Wednesday, July 13, 2016

വഹാബിസം, വഹാബി തീവ്രവാദം വസ്തുതയെന്ത് ?!. ഐസിസും അല്‍ഖാഇദയും വഹാബികളല്ലേ ?. അവര്‍ കിതാബുത്തൌഹീദ് പഠിപ്പിക്കുന്നില്ലേ ?!.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

യഥാര്‍ത്ഥത്തില്‍ വഹാബിസം വഹാബികള്‍ എന്നിങ്ങനെ ഒരു വിഭാഗം ലോകത്ത് എവിടെയുമില്ല. സാധാരണ നിലക്ക് തൗഹീദീ പ്രബോധനത്തിന്‍റെ അഥവാ ഏകദൈവ വിശ്വാസത്തിന്‍റെ പ്രബോധകരെ അവരുടെ വിമര്‍ശകര്‍ വിളിക്കുന്ന പേരാണ് വഹാബികള്‍ എന്നത്. സൂഫികളിലൂടെ അറേബ്യയില്‍ ഒരു കാലത്ത് പ്രചാരം നേടിയ അനാചാരങ്ങള്‍ക്കും, അന്തവിശ്വാസങ്ങള്‍ക്കുമെതിരെയും, ജാറങ്ങള്‍ക്കും മരത്തിനും ആരാധനയര്‍പ്പിക്കുന്ന ഖബറാരാധകര്‍ക്കെതിരെയും ശരിയായ ഇസ്‌ലാമിക പ്രബോധനം നടത്തിയ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബിലേക്ക് ചേര്‍ത്താണ് വഹാബികള്‍ എന്ന് ചിലര്‍ വിളിക്കാറുള്ളത്. മുസ്‌ലിം സമൂഹത്തെ അവരുടെ അടിസ്ഥാന വിശ്വാസമായ ഏകദൈവ വിശ്വാസത്തില്‍ നിന്നും വ്യതിച്ചലിപ്പിച്ച്, ജാറങ്ങള്‍ കെട്ടിപ്പൊക്കിയും, അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയും ആരാധനയും  നേര്‍ന്നും, ഉറൂസുകളും ജാറ ഉത്സവങ്ങളും നടത്തി മുസ്‌ലിം സമൂഹത്തിനിടയില്‍ ബഹുദൈവാരാധന കടത്തിക്കൂട്ടാന്‍ ശ്രമിച്ച ആളുകള്‍ക്കെതിരെ ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ ആദര്‍ശം കൊണ്ട്  മുട്ടുകുത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹം പുതുതായി ഒന്നും തന്നെ വിഭാവനം ചെയ്തെടുത്തിട്ടില്ല മുഹമ്മദ്‌ (സ) പ്രചരിപ്പിച്ച തൗഹീദിന്‍റെ ആദര്‍ശമെന്തോ അത് ജനങ്ങളെ പഠിപ്പിക്കുകയും അതിലേക്ക് ആളുകളെ ക്ഷണിക്കുകയുമാണ് അദ്ദേഹം ചെയ്തത്. 

www.fiqhussunna.com

സ്വാഭാവികമായും അദ്ദേഹത്തിന്‍റെ പ്രബോധനം ലോകവ്യാപകമെന്നപോലെ നമ്മുടെ കേരളത്തിലും അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മുസ്ലിമീങ്ങള്‍ക്കിടയില്‍ ചില വിഭാഗങ്ങള്‍ കടത്തിക്കൂട്ടിയ ബഹുദൈവാരാധനക്കുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഇത് മതത്തെ കച്ചവടമാക്കിയ ചില തല്പര കക്ഷികള്‍ക്കിടയില്‍ അദ്ദേഹത്തെ അതൃപ്തനാക്കി.

ഏതായാലും പിന്‍കാലത്ത് നാം കണ്ടത് ഏകദൈവ വിശ്വാസമുള്ള എന്നാല്‍ മറ്റു പല അടിസ്ഥാന തലങ്ങളിലും ആദര്‍ശം കൊണ്ട് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബുമായി ഏറെ വിയോജിപ്പുള്ള കക്ഷികളെപ്പോലും മീഡിയയും ചില തല്പര കക്ഷികളും ചേര്‍ന്ന് 'വഹാബികള്‍' എന്ന് വിളിക്കാന്‍ തുടങ്ങി. ഖബര്‍ പൂജ നടത്തുന്നവര്‍ സൂഫികളും, അതിനെ എതിര്‍ക്കുന്നവരെല്ലാം വഹാബികളുമാണ് എന്ന നിലയിലാണ് കാര്യങ്ങള്‍ പ്രചരിച്ചത്. സത്യത്തില്‍ ഇസ്‌ലാം നിഷ്കര്‍ഷിക്കുന്ന ഏകദൈവ വിശ്വാസം എന്തോ അത് കൃത്യമായി ജനങ്ങളെ പഠിപ്പിക്കുക മാത്രമാണ് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബ് ചെയ്തത്.  ഖബര്‍ പൂജക്കെതിരെയും, ജാറ വ്യവസായത്തിനെതിരെയും, അല്ലാഹുവിനല്ലാതെ ഇതര സൃഷ്ടിജാലങ്ങള്‍ക്ക് ആരാധനയര്‍പ്പിക്കുന്നതിനെയും നഖഷികാന്തം എതിര്‍ക്കുന്ന മതമാണ്‌ ഇസ്‌ലാം. ഇതാണ്‌ ശൈഖുല്‍ ഇസ്‌ലാം തന്‍റെ കിതാബുത്തൌഹീദിലൂടെ പഠിപ്പിച്ചത്. അത് യഥാര്‍ത്ഥ ഇസ്‌ലാമിന്‍റെ ആദര്‍ശമാണ്. ശൈഖിന്‍റെ മാത്രം ആദര്‍ശമല്ല.


പിന്‍കാലത്ത് ഇസ്‌ലാം നിഷിദ്ധമാക്കിയ സൃഷ്ടിപൂജയേയും ഖബറാരാധനയെയും എതിര്‍ത്ത ഓരോരുത്തരും വഹാബികള്‍ എന്ന് വിളിക്കപ്പെടാന്‍ തുടങ്ങി. അതിന്‍റെ ഭാഗമായാണ് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ് (റ) യുടെ പ്രബോധനവുമായി യാതൊരു ബന്ധവുമില്ലാത്ത ISIS, അല്‍ഖാഇദ തുടങ്ങിയ ഖവാരിജീ സംഘടനകളെ എട്ടും പൊട്ടും തിരിയാത്ത ചില മാധ്യമ പ്രവര്‍ത്തകരും, തല്പരകക്ഷികളും ചേര്‍ന്ന്  വഹാബികള്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. കാരണം അവരെ സംബന്ധിച്ചിടത്തോളം ഖബര്‍ പൂജ നടത്തുന്നവരും, ജാറങ്ങളില്‍ ആരാധനകള്‍ അര്‍പ്പിക്കുന്നവരും, ഉറൂസും, മൗലിദുകളും എല്ലാമായി ഇസ്‌ലാമിന്‍റെ പേരില്‍ത്തന്നെ ബഹുദൈവാരാധന നടത്തുന്നവര്‍ സൂഫികളും, മേല്‍പറഞ്ഞ കാര്യങ്ങളെ എതിര്‍ക്കുന്നവരും, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുമായ എല്ലാവരും വഹാബികളുമാണ്. പക്ഷെ സത്യത്തില്‍ വഹാബികള്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ ഏറിയ പങ്കും  ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ് (റ) യുടെ പ്രബോധനവുമായി യാതൊരും ബന്ധവുമില്ലാത്തവരാണ്.

ഉദാ: യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ മുഗണന നല്‍കുന്നവര്‍  മുഅ്തസിലിയാക്കളാണ്. എന്നാല്‍ മുഅതസിലിയാ ആദര്‍ശം പിന്തുടരുന്ന ഒരു വിഭാഗം ആളുകള്‍ നമ്മുടെ നാട്ടില്‍ തങ്ങള്‍ സലഫികളാണ് എന്ന് വാദിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് തന്നെ ഒരുപക്ഷെ ഹദീസുകളെ നിഷേധിക്കുകയും   അതേ സമയം തങ്ങള്‍ സലഫികള്‍ ആണ് എന്ന് വാദിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഇവര്‍ മാത്രമായിരിക്കാം. ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ കിതാബുത്തൌഹീദില്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിലെ അടിസ്ഥാന ആദര്‍ശമായ അല്ലാഹുവിന്‍റെ 'അസ്മാഉം സ്വിഫാത്തു' മായി ബന്ധപ്പെട്ട പലതും നിഷേധിക്കുന്ന ഇവരും നമ്മുടെ കൊച്ചു കേരളത്തില്‍ അറിയപ്പെടുന്നത് വഹാബികള്‍ എന്ന പേരില്‍. സത്യത്തില്‍ ഇവരുടെ ചിന്താധാരക്ക് ശൈഖുല്‍ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. 

ഇന്ന് ലോകത്ത് ISIS, അല്‍ഖാഇദ പോലുള്ള സംഘടനകളെ വഹാബികള്‍ എന്ന് മുദ്രകുത്തുന്ന മാധ്യമങ്ങള്‍ എടുത്ത് പറയാറുള്ളത് അവര്‍ ഖബറാരാധനയെ എതിര്‍ക്കുന്നു എന്നതാണ്. ഖബറാരാധനയെ എതിര്‍ത്തത് കൊണ്ട് മാത്രം ഒരാള്‍ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ വക്താവ് ആവില്ല. ISIS, അല്‍ഖാഇദ പോലുള്ള സംഘടനകള്‍ ഖവാരിജുകള്‍ ആണ്. അഥവാ മുസ്‌ലിം ഭരണാധികാരികളെ കാഫിറുകള്‍ ആണ് എന്ന് വിലയിരുത്തി അവര്‍ക്കെതിരെ വിപ്ലവം നടത്തുന്ന സംഘം. ഇവര്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആക്രമിക്കുന്നത് സൗദി അറേബ്യയെ ആണ്. ഇക്കഴിഞ്ഞ റമദാന്‍ 29ന് നാല് ആക്രമണങ്ങളാണ് ഇവര്‍ സൗദി അറേബ്യയില്‍ നടത്തിയത്. തല്പരകക്ഷികളുടെ ഭാഷയില്‍ ലോകത്ത് വഹാബികള്‍ ഭരിക്കുന്ന ഏറ്റവും വലിയ രാജ്യമായ, ശരീഅത്ത് ഭരണം നടത്തുന്ന രാജ്യത്തെ ഈ അക്രമികള്‍ ലക്ഷ്യം വെക്കാന്‍ കാരണമെന്ത് ?!. നിങ്ങളുടെ ഭാഷയില്‍ ലോകത്ത് അറിയപ്പെടുന്ന വഹാബീ പണ്ഡിതന്മാരായ ശൈഖ് അബ്ദുല്‍ അസീസ്‌ ഇബ്നു ബാസ് (റ) , ഇപ്പോഴത്തെ മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹ), ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹ) തുടങ്ങിയവര്‍ ഈ പറയുന്ന ISIS നും അല്‍ഖാഇദക്കും അനഭിമതരും കാഫിറുകളും ആകുന്നത് എന്തുകൊണ്ട് ?!. ലോകത്ത് ISIS നെതിരെ ഏറ്റവും ആദ്യം ശബ്ദിച്ചത് സലഫീ പണ്ഡിതന്മാരാകുന്നത് എന്തുകൊണ്ട് ?. ISIS, അല്‍ഖാഇദ പോലുള്ള ഇസ്‌ലാം വിരുദ്ധരെ നേരിടാന്‍ NORTH THUNDER എന്ന പേരില്‍ 20 രാഷ്ട്രങ്ങളെ അണിനിരത്തി സമീപകാലത്ത് ലോകം കണ്ടതില്‍  വച്ച് ഏറ്റവും വലിയ സായുധ പരിശീലനം സൗദി അറേബ്യ നടത്തിയത് എന്തുകൊണ്ട് ?!. 


ഇനി ഇവര്‍ വഹാബികള്‍ ആണ് എന്ന് സ്ഥാപിക്കാന്‍ അപക്വമതികളായ ചില മാധ്യമപ്രവര്‍ത്തകരും തല്പരകക്ഷികളായ ഖബറാരാധകരും ഉന്നയിക്കാറുള്ള ഒരു വാദം ISIS ഉം, അല്‍ഖാഇദയുമെല്ലാം ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബിന്‍റെ (റ) കിതാബുത്തൌഹീദ് പഠിപ്പിക്കുന്നു അത് വിതരണം ചെയ്യുന്നു എന്നതാണ്. എന്നാല്‍ ഇതേ ആളുകള്‍ തങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്‍റെ വക്താക്കളാണ് എന്ന് വാദിക്കുന്നവരും, ഇസ്‌ലാമിലെ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങള്‍ തങ്ങളുടെ വാദങ്ങള്‍ ന്യായീകരിക്കത്തക്കവിധം പഠിപ്പിക്കുന്നവരുമാണ് എന്ന സത്യം അവര്‍ പരിശോധിക്കാറില്ല. അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ ഖവാരിജുകളെപ്പറ്റി  പറഞ്ഞത്: "അവര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും പക്ഷെ വിശുദ്ധഖുര്‍ആന്‍ അവരുടെ തൊണ്ടക്കുഴിയില്‍ നിന്നും താഴോട്ട് ഇറങ്ങുകയില്ല" എന്നല്ലേ ?!. റസൂല്‍ (സ) പറയുന്നു: 

إِنَّ مِنْ ضِئْضِئِ هَذَا قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ حَنَاجِرَهُمْ

 "അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) ഇറങ്ങുകയില്ല." - [സ്വഹീഹുല്‍ ബുഖാരി:  7432].
 
 അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് അവര്‍ വിശുദ്ധഖുര്‍ആനിന്‍റെ വക്താക്കളാണ് എന്ന് പറയാന്‍ സാധിക്കുമോ ?!. മറിച്ച് ആകാശത്തിന്‍റെ ചുവട്ടില്‍ ഏറ്റവും നികൃഷ്ടരായ മനുഷ്യര്‍, നരകത്തിലെ നായകള്‍ തുടങ്ങിയ വിശേഷണങ്ങളാണ് അവര്‍ക്ക് അല്ലാഹുവിന്‍റെ റസൂല്‍ (സ) നല്‍കിയത്. നിങ്ങളുടെ നമസ്കാരം അവരുടെ നമസ്കാരവുമായി തട്ടിച്ച് നോക്കിയാല്‍ നിങ്ങളുടെ നമസ്കാരം വളരെ മോശപ്പെട്ടതായിരിക്കും, നിങ്ങളുടെ നോമ്പ് അവരുടെ നോമ്പുമായി തട്ടിച്ച് നോക്കിയാല്‍ അവരുടെ നോമ്പ് നിങ്ങളെക്കാള്‍ നല്ലതായിത്തോന്നും, നിങ്ങളെക്കാള്‍ ഈമാന്‍ പ്രകടമാകുന്നവരായിരിക്കും പക്ഷെ അവരുടെ ഈമാന്‍ തൊണ്ടക്കുഴിയില്‍ നിന്നും താഴോട്ട് ഇറങ്ങുകയില്ല എന്നിങ്ങനെ, നിങ്ങളെക്കാള്‍ പ്രത്യക്ഷത്തില്‍ മതപരമായ ആരാധനകളിലും വിശ്വാസകാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാകും അവര്‍ പക്ഷെ അവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കും എന്ന് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ചിട്ടില്ലേ ?!. അതുകൊണ്ട് അവര്‍ തൗഹീദും നമസ്കാരവും നോമ്പും ഒക്കെയുള്ള ആളുകള്‍ തന്നെയായിരിക്കും പക്ഷെ അവര്‍ ഖ്വാരിജുകളാണ് എന്ന് പ്രമാണങ്ങളില്‍ നിന്നും കൃത്യമായി മനസ്സിലാക്കാം. അവര്‍ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നത് കൊണ്ട് അവര്‍ അതിന്‍റെ വക്താക്കളാകുകയില്ല. അവര്‍ കിതാബുത്തൌഹീദ് പഠിപ്പിക്കുന്നത് കൊണ്ട് ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ വക്താക്കളാവുകയില്ല. വര്‍ഷങ്ങളായി ലോകത്തിന്‍റെ നാനാഭാഗങ്ങളിലും, ഈ കൊച്ചു കേരളത്തിലും ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്നു അബ്ദുല്‍വഹാബ് രചിച്ച കിതാബുത്തൌഹീദ് പടിപ്പിക്കപ്പെടുന്നു. അതൊരു രഹസ്യ പുസ്തകമല്ല. തുറന്ന പുസ്തകമാണ്. സലഫികള്‍ അല്ലാത്തവര്‍ പോലും മലയാളത്തില്‍ ആ പുസ്തകം പ്രചരിപ്പിക്കുന്നു. കാരണം അതില്‍ പഠിപ്പിക്കുന്നത് തീവ്രവാദമല്ല തൗഹീദാണ്.  പിന്നെ തീവ്രവാദമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങളുടെ സാമ്പത്തിക സ്രോതസായ ഖബര്‍ പൂജ നിലനിര്‍ത്തണം അത്രമാത്രം. ആ പ്രചാരണങ്ങള്‍ കാര്യഗൌരവമില്ലാത്തവരോ, തല്പര കക്ഷികളോ ആയ ചില മാധ്യമ പ്രവര്‍ത്തകരും ഏറ്റു പിടിക്കുന്നു അത്രമാത്രം. 

ഖബറിനെ പൂജിക്കുന്നവരെയും, ഉറൂസും മൗലിദുമായി ജാറ ഉത്സവങ്ങള്‍ കഴിക്കുന്നവരെയും ഇസ്‌ലാമിന്‍റെ പേരില്‍ ബഹുദൈവാരാധന നടത്തുന്നവരെയും ആരും ഭയപ്പെടുന്നില്ല. എന്നാല്‍ ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ ആദര്‍ശമായ തൗഹീദ് പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയാണ്‌ ഇസ്‌ലാം വിരുദ്ധര്‍ക്ക് പേടി. ആശയപരമായി നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍, ജനങ്ങളെ അകറ്റാനായി ആരോപണങ്ങള്‍ കൊണ്ട് മൂടുന്നു. ഇസ്‌ലാം വിരുദ്ധ ശക്തികളെ അവരുടെ വക്താക്കളായി ചിത്രീകരിക്കുന്നു എന്നുമാത്രം. ഇത് വിവേകമുള്ള ആര്‍ക്കും മനസ്സിലാകും. കാരണം തൗഹീദ് വളര്‍ന്നാല്‍ ഖബര്‍ പൂജയും, അല്ലാഹുവല്ലാത്തവര്‍ക്ക് വേണ്ടിയുള്ള നേര്‍ച്ചയും വഴിപാടുകളും എല്ലാം ആളുകള്‍ ഉപേക്ഷിക്കും. അല്ലാഹു മാത്രം ആരാധിക്കപ്പെടുമ്പോള്‍ ചൂഷണങ്ങള്‍ക്ക് വകുപ്പില്ല. ഉറൂസുകളും, ജാറവ്യവസായവും പൗരോഹിത്യവും നിലനില്‍ക്കുന്നിടത്തേ ചൂഷണങ്ങള്‍ക്ക് സ്ഥാനമുള്ളൂ. അതുകൊണ്ട് വസ്തുതകളെ നീതിയുക്തിയോടെ ദര്‍ശിക്കുന്ന പ്രിയപ്പെട്ട വായനക്കാര്‍ മനസ്സിലാക്കേണ്ടത് ISIS, അല്‍ഖാഇദ തുടങ്ങിയ സമാന ശക്തികള്‍ ഇസ്‌ലാം വിരുദ്ധരാണ്. ലോകത്ത് അവരെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത് സലഫികള്‍ ആണ്. സലഫിയ്യത്ത് എന്ന് പറയുന്നത് വിശുദ്ധഖുര്‍ആനും നബി (സ) യുടെ ചര്യയും യഥാവിധം ജീവിതത്തില്‍ പകര്‍ത്തി , ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ ആശയാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുക എന്നതാണ്‌. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്‍റെ പേരില്‍ ഉണ്ടാകുന്ന വ്യതിച്ചലിച്ച കക്ഷികളെയെല്ലാം സലഫികളാക്കി ചിത്രീകരിക്കുക എളുപ്പമാണ്. കാരണം യഥാര്‍ത്ഥ ഇസ്‌ലാം എന്തോ, അതിന്‍റെ പ്രമാണങ്ങള്‍ എന്തോ അത് പിന്തുടരുക എന്നതാണ് സലഫിയത്ത്. അതല്ലാതെ അതൊരു വേറിട്ട പ്രത്യയ ശാസ്ത്രമല്ല. അതുകൊണ്ടുതന്നെ ഇസ്ലാമിന്‍റെ പേരില്‍ ഉടലെടുക്കുന്നതോ, ഗൂഡ ലക്ഷ്യങ്ങളോടെ ഇസ്ലാമിന്‍റെ ശത്രുക്കളാല്‍ ഉണ്ടാക്കപ്പെടുന്നതോ ആയ എല്ലാ ഇസ്‌ലാം വിരുദ്ധ ശക്തികളും തങ്ങളെ ഇസ്‌ലാമിന്‍റെ ആശയാദര്‍ശങ്ങളിലേക്ക് ചേര്‍ത്തിപ്പറയാന്‍ ശ്രമിക്കും എന്നത് സ്വാഭാവികമാണ്. ഇസ്‌ലാമിന്‍റെ ആശയാദര്‍ശങ്ങള്‍ എന്തോ അതു പാലിച്ച് ജീവിക്കുക, അഥവാ ആശയാടര്‍ശങ്ങളില്‍ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് ജീവിക്കുക എന്നതാണ് സലഫിയ്യത്ത് എന്നതുകൊണ്ട് തന്നെ അത്തരം ഇസ്‌ലാം വിരുദ്ധ ശക്തികളെ സലഫിയ്യത്തിലേക്ക് ചേര്‍ത്തിപ്പറയലും ആരോപണങ്ങള്‍ ഉന്നയിക്കലും സുഖകരമാണ്. കേരളത്തിലെ പല മുഖ്യധാരാ മാധ്യമങ്ങളും ISIS നെ സംബന്ധിച്ചും, അല്‍ഖാഇദയെ സംബന്ധിച്ചും 'തീവ്ര സലഫീ' വിഭാഗം 'വഹാബീ തീവ്രവാദികള്‍' എന്നെല്ലാം എഴുതുന്നത് ഈ അര്‍ത്ഥത്തിലാണ്. ഇസ്‌ലാമിന്‍റെ അടിസ്ഥാന ആദര്‍ശമായ തൗഹീദിന് പോലും കത്തി വെച്ചവര്‍ക്ക് ആരോപണങ്ങള്‍ നേരിടേണ്ടി വരില്ലല്ലോ. അത് സ്വാഭാവികം മാത്രം.


സൂഫി-ബറേല്‍വി പൗരോഹിത്യം ഫാഷിസ്റ്റ്‌ ശക്തികളുമായിച്ചേര്‍ന്നു തൗഹീദീ പ്രബോധനത്തിന് കുരുക്ക് തയ്യാറാക്കാന്‍ ശ്രമിക്കുകയാണ്. പുരകത്തുമ്പോഴും വാഴവെട്ടുന്ന ഇവര്‍ ഭയക്കുന്നത് ഏകദൈവ വിശ്വാസത്തെയാണ്‌. എന്നാല്‍ സമാധാനപരമായി നിയമസംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തൗഹീദ് പ്രചരിപ്പിക്കുന്ന സലഫികളെ നേരിടാന്‍ ഇവര്‍ക്കാവില്ല. കാരണം തെറ്റ് ചെയ്തവരെ ഭയപ്പെടേണ്ടതുള്ളൂ. തെറ്റ് ചെയ്യാത്തവര്‍ ഭയപ്പെടേണ്ടതില്ല.  ഇനി കേരളത്തില്‍ നിയമം കയ്യിലെടുത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ട ആളുകള്‍ ആര് എന്ന് പരിശോധിച്ചാല്‍ തീവ്ര- സൂഫീ - ഖുബൂരീ വിഭാഗത്തില്‍പ്പെട്ട ചിലരിലേക്ക് വിരലുകള്‍ നീളുന്നത് നമുക്ക് കാണാം. ടൈഗര്‍ സുന്നികള്‍, മഹല്ലുകളില്‍ കലാപമുണ്ടാക്കിയ ഗുണ്ടകള്‍, കൊലപാതകങ്ങള്‍, തൗഹീദീ പ്രഭാഷകരുടെ സ്റ്റേജ് കയ്യേറല്‍ അസഹിഷ്ണുതയുടെ പര്യായമാണ് ഇവര്‍. തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം ഊതിക്കെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ അല്ലാഹു ആ പ്രകാശം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും...

അനുബന്ധ ലേഖനങ്ങള്‍: 

1- ISIS ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍. സലഫീ പണ്ഡിതന്മാരുടെ പ്രസ്ഥാവനകള്‍.

2- ISIS സലഫികളോ ?!.. വസ്തുതയെന്ത് ?!.

3- മദീന സ്ഫോടനം - ഖവാരിജുകള്‍ ചരിത്രം ആവര്‍ത്തിക്കുന്നു.

4- സാക്കിര്‍ നായിക്കിനെതിരെയുള്ള ആരോപണം ഖുബൂരീ - ഫാസിസ്റ്റ് സഖ്യം കെണിയൊരുക്കുന്നു.