Monday, August 8, 2016

സ്ത്രീകള്‍ക്ക് ജനാസ നമസ്കരിക്കാമോ ?. പള്ളിയിലെ ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാമോ ?.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുന്നത് സംബന്ധമായി പലപ്പോഴും ചിലര്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഈ വിഷയത്തിലുള്ള പ്രാമാണികമായ നിലപാട് എന്ത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

www.fiqhussunna.com

ആഇശ (റ) ഉദ്ദരിച്ച ഹദീസില്‍ നിന്നും സ്ത്രീകള്‍ക്ക് ജനാസ നമസ്കാരം നിര്‍വഹിക്കാം എന്നത് വളരെ വ്യക്തമാണ്. മാത്രമല്ല പുരുഷന്മാര്‍ നിര്‍വഹിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ മയ്യിത്തിന്‍റെ മേല്‍ ജനാസ നമസ്കരിച്ചു എന്നതുകൊണ്ട്‌ യാതൊരു വിലക്കുമില്ല. നമ്മുടെ നാട്ടില്‍ ചില തല്പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത് പോലെ സ്ത്രീകള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കരുത്, അതല്ലെങ്കില്‍ സ്ത്രീകള്‍ ആദ്യം നമസ്കരിച്ചാല്‍ വാജിബായ നമസ്കാരം അവിടെ അവസാനിക്കില്ലേ തുടങ്ങിയ ചര്‍ച്ചകള്‍ അനാവശ്യമായ ചര്‍ച്ചകളാണ്. അല്ലാഹുവിന്‍റെ റസൂലോ (സ), സ്വഹാബത്തോ അപ്രകാരം പഠിപ്പിച്ചിട്ടില്ല. അവര്‍ക്കറിയാത്ത ദീന്‍ നമുക്കറിയുമോ ?!. അവരെക്കാള്‍ സൂക്ഷ്മത നമുക്കുണ്ടോ ?. മാത്രമല്ല പള്ളിയില്‍ വെച്ചും അവര്‍ക്ക് ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാം. ഇമാം മുസ്‌ലിം ഉദ്ദരിച്ച ആഇശ (റ) യുടെ ഹദീസ് തന്നെ ഈ വിഷയത്തില്‍ ഉള്ള സ്പഷ്ടമായ തെളിവാണ്:
  

أَنَّ عَائِشَةَ رضي الله عنها أَمَرَتْ أَنْ يَمُرَّ بِجَنَازَةِ سَعْدِ بْنِ أَبِي وَقَّاصٍ فِي الْمَسْجِدِ ، فَتُصَلِّيَ عَلَيْهِ فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا ، فَقَالَتْ : مَا أَسْرَعَ مَا نَسِيَ النَّاسُ ! مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ الْبَيْضَاءِ إِلَّا فِي الْمَسْجِدِ
“ആഇശ (റ) സഅദ് ബ്ന്‍ അബീ വഖാസ് (റ) വിന്‍റെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ആവശ്യപ്പെട്ടു. അവര്‍ക്ക് അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കരിക്കാനായിരുന്നു അത്. അപ്പോള്‍ ആളുകള്‍ അവരെ എതിര്‍ത്തു. അവര്‍ പറഞ്ഞു: “ആളുകള്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മറക്കുന്നത്. നബി (സ) സുഹൈല്‍ ബ്ന്‍ ബൈളാഅ് (റ) വിന് വേണ്ടി പള്ളിയില്‍ വെച്ചല്ലാതെ ജനാസ നമസ്കരിചിട്ടില്ല”. – [സ്വഹീഹ് മുസ്‌ലിം: 973].
നബി (സ) യുടെ സുന്നത്തിലൂടെയാണ് ജനാസ നമസ്കാരം സ്ഥിരപ്പെട്ടിട്ടുള്ളത്. ജനാസ നമസ്കാരം എന്നത് അത്യധികം പ്രതിഫലാര്‍ഹമായ ഒരു ഇബാദത്താണ്. അതില്‍ സ്ത്രീയും പുരുഷനും എല്ലാം തുല്യരാണ്. സ്ത്രീകളെ ജനാസ നമസ്കാരത്തില്‍ നിന്നും വിലക്കിക്കൊണ്ടുള്ള യാതൊരു തെളിവും കാണുക സാധ്യമല്ല. എന്നാല്‍ മഖ്ബറയിലേക്ക് ജനാസയെ പിന്തുടര്‍ന്ന് കൊണ്ട് പോകുന്നതില്‍ നിന്നുമാണ് റസൂല്‍ (സ) സ്ത്രീകളെ വിലക്കിയിട്ടുള്ളത്.
ഇമാം നവവി (റ) പറയുന്നു:
" وأما النساء، فإن كن مع الرجال صلين مقتديات بإمام الرجال ، وإن تمحضن ، قال الشافعي والأصحاب : أستحب أن يصلين منفردات، كل واحدة وحدها، فإن صلت بهن إحداهن جاز، وكان خلاف الأفضل ، وفي هذا نظر ، وينبغي أن تسن لهن الجماعة كجماعتهن في غيرها، وقد قال به جماعة من السلف منهم الحسن بن صالح وسفيان الثوري وأحمد وأصحاب أبي حنيفة وغيرهم ، وقال مالك : فرادى "
 “എന്നാല്‍ സ്ത്രീകള്‍ അവര്‍ പുരുഷന്മാരുടെ കൂടെ പുരുഷന്മാരുടെ (ജമാഅത്തിനുള്ള) അതേ ഇമാമിനെ പിന്തുടര്‍ന്നുകൊണ്ടോ അതല്ലെങ്കില്‍ സ്വതന്ത്രമായോ അവര്‍ക്ക് നമസ്കരിക്കാം. ഇമാം ശാഫിഈ (റ) പറഞ്ഞത്: ഓരോരുത്തരും തനിയെ ഒറ്റൊക്കൊറ്റക്ക് നമസ്കരിക്കുന്നതാണ് താന്‍ കൂടുതല്‍ പുണ്യകരമായിക്കാണുന്നതെന്നും, അവരിലൊരാള്‍ അവര്‍ക്ക് ഇമാമായി നമസ്കരിക്കുന്നുവെങ്കില്‍ അത് അനുവദനീയമാണ്, പക്ഷെ ഒറ്റക്കൊറ്റക്കുള്ളതാണ് കൂടുതല്‍ ശ്രേഷ്ഠം എന്നുമാണ്. പക്ഷെ അദ്ദേഹത്തിന്‍റെ ഈ അഭിപ്രായം പരിശോധിക്കപ്പെടേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് മറ്റുള്ള നമസ്കാരങ്ങളെപ്പോലെ ഇതിലും ജമാഅത്തായി നമസ്കരിക്കല്‍ സുന്നത്താകുകയാണ് വേണ്ടത്. സലഫുകളില്‍ പെട്ട ഇമാം ഹസന്‍ ബ്ന്‍ സ്വാലിഹ്, ഇമാം സുഫ്യാന്‍ അസൗരി, ഇമാം അഹ്മദ്, ഇമാം അബൂഹനീഫയുടെ ശിഷ്യന്‍മാര്‍ മറ്റു ചിലരും എല്ലാം തന്നെ ഈ അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം മാലിക്ക് (റ) യും ഒറ്റക്കൊറ്റക്ക് നമസ്കരിക്കുക എന്ന അഭിപ്രായം പറഞ്ഞിട്ടുണ്ട്”. – [ശറഹുല്‍ മുഹദ്ദബ്: 5/172].

അവര്‍ക്ക് പുരുഷന്മാരുടെ ജമാഅത്തില്‍ പങ്കെടുക്കുകയോ, അതല്ലെങ്കില്‍ അവരില്‍ നിന്ന് തന്നെ ഒരു സ്ത്രീ ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുകയോ ചെയ്യാമെന്നതാണ് ഇമാം നവവി (റ) കൂടുതല്‍ പ്രബലമായി രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് വീട്ടില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കുകയോ, അതല്ലെങ്കില്‍ പുരുഷന്മാരുടെ പൊതുവായ ജനാസത്ത് നമസ്കാരത്തില്‍ പങ്കെടുക്കുകയോ ചെയ്യാവുന്നതാണ്.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: “സ്ത്രീകള്‍ക്ക് ജനാസ നമസ്കാരം നിര്‍വഹിക്കുന്നതിന് വിലക്കില്ല. പള്ളിയില്‍ വെച്ച് ആളുകളുടെ ജമാഅത്തില്‍ പങ്കെടുത്തുകൊണ്ടോ, അല്ലെങ്കില്‍ ജനാസയുള്ള വീട്ടില്‍ വെച്ചോ അവര്‍ക്കത് നിര്‍വഹിക്കാവുന്നതാണ്”. – [മജ്മൂഉ ഫതാവ വ റസാഇല്‍ ഇബ്നുഉസൈമീന്‍: വോ: 17 പേജ്: 158].  
അതുകൊണ്ട് സ്ത്രീകള്‍ക്ക് ജനാസ നമസ്കരിക്കുന്നതിനോ, പള്ളിയില്‍ പ്രവേശിക്കുന്നതിനോ ജമാഅത്തിന് പങ്കെടുക്കുന്നതിനോ വിലക്കുണ്ട് എന്ന് പറയുന്നവരുടെ വാദത്തില്‍ യാതൊരു കഴമ്പുമില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുന്ന പുരോഹിതന്മാര്‍ അവരുടെ അബദ്ധജടിലമായ വാദങ്ങള്‍ സാധാരണക്കാരായ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് മാത്രം.