’ അവര്‍ പറഞ്ഞു. അപ്പോള്‍ റസൂല്‍ (സ) നമസ്കാരത്തിനായി നില്‍ക്കുകയും സ്വഹാബത്ത് അദ്ദേഹത്തിന്‍റെ പിന്നില്‍ സ്വഫ്ഫായി നില്‍ക്കുകയും ചെയ്തു. നാല് തക്ബീറുകള്‍ കെട്ടി (അദ്ദേഹം ജനാസ നമസ്കാരം നിര്‍വഹിച്ചു). എന്നിട്ടദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കെ നിങ്ങളിലാരെങ്കിലും മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ അറിയിക്കണം. കാരണം എന്‍റെ നമസ്കാരം അവര്‍ക്ക് കാരുണ്യമാണ്.” – [നസാഇ: 2022. അല്‍ബാനി: സ്വഹീഹ്].      


എന്നാല്‍ ഒരാള്‍ മറമാടപ്പെട്ട് കഴിഞ്ഞാല്‍ എത്ര കാലം വരെ അയാളുടെ ഖബറിനരികില്‍ ചെന്ന് നമസ്കാരം നിര്‍വഹിക്കാം എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക്  വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ട്. ഒരു മാസം വരെ, മൂന്ന്‍ ദിവസം വരെ എന്നിങ്ങനെയെല്ലാം ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അപ്രകാരം ഇത്ര ദിവസം വരെ മാത്രമേ അത് പാടുള്ളൂ എന്ന് പറയാന്‍ യാതൊരു വിധ തെളിവും കാണാന്‍ സാധിച്ചിട്ടില്ല.

ഇമാം ഇബ്നു ഹസം പറയുന്നു: “ഖബറിനരികില്‍ പോയി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുക എന്നത് മൂന്ന്‍ ദിവസം വരെ, മൂന്ന്‍ മാസം വരെ എന്നിങ്ങനെ പരിമിതപ്പെടുത്തല്‍ നിസ്സംശയം തെറ്റാണ്. കാരണം അത് പ്രമാണമില്ലാതെയുള്ള പരിമിതപ്പെടുത്തലാണ്”. – [അല്‍മുഹല്ല: 3/366].

എന്നാല്‍ നമ്മുടെ ജീവിത കാലത്ത് മരണപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമേ ഒരാള്‍ അപ്രകാരം ഖബറിനരികില്‍ ചെന്ന് നമസ്കരിക്കാവൂ എന്നതാണ് ശരി. കാരണം പിന്‍കാലത്ത് താബിഉകളോ, അവരുടെ പിന്മുറക്കാരോ  ആരെങ്കിലും ചെന്ന് നബി (സ) യുടെയോ സ്വഹാബത്തിന്‍റെയോ ഒക്കെ ഖബരിനരികില്‍ ചെന്ന് നമസ്കരിച്ചതായി നമുക്ക് കാണാന്‍ സാധിക്കില്ല.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: “മറമാടപ്പെട്ട് ഒരു മാസം പിന്നിട്ടതിന്‌ ശേഷമാണെങ്കിലും ഒരാളുടെ ഖബറിനരികില്‍ ചെന്ന് അയാള്‍ക്ക് വേണ്ടി ജനാസ നമസ്കരിക്കാം എന്നതാണ് ശരിയായ അഭിപ്രായം. എന്നാല്‍ ചില ഉലമാക്കള്‍ അതിന് വളരെ നല്ല ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ആരാണോ മറമാടപ്പെട്ട മയ്യിത്തിന് വേണ്ടി നമസ്കരിക്കുന്നത് അയാള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ മരണപ്പെട്ട വ്യക്തിയായിരിക്കണം അത് എന്നതാണ്‌ ആ നിബന്ധന”. – [
الشرح الممتع :5 / 436].[2]
ഏതായാലും ഒരാള്‍ മരിക്കുമ്പോള്‍ സ്ഥലത്തില്ലാത്ത മക്കള്‍, സുഹൃത്തുക്കള്‍ ബന്ധുമിത്രാതികള്‍ തുടങ്ങിയവര്‍ക്ക് പിന്നീട് ആ മയ്യിത്തിന്‍റെ ഖബറിനരികില്‍ പോയി ജനാസ നമസ്കാരം നിര്‍വഹിക്കാവുന്നതാണ്‌. ഇതോടൊപ്പം സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം പലപ്പോഴും മക്കളോ മറ്റു ബന്ധുമിത്രാതികളോ ഒക്കെ സ്ഥലത്തില്ലാത്തത് കാരണം മറവ് ചെയ്യല്‍ വളരെ വൈകിപ്പിക്കുന്ന പ്രവണത തെറ്റാണ്. മറവ് ചെയ്യാന്‍ ധൃതി കൂട്ടുവാനാണ് നബി (സ) കല്പിച്ചത്. അതുകൊണ്ട് അപ്രകാരം സ്ഥലത്തില്ലാത്തവര്‍ക്ക് പിന്നീട് ഖബറിനരികില്‍ പോയി നമസ്കരിച്ചാല്‍ മതി. അവര്‍ വരുന്നത് വരെ മറമാടല്‍ വൈകിപ്പിക്കേണ്ടതില്ല. നമ്മുടെ സൌകര്യത്തെക്കാള്‍ മയ്യിത്തിന് കൂടുതല്‍ ഉചിതമേത് എന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ചിന്തിക്കേണ്ടത്. 
[1]
- ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ ആര്‍ക്കെങ്കിലും ആണോ, പെണ്ണോ എന്ന് സംശയം ഉള്ളത് കൊണ്ടാണ് അപ്രകാരം പറഞ്ഞത്. അത് ഈ സംഭവത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല.
[2] - ഈ വിഷയം കൂടുതല്‍ സമഗ്രമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഗ്രന്ഥങ്ങള്‍ പരിശോധിക്കുക:
[
الأم" 1/452: "المجموع" , 208/5-210 : : بدائع الصنائع" 1/315:  "الموسوعة الفقهية" , 16/35 ].