الحمد لله و الصلاة والسلام على اشرف خلق الله، وعلى آله و صحبه ومن والاه، وبعد؛
വസ്തുവിന്‍റെ ഉടമസ്ഥനില്‍ നിന്നും വാടകക്ക് എടുത്ത വ്യക്തി തന്റെ കരാര്‍ കാലയളവില്‍ ആ വസ്തുമറ്റൊരാള്‍ക്ക് വാടകക്ക് നല്‍കുന്നതിനാണ് 'മേല്‍വാടകക്ക് നല്‍കല്‍' എന്ന് പറയുന്നത്.
www.fiqhussunna.com
ഇസ്‌ലാം വാടകക്ക് നൽകുന്നതിനെയും. വാടകക്ക് എടുത്ത ആൾ അത് മറ്റൊരാൾക്ക് മറിച്ച് വാടകക്ക് നൽകുന്നതിനെയും എതിർക്കുന്നില്ല. കാരണം താൻ വാടകക്കെടുത്തത് സ്വയം ഉപയോഗപ്പെടുത്തുന്നതിനോ, തല്‍സ്ഥാനത്ത് മറ്റൊരാള്‍ ഉപയോഗപ്പെടുത്തുന്നതിനോ അയാൾക്ക് അനുവാദമുണ്ട്. എന്നാൽ വസ്തുവിൻറെ ഉടമ വാടകക്ക് നൽകുന്ന സമയത്ത് മറ്റൊരാള്‍ക്ക് വാടകക്ക് നൽകരുത് എന്ന നിബന്ധന വച്ചിട്ടുണ്ടെങ്കിൽ, ആ വസ്തു മേൽവാടകക്ക് നൽകാൻ പാടില്ല.
അതുകൊണ്ട് തന്നെ വസ്തുവിന്‍റെ ഉടമ കരാറിലേര്‍പ്പെടുന്ന സമയത്ത് മേല്‍വാടകക്ക് നല്‍കുന്നത് വിലക്കാത്ത പക്ഷം മേല്‍വാടകക്ക് നല്‍കല്‍ അനുവദനീയമാണ്.
ലിജ്നതുദ്ദാഇമയുടെ ഈ ഫത്'വ നോക്കുക :
ചോദ്യം: ഈ വിഷയത്തിലുള്ള മതവിധി ഒന്ന് വ്യക്തമാക്കണം.... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഒരു ബിൽഡിങ്ങിന്റെ ഉടമസ്ഥൻ അദ്ദേഹത്തിന് വാടകക്കാരെ ഓരോരുത്തരെയും സമീപിച്ച് വാടക സ്വീകരിക്കാനും, ബിൽഡിങ്ങിന്റെ മറ്റു കാര്യങ്ങൾ നിറവേറ്റുവാനുമുള്ള പ്രയാസത്താല്‍,,,, മൊത്തത്തിൽ ഒരാൾക്ക് നൽകിയാൽ അയാളുമായി മാത്രം ഇടപാട് നടത്തിയാൽ മതിയല്ലോ എന്ന നിലക്ക് ബിൽഡിംഗ് മൊത്തമായും 100000 റിയാലിന് എനിക്ക് വാടകക്ക് നൽകുകയും അത് മേൽവാടകക്ക് നൽകുവാനുള്ള അനുവാദം നൽകുകയും ചെയ്തു. ആ ബിൽഡിംഗ് ഏറ്റെടുത്ത ശേഷം അതില്‍ ഞാൻ ഫർണീച്ചറുകളും ഫ്രിഡ്ജും തുടങ്ങി വീട്ടു സാധനങ്ങൾ ഒരുക്കി, റൂമുകളും ഫ്ലാറ്റുകളുമാക്കിത്തിരിച്ച് 150000 റിയാലിന് വാടകക്ക് നൽകി. ക്ലീനിംഗ് ജോലിക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും തുടങ്ങി,, ചിലവുകൾ കഴിച്ച് അതിൽ നിന്നും ബാക്കിയാകുന്ന ലാഭം എനിക്ക് അനുവദനീയമാണോ ? . താമസക്കാർക്ക് വേണ്ട സഹായങ്ങളും സേവനങ്ങളും ചെയ്ത് കൊടുക്കുന്നതിൽ ഞാൻ ഒരു വീഴ്ചയും വരുത്തുന്നില്ല.
ഉത്തരം : ഒരാള്‍ ഒരു വസ്തു വാടകക്കെടുത്താല്‍ താന്‍ വാടകക്ക് എടുത്ത അതേ വാടക തന്നെ നിശ്ചയിച്ചുകൊണ്ടോ , അതല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ, കുറവോ ആയ വാടക നിശ്ചയിച്ചുകൊണ്ടോ മറ്റൊരാള്‍ക്കത് വാടകക്ക് നല്‍കാവുന്നതാണ്. താനെത്ര കാലാവധിക്കാണോ വാടകക്കെടുത്തത് അത്ര തന്നെ കാലാവധിക്കോ അതിനേക്കാള്‍ കുറവ് കാലാവധിക്കോ മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കാം. എന്നാല്‍ വസ്തുവിന്‍റെ ഉടമസ്ഥന് ഉപദ്രവമുണ്ടാകുമെന്നതിനാല്‍ താന്‍ വാടകക്ക് എടുത്ത കാലാവധിയേക്കാള്‍ കൂടുതല്‍ കാലാവധി നിശ്ചയിച്ചുകൊണ്ട് മറ്റൊരാള്‍ക്ക് മറിച്ച് വാടകക്ക് നല്‍കാന്‍ പാടില്ല.
വാടകക്കെടുത്ത വസ്തു വാടകക്കാല പരിധിയില്‍ അയാള്‍ക്ക് ഉപയോഗപ്പെടുത്താമെങ്കില്‍ അതയാള്‍ സ്വയം ഉപയോഗപ്പെടുത്തുന്നതിനോ അയാള്‍ക്ക് പകരം മറ്റൊരാള്‍ ഉപയോഗപ്പെടുത്തുന്നതിലോ തെറ്റില്ല. എന്നാല്‍ വസ്തുവിന്‍റെ ഉടമസ്ഥന്‍ വാടകക്ക് തരുന്ന അവസരത്തില്‍ തന്നെ ഇത് മറിച്ച് മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കരുതെന്നോ, അല്ലെങ്കില്‍ ഇന്നയിന്ന തൊഴിലാളികള്‍ക്കോ ജോലിക്കാര്‍ക്കോ നല്‍കരുതെന്നോ നിബന്ധനകള്‍ വച്ചിട്ടുണ്ടെങ്കില്‍ അപ്രകാരം ചെയ്യാന്‍ പാടില്ല. അവര്‍ നിബന്ധനപ്രകാരമാണ് കരാറില്‍ ഏര്‍പ്പെട്ടതെങ്കില്‍ രണ്ടുപേരും അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.
ഈ ഫത്'വ നല്‍കിയത് : ശൈഖ് ഇബ്ന്‍ ബാസ് (റഹിമഹുല്ല) , ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് (ഹഫിദഹുല്ല) , ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല) , ശൈഖ് ബകര്‍ അബൂ സൈദ് (റഹിമഹുല്ല) .
ഈ ഫത്'വയുടെ അറബി ലഭിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യുക
ഇനി ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങള്‍:
ഒന്ന്: നാട്ടുനടപ്പനുസരിച്ച് പൊതുവേ ഉടമസ്ഥര്‍ മേല്‍വാടകക്ക് നല്‍കാന്‍ അനുവദിക്കാത്ത വസ്തുക്കളോ, ഇനി നാട്ടുനടപ്പനുസരിച്ച് മേല്‍വാടകക്ക് നല്‍കുന്നതിന് പ്രത്യേകം അനുവാദം ഉടമസ്ഥനില്‍ നിന്ന് വാങ്ങേണ്ടതോ ഉണ്ടെങ്കില്‍ അത്തരം ഒരു സാഹചര്യത്തില്‍ ഉടമസ്ഥന്റെ അനുവാദത്തോടുകൂടിയല്ലാതെ മേല്‍വാടകക്ക് നല്‍കാന്‍ പാടില്ല.
അഥവാ : നാട്ടുനടപ്പനുസരിച്ച് പൊതുവേ മേല്‍വാടകക്ക് നല്‍കാന്‍ ഉടമസ്ഥര്‍ അനുവാദം നല്‍കാത്ത വസ്തുക്കളുടെ കാര്യത്തില്‍ ഉടമസ്ഥനില്‍ നിന്നും പ്രത്യേകം അനുമതി ഉണ്ടെങ്കിലേ മേല്‍വാടകക്ക് കൊടുക്കാവൂ. എന്നാല്‍ നാട്ടുനടപ്പനുസരിച്ച് പൊതുവേ മേല്‍വാടകക്ക് നല്‍കപ്പെടുന്ന വസ്തുക്കളുടെ കാര്യത്തില്‍ ഉടമസ്ഥന്റെ പ്രത്യേകം അനുവാദം ആവശ്യമില്ല. താന്‍ അതിഷ്ടപ്പെടുന്നില്ലെങ്കില്‍ കരാര്‍ സമയത്ത് മേല്‍വാടകക്ക് നല്‍കരുത് എന്ന നിബന്ധന ഉടമസ്ഥന്‍ വെക്കണം എന്നര്‍ത്ഥം.
രണ്ട്: കരാര്‍ സമയത്ത് പരസ്പരം വച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കല്‍ ഉടമസ്ഥനും വാടകക്കാരനും നിര്‍ബന്ധമാണ്.
കാരണം പ്രവാചകന്‍ (ﷺ) പറഞ്ഞു :
المسلمون عند شروطهم
"മുസ്‌ലിമീങ്ങള്‍ അവര്‍ പരസ്പരം കരാര്‍ ചെയ്ത നിബന്ധനകള്‍ പാലിക്കുന്നവരാണ് " - [തിര്‍മിദി].