Tuesday, July 28, 2015

‘തല്‍ഖീനുല്‍ മുഹ്തളര്‍’ അഥവാ മരണാസന്നനായ ആള്‍ക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞു കൊടുക്കല്‍ - [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി. അദ്ധ്യായം: 2].


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

(ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ മരണാനന്തര കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമായ, അദ്ദേഹം തന്നെ രചിച്ച: تلخيص أحكام الجنائز എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണിത്).


 
അദ്ധ്യായം രണ്ട്:



تلقين المحتضر

‘തല്‍ഖീനുല്‍ മുഹ്തളര്‍’ അഥവാ മരണാസന്നനായ ആള്‍ക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞു കൊടുക്കല്‍:


  1. ഒരാള് മരണാസന്നനായാല്‍ അയാളുടെ അരികിലുള്ള ആള്‍ക്ക് ചില കടമകളുണ്ട്:

    ഒന്നാമാതായി:
    അയാള്‍ക്ക് ശഹാദത്ത് തല്‍ഖീന്‍ ചെയ്തുകൊടുക്കണം. അഥവാ അത് ഉരുവിടാന്‍ പറഞ്ഞുകൊടുക്കണം.
    നബി
    (ﷺ) പറഞ്ഞു:
    لقنوا موتاكم لا إله إلا الله [ من كان آخر كلامه لا إله إلا الله عند الموت دخل الجنة يوما من الدهر وإن أصابه قبل ذلك ما أصابه

    നിങ്ങളില് നിന്നും മരണാസന്നരായവര്‍ക്ക് നിങ്ങള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞുകൊടുക്കുക. ഒരാളുടെ അവസാന വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അഥവാ ‘അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല’ എന്നാണെങ്കില്‍ എന്നെങ്കിലും ഒരിക്കല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അതിനുമുന്‍പ്‌ അവന് മറ്റെന്ത് തന്നെ സംഭവിച്ചാലും ശരി.” [صححه الألباني في تلخيص أحكام الجنائز].

    രണ്ടാമതായി: അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം. അതോടൊപ്പം അയാളുടെ സന്നിധിയില്‍ വച്ച് നല്ലതല്ലാത്തതൊന്നും തന്നെ പറയരുത്. നബി(ﷺ) പറഞ്ഞു: 

    إذا حضرتم المريض أو الميت فإن الملائكة يؤمنون على ما تقولون
     
    “നിങ്ങള്‍ രോഗിയുടെയോ മയ്യിത്തിന്‍റെയോ അരികില്‍ ചെന്നാല്‍ നല്ലത് മാത്രം പറയുക. കാരണം നിങ്ങള്‍ പറയുന്നതിന് മലക്കുകള്‍ ആമീന്‍ പറയുന്നുണ്ട്”. - [صحيح الترغيب والترهيب : 3489].

  2.   മരണാസാന്നനായ രോഗിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലുകയും മയ്യിത്തിനെ കേള്‍പ്പിക്കുകയും ചെയ്യുക എന്നതല്ല ‘തല്‍ഖീന്‍’ കൊണ്ട് ഉദ്ദേശിക്കുന്നത്. ചിലരെല്ലാം കരുതുന്നതില്‍ വ്യത്യസ്ഥമായി ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയാന്‍ മരണാസന്നനായ വ്യക്തിയോട് കല്‍പ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. അനസ് (റ) ഉദ്ദരിക്കുന്ന ഹദീസ് ആണ് അതിനുള്ള തെളിവ്:

    أن رسول الله صلى الله عليه وسلم عاد رجلا من الأنصار فقال : ( يا خال قل : لا إله إلا الله ) . فقال : أخال أم عم ؟ فقال : بل خال فقال : فخير لي أن أقول : لا إله إلا الله ؟ فقال النبي صلى الله عليه وسلم : نعم.

    “നബി
    (ﷺ) അന്‍സാരികളില്‍ പെട്ട (രോഗശയ്യയിലുള്ള)  ഒരാളെ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: അല്ലയോ അമ്മാവാ അങ്ങ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുക. അപ്പോള്‍ അയാള്‍ ചോദിച്ചു: അമ്മാവനോ അതോ പിതൃവ്യനോ ?. നബി(ﷺ) പറഞ്ഞു: അതെ അമ്മാവന്‍ തന്നെ. അപ്പോള്‍ അയാള്‍ ചോദിച്ചു: ഞാന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന്  പറയുന്നത് എന്‍റെ നന്മക്കാണോ ?. നബി(ﷺ) പറഞ്ഞു: അതെ”. - [صححه الألباني في تلخيص أحكام الجنائز].

    (മരണാസന്നനായ വ്യക്തി സ്വയം ‘ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് ചൊല്ലുകയാണല്ലോ വേണ്ടത്. അപ്പൊഴാണല്ലോ അയാളുടെ അവസാന വചനം അതാകുകയുള്ളൂ. അതുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയൂ എന്ന് അവരെ ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിനാലാണ് ‘തല്‍ഖീന്‍’ ചെയ്യുക എന്ന പദത്തിന് ‘ശഹാദ പറഞ്ഞുകൊടുക്കുക’ എന്ന അര്‍ത്ഥം ഞാന്‍ നല്‍കിയത്. സാധാരണ പലരും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നിങ്ങനെ ആവര്‍ത്തിച്ച് ചൊല്ലുക മാത്രം ചെയ്യാറാണ് പതിവ്. എന്നാല്‍ നബി
    (ﷺ) യുടെ ചര്യ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞുകൊടുത്തുകൊണ്ട് അത് പറയാന്‍ ആവശ്യപ്പെടലാണ്. അതാണ്‌ ശൈഖ് അല്‍ബാനി റഹിമഹുല്ല സൂചിപ്പിച്ചത്).
  3. എന്നാല്‍ മരണാസന്നനായ ആളുടെ അരികില്‍ വച്ച് സൂറത്തു യാസീന്‍ പാരായണം ചെയ്യുന്നതും, അയാളെ ഖിബ്’ലക്ക് നേരെ തിരിച്ച് കിടത്തുന്നതുമായി ബന്ധപ്പെട്ട് സ്വഹീഹായ ഹദീസുകളൊന്നും തന്നെ വന്നിട്ടില്ല. മറിച്ച് സഈദ് ബ്നില്‍ മുസയ്യിബ് (റഹിമഹുല്ല) അദ്ദേഹത്തെ തിരിച്ച് കിടത്തിയതിനെ വെറുക്കുകയാണ് ചെയ്തത്. “മരണാസന്നനായ വ്യക്തിയെന്തെ ഒരു മുസ്‌ലിമല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.”


    സുര്‍അത്ത് ബ്നു അബ്ദുറഹ്മാനില്‍ നിന്നും നിവേദനം: സഈദ് ബ്നില്‍ മുസയ്യിബ് (റഹിമഹുല്ല) രോഗശയ്യയിലായ വേളയില്‍ അദ്ദേഹം സഈദ് ബ്നില്‍ മുസയ്യിബിന്‍റെ സന്നിധിയിലായിരുന്നു. അവിടെ അബൂസലമത്ത് ബ്നു അബ്ദു റഹ്മാനും ഉണ്ടായിരുന്നു. സഈദ് ബ്നില്‍ മുസയ്യിബ് (റഹിമഹുല്ല) യുടെ ബോധം നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ കട്ടില്‍ കഅബക്ക് നേരെ
    തിരിച്ചിടാന്‍ അബൂ സലമത്ത് ബ്നു അബ്ദുറഹ്മാന്‍ കല്പിച്ചു. ആ സമയത്ത് അദ്ദേഹത്തിന് ബോധം വന്നു. അദ്ദേഹം ചോദിച്ചു: നിങ്ങളെന്‍റെ കട്ടില്‍ തിരിച്ചിട്ടുവോ ?. അപ്പോള്‍ അവര്‍ പറഞ്ഞു: അതെ. അപ്പോള്‍ അദ്ദേഹം അബൂ സലമയിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു: അത് നിന്‍റെ നിര്‍ദേശപ്രകാരമാണ് എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം പറഞ്ഞു: അതെ, ഞാനാണ് അവരോടത് കല്പിച്ചത്. അപ്പോള്‍ തന്‍റെ കട്ടില്‍ നേരത്തെ ഉണ്ടായിരുന്നിടത്തേക്ക് തന്നെ തിരിച്ചിടാന്‍ സഈദ് ബ്നില്‍ മുസയ്യിബ് (റഹിമഹുല്ല) കല്പിച്ചു.

  4.            അവിശ്വാസിയായ ഒരാള്‍ മരണാസന്നനാകുമ്പോള്‍ അയാളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനായി ഒരു വിശ്വാസി അയാള്‍ക്കരികില്‍ പോകുന്നതില്‍ തെറ്റില്ല. അയാള്‍ ഇസ്‌ലാം സ്വീകരിച്ചെങ്കില്‍ എന്ന ആഗ്രഹാത്താലാണത്. അനസ് (റ) ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ കാണാം. അദ്ദേഹം പറഞ്ഞു:

    كان غلام يهودي يخدم النبي صلى الله عليه وسلم، فمرض، فأتاه النبي صلى الله عليه وسلم يعوده فقعد عند رأسه، فقال له: أسلم، فنظر إلى أبيه وهو عنده ، فقال له: أطع أبا القاسم، فأسلم، فخرج النبي صلى الله عليه وسلم وهو يقول : الحمد لله الذي أنقذه من النار، فلما مات قال : صلوا على صاحبكم.

    നബി
    (ﷺ) യുടെ സഹായിയാരുന്ന ഒരു ജൂത കുട്ടിയുണ്ടായിരുന്നു. അവന് രോഗം ബാധിച്ചു. അങ്ങനെ സന്ദര്‍ശനാര്‍ത്ഥം നബി(ﷺ) അവന്‍റെ പക്കല്‍ ചെന്നു. അദ്ദേഹം അവന്‍റെ തലയ്ക്കരികില്‍ ഇരുന്നു. എന്നിട്ടവനോട് പറഞ്ഞു: നീ മുസ്‌ലിമാവുക. അപ്പോള്‍ അവന്‍, തന്‍റെ അരികില്‍ നില്‍ക്കുന്ന തന്‍റെ പിതാവിലേക്ക് നോക്കി. അപ്പോള്‍ ആ പിതാവ് അവനോട് പറഞ്ഞു: അബല്‍ ഖാസിം പറയുന്നത് നീ അനുസരിച്ചുകൊള്ളുക. അങ്ങനെ അവന്‍ ഇസ്‌ലാം സ്വീകരിച്ചു. അവിടെ നിന്ന് ‘അവനെ നരകത്തില്‍ നിന്നും കാത്തുരക്ഷിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും’ എന്നു പറഞ്ഞുകൊണ്ട് നബി(ﷺ) ഇറങ്ങി. അവന്‍ മരണപ്പെട്ടപ്പോള്‍: ‘നിങ്ങളുടെ സഹോദരന് വേണ്ടി നിങ്ങള്‍ നമസ്കരിക്കുക’ എന്നദ്ദേഹം കല്പിക്കുകയും ചെയ്തു.”
    ----------------------------
    (Translated by : Abdu Rahman Abdul Latheef. ഈ വിവര്‍ത്തനം അനുവാദമില്ലാതെ പ്രസിദ്ധീകരണാവശ്യത്തിന് ഉപയോഗിക്കരുത്.)
    കഴിഞ്ഞ ഭാഗങ്ങള്‍:

    1 - രോഗി പാലിക്കേണ്ട കാര്യങ്ങള്‍ - [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി. അദ്ധ്യായം: 1].