Tuesday, July 12, 2016

ഞങ്ങള്‍ സ്വാഹാബത്തിനെ കാഫിറാക്കിയില്ലല്ലോ ?!, ഞങ്ങള്‍ വന്‍പാപികള്‍ കാഫിറുകള്‍ ആണ് എന്ന് പറയുന്നില്ലല്ലോ ?!. പിന്നെ ഞങ്ങള്‍ എങ്ങനെ ഖവാരിജുകളാകും. - ദാഇശിന്‍റെ കുപ്രചരണത്തിന് മറുപടി.



 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

അറിവും വിവേകവും ഇല്ലാതെ ISIS പോലുള്ള ഇസ്‌ലാം വിരുദ്ധ ശക്തികളില്‍ ആകൃഷ്ടരാകുന്ന യുവാക്കള്‍ ഉന്നയിക്കാറുള്ള സംശയങ്ങളും അതിനുള്ള മറുപടികളുമാണ് ഈ ലേഖനത്തില്‍ കൈകാര്യം ചെയ്യുന്നത്. 

www.fiqhussunna.com

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ), ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ് ബ്ന്‍ അബ്ദുല്‍ വഹാബ് (റ) തുടങ്ങിയ ഇസ്‌ലാമിക ലോകത്ത് അറിയപ്പെട്ട സലഫീ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നും ഖവാരിജുകളുടെ അഖീദയും വിശ്വാസവും വിവരിക്കുന്ന ഭാഗങ്ങള്‍ എടുത്ത് ഇത്തരം വിശ്വാസങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ക്ക് ഇല്ലല്ലോ, അതുകൊണ്ടുതന്നെ ഞങ്ങള്‍ ഖവാരിജുകളല്ല  എന്ന് വാദിക്കുകയാണ് ദാഇശ് അഥവാ ISIS ചെയ്യുന്നത്.


ഉദാ: ഞങ്ങളാരും സ്വഹാബത്തിനെ കാഫിറാക്കിയിട്ടില്ലല്ലോ. ഖവാരിജുകള്‍ അലി (റ) വിനെയും, മുആവിയ (റ) വിനെയും, അംറു ബ്നുല്‍ ആസ്വിനെയും (റ), അബൂ മൂസ അല്‍അശ്അരി (റ) വിനെയും കാഫിറാക്കിയില്ലേ ?. ഞങ്ങളാരും വന്‍പാപം ചെയ്തവര്‍ കാഫിറാണ് എന്ന് പറയുന്നില്ലല്ലോ, എന്നാല്‍ ഖവാരിജുകള്‍ അപ്രകാരം പറയുന്നവര്‍ അല്ലേ ?. ഞങ്ങളുടെ നേതാവ് അബൂബക്കര്‍ ബഗ്ദാദി വന്‍പാപം ചെയ്യുന്നവര്‍ കാഫിറാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ ?. തങ്ങള്‍ ഖവാരിജുകള്‍ അല്ല എന്ന് സ്ഥാപിക്കാന്‍ ഐസിസുകാര്‍ പറയുന്ന വാദമാണ് ഇത്. 


മറുപടി: ഒരാള്‍ ഖവാരിജ് ആകാന്‍ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അവരില്‍ സംഗമിക്കണം എന്നില്ല. ആദ്യകാലത്ത് പുറത്ത് വന്ന ഖവാരിജീ സംഘത്തിന് ഇത്തരം വാദങ്ങള്‍ ഉണ്ടായിരുന്നു എന്ന് മാത്രം. എന്നാല്‍ നബി (സ) യെ ചോദ്യം ചെയ്യുകയും, 'മുഹമ്മദ്‌ നീ നീതി പാലിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക' എന്ന് പറഞ്ഞ ആ ആള്‍ ഒരു സ്വഹാബിയെയും കാഫിറാക്കിയ വ്യക്തി ആയിരുന്നില്ല. അയാള്‍ വന്‍പാപം ചെയ്തവര്‍ കാഫിറാണ് എന്ന് വാദിച്ചവനല്ല. പക്ഷെ അവന്‍റെ മുതുകില്‍ നിന്ന് പിന്‍കാലത്ത് ഖവാരിജുകള്‍ കടന്നു വരും എന്നാണ് നബി (സ) പഠിപ്പിച്ചത്: 

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ: بَعَثَ عَلِيٌّ وَهُوَ بِالْيَمَنِ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِذُهَيْبَةٍ فِي تُرْبَتِهَا، فَقَسَمَهَا بَيْنَ الْأَقْرَعِ بْنِ حَابِسٍ الْحَنْظَلِيِّ ثُمَّ أَحَدِ بَنِي مُجَاشِعٍ وَبَيْنَ عُيَيْنَةَ بْنِ بَدْرٍ الْفَزَارِيِّ وَبَيْنَ عَلْقَمَةَ بْنِ عُلَاثَةَ الْعَامِرِيِّ ثُمَّ أَحَدِ بَنِي كِلَابٍ وَبَيْنَ زَيْدِ الْخَيْلِ الطَّائِيِّ ثُمَّ أَحَدِ بَنِي نَبْهَانَ، فَتَغَيَّظَتْ قُرَيْشٌ وَالْأَنْصَارُ، فَقَالُوا: يُعْطِيهِ صَنَادِيدَ أَهْلِ نَجْدٍ وَيَدَعُنَا، قَالَ: إِنَّمَا أَتَأَلَّفُهُمْ، فَأَقْبَلَ رَجُلٌ غَائِرُ الْعَيْنَيْنِ نَاتِئُ الْجَبِينِ كَثُّ اللِّحْيَةِ مُشْرِفُ الْوَجْنَتَيْنِ مَحْلُوقُ الرَّأْسِ، فَقَالَ: يَا مُحَمَّدُ اتَّقِ اللَّهَ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: فَمَنْ يُطِيعُ اللَّهَ إِذَا عَصَيْتُهُ، فَيَأْمَنُنِي عَلَى أَهْلِ الْأَرْضِ وَلَا تَأْمَنُونِي، فَسَأَلَ رَجُلٌ مِنْ الْقَوْمِ قَتْلَهُ أُرَاهُ خَالِدَ بْنَ الْوَلِيدِ فَمَنَعَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَلَمَّا وَلَّى قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِنَّ مِنْ ضِئْضِئِ هَذَا قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ حَنَاجِرَهُمْ، يَمْرُقُونَ مِنْ الْإِسْلَامِ مُرُوقَ السَّهْمِ مِنْ الرَّمِيَّةِ، يَقْتُلُونَ أَهْلَ الْإِسْلَامِ وَيَدَعُونَ أَهْلَ الْأَوْثَانِ، لَئِنْ أَدْرَكْتُهُمْ لَأَقْتُلَنَّهُمْ قَتْلَ عَادٍ "

അബൂ സഈദ് അല്‍ ഖുദരി (റ) നിവേദനം: അലി (റ) യമനിലായിരിക്കെ നബി (സ) ക്ക് കുറച്ച് സ്വര്‍ണ്ണം കൊടുത്തയച്ചു. അതദ്ദേഹം അഖ്റഅ് ബ്ന്‍ ഹാബിസ് അല്‍ ഹന്‍ളലി, അതുപോലെ ബനൂ മുജാശിഅ് ഗോത്രത്തിലെ ഒരാള്‍, ഉയൈനത് ബ്ന്‍ ബദ്ര്‍ അല്‍ഫസാരി, അല്‍ഖമ ബ്ന്‍ ഉലാസ അല്‍ആമിരിയ്യ്, ബനൂ കിലാബ് ഗോത്രത്തില്‍പ്പെട്ട ഒരാള്‍, സൈദ്‌ ബ്ന്‍ ഖൈല്‍ അത്ത്വാഇ, ബനൂ നബ്ഹാന്‍ ഗോത്രത്തില്‍പ്പെട്ട ഒരാള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വീതിച്ചു നല്‍കി. ഖുറൈശികളിലും അന്‍സാരികളിലും പെട്ട പ്രമുഖര്‍ അതില്‍ അസന്തുഷ്ടത പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു: അദ്ദേഹം നമ്മളെ ഒഴിവാക്കുകയും നജ്ദിലെ നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു. (അപ്പോള്‍ നബി (സ) അതിന്‍റെ കാരണം വിശദീകരിച്ചു). അദ്ദേഹം പറഞ്ഞു: അവരെ കൂടുതല്‍ ഇസ്‌ലാമിലേക്ക് ഇണക്കുവാന്‍ വേണ്ടിയാണ് താന്‍ അപ്രകാരം ചെയ്തത്. (ഇതോടെ അവര്‍ സംതൃപ്തരായി). എന്നാല്‍ കുഴിഞ്ഞു നില്‍ക്കുന്ന കണ്ണുകളും, ഉയര്‍ന്നു നില്‍ക്കുന്ന നെറ്റിയും, ഇടതൂര്‍ന്ന താടിയും, തുറിച്ച് നില്‍ക്കുന്ന കവിളെല്ലുകളും, മുടി മുണ്ഡനം ചെയ്തവനുമായ ഒരാള്‍ കടന്നുവന്നുകൊണ്ട് പറഞ്ഞു: 'അല്ലയോ മുഹമ്മദ്‌, നീ അല്ലാഹുവിനെ സൂക്ഷിക്കുക'. അപ്പോള്‍ നബി (സ) പറഞ്ഞു: ഞാന്‍ പോലും അല്ലാഹുവിനെ ധിക്കരിക്കുകയാണ് എങ്കില്‍ പിന്നെ ആരാണ് അല്ലാഹുവിനെ അനുസരിക്കുക ?!. ഭൂമിയിലുള്ള ആളുകള്‍ക്ക് (നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുന്ന)  കാര്യത്തില്‍ അല്ലാഹു എന്നെ വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ക്കെന്നെ വിശ്വാസമില്ലേ ?. അപ്പോള്‍ അവിടെയുണ്ടായിരുന്ന  ആളുകളില്‍ ഒരാള്‍ അയാളെ വധിക്കാന്‍ നബി (സ) യോട് അനുവാദം തേടി. ഖാലിദ്ബ്ന്‍ വലീദ് ആണ് അപ്രകാരം അനുവാദം ചോദിച്ചത്. പക്ഷെ നബി (സ) അദ്ദേഹത്തെ വിലക്കി. അങ്ങനെ അയാള്‍ പിന്തിരിഞ്ഞു പോയപ്പോള്‍ നബി (സ) പറഞ്ഞു: ഇയാളുടെ പാരമ്പര്യത്തില്‍ പിന്‍കാലത്ത് ചില ആളുകള്‍ വരും. അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) ഇറങ്ങുകയില്ല. ഇരയില്‍ അമ്പ് തറച്ച് പുറത്ത് പോകുന്നത് പോലെ അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകും. അവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും. ഞാന്‍ അവരെ കണ്ടുമുട്ടുന്ന പക്ഷം ആദ് സമുദായം കൊല്ലപ്പെട്ട പോലെ ഞാന്‍ അവരെ കൊന്നൊടുക്കും." - [സ്വഹീഹുല്‍ ബുഖാരി:  7432].

അതുകൊണ്ടുതന്നെ ഖവാരിജുകളുടെ മാനദണ്ഡം അവര്‍ വന്‍പാപികളെ കാഫിറാക്കും എന്നതോ, സ്വഹാബത്തിനെ കാഫിറാക്കും എന്നതോ അല്ല. മുകളിലെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് പോലെ അതൊന്നും ഇല്ലാത്ത ഖവാരിജുകളെയും നമുക്ക് കാണാം.

അവര്‍ മുസ്‌ലിം ഉമ്മത്തിന് നേരെ വാളോങ്ങും. അവര്‍ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരെ വിപ്ലവം നടത്തും. മുസ്‌ലിം ഭരണകര്‍ത്താക്കളെ   തക്ഫീര്‍ ചെയ്യും. ഭരണകര്‍ത്താക്കളെ അംഗീകരിക്കുന്ന മുസ്‌ലിം ഉമ്മത്തിനെ തക്ഫീര്‍ ചെയ്യും. ഇവയെല്ലാം ISIS ഖവാരിജുകള്‍ ആണ് എന്നതിനുള്ള തെളിവാണ്.  മദീനയില്‍ നാഇര്‍ മുസല്ലം അന്നുജൈദി എന്ന് പറയുന്ന ISIS സംഘാംഗമാണ് ചാവേര്‍ ആക്രമണം നടത്തിയത്. സത്യത്തില്‍ മസ്ജിദുന്നബവിയില്‍ പ്രവേശിച്ച് റമദാനിന്‍റെ അവസാനത്തെ പത്തില്‍ ഇബാദത്തില്‍ മുഴുകിയ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുക ആയിരുന്നുവല്ലോ അവന്‍റെ ലക്ഷ്യം. അല്ലാഹുവിന്‍റെ കാരുണ്യം കൊണ്ടും, പിന്നെ പോലീസുകാര്‍ നടത്തിയ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടും വലിയൊരപകടം ഒഴിവായി. ഇങ്ങനെ ഇന്നേ വരെ എത്ര പള്ളികളില്‍ ISIS സ്ഫോടനം നടത്തി. ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഭരണാധികാരികളെ ISIS കാഫിറായിക്കാണുന്നു. ഇതൊക്കെ ഖവാരിജിയത്ത് തന്നെയാണ്.


ഇനി കാഫിറായി കണ്ടില്ലെങ്കില്‍ പോലും അവര്‍ക്കെതിരെ വിപ്ലവം സൃഷ്ടിച്ച്  രക്തച്ചൊരിച്ചില്‍ ഉണ്ടാക്കിയാല്‍ത്തന്നെ അത് ഖവാരിജിയത്തായി. അല്ലാഹുവിന്‍റെ റസൂല്‍ നിങ്ങളെക്കുറിച്ച് പ്രയോഗിച്ച ഒരു വാക്കുണ്ട്: "അവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും" ഇതല്ലേ വാസ്ഥവം. ഇന്ന് ലോകത്ത് തൗഹീദിന്‍റെ വക്താക്കളായ, സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്‍പറ്റുന്ന സലഫികള്‍ ഭരിക്കുന്ന സൗദി അറേബ്യ, അവരുടെ ഭരണഘടന വിശുദ്ധഖുര്‍ആനാണ്, അവിടത്തെ നിയമം ശരീഅത്താണ് എന്നിട്ടും അവരുടെ രക്തം നിങ്ങള്‍ക്ക്  ഹലാലാണ്. അവിടത്തെ ജനം നിങ്ങള്‍ക്ക് കാഫിറുകളാണ്.  അവിടെ നിങ്ങള്‍ക്ക് സ്ഫോടനം നടത്താം. സമാധാനത്തോടെ ജീവിക്കുന്ന പാവപ്പെട്ട മുസ്‌ലിമീങ്ങളെ കൊന്നൊടുക്കാം. നിങ്ങള്‍ ഖവാരിജുകള്‍ ആണ് എന്നതിന് ഇതിലുമപ്പുറം എന്ത് തെളിവ് വേണം. ചരിത്രത്തിലെ ഖവാരിജുകളുടെ ചെയ്തിയും നിങ്ങളുടെ ചെയ്തിയും ഒന്ന് തട്ടിച്ച് നോക്കിയാല്‍ മതി.  തത് വിഷയത്തില്‍ ഈയുള്ളവന്‍ നേരത്തെ എഴുതിയിട്ടുള്ള ലേഖനം വായിക്കാവുന്നതാണ് : http://www.fiqhussunna.com/2016/07/blog-post_9.html . അതുകൊണ്ട് നിങ്ങള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.

ഖവാരിജുകളുടെ ഇന്നയിന്ന വിശ്വാസങ്ങള്‍ തങ്ങള്‍ക്കില്ലല്ലോ എന്ന വാദം ISIS, അല്‍ഖാഇദ തുടങ്ങിയവര്‍ ഖവാരിജുകള്‍ അല്ല എന്നതിന് തെളിവല്ല. തൗഹീദ് ഉള്ള മുസ്‌ലിം ഉമ്മത്തിനും ഭരണാധികാരിക്കും എതിരെ വാളോങ്ങുക എന്നതും, മുസ്‌ലിമീങ്ങളുമായി പരസ്പരധാരണയോടെ നല്ലനിലക്ക് കഴിയുന്ന നിരപരാധികളായ ഇതരമത വിശ്വാസികളെ കൊന്നൊടുക്കുക എന്നതും ഖവാരിജിയാത്താണ്.  ഖവാരിജുകളെപ്പറ്റി അവരുടെ തെളിവായി അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചത് അവര്‍ മുസ്‌ലിം ഉമ്മത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് പോകുമെന്നതും മുസ്‌ലിം ഉമ്മത്തിന് നേരെയും അവരുടെ ഭരണകര്‍ത്താക്കള്‍ക്ക്‌ നേരെയും വാളോങ്ങും എന്നതുമാണ്. അതോടൊപ്പം തക്ഫീറും കൂടി സംഘമിക്കുമ്പോള്‍ നിങ്ങള്‍ പരിപൂര്‍ണരായ ഖവാരിജുകളായിത്തീരുന്നു.


ഭരണാധികാരിയോട് അവമതിപ്പ്‌ ഉണ്ടാകുമ്പോഴേക്ക് അവര്‍ക്കെതിരെ വിപ്ലവവും സായുധ സമരവും നടത്തുക എന്നത് അഹ്ലുസ്സുന്നയുടെ രീതിയല്ല. അത് ഖവരിജുകളുടെ രീതിയാണ്. ഹദീസില്‍ ഇപ്രകാരം കാണാം:

عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- عَلَيْكَ السَّمْعَ وَالطَّاعَةَ فِى عُسْرِكَ وَيُسْرِكَ وَمَنْشَطِكَ وَمَكْرَهِكَ وَأَثَرَةٍ عَلَيْكَ.

അബൂഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " നിന്‍റെ പ്രയാസത്തിലും എളുപ്പത്തിലും, നിനക്ക് ഉത്സാഹം തോന്നുന്ന കാര്യങ്ങളിലും നിനക്ക് വെറുപ്പുളവാക്കുന്ന കാര്യങ്ങളിലും, നിന്‍റെ മേല്‍ സ്വാര്‍ത്ഥത അടിച്ചേല്‍പിക്കുമ്പോഴും  നീ നിന്‍റെ ഭരണാധികാരിയെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക." - [സ്വഹീഹ് മുസ്‌ലിം:  4860].

സ്വാര്‍ത്ഥത എന്നാല്‍ തന്‍റെ കാര്യങ്ങള്‍ മാത്രം പരിഗണിക്കുകയും മറ്റുള്ളവന്‍റെ കാര്യങ്ങള്‍ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന, എല്ലാം തന്‍റെ നേട്ടത്തിനായി മാത്രം ചിന്തിക്കുന്ന പ്രവണതയാണ്. അത്തരം ഒരു ഭരണാധികാരി വന്നാല്‍പ്പോലും നിങ്ങള്‍ അയാള്‍ക്കെതിരെ വാളെടുത്ത് സായുധ സമരം നടത്തരുത് എന്നാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്‌. 
അതുപോലെ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു: 

عن أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ يَقُولُ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِلْأَنْصَارِ: إِنَّكُمْ سَتَلْقَوْنَ بَعْدِي أَثَرَةً فَاصْبِرُوا حَتَّى تَلْقَوْنِي وَمَوْعِدُكُمْ الْحَوْضُ

അനസ് ബ്ന്‍ മാലിക്ക് (റ) പറയുന്നു: നബി (സ) അന്‍സാരികളോട് ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ എനിക്ക് ശേഷം സ്വാര്‍ത്ഥന്മാരായ ഭരണകര്‍ത്താക്കളെ കണ്ടുമുട്ടും. എന്നാല്‍ (പാരത്രിക ജീവിതത്തില്‍) ഹൗളിന്‍റെ അരികില്‍ വച്ച് എന്നെ കണ്ടുമുട്ടുന്നത് വരെ   നിങ്ങള്‍ ക്ഷമിക്കുക. നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട സമയം ഹൗളിനരികിലാകുന്നു." - സ്വഹീഹുല്‍ ബുഖാരി: 3793, സ്വഹീഹ് മുസ്‌ലിം: 4885]. 

മറ്റൊരു ഹദീസില്‍ കാണാം: 


عن ابْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ عَلَيْهِ فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا فَمَاتَ إِلَّا مَاتَ مِيتَةً جَاهِلِيَّةً

ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: "തന്‍റെ ഭരണാധികാരിയില്‍ നിന്നും താന്‍ വെറുക്കുന്ന വല്ലതും കാണാന്‍ ഇടയായാല്‍ അവന്‍ ആ വിഷയത്തില്‍ ക്ഷമിക്കട്ടെ. ആര് (ഭരണാധികാരിയും പൊതുജനങ്ങളും അടങ്ങുന്ന) ആ മുസ്‌ലിം സമൂഹത്തില്‍ നിന്നും ഒരു ചാണ്‍ വേറിട്ട്‌ നില്‍ക്കുന്നുവോ, അവനപ്രകാരം മരണപ്പെടുകയാണ് എങ്കില്‍  അവന്‍റെ മരണം ജാഹിലിയത്തിലെ മരണമാണ്." - [സ്വഹീഹുല്‍ ബുഖാരി: 7054, സ്വഹീഹ് മുസ്‌ലിം: 4896]. മറ്റൊരു റിപ്പോര്‍ട്ടില്‍ "അത്തരത്തില്‍ ഭരണാധികാരിക്കെതിരായി വേറിട്ട്‌ മരണമടയുന്നുവെങ്കില്‍ അവന്‍റെ മരണം ജാഹിലിയത്തിലെ മരണമാണ്" എന്ന് കാണാം.

ഇല്ല തീര്‍ന്നില്ല. നിങ്ങളുടെ ഭരണ കര്‍ത്താക്കള്‍ നിങ്ങളോട് അനീതി ചെയ്യുന്നവരും സ്വാര്‍ത്ഥന്മാരുമാണ് എങ്കില്‍പ്പോലും, നിങ്ങള്‍ ഭരണ കര്‍ത്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും നിങ്ങളുടെ അവകാശങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യുക. അതല്ലാതെ മുസ്‌ലിം ഉമ്മത്തിനിടയില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയല്ല വേണ്ടത് എന്നതാണ് നബി (സ) പഠിപ്പിച്ചത്: 

عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّهَا سَتَكُونُ بَعْدِى أَثَرَةٌ وَأُمُورٌ تُنْكِرُونَهَا ». قَالُوا يَا رَسُولَ اللَّهِ كَيْفَ تَأْمُرُ مَنْ أَدْرَكَ مِنَّا ذَلِكَ قَالَ « تُؤَدُّونَ الْحَقَّ الَّذِى عَلَيْكُمْ وَتَسْأَلُونَ اللَّهَ الَّذِى لَكُمْ ».

അബ്ദുല്ലാഹ് ബ്ന്‍ മസ്ഊദ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "എനിക്ക് ശേഷം വരുന്ന ഭരണാധികാരികളില്‍ നിങ്ങള്‍ നിഷിദ്ധമായിക്കാണുന്ന കാര്യങ്ങളും, സ്വാര്‍ത്ഥതയും ഉണ്ടായിരിക്കും. അപ്പോള്‍ സ്വഹാബാത്ത് ചോദിച്ചു: ഞങ്ങളില്‍ നിന്നും ആ കാലഘട്ടത്തില്‍ ജീവിക്കാനിടവരുന്നവരോട് അങ്ങേക്ക് കല്പിക്കാനുള്ളത് എന്താണ് ?. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ മേലുള്ള ബാധ്യതകള്‍ നിറവേറ്റുക. നിങ്ങള്‍ക്കുള്ളത് അല്ലാഹുവിനോട് നിങ്ങള്‍ ചോദിക്കുകയും ചെയ്യുക." - [ സ്വഹീഹ് മുസ്‌ലിം: 4881]. 

ഈ ഹദീസുകളെല്ലാം നിരാകരിച്ചുകൊണ്ടാണ്‌ അറബ് വസന്തവും സമകാലിക വിപ്ലവങ്ങളും ഉണ്ടായത്. അതുകൊണ്ടുതന്നെ മുസ്‌ലിം ഉമ്മത്ത്‌ ഇന്ന് ആ വിപത്തിന്‍റെ വില നല്‍കിക്കൊണ്ടിരിക്കുന്നു. അറബ് വസന്തം ഒന്നുപോലും തങ്ങളുദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഖവാരിജീ ആശയത്തെ കൂട്ടുപിടിച്ച ഒരു വിപ്ലവ പ്രസ്ഥാനത്തിനും സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച് ആയിരക്കണക്കിന് മുസ്‌ലിമീങ്ങളുടെ ജീവന്‍ ഹനിക്കാനും, കിടപ്പാടം നഷ്ടപ്പെടുത്താനും, ജീവിതോപാതികള്‍ തകര്‍ക്കാനുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായത്. 

അനിഷ്ടകരമായ കാര്യങ്ങളും, സ്വാര്‍ത്ഥതയും, നിഷിദ്ധമായ കാര്യങ്ങളും എല്ലാം അവരില്‍ നിന്ന് കണ്ടാലും നിങ്ങള്‍ ഒരു മുസ്‌ലിം ഭരണാധികാരിക്ക് നേരെ വാളെടുക്കരുത്, അക്രമം നടത്തരുത് എന്ന് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ചിട്ടും ISIS ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് എന്ത് ?. അവരില്‍ നിന്നും നിങ്ങള്‍ക്ക് സ്പഷ്ടമായ തെളിവുള്ള പ്രകടമായ കുഫ്ര്‍ കാണാതെ നിങ്ങള്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യരുത്. മറ്റൊരു റിപ്പോര്‍ട്ടില്‍ അവര്‍ നമസ്കാരം നിലനിര്‍ത്തുന്നവരായിരിക്കെ നിങ്ങള്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യരുത് എന്നെല്ലാം അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടും, ഭരണാധികാരികള്‍ക്കെതിരെ നിങ്ങള്‍ വിപ്ലവം അഴിച്ചുവിട്ടു എന്ന് മാത്രമല്ല, നിങ്ങള്‍ പള്ളയില്‍ നമസ്കരിക്കാന്‍ വരുന്ന സാധാരണക്കാരായ മുസ്‌ലിമീങ്ങളെ വരെ കൊന്നൊടുക്കി. അതുകൊണ്ടുതന്നെ മുസ്‌ലിം സമൂഹത്തില്‍ നിന്നും അവരുടെ ഭരണകര്‍ത്താക്കളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുകയും, ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന നിങ്ങള്‍ ഖവാരിജുകള്‍ ആണ് എന്ന് പ്രമാണങ്ങള്‍ സംസാരിക്കുന്നു. തീര്‍ച്ച നിങ്ങള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞത് പോലെ : 'നരകത്തിലെ നായകളാണ്'.'ആകാശത്തിന്‍റെ ചുവട്ടില്‍ ഉള്ള ജീവജാലങ്ങളില്‍ വച്ച് ഏറ്റവും നികൃഷ്ടരാണ്. മുസ്‌ലിം ലോകത്തെ അറിവ് കൊണ്ടും വിവേകം കൊണ്ടും അറിയപ്പെട്ട ഖുര്‍ആനും സുന്നത്തും മുറുകെപ്പിടിക്കുന്ന സലഫീ  ഉലമാക്കള്‍ ഒന്നടങ്കം നിങ്ങള്‍ക്കെതിരെ സംസാരിച്ചിരിക്കുന്നു. അവരുടെ പ്രസ്ഥാവനകള്‍ വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2016/07/isis.html

ഖവാരിജുകളില്‍ നിന്നും അവരുടെ ചെയ്തികളില്‍ നിന്നും അല്ലാഹു ഈ സമൂഹത്തെ രക്ഷിക്കുമാറാകട്ടെ ...