Pages

Thursday, June 23, 2016

മുൻകൂട്ടി കരാർ ചെയ്ത കൂടിയ പൈസക്ക് നാട്ടിൽ നിന്നും വാഹനം ഇൻസ്റ്റാൾ മെന്റിന് എടുക്കാമോ. അടവു തെറ്റിയാൽ മാത്രമേ പ ലിശ വരുന്നുള്ളൂ ?.

ചോദ്യം: മുൻകൂട്ടി കരാർ ചെയ്ത കൂടിയ പൈസക്ക് നാട്ടിൽ നിന്നും വാഹനം ഇൻസ്റ്റാൾ മെന്റിന് എടുക്കാമോ. അടവു തെറ്റിയാൽ മാത്രമേ പ ലിശ വരുന്നുള്ളൂ ?. 

www.fiqhussunna.com

ഉത്തരം: 
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ؛ وبعد،

റെഡി കാശിനേക്കാള്‍ കൂടിയ വിലക്ക് ഇന്‍സ്റ്റാള്‍മെന്‍റ് ആയി കാര്‍ വാങ്ങുന്നതിനോ, വില്‍ക്കുന്നതിനോ മതപരമായ വിലക്കില്. പക്ഷെ കച്ചവടം നടന്നു കഴിഞ്ഞാല്‍ അടവ് തെറ്റിയാല്‍പ്പോലും വില വര്‍ദ്ധിക്കുവാനോ കടബാധ്യത വര്‍ദ്ധിക്കുവാനോ പാടില്ല. ഇത് മുന്‍പ് നാം വ്യക്തമാക്കിയതാണ്. തത് വിഷയസംബന്ധമായി സംശയം ഉള്ളവര്‍ ആ ലേഖനം വായിക്കുക: http://www.fiqhussunna.com/2015/08/blog-post_8.html

എന്നാല്‍ താങ്കള്‍ സൂചിപ്പിച്ചത് ഇസ്‌ലാമികമായി അനുവദനീയമായ ഇന്‍സ്റ്റാള്‍മെന്‍റ് രീതിയല്ല. മറിച്ച് പലിശക്കരാറാണ്. ഇസ്‌ലാമികമായ ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടത്തില്‍ വാഹനത്തിന്‍റെ ഉടമയാണ് വാങ്ങിക്കുന്ന ആള്‍ക്ക് പണം പിന്നീട് നല്‍കിയാല്‍ മതി എന്ന ഉപാധിയോടെ വാഹനം വില്‍ക്കുന്നത്. അതുപോലെ കച്ചവടം നടന്നു കഴിഞ്ഞാല്‍ ഏത് സാഹചര്യത്തിലും കടബാധ്യത വര്‍ദ്ധിക്കുകയുമില്ല. എന്നാല്‍ താങ്കള്‍ പരാമര്‍ശിച്ചതു പോലെ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഇടപാടുകളില്‍ ഭൂരിഭാഗവും ഏതെങ്കിലും ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആ വാഹനത്തിന്‍റെ ഉടമസ്ഥര്‍ക്ക് നിങ്ങള്‍ക്ക് ബദലായി റെഡി കാശ് നല്‍കുകയും, പകരം അവര്‍ക്ക് നിങ്ങള്‍ കൂടുതല്‍ സംഖ്യ അടച്ച് കൊടുക്കുകയും ചെയ്യേണ്ട ഇടപാടാണ്. നിങ്ങള്‍ക്ക് വില്‍ക്കുന്നതിന് മുന്‍പ് വാഹനം അവര്‍ ഉടമപ്പെടുത്തുകയോ വാങ്ങിക്കുകയോ ചെയ്യുന്നില്ല. ഇത് പലിശ തന്നെയാണ്. രണ്ടാമതായി അവര്‍ക്ക് നിങ്ങള്‍ നല്‍കാനുള്ള കടത്തിന് അടവ് തെറ്റിയാല്‍ ഇത്ര എന്ന തോതില്‍ പലിശ ഈടാക്കുന്നു. അതുകൊണ്ടുതന്നെ പ്രത്യക്ഷമായി പലിശയടങ്ങിയ ഒരു കരാറാണിത്. അതിനാല്‍ത്തന്നെ അത് അനുവദനീയമല്ല. 

അല്ലാഹു പറയുന്നു :

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന  പലിശയില്‍ നിന്നും  പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്‍റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279]. 


 പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് ഹദീസില്‍ കാണാം :

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം]. 


അതുകൊണ്ട് അപ്രകാരം വാഹനം വാങ്ങിക്കുന്നത് അനുവദനീയമല്ല. ചില ആളുകള്‍ അടവ് തെറ്റിയാല്‍ മാത്രമേ പലിശ വരൂ. അടവ് തെറ്റാതെ നോക്കിയാല്‍ മതി എന്ന് പറയാറുണ്ട്‌. ഇത് അവരുടെ ഈ വിഷയ സംബന്ധമായ അജ്ഞത കൊണ്ടാണ്. കാരണം ഒന്ന് ഇവിടെ വാഹനം വില്‍ക്കുന്നവരും, ഫിനാന്‍സ് നല്‍കുന്നവരും രണ്ടും രണ്ടു തന്നെയാണ്. ഫിനാന്‍സ് നല്‍കുന്നവര്‍ വാഹനം ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ റെഡി കാശ് ആയി നല്‍കേണ്ട പണം താല്‍ക്കാലികമായി അവിടെ നല്‍കി നിങ്ങളെ സഹായിക്കുകയും അതിന് നിങ്ങളില്‍ നിന്നും പലിശ ഈടാക്കുകയുമാണ്‌ അവര്‍ പ്രാഥമികമായിത്തന്നെ ചെയ്യുന്നത്. അതുകൊണ്ട് അടവ് തെറ്റിയിട്ടില്ലെങ്കിലും ഇത് പലിശ തന്നെയാണ്. രണ്ടാമതായി അടവ് തെറ്റിയാല്‍ കൂടുതല്‍ പണം ഈടാക്കും എന്നത് പലിശയാണ്.  അടവ്തെറ്റുക എന്നത് ഭാവിയില്‍ സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിക്കുകയില്ല എന്ന്  ഉറപ്പിച്ചു പറയാന്‍ നമുക്കാര്‍ക്കും തന്നെ സാധിക്കുകയില്ല. അതിനാല്‍ അപ്രകാരമുള്ള ഒരു കരാറില്‍ അങ്ങനെ ഉണ്ടാവുകയില്ല എന്ന അര്‍ത്ഥത്തില്‍ പങ്കാളിയാവാന്‍ സാധിക്കുകയില്ല. അഥവാ ഭാവിയില്‍ ഇന്ന നിബന്ധനപ്രകാരം പലിശ ഈടാക്കും എന്ന് വന്നാല്‍ത്തന്നെ ആ ഇടപാട്  അനിസ്‌ലാമികമാകും എന്നര്‍ത്ഥം. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന മിക്ക ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടങ്ങളും അനിസ്‌ലാമികമാകുന്നത് ഇക്കാരണങ്ങളാലാണ്. അപ്രകാരം വസ്തുക്കള്‍ വാങ്ങിക്കല്‍ മാത്രമല്ല വില്‍ക്കലും നിഷിദ്ധമാണ്. ഇസ്‌ലാമികമായ രീതിയില്‍ നിയമപരമായിത്തന്നെ നമ്മുടെ നാട്ടില്‍ ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം നടത്താന്‍ സാധിക്കും. പക്ഷെ അതിന് പലപ്പോഴും മുസ്‌ലിം കച്ചവടക്കാര്‍ തന്നെ ശ്രമിക്കുന്നില്ല എന്നതാണ് വാസ്ഥവം.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍... അല്ലാഹു  അനുഗ്രഹിക്കട്ടെ ...