Wednesday, March 9, 2016

മാതൃഭൂമിയുടെ പ്രവാചക അവഹേളനം - ഒരു വിശ്വാസി എങ്ങനെ പ്രതികരിക്കണം ?!.       الحمد لله والصلاة والسلام على رسول الله  

       നാം നമ്മുടെ സ്വന്തത്തേക്കാള്‍ ഇഷ്ടപ്പെടുന്ന നബി (സ) യെക്കുറിച്ച് അപരാധം പറയുക എന്നത് ഒരു വിശ്വാസിക്ക് ഒരിക്കലും സഹിക്കുന്ന കാര്യമല്ല.. അതിനോട് നാം വൈകാരികമായി പ്രതികരിക്കുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിന്‍റെ പേരില്‍ നിരപരാധികളെ ബുദ്ധിമുട്ടിക്കുകയോ, നാം ജീവിക്കുന്ന നാട്ടിലെ നിയമങ്ങള്‍ കയ്യിലെടുക്കുകയോ, ക്രമസമാധാനം തകര്‍ക്കുകയോ ചെയ്യല്‍ ഇസ്‌ലാമികമായ രീതിയല്ല. അപ്രകാരം മുസ്‌ലിമീങ്ങളെക്കൊണ്ട് പ്രതികരിപ്പിക്കുകയും അവരെ അസഹിഷ്ണുതയുള്ളവരായി ചിത്രീകരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം കാര്യങ്ങള്‍ എഴുതിവിടുന്ന ഉപജാപക സംഘങ്ങളുടെ ആവശ്യം എന്നത് ഏവര്‍ക്കുമറിയാം.

www.fiqhusuunna.com

ഹുദൈബിയാ ഉടമ്പടി നടക്കുന്ന സമയത്ത് 'അല്ലാഹുവിന്‍റെ റസൂലായ മുഹമ്മദില്‍ നിന്ന്' എന്ന് എഴുതിയപ്പോള്‍ അപ്രകാരം എഴുതാന്‍ പാടില്ല, 'മുഹമ്മദ്‌ ബിന്‍ അബ്ദില്ലയില്‍ നിന്ന്' എന്ന് മാത്രമേ എഴുതാവൂ എന്ന് മക്കാ മുഷ്രിക്കുകളുടെ എഴുത്തുകാരന്‍ സുഹൈല്‍ ബ്ന്‍ അംറ് ആവശ്യപ്പെട്ടു. നബി (സ) യുടെ എഴുത്തുകാരന്‍ അലി (റ) കൂട്ടാക്കിയില്ല. അപ്പോള്‍ നബി (സ) സ്വയം അത് മായ്ച്ചു കളയുകയും, ഇപ്രകാരം പറയുകയും ചെയ്തു: "നിങ്ങളെന്നെ കളവാക്കിയാലും ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ തന്നെയാണ്. അതുകൊണ്ട് മുഹമ്മദ്‌ ബിന്‍ അബ്ദില്ലാഹ് എന്ന് എഴുതിക്കൊള്ളുക"..

അഥവാ അവരുടെ അവഹേളനങ്ങളും, കളവുകളും അല്ലാഹുവിന്‍റെ റസൂലിനെ ബാധിക്കുകയില്ല.  അല്ലാഹുവിന്‍റെ റസൂലിനെ പരിഹസിക്കുന്നവരുടെ കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. ഇല്ല അവരെ വെറുതെ വിടുകയില്ല. അല്ലാഹു പറയുന്നു:

إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ

"പരിഹാസക്കാരില്‍ നിന്ന്‌ നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു." - [ഹിജ്ര്‍: 95].

അതെ അല്ലാഹുവിന്‍റെ റസൂലിനെ പരിഹസിച്ചവരെ അല്ലാഹു പിടികൂടുക തന്നെ ചെയ്യും. അവരുടെ അറിവില്ലായ്മ കൊണ്ട് ചെയ്തുപോയതാണ് എങ്കില്‍ അവര്‍ക്ക് അല്ലാഹു നേര്‍മാര്‍ഗം കാണിച്ചു കൊടുക്കുമാറാകട്ടെ. അഹന്ത കൊണ്ടും അഹങ്കാരം കൊണ്ടും ചെയ്തുപോയതാണ് എങ്കില്‍ അല്ലാഹുവിന്‍റെ അതി കഠിനമായ ശിക്ഷ ഇഹത്തിലും പരത്തിലും അവര്‍ക്കുണ്ടാകട്ടെ.

പക്ഷെ പ്രതികരിക്കുമ്പോള്‍ വിശ്വാസികള്‍ എന്ന നിലക്ക് ചില കാര്യങ്ങള്‍ നാം ഉള്‍ക്കൊള്ളണം. വൈകാരികമായി അതിരു വിട്ട് പൊതു മുതല്‍ നശിപ്പിക്കുക, റോഡ്‌ തടസ്സമുണ്ടാക്കി ആളുകളെ ബുദ്ധിമുട്ടിക്കുക, ഇതില്‍ യാതൊരു പങ്കുമില്ലാത്ത നിരപരാധികളായ ആളുകളോട് പകയും വിദ്വേഷവും പ്രകടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നബി (സ) യെ സംരക്ഷിക്കുകയല്ല മറിച്ച് അദ്ദേഹത്തിന്‍റെ അദ്ധ്യാപനങ്ങളെ അവഹേളിക്കുകയായിരിക്കും നാം ചെയ്യുന്നത്. അതുകൊണ്ട് പക്വമായി പ്രതികരിക്കുക. അതോടപ്പം അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും പരിഹസിക്കുന്ന പത്രത്തെയും അതിന്‍റെ വക്താക്കളെയും പരിപൂര്‍ണമായി ബഹിഷ്കരിക്കുക. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും പരിഹസിക്കുന്ന ഒരു പത്രം നമ്മുടെ വീട്ടില്‍ നമുക്ക് വേണോ ?! معاذ الله ...

അല്ലാഹു പറയുന്നു: 

وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ وَإِمَّا يُنْسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَى مَعَ الْقَوْمِ الظَّالِمِينَ

"നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത്‌ വരെ നീ അവരില്‍ നിന്ന്‌ തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച്‌ മറപ്പിച്ച്‌ കളയുന്ന പക്ഷം ഓര്‍മ വന്നതിന്‌ ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്‌."
- [അന്‍ആം: 68].


അല്ലാഹുവിന്‍റെ റസൂലിനെ അവഹേളിച്ചവരോട് ഇസ്‌ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രതികരിക്കല്‍ നമ്മുടെ മേലുള്ള ബാധ്യതയാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സാധിക്കുന്നവര്‍ അപ്രകാരം ശ്രമിക്കണം. സാമ്പത്തികമായും സാമൂഹികമായും ബഹിഷ്കരണം ഏര്‍പ്പെടുത്താന്‍ സാധിക്കുന്നവര്‍ അപ്രകാരം ശ്രമിക്കണം. മറിച്ച് രക്തം ചിന്തിയും നിയമങ്ങള്‍ കയ്യിലെടുത്തും കലാപങ്ങള്‍ സൃഷ്ടിച്ചും ആയിരിക്കരുത്. റസൂലിനെ അവഹേളിച്ചതിനും മതവികാരം വ്രണപ്പെടുത്തിയത്തിനും അവര്‍ ശിക്ഷ അര്‍ഹിക്കുന്നു. പക്ഷെ ആ ശിക്ഷ നല്‍കേണ്ടത് ഉത്തരവാദിത്തപ്പെട്ട ആളുകളാണ്. ജനങ്ങള്‍ക്ക് നിയമങ്ങള്‍ കയ്യേറാന്‍ പാടില്ല. ഇസ്‌ലാമിക ശരീഅത്ത് നിലനില്‍ക്കുന്ന രാഷ്ട്രത്തിലാണ് എങ്കില്‍ പോലും വ്യക്തികള്‍ക്ക് ശിക്ഷാ നിയമങ്ങള്‍ കയ്യേറാനുള്ള അവകാശമില്ല.

  അതുപോലെ നാം ഇത്തരം സന്ദര്‍ഭങ്ങളില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം അല്ലാഹുവിന്‍റെ റസൂലിനോടുള്ള ഇഷ്ടം നാം വര്‍ദ്ധിപ്പിക്കണം. അത് പ്രകടമാക്കണം. അല്ലാഹുവിന്‍റെ റസൂലിന്‍റെ ചര്യകള്‍ ജീവിതത്തില്‍ പിന്‍പറ്റിയും, റസൂല്‍ (സ) യെ ജീവിത മാതൃകയായി സ്വീകരിച്ചും,  നബി (സ) യെക്കുറിച്ച് അറിയാത്ത ആളുകളിലേക്ക് എത്തിച്ചുകൊടുത്തും, തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിച്ചുമാണ് ആ ഇഷ്ടം നാം പ്രകടിപ്പിക്കേണ്ടത്. ഒരുപക്ഷേ ദിനം പ്രതി അല്ലാഹുവിന്‍റെ റസൂല്‍ (സ) അരുളിയ ഒട്ടനവധി കല്പനകള്‍ നിരാകരിക്കുക വഴി നാക്കു കൊണ്ടോ ഹൃദയം കൊണ്ടോ ചെയ്തില്ലെങ്കിലും പ്രവര്‍ത്തികൊണ്ട് ഒരുപക്ഷെ അല്ലാഹുവിന്‍റെ റസൂലിന് നാം എതിര് പ്രവര്‍ത്തിക്കുന്നുണ്ടായിരിക്കാം. അല്ലാഹു പൊറുത്ത് തരട്ടെ. അവ തിരിച്ചറിയുക തിരുത്തുക. അത് യഥാര്‍ത്ഥ സ്നേഹത്തിന്‍റെ ഭാഗമാണ്. അല്ലാഹുവിന്‍റെ റസൂലിന്‍റെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുക. അത് യഥാര്‍ത്ഥ സ്നേഹത്തിന്‍റെ ഭാഗമാണ്.

സത്യത്തിന്‍റെ വക്താക്കളും അധര്‍മ്മ കാരികളും തമ്മിലുള്ള തര്‍ക്കം അന്ത്യനാള്‍ വരെ നിലനില്‍ക്കും. പക്ഷെ അധര്‍മ്മകാരികളുടെ നിലവാരത്തിലേക്ക് സത്യത്തിന്‍റെ വക്താക്കള്‍ ഒരിക്കലും താഴാന്‍ പാടില്ല. പരീക്ഷണഘട്ടങ്ങളില്‍ ഈമാന്‍ മുറുകെപ്പിടിച്ച് തൗഫീഖിനായി പ്രാര്‍ഥിക്കുക.

أحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ

"ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്നത്‌ കൊണ്ട്‌ മാത്രം തങ്ങള്‍ പരീക്ഷണത്തിന്‌ വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന്‌ മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? " - [അന്‍കബൂത്ത്: 2].

ശേഷം അല്ലാഹു പറയുന്നത് നോക്കൂ അധര്‍മ്മകാരികള്‍ ആരെന്നും സത്യത്തിന്‍റെ വക്താക്കള്‍ ആരെന്നും കൃത്യമായി അറിയുന്നവനാകുന്നു അല്ലാഹു: 

فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ

"അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന്‌ അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.
" - [അന്‍കബൂത്ത്: 3].

അതോടൊപ്പം അവഹേളനങ്ങളും കുത്തുവാക്കുകളും കള്ളപ്രചരണങ്ങളുമായി എത്തുന്ന അധര്‍മ്മകാരികളുടെ ചെയ്തികളില്‍ മനോവിഷമമുണ്ടാകുന്ന വിശ്വാസികളെ സമാശ്വസിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

 إِنْ تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِنْ تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا وَإِنْ تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ

"നിങ്ങള്‍ക്ക്‌ വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക്‌ മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക്‌ വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു." - [ആലു ഇംറാന്‍: 120]. ദീനിന്‍റെ സഭ്യതകള്‍ കൈവിടാതെ പക്വമായ രൂപത്തില്‍ പ്രതികരിക്കാനുള്ള  തൗഫീഖ് അല്ലാഹു നമുക്കേവര്‍ക്കും നല്‍കട്ടെ..

يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ

"അവര്‍ അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക്‌ അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു". - [സ്വഫ്ഫ്: 8].

അതെ അവരുടെ പ്രവര്‍ത്തനങ്ങളെയും കുതന്ത്രങ്ങളെയും അല്ലാഹു കൃത്യമായി അറിയുന്നു. വിശുദ്ധ ഖുര്‍ആനിലെ അത്ഭുതകരമായ ഈ  വചനങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ. അടഞ്ഞുകിടക്കുന്ന ഹൃദയങ്ങള്‍ തുറക്കാന്‍ അവ പര്യാപതമാണ്. :

 الَّذِينَ أُخْرِجُوا مِنْ دِيَارِهِمْ بِغَيْرِ حَقٍّ إِلَّا أَنْ يَقُولُوا رَبُّنَا اللَّهُ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُمْ بِبَعْضٍ لَهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّهِ كَثِيرًا وَلَيَنْصُرَنَّ اللَّهُ مَنْ يَنْصُرُهُ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ (40) الَّذِينَ إِنْ مَكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنْكَرِ وَلِلَّهِ عَاقِبَةُ الْأُمُورِ (41) وَإِنْ يُكَذِّبُوكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَثَمُودُ (42) وَقَوْمُ إِبْرَاهِيمَ وَقَوْمُ لُوطٍ (43) وَأَصْحَابُ مَدْيَنَ وَكُذِّبَ مُوسَى فَأَمْلَيْتُ لِلْكَافِرِينَ ثُمَّ أَخَذْتُهُمْ فَكَيْفَ كَانَ نَكِيرِ (44) فَكَأَيِّنْ مِنْ قَرْيَةٍ أَهْلَكْنَاهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلَى عُرُوشِهَا وَبِئْرٍ مُعَطَّلَةٍ وَقَصْرٍ مَشِيدٍ (45) أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَكِنْ تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ (46)

"യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.(40)  "ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ ( ആ മര്‍ദ്ദിതര്‍ ). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു." (41)  (നബിയേ,) നിന്നെ ഇവര്‍ നിഷേധിച്ചു തള്ളുന്ന പക്ഷം ഇവര്‍ക്ക്‌ മുമ്പ്‌ നൂഹിന്‍റെ ജനതയും, ആദും, ഥമൂദും (പ്രവാചകന്‍മാരെ) നിഷേധിച്ച്‌ തള്ളിയിട്ടുണ്ട്‌." (42) "ഇബ്രാഹീമിന്‍റെ ജനതയും, ലൂത്വിന്‍റെ ജനതയും." (43)  മദ്‌യന്‍ നിവാസികളും ( നിഷേധിച്ചിട്ടുണ്ട്‌. ) മൂസായും അവിശ്വസിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അവിശ്വാസികള്‍ക്ക്‌ ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നെ ഞാനവരെ പിടികൂടുകയുമാണ്‌ ചെയ്തത്‌. അപ്പോള്‍ എന്‍റെ പ്രതിഷേധം എങ്ങനെയുണ്ടായിരുന്നു.? (44)എത്രയെത്ര നാടുകള്‍ അവിടത്തുകാര്‍ അക്രമത്തില്‍ ഏര്‍പെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ മേല്‍പുരകളോടെ വീണടിഞ്ഞ്‌ കിടക്കുന്നു. ഉപയോഗശൂന്യമായിത്തീര്‍ന്ന എത്രയെത്ര കിണറുകള്‍! പടുത്തുയര്‍ത്തിയ എത്രയെത്ര കോട്ടകള്‍! (45) ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌.(46) - [അല്‍ഹജ്ജ്: 40-46].

അല്ലാഹു അനുഗ്രഹിക്കട്ടെ ...