Tuesday, March 15, 2016

ട്വിന്‍സില്‍ രോഗമുക്തമായ ഭ്രൂണത്തെ രക്ഷിക്കാന്‍ രോഗിയായ ഭ്രൂണത്തെ നീക്കം ചെയ്യാമോ ?




ചോദ്യം:  ഞാന്‍ ചികിത്സിക്കുന്ന ഒരു ഗര്‍ഭിണിക്ക് ട്വിന്‍സ് അഥവാ ഇരട്ടക്കുട്ടികള്‍ ആണ് ഉള്ളത്.  പക്ഷെ Twin to Twin Transfusion Syndrome ഉള്ളതിനാല്‍ അതില്‍ ഒരു കുഞ്ഞ് രോഗിയാണ്.  ഒരു കുഞ്ഞ് രോഗിയും മറ്റൊരു കുഞ്ഞ് രോഗമുക്തവുമാണ്. രോഗിയായ കുഞ്ഞ് രോഗിയല്ലാത്ത കുഞ്ഞില്‍ നിന്നും അമിതമായ രൂപത്തില്‍ ബ്ലഡ് എടുക്കുന്നതിനാല്‍ രണ്ട് കുഞ്ഞുങ്ങളെയും നിലനിര്‍ത്തുന്നത് ഇരുവരുടെയും മരണത്തിലേക്ക് നയിക്കും. കാരണം രോഗിയല്ലാത്ത കുഞ്ഞിന്‍റെ വളര്‍ച്ച ഗണ്യമായി കുറയാന്‍ അത് കാരണമാക്കുന്നു. രോഗിയായ കുഞ്ഞാകട്ടെ ഇനി സാധാരണ നിലക്ക് പ്രസവിക്കപ്പെട്ടാല്‍ പോലും ജീവിക്കുകയുമില്ല. കാരണം ആ കുഞ്ഞിന്‍റെ ആന്തരിക അവയവങ്ങളില്‍ പലതും പ്രവര്‍ത്തനക്ഷമമല്ല. ഈ ഒരു സാഹചര്യത്തില്‍ രോഗിയായ കുട്ടിയെ നീക്കം ചെയ്‌താല്‍, രോഗമുക്തമായ കുട്ടിക്ക് ജീവിക്കാം. എന്നാല്‍ രണ്ടു പേരെയും നിലനിര്‍ത്തുന്നത് രണ്ടു പേരുടെയും മരണത്തിന് ഇടയാക്കുകയും ചെയ്യും. ഇത്തരം ഒരു സാഹചര്യത്തില്‍ രോഗബാധിതനായ ഭ്രൂണത്തെ നീക്കം ചെയ്ത് രോഗബാധിതമല്ലാത്ത ഭ്രൂണത്തെ രക്ഷപ്പെടുത്താന്‍ പാടുണ്ടോ ?. ഗര്‍ഭത്തിന് ഏകദേശം അഞ്ചു മാസം പിന്നിട്ടു എന്ന് ഓര്‍മ്മപ്പെടുത്തുന്നു. 

www.fiqhussunna.com

ഉത്തരം: അടിസ്ഥാനപരമായി ഗര്‍ഭം അലസിപ്പിക്കാന്‍ പാടില്ല. ഭ്രൂണത്തില്‍ റൂഹ് ഊതപ്പെട്ട് കഴിഞ്ഞാല്‍, അതായത് ഹുദൈഫ ബിന്‍ അസീദ് (റ) വില്‍ നിന്നും വന്ന സ്വഹീഹായ ഹദീസ് പ്രകാരം 40 ദിവസം പിന്നിട്ട് കഴിഞ്ഞാല്‍ കുഞ്ഞിന് റൂഹ് ഉണ്ട്. ഇതാണ് മെഡിക്കല്‍ ഡെസ്ക് എത്തിയിട്ടുള്ള തീരുമാനം. അത് നേരത്തെ നല്‍കിയിട്ടുള്ള മറുപടികളില്‍ വിശദീകരിക്കപ്പെട്ടതാണ്. നാല്പത് ദിവസം പിന്നിട്ടാല്‍ രോഗ കാരണത്താലോ, വൈകല്യങ്ങള്‍ കാരണത്താലോ കുഞ്ഞിനെ നീക്കം ചെയ്യാന്‍ പാടില്ല. അപ്രകാരം ചെയ്യുന്ന പക്ഷം രണ്ട് മാസം നോമ്പെടുക്കുകയെന്ന  പ്രായശ്ചിത്തവും, 26.5 പവന്‍ സ്വര്‍ണം ഈ കൊലപാതകത്തില്‍ പങ്കില്ലാത്ത, ആ കുഞ്ഞിന്‍റെ അനന്തരാവകാശികള്‍ക്ക് നല്‍കുക എന്ന നഷ്ടപരിഹാരവും നിര്‍ബന്ധമായിത്തീരും.

എന്നാല്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട വിഷയം ഒരു പ്രത്യേക വിഷയമാണ്. രണ്ട് ഭ്രൂണങ്ങളുണ്ട്‌. രണ്ടു ഭ്രൂണങ്ങളും നിലനിര്‍ത്തുന്നത് ഇരുവരും മരിക്കാന്‍ ഇടവരുത്തും എന്ന് വ്യത്യസ്ഥ തലങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ തെളിഞ്ഞതായി നേരിട്ട് താങ്കള്‍ അറിയിച്ചുവല്ലോ. എന്നാല്‍ രോഗബാധിതനായ കുഞ്ഞിനെ നീക്കം ചെയ്‌താല്‍ അതില്‍ രോഗമുക്തമായ  ഭ്രൂണം ജീവിക്കാനിടയുണ്ട്. അഥവാ രണ്ട് വഴികളാണ് നമ്മുടെ മുന്നില്‍ ഉള്ളത്. ഒന്ന്: രണ്ട് പേരും മരിക്കുക. മറ്റൊന്ന് രോഗബാധിതനായ, ഇനി നോര്‍മല്‍ കേസില്‍ ജനിച്ചാല്‍ പോലും ജീവിക്കാന്‍ സാധ്യതയില്ലാത്ത ഭ്രൂണത്തെ നീക്കം ചെയ്യുക വഴി ഒരു ഭ്രൂണത്തെ രക്ഷപ്പെടുത്തുക. ഇതാണ് നമുക്ക് മുന്‍പിലുള്ള വിഷയം. പണ്ഡിതോചിതമായ ഫിഖ്ഹീ ചര്‍ച്ചകളും, പണ്ഡിതസഭകള്‍ എടുത്ത തീരുമാനങ്ങളും വിലയിരുത്തിയാണ് മെഡിക്കല്‍ ഡസ്ക് ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കാറുള്ളത്. എന്നാല്‍ ഈ വിഷയം എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടതായി കാണാന്‍ സാധിച്ചില്ല. എന്നാല്‍ രണ്ടു പേരില്‍ ഒരാളെ രക്ഷിക്കാന്‍ മരിക്കുമെന്ന് ഉറപ്പുള്ള ഭ്രൂണത്തെ നീക്കം ചെയ്യുന്ന വിഷയം മാതാവിന്‍റെ ജീവനുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം: "ഗര്‍ഭത്തിന് നാല്പത് ദിവസം പിന്നിട്ട് കഴിഞ്ഞാല്‍ ഒരു കാരണവശാലും അതിനെ നീക്കം ചെയ്യാന്‍ പാടില്ല ............. നാല്പത് ദിവസം പിന്നിട്ടാല്‍ വിശ്വസ്ഥരായ ഡോക്ടര്‍മാരുടെ ഒരു സമിതി ചേര്‍ന്ന് ഗര്‍ഭം തുടരുന്നത് മാതാവിന്‍റെ ജീവന് ഭീഷണിയാണ് എന്നും, ആ ഗര്‍ഭം തുടരുന്നത് കാരണത്താല്‍ അവര്‍ മരിച്ചു പോകാന്‍ ഇടയുണ്ടെന്നും  സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിലല്ലാതെ  അത് നീക്കം ചെയ്യാന്‍ പാടില്ല." - [ഫതാവ ലജ്നതുദ്ദാഇമ: 21/450].

ഈ അവസ്ഥക്ക് ഉസൂലുല്‍ ഫിഖ്ഹില്‍ تعارض المفسدتان , രണ്ട് വ്യത്യസ്ഥ ഉപദ്രവങ്ങള്‍ സംജാതമാകുക എന്നാണ്‌ പറയുക. സംഭവിക്കുമെന്ന് ഉറപ്പായ രണ്ട് ഉപദ്രവങ്ങളില്‍ ഒന്ന് കൂടിയതും ഒന്ന് കുറഞ്ഞതും ആണ് എന്ന് വന്നാല്‍ അവിടെ ബാധകമാകുന്ന ഒരടിസ്ഥാന തത്വമുണ്ട്:  إذا تعارضت المفسدتان روعي أعظمهما ضررا بارتكاب أخفهما 'രണ്ട് ഉപദ്രവങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉറപ്പായും സംഭവിക്കും എന്ന് വന്നാല്‍, ചെറിയ ഉപദ്രവം കൊണ്ട് വലിയ ഉപദ്രവത്തെ തടയുക'. ഉസ്വൂലുല്‍ ഫിഖ്ഹിലെ ഈ തത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് മാതാവിന്‍റെ മരണത്തിന് ഇടയാക്കും വിധമുള്ള ഭ്രൂണമാണ് എങ്കില്‍, സ്വാഭാവികമായും രണ്ടുപേരും മരിക്കുന്ന അവസ്ഥ ഒഴിവാക്കി ഒരാളെയെങ്കിലും രക്ഷിക്കുക എന്ന നിലക്ക് ആ ഭ്രൂണത്തെ നീക്കം ചെയ്യാം എന്ന് പണ്ഡിതന്മാര്‍ പറഞ്ഞത്.

അതുകൊണ്ടുതന്നെ നമുക്ക് മുന്നിലുള്ള വിഷയത്തിലും സമാനമായ അവസ്ഥയാണ്. രോഗമുക്തമായ കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്തുക എന്ന നിലക്ക് ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത, എന്തായാലും മരിക്കും എന്ന് ഉറപ്പുള്ള കുഞ്ഞിനെ നീക്കം ചെയ്യാവുന്നതാണ് എന്നതാണ് പ്രാഥമികമായി മനസ്സിലാക്കാന്‍ സാധിച്ചത്. അത്യധികം ഗൗരവപരവും അല്ലാഹുവിന്‍റെ മുന്നില്‍ മറുപടി പറയേണ്ടി വരുകയും ചെയ്യുന്ന ഉത്തരവാദിത്വമായതിനാല്‍ത്തന്നെ ഈ വിഷയത്തിലെ മതപരമായ തീരുമാനം ഉറപ്പ് വരുത്തുന്നതിനായി മെഡിക്കല്‍ ഡെസ്ക് പല പണ്ഡിതന്മാരുമായും ബന്ധപ്പെട്ടിരുന്നു. അതില്‍ മൂന്ന്‍ പേരാണ് വിഷയത്തില്‍ പ്രതികരണമറിയിച്ചത്. പ്രതികരണമറിയിച്ച ഡോ. സലീം ബ്ന്‍ ഈദ് അല്‍ ഹിലാലി ഹഫിദഹുല്ല, ഡോ. ഹമദ് ബ്ന്‍ മുഹമ്മദ്‌ അല്‍ ഹാജിരി ഹാഫിദഹുല്ല, ഡോ. റിയാദ് അല്‍ ഖുലൈഫി ഹഫിദഹുല്ല എന്നീ മൂന്ന് പേരും മേല്‍പറയപ്പെട്ട സാഹചര്യത്തില്‍ 'ചെറിയ ഉപദ്രവം കൊണ്ട് വലിയ ഉപദ്രവത്തെ തടയുക' എന്ന തത്വപ്രകാരം രോഗബാധിതനായ ഭ്രൂണത്തെ നീക്കം ചെയ്യാം എന്നാണ് അറിയിച്ചത്. 

രണ്ട് പേരെയും നിലനിര്‍ത്തുന്നത് ഇരുവരുടെയും മരണത്തിന് ഇടയാക്കുമെന്നും, മരണമുറപ്പുള്ളതിനെ നീക്കം ചെയ്യുന്നത് മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ഇടവരുത്തുമെന്നും ഉള്ളതുകൊണ്ട് രോഗബാധിതനല്ലാത്ത കുട്ടിയെ രക്ഷപ്പെടുത്തുക എന്ന നിലക്ക് മാത്രമാണ് ഈ മറുപടി നല്‍കിയത് എന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. ഒരുപക്ഷെ ഇത്തരം സാഹചര്യത്തില്‍ ഉള്ളതല്ലാത്ത, എന്നാല്‍ രോഗബാധിതരും ജനിച്ചാലും മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതുമായ ഭ്രൂണങ്ങളെ കൊലപ്പെടുത്താന്‍ ഈ മറുപടിയെ ചിലര്‍ ദുരുപയോഗം ചെയ്തേക്കാം എന്നതിനാലാണ് ഇതിവിടെ ഓര്‍മ്മപ്പെടുത്തിയത്‌. കാരണം പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ തങ്ങള്‍ പ്രതീക്ഷിച്ച മറുപടി ലഭിക്കില്ല എന്നതിനാല്‍ മെഡിക്കല്‍ ഡസ്കുമായി ബന്ധപ്പെടാതെ സ്വയം തീരുമാനമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാരുടെ വിഷയത്തില്‍ മെഡിക്കല്‍ ഡസ്ക് യാതൊരു നിലക്കും ഉത്തരവാദികള്‍ അല്ല. സമാനമായ സാഹചര്യമാണ് നിങ്ങള്‍ക്കുള്ളത് എങ്കില്‍ കൂടി, അത് ഉറപ്പ് വരുത്താന്‍  മെഡിക്കല്‍ ഡസ്കുമായി നിങ്ങള്‍ ബന്ധപ്പെടേണ്ടതുണ്ട്. 

കേസ് റിസള്‍ട്ട്: ഈ നിര്‍ദേശം രക്ഷിതാക്കളെ ഡോക്ടര്‍ അറിയിച്ചിട്ടും അവര്‍ മറ്റൊരു ഡോക്ടറെ സമീപിച്ച് രണ്ട് കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞതായി മെഡിക്കല്‍ ഡെസ്കിന് പിന്നീട് അറിയാന്‍ സാധിച്ചു. എത്ര നികൃഷ്ടമാണ് മനുഷ്യ മനസുകള്‍. നാളെ ഈ കുഞ്ഞുങ്ങള്‍ വന്ന്‍ അല്ലാഹുവിന്‍റെ മുന്നില്‍ വച്ച് ഇവരെ ചോദ്യം ചെയ്യുമ്പോള്‍ മറുപടി പറയാന്‍ സാധിക്കുമോ ?! .. ഈ പ്രവര്‍ത്തിയില്‍ മെഡിക്കല്‍ ഡസ്ക് അതിശക്തമായ പ്രതിഷേധം അറിയിക്കുന്നു. ആ കുഞ്ഞുങ്ങള്‍ സ്വയം മരിച്ചിരുന്നെങ്കില്‍ പോലും അതവര്‍ക്ക് സ്വര്‍ഗ പ്രവേശനത്തിനുള്ള കാരണമാകുമായിരുന്നു നബി (സ) പറഞ്ഞു: 

(أيما امرأة مات لها ثلاثة من الولد كانوا حجابا من النار)  . قالت : امرأة : واثنان ؟ قال : (واثنان)

"ഏതെങ്കിലും ഒരു സ്ത്രീക്ക് മൂന്ന്‍ കുട്ടികള്‍ മരണപ്പെടുന്ന പക്ഷം അവര്‍ അവര്‍ക്ക് നരകത്തില്‍ നിന്നുള്ള മറയായിരിക്കും." ഒരു സ്ത്രീ ചോദിച്ചു: രണ്ട് കുട്ടികളാണെങ്കിലോ ?. അദ്ദേഹം പറഞ്ഞു: രണ്ട് പേരാണെങ്കിലും." - [ബുഖാരി: 1249]. 

പക്ഷെ അവരെ കൊന്നുകളഞ്ഞാല്‍ മേല്‍പറഞ്ഞ അനുഗ്രഹം നമുക്ക് ലഭിക്കുമോ. എത്രഗൗരവപരമാണത്. ഏതായാലും അതിനുത്തരവാദികളായവര്‍ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും, പ്രായശ്ചിത്തമായി ഓരോ കുഞ്ഞിനും എന്നോണം രണ്ട് മാസം വീതം അഥവാ നാല് മാസം നോമ്പ് പിടിക്കുകയും, 50 സ്വര്‍ണ്ണ നാണയം അഥവാ 26.5 പവന്‍ സ്വര്‍ണ്ണം വീതം ഓരോ കുഞ്ഞിനുമുള്ള നഷ്ടപരിഹാരമായി ആ കുഞ്ഞുങ്ങളുടെ അനന്തരാവകാശികളായ കൊലപാതകത്തില്‍ പങ്കില്ലാത്ത ആളുകള്‍ക്ക് നല്‍കുകയും ചെയ്യണം. അല്ലാഹു പൊറുത്ത് തരട്ടെ. മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവര്‍ക്കും വ്യത്യസ്ഥമായ പ്രായശ്ചിത്തം നിര്‍ബന്ധമാണ്‌. എന്നാല്‍ നഷ്ടപരിഹാരത്തുക എല്ലാവരും കൂടി ചേര്‍ന്ന്‍ നല്‍കിയാല്‍ മതി. അതിന്‍റെ അവകാശികള്‍ അത് വിട്ടു തരുന്ന പക്ഷം അത് നല്‍കേണ്ടതില്ല.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍....

മറുപടി നല്‍കിയത്:

മതപരം: അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍

വൈദ്യശാസ്ത്രതലം: ഡോ. മുജീബ് റഹ്മാന്‍ (ഗൈനക്കോളജി വിഭാഗം).

[മെഡിക്കല്‍ ഡെസ്കിന് ലഭിച്ച ചോദ്യവും അതിന് ഡെസ്ക് നല്‍കിയ മറുപടിയുമാണിത്. വൈദ്യശാസ്ത്ര സംബന്ധമായ കാര്യങ്ങളെ മതപരമായി വിലയിരുത്തുന്ന കേരളത്തിലെ ആദ്യത്തെ സംരഭമാണ്  Medical Desk. നിങ്ങളുടെ സംശയങ്ങള്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം വഴിയോ അയച്ചു തരാവുന്നതാണ്].