Monday, November 23, 2015

പണയവ്യവസ്ഥയില്‍ അഥവാ കടത്തിന് ഈടായി വാങ്ങുന്ന വീടും കാറുമെല്ലാം ഉപയോഗിക്കല്‍ പലിശയാണ്.


الحمد لله ،  والصلاة والسلام على رسول الله ، وعلى آله وصحبه وبعد ؛

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരാറുള്ള ഒരിടപാടാണ് ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കുകയും ആ കടം തിരിച്ച് നല്‍കുന്നത് വരെ അയാളുടെ വീടോ, കാറോ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്ന രീതി. പണയ വ്യവസ്ഥയില്‍ താമസിക്കുക, ഉപയോഗിക്കുക എന്നെല്ലാമാണതിന് പൊതുവേ പറയുക. 

www.fiqhussunna.com

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് വിഷയത്തില്‍ കടന്നുവന്നേക്കാവുന്ന പദപ്രയോഗങ്ങളെ നാം പരിചയപ്പെടേണ്ടതുണ്ട്.

പണയവസ്തു : ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കുമ്പോള്‍ ഈടായി ആവശ്യപ്പെടുന്ന വസ്തു. ഇതിനാണ് ഭാഷാപരമായി നാം പണയവസ്തു എന്ന് പറയുന്നത്. അഥവാ (العين المهونة)

കര്‍മശാസ്ത്രത്തില്‍ പണയം എന്നതിന്‍റെ നിര്‍വചനം: "കടക്കാരനില്‍ നിന്നും കടം തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നാല്‍, പ്രസ്തുത വസ്തുവില്‍ നിന്നോ അതിന്‍റെ വിലയില്‍ നിന്നോ കടം തിരിച്ചുപിടിക്കാനെന്നോണം കടത്തിന് ഗ്യാരണ്ടിയായി (ഈടായി) ഒരു വസ്തു വാങ്ങിക്കുക."  അഥവാ (توثقة دين بعين) എന്നതാണ്.

[ഇത് മുന്‍പ് നമ്മള്‍ വിശദീകരിച്ചതാണ്. കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കാം : പണയവും അതിന്‍റെ നിയമങ്ങളും - ശൈഖ് മുഹമ്മദ്‌ ബിന്‍ ഇബ്രാഹീം അതുവൈജിരി (ഹ). ]

മുകളില്‍ നല്‍കിയ നിര്‍വചനത്തില്‍ നിന്നും മനസ്സിലാക്കാം പണയവസ്തു ഉപയോഗിക്കുക എന്നതല്ല മറിച്ച് പണം കടമായി  നല്‍കിയ ആള്‍ക്ക് അത് തിരിച്ച് ലഭിക്കുമെന്ന ഉറപ്പിനാണ് ഇസ്‌ലാംപണയം അഥവാ ഈടായി ഒരു വസ്തു വാങ്ങിക്കുന്നത് അനുവദിച്ചത്.

ഇനിയാണ് പണയവസ്തു ഉപയോഗിക്കാനായി ഒരാള്‍ക്ക് കടം നല്‍കുകയും, ശേഷം അയാള്‍ പണം തിരിച്ച് നല്‍കുമ്പോള്‍ പണയവസ്തു തിരികെ കൊടുക്കുകയും ചെയ്യുന്ന രീതി പലിശയാണോ എന്നത് നാം പരിശോധിക്കേണ്ടത്. ഉദാ: ഒരാള്‍ മറ്റൊരാള്‍ക്ക് 5 ലക്ഷം രൂപ നല്‍കുന്നു, പകരം അയാളുടെ വീട്ടില്‍ താമസിക്കുന്നു. ആ 5 ലക്ഷം തിരിച്ച് നല്‍കുമ്പോള്‍ വീട് ഒഴിഞ്ഞു കൊടുക്കുന്നു. കേരളത്തില്‍ പൊതുവെയും കോഴിക്കോട് ഭാഗങ്ങളില്‍ പ്രത്യേകിച്ചും കണ്ടുവരുന്ന ഒരു രീതിയാണിത്. ഇത് പലിശയാണ്. അപ്രകാരം ചെയ്യല്‍ അനുവദനീയമല്ല. വളരെ വ്യാപകമായ ഒരു ഇടപാടായതുകൊണ്ട് എങ്ങനെ അത് പലിശയാകുന്നു എന്നത് അല്പം വിശദമായിത്തന്നെ വിശദീകരിക്കാം.

അത് വിശദീകരിക്കുന്നതിന് മുന്‍പ് കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം മനസ്സിലാക്കുക അനിവാര്യമാണ്: كل قرض جر نفعا فهو ربا "നല്‍കിയ പണത്തെക്കാള്‍ അധികമായി വല്ല ഉപകാരവും (നിബന്ധനപ്രകാരം / മുന്‍ധാരണയോടെ) തിരിച്ച് ലഭിക്കുന്ന എല്ലാ കടവും പലിശയാണ്"

ഇത് ഫുളാല ബിന്‍ ഉബൈദ് (റ) , ഇബ്നു അബ്ബാസ് (റ) , ഇബ്നു ഉമര്‍ (റ), ഉബയ്യ് ബ്ന്‍ കഅബ് (റ) തുടങ്ങിയ സ്വഹാബിമാരില്‍ നിന്നെല്ലാം അത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. - [ഇമാം ബൈഹഖിയുടെ  ,  2056  / السنن الصغرى  നോക്കുക].

അഥവാ ഞാന്‍ ഒരാള്‍ക്ക് നല്‍കുകയും,  അയാളില്‍ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ധനത്തിന് കടം എന്നാണ് പറയുക. ആ കടത്തിന് പുറമേ വല്ല ഉപകാരമോ, പണമോ ഈടാക്കിയാല്‍ അത് പലിശയാണ്.

നമുക്കറിയാം ഒരാള്‍ ഒരു വീട്ടില്‍ താമസിച്ചാല്‍ ആ വീട്ടിന്‍റെ വാടക കൊടുക്കണം. എന്നാല്‍ പ്രസ്തുത ഇടപാടില്‍ നാം കടം നല്‍കി എന്ന  കാരണത്താല്‍ അതിന്‍റെ വാടക അയാള്‍ ഒഴിവാക്കിത്തരുന്നു.ഇത് ആ കടത്തിന് പുറമെ നാം അധികമീടാക്കുന്ന പലിശയാണ്.

അതുകൊണ്ടുതന്നെ താന്‍ ഈടായി വാങ്ങി വച്ച പണയ വസ്തു ഉപയോഗിക്കുന്നുവെങ്കില്‍, ആ ഉപയോഗത്തിന് വരുന്ന വില നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതല്ലെങ്കില്‍ തനിക്ക് തിരികെ ലഭിക്കാനുള്ള കടത്തില്‍ നിന്നും തന്‍റെ ഉപയോഗത്തിനനുസരിച്ചുള്ള സംഖ്യ കുറക്കുകയുമാകാം.

ഇമാം ഇബ്നു ഖുദാമ റഹിമഹുല്ല പറയുന്നു:


وإذا انتفع المرتهن بالرهن باستخدام أو ركوب أو لبس أو استرضاع أو استغلال أو سكنى أو غيره حسب من دينه بقدر ذلك. قال أحمد: يوضع عن الراهن بقدر ذلك لأن المنافع ملك الراهن فإذا استوفى فعليه قيمتها في ذمته للراهن فيتقاص القيمة وقدرها من الدين ويتسقاطان

"താന്‍ നല്‍കിയ കടത്തിന് ഈടായി പണയ വസ്തു വാങ്ങിക്കുന്ന വ്യക്തി അതില്‍ കയറിക്കൊണ്ടോ, ധരിച്ചുകൊണ്ടോ , പാല്‍ കറന്നുകൊണ്ടോ, ഉപയോഗിച്ചുകൊണ്ടോ, താമസിച്ചുകൊണ്ടോ ഒക്കെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ താന്‍ നല്‍കിയ കടത്തില്‍ നിന്നും ആ ഉപയോഗിച്ചത്തിനനുസരിച്ചുള്ള സംഖ്യ പിടിക്കപ്പെടും. ഇമാം അഹ്മദ് റഹിമഹുല്ല ഇപ്രകാരം പറഞ്ഞിരിക്കുന്നു: കടം വാങ്ങിയ വ്യക്തിയുടെ കടബാധ്യതയില്‍ നിന്നും താന്‍ (ഈടായി വാങ്ങിയ വസ്തു) ഉപയോഗിച്ചതിനനുസരിച്ചുള്ള  സംഖ്യ കുറക്കണം. കാരണം (ഈടായി വാങ്ങിയ വസ്തുവിന്‍റെ) ഉപകാരങ്ങള്‍ അയാളുടെ ഉടമസ്ഥതയിലുള്ളതാണ്. അയാളുടെ ഉടമസ്ഥതയിലുള്ളത് താന്‍ പ്രയോജനപ്പെടുത്തിയാല്‍ അതിന്‍റെ വില നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതുകൊണ്ടുതന്നെ താന്‍ പ്രയോജനപ്പെടുത്തിയതിന് നല്‍കേണ്ട വില അയാള്‍ തനിക്ക് നല്‍കാനുള്ള കട ബാധ്യതയില്‍ നിന്നും കുറക്കുകയും താന്‍ ഉപയോഗിച്ചതിനനുസരിച്ച് കടബാധ്യത ഇല്ലാതാകുകയും ചെയ്യും. " - [അല്‍മുഗ്നി :  4/468].

അഥവാ പണയവസ്തു ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്‍റെ ഉടമസ്ഥന് താന്‍ ആ ഉപയോഗത്തിന്‍റെ തോതനുസരിച്ചുള്ള വിലനല്കണം എന്നര്‍ത്ഥം. എന്നാല്‍ താന്‍ നല്‍കിയ കടത്തിന്‍റെ പേരില്‍ പണയവസ്തു ഉപയോഗിക്കുന്നുവെങ്കില്‍ അത് പലിശയായി മാറും എന്നര്‍ത്ഥം.

ലജ്നതുദ്ദാഇമയുടെ ഫത്
വായില്‍ ഇപ്രകാരം കാണാം: 

إن كانت هذه الأرض المرهونة رهنت في دين قرض ، فإنه لا يجوز للمرتهن الانتفاع بها مطلقا ؛ لكونه قرضا جر نفعا ، وكل قرض جر نفعا فهو ربا بإجماع أهل العلم

"ഈ പറഞ്ഞഭൂമി കടമിടപാടിന് ഈടായി നല്‍കിയതാണെങ്കില്‍, ഈടായി പണയവസ്തു വാങ്ങിയ വ്യക്തിക്ക്  (അഥവാ കടം നല്‍കിയ ആള്‍ക്ക്) നിരുപാധികം അത് ഉപയോഗിക്കാന്‍ പാടില്ല. കാരണം അത് നല്‍കിയ പണത്തേക്കാള്‍ അധികമായി വല്ല ഉപകാരവും ഈടാക്കുന്ന കടത്തിന്‍റെ ഇനത്തിലാണ് പെടുക. നല്‍കിയതിനേക്കാള്‍ കൂടുതല്‍ വല്ല ഉപകാരവും ഈടാക്കുന്ന കടങ്ങളെല്ലാം പലിശയാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇജ്മാഅ് ഉണ്ട്" - [14/176-177].

മാത്രമല്ല ഇമാം ബുഖാരി ഉദ്ദരിക്കുന്ന ഹദീസില്‍ റസൂല്‍ (സ) പറയുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " الظهر يُرْكَبُ بِنَفَقَتِهِ إِذَا كَانَ مَرْهُونًا، وَلَبَنُ الدَّرِّ يُشْرَبُ بِنَفَقَتِهِ إِذَا كَانَ مَرْهُونًا ، وَعَلَى الَّذِي يَرْكَبُ وَيَشْرَبُ النَّفَقَةُ "

അബൂഹുറൈറ (റ) വില്‍ നിന്നും  നിവേദനം: റസൂല്‍ (സ) പറഞ്ഞു: "(ഒട്ടകം കുതിര തുടങ്ങിയവ) ഈട് അഥവാ പണയവസ്തു ആണെങ്കില്‍ അതിന് ചിലവിന് കൊടുക്കുന്ന തോതനുസരിച്ച് അതിന്‍റെ പുറത്തുകയറാം. (കറവമൃഗം) ഈട് അഥവാ പണയവസ്തു ആണെങ്കില്‍ അതിന് ചിലവിന് കൊടുക്കുന്ന തോതനുസരിച്ച് പാല്‍ കുടിക്കാം. അതിനെ സഞ്ചാരത്തിനോ, പാല്‍ കുടിക്കാനോ ഉപയോഗിക്കുന്നവന്‍ ആരോ അവനാണ് അതിന് ചിലവിന് നല്‍കേണ്ടത്." - [ബുഖാരി : 2377].

അഥവാ കടത്തിന് ഈടായി നല്‍കിയ പണയവസ്തു ഒട്ടകമാണെങ്കില്‍ അതിന്‍റെ ചിലവ് യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടത് ആ ഒട്ടകത്തിന്‍റെ ഉടമസ്ഥനാണ്. എന്നാല്‍ ഈട് വാങ്ങിയ ആള്‍ അതിന് ചിലവിന് കൊടുക്കുകയാണ് എങ്കില്‍ ആ ചിലവിന് കൊടുക്കുന്ന തോതനുസരിച്ച് ഉള്ള ഉപകാരം അയാള്‍ക്ക് ഉപയോഗിക്കാം. ഇതാണ് റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്‌.

അഥവാ ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കുകയും അതിന് ഈടായി ഒരു പശുവിനെ സ്വീകരിക്കുകയും ചെയ്‌താല്‍ ആ പശുവിന് ചിലവിന് കൊടുക്കുന്നതിന് തുല്യമായ അളവില്‍ അയാള്‍ക്ക് പാല്‍ കറക്കാം. എന്നാല്‍ അതില്‍കൂടുതല്‍ കറക്കുന്നുവെങ്കില്‍ അതിനുള്ള വില നല്‍കണം. അതുപോലെ ഒരാള്‍ ഈടായി സ്വീകരിച്ചത് ഒരു വീടാണ് എങ്കില്‍ അതില്‍ താമസിക്കുന്നതിന് അത്തരത്തിലുള്ള ഒരു വീട്ടില്‍ താമസിക്കുന്നതിന്‍റെ വില അഥവാ വാടക നല്‍കണം. കാരണം പശുവിന് ഭക്ഷണം നല്‍കുന്ന പോലെ ചിലവിന് നല്‍കേണ്ട സാഹചര്യം വീടിന്‍റെ വിഷയത്തില്‍ ഇല്ല. ചിലവിന് നല്‍കേണ്ട സാഹചര്യം ഉള്ള വിഷയത്തില്‍ത്തന്നെ ആ തോതനുസരിച്ച് മാത്രം ഉപകാരമെടുക്കാം എന്നത് നേരത്തെ വ്യക്തമാക്കിയല്ലോ.

ഇനി പലപ്പോഴും പലരും ഇതുമായി ബന്ധപ്പെട്ട് പലരും പറയാറുള്ള ന്യായീകരണങ്ങളും അതിനുള്ള മറുപടിയുമാണ്‌ താഴെ :

ഒന്ന്‍: 'പരസ്പരം തൃപ്തിപ്പെട്ടുകൊണ്ടാണ് ഇത് ചെയ്യുന്നത്. അതിനാല്‍ കുഴപ്പമില്ല'. ഇതാണ് ഒരു ന്യായം. പക്ഷെ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. പരസ്പരം തൃപ്തിപ്പെട്ടതുകൊണ്ട് പലിശ അനുവദനീയമാകുകയോ, ഹറാമായ ഇടപാട് ഹലാലാകുകയോ ചെയ്യുകയില്ല.

രണ്ട്: നബി (സ) അദ്ദേഹത്തിന്‍റെ പടയങ്കി ജൂതന്‍റെ കൈവശം പണയം വച്ച് ഭക്ഷണം കടം വാങ്ങിയതായി ഹദീസില്‍ ഇല്ലേ. ജൂതന്‍ അത് ഉപയോഗിക്കാന്‍ വേണ്ടിയല്ലേ വാങ്ങിയിട്ടുണ്ടാവുക. ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. അപ്രകാരം സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. പക്ഷെ പണയത്തിന്‍റെ ശറഇയായ ഉദ്ദേശം അറിയാത്തതുകൊണ്ടാണ്‌ ഈ സംശയം ഉടലെടുത്തത്. കടം തിരിച്ചു നല്‍കാത്ത പക്ഷം ആ കടം ഈടാക്കാന്‍ വേണ്ടിയാണ് ഈട് നല്‍കുന്നത്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. രണ്ടാമതായി യുദ്ധം ചെയ്യുക എന്നതാണല്ലോ ഒരു പടയങ്കിയുടെ ഉപയോഗം. റസൂല്‍ (സ) യുദ്ധം ചെയ്യുവാനായി ഒരു ജൂതന് തന്‍റെ പടയങ്കി നല്‍കില്ല. അതുകൊണ്ടുതന്നെ അപ്രകാരം വാദിക്കുന്നതില്‍ അര്‍ത്ഥമില്ല. കടത്തിന് ഈടായി ആ കടം ഈടാക്കാന്‍ പ്രാപ്തമായ ഒരു വസ്തു നല്‍കുക മാത്രമാണ് ചെയ്തത്.

മൂന്ന്: മറ്റു ചിലര്‍ തങ്ങള്‍ വാടക നല്‍കുന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി വളരെ തുച്ഛമായ വാടക നിശ്ചയിക്കുന്നത് കാണാം. ഉദാ: മുവായിരം രൂപ നാട്ടുനടപ്പനുസരിച്ച് വാടക വരുന്ന വീടിന് പണയവ്യവസ്ഥയില്‍ 500 രൂപ വാടക നിശ്ചയിച്ച് ഇടപാട് നടത്തുകയാണ് എങ്കില്‍ അതും നിഷിദ്ധമാണ്. ഹറാമുകള്‍ മറികടക്കാന്‍ തന്ത്രം പ്രയോഗിക്കുക എന്നുള്ളത് നേരിട്ട് ഹറാമുകള്‍ ചെയ്യുന്നതിനേക്കാള്‍ കുറ്റകരമാണ്. മറിച്ച് പണയവസ്തു ഉപയോഗിക്കുന്നയാള്‍ നാട്ടുനടപ്പനുസരിച്ച് അതിന് നല്‍കേണ്ട മിനിമം വാടക നല്‍കേണ്ടതുണ്ട്.

ഇനി ഇന്ന് നടക്കുന്ന ഇതൊനോട് സമാനമായ മറ്റൊരു ഇടപാട് കൂടി പറയാം. അതും നിഷിദ്ധമാണ്.

അഥവാ വാടകക്കോ മറ്റോ, ഫ്ലാറ്റ്, വീട്, കാറ് ഒക്കെ എടുക്കുന്ന സമയത്ത് സാധാരണ നാട്ടുനടപ്പനുസരിച്ച് നിലവിലുള്ള സെക്യൂരിറ്റി തുകയെക്കാള്‍ കൂടുതല്‍ ഓണര്‍ക്ക് നല്‍കിയാല്‍ അദ്ദേഹം വാടകയില്‍ ഇളവ് നല്‍കും. ഇതും നിഷിദ്ധമാണ്. കാരണം സെക്യൂരിറ്റിയായി നിക്ഷേപിക്കുന്ന പണം ഒരര്‍ത്ഥത്തില്‍ കടമാണ്. കാരണം ആ പണം ഇടപാടുകാരന് തിരിച്ചുകൊടുക്കാന്‍ ഓണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ താന്‍ കൂടുതല്‍ പണം കടമായി നല്‍കുക വഴി വാടകയില്‍ ഇളവ് ചെയ്തുകിട്ടും എന്ന് മാത്രം. സ്വാഭാവികമായും ആ ഇളവ് പലിശയാണ്.

ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കുകയും തിരിച്ച് ആവശ്യപ്പെടുകയും ചെയ്യുന്ന ധനം ആണ് കടം. ആ കടത്തിന് പുറമെ, മുന്‍ധാരണപ്രകാരം ഈടാക്കുന്ന എല്ലാ ഉപകാരങ്ങളും പലിശയാണ്.

നിഷിദ്ധമായ ഇടപാടുകളില്‍നിന്നും വിട്ടു നില്‍ക്കാന്‍ നമുക്കേവര്‍ക്കും 
അല്ലാഹു തൗഫീഖ് നല്‍കട്ടെ .....


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ