Tuesday, July 5, 2016

ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?. ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛  

 ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?.  ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?.  തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com

സ്വതന്ത്രനോ അടിയമയോ ആകട്ടെ, പുരുഷനോ സ്ത്രീയോ ആകട്ടെ, കുട്ടികളോ മുതിര്‍ന്നവരോ ആകട്ടെ പെരുന്നാള്‍ ദിവസം തങ്ങള്‍ക്ക് ഭക്ഷിക്കാനുള്ളത് കഴിച്ച് കൈവശം മിച്ചം വരുന്നവരായ എല്ലാ മുസ്ലിമീങ്ങളുടെ മേലും സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്‌. അതത് നാട്ടിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ ഒരു സ്വാഅ് വീതം പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുകയാണ് വേണ്ടത്. ഒരു സ്വാഅ് എന്ന് പറഞ്ഞാല്‍ 2 കിലോ 40 ഗ്രാം ഗോതമ്പ് കൊള്ളുന്ന പാത്രമാണ്. അതുകൊണ്ട് രണ്ട്, രണ്ടേക്കാല്‍ കിലോയാണ് നല്‍കേണ്ട വിഹിതം. അത് പണമായല്ല മറിച്ച്  ഭക്ഷണ പദാര്‍ത്ഥമായിത്തന്നെന ല്‍കേണ്ടതുണ്ട്.

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ، عَلَى الْعَبْدِ وَالْحُرِّ وَالذَّكَرِ وَالْأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ،  وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ .

ഇബ്നു ഉമര്‍ (റ) നിവേദനം: "ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി എന്നിങ്ങനെ അടിമയുടെ മേലും, സ്വതന്ത്രന്‍റെ മേലും, പുരുഷന്‍റെ മേലും സ്ത്രീയുടെ മേലും, കുട്ടികളുടെ മേലും മുതിര്‍ന്നവരുടെ മേലും റസൂല്‍ (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കി. അത് ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന് വേണ്ടി പോകുന്നതിന് മുന്‍പായിത്തന്നെ നല്‍കാന്‍ അദ്ദേഹം കല്പിക്കുകയും ചെയ്തു". - [متفق عليه]. 

തനിക്കും താന്‍ ചിലവിന് കൊടുക്കാന്‍ കടപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ കഴിച്ച് ബാക്കി ഭക്ഷ്യവസ്തുക്കളോ, ഭക്ഷ്യവസ്തു വാങ്ങിക്കാനുള്ള പണമോ കൈവശമുള്ള ഓരോരുത്തര്‍ക്കും സകാത്ത് ബാധകമാണ് എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ സകാത്തുല്‍ ഫിത്വറിന്‍റെ അവകാശികളായ ആളുകള്‍ക്കും അവരുടെ കൈവശം പെരുന്നാള്‍ ദിനത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ മിച്ചമുണ്ട് എങ്കില്‍ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്‌. അവര്‍ സകാത്തുല്‍ ഫിത്വര്‍ ലഭിക്കുവാന്‍ അര്‍ഹപ്പെട്ടവരാണ് എന്നതിനാല്‍ അവരുടെ മേലുള്ള ബാധ്യത ഇല്ലാതാവുന്നില്ല. എല്ലാ മുസ്‌ലിമീങ്ങള്‍ക്കും അത് ബാധകമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : كُنَّا نُعْطِيهَا فِي زَمَانِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَاعًا مِنْ طَعَامٍ ، أَوْ صَاعًا مِنْ تَمْرٍ ، أَوْ صَاعًا مِنْ شَعِيرٍ ، أَوْ صَاعًا مِنْ زَبِيبٍ أو صاعا من أقط.

 അബൂസഈദ് അല്‍ ഖുദരി (റ) നിവേദനം: "നബി (സ) യുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണം, അല്ലെങ്കില്‍ ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി, അല്ലെങ്കില്‍ ഒരു സ്വാഅ് പനീര്‍ എന്നിങ്ങനെയായിരുന്നു സകാത്തുല്‍ ഫിത്വര്‍ നല്‍കിയിരുന്നത്." - [متفق عليه].

അതത് നാട്ടിലെ അടിസ്ഥാന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫിത്വര്‍ സകാത്തായി നല്‍കാവുന്നതാണ്. അന്ന് അറേബ്യയില്‍ നിലവിലുണ്ടായിരുന്ന അടിസ്ഥാനഭക്ഷണങ്ങളാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് എന്നര്‍ത്ഥം.

ഇത് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി നല്‍കിയിരിക്കണം. എങ്കില്‍ മാത്രമേ സകാത്തുല്‍ ഫിത്വര്‍ ആയി പരിഗണിക്കപ്പെടുകയുള്ളൂ. അല്ലാത്തപക്ഷം അതൊരു സ്വദഖ മാത്രമായിരിക്കും:

عن ابن عباس رضي الله عنهما قَالَ : فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ ، وَطُعْمَةً لِلْمَسَاكِينِ ، مَنْ أَدَّاهَا قَبْلَ الصَّلاةِ فَهِيَ زَكَاةٌ مَقْبُولَةٌ ، وَمَنْ أَدَّاهَا بَعْدَ الصَّلاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ .

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നോമ്പുകാരന് തന്‍റെ വീഴ്ചകളില്‍ നിന്നും പാപങ്ങളില്‍ നിന്നുമുള്ള വിശുദ്ധിയെന്നോണവും, പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുക എന്ന നിലക്കുമാണ് നബി (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത്. അത് ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുന്നുവെങ്കില്‍ അത് സ്വീകാര്യമായ സകാത്തായി പരിഗണിക്കപ്പെടും. എന്നാല്‍ ഒരാള്‍ നമസ്കാര ശേഷമാണ് അത്  നിര്‍വഹിക്കുന്നത് എങ്കില്‍ അതേ കേവലം ദാനധര്‍മ്മങ്ങളില്‍ ഒരു ദാനധര്‍മ്മം മാത്രമായിരിക്കും". - [അബൂദാവൂദ്: 1609. അല്‍ബാനി: ഹദീസ് ഹസന്‍]. 

മേല്‍പറഞ്ഞ ഹദീസില്‍ സകാത്തുല്‍ ഫിത്വറിന്‍റെ യുക്തിയെ സംബന്ധിച്ചും അതുപോലെ അത് നല്‍കേണ്ട സമയത്തെ സംബന്ധിച്ചും സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അത് നിര്‍വഹിചിരിക്കണം. റമദാനിന്‍റെ അവസാനിക്കുന്നതോടെയാണ് അത് നല്‍കുന്നത്. എന്നാല്‍ സൗകര്യത്തിന് വേണ്ടി റമദാന്‍ അവസാനിക്കുന്നതിന് ഒന്ന് രണ്ട് ദിവസങ്ങള്‍ മുന്‍പ് തന്നെ അത് നല്‍കിയാല്‍ തെറ്റില്ല. ഇബ്നു ഉമര്‍ (റ) വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടതായിക്കാണാം: 

وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا يُعْطِيهَا الَّذِينَ يَقْبَلُونَهَا وَكَانُوا يُعْطُونَ قَبْلَ الْفِطْرِ بِيَوْمٍ أَوْ يَوْمَيْنِ .

"ഇബ്നു ഉമര്‍ (റ) അത്തിന്‍റെ സ്വീകര്‍ത്താക്കള്‍ക്ക് അത് നല്‍കാറുണ്ടായിരുന്നു. ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍പ് അവര്‍ അപ്രകാരം നല്‍കാറുണ്ടായിരുന്നു". - [ബുഖാരി: 1511].

റമദാന്‍ മാസത്തിന്‍റെ ആരംഭത്തില്‍ത്തന്നെ അത് നല്‍കാം എന്നതാണ് ഹനഫീ മദ്ഹബിലെയും ശാഫിഈ മദ്ഹബിലെയും  അഭിപ്രായമെങ്കില്‍ക്കൂടി, നേരത്തെ സൂചിപ്പിച്ചത് പോലെ ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് അവകാശികള്‍ക്കത് വിതരണം ചെയ്യുക എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം അതിന് ഇബ്നു ഉമര്‍ (റ) വിന്‍റെ അസറിന്‍റെ പിന്‍ബലമുണ്ട്. മാലിക്കീ മദ്ഹബിലെയും ഹമ്പലീ മദ്ഹബിലെയും അഭിപ്രായവും അതാണ്‌. ശൈഖ് ഇബ്നു ബാസ് (റ) യും ആ അഭിപ്രായമാണ് പ്രബലമായി സ്വീകരിച്ചിട്ടുള്ളത്‌. മാത്രമല്ല ഈദുല്‍ ഫിത്വറിനോട്‌ അനുബന്ധിച്ചാണല്ലോ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കപ്പെട്ടത്. അതുകൊണ്ട് അതിനോടടുത്തായിരിക്കണം വിതരണം നടക്കേണ്ടത് എന്ന അഭിപ്രായം കൂടുതല്‍ ബലപ്പെടുകയും ചെയ്യുന്നു. 

അതുപോലെ ഗര്‍ഭസ്ഥ ശിശുവിന് ഫിത്വര്‍ സകാത്ത് ബാധകമാണോ ?. എന്ന് പലരും ചോദിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് സകാത്തുല്‍ ഫിത്വര്‍ നല്‍കല്‍ നിര്‍ബന്ധമല്ല. റമദാനിലെ അവസാന ദിനം സൂര്യന്‍ അസ്ഥമിക്കുന്നതിന് മുന്‍പ് ജനിക്കുന്നവര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധം എന്നാണ് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒരാള്‍ നല്‍കുന്നുവെങ്കില്‍ അത് പുണ്യകരമാണ്. ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം:

ചോദ്യം: മാതാവിന്‍റെ ഗര്‍ഭത്തിലുള്ള കുഞ്ഞിന് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടതുണ്ടോ ?. 

മറുപടി: "ഉസ്മാനു ബ്നു അഫ്ഫാന്‍ (റ) അപ്രകാരം ചെയ്തതിനാല്‍ അത് പുണ്യകരമാണ്. എന്നാല്‍ നിര്‍ബന്ധമല്ല. കാരണം നിര്‍ബന്ധമാണ്‌ എന്നതിന് തെളിവില്ല". - [ഫതാവ ലജ്നദ്ദാഇമ: http://www.alifta.net/fatawa/].

നാട്ടിലെ അടിസ്ഥാനഭക്ഷണമായ എന്തും സകാത്തുല്‍ ഫിത്വര്‍ ആയി നല്‍കാം. അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആയതിനാല്‍ എത്രത്തോളം നല്ല ഇനം നല്‍കാന്‍ സാധിക്കുമോ അത് നല്‍കുക. ഏറ്റവും ചുരുങ്ങിയത് മോശമായ ഇനം തിരഞ്ഞെടുക്കാതെ മിതമായ രൂപത്തിലുള്ള ഇനം നല്‍കണം. അത് ദാനധര്‍മ്മങ്ങളില്‍ പാലിക്കേണ്ട ഒരു പൊതു തത്വമാണ്. ഇനി ഒരാളെക്കൊണ്ട് താഴ്ന്ന ഇനം നല്‍കാനേ സാധിക്കുകയുള്ളൂ എങ്കില്‍ അയാള്‍ക്ക് അത് മതിയാകുന്നതുമാണ്. കൂടുതല്‍ നല്‍കാന്‍ സാധിക്കുന്നവര്‍ അപ്രകാരം ചെയ്യാന്‍ പരിശ്രമിക്കുക. പെരുന്നാളിന് ആളുകള്‍ സാധാരണ  കഴിക്കും വിധമുള്ള ഭക്ഷണ സാമഗ്രികള്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ വളരെ നല്ലത്. സ്വാഭാവികമായും ആ ദിനത്തില്‍ നെയ്ച്ചോറോ ബിരിയാണിയോ ഒക്കെ വെക്കാനുള്ള അരിയോ, ഇറച്ചിയോ ഒക്കെ കിട്ടിയാല്‍ തീര്‍ച്ചയായും പാവപ്പെട്ടവര്‍ക്ക് അതൊരു സഹായമാകും. അതുതന്നെ നല്‍കല്‍ നിര്‍ബന്ധമാണ്‌ എന്നോ, സാധാരണ അരി നല്‍കിയാല്‍ സകാത്തുല്‍ ഫിത്വര്‍ വീടില്ല എന്നോ പറയാന്‍ സാധിക്കില്ലെങ്കിലും, ഒരാള്‍ക്ക് അപ്രകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം പെരുന്നാള്‍ ദിവസം മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണല്ലോ സകാത്തുല്‍ ഫിത്വറിന്‍റെ ഏറ്റവും വലിയ ഉദ്ദേശം. ചില റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം:

كان رسول الله صلى الله عليه و سلم يقسمها قبل أن ينصرف إلى المصلى ويقول : أغنوهم عن الطواف في هذا اليوم

"നബി (സ) മുസ്വല്ലയിലേക്ക് പോകുന്നതിന് മുന്‍പായി അത് അവകാശികള്‍ക്ക് വീതം വെച്ച് നല്‍കുകയും, 'ഈ ദിവസത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ യാചിക്കുന്നതില്‍ നിന്നും അവരെ നിങ്ങള്‍ കരകയറ്റുക' എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു". - [മുവത്വ: വോ: 2 പേജ്: 150]. 

പെരുന്നാള്‍ ദിനത്തില്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്ഥമായ ഭക്ഷണം ഉണ്ടാക്കാനാണല്ലോ നാമേവരും ഇഷ്ടപ്പെടുന്നത്. പാവപ്പെട്ടവരും അപ്രകാരം തന്നെ. അതുകൊണ്ട് അന്നത്തെ ദിവസം പാകം ചെയ്യാന്‍ പറ്റിയ ഇനം ഭക്ഷണ സാമഗ്രികളായിരിക്കും അവര്‍ കൂടുതലും ആഗ്രഹിക്കുന്നത്. അതിനാല്‍ അത് നല്‍കുന്നതാണ് ഉചിതം. വില അല്പം കൂടുതല്‍ ആയതിനാല്‍ സാധാരണക്കാര്‍ക്ക് ഒരുപക്ഷേ സാധിച്ചില്ല എന്ന് വരാം. എങ്കിലും സാധിക്കുന്നവര്‍ക്ക് അപ്രകാരം ചെയ്യാമല്ലോ. ആ കര്‍മ്മം നിറവേറ്റുന്നതോടൊപ്പം കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാം. പാവപ്പെട്ടവര്‍ക്ക് ഈ സുദിനത്തില്‍ കൂടുതല്‍ സന്തോഷം പകരുകയും ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.. ഞാനിപ്രകാരം പറയാന്‍ കാരണം ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു ഷോപ്പില്‍ വെച്ച് ഒരു പാവപ്പെട്ട സഹോദരന്‍ തന്‍റെ സുഹൃത്തിനോട് നടത്തുന്ന സംഭാഷണം കേള്‍ക്കാന്‍ ഇടയായി. 'കഴിഞ്ഞ തവണ കുറച്ച് നെയ്ച്ചോറിന്‍റെ അരി കിട്ടിയത് കൊണ്ട് മക്കള്‍ക്ക് പെരുന്നാള്‍ കൂടാനായി, ഇപ്രാവശ്യം എവിടുന്നെങ്കിലും കിട്ടുമോന്നറിയില്ല'. ഈ സംഭാഷണം ഒരു നേര്‍ക്കാഴ്ചയാണ്. ഒരുപാട് കടങ്ങളും, ചികിത്സാഭാരങ്ങളും ഒക്കെയുള്ളവരാണെങ്കില്‍, സാധാരണ കൂലിത്തൊഴിലാലികള്‍ക്ക് ഒരുപക്ഷെ ചില സന്ദര്‍ഭങ്ങളില്‍ കയ്യില്‍ നയാപൈസ കാണില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പെരുന്നാളിനുള്ള വിഭവങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അതവര്‍ക്കൊരു സഹായമാകും. അതുകൊണ്ട് നമുക്ക് സാധിക്കുമെങ്കില്‍ അപ്രകാരം നല്‍കുന്നതാണ് ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല.

ഇനി അതിന്‍റെ അവകാശികള്‍ ആര് എന്നതാണ് മറ്റൊരു വിഷയം: ഫുഖറാക്കളും, മസാകീനുകളുമാണ് അതിന്‍റെ അവകാശികള്‍. ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: "അതിന്‍റെ അവകാശികള്‍ ഫുഖറാക്കളും മസാകീനുകളുമാണ്. കാരണം ഇബ്നു അബ്ബാസ് (റ) വില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍: നോമ്പുകാരന് തെറ്റുകുറ്റങ്ങളും വീഴ്ചകളും പൊറുക്കപ്പെടാനും, അതുപോലെ (طعمة للمساكين) മിസ്കീനുകള്‍ക്ക് അഥവാ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണമായും ആണ് നബി (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത് എന്ന് കാണാം" - [മജ്മൂഉ ഫതാവ: 14/202].  അതുകൊണ്ട് ധനികരായവര്‍ക്കോ, സ്വന്തം വരുമാനം തന്‍റെ ചിലവുകള്‍ക്ക് തികയുന്നവര്‍ക്കോ അതില്‍ അവകാശമില്ല. എന്നാല്‍ തങ്ങളുടെ വരുമാനം തങ്ങളുടെ അടിസ്ഥാന ചിലവിന് തികയാത്ത ആളുകള്‍ അതിന്‍റെ അവകാശികളാണ്. അവര്‍ക്കാണ് ഫഖീര്‍, അല്ലെങ്കില്‍ മിസ്കീന്‍ എന്ന് പറയുന്നത്.  അല്ലാഹു നമ്മുടെ കര്‍മ്മങ്ങള്‍ സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ ... അല്ലാഹു അനുഗ്രഹിക്കട്ടെ... 

അനുബന്ധ ലേഖനം: ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.