Monday, November 2, 2015

ദീനിനും ദുനിയാവിനും കൂടുതല്‍ ഉചിതമായതേത് എന്നത് നോക്കി വോട്ട് ചെയ്യല്‍ കുഫ്റല്ല.

إن الحمد لله ، نحمده ونستعينه ونستغفره ونعوذ بالله من شرور انفسنا ومن سيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له وأشهد أن محمدا عبده ورسوله صلى الله عليه وعلى آله وصحبه وسلم..

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തിന്മകള്‍ എതിര്‍ക്കപ്പെടണം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ആ തിന്മകള്‍ ഉണ്ട് എന്ന കാരണത്താല്‍ കണ്ണടച്ച് രാഷ്ട്രീയരംഗത്ത് മുസ്ലിമീങ്ങള്‍ നടത്തുന്ന എല്ലാ ഇടപെടലുകളും എതിര്‍ക്കപ്പെടണം എന്നുണ്ടോ ?!. വോട്ട് ചെയ്യുന്നത് ശിര്‍ക്കും കുഫ്റും ആണ് എന്നും അതിനാല്‍ അതില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണം എന്നുമാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം ഈ വാദം തീര്‍ത്തും അപകടകരമാണ്.

www.fiqhussunna.com

ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ജീവിക്കുന്ന വിശ്വാസികള്‍ക്ക് വോട്ട് ചെയ്യാന്‍ പണ്ഡിതന്മാര്‍ അനുവദിച്ചിട്ടുണ്ട്. മറിച്ച് ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയരംഗത്തെ മുസ്ലിമീങ്ങളുടെ സാന്നിധ്യം അനിവാര്യമാണ് എന്ന് പോലും പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. ജീവിതസാഹചര്യംകൊണ്ട് അതനുഭവിച്ചറിഞ്ഞവര്‍ കൂടിയാണ് നാം.  നമ്മുടെ നാട്ടിലെ സലഫീ പ്രബോധനത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ച, കെ എം മൗലവി (رحمه الله), ഉമര്‍ മൗലവി (رحمه الله), അബ്ദുസ്സമദ് കാത്തിബ് (رحمه الله) തുടങ്ങിയവര്‍ ഇതില്‍ ഒരു വിശ്വാസിക്ക് ഉണ്ടാകേണ്ട നിലപാട്  കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. 

 അല്ലാഹുവിന്‍റെ തൗഫീഖ് കൊണ്ട് അവര്‍ നടത്തിയ പ്രയത്നത്തിന്‍റെയും, യുക്തിസഹചമായ തീരുമാനത്തിന്‍റെയും  ഫലമായി ലഭിച്ച അവകാശങ്ങളും, പ്രബോധന സ്വാതന്ത്ര്യവും  അനുഭവിച്ചറിയുകയും, അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ചിലര്‍, അവരുടെ   നിലപാട് കുഫ്റിന് കുടപിടിക്കുന്ന നിലപാടായിരുന്നു എന്ന് പ്രചരിപ്പിക്കുകയും വാദിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഏറെ അത്ഭുതമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ മുസ്‌ലിമീങ്ങളുടെ കുഴിമാടം തോണ്ടുകയാണ് ഇവര്‍ ചെയ്യുന്നത്.

കേരളത്തിലെ സലഫീ പണ്ഡിതര്‍ ആയാലും, സൗദി അറേബ്യയിലെ ഇന്ന് ജീവിച്ചിരിക്കുന്നവരും മരണപ്പെട്ട് പോയവരുമായ പണ്ഡിതന്മാര്‍ ആയാലും, ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ തങ്ങളുടെ ദീനിനും ദുനിയാവിനും ഗുണകരമായ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉപയോഗപ്പെടുത്തണം എന്ന് പഠിപ്പിച്ചിട്ടുണ്ട്. അത് വാജിബാണ്‌ എന്ന് വരെ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയെപ്പോലുള്ള പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്.

ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ നിരുപാധികം ജനാധിപത്യ രംഗത്ത് പ്രവര്‍ത്തിക്കാം എന്ന് പറയുന്നതും, നിരുപാധികം പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് പറയുന്നതും തെറ്റായ വാദങ്ങളാണ്. "ഒന്നാമതായി തന്‍റെ ദീനിനും, രണ്ടാമതായി തന്‍റെ ദുനിയാവിനും ഗുണകരമാകുകയും പ്രയോജനപ്പെടുകയും ചെയ്യണം" എന്ന ലക്ഷ്യത്തോടെ ഒരു വിശ്വാസിക്ക് അതില്‍ ഭാഗവാക്കാകാം എന്നതാണ് അതിലുള്ള ശരിയായ നിലപാട്.  ഇതായിരിക്കണം ആ വിഷയത്തിലുള്ള മാനദണ്ഡം. ഈ തത്വം ശൈഖ് സ്വാലിഹ് അല്ലുഹൈദാന്‍ പരാമര്‍ശിക്കുന്നുണ്ട്:


ലിബിയയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അവിടെ വോട്ട് ചെയ്യല്‍ നിഷിദ്ധമാണ് എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. തങ്ങള്‍ എന്ത്‌ നിലപാട് എടുക്കണം എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം പറയുന്നു: "നിങ്ങളുടെ ദീനിനും ദുനിയാവിനും ഏറ്റവും ഗുണകരമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ആള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്തുകൊള്ളുക." - [https://www.youtube.com/watch?v=o7x7-h4Z73s ].

ജമാഅത്തെ ഇസ്‌ലാമിക്ക് മറുപടിയായി  ഇതേ കാര്യം സൂചിപ്പിച്ചുകൊണ്ട് കെ എം മൗലവി റഹിമഹുല്ല പറയുന്നു: "മുസ്ലിംകളില്‍ പ്രാപ്തിയും നീതി നിഷ്ടയുമുള്ളവരെല്ലാം മാറി നില്‍ക്കുന്ന പക്ഷം, നാട്ടില്‍ പൊതുവേ അനീതിയും, അക്രമപരമായ നിയമങ്ങള്‍ മൂലം മുസ്ലിംകള്‍ക്ക് തന്നെ കൂടുതല്‍ ദ്രോഹങ്ങളും അനുഭവിക്കേണ്ടതായി വരുന്നതാണ്" - [അല്‍മനാര്‍ - 1963 പുസ്തകം: 04 - ജമാഅത്തെ ഇസ്‌ലാമിയും ഇബാദത്തും].

ഇറാഖിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടെ അഹ്ലുസ്സുന്നയുടെ ആളുകള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം എന്ന് പറഞ്ഞപ്പോള്‍, അതിനെ വിമര്‍ശിച്ചുകൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആള്‍ക്ക് സൗദി  ഗ്രാന്‍ഡ്‌ മുഫ്തി അബ്ദുല്‍ അസീസ്‌ ആലു ശൈഖ് ഹഫിദഹുല്ല നല്‍കിയ മറുപടി: "എന്‍റെ സഹോദരാ .. അബൂ അഹ്മദ് ...    അഹ്ലുസ്സുന്ന വല്‍ ജമാഅ നന്മയുടെ വക്താക്കളും, നല്ല രൂപത്തില്‍ ചിന്തിക്കുന്നവരും, സദുദ്ദേശമുള്ളവരുമാണ്. അവര്‍ അവരുടെ വീടുകളില്‍ ചടഞ്ഞിരിക്കുകയും, കാര്യങ്ങള്‍ മറ്റുള്ളവര്‍ അവര്‍ക്കിഷ്ടമുള്ള രൂപത്തില്‍ കളിക്കുവാന്‍ വിട്ടുകൊടുക്കുകയും ചെയ്‌താല്‍ എന്തായിരിക്കും... തനിക്ക് എല്ലാ കാര്യങ്ങളും നേടിയെടുക്കാന്‍ കഴിയുമെന്ന ധാരണയോടെയല്ല  ഒരാള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. തന്നാലാവുന്നത്ര നന്മക്ക് വേണ്ടി പ്രയത്നിക്കാം എന്ന നിലക്കാണ് അവന്‍ പങ്കെടുക്കുന്നത്. ഒരു വാക്കുകൊണ്ടെങ്കിലും ഇസ്‌ലാമിനെ ഒരാള്‍ സഹായിക്കുകയാണെങ്കില്‍ അവന് അല്ലാഹു കരുണ ചെയ്യട്ടെ.... സത്യസന്ധനായ ഒരു മുസ്‌ലിം.... ആ സത്യസന്ധനായ ഒരാള്‍ മതി കള്ളന്മാരായ ആയിരക്കണക്കിന് പേര്‍ക്ക് മുന്നില്‍ സധൈര്യം നില്‍ക്കാന്‍..... വിഷയം സത്യസന്ധമായ നിയ്യത്തുണ്ടോ എന്നതാണ്.... തിരഞ്ഞെടുപ്പില്‍ ഒരാള്‍ പങ്കെടുക്കുന്നത് നന്മ ഉദ്ദേശിച്ചുകൊണ്ടാണ് എങ്കില്‍,,, കാര്യങ്ങള്‍ നല്ല ഗതിയിലാക്കണം എന്ന ഉദ്ദേശത്തോടെയല്ലാതെ അവന്‍ അതില്‍ ഭാഗവാക്കായിട്ടില്ല എന്നത് അല്ലാഹുവിനറിയാം.... തന്നാലാവുന്ന രൂപത്തില്‍ കാര്യങ്ങള്‍ ശരിയാക്കുകയും, നന്മ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ അവന് അല്ലാഹുവിന്‍റെ തൗഫീഖ് ഉണ്ടാകും..... അല്ലാതെ നമ്മള്‍ മുഖംതിരിച്ച് നിന്ന്, മതി ഇനിയൊന്നും വേണ്ട, അവരവിടെയുള്ളതിനാല്‍   നാമൊന്നും ചെയ്യുന്നില്ല എന്ന് പറയുകയല്ല വേണ്ടത്.... നമ്മള്‍ പങ്കെടുക്കുകയും, നമ്മളാലാവുന്ന നന്മ ചെയ്യുകയും, വക്രതകളില്ലാത്ത ഒരു തിരഞ്ഞെടുപ്പ് നടക്കാന്‍ നമ്മളാലാവുന്ന എല്ലാ പരിശ്രമങ്ങളും ചെയ്യുകയുമാണ് വേണ്ടത്...... നല്ല ചിന്തയും, നല്ല ഉദ്ദേശവുമുള്ള നല്ല വ്യക്തിത്വങ്ങള്‍ക്ക് അവിടെ സ്ഥാനമുണ്ടാകണം.,,,, അവരല്ലാത്ത ചീത്ത ആളുകള്‍ ആ സ്ഥാനങ്ങളില്‍ കടന്നുകൂടാതിരിക്കാനാണത്..... നല്ല ആളുകള്‍ പിന്നോട്ടടിക്കുകയും മറ്റുള്ളവര്‍ക്ക് അവസരം തുറന്നിടുകയും ചെയ്‌താല്‍,,, പിന്നെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കില്ല.... അവര്‍ ആര്‍ക്കും വേണ്ടാത്തവരാകും.... ഒരു ശബ്ദവും അവര്‍ക്ക് പിന്നീട് ഉണ്ടാവുകയില്ല. "  - [https://www.youtube.com/watch?v=tisT1_E1fEU ].

ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന നാട്ടില്‍  രാഷ്ട്രീയ സാന്നിദ്ധ്യം നിര്‍ബന്ധമാണ്‌ എന്ന് സൂചിപ്പിച്ചുകൊണ്ട്  തിരഞ്ഞെടുപ്പില്‍ ഭാഗവാക്കാകുന്നതിനെ സംബന്ധിച്ച് ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല നല്‍കുന്ന മറുപടി. :
"തിരഞ്ഞെടുപ്പില്‍ ഭാഗവാക്കാകല്‍ നിര്‍ബന്ധമാണ്‌ എന്നതാണ് എന്‍റെ കാഴ്ചപ്പാട്. നന്മയുണ്ട് എന്ന് നമുക്ക് തോന്നുന്ന ആളുകളെ നാം തിരഞ്ഞെടുക്കേണ്ടതുണ്ട്. കാരണം നന്മയുള്ളവര്‍ അതില്‍ നിന്നും വിട്ടു നിന്നാല്‍ പിന്നെ ആരായിരിക്കും അവരുടെ സ്ഥാനത്ത് കടന്നുവരുന്നത് ?!. സ്വാഭാവികമായും അത് ശര്‍റിന്‍റെ (തിന്മയുടെ) ആളുകളായിരിക്കും. അതല്ലെങ്കില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത,  ഗുണമോ ദോശമോ ഒന്നുമില്ലാത്ത, ശബ്ദമുയര്‍ത്തുന്ന ആരുടെ പിന്നിലും അണിനിരക്കുന്ന രൂപത്തിലുള്ള ആളുകളായിരിക്കും.  അതുകൊണ്ടുതന്നെ നിര്‍ബന്ധമായും നന്മയുണ്ടെന്ന് തോന്നുന്ന ആളെ നാം തിരഞ്ഞെടുക്കണം. ഇനി 'നമ്മള്‍ അങ്ങനെയുള്ള ഒരാളെ തിരഞ്ഞെടുത്തിട്ടെന്താ ?!, പാര്‍ലമെന്‍റ് മുഴുവനും അതിന് വിപരീതമായിട്ടുള്ളവരല്ലേ എന്ന് ആരെങ്കിലും പറയുകയാണ്‌ എങ്കില്‍, അവനോട് നമുക്ക് പറയാനുള്ളത്: അങ്ങനെയായെന്നിരിക്കട്ടെ, എങ്കിലും ഈ ഒരാളില്‍ അല്ലാഹു ബര്‍ക്കത്ത് ചൊരിയുകയും, അയാള്‍ ആ പാര്‍ലമെന്റില്‍ ഹഖിന്‍റെ ശബ്ദം ഉയര്‍ത്തുകയും ചെയ്‌താല്‍ അതിനൊരു പ്രതിഫലനമുണ്ടാകും. അത് തീര്‍ച്ചയാണ്. പക്ഷെ നമ്മുടെ പ്രശ്നം അല്ലാഹുവോടുള്ള സ്വിദ്ഖിന്‍റെ വിഷയത്തില്‍ നാമല്പം പിന്നിലാണ്. ഭൗതിക കാര്യങ്ങളെയാണ് നാമാശ്രയിക്കുന്നത്. അല്ലാഹുവിന്‍റെ കലിമത്തിനെ പലപ്പോഴും നാം പരിഗണിക്കുന്നില്ല..  എങ്കിലും ഞാന്‍ പറയുന്നു: പാര്‍ലമെന്റില്‍ വളരെ കുറച്ച് പേര്‍ മാത്രമേ സത്യത്തിന്‍റെ വക്താക്കളായുള്ളൂ എങ്കിലും അവരുടെ സാന്നിധ്യം ഗുണം ചെയ്യും. പക്ഷെ അവര്‍ അല്ലാഹുവിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരായിരിക്കണം.  ഇനി ചിലര്‍ ഇങ്ങനെ പറയാറുണ്ട്: പാര്‍ലമെന്‍റ് നിഷിദ്ധമാണ്.  ഫാസിഖീങ്ങള്‍ക്കൊപ്പമുള്ള ഇരുത്തമോ അവരോടൊപ്പം പങ്കാളികളാകുന്നതോ അനുവദനീയമല്ല. (അവരോട് തിരിച്ച് ചോദിക്കാനുള്ളത്) : ആ ഫാസിഖീങ്ങളോട് യോജിക്കാനാണോ നാം അവരോടൊപ്പം ഇരിക്കുന്നത് ?!. അല്ല. മറിച്ച് അവര്‍ക്ക് നേരായ വശം വ്യക്തമാക്കിക്കൊടുക്കാനാണ് നാം ഇരിക്കുന്നത്. ചില പണ്ഡിത സുഹൃത്തുക്കള്‍ പറയുന്നത്: പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ പാടില്ല എന്നാണ്. കാരണം ദീനീബോധമുള്ള ഇയാള്‍ എങ്ങനെയാണ് വഴിപിഴച്ചവര്‍ക്കൊപ്പം ഇരിക്കുക ?. അവരോട് തിരിച്ച് പറയാനുള്ളത്: അയാള്‍ അവിടെ ഇരിക്കുന്നത് ആ വഴികേടുകള്‍ പിന്തുടരുക എന്ന ഉദ്ദേശത്തോടെയാണോ, അതോ അവരുടെ പിഴവുകള്‍ തിരുത്തണമെന്ന ഉദ്ദേശത്തോടെയാണോ ?!. ഇപ്രാവശ്യം അതിനദ്ദേഹത്തിനത്  തിരുത്താന്‍ സാധിച്ചില്ലെങ്കിലും അടുത്ത തവണ സാധിച്ചെന്ന് വരാം ...  [ശൈഖിന്‍റെ ശബ്ദം വിവര്‍ത്തനം ചെയ്തത്: https://www.youtube.com/watch?v=dS9YKfMhq6U ].


നാം മുകളില്‍ സൂചിപ്പിച്ച അതേ മാനദണ്ഡം ആവര്‍ത്തിച്ചുകൊണ്ട്  ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ നേതൃത്വത്തില്‍ ലജ്നതുദ്ദാഇമ ഈ വിഷയത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള ഫത്'വ :

ചോദ്യം: ഞങ്ങളുടെ രാജ്യം അല്ലാഹുവിന്‍റെ ഹുക്മു കൊണ്ടല്ലാതെ ഭരിക്കുന്ന രാഷ്ട്രമാണ്. ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും, വോട്ട് ചെയ്യാനും പാടുണ്ടോ ?.

ഉത്തരം: അല്ലാഹുവിന്‍റെ ഹുക്മു കൊണ്ടല്ലാതെ ഭരിക്കുകയും, അല്ലാഹുവിന്‍റെ ശരീഅത്തുകൊണ്ടല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്‍റെ നയങ്ങളില്‍ അത് അതേ പടി അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന ഉദ്ദേശത്തോടെ ഒരു മുസ്‌ലിമിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല. ഒരു മുസ്‌ലിമിന് സ്വയം അതില്‍ മത്സരിക്കാനോ, ആ ഭരണകൂടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരാളെ അതിനുവേണ്ടി തിരഞ്ഞെടുക്കാനോ പാടില്ല.

എന്നാല്‍ അവന്‍ സ്വയം മത്സരിക്കുന്നതോ, മറ്റൊരാളെ തിരഞ്ഞെടുക്കുന്നതോ ആ വ്യവസ്ഥിതിയില്‍ കയറിയ ശേഷം ശരീഅത്തനുസരിച്ച് നിയമങ്ങള്‍ നടപ്പാക്കുന്ന രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനോ, ഭരണസംവിധാനത്തിന്‍റെ പ്രവര്‍ത്തന രീതിയെ  മാറ്റിമറിക്കാനുള്ള വസീലയായോ ആണ് എങ്കില്‍ അത് അനുവദനീയമാണ്. അത്തരം സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നയാള്‍ അതില്‍ പ്രവേശിച്ച ശേഷം ശറഇയ്യായി നിഷിദ്ധമല്ലാത്ത മേഖലകളിലല്ലാതെ പ്രവര്‍ത്തിക്കരുത്."
-  [ഫത്'വയില്‍ ഒപ്പ് വച്ചവര്‍:  ശൈഖ് അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ് റഹിമഹുല്ല, അബ്ദുറസാഖ് അഫീഫി ഹഫിദഹുല്ല, അബ്ദല്ല ബിന്‍ ഗുദയ്യാന്‍ റഹിമഹുല്ല, അബ്ദല്ല ബിന്‍ ഖഊദ് റഹിമഹുല്ല. ഫത്'വയുടെ അറബി ലഭിക്കാന്‍: http://www.alifta.net/fatawa/fatawaDetails.aspx?BookID=3&View=Page&PageNo=6&PageID=9157&languagename= ].

ഇതുതന്നെയാണ് കെ എം മൗലവി റഹിമഹുല്ലയും പഠിപ്പിച്ചത്: "മുസ്ലിംകളില്‍ പ്രാപ്തിയും നീതി നിഷ്ടയുമുള്ളവരെല്ലാം മാറി നില്‍ക്കുന്ന പക്ഷം, നാട്ടില്‍ പൊതുവേ അനീതിയും, അക്രമപരമായ നിയമങ്ങള്‍ മൂലം മുസ്ലിംകള്‍ക്ക് തന്നെ കൂടുതല്‍ ദ്രോഹങ്ങളും അനുഭവിക്കേണ്ടതായി വരുന്നതാണ്" - [അല്‍മനാര്‍ - 1963 പുസ്തകം: 04 - ജമാഅത്തെ ഇസ്‌ലാമിയും ഇബാദത്തും].

അള്‍ജീരിയയില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതേ മാനദണ്ഡം  ശൈഖ് അല്‍ബാനി റഹിമഹുല്ലയും ആവര്‍ത്തിക്കുന്നത് കാണാം: "സ്ഥാനാര്‍ഥികളില്‍ ഇസ്‌ലാമിനോട് ശത്രുതയുള്ളവരും, ഇസ്‌ലാമിനോട് കൂറുള്ള എന്നാല്‍ വ്യത്യസ്ഥ പാര്‍ട്ടികളിലും മന്‍ഹജിലുമുള്ള ആളുകളുമുണ്ടെങ്കില്‍ വോട്ട് ചെയ്യാം. - ഇത്തരം ഒരു സാഹചര്യത്തില്‍- മുസ്‌ലിം സ്ഥാനാര്‍ഥികളെ നോക്കിയും, അവരില്‍നിന്നുതന്നെ ശരിയായ മന്‍ഹജിനോട് ഏറ്റവും അടുപ്പമുള്ളവരെ നോക്കിയും ഓരോ മുസ്‌ലിമും തിരഞ്ഞെടുക്കേണ്ടതാണ്." - [അല്‍മജല്ല അസ്സലഫിയ്യ - ലക്കം 3 - പേജ് 29].

അതുപോലെ മുഹദ്ദിസുല്‍ മദീന ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് ഹഫിദഹുല്ല പറയുന്നു : " മുസ്‌ലിമീങ്ങള്‍ ആ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത് അവര്‍ക്ക് ഗുണകരമാകുമെന്നുണ്ടെങ്കില്‍ അവര്‍ അതില്‍ പങ്കെടുക്കട്ടെ. അവര്‍ പങ്കാളികളാകുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടമോ, ദോശമോ ഒന്നുമില്ലെങ്കില്‍ അവര്‍ പങ്കെടുക്കേണ്ടതില്ല. ഇനി അവര്‍ തിരഞ്ഞെടുപ്പില്‍ ഭാഗവാക്കാകുന്നത് മുസ്ലിമീങ്ങളോട് വലിയ ശത്രുതയുള്ളവരെ അകറ്റി ശത്രുത കുറഞ്ഞവരെ തിരഞ്ഞെടുക്കാന്‍ സഹായകമാകുമെങ്കില്‍ (ശത്രുത കുറഞ്ഞ) കാഫിരീങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യാം, ഏതുപോലെ , മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്ന അമുസ്‌ലിം രാഷ്ട്രങ്ങളില്‍ ചിലപ്പോള്‍ തിരഞ്ഞെടുപ്പ് രണ്ട് അവിശ്വാസികള്‍ തമ്മിലായിരിക്കും. അതിലൊരാള്‍ മുസ്‌ലിമീങ്ങളോട് വലിയ ശത്രുതയും പകയുമുള്ള ആളായിരിക്കും. അയാള്‍ അധികാരത്തിലെത്തിയാല്‍ മുസ്‌ലിമീങ്ങളെ ഉപദ്രവിക്കുകയും അവരുടെ ആരാധനാകര്‍മ്മങ്ങള്‍ യഥാവിധം അനുഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കുകയും ചെയ്യും.  എന്നാല്‍ മറ്റേയാള്‍, അപ്രകാരമല്ല. അയാള്‍ മുസ്ലിമീങ്ങളോട് സഹിഷ്ണുതയുള്ളയാളാണ്. അയാള്‍ക്ക് മുസ്‌ലിമീങ്ങളോട് പകയില്ല. മുസ്‌ലിമീങ്ങള്‍ അവരുടെ ഈമാനിന്‍റെ തലത്തില്‍ വ്യത്യസ്ഥ തട്ടിലാണ് എന്നത് പോലെ കുഫ്റും വ്യത്യസ്ത തട്ടുകളിലാണല്ലോ. ഈമാന്‍ വ്യത്യസ്ഥപ്പെടുന്നത് പോലെ കുഫ്റും വ്യത്യസ്ഥപ്പെടും. ഒരാള്‍ കുഫ്റിന്റെ വലിയ വാഹകനാകുമ്പോള്‍ മറ്റൊരാള്‍ അത്രതന്നെ ആയിക്കൊള്ളണമെന്നില്ല. അതുകൊണ്ട് മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാതിരിക്കാന്‍ സഹായകമാകുമെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യണം....... " [ശൈഖിന്‍റെ മറുപടിയുടെ ശബ്ദം വിവര്‍ത്തനം ചെയ്തത് :   https://www.youtube.com/watch?v=b9-AOeuXhw4 ]

നമ്മുടെ നാട്ടില്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും, രാഷ്ട്രീയ രംഗത്തുനിന്നും  മുസ്'ലിമീങ്ങള്‍ വിട്ടുനിന്നാല്‍ ഉണ്ടാകുന്ന അപകടം ഞാന്‍ നിങ്ങള്‍ക്ക് വിശദീകരിച്ചു തരേണ്ടതില്ലല്ലോ. അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.

അതുകൊണ്ട് തന്‍റെ ദീനിനും ദുനിയാവിനും ഉചിതമായ രൂപത്തില്‍ വോട്ട് ഉപയോഗപ്പെടുത്തുക. അല്ലാഹുവിന്‍റെ ദീന്‍ അനുസരിച്ച് ജീവിക്കാനും അവന്‍റെ ദീനിലേക്ക് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം അല്ലാഹു നിലനിര്‍ത്തിത്തരുമാറാകട്ടെ. നാടിന്‍റെ നന്മയെ നശിപ്പിക്കുന്ന വര്‍ഗീയശക്തികളെ ചെറുത്ത് തോല്പിക്കാനും, ബഹുസ്വര സമൂഹത്തില്‍ കരാറുകളും ഉടമ്പടികളും പാലിച്ചുകൊണ്ട്‌, ലഭ്യമായ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി അധര്‍മ്മത്തിനെതിരെയും, ശിര്‍ക്ക് ബിദ്അത്തുകള്‍ക്കെതിരെയും ശബ്ദിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.

വ്യക്തിപരമായ എല്ലാ രംഗങ്ങളിലും ഇസ്‌ലാമികമായി ജീവിക്കാന്‍ പരിശ്രമിക്കുമ്പോഴും, നിര്‍ബന്ധിതമായി  വ്യക്തി ജീവിതത്തില്‍ കടന്നുവരുന്ന കണ്‍വെന്‍ഷനല്‍ വെഹിക്കിള്‍ ഇന്ശൂറന്‍സ്, പലിശയില്‍ അധിഷ്ടിതമായ ബാങ്കിംഗ് തുടങ്ങിയ അനിസ്‌ലാമിക സാമ്പത്തിക വ്യവസ്ഥകളില്‍ നിന്ന് വിഭിന്നമായ,  മതത്തിന്‍റെ വിധിവിലക്കുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഇസ്‌ലാമിക സാമ്പത്തിക സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളെ അവന്‍ വിജയിപ്പിക്കട്ടെ,,,  അല്ലാഹുമ്മ ആമീന്‍...