Tuesday, March 8, 2016

മയ്യിത്തിന്‍റെ ബന്ധുക്കളുടെ മേല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍: (തല്‍ഖീസു അഹ്കാമുല്‍ ജനാഇസ് - അദ്ധ്യായം: 5) - ശൈഖ് അല്‍ബാനി (റഹിമഹുല്ല).

ترجمة تلخيص أحكام الجنائز إلى اللغة المليبارية


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

(ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ മരണാനന്തര കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമായ, അദ്ദേഹം തന്നെ രചിച്ച: تلخيص أحكام الجنائز എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണിത്).
അദ്ധ്യായം: 5

ما يجب على أقارب الميت

മയ്യിത്തിന്‍റെ ബന്ധുക്കളുടെ മേല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍:

മയ്യിത്തിന്റെ ബന്ധുക്കളുടെ മേല്‍ രണ്ടു കാര്യങ്ങള്‍ നിര്‍ബന്ധമാണ്‌: 

ഒന്നാമത്തെ കാര്യം: അല്ലാഹുവിന്‍റെ വിധിയില്‍ തൃപ്തിയടയുകയും ക്ഷമിക്കുകയും ചെയ്യണം. കാരണം അല്ലാഹു പറയുന്നു: " 




وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ (155) الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (156) أُولَئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ وَأُولَئِكَ هُمُ الْمُهْتَدُونَ (157).


"കുറച്ചൊക്കെ ഭയം
, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. (155) തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. (156) അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (157)" - [അല്‍ബഖറ: 155-157].  

അതുപോലെ അനസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം:



عن أنس بن مالك رضي الله عنه قال : ( مر رسول الله صلى الله عليه وسلم  بامرأة عند قبر وهي تبكيفقال لها : ( اتقي الله واصبري ) فقالت : إليك عني فإنك لم تصب بمصيبتي قال : ولم تعرفه فقيل لها : هو رسول الله صلى الله عليه وسلم فأخذها مثل الموت فأتت باب رسول الله صلى الله عليه وسلم ولم تجد عنده بوابين فقالت : يا رسول الله إني لم أعرفك . فقال رسول الله صلى الله عليه وسلم : ( إن الصبر عند أول الصدمة )

"ഖബറിനരികില്‍ ഇരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ അല്ലാഹുവിന്‍റെ റസൂല്‍ (സ) കടന്നുപോകുകയുണ്ടായി. അവര്‍ കരയുന്നുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: നിങ്ങള്‍ എന്‍റെ കാര്യത്തില്‍ ഇടപെടാതെ കടന്നുപോകുക. എനിക്ക് ഉണ്ടായ വിഷമം നിങ്ങള്‍ക്ക് ഉണ്ടായിട്ടില്ലല്ലോ. അനസ് ബിന്‍ മാലിക്ക് (റ) പറയുന്നു: അത് അല്ലാഹുവിന്‍റെ റസൂലാണ് എന്ന് ആ സ്ത്രീക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. അത് അല്ലാഹുവിന്‍റെ റസൂല്‍ ആണ് എന്ന് അവരോട് പറയപ്പെട്ടു. അത് കേട്ടപ്പോള്‍ അവര്‍ക്ക് മരണവെപ്രാളത്തെപ്പോലെ മനപ്രയാസമുണ്ടായി. അങ്ങനെ റസൂല്‍ (സ) (യെ കാണാനായി) അദ്ദേഹത്തിന്‍റെ  വാതിലിനരികില്‍ അവര്‍ വന്നു. അവിടെ ഒരു കാവല്‍ക്കാരെയും കാണാന്‍ അവര്‍ക്ക് സാധിച്ചില്ല. അവര്‍ പറഞ്ഞു: "അല്ലയോ അല്ലാഹുവിന്‍റെ റസൂലേ, എനിക്ക് അങ്ങയാണെന്ന്  മനസ്സിലായിരുന്നില്ല. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: തീര്‍ച്ചയായും ക്ഷമ അവലംബിക്കേണ്ടത് പ്രയാസങ്ങളുടെ ആദ്യത്തിലാണ്. " - [സുനനുല്‍ കുബ്റ-ബൈഹഖി: 7378, الصبر عند الصدمة الأولى എന്ന പദപ്രയോഗത്തോടെ ഇതേ ഹദീസ് ഇമാം ബുഖാരിയും : 1283, ഇമാം മുസ്‌ലിമും: 2178 മറ്റു മുഹദ്ദിസീങ്ങളും ഉദ്ദരിച്ചിട്ടുണ്ട്].

പ്രത്യേകിച്ചും മക്കള്‍ മരണപ്പെടുമ്പോള്‍ ക്ഷമ അവലംബിക്കുന്നതിന് അതിമഹത്തായ പ്രതിഫലമുണ്ട്. അതുമായി ബന്ധപ്പെട്ട് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട് അവയില്‍ ചിലത് ഞാനിവിടെ ഉദ്ദരിക്കാം:


 ഹദീസ് 1 : നബി (സ) പറഞ്ഞു:


ما من مسلمين يموت لهما ثلاثة من الولد لم يبلغوا الحنث إلا أدخلهم الله وأبويهم الجنة بفضل رحمته قال : ويكونون على باب من أبواب الجنة فيقال لهم : ادخلوا الجنة فيقولون : حتى يجيء أبوانا فيقال لهم : ادخلوا الجنة أنتم وأبواكم بفضل رحمة الله
  "ഏതെങ്കിലും രണ്ട് മുസ്‌ലിം (ഇണകള്‍ക്ക്) പ്രായപൂര്‍ത്തിയെത്താത്ത മൂന്ന്‍ മക്കള്‍ മരണമടഞ്ഞാല്‍ അല്ലാഹു അവന്‍റെ കാരുണ്യത്തിന്‍റെ ഔദാര്യം കൊണ്ട് അവരെയും അവരുടെ മാതാപിതാക്കളെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. അദ്ദേഹം പറഞ്ഞു: അവര്‍ സ്വര്‍ഗത്തിന്‍റെ കവാടങ്ങളില്‍ ഒരു കവാടത്തില്‍ ഇടം പിടിച്ചിരിക്കും. നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടും. അപ്പോള്‍ അവര്‍ പറയും: ഞങ്ങളുടെ മാതാപിതാക്കള്‍ വരുന്നത് വരെ (ഞങ്ങള്‍ പ്രവേശിക്കുന്നില്ല). അപ്പോള്‍ അവരോട് പറയപ്പെടും: അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഔദാര്യം കൊണ്ട് നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക."- [മുസ്നദ് അഹ്മദ്: 3554 , അല്‍ബാനി: സ്വഹീഹ്].

ഹദീസ് 2: നബി (സ) പറഞ്ഞു:

(أيما امرأة مات لها ثلاثة من الولد كانوا حجابا من النار)  . قالت : امرأة : واثنان ؟ قال : (واثنان)

"ഏതെങ്കിലും ഒരു സ്ത്രീക്ക് മൂന്ന്‍ കുട്ടികള്‍ മരണപ്പെടുന്ന പക്ഷം അവര്‍ അവര്‍ക്ക് നരകത്തില്‍ നിന്നുള്ള മറയായിരിക്കും." ഒരു സ്ത്രീ ചോദിച്ചു: രണ്ട് കുട്ടികളാണെങ്കിലോ ?. അദ്ദേഹം പറഞ്ഞു: രണ്ട് പേരാണെങ്കിലും." - [ബുഖാരി: 1249].


രണ്ടാമത്തെ കാര്യം: الإسترجاع അഥവാ إنا لله وإنا إليه راجعون (നാം അല്ലാഹുവിനുള്ളവരാണ്. നാം അവങ്കലേക്ക്‌ മടങ്ങുകതന്നെ ചെയ്യും) എന്ന് പറയണം.  നേരത്തെ ഉദ്ദരിച്ച ആയത്തില്‍ അത് പരാമര്‍ശിക്കപ്പെട്ടു കാണാം. അത് പറയുന്നതോടൊപ്പം ഇപ്രകാരം കൂടി പറയണം:

اللهم أجرني في مصيبتي واخلف لي خيرا منها
"അല്ലാഹുവേ, എനിക്കുണ്ടായിട്ടുള്ള പ്രയാസത്തിന് നീ എനിക്ക് പ്രതിഫലം നല്‍കുകയും, അതിനേക്കാള്‍ നല്ലത് നീ എനിക്ക് പകരം നല്‍കുകയും ചെയ്യേണമേ". ഉമ്മു സലമ (റ) നിവേദനം ചെയ്ത ഇമാം മുസ്‌ലിമും മറ്റു മുഹദ്ദിസീങ്ങളും ഉദ്ദരിച്ച ഹദീസിന്‍റെ അടിസ്ഥാനത്തിലാണത്. 

തന്‍റെ മക്കളുടെയോ അതല്ലെങ്കില്‍ മറ്റാരുടെയോ മരണം കാരണത്താല്‍ ദുഃഖസൂചകമായി മൂന്ന് ദിവസത്തില്‍ കവിയാതെ സ്ത്രീ എല്ലാ വിധത്തിലുള്ള അലങ്കാരങ്ങളില്‍ നിന്നും മുക്തയാകുന്നത് ക്ഷമ അവലംബിക്കുന്നതിനെതിരാവുകയില്ല. തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തിലൊഴികെ. (ഭര്‍ത്താവിന്റെ മരണത്തില്‍) നാല് മാസവും പത്ത് ദിവസവുമാണ് അവരുടെ ദുഃഖാചരണം. സൈനബ് ബിന്‍ത് അബീ സലമ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം: 

عن زينب بنت أبي سلمة قالت : دخلت على أم حبيبة زوج النبي صلى الله عليه وسلم فقالت : سمعت رسول الله صلى الله عليه وسلم يقول : (لا يحل لامرأة تؤمن بالله واليوم الآخر [ أن ] تحد على ميت فوق ثلاث إلا على زوج أربعة أشهر وعشرا)
 
"ഞാന്‍ നബി (സ)   യുടെ പത്നി ഉമ്മു ഹബീബ (റ) യുടെ അരികിലേക്ക് പ്രവേശിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ (സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു മയ്യിത്തിനും വേണ്ടി മൂന്ന് ദിവസത്തിലധികം ദുഃഖമാചരിക്കാന്‍ പാടില്ല. തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നാല് മാസവും പത്ത് ദിവസവും എന്നതൊഴികെ"
ثم دخلت على زينب بنت جحش حين توفي أخوها فدعت بطيب فمست ثم قالت : ما لي بالطيب من حاجة غير أني سمعت رسول الله صلى الله عليه وسلم يقول : . . . ) . فذكرت الحديث


പിന്നീട് ഞാന്‍ സൈനബ് ബിന്‍ത് ജഹഷ് (റ) യുടെ അരികിലേക്ക് അവരുടെ സഹോദരന്‍ മരണപ്പെട്ട സന്ദര്‍ഭത്തില്‍ പ്രവേശിക്കുകയുണ്ടായി. അവര്‍ സുഗന്ധം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അത് പുരട്ടുകയും ചെയ്തു.  എന്നിട്ട് ഇപ്രകാരം പറഞ്ഞു: "എനിക്കിപ്പോള്‍ സുഗന്ധം പൂശേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. പക്ഷെ അല്ലാഹുവിന്‍റെ റസൂല്‍ (സ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു:................" - [സ്വഹീഹുല്‍ ബുഖാരി: 1282, സ്വഹീഹ് മുസ്‌ലിം: 3798]. ശേഷം നേരത്തെ സൂചിപ്പിച്ച ഹദീസ് അവര്‍ പരാമര്‍ശിക്കുകയുണ്ടായി.

(ദുഃഖ സമയത്ത് വെടിയപ്പെടുന്ന അലങ്കാരങ്ങളില്‍പ്പെട്ടതാണ് സുഗന്ധം പൂശല്‍. മൂന്ന്‍ ദിവസത്തിലധികം തന്‍റെ സഹോദരന്‍റെ വിയോഗത്തില്‍ ദുഃഖം ആച്ചരിക്കാന്‍ പാടില്ല എന്നും, ഭര്‍ത്താവിന്‍റെ മരണത്തിനല്ലാതെ മൂന്ന്‍ ദിവസത്തില്‍ കൂടുതല്‍ ദുഃഖാചരണമില്ല എന്നത് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ച കാര്യമാണ് എന്ന് വ്യക്തമാക്കുവാന്‍ വേണ്ടിയും ആണ് അവര്‍ അപ്രകാരം ചെയ്തത്. അതോടൊപ്പം നാം മനസ്സിലാക്കേണ്ട ഒരു കാര്യം സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വച്ച് സുഗന്ധം പൂശാന്‍ അനുവാദമുണ്ട്. എന്നാല്‍ പുറത്ത് പോകുമ്പോള്‍ സുഗന്ധം ഉപയോഗിക്കാന്‍ പാടില്. അതുപോലെ ഇതര പുരുഷന്മാരെ ആകര്‍ഷിക്കും വിധത്തിലുള്ള അലങ്കാരങ്ങള്‍ അണിഞ്ഞുകൊണ്ട് പുറത്ത് പോകുന്നതും എല്ലാ സന്ദര്‍ഭങ്ങളിലും നിഷിദ്ധമാണ്. - വിവര്‍ത്തകന്‍.).


എന്നാല്‍ ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവല്ലാത്ത മറ്റൊരാളുടെ മരണത്തില്‍, തന്‍റെ ഭര്‍ത്താവിനെ പ്രീതിപ്പെടുത്തുവാനും അവന്‍റെ വികാരങ്ങളെ ശമിപ്പിക്കുവാനുമെന്നോണം (അലങ്കാരങ്ങള്‍ ഉപയോഗിക്കുകയും) ദുഖാചരണം ഒഴിവാക്കുകയും ചെയ്‌താല്‍ അതാണ്‌ കൂടുതല്‍ നല്ലത്. ഉമ്മു സുലൈം (റ) ക്കും അബൂ ത്വല്‍ഹ അല്‍അന്‍സാരി (റ) വിനും സംഭവിച്ചത് പോലെ ഒരുപാട് ഖൈര്‍ അവരിരുവര്‍ക്കും അതിന്‍റെ ഉപോല്‍ബലകമായി ലഭിച്ചേക്കാം. ഈ വിഷയത്തിലെ അവരുടെ കഥ വളരെ ദൈര്‍ഘ്യമുള്ളതാണ്. അല്ലായിരുന്നുവെങ്കില്‍ ഞാനതിവിടെ ഉദ്ദരിക്കുമായിരുന്നു. ആ സംഭവം വായിക്കാന്‍ ഈ ഗ്രന്ഥത്തിന്‍റെ പൂര്‍ണരൂപം പരിശോധിക്കാവുന്നതാണ്‌.

(തന്‍റെ മകന്‍ മരണപ്പെട്ട വേളയില്‍, യാത്ര കഴിഞ്ഞെത്തിയ അബൂ ത്വല്‍ഹ (റ) വിനോട് മകന്‍ ഏറ്റവും ശാന്തമായ അവസ്ഥയിലാണ് എന്ന് പറയുകയും ഭര്‍ത്താവിന് വേണ്ടി അണിഞ്ഞൊരുങ്ങുകയും , പരസ്പരം ശയിച്ച ശേഷം സൗമ്യമായി ഭര്‍ത്താവിനോട് മകന്‍റെ മരണ വാര്‍ത്ത അറിയിക്കുകയും ചെയ്ത ഉമ്മു സുലൈം (റ) യുടെ ചരിത്രമാണ് ഇവിടെ ശൈഖ് ഉദ്ദേശിച്ചത്. അവരുടെ ആ ബന്ധത്തില്‍ അല്ലാഹു അവര്‍ക്ക് ബര്‍ക്കത്ത് ചൊരിയുകയും സന്താനത്തെ പ്രദാനം ചെയ്യുകയും ചെയ്തു- വിവര്‍ത്തകന്‍).

----------------------

(Translated by : Abdu Rahman Abdul Latheef. ഈ വിവര്‍ത്തനം അനുവാദമില്ലാതെ പ്രസിദ്ധീകരണാവശ്യത്തിന് ഉപയോഗിക്കരുത്.)