Saturday, July 9, 2016

മദീന സ്ഫോടനം - ഖവാരിജുകള്‍ ചരിത്രം ആവര്‍ത്തിക്കുന്നു.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഈദുല്‍ ഫിത്‌റിനെ വരവേല്‍ക്കാനിരുന്ന ആ സന്തോഷനിമിഷത്തിലാണ് മുസ്‌ലിം ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ വാര്‍ത്ത വന്നത്. മസ്ജിദുല്‍ ഹറാം കഴിഞ്ഞാല്‍ ഇസ്‌ലാമില്‍ ഏറ്റവുമധികം പ്രാധാന്യം കല്‍പിക്കപ്പെടുന്ന, പുണ്യം ഉദ്ദേശിച്ചുകൊണ്ട്‌ യാത്ര ചെയ്യല്‍ അനുവദനീയമായ മൂന്ന്‍ പള്ളികളില്‍ രണ്ടാമത്തേതായ മസ്ജിദുന്നബവിയില്‍ സ്ഫോടനം നടന്നിരിക്കുന്നു. സൗദി ആഭ്യന്തരമന്ത്രാലയം നല്‍കിയ വിശ്വസനീയമായ വാര്‍ത്തകള്‍ പ്രകാരം റമദാന്‍ 29ന് നോമ്പ് തുറക്കുന്ന സമയത്താണ് ഒരു ചാവേര്‍ മസ്ജിദുന്നബവിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് സ്ഫോടനം നടത്തിയത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വക്താവ് മന്‍സൂര്‍ അത്തുര്‍ക്കി നല്‍കുന്ന വിശദീകരണമനുസരിച്ച് തിങ്കളാഴ്ച ദിവസം നോമ്പ് തുറക്കാന്‍ സമയം മസ്ജിദുന്നബവിയില്‍   എത്തുന്ന സന്ദര്‍ശകര്‍ പാര്‍ക്കിംഗ് ആയി ഉപയോഗിക്കാറുള്ള തുറന്ന സ്ഥലത്തുകൂടി സംശയാസ്പദമായ നിലയില്‍ ഒരാള്‍ കടന്നുവരുന്നത് ഹറം സംരക്ഷണത്തിന്‍റെ പ്രത്യേക ചുമതലയുള്ള പോലീസ് സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അയാളെ തടഞ്ഞുനിര്‍‍ത്തി പോലീസ് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ സ്വയം പൊട്ടിത്തെറിക്കുകയും, അയാളും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് പോലീസുകാരും കൊല്ലപ്പെടുകയാണ് ഉണ്ടായത്. അഞ്ച് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ഒരുപക്ഷെ ഈ സംഭവത്തില്‍ നമുക്ക് അത്ഭുതവും ആശങ്കയും ഉണ്ടായേക്കാമെങ്കിലും ഖവാരിജുകളില്‍ നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്‍റെ തനിയാവര്‍ത്തണമാണ്. ISIS, അല്‍ഖാഇദ തുടങ്ങിയവക്കും സമാനമായ  ഖവാരിജീ പ്രസ്ഥാനങ്ങള്‍ക്കും   ഇപ്രകാരം നിര്‍വഹിക്കുക എന്നത് പ്രയാസകരമായ കാര്യമല്ല. സൗദിയിലെ 4 വ്യത്യസ്ഥ ഇടങ്ങളിലായാണ് ഇതേ ദിവസം ആക്രമണം നടന്നത്.  ഏതായാലും ചാവേര്‍ ആക്രമണം മസ്ജിദുന്നബവിയില്‍ വരെ എത്തിയ സ്ഥിതിക്ക് ചില വസ്തുതകള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.

www.fiqhussunna.com

ഒന്നാമതായി : പരിശുദ്ധ റമദാന്‍ മാസത്തില്‍ മസ്ജിദുന്നബവിയില്‍ ഇബാദത്തില്‍ മുഴുകിയ മുസ്ലിമീങ്ങളെ കൊന്നൊടുക്കാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യം വരുന്നു. ഇത്രമാത്രം ക്രൂരരും നികൃഷ്ടരും വഞ്ചകരുമാണോ ഇവര്‍ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഇവര്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ യാതൊരു വിധത്തിലും മടിക്കുന്നവരല്ല എന്ന് നമുക്ക് കാണാന്‍ സാധിക്കും. റമദാന്‍ മാസത്തിലാണ് ഇവര്‍ ഏറ്റവും നീചമായ ആക്രമണങ്ങള്‍ അധികവും നടപ്പാക്കിയത്.

അതില്‍ റമദാനില്‍ നടത്തിയ ഏറ്റവും നിഷ്ഠൂരമായ കൊലപാതകമായിരുന്നു, ചെറുപ്പം മുതല്‍ നബി (സ) യുടെ ശിക്ഷണത്തില്‍ വളര്‍ന്ന, നബി (സ) യുടെ മരുമകനും, കുട്ടികളില്‍ വെച്ച് ആദ്യം ഇസ്‌ലാം സ്വീകരിച്ച വ്യക്തിയും, സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരില്‍ ഒരാളും, ഖുലഫാഉ റാഷിദീങ്ങളില്‍ നാലാമത്തെ ഖലീഫയുമായ അലിയ്യ് ബ്ന്‍ അബീ ത്വാലിബ്‌ (റ) വിനെ റമദാന്‍ മാസത്തില്‍ സുബഹി നമസ്കാരത്തിന് പള്ളിയിലേക്ക് പോകുന്ന വേളയില്‍ ഇവര്‍ വധിച്ചു എന്നത്. അലി (റ) കൊല്ലപ്പെടുമെന്ന് നബി (സ) ക്ക് വഹ്'യ്  ഇറങ്ങുകയും അദ്ദേഹം അത് അലി (റ) വിനെ അറിയിക്കുകയും ചെയ്തിരുന്നു. ഖവാരിജുകളില്‍പ്പെട്ട ദുഷ്ടനായ അബ്ദുറഹ്മാന്‍ ഇബ്നു മുല്‍ജിം എന്ന വ്യക്തിയാണ് അലി (റ) വിനെ വധിച്ചത്. അബ്ദുറഹ്മാന്‍ ബ്നു മുല്‍ജിം, ബര്‍ക്ക് ബ്ന്‍ അബ്ദില്ലാഹ്, അംറു ബ്നു ബക്ര്‍ എന്നീ മൂന്ന്‍ ദുഷ്ടന്മാര്‍ ചേര്‍ന്ന് ഒരേ ദിവസം, അലി (റ) വിനെയും, മുആവിയ (റ) വിനെയും, അംറുബ്നുല്‍ ആസ്വ് (റ) വിനെയും ഒരേ ദിവസം വധിക്കാന്‍ ആണ് ഇവര്‍ പ്ലാന്‍ ചെയ്തിരുന്നത്. സുബഹി നമസ്കാരത്തിന് ആളുകളെ വിളിച്ചുണര്‍ത്തിക്കൊണ്ട് പള്ളിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്ന അലി (റ) വിനെ അബ്ദുറഹ്മാന്‍ ബ്നു മുല്‍ജിമും ശബീബ് ബ്ന്‍ നജ്ദയും ചേര്‍ന്ന് വിഷം പുരട്ടിയ വാളുകൊണ്ട് തലയ്ക്ക് വെട്ടി. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം മരണപ്പെട്ടു. അബ്ദുറഹ്മാന്‍ ബ്നു മുല്‍ജിം പിടിക്കപ്പെടുകയും ശബീബ് രക്ഷപ്പെടുകയും ചെയ്തു. മുആവിയ (റ) നമസ്കാരത്തിലായിരിക്കെ അദ്ദേഹത്തിന്‍റെ പിന്‍ഭാഗത്ത് ആണ് വെട്ടുകൊണ്ടത്. അദ്ദേഹം അല്ലാഹുവിന്‍റെ തൗഫീഖ് കൊണ്ട് അത് അതിജീവിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ ശരീര ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അംറുബ്നുല്‍ ആസ്വ് (റ) അതേ ദിവസം രോഗിയായിരുന്നതിനാല്‍ പള്ളിയില്‍ ഇമാമത്തിന് മറ്റൊരാളെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ വധിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട വ്യക്തിക്ക് അദ്ദേഹം ആരെന്ന് അറിയില്ലായിരുന്നു. അദ്ദേഹമാണ് എന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം ചുമതലപ്പെടുത്തിയ ഇമാമിനെ അയാള്‍ നമസ്കാരത്തിലിരിക്കെ വധിച്ചു.

ഒരുപാട് സമാനതകള്‍ ഉണ്ടെങ്കിലും മദീനയിലും മറ്റു ഇടങ്ങളിലും ഇവര്‍ നടത്തിയ ആക്രമണങ്ങളെക്കാള്‍ ഗൗരവപരമായിരുന്നു അലി (റ) വിന്‍റെ കൊലപാതകം. ലോകത്ത് അന്ന് ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ അലി (റ) വിനെ അവര്‍ കാഫിറായി മുദ്രകുത്തി.  അല്ലാഹുവിനെ വിധികര്‍ത്താവായി അംഗീകരിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കുറ്റം. എക്കാലത്തും എല്ലാ ഭരണാധികാരികള്‍ക്കെതിരിലും ഇവര്‍ ഈ കാരണം തന്നെയാണ് ആവര്‍ത്തിക്കാറുള്ളതും. അലി (റ) വും അതുപോലെ  മധ്യസ്ഥന്മാരെ നിര്‍ണയിച്ച് വിശുദ്ധഖുര്‍ആനിനെ അടിസ്ഥാനമാക്കി പരസ്പരം തങ്ങള്‍ക്കുള്ള അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കാം എന്ന് അംഗീകരിച്ച മുആവിയ (റ), അംറു ബ്നുല്‍ ആസ്വ് (റ) , അബൂ മൂസ അല്‍അശ്അരി (റ) തുടങ്ങിയവരെല്ലാം കാഫിറുകളാണ് എന്ന് വാദിക്കുകയും അന്ന് ജീവിച്ചിരുന്ന സ്വഹാബി വര്യന്മാരില്‍ വിജ്ഞാനം കൊണ്ടും സ്ഥാനം കൊണ്ടും ഏറെ പ്രഗല്‍ഭരായിരുന്ന അവരെ വധിക്കാന്‍ ആസൂത്രണം നടത്തുകയും ചെയ്തു. ഒരേ ദിവസം പള്ളിയില്‍ വെച്ച് എല്ലാവരെയും വധിക്കുവാനും, ഇനി അപ്രകാരം ചെയ്തിട്ടല്ലാതെ നമ്മള്‍ തമ്മില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ പാടില്ല എന്നുമാണ് അവര്‍ പരസ്പരം പ്രതിജ്ഞയെടുത്തത്. അതിശക്തനായ വ്യക്തി ആയിരുന്നതിനാല്‍ അലി (റ) വിനെ മാത്രം രണ്ടു പേര്‍ ചേര്‍ന്ന് പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് പിന്നില്‍ നിന്നും രണ്ട് പേര്‍ ചേര്‍ന്ന് വിഷം ചേര്‍ത്ത വാളുകൊണ്ട് വെട്ടി. നിരായുധനാണ് എന്നതും, കാവല്‍ക്കാരെ കൂടെ കൊണ്ടുനടക്കാറില്ല എന്നതും വഞ്ചകര്‍ക്ക് അവരുടെ ജോലി എളുപ്പമാക്കി. എന്നിട്ടും അതില്‍ അബ്ദുറഹ്മാന്‍ ഇബ്നു മുല്‍ജിം എന്നയാളെ അദ്ദേഹത്തിന്‍റെ ക്ഷണ നേരം കൊണ്ടുള്ള ഇടപെടലിലൂടെ പിടികൂടി. മാത്രമല്ല പരുക്കേറ്റ് വീട്ടിലേക്ക് മറ്റുള്ളവരുടെ സഹായത്താല്‍ മടങ്ങുമ്പോള്‍ പോലും ഒരാളെ പള്ളിയില്‍ ഇമാമത്തിനായി അദ്ദേഹം ചുമതലപ്പെടുത്തി. ഇബ്നു സബഅ് എന്ന ജൂതനായിരുന്നു ഈ ഖവാരിജുകളുടെ സുപ്രധാന ഉപദേഷ്ടാവ്, ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) വിന്‍റെ കൊലപാതകത്തിന് പിന്നിലും ഇവരില്‍ പലരും തന്നെയായിരുന്നു. അലി (റ) വും മുആവിയ (റ) പരസ്പരം ഒരേ അഭിപ്രായത്തില്‍ എത്തിക്കഴിഞ്ഞാല്‍ തങ്ങള്‍ പിടിക്കപ്പെടും എന്ന് കൃത്യമായ ബോധ്യമുള്ള ഇവരുടെ പിന്നിലെ ശക്തി കേന്ദ്രങ്ങളായ ഇബ്നു സബഇനെപ്പോലുള്ള ജൂത ചാരന്മാര്‍ അലി (റ) വിനെയും, മുആവിയ (റ) വിനെയും പരസ്പരം പരമാവധി ഭിന്നിപ്പിക്കുകയും, അവസാനം അവര്‍ രണ്ടുപേരും ഒത്തുചേര്‍ന്നപ്പോള്‍ അതില്‍ നിന്നും മാറി പ്രത്യേക സംഘരൂപീകരണം നടത്തി അവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു എന്നത് ചരിത്രത്തില്‍ കാണാം. ഇതില്‍ ഇബ്നു സബഅ് കാര്യമായും ശ്രദ്ധ കേന്ദ്രീകരിച്ച് ശിയാ വിഭാഗത്തെ രൂപപ്പെടുത്തുന്നതിലാണ്. ഏതായാലും  ശിയാക്കളാകട്ടെ ഖവാരിജുകളാകട്ടെ അന്നും ഇന്നും ഇവര്‍ക്ക് പിന്നില്‍ ഇസ്‌ലാമിന്‍റെ ശത്രുക്കളുടെ കൈകള്‍ പ്രകടമായിക്കാണാം.

അലി (റ) കൊല്ലപ്പെട്ട സംഭവത്തില്‍ ഒരുപാട് കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതായുണ്ട്. ഒന്ന് ഇവര്‍ അല്ലാഹുവിന്‍റെ ഭവനത്തില്‍ എന്നോ, നമസ്കരിക്കുന്നവന്‍ എന്നോ യാതൊന്നിനും തന്നെ പവിത്രത കല്പിക്കുന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍, 'അബൂബക്കര്‍ സ്വര്‍ഗത്തിലാണ്, ഉമര്‍ സ്വര്‍ഗത്തിലാണ്, ഉസ്മാന്‍ സ്വര്‍ഗത്തിലാണ്, അലി സ്വര്‍ഗത്തിലാണ്' എന്ന നബി വചനമുണ്ടായിരിക്കെ ഇവര്‍ അദ്ദേഹത്തെ വധിക്കുമായിരുന്നോ ?.  എവിടെയായാലും ആരു തന്നെയായാലും തങ്ങളുടെ വിഘടവാദങ്ങള്‍ അംഗീകരിക്കാത്തവരായ യഥാര്‍ത്ഥ മുസ്‌ലിമീങ്ങളെ  ഏറ്റവും നിഷ്ടൂരമായി കൊലപ്പെടുത്തുക എന്നതാണ് ഖവാരിജുകളുടെ ശൈലി. റമദാന്‍ മാസത്തില്‍ ആക്രമണം നടത്തുക, ഒരേ സമയം ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണം അഴിച്ചുവിട്ട് ഭീതി പരത്തുക, ഒളിഞ്ഞിരുന്ന് അക്രമിക്കുക, എല്ലാ കാലത്തും ഭരണാധികാരികളെ കാഫിറുകളായി മുദ്രകുത്തുക തുടങ്ങി ഇവരുടെ പഴയകാല ചെയ്തികള്‍ ഇന്നും ഇവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് മാത്രം.

അലി (റ) കൊല്ലപ്പെടും എന്ന് വഹ്'യിന്‍റെ അടിസ്ഥാനത്തില്‍  നബി (സ) നേരത്തെ തന്നെ അലി (റ) വിനോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ 'അലിയ്, നീ അല്ലാഹുവിനെ സൂക്ഷിക്കുക, നിനക്ക് മരിച്ചുപോകേണ്ടേ' എന്ന് പറഞ്ഞ ഖവാരിജിനോട്, 'ഇല്ല, ഞാന്‍ എന്‍റെ ഈ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുന്ന വാളുകൊണ്ടേ മരണപ്പെടൂ' എന്ന് അലി (റ) അയാള്‍ക്ക് മറുപടി നല്‍കിയതായിക്കാണാം. അലി (റ) വും ഖവാരിജുകളും തമ്മില്‍ ഉണ്ടായ നഹ്റുവാന്‍ യുദ്ധവും, അലി (റ) ഖവാരിജുകളെപ്പറ്റി ഉദ്ദരിച്ച ഹദീസുകളും പ്രത്യേകമായിത്തന്നെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അത് പിന്നീട് ഒരവസരത്തിലാകാം.

രണ്ടാമതായി: ഇവര്‍ കൊന്നൊടുക്കുന്നതും ലക്ഷ്യം വെക്കുന്നതും മുസ്‌ലിമീങ്ങളെ ആയിരിക്കും. ഒരിക്കലും മുസ്‌ലിം ഭരണാധികാരികളില്‍ ഇവര്‍ തൃപ്തരാവില്ല. അത് അല്ലാഹുവിന്‍റെ റസൂല്‍ (സ) ആണെങ്കില്‍ പോലും. ഇത് അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ച കാര്യമാണ്. ഭരണാധികാരി എടുക്കുന്ന തീരുമാനങ്ങളെ അതിന്‍റെ യുക്തിയെയോ കാരണങ്ങളെയോ മാനിക്കാതെ തങ്ങളുടെ വക്രബുദ്ധികൊണ്ട് നോക്കിക്കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുക എന്നതാണ് ഇവരുടെ ശൈലി. അല്ലാഹുവിന്‍റെ റസൂലിനെ ചോദ്യം ചെയ്ത ഖവാരിജുകളുടെ ആദ്യ നേതാവിന്‍റെ  സംഭവം ഇതെല്ലാം നമുക്ക് മനസ്സിലാക്കിത്തരുന്നു. അല്പം വലിയ ഹദീസ് ആണെങ്കിലും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഉള്ളതുകൊണ്ട് ഞാന്‍ അത് പൂര്‍ണമായി ഉദ്ദരിക്കാം:

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ: بَعَثَ عَلِيٌّ وَهُوَ بِالْيَمَنِ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِذُهَيْبَةٍ فِي تُرْبَتِهَا، فَقَسَمَهَا بَيْنَ الْأَقْرَعِ بْنِ حَابِسٍ الْحَنْظَلِيِّ ثُمَّ أَحَدِ بَنِي مُجَاشِعٍ وَبَيْنَ عُيَيْنَةَ بْنِ بَدْرٍ الْفَزَارِيِّ وَبَيْنَ عَلْقَمَةَ بْنِ عُلَاثَةَ الْعَامِرِيِّ ثُمَّ أَحَدِ بَنِي كِلَابٍ وَبَيْنَ زَيْدِ الْخَيْلِ الطَّائِيِّ ثُمَّ أَحَدِ بَنِي نَبْهَانَ، فَتَغَيَّظَتْ قُرَيْشٌ وَالْأَنْصَارُ، فَقَالُوا: يُعْطِيهِ صَنَادِيدَ أَهْلِ نَجْدٍ وَيَدَعُنَا، قَالَ: إِنَّمَا أَتَأَلَّفُهُمْ، فَأَقْبَلَ رَجُلٌ غَائِرُ الْعَيْنَيْنِ نَاتِئُ الْجَبِينِ كَثُّ اللِّحْيَةِ مُشْرِفُ الْوَجْنَتَيْنِ مَحْلُوقُ الرَّأْسِ، فَقَالَ: يَا مُحَمَّدُ اتَّقِ اللَّهَ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: فَمَنْ يُطِيعُ اللَّهَ إِذَا عَصَيْتُهُ، فَيَأْمَنُنِي عَلَى أَهْلِ الْأَرْضِ وَلَا تَأْمَنُونِي، فَسَأَلَ رَجُلٌ مِنْ الْقَوْمِ قَتْلَهُ أُرَاهُ خَالِدَ بْنَ الْوَلِيدِ فَمَنَعَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَلَمَّا وَلَّى قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِنَّ مِنْ ضِئْضِئِ هَذَا قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ حَنَاجِرَهُمْ، يَمْرُقُونَ مِنْ الْإِسْلَامِ مُرُوقَ السَّهْمِ مِنْ الرَّمِيَّةِ، يَقْتُلُونَ أَهْلَ الْإِسْلَامِ وَيَدَعُونَ أَهْلَ الْأَوْثَانِ، لَئِنْ أَدْرَكْتُهُمْ لَأَقْتُلَنَّهُمْ قَتْلَ عَادٍ "

അബൂ സഈദ് അല്‍ ഖുദരി (റ) നിവേദനം: അലി (റ) യമനിലായിരിക്കെ നബി (സ) ക്ക് കുറച്ച് സ്വര്‍ണ്ണം കൊടുത്തയച്ചു. അതദ്ദേഹം അഖ്റഅ് ബ്ന്‍ ഹാബിസ് അല്‍ ഹന്‍ളലി, അതുപോലെ ബനൂ മുജാശിഅ് ഗോത്രത്തിലെ ഒരാള്‍, ഉയൈനത് ബ്ന്‍ ബദ്ര്‍ അല്‍ഫസാരി, അല്‍ഖമ ബ്ന്‍ ഉലാസ അല്‍ആമിരിയ്യ്, ബനൂ കിലാബ് ഗോത്രത്തില്‍പ്പെട്ട ഒരാള്‍, സൈദ്‌ ബ്ന്‍ ഖൈല്‍ അത്ത്വാഇ, ബനൂ നബ്ഹാന്‍ ഗോത്രത്തില്‍പ്പെട്ട ഒരാള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വീതിച്ചു നല്‍കി. ഖുറൈശികളിലും അന്‍സാരികളിലും പെട്ട പ്രമുഖര്‍ അതില്‍ അസന്തുഷ്ടത പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു: അദ്ദേഹം നമ്മളെ ഒഴിവാക്കുകയും നജ്ദിലെ നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു. (അപ്പോള്‍ നബി (സ) അതിന്‍റെ കാരണം വിശദീകരിച്ചു). അദ്ദേഹം പറഞ്ഞു: അവരെ കൂടുതല്‍ ഇസ്‌ലാമിലേക്ക് ഇണക്കുവാന്‍ വേണ്ടിയാണ് താന്‍ അപ്രകാരം ചെയ്തത്. (ഇതോടെ അവര്‍ സംതൃപ്തരായി). എന്നാല്‍ കുഴിഞ്ഞു നില്‍ക്കുന്ന കണ്ണുകളും, ഉയര്‍ന്നു നില്‍ക്കുന്ന നെറ്റിയും, ഇടതൂര്‍ന്ന താടിയും, തുറിച്ച് നില്‍ക്കുന്ന കവിളെല്ലുകളും, മുടി മുണ്ഡനം ചെയ്തവനുമായ ഒരാള്‍ കടന്നുവന്നുകൊണ്ട് പറഞ്ഞു: 'അല്ലയോ മുഹമ്മദ്‌, നീ അല്ലാഹുവിനെ സൂക്ഷിക്കുക'. അപ്പോള്‍ നബി (സ) പറഞ്ഞു: ഞാന്‍ പോലും അല്ലാഹുവിനെ ധിക്കരിക്കുകയാണ് എങ്കില്‍ പിന്നെ ആരാണ് അല്ലാഹുവിനെ അനുസരിക്കുക ?!. ഭൂമിയിലുള്ള ആളുകള്‍ക്ക് (നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുന്ന)  കാര്യത്തില്‍ അല്ലാഹു എന്നെ വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ക്കെന്നെ വിശ്വാസമില്ലേ ?. അപ്പോള്‍ അവിടെയുണ്ടായിരുന്ന  ആളുകളില്‍ ഒരാള്‍ അയാളെ വധിക്കാന്‍ നബി (സ) യോട് അനുവാദം തേടി. ഖാലിദ്ബ്ന്‍ വലീദ് ആണ് അപ്രകാരം അനുവാദം ചോദിച്ചത്. പക്ഷെ നബി (സ) അദ്ദേഹത്തെ വിലക്കി. അങ്ങനെ അയാള്‍ പിന്തിരിഞ്ഞു പോയപ്പോള്‍ നബി (സ) പറഞ്ഞു: ഇയാളുടെ പാരമ്പര്യത്തില്‍ പിന്‍കാലത്ത് ചില ആളുകള്‍ വരും. അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) ഇറങ്ങുകയില്ല. ഇരയില്‍ അമ്പ് തറച്ച് പുറത്ത് പോകുന്നത് പോലെ അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകും. അവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും. ഞാന്‍ അവരെ കണ്ടുമുട്ടുന്ന പക്ഷം ആദ് സമുദായം കൊല്ലപ്പെട്ട പോലെ ഞാന്‍ അവരെ കൊന്നൊടുക്കും." - [സ്വഹീഹുല്‍ ബുഖാരി:  7432].

ഈ ഹദീസില്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിക്കുന്ന ഖവാരിജുകള്‍ക്കുള്ള സുപ്രധാനമായ ചില ലക്ഷണങ്ങളുണ്ട്‌. ഇത് ISIS, അല്‍ഖാഇദ, ഇഖ്'വാനുല്‍ മുസ്‌ലിമീനില്‍ സയ്യിദ് ഖുത്ബിനെ പ്രതിനിധാനം ചെയ്യുന്നവര്‍ തുടങ്ങി ഇന്ന് കാണപ്പെടുന്ന ഖവാരിജീ വകഭേദങ്ങളില്‍ എല്ലാം തന്നെ നമുക്ക് കാണാം.

ഒന്ന്: അവര്‍ നിരന്തരം ഭരണാധികാരികളില്‍ അനീതിയും, തഖ്'വയില്ലായ്മയും ആക്ഷേപിക്കുന്നവര്‍ ആയിരിക്കും, ഭരണാധികാരി നല്‍കുന്ന വിശദീകരണത്തില്‍ അവര്‍ ഒരിക്കലും സംതൃപ്തരാവുകയുമില്ല. സാക്ഷാല്‍ റസൂല്‍ കരീം (സ) ഭരണം നടത്തിയാല്‍പ്പോലും അവര്‍ തൃപ്തരാവുകയില്ല. 

രണ്ട്: അവര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. അവരില്‍ ഇസ്‌ലാമിന്‍റെ അടയാളങ്ങള്‍ പ്രകടമായിരിക്കും. നമസ്കാരം, ഇബാദത്തുകള്‍, താടി വളര്‍ത്തല്‍ തുടങ്ങി മുസ്‌ലിമീങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന എല്ലാ കര്‍മ്മങ്ങളും നമ്മെക്കാള്‍ ഭയഭക്തിയും ഉത്സാഹവും തോന്നിപ്പിക്കും വിധം ചെയ്യുന്നവരായിരിക്കും അവര്‍. എന്നാല്‍ അവിവേകം കാരണത്താല്‍ വിശുദ്ധഖുര്‍ആനോ ഇബാദത്തുകളോ അവര്‍ക്ക് പ്രയോജനപ്പെടുകയില്ല. അവരുടെ ഹൃദയത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങില്ല എന്ന് പറഞ്ഞാല്‍, വിശുദ്ധഖുര്‍ആനിന്‍റെ ആശയങ്ങളെ അവര്‍ ഗ്രഹിക്കുകയില്ല. മറിച്ച് തങ്ങളുടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കും വിധം അവര്‍ വിശുദ്ധഖുര്‍ആനിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് "വിധിക്കുവാനുള്ള അധികാരം അല്ലാഹുവിന് മാത്രമേ ഉള്ളൂ" എന്ന് പറഞ്ഞുകൊണ്ട് ദുര്‍വ്യാഖ്യാനം നടത്താന്‍ അവര്‍ ശ്രമിച്ചപ്പോള്‍, 'സത്യത്തിന്‍റെ വാചകം പക്ഷെ അതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്  തിന്മയാണ്' എന്ന് അലി (റ) പറയാന്‍ കാരണം. മദ്ധ്യസ്ഥന്മാരെ ചുമതലപ്പെടുത്തിയ അലി (റ) വിന്‍റെയും മുആവിയ (റ) വിന്‍റെയും തീരുമാനം കുഫ്ര്‍ ആണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് അവര്‍ ആ മുദ്രാവാക്യം മുന്നോട്ട് വെച്ചത്. ഇന്നും ഈ മുദ്രാവാക്യം ഏറ്റുപിടിച്ചുകൊണ്ട് മുസ്‌ലിം ഭരണാധികാരികളെ കാഫിറുകളായും മുശ്'രിക്കുകളായും  മുദ്രകുത്തുന്ന ഒട്ടനേകം ഖവാരിജുകളെ നമുക്ക് കാണാം. അതിനേറ്റവും ചുക്കാന്‍ പിടിച്ച വ്യക്തി ഇഖ്'വാനുല്‍ മുസ്‌ലിമീന്‍റെ നേതാക്കളില്‍ ഒരാളായ സയ്യിദ് ഖുതുബ് ആയിരുന്നു. തീവ്രവാദ സംഘടനകളുടെ താത്വിക ആചാര്യന്‍ കൂടിയാണ് അയാള്‍.

മൂന്ന്‍: ഇരയില്‍ അമ്പ് തറച്ച് പുറത്ത് പോകുന്നത് പോലെ അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകും എന്നതാണ് നബി (സ)പറഞ്ഞ അടുത്ത വാചകം. ചില ആളുകള്‍ വില്ലില്‍ നിന്ന് അമ്പ് തെറിക്കുന്നത് പോലെ എന്ന് പറയാറുണ്ട്‌. എന്നാല്‍ ഹദീസിന്‍റെ അര്‍ഥം ഇരയില്‍ അമ്പ് തറച്ച് പുറത്തുപോകുന്നത് പോലെ എന്നാണ് എന്ന് ഇമാം നവവി (റ) യെപ്പോലുള്ള പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

രണ്ട് അര്‍ത്ഥ തലങ്ങളാണ് ആ പ്രയോഗത്തില്‍ അടങ്ങിയിട്ടുള്ളത്. ഒന്ന് ഇസ്‌ലാമിന്‍റെ ഉള്ളില്‍ പ്രവേശിച്ചുകൊണ്ടാണ് അവര്‍ പുറത്ത് പോകുന്നത്. അമ്പ് ഇരയില്‍ തറച്ച് ശരവേഗത്തില്‍ പുറത്ത് പോയാല്‍ അതില്‍ ഇരയുടെ ഭാഗങ്ങള്‍ ഒന്നും തന്നെ കാണില്ല. അഥവാ അവരില്‍ ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കാത്ത വിധം ഇസ്‌ലാമിനോടും മുസ്‌ലിമീങ്ങളോടും ശത്രുത പുലര്‍ത്തുന്നവരായിരിക്കും അവര്‍. അതുപോലെ അമ്പ് കടന്നുപോകുമ്പോള്‍ ഇരയില്‍ അതൊരുപാട് കേടുപാടുകള്‍ ഉണ്ടാക്കും എന്നതുപോലെ ഇസ്‌ലാമില്‍ അവര്‍ ഒരുപാട് രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാക്കും. പൂര്‍വ്വകാല സംഭവങ്ങളും, സമീപകാല സംഭവങ്ങളും ഇത് ശരിവെക്കുന്നു.

നാല്: അല്ലാഹുവിന്‍റെ റസൂല്‍ (സ) പറയുന്നു: "അവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും." അഥവാ അവരുടെ മുഖ്യശത്രുക്കള്‍ മുസ്ലിമീങ്ങള്‍ ആയിരിക്കും. അവര്‍ കൊന്നൊടുക്കുന്നത് മുസ്ലിമീങ്ങളെ ആയിരിക്കും. എത്ര സുവ്യക്തമായാണ് ഈ വിഭാഗത്തെ അല്ലാഹുവിന്‍റെ റസൂല്‍ (സ) നമുക്ക് പരിചയപ്പെടുത്തിയത് എന്ന് നോക്കൂ. ഇന്ന് ലോകത്ത് മുസ്ലിമീങ്ങളെ ഏറ്റവും കൂടുതല്‍ കൊന്നൊടുക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇസ്രയേലും ഇറാനും, ഇവരുടെ ആക്രമണങ്ങളില്‍ നിന്ന് ഇത്രത്തോളം സുരക്ഷിതമായ മറ്റു രാഷ്ട്രങ്ങളില്ല. ഉന്നം തെറ്റിയെങ്കിലും ഇവരുടെ ബോംബുകളും മിസൈലുകളും ഇസ്രയേലില്‍ പതിച്ചിട്ടില്ല. മറിച്ച് ഇവരുപയോഗിക്കുന്ന ആയുധങ്ങളില്‍ പലതും ഇസ്രയേല്‍ നിര്‍മിതമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. റമദാനിലെ അവസാനത്തെ പത്തില്‍ ഒരാഴ്ചക്കുള്ളില്‍ നാല് സ്ഫോടനങ്ങള്‍. നാലും ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍. 250ല്‍ പരം മുസ്‌ലിമീങ്ങള്‍ കൊലചെയ്യപ്പെട്ടു.

ലോകത്ത് വിശുദ്ധ ഖുര്‍ആന്‍ ഭരണഘടനയായുള്ള, മറ്റു ഭരണഘടനയില്ലാത്ത ഒരേ ഒരു രാഷ്ട്രമാണ് സൗദി അറേബ്യ, അവിടത്തെ കോടതികളില്‍ കര്‍മ്മശാസ്ത്ര നിയമമനുസരിച്ചാണ് വിധി നടപ്പാക്കപ്പെടുന്നത്. എന്നിട്ടും ആ രാഷ്ട്രം പോലും ഇവരുടെ കണ്ണില്‍ കാഫിരീങ്ങള്‍ ഭരിക്കുന്ന, കാഫിരീങ്ങളെ ഭരണകര്‍ത്താക്കളായി അംഗീകരിക്കുന്നവരായ കാഫിറുകള്‍ ജീവിക്കുന്ന രാഷ്ട്രം എന്ന് ഇവര്‍ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ പൊതുനിറത്തില്‍ വെച്ച് സാധാരണക്കാരനെ കൊല്ലുന്നതിന് പോലും ഇവര്‍ക്ക് യാതൊരു മടിയുമില്ല.അവരോഴികെയുള്ള എല്ലാവരും അവരുടെ കണ്ണില്‍ കാഫിറുകളാണ്. അതില്‍ മുസ്‌ലിം അമുസ്‌ലിം എന്ന വിവേചനമില്ല. അതിലുപരി  ഇവരുടെ ആക്രമണങ്ങള്‍ ബഹുഭൂരിപക്ഷവും ലക്ഷ്യം വെക്കുന്നത് മുസ്‌ലിമീങ്ങളെയായിരിക്കും എന്ന നബിവചനം ഓരോ ദിനങ്ങള്‍ പിന്നിടുമ്പോഴും കൂടുതല്‍ സുവ്യക്തമാവുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ നബി (സ) യുടെ പള്ളിയെപ്പോലും അക്രമിക്കാന്‍ മടി കാണിക്കാത്തവരെക്കുറിച്ച് എന്ത് പറയാന്‍. മുഫ്തി അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹ) പറഞ്ഞതുപോലെ : “ഐസിസ് ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കളാണ്.  വിളകളും ജീവനും  സര്‍വതും നശിപ്പിക്കുന്ന,  നശീകരണ  ചിന്താഗതിയും തീവ്രവാദ മനോഭാവവുമുള്ള ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസ് ആകട്ടെ അല്‍ഖാഇദയാകട്ടെ അവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍  അവയുടെ ആദ്യത്തെ ഇരകള്‍ മുസ്‌ലിമീങ്ങളാണ്. അവരാകുന്നു ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍”. 19 ഓഗസ്റ്റ് 2014 നാണ് ശൈഖ് ഈ പ്രസ്ഥാവന നടത്തിയത്. ഇത് വളരെ വസ്തുതാപരമാരായ വിലയിരുത്തല്‍ ആയിരുന്നു എന്ന് പിന്നീടുള്ള അവരുടെ ഓരോ പ്രവര്‍ത്തനങ്ങളും തെളിയിച്ചു.

ഇവര്‍ മുസ്‌ലിമീങ്ങളെയും, ഇസ്‌ലാമിക രാഷ്ട്രങ്ങളേയുമാണ് ലക്ഷ്യം വെക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കിയിട്ടും ഇവരെ ഇസ്‌ലാമിന്‍റെ വക്താക്കളായി പ്രചരിപ്പിക്കുന്ന പത്ര മാധ്യമങ്ങള്‍ ഇവരെ രൂപപ്പെടുത്തിയവര്‍ തന്നെ നിയന്ത്രിക്കുന്നതാവുമ്പോള്‍ പ്രചരണങ്ങള്‍ക്ക് പിന്നെ പ്രത്യേകം ചിലവില്ല.

മൂന്നാമതായി: ചാവേര്‍ ആക്രമണത്തോട് ഇസ്ലാമിന്‍റെ നിലപാട് എന്ത് എന്ന് ആര്‍ക്കുമറിയാം. ഇസ്‌ലാമില്‍ സ്വയം വധിക്കുക എന്നത് നിരുപാധികം നിഷിദ്ധമാണ്. ഒരിക്കെ അക്രമികളോടുള്ള ഒരു യുദ്ധത്തില്‍ വളരെ ഉത്സാഹത്തോടെ  ശത്രുപക്ഷത്തെ എതിരിടുന്ന ഒരാളെ നോക്കി അല്ലാഹുവിന്‍റെ റസൂല്‍ ഇയാള്‍ നരകാവകാശിയാണ് എന്ന് പറഞ്ഞു. അങ്ങേയറ്റം പ്രാവീണ്യത്തോടെ സധൈര്യം ശത്രുപക്ഷത്തെ എതിരിടുന്ന അയാള്‍ നരകാവകാശിയാണ് എന്ന് പറഞ്ഞത് സ്വഹാബത്തിനിടയില്‍ അത്ഭുതമുണ്ടാക്കി. ഒരു സ്വഹാബി അയാളെ പിന്തുടര്‍ന്നു. ഒടുവില്‍ വെട്ടേറ്റു വീണ അയാള്‍ വേദന സഹിക്ക വയ്യാതെ തന്‍റെ ആയുധം നിലത്ത് ഊന്നി അതിന്‍റെ മൂര്‍ച്ചയുള്ള ഭാഗത്തേക്ക് തന്‍റെ ശരീരത്തെ വീഴ്ത്തി സ്വയം ആത്മഹത്യ ചെയ്യുന്നത് സ്വഹാബിയുടെ ശ്രദ്ധയില്‍പ്പെട്ടു. "മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ റസൂലാണ് എന്ന് ഞാനിതാ സാക്ഷ്യപ്പെടുത്തുന്നു" എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ആ സംഭവം ഉദ്ദരിക്കുന്നത് കാണാം. "ആരെങ്കിലും സ്വയം വധിക്കുന്നുവെങ്കില്‍ അവന്‍ നരകത്തിലാണ് എന്ന് ധാരാളം ഹദീസുകളില്‍ അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിക്കുന്നുണ്ട്:

عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال :  مَن تردى من جبل فقتل نفسه فهو في نار جهنم يتردى فيه خالداً مخلداً فيها أبداً ، ومَن تحسَّى سمّاً فقتل نفسه فسمُّه في يده يتحساه في نار جهنم خالداً مخلداً فيها أبداً ، ومَن قتل نفسه بحديدة فحديدته في يده يجأ بها في بطنه في نار جهنم خالداً مخلداً فيها أبداً

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ആരെങ്കിലും മലമുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌താല്‍ അവന്‍ നരകത്തിലാണ്. അവന്‍ നരകത്തില്‍ ആ ചാട്ടം ആവര്‍ത്തിച്ചു കൊണ്ടിരിക്കും അവന്‍ ആ നരകത്തില്‍ ശാശ്വത വാസിയായിരിക്കും. ആരെങ്കിലും വിഷം കഴിച്ച് ആത്മഹത്യ ചെയ്‌താല്‍, തന്‍റെ കയ്യില്‍ വിഷവുമായി അത് ആവര്‍ത്തിച്ചുകൊണ്ട് അവന്‍ നരകത്തില്‍ ശാശ്വതവാസിയായിത്തീരുന്നതാണ്. ആരെങ്കിലും ഇരുമ്പിന്‍റെ  ആയുധം കൊണ്ട് ആത്മഹത്യ ചെയ്‌താല്‍, ആ ആയുധം കയ്യിലേന്തി തന്‍റെ വയറ് അതുകൊണ്ട് കുത്തിക്കീറുന്നവനായി അവന്‍ നരകത്തില്‍ ശാശ്വതവാസിയായിത്തീരും." - [സ്വഹീഹുല്‍ ബുഖാരി: 5442, സ്വഹീഹ് മുസ്‌ലിം: 109].  

 അതുകൊണ്ട് ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് ഇസ്‌ലാമില്‍ യാതൊരു മാതൃകയുമില്ല. മറിച്ച് ആരാണ് അതിന്‍റെ മാതൃക എന്ന് നേരത്തെ മറ്റൊരു ലേഖനത്തില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ ഭാഗം ഇവിടെ നല്‍കാം:

"ഇന്ന് ഐസിസ്, അല്‍ഖാഇദ പോലുള്ള സംഘടനകള്‍ പുലര്‍ത്തിപ്പോരുന്ന രീതിശാസ്ത്രവുമായോ ആക്രമണ സ്വഭാവങ്ങളുമായോ ഇസ്‌ലാമിന് വല്ല ബന്ധവുമുണ്ടോ ?. എന്ന് മുതലാണ്‌ ചാവേര്‍ ആക്രമണങ്ങളും ഗറില്ലായുദ്ധ മുറകളും ആരംഭിച്ചത് ?. ആരാണ് ഇവയെല്ലാം ഇസ്‌ലാമിന്റെ പറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ചത് ?. Terrorism’s Christian Godfather എന്ന തലക്കെട്ടില്‍ 2008 ജനുവരി 28ന് തിങ്കളാഴ്ച അമേരിക്കയിലെ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മിഡില്‍ ഈസ്റ്റ്‌ തീവ്രവാദത്തിന്‍റെ തലതൊട്ടപ്പനായി പരിചയപ്പെടുത്തുന്നത് ജോര്‍ജ് ഹബഷ് എന്ന വ്യക്തിയെ ആണ്. അദ്ദേഹം ഒരു ഗ്രീക്ക് ഓര്‍ത്തൊഡോക്സ് ക്രിസ്ത്യനായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍’ (PFLP) എന്ന ജോര്‍ജ്ജ് ഹബഷിന്‍റെ പാര്‍ട്ടിയാണ് സത്യത്തില്‍ മിഡില്‍ ഈസ്റ്റ് ടെററിസത്തിന്‍റെ ഭാഗമായി വിമാന റാഞ്ചലും ചാവേറാക്രമണവുമെല്ലാം തുടങ്ങി വച്ചത്. 1968ല്‍ PFLP യുടെ മൂന്ന്‍ സായുധ ധാരികളായ പ്രവര്‍ത്തകര്‍ റോമില്‍ നിന്ന് ഇസ്രയേലിലേക്കുള്ള ഇസ്രയേല്‍ കമ്പനിയുടെ വിമാനം റാഞ്ചിയതിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഒട്ടനേകം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് PFLP നേതൃത്വം നല്‍കി. 1970ല്‍ ഒരേ സമയം നാല് വിമാനങ്ങള്‍ PFLP റാഞ്ചുകയുണ്ടായി. മൂന്നെണ്ണം ജോര്‍ദാനിലേക്ക് പറത്തുകയും അത് ബോംബ്‌ വെച്ച് തകര്‍ക്കുകയും ചെയ്തു. അതുവഴി ജോര്‍ദാനിലെ ഹാഷിമിയ ഭരണകൂടവുമായും PFLP ഒളിപ്പോര്‍ ആരംഭിച്ചു. ഇടത് നിരീശ്വരവാദ-തീവ്രവാദ പ്രസ്ഥാനങ്ങളുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് തീവ്രവാദ സേനയായ ജാപനീസ് റെഡ് ആര്‍മിഇയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ആശയപരമായും സായുധപരമായും അകമഴിഞ്ഞ് പിന്തുണച്ചിരുന്നു. 1972ല്‍ ഇസ്രയേലിലെ ഇപ്പോള്‍ ബെന്‍ ഗൂരിയന്‍ എയര്‍പ്പോര്‍ട്ട് എന്നറിയപ്പെടുന്ന ലുദ്ദ് എയര്‍പോര്‍ട്ടില്‍ വെച്ച് PFLP യും ജാപ്പനീസ് റെഡ് ആര്‍മിയും ചേര്‍ന്ന് 24 പേരെ ധാരുണമായി വധിച്ചു. ഇതെല്ലാം പരിശോധിച്ചാല്‍ മിഡില്‍ ഈസ്റ്റില്‍ ഗൊറില്ല യുദ്ധവും ചാവേര്‍ ആക്രമണവും സാധാരണക്കാര്‍ക്ക് നേരെയുള്ള ഒളിയാക്രമണവുമെല്ലാം ആരംഭിച്ചത് ഒരിക്കലും തന്നെ മുസ്‌ലിമീങ്ങളല്ല. നേരത്തെ സൂചിപ്പിച്ച പോലുള്ള പ്രസ്ഥാനങ്ങളാണ്. അത് പിന്നീട് ഇസ്ലാമിന്‍റെ കൊടിയ ശത്രുക്കളും ഖവാരിജിയാക്കളുമായ ISIS, അല്‍ഖാദ പോലുള്ള സംഘടനകള്‍ ഏറ്റെടുത്തു.  
 
  മിഡില്‍ ഈസ്റ്റ് തീവ്രവാദം രണ്ട് ധ്രുവങ്ങളിലാണ് കുടികൊള്ളുന്നത്. ഒന്ന് ഒരു ജനതയെ അന്യാധീനപ്പെടുത്തിയ തീര്‍ത്തും അന്യായമായ ഇസ്രയേല്‍
കുടിയേറ്റവും, രണ്ട് അതിനെ ചെറുത്ത് നില്‍ക്കാന്‍ എന്നോണം രൂപീകരിക്കപ്പെട്ട എതിര്‍ തീവ്രവാദ സംഘടനകളും. ഈ രണ്ട് വിഭാഗങ്ങളാണ് മിഡില്‍ ഈസ്റ്റില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചത്. ഇസ്‌ലാം ആയിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ എണ്ണ സമ്പുഷ്ടവും സാമ്പത്തികമായി ഏറെ ഉയര്‍ന്നു നില്‍ക്കുന്നതുമായ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുക, അവയുടെ സമാധാനം നശിപ്പിക്കുക, സുരക്ഷക്ക് ഇളക്കം തട്ടിക്കുക തുടങ്ങിയ ഒരുപാട് തന്ത്രങ്ങള്‍ ഈ രണ്ട് ചേരികളെ സൃഷ്ടിച്ചതിന് പിന്നില്‍ ഉണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്‍റെയും രണ്ടാം ലോകമഹായുദ്ധത്തിന്‍റെയും കാരണക്കാരായ ചില നിക്ഷിപ്ത താല്പര്യക്കാര്‍ തന്നെയാണ് ഇതിനു പിന്നിലും പ്രവര്‍ത്തിച്ചത് എന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. അത് കൃത്യമായി അറിയാന്‍ ഫ്രീമേസണ്‍ ചിന്താധാരയുടെ പ്രശസ്ത വക്താവായിരുന്ന ആല്‍ബര്‍ട്ട് പൈക്ക് 1871 ആഗസ്റ്റ്‌ 15ന് ഇറ്റാലിയന്‍ പൊളിറ്റീഷ്യനായ ഗ്യൂസേപ്പ് മാസ്സീനിക്ക് എഴുതിയ മൂന്ന്‍ ലോക മഹായുദ്ധങ്ങളെ പ്ലാന്‍ ചെയ്യുന്നതായുള്ള കത്തിന്‍റെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചാല്‍ മതി. ഈ കത്ത് ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മൂന്നാം ലോക മഹായുദ്ധം മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് രൂപപ്പെടുത്തുക എന്ന അവരുടെ കുതന്ത്രത്തിന്‍റെ ഫലമായാണ് ഇസ്രയേല്‍ എന്ന രാജ്യത്തിന്‍റെ രൂപീകരണം തന്നെ. ഇവിടത്തെ വിഷയം അതല്ലാത്തത് കൊണ്ട് അത് സംബന്ധമായി കൂടുതല്‍ വിശദീകരിക്കുന്നില്ല. ന്യൂ വേള്‍ഡ് ഓര്‍ഡര്‍ ഫാക്റ്റ്സ് ആന്‍ഡ്‌   
ഫിക്ഷൻ'  എന്ന മാര്‍ക്ക് ഡയസിന്‍റെ പുസ്തകത്തില്‍ ആ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞുവന്നത് ഇന്ന് ഐസിസ് അല്‍ഖാഇദ പോലുള്ള ഖവാരിജിയാക്കള്‍ നടത്തുന്ന ചാവേറാക്രമണങ്ങളും ഗോറില്ല യുദ്ധങ്ങളും പരിശോധിച്ചാല്‍ അവയുടെ ചരിത്രം ഒരിക്കലും ഇസ്‌ലാമിലേക്കോ മുഹമ്മദ്‌ നബി (സ) യിലേക്കോ എത്തില്ല എന്നതാണ്. അത് ചെന്നെത്തുന്നത് ആല്‍ബര്‍ട്ട് പൈക്കിനെ പോലുള്ളവരുടെ ഗൂഡാലോചനകളിലേക്കും, ജോര്‍ജ്ജ് ഹബഷിനെ പോലുള്ള ഓര്‍ത്തൊഡോക്സ് തീവ്രവാദികളിലേക്കും, അയാളുടെ സഹായിയും നിരീശ്വരവാദിയുമായ PFLP യിലെ രണ്ടാമന്‍ വദീഅ്  ഹദ്ദാദിലേക്കും, കമ്യൂണിസ്റ്റ് തീവ്രവാദ സംഘടനയായ ജാപ്പനീസ് റെഡ് ആര്‍മിയിലേക്കുമായിരിക്കും." - [ലേഖനം പൂര്‍ണമായി വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2016/04/blog-post_20.html].

നാലാമതായി: വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പിന്തുടരുന്നവരായ ലോകപ്രശസ്തരും വിജ്ഞാനം കൊണ്ട് ഖ്യാതി നേടിയവരുമായ ഒരാള്‍ പോലും ഇവരെ അംഗീകരിക്കുകയോ ഇവര്‍ക്കൊപ്പം നില്‍ക്കുകയോ ചെയ്യുന്നതായി കാണാന്‍ സാധിക്കില്ല. മറിച്ച് മുസ്‌ലിം ലോകം ഒന്നടങ്കം അവര്‍ക്ക് എതിരാണ്. അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞതുപോലെ: 


عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:  يَنْشَأُ نَشْءٌ يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، كُلَّمَا خَرَجَ قَرْنٌ قُطِعَ

ഇബ്നു ഉമര്‍ (റ) നിവേദനം: "വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്ന എന്നാല്‍ തങ്ങളുടെ തൊണ്ടക്കുഴിയില്‍ നിന്ന് ഹൃദയത്തിലേക്ക് അതിറങ്ങാത്ത ഒരുവിഭാഗം ആളുകള്‍ കടന്നുവരും. അവരുടെ കൊമ്പ് ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോഴും അത് വിഛേദിക്കപ്പെടും." - [ഇബ്നു മാജ: 174]. 

അതെ അവര്‍ ഓരോ കാലത്തും പ്രത്യക്ഷപ്പെടും. ഇന്നുവരെ ഖവാരിജുകള്‍ ഈ ഉമ്മത്തിനെ ഭരിച്ചിട്ടില്ല. ഓരോ കാലത്ത് അവര്‍ പ്രത്യക്ഷപ്പെടുമ്പോഴും മുസ്‌ലിം ലോകം ഒറ്റക്കെട്ടായി നിന്ന് അവരെ നേരിടും. കാലങ്ങള്‍ക്ക് ശേഷം ഇവരെ നേരിടാന്‍ ഇരുപതോളം മുസ്‌ലിം രാഷ്ട്രങ്ങള്‍ സൗദിയുടെ നേതൃത്വത്തില്‍ അണിനിരന്നത് ഒരുപക്ഷേ ഈ അര്‍ത്ഥത്തിലാവാം അല്ലാഹു അവര്‍ക്ക് തൗഫീഖ് നല്‍കട്ടെ. ഏതായാലും മുസ്‌ലിം ഉമ്മത്ത്‌ ഒന്നടങ്കവും, അവരുടെ ഭരണാധികാരികളും, പണ്ഡിതന്മാരും എലാവരും ചേര്‍ന്ന് ഇവരെ എതിരിടുന്നത് ഇന്ന് നമുക്ക് ദര്‍ശിക്കാം. ഇവര്‍ നിരന്തരം വരുമെന്നും ഓരോ തവണ വരുമ്പോഴും അവരെ പരാജയപ്പെടുത്തപ്പെടുമെന്നും മറ്റു റിപ്പോര്‍ട്ടുകളില്‍ കാണാം. 

ഇന്ന് ഇവരെ സൃഷ്ടിക്കുന്നതിലും, ഇവര്‍ക്ക് ആയുധസഹായങ്ങളും സ്ട്രാറ്റജിക്കല്‍ സപ്പോര്‍ട്ടും നല്‍കി ഇവരെ ഇത്ര വലിയ അപകടകാരികളായി ഉയര്‍ത്തുന്നതിലും ആര് പങ്ക് വഹിച്ചു എന്നത് വിവേകമുള്ളവര്‍ക്ക് ഏവര്‍ക്കുമറിയാം. അവര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ വിദേശ നിര്‍മ്മിതമാണ്. അവരില്‍ ഭൂരിഭാഗവും പുറത്ത് നിന്നും മിലിട്ടറി ട്രെയിനിംഗ് ലഭിച്ചവരാണ്.2002 ന് മുന്‍പ് ഇറാഖ് എന്ന രാജ്യത്തില്‍ ഒരൊറ്റ ചാവേര്‍ ആക്രമണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. എന്നാല്‍ 2002 ഭീകരവാദത്തിനെതിരെ എന്ന പേരില്‍ പാശ്ചാത്യ അധിനിവേശം അവിടെ ഉണ്ടായ ശേഷം 1892 ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടായി. ഇവിടെ തീവ്രവാദത്തിനെതിരെ എന്ന പേരില്‍ നടത്തപ്പെട്ട ആ യുദ്ധങ്ങള്‍ തീവ്രവാദം വളര്‍ത്താനും അവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് കൊടുക്കാനും സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നോ എന്ന് നമ്മള്‍ ചിന്തിക്കുക സ്വാഭാവികം. അതുപോലെ 2014 june മാസത്തിലാണ് ISIS പ്രഖ്യാപിക്കപ്പെടുന്നത്. അതുവരെ അവര്‍ എവിടെയായിരുന്നു ?!. ഒരു സുപ്രഭാതത്തില്‍ അവിടെയുള്ള പാശ്ചാത്യ ചെക്ക്പോസ്റ്റുകളൊന്നും തടസ്സമാകാതെ ശാമില്‍ നിന്ന് മൂസ്വില്‍ വരെ മുന്നേറ്റം നടത്താന്‍ ഇവരെ സഹായിച്ചതും സായുധ പരിശീലനം നല്‍കിയതും ആരാണ് ?!. അമേരിക്കയുടെ നേതൃത്വത്തില്‍ ഉള്ള ഒട്ടനേകം രാഷ്ട്രങ്ങള്‍ അടങ്ങിയ, അത്യാധുനിക സാങ്കേതിക വിദ്യകൊണ്ട് പേരുകേട്ട വലിയ ഒരു സഖ്യം തന്നെ പ്രദേശത്തെ നിരീക്ഷണത്തിലാക്കിയിട്ടും ഇവരുടെ വളര്‍ച്ച അറിയാതെ പോയി എന്നത് വിശ്വസനീയമോ ?!. അതല്ല ഇവരെ പാലൂട്ടി വളര്‍ത്തിയതോ ?!. മിഡില്‍ ഈസ്റ്റില്‍ ഈച്ച അനങ്ങുന്നത് പോലും നിരീക്ഷിക്കുമാറ് ചാരന്മാരും, ചാര ദ്വീപുകളും, സാറ്റലൈറ്റ് നിരീക്ഷണവുമുള്ള ഇസ്രയേല്‍ ഇവരെ അറിയാതെ പോയോ ?!. പ്രദേശത്തെ എല്ലാ രാഷ്ട്രങ്ങളും ഇവര്‍ ആക്രമിച്ചു. എന്തുകൊണ്ട്
ഇസ്രയേല്‍ മാത്രം സുരക്ഷിതം ?!. ഇവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ഇസ്രയേല്‍ നിര്‍മ്മിതവും, അമേരിക്കന്‍ നിര്‍മ്മിതവുമായ ആയുധങ്ങള്‍ ആര് ഇവര്‍ക്ക് നല്‍കി ?!. മറ്റു രാഷ്ട്രങ്ങള്‍ വാങ്ങുമ്പോള്‍ ഉണ്ടാവാറുള്ള പരസ്യമായ ഒരു ആയുധക്കരാറും നാം കണ്ടിട്ടില്ല. ISIS ഇന്ന് പെട്രോള്‍ വില്പന നടത്തുന്നു. പക്ഷെ അത് വാങ്ങുന്നവര്‍ ആര് ?!. അറബ് രാഷ്ട്രങ്ങളോ, മറ്റു മുസ്‌ലിം രാഷ്ട്രങ്ങളോ അത് വാങ്ങുന്നില്ല. പിന്നെ എവിടേക്ക് പോകുന്നു ?!. ഇങ്ങനെ ഒട്ടനേകം ചോദ്യങ്ങള്‍ കാര്യങ്ങളുടെ സത്യാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു. 
അഞ്ചാമതായി: ഖവാരിജുകളെപ്പറ്റി അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞ ചില ഹദീസുകള്‍ ഇവിടെ ഉദ്ദരിക്കാം: 

عَنْ ابْنِ أَبِي أَوْفَى : قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( الْخَوَارِجُ كِلَابُ النَّارِ ) 

ഇബ്നു അബീ ഔഫ നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ഖവാരിജുകള്‍ നരകത്തിലെ പട്ടികളാണ്" - [ഇബ്നു മാജ: 173, മുസ്നദ് അഹ്മദ്: 19130, അല്‍ബാനി: സ്വഹീഹ്].

 സൗമ്യമായ ഭാഷയാണ്‌ അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും നാം കേട്ട് ശീലിച്ചിട്ടുള്ളൂ. എന്നാല്‍ ഇവരുടെ അക്രമം കാരണം അവരെ 'നരകത്തിലെ പട്ടികള്‍' എന്ന് വരെ അല്ലാഹുവിന്‍റെ റസൂല്‍ (സ) വിളിച്ചുവെങ്കില്‍ കാര്യം അത്യധികം ഗൌരവപരമാണ്. 

ഇനി ISIS, അല്‍ഖാഇദ തുടങ്ങിയവര്‍ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട ഖവാരിജുകളില്‍ പെടില്ല എന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അവര്‍ മുന്‍കാല ഖവാരിജുകളുടെ വിശ്വാസവും, വീക്ഷണവും, നിലപാടും എന്ത് എന്ന് വിശദീകരിക്കട്ടെ. അതോടൊപ്പം തങ്ങളും അവരും തമ്മിലുള്ള വ്യത്യാസം എന്ത് എന്ന് വ്യക്തമാക്കുകയും ചെയ്യട്ടെ. എന്നാല്‍ വിവേകവും ബുദ്ധിയും ഉള്ള ആളുകളെ സംബന്ധിച്ചിടത്തോളം അതില്‍ യാതൊരു സംശയവും ഇല്ല. മുസ്‌ലിം ഭരണാധികാരികളെ തക്ഫീര്‍ ചെയ്യല്‍, മുസ്ലിംകളെ കൊന്നൊടുക്കല്‍, إن الحكم إلا لله എന്നത് മാത്രം പ്രത്യേക താല്പര്യത്തോടെ എടുത്ത് പിടിക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യല്‍, പള്ളികളില്‍ പോലും കയറി ചാവേര്‍ ആക്രമണം നടത്തല്‍, പണ്ഡിതന്മാരെ വധിക്കല്‍, മുസ്‌ലിമീങ്ങളുമായി പരസ്പര ഉടമ്പടിയിലും ധാരണയിലും കഴിയുന്ന ഇതര മത വിശ്വാസികളെ വധിക്കല്‍ തുടങ്ങി ഖവാരിജുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ തുടര്‍ന്ന് പോരുന്നു. അല്ലാഹുവിന്‍റെ റസൂല്‍ ഖവാരിജുകളുടെ അടയാളമായി പരാമര്‍ശിച്ച സകല കാര്യങ്ങളും അവരില്‍ സംഗമിക്കുകയും ചെയ്തിരിക്കുന്നു.

عَنْ أَبِي سَعِيدٍ الْخُدْرِيِّ وَأَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "سَيَكُونُ فِي أُمَّتِي اخْتِلَافٌ، وَفُرْقَةٌ، قَوْمٌ يُحْسِنُونَ الْقِيلَ، وَيُسِيئُونَ الْفِعْلَ، يَقْرَءُونَ الْقُرْآنَ، لَا يُجَاوِزُ تَرَاقِيَهُمْ، يَمْرُقُونَ مِنَ الدِّينِ مُرُوقَ السَّهْمِ مِنَ الرَّمِيَّةِ، لَا يَرْجِعُونَ حَتَّى يَرْتَدَّ عَلَى فُوقِهِ، هُمْ شَرُّ الْخَلْقِ وَالْخَلِيقَةِ، طُوبَى لِمَنْ قَتَلَهُمْ وَقَتَلُوهُ، يَدْعُونَ إِلَى كِتَابِ اللَّهِ، وَلَيْسُوا مِنْهُ فِي شَيْءٍ، مَنْ قَاتَلَهُمْ كَانَ أَوْلَى بِاللَّهِ مِنْهُمْ".

അബൂ സഈദ് അല്‍ഖുദരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " എന്‍റെ ഉമ്മത്തില്‍ ഭിന്നതയും അഭിപ്രായവ്യത്യാസവും  ഉണ്ടാകും. നല്ല കാര്യങ്ങള്‍ സംസാരിക്കുകയും, ചീത്ത പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍ കടന്നുവരും. അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) ആഴ്ന്നിറങ്ങുകയില്ല. അമ്പ് ഇരയില്‍ തറച്ച് പുറത്ത് പോകുന്നത് പോലെ അവര്‍ മതത്തില്‍ നിന്നും പുറത്ത് പോകും. തെറിച്ച അമ്പ് വില്ലിലേക്ക് മടങ്ങാത്തിടത്തോളം അവര്‍ സന്മാര്‍ഗത്തിലേക്ക് മടങ്ങുകയില്ല. അവരാകുന്നു മനുഷ്യരിലും ജീവജാലങ്ങളിലും എല്ലാം തന്നെ ഏറ്റവും ഉപദ്രവകാരികള്‍. അവരോട് യുദ്ധം ചെയ്യുകയും അവരാല്‍ വധിക്കപ്പെടുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് മഗളം. അവര്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് ക്ഷണിക്കും, പക്ഷെ യഥാര്‍ത്ഥത്തില്‍ വിശുദ്ധഖുര്‍ആനിന് അവരുമായി യാതൊരു ബന്ധവുമില്ല.അവരോട് ആര് യുദ്ധം ചെയ്യുന്നുവോ അല്ലാഹുവിന്‍റെ പക്കല്‍ അവരെക്കാള്‍ സ്ഥാനമുള്ളവനായിരിക്കും അവന്‍" - [അബൂദാവൂദ്: 4767 , അല്‍ബാനി : സ്വഹീഹ്].

അവര്‍ നല്ല കാര്യങ്ങള്‍ പറയുകയും എന്നാല്‍ അവരുടെ പ്രവര്‍ത്തി മോശമായിരിക്കുകയും ചെയ്യും എന്ന് പറഞ്ഞാല്‍, അവര്‍ ഇസ്ലാമിന് വേണ്ടി ശബ്ദിക്കുന്നവരാണ് തങ്ങള്‍ എന്ന നിലക്കും, അല്ലാഹുവിന്‍റെ നിയമം നടപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന നിലക്കുമെല്ലാം നന്മയുടെയും യഥാര്‍ത്ഥ ഇസ്‌ലാമിന്‍റെയും വക്താക്കളായി അറിയപ്പെടാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ അതേ സമയം അവര്‍ ചെയ്തു കൂട്ടുന്ന അതിക്രമങ്ങള്‍ പരിശോധിച്ചാല്‍ അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ല. അവര്‍ അങ്ങേയറ്റം ഇബാദത്ത് എടുക്കുന്നവരും വലിയ തഖ്‌വ തോന്നിപ്പിക്കുന്നവരുംമായിരിക്കും. എന്നാല്‍ അതില്‍ ആരും വഞ്ചിതരാവേണ്ടതില്ല. അലി (റ) വിനെ വധിക്കാന്‍ വേണ്ടി വന്ന അബ്ദുറഹ്മാന്‍ ബ്ന്‍ മുല്‍ജിമിന് നെറ്റിയില്‍ വലിയ നിസ്കാരത്തയമ്പ് ഉണ്ടായിരുന്നു. പക്ഷെ അന്തിമ സമുദായത്തിലെ ഏറ്റവും നികൃഷ്ഠന്‍ എന്ന് നബി (സ) വിശേഷിപ്പിച്ചത് അയാളെയാണ് എന്നോര്‍ക്കണം. അതുകൊണ്ട് ഇക്കൂട്ടരുടെ ഇബാദത്തും, തഖ്‌വയും, ഇസ്‌ലാമിന്‍റെ അടയാളങ്ങളായ താടി, ഇസ്‌ലാമിക വസ്ത്രധാരണം എന്നിവയൊന്നും തന്നെ കണ്ട് ഇവര്‍ ഇസ്‌ലാമിന്‍റെ വക്താക്കളാണ് എന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഒരുവേള അവര്‍ മുസ്ലിമീങ്ങളെക്കാള്‍ നന്നായി നമസ്കരിക്കുന്നവരായിരിക്കും എന്ന് നബി (സ) പറഞ്ഞതായിക്കാണാം. ഇവര്‍ മുന്നോട്ടുവെക്കുന്ന വാദവും, ഇവരുടെ ചെയ്തിയും ആണ് ഇവര്‍ ആരെന്ന് വിലയിരുത്തുന്നത്തിന്‍റെ മാനദണ്ഡം. 

2014 ജൂണ്‍ മാസത്തിലാണ് ISIS തങ്ങളുടെ രാഷ്ട്രം എന്ന പേരില്‍ വരവറിയിച്ചുകൊണ്ടു പ്രഖ്യാപനം നടത്തിയത് എങ്കില്‍ 2014 ഓഗസ്റ്റ് മാസത്തില്‍ത്തന്നെ ഇവരാണ് ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍ എന്ന്, സലഫീ പണ്ഡിതനും, സൗദി അറേബ്യയിലെ ഗ്രാന്‍ഡ്‌ മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ ഇസലാമിന്‍റെ ശത്രുക്കളാണ്, മാനവികതയുടെ ശത്രുക്കളാണ്, മനുഷ്യകുലത്തിന് തന്നെ അപകടമാണ്, ഇവര്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ല. എന്നെല്ലാം നിരവധി ഖുത്ബകളിലൂടെ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും, മദീനയിലെ മസ്ജിദുന്നബവിയില്‍ നിന്നും, ലോകത്ത് മുസ്ലിമീങ്ങള്‍ ജീവിക്കുന്ന വിവിധ രാജ്യങ്ങളിലെ കോടിക്കണക്കിന് പള്ളി മിമ്പറുകളില്‍ നിന്നും പ്രഖ്യാപിക്കപ്പെട്ടിട്ടും ഇവരെ ഇസ്‌ലാമിന്‍റെ വക്താക്കളായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെങ്കില്‍ അത് ജൂത തന്ത്രം മാത്രമാണ്. യാഥാര്‍ത്ഥത്തില്‍ ഇവരുടെ വളര്‍ച്ചക്ക് പിന്നില്‍ ആരോ അവര്‍ തന്നെയാണ് ഈ പ്രചരണത്തിനും പിന്നില്‍. റമദാനിലെ അവസാനത്തെ പത്തില്‍  ഒരാഴ്ചയില്‍ത്തന്നെ നാല് മുസ്‌ലിം രാഷ്ട്രങ്ങളില്‍, സ്ഫോടനം നടത്തി 250ല്‍ പരം ആളുകളെ ഇവര്‍ കൊന്നുവെങ്കില്‍, മസ്ജിദുന്നബവിയുടെ അരികില്‍ പോലും ഇവരുടെ ആക്രമണം എത്തിയെങ്കില്‍... മുസ്ലിമേ ഉണരുക... ഇവരാകുന്നു ഖവാരിജുകള്‍ .. ഇവര്‍ ആകര്‍ഷണീയമായ കാര്യങ്ങള്‍ സംസാരിക്കും .. ഇസ്‌ലാമിക രാഷ്ട്രത്തിന്‍റെ വക്താക്കളാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വരും.. പക്ഷെ അവരുടെ ഈമാന്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞത് പോലെ തൊണ്ടക്കുഴിയില്‍ നിന്നും താഴോട്ട് ഇറങ്ങുകയില്ല... നമസ്കാരത്തയമ്പും, സുന്ദരമായ വാക്ക് ചാരുതയും, നോമ്പും, താടിയും തുടങ്ങി മുസ്‌ലിമീങ്ങളുടെ എല്ലാ അടയാളങ്ങളും അവരിലുണ്ടാകും... അവര്‍ തൗഹീദ് ഏറ്റു പിടിക്കും... പക്ഷെ അവര്‍ രക്തം ചിന്തും.. മുസ്‌ലിമീങ്ങളെയും അമുസ്ലിമീങ്ങളെയും കൊന്നൊടുക്കും.. എന്നാല്‍ ഏറിയ പങ്കും അവര്‍ ലക്ഷ്യം വെക്കുന്നത് മുസ്‌ലിമീങ്ങളെ ആയിരിക്കും.. കാരണം ഞാനും നിങ്ങളും അവരുടെ കണ്ണില്‍ മുസ്ലിമീങ്ങളല്ല.. അതുകൊണ്ട് അവര്‍ നമ്മുടെ ശത്രുക്കളാണ് മിത്രങ്ങളല്ല.. അവര്‍ക്കെതിരില്‍ നാം ജാകരൂകരാവുക ..

ആറാമതായി:
നമ്മുടെ രാജ്യവുമായി ബന്ധപ്പെട്ടും ചിലത് പറയാനുണ്ട്. നാം ജീവിക്കുന്നത് ഇന്ത്യയെന്ന രാജ്യത്താണ്. വ്യത്യസ്ഥ മതസ്ഥരായ ജനങ്ങള്‍ പരസ്പര ധാരണയോടെയും ഉടമ്പടിയോടെയും കഴിയുന്ന രാജ്യം.  'ദാറു മുആഹദ' അഥവാ മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും  പരസ്പര ധാരണപ്രകാരം ജീവിക്കുന്ന രാഷ്ട്രം. ആരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അക്രമിക്കുകയോ, അനീതി ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. ഓരോരുത്തര്‍ക്കും അവനവന്‍റെ മതമനുസരിച്ച് ജീവിക്കാം. സമാധാനത്തോടെ അതിലേക്ക് ക്ഷണിക്കാം. വിശ്വാസം, ജീവന്‍, ധനം എന്നിങ്ങനെ ഓരോ ആളുകള്‍ക്കും തങ്ങളുടേതായ അവകാശങ്ങളുണ്ട്. ഈ കരാര്‍ ലംഘിക്കുക എന്നത് ഒരു വിശ്വാസിക്ക് അനുവദനീയമല്ല. 

ഹുദൈബിയാ സന്ധിയുടെ വേളയില്‍ മക്കയില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച് കൊണ്ട് ആരെങ്കിലും മദീനയിലേക്ക് വന്നാല്‍ അവരെ മക്കയിലേക്ക് തിരിച്ചയക്കണമെന്നും, എന്നാല്‍ മദീനയില്‍ നിന്നും ആരെങ്കിലും മക്കയിലേക്ക് പോയാല്‍ അവരെ തിരിച്ചയക്കില്ല   എന്നും മക്കാ മുശ്'രിക്കുകള്‍ ഉപാധി വെച്ചു. തീര്‍ത്തും ഏകപക്ഷീയമായ ആ ഉപാധിയെ സ്വഹാബത്ത് ഒന്നടങ്കം എതിര്‍ത്തിട്ടും അല്ലാഹുവിന്‍റെ റസൂല്‍ അംഗീകരിച്ച് ഒപ്പുവെച്ചു. ഇതേ സമയം മക്കാ മുശ'രിക്കുകളില്‍ നിന്നും കരാര്‍ എഴുതാന്‍ വേണ്ടി വന്ന സുഹൈലിന്‍റെ മകന്‍ അബൂ ജന്‍ദല്‍ (റ) ചങ്ങലകളില്‍ ബന്ധനസ്ഥനായി അല്ലാഹുവിന്‍റെ റസൂലിന്‍റെ മുന്നില്‍ വന്നു വീണു. അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ട് അവശനായി തന്‍റെ മുന്നില്‍ വീണ അബൂജന്‍ദല്‍ (റ) വിനെ നോക്കി അല്ലാഹുവിന്‍റെ റസൂല്‍ അങ്ങേയറ്റം ദുഖിച്ചു. സ്വന്തം മകനെ ചൂണ്ടി സുഹൈല്‍ പറഞ്ഞു: 'ഇവന്‍റെ വിഷയത്തിലാണ് ഈ കരാര്‍ ഒന്നാമതായി പാലിക്കപ്പെടേണ്ടത്. നിറകണ്ണുകളോടെ വേദനയില്‍ പുളയുന്ന അബൂജന്‍ദല്‍ റസൂല്‍ കരീം (സ) യെ നോക്കിപ്പറഞ്ഞു: 'അല്ലയോ അല്ലാഹുവിന്‍റെ റസൂലേ, എന്നെ പീഡിപ്പിച്ച് എന്‍റെ വിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിച്ച് കളയാന്‍ ശ്രമിക്കുന്ന ഈ അവിശ്വാസികളിലേക്ക് അങ്ങെന്നെ വിട്ടുകൊടുക്കുകയാണോ'. അല്ലാഹുവിന്‍റെ റസൂല്‍ ഒന്ന് മൂളിയാല്‍ അബൂ ജന്‍ദലിനെ മോചിപ്പിക്കാന്‍ തയ്യാറായ ആളുകള്‍ അദ്ദേഹത്തിന്‍റെ കൂടെയുണ്ട്. പക്ഷെ അദ്ദേഹം അബൂ ജന്‍ദലിനോട് പറഞ്ഞത്: "ഞാനിതാ ഈ സമൂഹവുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നാം അവരെ വഞ്ചിക്കുകയില്ല. അബൂ ജന്‍ദല്‍ നീ ക്ഷമിക്കുക. അല്ലാഹുവില്‍ നിന്നും നീ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പ്രതിഫലം കാംക്ഷിക്കുക. അല്ലാഹു നിനക്കും നിന്നോടൊപ്പമുള്ളവര്‍ക്കും ഒരു വഴിയുണ്ടാക്കിത്തരും".

മാത്രമല്ല മുസ്‌ലിമീങ്ങളുമായി ഉടമ്പടിയില്‍ കഴിയുന്ന ഒരാളെ വധിക്കുന്നവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല എന്നാണ് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ചത്: 

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ ، وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا .

അബ്ദുല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ്വ് നിവേദനം: നബി (സ) പറഞ്ഞു: "ആരെങ്കിലും മുസ്‌ലിമീങ്ങളുമായി പരസ്പര ധാരണയോടെ ഉടമ്പടിക്കരാറില്‍ ജീവിക്കുന്ന ഒരാളെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അവനില്‍ നിന്നും നാല്പത് വര്‍ഷത്തെ വഴിദൂരം അകലെയായിരിക്കും അതിന്‍റെ പരിമളം പോലുമുള്ളത്" - [സ്വഹീഹുല്‍ ബുഖാരി: 3166]. 

അതെ നാം ചെയ്ത കരാര്‍ നാം ലംഘിക്കുകയില്ല. അതല്ലാഹുവിന്‍റെ റസൂല്‍ നമ്മെ പഠിപ്പിച്ച കാര്യമാണ്. അതുകൊണ്ട് ഈ രാജ്യത്തെ സഹിഷ്ണുതയും, മാനുഷിക മൂല്യങ്ങളും നിലനിര്‍ത്താന്‍ നാം പരിശ്രമിക്കുക. അതില്ലാതാക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക. ഇസ്‌ലാമിന്‍റെ പെരിലാവട്ടെ , ഇതര മതങ്ങളുടെ പേരിലാവട്ടെ അസഹിഷ്ണുതക്ക് വേണ്ടിയോ, വര്‍ഗീയ വിദ്വേഷങ്ങള്‍ക്കോ, കലാപങ്ങള്‍ക്കോ മുറവിളി കൂട്ടുന്നവരെ നിയമനടപടികള്‍ കൊണ്ടും, ആശയ സംഘട്ടനം കൊണ്ടും നേരിടുക... അതോടൊപ്പം കുളം കലക്കി മീന്‍പിടിക്കുന്നവരെയും നാം തിരിച്ചറിയുക...  സമാധാനപരമായ ആശയസംവാദങ്ങള്‍ക്കും, ആശയവിനിമയങ്ങള്‍ക്കും മതപ്രബോധനത്തിനും വര്‍ഗീയ പരിവേഷം നല്‍കി തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് അജണ്ടകളെ നാം തിരിച്ചറിയുക... അസഹിഷ്ണുതയുടെ പര്യായമായ അത്തരം പ്രവണതകളെ ചെറുക്കാന്‍ ഒരേ മനസ്സോടെ നമുക്കേവര്‍ക്കും സാധിക്കുമാറാകട്ടെ ...