Saturday, February 6, 2016

സ്വത്ത് പെണ്‍മക്കള്‍ക്ക് മാത്രം അല്ലെങ്കില്‍ ആണ്‍മക്കള്‍ക്ക് മാത്രം എന്നിങ്ങനെ വഖഫ് ചെയ്‌താല്‍ അത് സാധുവാണോ ?.

ചോദ്യം: എന്‍റെ ഉമ്മ അവരുടെ സ്വത്ത്പൂര്‍ണമായും പെണ്‍മക്കളുടെ പേരില്‍ വഖഫ് ചെയ്തിരിക്കുന്നു. ഈ വഖഫ് സാധുവാണോ ?.

www.fiqhussunna.com

മറുപടി:

الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن والاه وبعد؛ 

നിങ്ങളുടെ വിഷയത്തില്‍ വ്യത്യസ്ഥ തലങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 

ഒന്നാമതായി: ഒരാള്‍ക്ക് പൂര്‍ണമായും സ്വത്ത് വഖഫ് ചെയ്യാമോ ?.  എന്നുള്ളതാണ്. ഒരാള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന ഘട്ടത്തില്‍ തന്‍റെ സ്വത്ത് പൂര്‍ണമായും വഖഫ് ചെയ്യുന്നതില്‍ തെറ്റില്ല. കാരണം പൂര്‍ണ ആരോഗ്യവാനും അദ്ധ്വാനിക്കുവാന്‍ കഴിയുന്നവനും ആയിരിക്കെ തന്‍റെ സ്വത്ത് മുഴുവനായും ദാനം ചെയ്യല്‍ അനുവദനീയമായ കാര്യമാണ്. അബൂബക്കര്‍ (റ) തന്‍റെ സ്വത്ത് പൂര്‍ണമായും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നല്‍കിയ സംഭവം ഇതിന് തെളിവാണ്. എന്നാല്‍ ഒരാള്‍ക്ക് വാര്‍ദ്ധക്യ സാഹചമായ രോഗത്താലോ, മറ്റു രോഗങ്ങളാലോ മരണത്തെ പ്രതീക്ഷിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ തന്‍റെ സ്വത്ത് പൂര്‍ണമായും വഖഫ് ചെയ്യാനുള്ള അധികാരം അയാള്‍ക്കില്ല. തന്‍റെ സ്വത്തിന്‍റെ മൂന്നിലൊന്ന് നല്‍കാന്‍ മാത്രമേ അത്തരം സാഹചര്യത്തില്‍ അനുവാദമുള്ളൂ. അതുപോലെത്തന്നെ എന്‍റെ മരണശേഷം എന്ന നിലക്കുള്ള വസ്വിയത്തോ, വഖഫോ മുഴുവന്‍ സ്വത്തിന്‍റെ  മൂന്നിലൊന്നില്‍ കൂടാന്‍ പാടില്ല. ഇനി മുഴുവനായും അപ്രകാരം ചെയ്‌താല്‍ പോലും മൂന്നിലൊന്ന് മാത്രമേ അതില്‍ സാധുവാകുകയുള്ളൂ ബാക്കി അനന്തരാവകാശികള്‍ക്ക് ഉള്ളതാണ്. ഈ വിഷയങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. മരണശേഷം വഖഫാണ് എന്ന നിലക്കാണ് എങ്കില്‍ സ്വത്തിന്‍റെ മൂന്നിലൊന്ന് മാത്രമേ വഖഫായി പരിഗണിക്കാവൂ. സഅദ് ബിന്‍ അബീ വഖാസ് (റ) വിനോട് മരണശേഷം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് അതല്ലെങ്കില്‍ പകുതി ദാനമായി വസ്വിയത്ത് ചെയ്യട്ടെ എന്നദ്ദേഹം ചോദിച്ചപ്പോള്‍, പാടില്ല മൂന്നിലൊന്ന് അതുതന്നെ ധാരാളമാണ്. ബാക്കി നിന്‍റെ അനന്തരാവകാശികള്‍ക്ക് ഉള്ളതാണ് എന്ന് നബി (സ) പഠിപ്പിച്ചതായിക്കാണാം.

രണ്ടാമതായി: മക്കളുടെ മേല്‍ വഖഫ് ചെയ്യല്‍ അനുവദനീയമാണ്. ഇസ്‌ലാമിക നിയമപ്രകാരം വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ മക്കള്‍ അത് വിറ്റ്‌ നശിപ്പിക്കാതെ അതിന്‍റെ ഉപകാരം അനുഭവിക്കാന്‍ വേണ്ടിയാണ് സാധാരണ നിലക്ക് മക്കള്‍ക്ക് വഖഫ് ചെയ്യാറുള്ളത്. എന്നാല്‍ മക്കളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്, തോഴിളില്ലാത്തവര്‍ക്ക്, സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് എന്നിങ്ങനെയല്ലാതെ ആണ്മക്കള്‍ക്ക് മാത്രം, പെണ്മക്കള്‍ക്ക് മാത്രം, അതല്ലെങ്കില്‍ ചിലരെ മാറ്റിനിര്‍ത്തി ചിലര്‍ക്ക് എന്നിങ്ങനെ പ്രത്യേകമായി നല്‍കുന്ന വഖഫ് സാധുവല്ല.  അതിനാല്‍ത്തന്നെ പെണ്മക്കള്‍ക്ക് മാത്രം എന്ന നിലക്ക് നിങ്ങളുടെ ഉമ്മ എഴുതിയ വഖഫ് സാധുവല്ല. അത് മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുക എന്ന നബി (സ) യുടെ കല്പനക്ക് എതിരാണ്.

ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: "തന്‍റെ ആണ്‍കുട്ടികള്‍ക്ക് മാത്രമായി (അതല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി) വഖഫ് ചെയ്യല്‍ അനുവദനീയമല്ല. കാരണം അപ്രകാരം ഒരാള്‍ ചെയ്‌താല്‍ "നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുക" എന്ന നബി വചനം അയാളുടെ മേല്‍ ബാധകമാകും. അതുകൊണ്ടുതന്നെ അപ്രകാരം ചെയ്യുക വഴി അയാള്‍ അല്ലാഹുവിനെ സൂക്ഷിക്കാത്ത ആളായി മാറും. മക്കളില്‍ ചിലര്‍ക്ക് മാത്രം നല്‍കി മറ്റുള്ളവരെ അവഗണിക്കുന്നതിനെ جور അഥവാ കൊടിയ അക്രമം/ അനീതി എന്നാണ് നബി (സ) പരാമര്‍ശിച്ചിട്ടുള്ളത്. ഞാന്‍ ഒരിക്കലും അനീതിക്ക് സാക്ഷി നില്‍ക്കുകയില്ലെന്നും നബി (സ) അതിനോട് കൂട്ടിച്ചേര്‍ത്തതായിക്കാണാം. തന്‍റെ പെണ്‍മക്കളെ അവഗണിച്ച് ആണ്‍ മക്കള്‍ക്ക് മാത്രം (അതുപോലെ നേരെ തിരിച്ചും) എന്ന നിലക്ക് ഒരാള്‍ വഖഫ് ചെയ്‌താല്‍ അത് അനീതിയാണ് എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഒരാള്‍ തന്‍റെ ആണ്‍മക്കള്‍ക്ക് വേണ്ടി മാത്രം വഖഫ് ചെയ്തുകൊണ്ട് മരണപ്പെട്ടാല്‍ പൂര്‍ണ ദാനമല്ലാത്തതിനാല്‍, അതായത് അതിന്‍റെ സ്വീകര്‍ത്താവിന് അതിന്‍റെ ഉപകാരമെടുക്കുക എന്നല്ലാതെ അത് വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത വസ്തുവായതിനാല്‍ ഹംബലീ മദ്ഹബ് പ്രകാരം ആ വഖഫ് നിലനില്‍ക്കുമെങ്കിലും ശരിയായ അഭിപ്രായം ആ വഖഫ് നാം പൂര്‍ണമായും അസാധുവാക്കും. ഒരിക്കലും തന്നെ സാധുവായ ശരിയായ വഖഫായി അതിനെ പരിഗണിക്കുകയില്ല. (ഇതാണ് മറ്റു മദ്ഹബുകളുടെ അഭിപ്രായവും). അപ്രകാരം (അസാധുവായ വഖഫ് ചെയ്യപ്പെട്ട സ്വത്ത്) അനന്തരാവകാശികളുടെ അനന്തര സ്വത്തായി മടങ്ങുന്നതാണ്. കാരണം നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു : "നമ്മുടെ കല്പനപ്രകാരമല്ലാത്ത ഒരു കര്‍മം ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്." (സ്വീകാര്യമല്ല എന്നര്‍ത്ഥം). - (الشرح الممتع)

അതുകൊണ്ടുതന്നെ നിങ്ങളുടെ മാതാവ് ചെയ്തിട്ടുള്ള വഖഫ് അസാധുവാണ്. ആണ്‍ മക്കള്‍ക്ക് മാത്രം എന്നോ പെണ്‍മക്കള്‍ക്ക് മാത്രം എന്നോ വഖഫ് ചെയ്യാന്‍ പാടില്ല. തന്‍റെ മക്കളില്‍ തൊഴില്‍ രഹിതരായവര്‍, ദാരിദ്ര്യം അനുഭവിക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് എന്ന നിലക്ക് വഖഫ് ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ അപ്രകാരമുള്ള ഒരു വഖഫ് അല്ല മേല്‍ പരാമര്‍ശിക്കപ്പെട്ട വഖഫ്. ഒരുപക്ഷെ നിങ്ങളുടെ നാട്ടില്‍ മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നതിനാലും ഉമ്മക്ക് ഈ വിഷയ സംബന്ധമായി അറിവില്ലാതിരുന്നതിനാലുമാകാം അവര്‍ അപ്രകാരം എഴുതിയത്.  ചോദ്യകര്‍ത്താവ് മരുമക്കത്തായ സമ്പ്രദായം നിലവില്‍ നിന്നിരുന്ന നാട്ടില്‍ നിന്നാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാഹു അവരുടെ വീഴ്ചകള്‍ അവര്‍ക്ക് മാപ്പാക്കിക്കൊടുക്കുകയും അവരുടെ നല്ല ഉദ്ദേശത്തിന് പ്രതിഫലം നല്‍കുകയും ചെയ്യുമാറാകട്ടെ. 'വഖഫ് ചെയ്ത ആളുടെ എല്ലാ നിബന്ധനകളും നിറവേറ്റാന്‍ നാം ബാധ്യസ്ഥരാണ് അത് മതപരമായ നിയമങ്ങള്‍ക്ക് വിപരീതമാകുമ്പോഴോഴികെ' എന്നത് വഖഫുമായി ബന്ധപ്പെട്ട ഒരടിസ്ഥാന തത്വമാണ്.  

നിങ്ങളുടെ വിഷയത്തില്‍ പ്രബലമായ അഭിപ്രായപ്രകാരം പരസ്പരം അനന്തരസ്വത്ത് എന്ന നിലക്ക് പങ്കിട്ടെടുക്കുകയോ, ഇനി വഖഫ് നിലനിര്‍ത്തുകയാണ് എങ്കില്‍ത്തന്നെ അതില്‍ ആണിന് മാത്രം അതല്ലെങ്കില്‍ പെണ്ണിന് മാത്രം എന്നിങ്ങനെ വിവേചനം കാണിക്കാതെ അത് ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്. അഥവാ ആണുങ്ങള്‍ മാത്രം, അതല്ലെങ്കില്‍ പെണ്ണുങ്ങള്‍ മാത്രം അത് അനുഭവിക്കുക എന്നത് യാതൊരു കാരണവശാലും സാധുവാകുന്നില്ല. കാരണം അത് ശറഇയായ താല്പര്യത്തിന് എതിരാണ്. ഇനി മരണശേഷം എന്ന നിലക്കുള്ള വഖഫാണ് എങ്കില്‍ നിബന്ധനകള്‍പ്രകാരം സാധുവായ വഖഫായാല്‍ത്തന്നെ സ്വത്തിന്‍റെ മൂന്നിലൊന്നിന് മാത്രമേ വഖഫ് ബാധകമാകുകയുള്ളൂ. ബാക്കി അനന്തരസ്വത്തായി നിലനില്‍ക്കും. അല്ലാഹുവിന്‍റെ വജ്ഹ് ആഗ്രഹിച്ചുകൊണ്ട്‌ മതപരമായ തീരുമാനം സ്വീകരിക്കാന്‍ നമുക്കേവര്‍ക്കും അവന്‍ തൗഫീഖ് നല്‍കട്ടെ.അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍...

മക്കള്‍ക്ക് സ്വത്ത് വഖഫ് ചെയ്യുന്നതുമായി ഒരു കൂട്ടര്‍ക്ക് നല്‍കി മറ്റൊരു കൂട്ടരെ  തഴയുന്ന വിവേചന മനോഭാവം പാടില്ല എന്നത്  ശൈഖ് ഇബ്നു ബാസ് നല്‍കിയ ഉപദേശം:

"ആണാകട്ടെ പെണ്ണാകട്ടെ തന്‍റെ മക്കളില്‍ നിന്ന് പ്രാരാബ്ദക്കാരായിട്ടുള്ളവര്‍ക്കും ശേഷം അവരുടെ സന്താനങ്ങള്‍ക്ക്, അവരുടെ സന്താനങ്ങള്‍ക്ക് എന്നിങ്ങനെ തുടര്‍ന്നുപോരും എന്ന നിലക്കുമാണ് (സന്താനങ്ങള്‍ക്ക്) വഖഫ് ചെയ്യുമ്പോള്‍ ചെയ്യേണ്ടത്. (അപ്രകാരം ചെയ്യപ്പെടുന്ന വഖഫില്‍) അല്ലാഹു ധനികരാക്കിയവര്‍ ദരിദ്രരായവരുമായി അത് പങ്കിടാന്‍ പാടില്ല.  സന്താനപരമ്പരയില്‍ അര്‍ഹരായവര്‍ എല്ലാം നശിച്ചുപോയാല്‍ ആ വഖഫിന്റെ ഉപകാരം പാവപ്പെട്ടവരെ സഹായിക്കാന്‍, പള്ളി ഉണ്ടാക്കാന്‍, തുടങ്ങിയ നല്ല മാര്‍ഗങ്ങളില്‍ പ്രയോജനപ്പെടുത്തും. (വഖഫ് ചെയ്തയാള്‍ അത് പ്രത്യേകമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ആ കാര്യത്തിലേക്കാണ് അത് പോകുക). അല്ലാഹു നിങ്ങള്‍ക്കും നമുക്കും തൗഫീഖ് നല്‍കട്ടെ". - [http://www.binbaz.org.sa/node/2807].

അല്ലാഹു അനുഗ്രഹിക്കട്ടെ ...