Sunday, November 8, 2015

സ്വഹാബത്ത്, ഒരു മുസ്‌ലിമിന്‍റെ വിശ്വാസം (PART: 1 - ആമുഖം) - ശൈഖ് ഫലാഹ് ഇസ്മാഈല്‍ മന്‍ദകാര്‍ (കുവൈറ്റ്‌).


ആമുഖം:


بــــــسم الله الرحمن الرحيم
إن الحمد لله، نحمده، ونستعينه، ونستغفره، ونعوذ بالله من شرور أنفسنا، ومن سيئات أعمالنا ، من يهده الله فلا مضل له، ومن يضلل فلا هادي له ، وأشهد أن لا إله إلا الله وحده لا شريك له ، وأشهد ان محمدا عبده ورسوله؛


يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ  – (آل عمران : 102).

يَا أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَاء وَاتَّقُواْ اللّهَ الَّذِي تَسَاءلُونَ بِهِ وَالأَرْحَامَ إِنَّ اللّهَ كَانَ عَلَيْكُمْ رَقِيباً  - (نساء : 1).

يَا أَيُّهَا الَّذِينَ آَمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا ﴿70﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿71﴾ - (الأحزاب: 70- 71).


أما بعد ، فإن أصدق الحديث كتاب الله عز وجل، وخير الهدي هدي محمد صلى الله عليه وسلم، وشر الأمور محدثاتها ، وكل محدثة بدعة ، وكل بدعة ضلالة ، وكل ضلالة في النار .
www.fiqhussunna.com

    ജാഹിലിയ്യത്തിന്‍റെയും അറിവില്ലായ്മയുടെയും ഇരുളില്‍ അകപ്പെടുകയും, ലോകം സ്വഭാവപരമായും സാമൂഹ്യപരമായും ഏറെ അധപതിക്കുകയും, ശിര്‍ക്കും ബിംബാരാധനയും കൊടികുത്തിവാഴുകയും ചെയ്തിരുന്ന സമയത്താണ് മാര്‍ഗദര്‍ശനവും യഥാര്‍ത്ഥ മതവുമായി അല്ലാഹു മുഹമ്മദ്‌ നബി (ﷺ) യെ അയക്കുന്നത്. (അധര്‍മ്മത്തില്‍ മുഴുകിയ ആ സമൂഹത്തെപ്പറ്റി നബി (ﷺ) യുടെ ഹദീസില്‍ ഇപ്രകാരം പ്രതിപാദിക്കപ്പെട്ടത് കാണാം) :

"وإن الله نظر إلى أهل الأرض فمقتهم عربهم وعجمهم إلا بقايا من أهل الكتاب..."

"അല്ലാഹു ഭൂമിയില്‍ വസിക്കുന്നവരിലേക്ക് നോക്കി. അഹ്'ലു കിതാബില്‍പ്പെട്ട ചിലരെ ഒഴിച്ചാല്‍, മറ്റു സര്‍വരുടെ മേലും, അറബികളുടെ മേലും  അനറബികളുടെ മേലും അവന്‍ കോപിച്ചു." - [സ്വഹീഹ് മുസ്‌ലിം: 4/2197-2198].
 
അറബികളും അധര്‍മ്മത്തില്‍ മുഴുകിയ ലോകത്തിന്റെ ഒരു ഭാഗമായിരുന്നു. അവരായിരുന്നു നബി (ﷺ) യുടെ സമൂഹവും അദ്ദേഹത്തിന്‍റെ ഉറ്റവരും ഉടയവരും. ജാഹിലിയത്തില്‍ വേരുറച്ച, ബിംബാരാധനയില്‍ മുങ്ങിക്കിടക്കുന്ന ഒരു സമൂഹം.

മുഹമ്മദ്‌ (ﷺ) യെ അംബിയാക്കളുടെയും മുര്‍സലീങ്ങളുടെയും ഇമാമും സയ്യിദും, നുബുവത്തിന് വിരാമമിടുന്ന അന്ത്യപ്രവാചകനായും അല്ലാഹു തിരഞ്ഞെടുത്തു. അതുപോലെ മറ്റു മതങ്ങളെ പൂര്‍ത്തീകരിക്കുന്നവനായും, ശരീഅത്തിന്‍റെ അഥവാ മതനിയമ സംഹിതയുടെയും, ഉന്നതവും ആദരണീയവുമായ സ്വഭാവഗുണങ്ങളുടെയും അവസാന വാക്കായും അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുത്തു.

ആദരണീയനായ നബീ കരീം (ﷺ) യുടെ കൂടെയുള്ള സഹവാസത്തിനും, ന്യൂനതകളില്ലാത്ത ദീന്‍ അദ്ദേഹത്തില്‍ നിന്നും മാലോകരിലേക്ക് വഹിക്കുവാനും, അദ്ദേഹത്തിന് ശേഷം അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും, അല്ലാഹുവിന്‍റെ ദീന്‍ ഓരോരുത്തര്‍ക്കും എത്തിയിട്ടുണ്ട് എന്ന് ഹുജ്ജത്ത് സ്ഥാപിക്കുവാനും  ആദരണീയരായ ചില ആളുകളെ അല്ലാഹു തിരഞ്ഞെടുത്തു.   അല്ലാഹുവാണ് അവരെ തിരഞ്ഞെടുത്തതും അവര്‍ക്ക് പ്രത്യേക സ്ഥാനം നല്‍കുകയും ചെയ്തതെന്നിരിക്കെ അവരുടെ ശ്രേഷ്ഠതായെപ്പറ്റി പറയേണ്ടതില്ലല്ലോ... അല്ലാഹു പറയുന്നു:

وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ

"നിന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. " - [അല്‍ഖസസ്: 68].

ഏറ്റവും സത്യസന്ധരും , അല്ലാഹുവോടും അവന്‍റെ റസൂലിനോടും അവന്‍റെ ദീനിനോടും അങ്ങേയറ്റത്തെ ഇഷ്ടവും ആദരവുമുള്ള ആളുകളായിരുന്നു അവര്‍. സ്വന്തം ശരീരത്തെക്കാളും സന്താനങ്ങളെക്കാളും സമ്പത്തിനെക്കാളും  അല്ലാഹുവെയും അവന്‍റെ റസൂലിനെയും അവന്‍റെ ദീനിനെയും എങ്ങനെ സ്നേഹിക്കാമെന്ന് അത്യുദാത്തമായ മാതൃക കാണിച്ചുതന്നവരാണവര്‍. സമ്പത്തിനോ സ്വന്തം ജീവനോ യാതൊരു വിലയും കല്‍പ്പിക്കാതെ അല്ലാഹുവിന്‍റെ ദീനിന് വേണ്ടിയും  അനുഗ്രഹീതനും പരമോന്നതനുമായ അല്ലാവിന്‍റെ വചനം ഉയര്‍ത്തുന്നതിന് വേണ്ടിയും അവയെ സമര്‍പ്പിച്ചവരാണവര്‍.

കാരുണ്യത്തിന്റെയും സന്മാര്‍ഗത്തിന്റെയും റസൂലിലും അദ്ദേഹം കൊണ്ടുവന്ന വേദഗ്രന്ഥത്തിലുമുള്ള അവരുടെ ഈമാന്‍ അന്വര്‍ത്ഥമാക്കുന്നതും, സത്യപ്പെടുത്തുന്നതുമായിരുന്നു ആ സമര്‍പ്പണം. അവര്‍ക്കല്ലാഹു പ്രത്യേകമായി നല്‍കിയ പ്രകാശത്തില്‍ അവര്‍ വിശ്വസിച്ചു.. സത്യപ്പെടുത്തി.. കരാര്‍ പാലിച്ചു..   പിന്തുണക്കുകയും, തങ്ങളാലാവുന്ന എല്ലാ സഹായങ്ങളും ചെയ്യുകയും  പിന്തുടരുകയും ചെയ്തു. അപ്പോള്‍ അവര്‍ക്ക് ദുനിയാവും അതിലുള്ളതും നിസാരമായിത്തോന്നി. സ്വന്തം നാട്  വിട്ടുപോകുന്നത് ഒരു പ്രയാസമായിത്തോന്നിയില്ല. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കാന്‍ മടിയുണ്ടായില്ല. അതിനു പകരമായി അല്ലാഹു അവര്‍ക്ക് സമാധാനവും, നിര്‍ഭയത്വവും, സ്വസ്ഥതയും, മനശാന്തിയും, ആനന്ദവും, അനുഗ്രഹവും നല്‍കി. അതുകൊണ്ടുതന്നെ (ദീനിന് വേണ്ടിയുള്ള അവരുടെ സമര്‍പ്പണം) പ്രയാസമായോ, ശിക്ഷയായോ, ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നുമുള്ള അകല്‍ച്ചയായോ, ഒറ്റപ്പെടലായോ അവര്‍ക്ക് അനുഭവപ്പെട്ടില്ല. അതുകൊണ്ടുതന്നെ നിഷ്പ്രയാസം വിഭിന്നങ്ങളായ രാഷ്ട്രങ്ങളിലേക്ക് കടന്നുചെല്ലാനും, വെള്ളവും കൃഷിയുമില്ലാത്ത മണല്‍പ്പരപ്പുകളും അനന്തമായ മരുഭൂമികളും താണ്ടിക്കടക്കാനും അവര്‍ക്ക് സാധിച്ചു.

അല്ലാഹുവിന്‍റെ ദീന്‍ സംരക്ഷിക്കുന്നവരായും, വഴിപിഴച്ചുപോയവര്‍ക്ക് മാര്‍ഗദര്‍ശികളായും നാടും മക്കളും കുടുംബവുമെല്ലാം വിട്ട് അവര്‍ യാത്ര ചെയ്തു. അവരുടെ മുത്ത് നബി (ﷺ) യുടെ രിസാലത്തും, അദ്ദേഹം വിട്ടേച്ചുപോയ അറിവെന്ന അനന്തര സ്വത്തും കിഴക്കും പടിഞ്ഞാറുമുള്ള സകല മനുഷ്യരിലേക്കുമെത്തിച്ച് അവരെ അറിവില്ലായ്മയുടെയും അധര്‍മ്മത്തിന്റെയും അന്തകാരത്തില്‍ നിന്നും ഈമാനിന്‍റെയും ഇസ്‌ലാമിന്റെയും പ്രകാശത്തിലേക്ക് കരകയറ്റുന്ന തിരക്കിലായിരുന്നു അവര്‍.

അവരുടെ അവസ്ഥക്കും അവരുടെ സത്യസന്ധതക്കും ആത്മാര്‍ത്ഥതക്കും  അവരുടെ ഖബറിടങ്ങള്‍ സാക്ഷിയാണ്. ഭൗതിക സുഖവും, ഭൗതിക നേട്ടവും ആഗ്രഹിക്കാത്ത, അതിലേക്ക് തിരിഞ്ഞു നോക്കാത്ത രിസാലത്തിന്‍റെ വാഹകരും, ദഅവത്തിന്റെ വക്താക്കളുമായിരുന്നു അവര്‍. ഭൗതിക നേട്ടങ്ങളുടെ പിന്നാലെ ഓടാനും അത് വാരിക്കൂട്ടാനും മത്സരിക്കുന്നത് പോയിട്ട് ഭൗതിക സുഖത്തിന്‍റെ പളപളപ്പില്‍ കണ്ണ് മഞ്ഞളിച്ചു പോയവര്‍ പോലുമായിരുന്നില്ല അവര്‍.

അവരെക്കുറിച്ച് അല്ലാഹു പറയുന്നു: 

مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ ۖ فَمِنْهُمْ مَنْ قَضَىٰ نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا 

 "സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല". - [അഹ്സാബ്: 23].

അതെ, വല്ലാഹ് !. ആണത്വമുള്ളവര്‍...  അവരെപ്പോലുള്ളവരെ ഇനി കാലത്തിന് കണ്ടെത്താന്‍ സാധിക്കില്ല. ഒരു കവി പറഞ്ഞത് എത്ര വാസ്തവമാണ്:

رجال حلف الزمان ليأتين بمثلهم        حنثت يمينك يازمان فكفري

ആണത്വമുള്ളവര്‍.. അവരെപ്പോലുള്ളവരെ ഇനിയും കൊണ്ടുവരുമെന്ന് കാലം സത്യം ചെയ്തു.. കാലമേ.. നിന്‍റെ സത്യം പുലരുകയില്ല.. നീ ചെയ്ത സത്യത്തിന് പ്രായശ്ചിത്തം ചെയ്തുകൊള്ളുക....


എനിക്ക് പറയാനുള്ളത് മുന്‍ കഴിഞ്ഞുപോയ അംബിയാക്കളുടെയും  മുര്‍സലീങ്ങളുടെയും സ്വഹാബാക്കളെയും, ഹവാരിയ്യീങ്ങളെയും എടുത്ത് നോക്കിയാലും, സര്‍വ മനുഷ്യകുലത്തിനെ അപേക്ഷിച്ചും നബി (ﷺ) യുടെ സ്വാഹാബാക്കളെപ്പോലുള്ള സ്വഹാബാക്കള്‍ ഒരു നബിക്കും ഉണ്ടായിരുന്നതായി നമുക്ക് കാണാന്‍ സാധിക്കില്ല.

അവരെ പുകഴ്ത്തി  ഞാനെന്ത്‌ പറയാന്‍ !, അവരെ സ്നേഹിക്കുന്നവരും പുകഴ്ത്തുന്നവരും എന്ത് പറയാന്‍ !, അല്ലാഹു റബ്ബുല്‍ ഇസ്സത്തി വല്‍ ജലാലല്ലേ അവരെ പുകഴ്ത്തുകയും ആദരിക്കുകയും ചെയ്തിരിക്കുന്നത്. അതിലും വലിയൊരു ആദരവുണ്ടോ ?!.  ഖിയാമത്ത് നാള്‍ വരെ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിലൂടെ അവരെ അവന്‍ പ്രശംസിച്ചില്ലേ.. അല്ലാഹുവിന്‍റെ റസൂലും അവരെ പ്രശംസിച്ചില്ലേ... റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഹദീസുകള്‍ അവരുടെ സല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ശ്രേഷ്ഠതയെക്കുറിച്ചും, സത്യസന്ധതയെക്കുറിച്ചും വ്യക്തമാക്കുന്നവയാണല്ലോ.

അല്ലാഹു പറയുന്നു: 

وَالَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ وَالَّذِينَ آوَوْا وَنَصَرُوا أُولَئِكَ هُمُ الْمُؤْمِنُونَ حَقًّا لَهُمْ مَغْفِرَةٌ وَرِزْقٌ كَرِيمٌ

 "വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ്‌ പോകുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക്‌ അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക്‌ പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും." - [അന്‍ഫാല്‍:74].

അല്ലാഹു പറയുന്നു:

مُّحَمَّدٌ رَّسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاء عَلَى الْكُفَّارِ رُحَمَاء بَيْنَهُمْ تَرَاهُمْ رُكَّعاً سُجَّداً يَبْتَغُونَ فَضْلاً مِّنَ اللَّهِ وَرِضْوَاناً سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ذَلِكَ مَثَلُهُمْ فِي التَّوْرَاةِ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْراً عَظِيماً
 
"മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്‌ അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക്‌ കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ്‌ തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത്‌ അതിന്‍റെ കൂമ്പ്‌ പുറത്ത്‌ കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൌതുകം തോന്നിച്ചു കൊണ്ട്‌ അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട്‌ വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു." - [അല്‍ഫത്ഹ്: 29].

അതുപോലെ അല്ലാഹുവിന്‍റെ റസൂല്‍ (ﷺ) പറഞ്ഞു:

"النجوم أمنة للسماء، فإذا ذهبت النجوم أتى السماء ما توعد، وأنا أمنة لأصحابي، فإذا ذهبت أتى أصحابي ما يوعدون ، وأصحابي أمنة لأمتي فإذا ذهب أصحابي أتى أمتي ما يوعدون"

"നക്ഷത്രങ്ങള്‍ ആകാശത്തിനുള്ള രക്ഷാകവച്ചമാണ്. നക്ഷത്രങ്ങള്‍ നീങ്ങിയാല്‍ ആകാശത്തിന് സംഭവിക്കാനുള്ളതെല്ലാം സംഭവിക്കും. ഞാന്‍ എന്‍റെ സ്വഹാബത്തിനുള്ള രക്ഷാകവച്ചമാണ്. ഞാന്‍ പോയാല്‍ എന്‍റെ സ്വഹാബത്തിന് സംഭവിക്കാനുള്ളതെല്ലാം സംഭവിക്കും. എന്‍റെ സ്വഹാബത്ത് ഈ ഉമ്മത്തിനുള്ള രക്ഷാകവച്ചമാണ്. അവര്‍ പോയാല്‍ ഈ ഉമ്മത്തിന് സംഭവിക്കാനുള്ളതെല്ലാം സംഭവിക്കും." - [ സ്വഹീഹ് മുസ്‌ലിം: 4/1961].

ഹൃദയമുള്ളവനായിരിക്കുകയും, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത്‌ കേള്‍ക്കുകയും ചെയ്യുന്നവന്, സ്വഹാബത്തിന്‍റെ ഫള്'ല്‍ മനസ്സിലാക്കാന്‍  ഈ ഹദീസിന് തൊട്ടുമുന്‍പ് പരാമര്‍ശിക്കപ്പെട്ട ആയത്ത് തന്നെ ധാരാളമാണ്.

അതുപോലെ  ഈമാനും ഇഹ്സാനും ഫളാഇലും ഒത്തുചേര്‍ന്ന ഈ ഉമ്മത്തിലെ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ആ വിശിഷ്ഠപുരുഷന്മാരെ എത്രമാത്രം  ആദരിചിരുന്നുവെന്ന് ഈ ഉമ്മത്തിന്‍റെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ സാധിക്കും. ആ സ്വഹാബത്തിന്‍റെ ഫളാഇലുകളും, സ്ഥാനങ്ങളും, രിവായത്തുകളും, അവരിലേക്കെത്തുന്ന സനദുകളും എല്ലാം പ്രത്യേകം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെ അവര്‍ രചിക്കുകയുണ്ടായി. ഇമാം ബുഖാരി, ഇമാം ബഗവി, ഇബ്നു സഅ്ദ്,  അബീ ഹാതിം, ത്വബറാനി, ഇബ്നു മിന്‍ദ, അബീ നുഅൈം, ഇബ്നു അബ്ദുല്‍ബര്‍, ഇബ്നുല്‍ അസീര്‍, ദഹബി, ഇബ്നു ഹജര്‍ (رحمهم الله جميعا) തുടങ്ങിയവരെല്ലാം സ്വഹാബത്തിന്‍റെ ഫള്'ലുകള്‍ പ്രത്യേകം രേഖപ്പെടുത്തി. റസൂല്‍ (ﷺ) യുടെ സ്വഹാബത്തിനുള്ള പ്രത്യേകമായ ഫള്'ലില്‍ അവര്‍ക്കുള്ള വിശ്വാസം കൊണ്ടും, ദീനില്‍ അവര്‍ക്കുള്ള സ്ഥാനവും പ്രാധാന്യവും മനസ്സിലാക്കിയതുകൊണ്ടും, അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യലാണ് സത്യസന്ധമായ മാര്‍ഗമെന്നും, അതുമുഖേന മാത്രമേ അല്ലാഹുവിന്‍റെ സന്നിധിയില്‍ രക്ഷപ്പെടുവാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ മനസ്സിലാക്കിയതിനാലാണത്.

ഈയൊരു നിലപാടിനെ ആധാരമാക്കിയാണ്, സത്യത്തെ വെളിപ്പെടുത്തുകയും ആ വിശിഷ്ഠവ്യക്തികളുടെ അവകാശത്തെ സഹായിക്കുകയും ചെയ്യുക എന്ന നിലക്കും, അല്ലാഹുവിന്‍റെ ദീനിനെയും ആ ദീന്‍ നമ്മിലേക്ക് എത്തിച്ചുതന്നവരെയും അതിന്‍റെ വാഹകരെയും സംരക്ഷിക്കുക എന്ന നിലക്കും, إن الله يدافع عن الذين آمنوا "തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌." - [അല്‍ഹജ്ജ്: 38] എന്ന ആയത്തിന്‍റെ ആശയമുള്‍ക്കൊണ്ടുകൊണ്ട്  അവര്‍ക്കുവേണ്ടി പ്രതിരോധമേര്‍പ്പെടുത്തുക എന്ന നിലക്കുമാണ് ഈ വിഷയസംബന്ധമായി എന്‍റെ ഭാഗത്ത് നിന്നുള്ള ഒരുപരിശ്രമം സാക്ഷാല്‍ക്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

 ആ ആദരണീയരായ വിശിഷ്ഠ വ്യക്തികളെ കണ്ടുമുട്ടുന്ന, അവരുടെ ആസാറുകളെ തേടിപ്പിടിച്ച് അത് പിന്തുടരുന്ന, അവരെ ഇഷ്ടപ്പെടുന്നതിലും മഹത്വപ്പെടുത്തുന്നതിലും പിന്‍പറ്റുന്നതിലും സത്യസന്ധതപുലര്‍ത്തുന്ന, അല്ലാഹുവിന്‍റെ ദീന്‍ അവരെപ്രകാരം അനുധാവനം ചെയ്തുവോ അപ്രകാരം അനുധാവനം ചെയ്യുന്ന ആളുകളില്‍ അല്ലാഹു എന്നെ ഉള്‍പ്പെടുത്തട്ടെയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവരെ ഏറ്റവും നല്ലരൂപത്തില്‍, കൃത്യനിഷ്ടയോടെയും ആത്മാര്‍ത്ഥമായും അനുധാവനം ചെയ്തവരില്‍ എന്നെയും രേഖപ്പെടുത്താന്‍ ഞാന്‍ അല്ലാഹു തബാറക വ ത'ആലയോട് തേടുന്നു. അവന്‍ അതിനധികാരമുള്ളവനും അതിന് സാധിക്കുന്നവനുമാണ്.  അതുപോലെ പിഴച്ച വാദങ്ങളുടെയും പിഴച്ച  ചിന്താഗതികളുടെയും വക്താക്കള്‍ക്ക് മറുപടി നല്‍കുന്ന ആളുകളിലും അവന്‍ എന്നെ ഉള്‍പ്പെടുത്തുമാറാകട്ടെ.

അമ്പിയാക്കളും മുര്‍സലീങ്ങളും കഴിഞ്ഞാല്‍പ്പിന്നെ അല്ലാഹുവിന്‍റെ ഏറ്റവും വിശിഷ്ഠ സൃഷ്ടികളായ ആ മഹത്'വ്യക്തിത്വങ്ങളെ മോശമായി ചിത്രീകരിക്കുകയും, തങ്ങളുടെ കുഫ്റിന്‍റെയും ഹിഖ്ദിന്‍റെയും അമ്പുകള്‍ അവര്‍ക്ക് നേരെ തിരിച്ചുവിടുകയും ചെയ്യുന്ന, സ്വഹാബത്തിനെ ചീത്തവിളിക്കുകയും അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്യുന്ന നീചന്മാരായ ആളുകള്‍ക്കുള്ള മറുപടിയാണിത്. മുസ്‌ലിമീങ്ങളില്‍പ്പെട്ട പലരെയും തങ്ങളുടെ കള്ളവാദങ്ങളിലേക്ക് അവര്‍ വലിചിഴച്ചിട്ടുണ്ട്.

കേള്‍ക്കുമ്പോള്‍ -അല്ലാഹുവാണ് സത്യം - ഈമാനുള്ളവരുടെ ചങ്ക് പിടക്കുന്ന, ഹൃദയം ദുഃഖം കൊണ്ട് വിങ്ങിപ്പൊട്ടുന്ന, വേദനയും വിരഹവും കടിച്ചമര്‍ത്താന്‍ സാധിക്കാത്ത തരത്തിലുള്ള അത്യധികം കഠിനമായ വാസ്ഥവ വിരുദ്ധമായ ആരോപണങ്ങളാണ് സ്വഹാബത്തിനെതിരിലും, അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ക്കെതിരിലും ചില ആളുകള്‍ പടച്ചുവിടുന്നത്. തങ്ങള്‍ ഏറെ സ്നേഹിക്കുന്ന ആ സന്മാര്‍ഗദര്‍ശികളെക്കുറിച്ച് ഇല്ലാത്ത കളവുകള്‍ പ്രചരിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍, മലിനമായ ആ ശബ്ദങ്ങള്‍ക്കും, അതിക്രമകാരികളായ എഴുത്തുകള്‍ക്കും എന്ത് മറുപടി നല്‍കുമെന്നറിയാതെ നിറകണ്ണുകളോടെ തിരിഞ്ഞു നടക്കാനേ പലപ്പോഴും സാധാരണക്കാരായ  വിശ്വാസികള്‍ക്ക് സാധിക്കാറുള്ളൂ. അത്തരം നീചന്മാരായ ആരോപകര്‍ക്കുള്ള ശക്തമായ മറുപടിയും , അവരുടെ വാദങ്ങളുടെ നിരര്‍ത്ഥകതയും കള്ളത്തരങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്ന എഴുത്തുകളും, അല്ലാഹു അവന്‍റെ തീരുമാനം നടപ്പാക്കുന്നത് വരെ അവര്‍ക്കെതിരിലുള്ള പ്രാര്‍ത്ഥനയും സംഗമിക്കുമ്പോള്‍ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂ.

അതിനാലാണ് സത്യം പുലരട്ടെ എന്ന ആശകൊണ്ടും, അല്ലാഹുവിങ്കലേക്ക്‌ അടുപ്പിക്കുന്ന സല്‍ക്കര്‍മ്മം എന്ന നിലക്കും, സ്വഹാബത്തിനെ പ്രതിരോധിക്കുക എന്ന അര്‍ത്ഥത്തിലുമാണ് ഞാന്‍ ഇതെഴുതുന്നത്. ഇത് അല്ലാഹുവിന്‍റെ ദീനാണ്, ഈമാനും ഇഹ്സാനുമായി ബന്ധപ്പെട്ട കാര്യമാണ്. ഈ ഉമ്മത്തിനോടുള്ള നസ്വീഹത്തിന്‍റെ ഭാഗമാണ്. രാപകലില്ലാതെ ഉമ്മത്തിലെ   മഹത്'വ്യക്തിത്വങ്ങളെ അനാദരിക്കുകയും മോശമായി ചിത്രീകരിക്കുകയും ചീത്തവിളിക്കുകയുമെല്ലാം, എന്തിനധികം അവരെ കാഫിറാക്കുക പോലും  ചെയ്യുന്ന, മോഡേണിസത്തിന്‍റെയും മറ്റു ഇതര വഴികേടുകളുടെയും ആളുകളില്‍നിന്നും ഈ ഉമ്മത്തിലെ യുവാക്കളെ ഉല്‍ബുദ്ധരാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ്. الإعتقاد الواجب نحو الصحابة സ്വഹാബത്തുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിശ്വാസം അഥവാ 'സ്വഹാബത്ത് ഒരു മുസ്‌ലിമിന്‍റെ വിശ്വാസം' എന്നാണ്  ഞാന്‍ ഈ ലഘുകൃതിക്ക് പേരിട്ടിരിക്കുന്നത്. ആമുഖത്തിന് ശേഷം അതിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്:


  1. ദീനില്‍ സ്വഹാബത്തിനുള്ള മഹത്തായ സ്ഥാനവും ശ്രേഷ്ഠതയും ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തില്‍.
  2.  സ്വഹാബത്തിന്‍റെ വിശ്വാസ്യത, അവരെക്കുറിച്ച് മുന്‍ഗാമികളുടെവാക്കുകള്‍, അവര്‍ക്കിടയിലുണ്ടായ ചില വീക്ഷണവിത്യാസങ്ങളോട് എടുക്കേണ്ട നിലപാട്.
  3. സ്വഹാബത്തിനെ ചീത്ത വിളിക്കലും, അവരെക്കുറിച്ച് മോശമായി സംസാരിക്കലും ഹറാമാണ്.
  4. അപ്രകാരമുള്ള തിന്മയില്‍ വല്ലവനും പെട്ടുപോയാല്‍ അവന്‍റെ മതപരമായ വിധി.
  5. സ്വഹാബത്തിന്റെ കാര്യത്തില്‍ ഈ ഒരു വിശ്വാസമാണ് ഓരോ വിശ്വാസിക്കും ഉണ്ടായിരിക്കേണ്ടത് എന്ന് വ്യക്തമാക്കുന്ന ഇമാമീങ്ങളുടെ ഉദ്ദരണികള്‍ സൂചിപ്പിച്ചുകൊണ്ടാണ് സ്വഹാബത്തിന്‍റെ ഫള്'ലുമായി ബന്ധപ്പെട്ട ഭാഗത്തിന് ഞാന്‍ വിരാമമിട്ടത്.
  6. ശേഷം ഈ വിഷയസംബന്ധമായി നേര്‍മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കുകയും, തത്ഫലമായി സ്വഹാബത്തിനെക്കുറിച്ച് മോശമായി സംസാരിക്കുന്നതിലേക്ക് തങ്ങളുടെ നിലപാടുകളും പേനയുമെല്ലാം  വഴുതിപ്പോകുകയും ചെയ്ത ബിദ്അത്തുകാരെക്കുറിച്ചും അവരുടെ വിമര്‍ശനങ്ങളെക്കുറിച്ചും ഹ്രസ്വമായി വിശദീകരിച്ചു. അവരെ രണ്ട് വിഭാഗമായി തിരിച്ചുകൊണ്ടാണ് അവരുടെ വാദങ്ങള്‍ വിലയിരുത്തിയത്:

    ഒന്നാമത്തെ വിഭാഗം: സ്വഹാബത്തിന്‍റെ ഹഖില്‍ (അവകാശത്തില്‍) അങ്ങേയറ്റം വീഴ്ചവരുത്തുകയും, അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതില്‍ അങ്ങേയറ്റം കുറവ് വരുത്തുകയും ചെയ്ത ആളുകള്‍.

    രണ്ടാമത്തെ വിഭാഗം: സ്വഹാബത്തിന്‍റെ ഹഖില്‍ ഒരേസമയം പരിധിയില്‍ കവിഞ്ഞ അമിതത്വവും, വീഴ്ചയും ചെയ്ത, അഥവാ ചില കാര്യങ്ങളില്‍ അവരെ വാഴ്ത്തുന്നതില്‍ അതിരുവിടുകയും, എന്നാല്‍ ചില രംഗങ്ങളില്‍ അവരുടെ അവകാശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്ത വിഭാഗം.

    ഈ രണ്ടാമത്തെ വിഭാഗം ഒരേ സമയം പരസ്പര വിരുദ്ധമായ നിലപാടെടുത്ത ആളുകളാണ്. സ്വഹാബത്തിന്‍റെ വിഷയത്തില്‍ ശറഇനോ, യുക്തിക്കോ യോജിക്കാത്ത വിഡ്ഢിത്തം കലര്‍ന്ന ഒരുതരം നിലപാടാണ് അവരുടേത്. അവരുടെ വാദങ്ങളും, അവര്‍ സ്വീകാര്യയോഗ്യരായിക്കാണുന്ന അവരുടെ ഇമാമീങ്ങളുടെ വാക്കുകളും, അവരുടെ ആധികാരിക ഗ്രന്ഥങ്ങളില്‍നിന്നുമുള്ള ഉദ്ദരണികളും എടുത്ത് കൊടുത്തിട്ടുണ്ട്. 'എല്ലാവര്‍ക്കും ഒരുമിച്ച് മുന്നേറാം', 'നമ്മള്‍ തമ്മില്‍ വിത്യാസമില്ല' എന്ന് തുടങ്ങി അവര്‍ ഉന്നയിക്കുന്ന പൊള്ളയായ സമവാക്യങ്ങളുടെ നിരര്‍ത്ഥകത ബോധ്യപ്പെടാനും, അവരുടെ മുന്‍ഗാമികളും പിന്‍ഗാമികളും ഒരുപോലെ തങ്ങളുടെ വഴികേടുകള്‍ പിന്തുടര്‍ന്ന് പോരുന്നു എന്നത് വ്യക്തമാകാനും വേണ്ടിയാണ് അവ എടുത്ത് കൊടുത്തത്.


    അവസാനമായി.. എന്‍റെ പ്രവര്‍ത്തി നേരെ ചൊവ്വേയുള്ളതായിരിക്കുവാനും, സന്മാര്‍ഗത്തി ല്‍ അധിഷ്ടിതമായതായിരിക്കുവാനും, വാക്കിലും പ്രവര്‍ത്തിയിലും ഇഖ്‌ലാസുള്ള സ്വീകാര്യയോഗ്യമായ കര്‍മമായിരിക്കുവാനും, അതിലുപരി അല്ലാഹുവിന്‍റെ തൗഫീഖോടു കൂടിയുള്ളതായിരിക്കുവാനും, ഞാന്‍ അല്ലാഹുവിനോട് തേടുന്നു.

    وصلى الله وسلم على سيدنا محمد وعلى آله وأصحابه الميامين ومن تبعهم بإحسان إلى يوم الدين

    ശൈഖ് ഫലാഹ് ഇസ്മാഈല്‍ മന്‍ദകാര്‍ ഹഫിദഹുല്ലാഹ്


    തുടരും ....

    വിവർത്തനം: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ  

    [ഈ വിവര്‍ത്തനം വിവര്‍ത്തകന്‍റെ അനുവാദമില്ലാതെ ആരും പ്രസിദ്ധീകരണാവശ്യത്തിന് എടുക്കരുത്].