Thursday, July 14, 2016

ഫര്‍ദ് നോമ്പ് നോറ്റു വീട്ടാതെ സുന്നത്ത് നോമ്പുകള്‍ നോല്‍ക്കാമോ ?.




الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛
 
ഇത് ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ഖണ്ഡിതവും സ്വീകാര്യയോഗ്യവുമായ ഒരു തെളിവ് ഈ വിഷയത്തില്‍ വരാത്തത് കൊണ്ടാണത്.

www.fiqhussunna.com

ഹനഫീ, മാലികീ, ശാഫിഈ മദ്ഹബുകളിലെ കൂടുതല്‍ ഫുഖഹാക്കളും റമദാനിലെ നോമ്പ് നോറ്റ് വീട്ടാനുള്ളവര്‍ക്ക്, അത് നോറ്റു വീട്ടുന്നതിന് മുന്‍പായിത്തന്നെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാം എന്ന അഭിപ്രായക്കാരാണ്. ഹനഫീ മദ്ഹബിലെ പണ്ഡിതന്മാര്‍ നിരുപാധികം അത് അനുവദനീയമായിക്കാണുന്നു. എന്നാല്‍ മാലികീ മദ്ഹബിലെയും, ശാഫിഈ മദ്ഹബിലെയും പണ്ഡിതന്മാര്‍ അത് അനുവദനീയമായിക്കാണുന്നുവെങ്കിലും അവരുടെ അഭിപ്രായപ്രകാരം അത് വെറുക്കപ്പെട്ടതാണ്. അഥവാ അവരത് അനുവദനീയമായിക്കാണുന്നു എങ്കില്‍കൂടി റമദാനിലെ നോമ്പുകള്‍ നോറ്റ് വീട്ടുന്നത് മുന്തിപ്പിക്കുന്നതാണ് അവര്‍ കൂടുതല്‍ ഉചിതമായിക്കാണുന്നത് എന്നര്‍ത്ഥം. ഒരു റമദാനിലെ നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടല്‍ അടുത്ത റമദാന്‍ എത്തുന്നത് വരെ സാവകാശമുള്ള ഒരു കര്‍മമാണ് എന്നതാണ് അത് അനുവദനീയമാണ് എന്നതിന് അവര്‍ക്കുള്ള തെളിവ്. 
ഹംബലീ മദ്ഹബിലെ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഫര്‍ദ് നോമ്പ് ബാക്കി നില്‍ക്കെ സുന്നത്ത് നോമ്പുകള്‍ പിടിക്കാന്‍ പാടില്ല. അതിനവര്‍ തെളിവായി ഉദ്ദരിച്ചത് ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ആണ്. 

ومن صام تطوعا وعليه من رمضان شيء لم يقضه ، فإنه لا يتقبل منه حتى يصومه 

റമദാനില്‍ നിന്നുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിയിരിക്കെ ആരെങ്കിലും സുന്നത്ത് നോമ്പുകള്‍ നോറ്റാല്‍, ആ (ഫര്‍ദ്) നോമ്പുകള്‍ നോറ്റു വീട്ടുന്നത് വരെ അത് അവനില്‍ നിന്നും സ്വീകരിക്കപ്പെടുകയില്ല". - [മുസ്നദ് അഹ്മദ്: 2/352]

ഈ ഹദീസ് സ്വഹീഹ് ആയിരുന്നുവെങ്കില്‍ ഈ വിഷയത്തിലെ ചര്‍ച്ചക്ക് യാതൊരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഈ ഹദീസ് ളഈഫ് ആണ് എന്ന് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂഹുറൈറ (റ) വില്‍ നിന്നും ഇബ്നു ലുഹൈഅ (ابن اهيعة) മാത്രമേ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്ന് ഇമാം ത്വബറാനി രേഖപ്പെടുത്തിയിട്ടുണ്ട്. [الأوسط : 2/99]. ഇബ്നു ലുഹൈഅ ആകട്ടെ ദുര്‍ബലനുമാണ്. ശൈഖ് അല്‍ബാനി (റ) ഇമാം ത്വബറാനിയുടെ ഉദ്ദരണി എടുത്ത് കൊടുത്ത ശേഷം പറയുന്നു: "ഇബ്നു ലുഹൈഅ മോശമായ ഹിഫ്'ളുളള ആളാണ്‌. അദ്ദേഹത്തിന് അതിന്‍റെ സനദിലും മത്നിലും ആശയക്കുഴപ്പം (اضطراب) സംഭവിച്ചിട്ടുണ്ട്." - [സില്‍സിലതു-ളഈഫ: 2/838]. 

അതുകൊണ്ടുതന്നെ ഈ ഹദീസ് ദുര്‍ബലമാണ് എന്നാണ് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയത്. അതിനാല്‍ത്തന്നെ ഈ ഹദീസ് വിഷയത്തിലെ അന്തിമ തീരുമാനമെടുക്കാനുള്ള തെളിവായി പരിഗണിക്കാന്‍ സാധിക്കില്ല.  
മാത്രമല്ല ഇമാം അഹ്മദ് (റ) യില്‍ നിന്നും ഫര്‍ദ് നോറ്റു വീട്ടുന്നതിന് മുന്‍പ് സുന്നത്ത് നോല്‍ക്കല്‍ അനുവദനീയമാണ് എന്ന അഭിപ്രായവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 
ഏതായാലും തെളിവുകള്‍ പരിശോധിച്ചാല്‍, റമദാനിലെ നോമ്പ് നോറ്റുവീട്ടുക എന്നത് സമയ-സാവകാശം ഉള്ള ഒരു കര്‍മമായതുകൊണ്ട് അതിനു മുന്‍പായി അറഫ, ആശൂറാ തുടങ്ങിയ നോമ്പുകള്‍ നിര്‍വഹിക്കപ്പെടുകയാണ് എങ്കില്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ നിര്‍ബന്ധമായ നോമ്പ് ഒരു കടമാണ് എന്നതിനാല്‍ സുന്നത്ത് നോമ്പുകള്‍ എടുക്കുന്നതിനേക്കാള്‍ പ്രാധാന്യവും മുന്‍ഗണനയും റമദാനിലെ നോമ്പിനാണ് നല്‍കേണ്ടത് എന്നതും, അത് ബാധ്യതയായുള്ളവര്‍ ആദ്യം അത് നോറ്റു വീട്ടുന്നതാണ് ഏറ്റവും അഫ്ളല്‍ എന്നുമുള്ളതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഫര്‍ദ് നോറ്റു വീട്ടാനാണ് മുന്‍ഗണന നല്‍കേണ്ടത്.  മാത്രമല്ല ശവ്വാല്‍ മാസത്തിലെ ആറു നോമ്പിന്‍റെ വിഷയത്തില്‍ ശൈഖ് ഇബ്നു ബാസ് (റ) യെപ്പോലുള്ള പണ്ഡിതന്മാര്‍ റമദാനിലെ നോമ്പ് നോറ്റു വീട്ടിയ ശേഷമാണ് അത് നിര്‍വഹിക്കേണ്ടത് എന്ന് പ്രത്യേകം സൂചിപ്പിച്ചത് കാണാം. ആരെങ്കിലും റമദാന്‍ മാസം നോമ്പ് എടുക്കുകയും ശേഷം ശവ്വാല്‍ മാസത്തില്‍ ആറു നോമ്പുകള്‍ പിടിക്കുകയും ചെയ്‌താല്‍ എന്നാണല്ലോ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് റമദാനിലെ നോമ്പ് നോറ്റു വീട്ടാന്‍ ഉള്ളവര്‍ അത് നോറ്റു വീട്ടിയ ശേഷമാണ് റമദാന്‍ മാസത്തിലെ നോമ്പ് നോല്‍ക്കേണ്ടത്.

നമ്മുടെ ചര്‍ച്ചാവിഷയവുമായി  ബന്ധപ്പെട്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: 

بالنسبة للصيام الفريضة والنافلة لا شك أنه من المشروع والمعقول أن يبدأ بالفريضة قبل النافلة ، لأن الفريضة دَيْنٌ واجب عليه ، والنافلة تطوع إن تيسرت وإلا فلا حرج ، وعلى هذا فنقول لمن عليه قضاء من رمضان : اقض ما عليك قبل أن تتطوع ، فإن تطوع قبل أن يقضي ما عليه فالصحيح أن صيامه التطوع صحيح مادام في الوقت سعة ، لأن قضاء رمضان يمتد إلى أن يكون بين الرجل وبين رمضان الثاني مقدار ما عليه ، فمادام الأمر موسعا فالنفل جائز ، كصلاة الفريضة مثلا إذا صلى الإنسان تطوعا قبل الفريضة مع سعة الوقت كان جائزا ، فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح

  "സുന്നത്ത് നോമ്പിന്‍റെയും, ഫര്‍ദ് നോമ്പിന്‍റെയും കാര്യത്തില്‍, മതപരമായും, യക്തികൊണ്ടും സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പേ ഫര്‍ദ് നോമ്പുകള്‍ പിടിക്കുകയാണ് വേണ്ടത് എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം ഫര്‍ദ് നോമ്പ് അവന്‍റെ മേലുള്ള ഒരുനിര്‍ബന്ധബാധ്യതയാണ്. ഐച്ഛികമായ നോമ്പുകളാകട്ടെ അവന് സാധിക്കുമെങ്കില്‍ ചെയ്യാം, ചെയ്യാതിരിക്കുകയുമാകാം. അതുകൊണ്ടുതന്നെ നാം പറയുന്നത്: ആര്‍ക്കെങ്കിലും റമദാനിലെ നോമ്പ് ബാക്കിയുണ്ട് എങ്കില്‍, സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പ് ആദ്യം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടുക. 
എന്നാല്‍ ഒരാള്‍ ഇനി അഥവാ തന്‍റെ മേലുള്ള ഫര്‍ദ് നോമ്പുകള്‍ നോറ്റുവീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ എടുത്തു എങ്കില്‍, ശരിയായ അഭിപ്രായം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടാന്‍ ഇനിയും സമയമുള്ളത് കൊണ്ട് അവന്‍റെ സുന്നത്ത് നോമ്പ് ശരിയാണ് എന്നതാണ്. കാരണം ഒരു വ്യക്തിക്കും അടുത്ത റമദാനുമിടയില്‍ അയാളുടെ മേല്‍ നോറ്റുവീട്ടാന്‍ ബാധ്യതയായുള്ള അത്രയും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ഘട്ടം എത്തുന്നത് വരെ അയാള്‍ക്ക് അത് നോറ്റു വീട്ടുവാനുള്ള സാവകാശം ഉണ്ട്. അതുകൊണ്ട് ആ ഫര്‍ദ് നിര്‍വഹിക്കുവാനുള്ള സമയം അവശേഷിക്കുന്നത് വരെ സുന്നത്തുകള്‍ നിര്‍വഹിക്കല്‍ അനുവദനീയമാണ്. ഫര്‍ദ് നമസ്കാരം തന്നെ ഉദാഹരണം. ഫര്‍ദ് നമസ്കാരത്തിന് മുന്‍പായി, അതിന്‍റെ സമയം ഇനിയും അവശേഷിക്കവെ  ഒരാള്‍ സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വഹിച്ചാല്‍ അത് അനുവദനീയമാണ്. അതുകൊണ്ടുതന്നെ റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ  പിടിച്ചാല്‍ ആ നോമ്പ് ശരിയാണ്." - [مجموع فتاوى ابن عثيمين : 2/438].

അഥവാ അയാളുടെ മേല്‍ നിര്‍ബന്ധ ബാധ്യതയായുള്ള നോമ്പ് നോറ്റു വീട്ടുക എന്നതാണ് സുന്നത്ത് നോമ്പ് എടുക്കുന്നതിനെക്കാള്‍ ഉചിതം. എന്നാല്‍ ആരെങ്കിലും നിര്‍ബന്ധ നോമ്പുകള്‍ നോറ്റു വീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ അനുഷ്ടിചാല്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. ആ സുന്നത്ത് നോമ്പുകള്‍ക്ക് പകരം വീട്ടാനുള്ള ഫര്‍ദ് നോമ്പുകള്‍ അനുഷ്ടിക്കലായിരുന്നു അഫ്ളല്‍ എന്ന് മാത്രം. ഇതാണ് ശൈഖിന്‍റെ ഫത്'വയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.  അല്ലാഹു അനുഗ്രഹിക്കട്ടെ ... 

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ