ചരിത്രത്തെ വളച്ചൊടിക്കലും വസ്തുതകളെ തിരുത്തിയെഴുതലും എക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും അതിനോട് പ്രതികരിക്കാതിരുന്നാല്‍ അതൊരുപക്ഷെ യാഥാര്‍ത്ഥ്യമായി പിന്‍കാലത്ത് വിലയിരുത്തപ്പെട്ടേക്കാം. അതുകൊണ്ടാണ് ഈയുള്ളവന്‍ ഈ ലേഖനം എഴുതുന്നത്. ഇന്ന് ഇന്ത്യയില്‍ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും എതിരെ സംഘപരിവാര്‍ ശക്തികള്‍ എല്ലാ രൂപത്തിലുമുള്ള തീവ്ര അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരികുകയാണ്. ആ സമയത്ത് ഇവിടെയുള്ള മുസ്‌ലിംകളും നാടിന്‍റെ സമാധാനം ആഗ്രഹിക്കുന്ന ഇതര മതസ്ഥരും എല്ലാം അതിനെതിരെ ഒന്നിച്ച് ശബ്ദിച്ചു എന്നത് പ്രശംസാവഹമാണ്. എന്നാല്‍ അതേ സമയം തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ച് മുഖം രക്ഷിക്കുന്ന സമീപനമാണ് ചിലര്‍ പുലര്‍ത്തിയത്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രോബോധനം വാരികയിലെ ലേഖനങ്ങള്‍, മീഡിയ വണ്‍ ചാനലിലെ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ പരിശോധിച്ചാല്‍ തീവ്രവാദത്തിന് പിന്നില്‍ സലഫികളാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ലേഖകര്‍ മത്സരിക്കുന്നത് ആണ് കാണാന്‍ സാധിക്കുന്നത്. മുസ്‌ലിം ഉമ്മത്ത് ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ പോലും ഇവര്‍ക്കിതെങ്ങനെ സാധിക്കുന്നു എന്നറിയില്ല. ഇവിടെയാണ് വസ്തുതകളെ മുന്‍നിര്‍ത്തി ചില കാര്യങ്ങള്‍ പരിശോധിക്കാന്‍ നാം തയ്യാറാകേണ്ടത്.
www.fiqhussunna.com
ഖവാരിജീ ആശയത്തെ എന്നും പരിപോഷിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുള്ളത് ഇസ്‌ലാം വിരുദ്ധ പാശ്ചാത്യ ശക്തികളും ആയുധക്കച്ചവടക്കാരുമാണ്. എന്നാല്‍ ഇസ്‌ലാമിന്‍റെ പേരില്‍ ഇവര്‍ പ്രത്യക്ഷപ്പെടാന്‍ ഉണ്ടായ കാരണങ്ങളെന്ത് ?!. താത്വികമായ ഇവരുടെ ഉറവിടം എവിടെനിന്ന് ?!. ഇവരെ ഉണ്ടാക്കിത്തീര്‍ത്ത ഇസ്‌ലാമിന്‍റെ രാഷ്ട്രീയവായന ഉത്ഭവിച്ചത് എവിടെ നിന്ന് ?!. തുടങ്ങിയ കാര്യങ്ങളാണ് സംക്ഷിപ്തമായി ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ISIS, അല്‍ഖാഇദ, ഹിസ്ബുത്തഹ്'രീര്‍, സിമി തുടങ്ങി ഇന്ന് ഖവാരിജീ ആശയത്തെ പ്രതിനിധാനം ചെയ്യുന്നവരെ എടുത്ത് നോക്കിയാല്‍ അവരിലെല്ലാം ചെറുപ്രായക്കാരും മതപരമായ വിജ്ഞാനം ഇല്ലാത്തവരുമാണ് കൂടുതല്‍ എന്ന് കാണാം. ലോകത്ത് ഇന്നറിയപ്പെടുന്ന അഹ്ലുസ്സുന്നയുടെ ആദര്‍ശമുള്ള ഏതെങ്കിലും പണ്ഡിതന്മാരോ, ഏതെങ്കിലും പണ്ഡിതസഭകളോ ഇവരെ അംഗീകരിക്കുന്നതായി കാണാന്‍ സാധിക്കില്ല. മറിച്ച് ഇവരെ എതിര്‍ക്കുന്നതില്‍ പണ്ഡിതന്മാര്‍ ഒറ്റക്കെട്ടാണ്. ഖവാരിജീ ആശയങ്ങള്‍ കൊണ്ട് സ്വാധീനിക്കപ്പെട്ട ഇഖ്വാനുല്‍ മുസ്‌ലിമീന്‍റെ വക്താക്കളൊഴികെ ആരും തന്നെ ഇവരുടെ ആശയങ്ങളെ അനുകൂലിക്കുന്നില്ല.
മുസ്‌ലിം രാഷ്ട്രത്തിലെ ഭരണാധികാരികള്‍ക്കെതിരെ വിപ്ലവം നടത്തുക എന്നതാണ് ഇവരുടെ ശൈലി. പലപ്പോഴും ഇവര്‍ ഭരണകര്‍ത്താക്കളെ കാഫിര്‍ ആയി മുദ്രകുത്തുകയും ചെയ്യും. തക്ഫീര്‍ ചെയ്യുന്നവരേ ഖവാരിജുകളാകൂ എന്ന നിബന്ധനയൊന്നുമില്ല. إن الحكم إلا لله അഥവാ 'വിധിക്കുവാനുള്ള അധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല' എന്നതായിരിക്കും എക്കാലത്തും ഇവരുടെ മുദ്രാവാക്യം. ഭരണകര്‍ത്താക്കളില്‍ ഉണ്ടാകുന്ന വീഴ്ചയെ പെരുപ്പിച്ച് കാണിക്കുകയും അവര്‍ക്കെതിരെ സായുധ സമരത്തിന് ആഹ്വാനം ചെയ്യുകയുമാണ് ഇവരുടെ രീതി. എന്നാല്‍ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരെ അവരുടെ ഭരണത്തിലുള്ള വീഴ്ചകള്‍ കൊണ്ട് മാത്രം, എത്രത്തോളമെന്നാല്‍ അവര്‍ അനീതി കാണിക്കുന്നവര്‍ ആണെങ്കില്‍പോലും അവര്‍ക്കെതിരെ വിപ്ലവം നടത്തരുത് എന്നതാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. കാരണം അത് കൂടുതല്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാനേ ഉപകരിക്കൂ. ഇന്ന് അറബ് വസന്തം എന്ന പേരില്‍ ഇഖ്'വാനുല്‍ മുസ്‌ലിമൂന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ വിപ്ലവ സമരം പരിപൂര്‍ണ പരാജയമായിരുന്നു എന്നതും, അത് നടന്ന നാട്ടിലെ ജനങ്ങള്‍ കൂടുതല്‍ മോശകരമായ അവസ്ഥയിലാണ് ഇന്നുള്ളത് എന്നതും ഈ വിഷയത്തിലെ ഇസ്‌ലാമിക നിലപാട് എത്രമാത്രം ശരിയാണ് എന്നത് നമ്മെ ബോധ്യപ്പെടുത്തുന്നു. നബി (സ) പറയുന്നു:
عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ
اللَّهِ -صلى الله عليه وسلم- « إِنَّهَا سَتَكُونُ بَعْدِى أَثَرَةٌ
وَأُمُورٌ تُنْكِرُونَهَا ». قَالُوا يَا رَسُولَ اللَّهِ كَيْفَ تَأْمُرُ
مَنْ أَدْرَكَ مِنَّا ذَلِكَ قَالَ « تُؤَدُّونَ الْحَقَّ الَّذِى
عَلَيْكُمْ وَتَسْأَلُونَ اللَّهَ الَّذِى لَكُمْ ».
അബ്ദുല്ലാഹ് ബ്ന്‍ മസ്ഊദ് (റ) നിവേദനം:
റസൂല്‍ (സ) പറഞ്ഞു: "എനിക്ക് ശേഷം വരുന്ന ഭരണാധികാരികളില്‍ നിങ്ങള്‍
നിഷിദ്ധമായിക്കാണുന്ന കാര്യങ്ങളും, സ്വാര്‍ത്ഥതയും ഉണ്ടായിരിക്കും.
അപ്പോള്‍ സ്വഹാബാത്ത് ചോദിച്ചു: ഞങ്ങളില്‍ നിന്നും ആ കാലഘട്ടത്തില്‍
ജീവിക്കാനിടവരുന്നവരോട് അങ്ങേക്ക് കല്പിക്കാനുള്ളത് എന്താണ് ?. അദ്ദേഹം
പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ മേലുള്ള ബാധ്യതകള്‍ നിറവേറ്റുക.
നിങ്ങള്‍ക്കുള്ളത് അല്ലാഹുവിനോട് നിങ്ങള്‍ ചോദിക്കുകയും ചെയ്യുക." - [
സ്വഹീഹ് മുസ്‌ലിം: 4881].
ആധുനിക കാലഘട്ടത്തിലെ ഖവാരിജിയത്തിന്‍റെ വക്താക്കളായ അല്‍ഖാഇദ, ISIS, ഹിസ്ബു ത്തഹ്'രീര്‍, ജമാഅത്തുല്‍ ജിഹാദ്, സിമി തുടങ്ങിയവയെ പരിശോധിച്ചാല്‍ ആശയപരമായും താത്വികമയും അവക്ക് അടിത്തറ പാകിയത് ഇഖ്'വാനുല്‍ മുസ്‌ലിമൂനും അതിന്‍റെ താത്വികാചാര്യന്മാരായ സയ്യിദ് ഖുതുബും, അബുല്‍ അഅ്'ലാ മൌദൂദിയും ആണ് എന്ന് മനസ്സിലാക്കാം. ആരാധിക്കപ്പെടുന്ന ഏറ്റവും വലിയ വിഗ്രഹം ഗവര്‍ന്മെന്‍റുകള്‍ ആണെന്നും അവക്കെതിരെ വിപ്ലവം നയിക്കലാണ് ഒരു മുസ്‌ലിമിന്‍റെ ഏറ്റവും വലിയ ബാധ്യത എന്നും അവര്‍ ജനങ്ങളെ പഠിപ്പിച്ചു. ഇസ്ലാമികേതര ഭരണവ്യവസ്ഥകള്‍ കുഫ്റാകുന്ന (അവിശ്വാസം) സാഹചര്യവും , ഫിസ്ഖ് (അവിശ്വാസത്തിലേക്ക് എത്താത്ത പാപം) ആകുന്ന സാഹചര്യവും , ഇനി അത്തരം ഒരു ഭരണ സംവിധാനം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ നാടിന്‍റെ നന്മക്കും, സത്യത്തിനും വേണ്ടി നിലകൊള്ളുന്നതിനും തങ്ങളുടെ വിശ്വാസപരവും ഭൗതികപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഒരു വിശ്വാസി ഇടപെടുന്നത് അവന്‍റെ കടമയാണ് എന്നും ഖുര്‍ആനും സുന്നത്തും മുന്‍നിര്‍ത്തി സലഫീ പണ്ഡിതന്മാര്‍ പഠിപ്പിച്ചപ്പോള്‍, ഇസ്ലാമികേതര ഭരണവ്യവസ്ഥയെ അട്ടിമറിക്കാന്‍ വേണ്ടി പരിശ്രമിക്കാതെ അതിന് കീഴില്‍ കഴിയുന്നത് കുഫ്ര്‍ ആണ് എന്നും, ഗവര്‍ന്മെന്റ് ജോലിയും, തിരഞ്ഞെടുപ്പും വോട്ടിംഗും എല്ലാം കുഫ്ര്‍ (അവിശ്വാസം) ആണ് എന്നും അതുകൊണ്ടുതന്നെ അതില്‍ നിന്നും മുസ്‌ലിം വിട്ടുനില്‍ക്കണം എന്നും മൌദൂദിയും സയ്യിദ് ഖുതുബും ജനങ്ങളെ പഠിപ്പിച്ചു.
എത്രത്തോളമെന്നാല്‍ ഇന്ത്യയെപ്പോലെ ഓരോ മതസ്ഥര്‍ക്കും തങ്ങളുടെ വിശ്വാസവും ആചാരവും അനുസരിച്ച് ജീവിക്കാമെന്നും, ഒരു മതവിഭാഗവും മറ്റു മതവിഭാഗങ്ങളെ ആക്രമിക്കരുത് എന്ന് വ്യക്തമായ കരാര്‍ നിലനില്‍ക്കുന്നതുമായ ഒരു രാജ്യത്തെ 'ദാറു ഹര്‍ബ്' (ശത്രുഭവനം) എന്നാണ് മൌദൂദിയും സയ്യിദ് ഖുതുബുമെല്ലാം പരിജയപ്പെടുത്തിയത്. പാകിസ്ഥാനിലെ ഒരു മുസ്‌ലിം ഇന്ത്യയിലെ മുസ്‌ലിമുമായി വിവാഹബന്ധം നടത്തിയാല്‍ അത് അസാധുവാണ് എന്ന് പോലും മൌദൂദി പഠിപ്പിച്ചു. [പ്രബോധനം വാരിക. 1975 ഏപ്രില്‍ 26 ലക്കം 7 പരിശോധിക്കുക]. ദാറു ഹര്‍ബ് എന്നാല്‍ മുസ്ലിംകളും അമുസ്ലിംകളും പ്രത്യക്ഷത്തില്‍ യുദ്ധം നിലനില്‍ക്കുന്ന രാഷ്ട്രം എന്നര്‍ത്ഥം. ഇങ്ങനെ എഴുതിയ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ആണ് ഇന്ന് മുസ്‌ലിംകളുടെ മൊത്തം നിലനില്‍പിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് കൂട്ടായി, 'സലഫീ തീവ്രവാദം , നവസലഫിസം' തുടങ്ങിയ പേരില്‍ തങ്ങളുടെ വാദങ്ങളെ മറ്റുള്ളവര്‍ക്ക് മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. ഉസാമ ബിന്‍ ലാദന്‍ സലഫിയാണ് എന്ന് പോലും ഇവര്‍ പ്രബോധനത്തില്‍ എഴുതി. എന്നാല്‍ ബിന്‍ ലാദന്‍ ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ ഇഖ്'വാനുല്‍ മുസ്‌ലിമീന്‍ സ്വീകരിച്ച തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ എന്തും അടിയറവ് പറയുക എന്ന ഹസനുല്‍ ബന്നയുടെ നിലപാട് അംഗീകരിക്കാതെ സായുധ വിപ്ലവം എന്ന സയ്യിദ് ഖുതുബിന്‍റെ ആശയം സ്വീകരിച്ച് പോയ വ്യക്തിയാണ് ബിന്‍ ലാദന്‍. ബിന്‍ ലാദന് ഏറ്റവും വലിയ ശത്രു സലഫീ പണ്ഡിതന്മാരും സലഫീ രാഷ്ട്രമായ സൗദി അറേബ്യയുമായിരുന്നു. ബിന്‍ ലാദന്‍ പ്രവര്‍ത്തിച്ചിരുന്നത് ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ ആയിരുന്നുവെന്നു അല്‍ഖാഇദയിലെ രണ്ടാമന്‍ അയ്‌മന്‍ സവാഹിരി വെളിപ്പെടുത്തുന്നത് കാണുക: https://www.youtube.com/watch?v=nXP5thDisWU .
അതുപോലെ ISIS ന്‍റെ വക്താക്കള്‍ ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ പ്രവര്‍ത്തിച്ചവര്‍ ആയിരുന്നു എന്ന് ലോകത്തോട് വെളിപ്പെടുത്തിയത് ഇന്ന് ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ഇഖ്'വാനുല്‍ മുസ്‌ലിമീന്‍റെ പണ്ഡിതന്മാരില്‍ ഒരാളായ യൂസുഫ് അല്‍ ഖറദാവിയാണ്. ആ വെളിപ്പെടുത്തല്‍ കാണുക: https://www.youtube.com/watch?v=IvWxeLuowSI
മാത്രമല്ല IPH തന്നെ പുറത്തിറക്കിയ ഇസ്‌ലാം വിജ്ഞാനകോശം എന്ന പുസ്തകത്തില്‍ വോ: 7 'ഉ' എന്ന അക്ഷരത്തില്‍ ഉസാമ ബിന്‍ ലാദന്‍ ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് പറയുന്നുണ്ട്. മാത്രമല്ല കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ പങ്കെടുത്ത മുഹമ്മദ് കുതുബ് ആയിരുന്നു ഉസാമ ബിന്‍ ലാദന്‍റെ ഗുരു. അപ്പോള്‍ ഈ ആശയങ്ങള്‍ മടങ്ങുന്നത് സയ്യിദ് ഖുതുബ് അബുല്‍ അഅ'ലാ മൌദൂദി എന്നിവരിലേക്കാണ്. ആശയപരമായ അടിത്തറ പണിതത് മൌദൂദിയായിരുന്നുവെങ്കില്‍ അതിന് തന്‍റെ എഴുത്തുകളിലൂടെ ഊര്‍ജവും ചോരത്തിളപ്പും പകര്‍ന്നത് സയ്യിദ് ഖുതുബ് ആയിരുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ലോകത്ത് ഈ വിപ്ലവ ചിന്താഗതി ഏറ്റവും ആദ്യം ഉടലെടുത്തത് ഈജിപ്തിലായിരുന്നു.
സയ്യിദ് ഖുതുബില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 'The Neglected Obligation' (വിസ്മരിക്കപ്പെട്ട നിര്‍ബന്ധ ബാധ്യത - ജിഹാദ്) എന്ന പേരില്‍ പുസ്തകമെഴുതിയത് അബ്ദുസ്സലാം അല്‍ ഫറജ് ആയിരുന്നു. അതില്‍ പറയുന്നു: "ഈ കാലഘട്ടത്തിലെ ഭരണാധികാരികള്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോയിരിക്കുന്നു." - [The Neglected Duty. page:169. Translation of Al Faraj's book]. ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ ഭരണകര്‍ത്താക്കളെ ഒന്നടങ്കം തക്ഫീര്‍ ചെയ്ത് അവര്‍ക്കെതിരെ വിപ്ലവം നയിക്കാനാണ് ആ പുസ്തകത്തില്‍ ഒന്നടങ്കം പറയുന്നത്. ഈ പുസ്തകത്തിന്‍റെ വിവര്‍ത്തനമാണോ എന്നറിയില്ല, പക്ഷെ 'ജിഹാദ് - അബുല്‍ അഅലാ മൌദൂദി, ഹസനുല്‍ ബന്നാ, സയ്യിദ് ഖുതുബ്' എന്ന പേരില്‍ ഒരു പുസ്തകം 1985 ല്‍ I.I.F.S.O മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങളാല്‍ 1982ല്‍ അബ്ദുസ്സലാം ഫറജ് ഈജിപ്തില്‍ തൂക്കിലേറ്റപ്പെട്ടു.
സ്വാഭാവികമായും ഭരണം സ്ഥാപിക്കുക എന്നതാണ് ഏകദൈവവിശ്വാസത്തിന്‍റെ ഏറ്റവും വലിയ ഭാഗം, അതിനുവേണ്ടിയാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത് എന്ന് പറയുക വഴി തങ്ങളുടെ ആശയത്തോട് യോജിക്കാത്തവരെല്ലാം ബഹുദൈവാരാധകരാണ് എന്നവര്‍ വിലയിരുത്തി. ഗവണ്മെന്‍റുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലായ്മ ചെയ്യലാണ് അവയെ ഇളക്കാന്‍ ഏറ്റവും നല്ല ഉപാതിയെന്നു മനസ്സിലാക്കി പൊതുജനമധ്യേ ബോംബും സ്ഫോടകവസ്തുക്കളുമായി ഇവര്‍ ഇറങ്ങി. സ്കൂളില്‍ പോകുന്ന കുട്ടിയും, മത്സ്യം വാങ്ങാന്‍ വന്ന സാധാരണക്കാരനും, കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്ന ടീച്ചറും, മാതാപിതാക്കല്‍ക്ക് മരുന്ന് വാങ്ങാന്‍ അങ്ങാടിയില്‍ വന്ന മകനും എല്ലാവരും ആ ഭരണകൂടത്തിന് കീഴില്‍ ജീവിക്കുന്നവരാണ് എന്നതിനാല്‍ അവരെല്ലാം ഈ പറയുന്ന ശിര്‍ക്കന്‍ ഭരണകൂടത്തിന്‍റെ വക്താക്കളാണ് അതുകൊണ്ട് അവര്‍ കൊല്ലപ്പെടുന്നതില്‍ ഇവര്‍ യാതൊരു കുഴപ്പവും കാണുന്നില്ല. സമാധാനവും സ്വൈര്യവും നഷ്ടപ്പെടുത്തി ജനങ്ങളെ ഗവണ്മെന്‍റുകള്‍ക്ക് നേരെ തിരിച്ച് വിപ്ലവം ഉണ്ടാക്കണം. അതിലൂടെ തങ്ങളുടെ ലക്ഷ്യം നേടണം അത്ര മാത്രമേ ഇവര്‍ക്കുള്ളൂ.
ഈ പ്രത്യയ ശാസ്ത്രത്തില്‍ നിന്നും വിവിധ പേരിലും വിവിധ രാജ്യങ്ങളിലും ഒട്ടേറെ സംഘടനകള്‍ ഉണ്ടായിട്ടുണ്ട്. 1967ല്‍ സയ്യിദ് ഖുതുബിന്‍റെ ആശയങ്ങളെ അടിസ്ഥാനമാക്കി രൂപം കൊണ്ട 'ജമാഅത്തു തക്ഫീര്‍ വല്‍ ഹിജ്റ' 1977 ല്‍ ഈജിപ്തിലെ തങ്ങളുടെ ആശയങ്ങളെ എതിര്‍ത്തിരുന്ന അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനും മുന്‍ മതകാര്യവകുപ്പ് മന്ത്രിയുമായിരുന്ന ഹുസൈന്‍ അദ്ദഹബിയെ തട്ടിക്കൊണ്ടു പോകുകയും തങ്ങളുടെ ആവശ്യങ്ങള്‍ ഗവണ്മെന്‍റ് അംഗീകരിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വധിക്കുകയും ചെയ്തു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഗവണ്മെന്‍റ് പിടികൂടിയവരെല്ലാം സയ്യിദ് ഖുതുബിന്‍റെ ചിന്തകള്‍ സ്വാധീനം ചെലുത്തിയവരാണ് എന്ന് ഗവണ്മെന്‍റ് കണ്ടെത്തി. Islamic Liberation Organization (ILO) എന്ന പേരില്‍ 1974 ല്‍ രൂപം കൊണ്ട സംഘടന കെയ്റോയിലെ പോലീസ് ആസ്ഥാനം ആക്രമിച്ചു. പ്രധാനമന്ത്രി അന്‍വര്‍ സാദത്തിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
വ്യത്യസ്ഥ പേരുകളില്‍ ഒരുപാട് സംഘടനകള്‍ ഉണ്ടാക്കി പലതലങ്ങളിലും പ്രവര്‍ത്തിക്കുക എന്ന ഇഖ്'വാനുല്‍ മുസ്‌ലിമീന്‍റെ നയത്തിലൂടെ ഇങ്ങനെ പല സംഘടനകളും ഉണ്ടായി. കേരളത്തിലും ഇവര്‍ ഇപ്രകാരം വ്യത്യസ്ഥ പേരുകള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാം പലതായി തോന്നാമെങ്കിലും എല്ലാം ഒന്ന് തന്നെയാണ്. പക്ഷെ ജമാഅത്തെ ഇസ്‌ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവ മൂല്യശോഷണം സംഭവിച്ച് തങ്ങളുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് ഏറെ മാറി എന്നത് ഒരു വസ്തുതയാണ്, ഇസ്‌ലാമിന്റെ ഏകദൈവ വിശ്വാസമെന്ന അടിത്തറക്ക് പോലുല്‍ ഘടകവിരുദ്ധമായ, ബഹുദൈവാരാധകരുടെ ആരാധനാ പ്രതീകങ്ങളോടും, ആഘോഷങ്ങളോടും പോലും രാജിയാകും വിധമുള്ള സമീപനമാണ് സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. സയ്യിദ് ഖുതുബിന്‍റെയും മൌദൂദിയുടെയും ശൈലിയില്‍ നിന്നും മാറി ഹസനുല്‍ ബന്നയുടെ ശൈലി സ്വീകരിച്ചു എന്നതാണ് ഇതിന്‍റെ കാരണം. കാരണം രണ്ടുപേരുടെയും രീതി ശാസ്ത്രത്തില്‍ പ്രകടമായ വിത്യാസമുണ്ട്.
സയ്യിദ് ഖുതുബിന്‍റെയും മൌദൂദിയുടെയും ആശയങ്ങള്‍ക്ക് പ്രവര്‍ത്തനതലത്തില്‍ നേര്‍വിപരീതം പ്രവര്‍ത്തിക്കുന്നതിന് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മത്സരിക്കുമ്പോഴും അവരുടെ പുസ്തകങ്ങളും ആശയങ്ങളും ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ഈ വൈരുദ്ധ്യം ഉള്‍കൊള്ളാന്‍ സാധിക്കാതെ, ജമാഅത്തെ ഇസ്‌ലാമി അതിന്‍റെ ആശയങ്ങളോട് അടിയറവ് പറഞ്ഞു എന്ന കാരണത്താലാണ് സിമി ഉടലെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഗവണ്മെന്‍റ് ജോലി പാടില്ല, ഇന്ത്യ ശത്രു ഭവനമാണ്, വോട്ട് ചെയ്യല്‍ ശിര്‍ക്കാണ്, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല തുടങ്ങി തങ്ങളുടെ അടിസ്ഥാന ആശയങ്ങള്‍ പോലും ഇവര്‍ ഇന്ന് മറന്ന് തുടങ്ങിയിരിക്കുന്നു. മുന്‍കാല നേതാക്കളില്‍ നിന്നും വ്യത്യസ്ഥമായി ഇന്ന് സിനിമ പിടിത്തവും, -മൂല്യാധിഷ്ടിത- രാഷ്ട്രീയ പ്രവര്‍ത്തനവും, വിശ്വാസപരമായ അതിര്‍വരമ്പുകള്‍ പോലും ലംഘിക്കപ്പെടുന്ന മത സൗഹാര്‍ദവും ഒക്കെയാണ് ഇവരുടെ മുഖമുദ്ര. അതുകൊണ്ട് ഈ ആധുനിക മോഡേണ്‍ ജമാഅത്തുകാര്‍ തീവ്രവാദികളാണ് എന്നൊന്നും നമുക്കാര്‍ക്കും അഭിപ്രായമില്ല. പക്ഷെ അതേ സമയം ഇവരുടെ ഗതിമാറ്റം കൊണ്ട് ഖുതുബിയന്‍ ചിന്താഗതിയുടെ വേരുകള്‍ മുളക്കില്ല എന്ന് കരുതുന്നതും ശരിയല്ല. അവിടെയാണ് ഖുതുബിയന്‍ ആശയത്തെ എതിര്‍ക്കുന്നതിന്‍റെ പ്രസക്തി. സത്യത്തില്‍ യൂസുഫുല്‍ ഖറദാവി സയ്യിദ് ഖുതുബിന്‍റെ ആശയങ്ങള്‍ക്ക് ഖണ്ഡനം എഴുതിയത് പോലെ ഖുതുബിയന്‍ ആശയങ്ങളുടെ തീവ്രതയെ എതിര്‍ക്കുകയാണ് ജമാഅത്ത് ചെയ്യേണ്ടിയിരുന്നത്. ഇന്ന് പല ലേഖകരും നേതാക്കളും സയ്യിദ് ഖുതുബിനെയും മൌദൂദിയെയുമെല്ലാം തള്ളിപ്പറയാന്‍ തുടങ്ങിയെന്നത് ഒരു വസ്തുതയാണ് എങ്കിലും, ഒരുവശത്ത് മുസ്‌ലിം സമൂഹം പരസ്പര വിമര്‍ശനം ഒഴിവാക്കി ഒരുമിച്ച് നില്‍ക്കണം എന്ന് പറയുകയും മറുവശത്ത് ഇന്നയിന്നവര്‍ തീവ്രവാദികളാണ് എന്ന് ലേഖനമെഴുതുകയും ചെയ്യുന്ന പതിവ് ശൈലിയാണോ അത് എന്നറിയില്ല. ഏതായാലും വസ്തുതാപരമായി കാര്യങ്ങളെ വിലയിരുത്താനും ഇന്ന് മുസ്‌ലിം രാഷ്ട്രം ഒന്നടങ്കം നേരിടുന്ന ഇസ്‌ലാമിന്‍റെ രാഷ്ട്രീയ-വായന എന്ന റസൂല്‍ (സ) ക്കോ സ്വഹാബത്തിനോ പരിചയമില്ലാത്ത പുതിയ ആശയധാരയെ തിരിച്ചറിയാനും ഓരോരുത്തര്‍ക്കും സാധിക്കട്ടെ.
നബി (സ) ഈമാന്‍, തൗഹീദ്, ഇബാദത്ത് തഖ്‌വ തുടങ്ങി ഒട്ടനേകം വിഷയങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിന്‍റെ ഖുതുബകളില്‍ രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് അല്ല പ്രാധാന്യം നല്‍കിയിരുന്നത്. ഭരണം എങ്ങനെ ആയിരിക്കണം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുവെങ്കിലും അത് സ്ഥാപിക്കലാണ് ഇസ്‌ലാമിന്‍റെ അടിസ്ഥാന ദൗത്യം എന്ന് ദുര്‍വ്യാഖ്യാനിക്കുകയാണ് ഇഖ്'വാനുല്‍ മുസ്ലിമൂന്‍ ചെയ്തത്. ഇസ്‌ലാമിന്‍റെ അടിസ്ഥാന ആശയമായ തൗഹീദിനെപ്പോലും (ഏകദൈവവിശ്വാസം) ദുര്‍വ്യാഖ്യാനിക്കുന്ന രാഷ്ട്രീയ വായനയാണ് ഇന്ന് മുസ്‌ലിം രാഷ്ട്രങ്ങളും മറ്റു ഇതര രാഷ്ട്രങ്ങളും ഇസ്‌ലാമിന്‍റെ പേരില്‍ നേരിട്ട് കൊണ്ടിരിക്കുന്ന ചോരക്കളികള്‍ക്ക് കാരണം.
ഒക്ടോബര്‍ 6 1981ന് ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അന്‍വര്‍ സാദത്ത് 'ജമാഅതുല്‍ ജിഹാദ്' എന്ന സംഘടനയാല്‍ കൊല്ലപ്പെട്ടു. പിന്നീട് ഈജിപ്തിലെ ഗവണ്മെന്‍റ് ഓഫീസുകള്‍ക്ക് നേരെയും പോലീസ് ആസ്ഥാങ്ങള്‍ക്ക് നേരെയും ഒരുപാട് ആക്രമണങ്ങള്‍ ഉണ്ടായി. പിടിക്കപ്പെട്ടവരില്‍ മിക്കവാറും ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവരോ നേരത്തെ പ്രവര്‍ത്തിച്ചവരോ ആയിരുന്നു.
ഇന്ന് അറബ് ലോകത്ത് അറബ് വസന്തം എന്ന പേരില്‍ വിവിധ രാഷ്ട്രങ്ങളെ അധപതനത്തിന്‍റെ കൊടുമുടിയിലേക്ക് എത്തിക്കുകയും, സിറിയയിലും മറ്റും ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ രക്തം ചിന്താന്‍ കാരണവുമായ വിപ്ലവത്തിന് വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചത് ഇഖ്'വാനുല്‍ മുസ്‌ലിമൂന്‍ ആണ് എന്നത് ആര്‍ക്കാണ് അറിയാത്തത്. അതിനെ വര്‍ണ്ണിച്ചെഴുതിയ പ്രബോധനത്തിന്‍റെ താളുകളിലെ മഷി ഇപ്പോഴും ങ്ങിയിട്ടുണ്ടാകില്ല. അറബ് വസന്തമെന്ന പേരില്‍ മുസ്‌ലിം രാഷ്ട്രങ്ങളെ കലാപ ഭൂമിയാക്കരുതേ എന്നപേക്ഷിച്ച സലഫീ പണ്ഡിതന്മാരെ കൊട്ടാരം വിദൂഷകരായി ചിത്രീകരിച്ച തങ്ങളുടെ പരിഹാസങ്ങള്‍ ആ വരികള്‍ക്കിടയിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഇതിനു മുന്‍പും 1982 ല്‍ ഇഖ്'വാനുല്‍ മുസ്ലിമൂന്‍ സിറിയയില്‍ ഹമ പ്രദേശത്ത് ഒത്തുകൂടി ഒരു വിപ്ലവം ഉണ്ടാക്കാന്‍ ശ്രമിച്ചു. 40000 പേര്‍ മരിച്ചു എന്ന് ഏകദേശം കണക്കാക്കപ്പെട്ട ഒരു വര്‍ഗീയ കലാപമായിരുന്നു പരിണിത ഫലം. ശീയാ ഭീകരര്‍ക്ക് അവിടെയുള്ള മുസ്ലിംകള്‍ക്കെതിരില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കാനും അവരെ കൊന്നൊടുക്കാനുമുള്ള ലൈസന്‍സായി അത് മാറി. ഇന്നും സിറിയയിലെ മുസ്ലിംകള്‍ പരിണിത ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇറാനും സിറിയയിലെ ബഷാര്‍ അല്‍ അസദ് എന്ന കിരാത ഭരണകൂടവും ചേര്‍ന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് ഈ കഴിഞ്ഞ 3 വര്‍ഷത്തിനിടെ കൊന്നൊടുക്കിയത്. എന്നാല്‍ ഇറാനില്‍ ഉണ്ടായ സ്വഫവീ പേര്‍ഷ്യന്‍ വിപളവത്തെ ഇസ്‌ലാമിക വിപ്ലവമായി ലോകത്തിന് പരിചയപ്പെടുത്തിയതും മൌദൂദി ആയിരുന്നു. ഇസ്‌ലാമിന്‍റെ അടിസ്ഥാന ആശയമായ ഏകദൈവ വിശ്വാസത്തിന് പോലും ഘടകവിരുദ്ധമായ ഖബറാരാധനയും ശിര്‍ക്കും കൊടികുത്തി വാഴുന്ന ശിയാ- കിരാത ഭരണകൂടത്തെ ഇസ്‌ലാമിന്‍റെ വക്താക്കളായി നിങ്ങള്‍ പരിചയപ്പെടുത്തിയത് ആര്‍ക്കു വേണ്ടി. അതേ സമയം തൌഹീദുള്ള സൗദി ഭരണകൂടത്തെ ഭരണപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പഴയ ജാഹിലിയത്തിലേക്ക് തിരിച്ച് പോയ സമൂഹമെന്ന് മൌദൂദി വിശേഷിപ്പിക്കുകയും ചെയ്തത് അദ്ദേഹത്തിന്‍റെ പുസ്തകങ്ങളില്‍ ഇല്ലേ. അതേ അല്ലാഹുവിന്‍റെ റസൂല്‍ (സ) ജനങ്ങളെ ഏതൊരു ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുവാന്‍ വേണ്ടി വന്നുവോ അതിനെ വിസ്മരിച്ച രാഷ്ട്രീയ വായന. അതുതന്നെയാണ് പ്രശ്നങ്ങളുടെ കാതല്‍.
ഏതായാലും ഖവാരിജീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ഇസ്‌ലാമിന്‍റെ പേരില്‍ ഇന്ന് നിലനില്‍ക്കുന്ന ഏത് ആധുനിക തീവ്രവാദ പ്രസ്ഥാനങ്ങളെ എടുത്ത് നോക്കിയാലും അവയില്‍ ഒട്ടുമിക്കതിന്‍റെയും ആശയപരമായ വേരുകള്‍ ചെന്നെത്തുന്നത് സയ്യിദ് ഖുതുബ്, മൌദൂദി ആശയധാരയിലേക്കായിരിക്കും. ഈ വസ്തുത മറച്ചു വെക്കാന്‍ പ്രബോധനം വാരിക എടുത്ത സമീപനമാണ് സലഫിയ്യത്തിന് നേരെയുള്ള തീവ്രവാദ ആരോപണം. സലഫിയത്തില്‍ തീവ്രവാദ ചിന്താഗതിയുമായി ആരെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആ ആശയങ്ങള്‍ എവിടെ നിന്ന് കിട്ടി എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. അത് ഖുതുബിയന്‍ ആശയധാരയില്‍ നിന്നാണ്. അതിരുകടന്ന ഹാകിമിയ്യത്ത് വാദവും, അതിന് ഉപോല്‍ഭലകമായി വന്ന തക്ഫീരിസവും സലഫികളില്‍ ചിലരെ സ്വാധീനിച്ചുവെങ്കില്‍ അത് അത്യധികം ഗൗരവപരവും അതിനെ, സലഫീ പണ്ഡിതന്മാര്‍ ആശയപരമായി നേരിടുന്നതുമാണ്. അത് എക്കാലത്തും ഉണ്ടായിട്ടുമുണ്ട്. നമ്മുടെ നാട്ടില്‍പ്പോലും ഈ ആശയങ്ങളുടെ പ്രചരണകാലത്ത് തന്നെ വളരെ ശക്തമായി അതിനെതിരെ പ്രതികരിക്കുകയും തന്‍റെ ജീവിതം തന്നെ അതിന് വേണ്ടി മാറ്റി വെക്കുകയും ചെയ്ത ഉമര്‍ മൗലവി (റ) യെ കേരളക്കര മറന്നിട്ടില്ല.
അല്‍ഖാഇദ നേതാവ് അയ്മന്‍ സവാഹിരി 'അശര്‍ഖുല്‍ ഔസത്ത്' പത്രത്തിന് നല്‍കിയ അഭിമുഖം കൂടി നല്‍കിക്കൊണ്ട് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കട്ടെ:
“ഈ ഉമ്മത്തില്‍ ജിഹാദിന്‍റെ
ഡൈനാമിറ്റ് പൊട്ടിച്ച രചനകളാണ് സയ്യിദ് ഖുതുബിന്‍റേത്. സയ്യിദ് ഖുതുബ് ആണ്
ജിഹാടിസ്റ്റുകളുടെ (അയാളുടെ ഭാഷയില്‍ ഉള്ള ജിഹാദ്) പ്രവര്‍ത്തനരേഖ തന്‍റെ ഗ്രന്ഥമായ
‘വഴിയടയാളങ്ങള്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയത്.” – [അശര്‍ഖ് അല്‍ഔസത്ത്
ന്യൂസ് പേപ്പറിന് 25/11/2001ന് ളവാഹിരി നല്‍കിയ അഭിമുഖം].
അതുകൊണ്ട് തങ്ങള്‍ മുന്‍പ് പറഞ്ഞുവെച്ച വാദമുഖങ്ങള്‍ എന്ത്, അത് യുവത്വത്തെ എത്രമാത്രം സ്വാധീനിച്ചു, അതിലെ അപകടങ്ങള്‍ എന്തൊക്കെ, ഇസ്‌ലാമിക ആശയങ്ങളില്‍ നിന്ന് അവ വ്യതിചലിച്ചത് എവിടെ എന്നെല്ലാം പഠന വിധേയമാക്കി അതിനെതിരില്‍ ശബ്ദിക്കുകയാണ് 'പ്രബോധനം' വാരിക ചെയ്യേണ്ടത്. ഇനിയും ഒരുപാട് ചരിത്ര വസ്തുതകള്‍ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. സൗദി അറേബ്യയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും തക്ഫീരീ, ഖവാരിജീ ചിന്താഗതികള്‍ എവിടെ നിന്നും വന്നു. അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആര്. സ്വാധീനിച്ച പുസ്തകങ്ങള്‍ ഏത്. എല്ലാം നാം പരിശോധിക്കേണ്ടിയിരിക്കുന്നു. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. കാര്യങ്ങള്‍ മുന്‍ധാരണയില്ലാതെ വസ്തുനിഷ്ഠമായി മനസ്സിലാക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ..