Monday, July 11, 2016

'വലാഉം ബറാഉം' ഇതര മതസ്ഥരോട് അസഹിഷ്ണുത കാണിക്കലോ ?!.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

 ലേഖനം പൂർണമായി വായിക്കണേ എന്ന അപേക്ഷയോടെ ആരംഭിക്കട്ടെ .. 'വലാഉം ബറാഉം' ഏറെ തെറ്റിദ്ധരിക്കപ്പെട്ട രണ്ട് പദങ്ങളാണ്. ഈ പദങ്ങളെ പലപ്പോഴും അസഹിഷ്ണുത പ്രേരിപ്പിക്കുന്നവരും, അക്രമ മനോഭാവമുള്ളവരും ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇസ്‌ലാം ഏകദൈവ വിശ്വാസം പഠിപ്പിക്കുന്ന അതിലേക്ക് ക്ഷണിക്കുന്ന മതമാണ്‌. ഇതര മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും  ബഹുദൈവാരാധനയില്‍ നിന്നുമെല്ലാം അത് ഏറെ വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന് അവന്‍റെ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് അവന്‍റെ വിശ്വാസമാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളില്‍ നിന്നും അവന്‍ വിട്ടു നില്‍ക്കുക സ്വാഭാവികവും അനിവാര്യവുമാണ്‌. തന്‍റെ വിശ്വാസങ്ങള്‍ മറ്റൊരു മതസ്ഥന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുക എന്നത് ഇസ്‌ലാമില്‍ നിഷിധവുമാണ്.  മതപരമായ തന്‍റെ വിശ്വാസങ്ങള്‍ ഇതര മതവിശ്വാസികളുടേതുമായി കൂടിക്കലരാതെ സംരക്ഷിക്കത്തക്കവണ്ണം വിശ്വാസപരമായ അടുപ്പവും അകല്‍ച്ചയും അവന്‍ കാത്തുസൂക്ഷിക്കും. ഇതാണ് ലളിതമായിപ്പറഞ്ഞാല്‍ 'വലാഉം ബറാഉം' അഥവാ അടുപ്പവും അകല്‍ച്ചയും.  

www.fiqhussunna.com

ഇതര മത ആചാരങ്ങളില്‍ നിന്നും, അനുഷ്ടാനങ്ങളില്‍ നിന്നും, എന്തിനധികം വസ്ത്രധാരണത്തില്‍പോലും ഒരു മുസ്‌ലിം വ്യതിരിക്തത പുലര്‍ത്തുന്നു. അത് ഇതര മതസ്ഥരോടുള്ള അസഹിഷ്ണുത കൊണ്ടല്ല. അവന്‍റെ വിശ്വാസം നിഷ്കര്‍ഷിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ഇതര മത ആഘോഷങ്ങളില്‍ നിന്നും അനുഷ്ടാനങ്ങളില്‍ നിന്നും ഒരു മുസ്‌ലിം വിട്ടു നില്‍ക്കുക തന്നെ ചെയ്യും. ഇത് എല്ലാ മതത്തിലുമുണ്ട്. ഉദാ: ഒരു നമ്പൂതിരിയെ ഞാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും അയാള്‍ക്ക് മാംസമടങ്ങിയ ബിരിയാണി തയ്യാറാക്കി നല്‍കിയ ശേഷം നിങ്ങള്‍ കഴിക്കാതിരിക്കുന്നത് എന്നോട് കാണിക്കുന്ന അസഹിഷ്ണുതയാണ് എന്ന് ഞാന്‍ പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കാരണം മാംസാഹാരം ഭക്ഷിക്കാന്‍ അയാളുടെ വിശ്വാസ ആദര്‍ശങ്ങള്‍ അയാളെ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ അയാള്‍ സഹിഷ്ണുതയുള്ളവനാകണമെങ്കില്‍ അയാള്‍ മാംസാഹാരം കഴിച്ചേ തീരൂ എന്ന് ഞാന്‍ വാശി പിടിക്കുന്നുവെങ്കില്‍ അവിടെ ഞാനായിരിക്കും  യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത കാണിക്കുന്നത്. നിലവിളക്കും ഓണാഘോഷവും എല്ലാം ഈ അര്‍ത്ഥത്തിലേ എടുക്കേണ്ടതുള്ളൂ. ഒരു മുസ്ലിമിന് അത്തരം ആഘോഷങ്ങളോ ആചാരങ്ങളോ അവന്‍റെ വിശ്വാസം അനുവദിക്കാത്തതിനാലാണ് അവന്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ആരോടെങ്കിലും അസഹിഷ്ണുത ഉള്ളതുകൊണ്ടല്ല.

എന്നാല്‍ തന്‍റെ വിശ്വാസ ആദര്‍ശങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധം ഭൗതിക കാര്യങ്ങളില്‍ ഇതര മതസ്ഥരുമായി സഹകരിക്കുന്നതിനോ, അവര്‍ക്ക് പുണ്യം ചെയ്യുന്നതിനോ, അവരോടു സഹിഷ്ണുതയോടെ പെരുമാറുന്നതിനോ ഇസ്‌ലാം വിലക്കുന്നില്ല. മറിച്ച് അതാണ്‌ ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ). വിശുദ്ധഖുര്‍ആനില്‍ പ്രവാചകനില്‍ ഉണ്ടായിരുന്ന ആ സഹിഷ്ണുതാ മനോഭാവം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല അതാണ്‌ ഏറ്റവും കൂടുതല്‍ ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതും. അല്ലാഹു പറയുന്നു:   

 فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ

"( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159]. 

ചില ആളുകള്‍ ഈ വിഷയത്തില്‍ അതിരുകവിഞ്ഞതിനാല്‍ ഇസ്‌ലാം അനുവദിച്ച കാര്യങ്ങള്‍ പോലും അവര്‍ നിഷിദ്ധമായിക്കാണുന്നു.  ഇതര മതവിശ്വാസികളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പാടില്ല. അവരോട് പുഞ്ചിരിക്കാന്‍ പാടില്ല. അവരോട് സഹിഷ്ണുതയോടെ പെരുമാറാന്‍ പാടില്ല. അവരോടൊപ്പം ഇരിക്കാന്‍ പാടില്ല. അവരോടൊപ്പം യാത്ര ചെയ്യാന്‍ പാടില്ല എന്ന് തുടങ്ങി ഇസ്‌ലാം ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ 'വലാഇലും ബറാഇലും' ഉള്‍പ്പെടുത്തി ആളുകളെ കുടുസ്സായ മനസ്സിന്‍റെ വക്താക്കളാക്കി മാറ്റുന്ന ചിലരെയെങ്കിലും ഇന്ന് കാണാം. യഥാര്‍ത്ഥത്തില്‍ അവരുടെ പ്രചാരണങ്ങള്‍ക്ക് നബി (സ) യുടെ മാതൃകയില്ല. പലപ്പോഴും സൗദി അറേബ്യ പോലുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഭരണാധികാരികളെ കാഫിറായി മുദ്ര കുത്താന്‍ ഖവാരിജുകളും ഉപാതിയായി സ്വീകരിച്ചിട്ടുള്ളത്‌ അതിരുവിട്ട ബറാഇനെയാണ്. അമുസ്‌ലിം രാഷ്ട്രങ്ങളുമായും അവരുടെ രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്തുന്നതും, അവരുമായി വാണിജ്യക്കരാറുകളും, പ്രതിരോധക്കരാറുകളും, സമാധാനക്കാറുകളും എല്ലാം ഒപ്പുവെക്കുന്നത് നിഷിദ്ധമാണ് എന്ന് ഇവര്‍ കരുതുന്നു. അതുകൊണ്ടുതന്നെ ആ പേര് പറഞ്ഞ് മുസ്‌ലിം രാഷ്ട്രത്തിന്‍റെ ഭരണാധികാരികളെ കാഫിറുകളായി മുദ്രകുത്തുകയും ചെയ്യുന്നു. ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ്  അബ്ദുല്ലത്തീഫ് ആലു ശൈഖിന്‍റെ ഒരു തക്ഫീറിനെ സംബന്ധിച്ച ഒരു രിസാല ഞങ്ങള്‍ക്ക് ദര്‍സെടുക്കുന്ന സമയത്ത് 'ഇന്ന് ലോകത്ത് ഒട്ടുമിക്ക യുവാക്കള്‍ക്കും അനുവദനീയമായ വലാഉം നിഷിദ്ധമായ വലാഉം അറിയില്ല എന്ന് പറഞ്ഞത് ഓര്‍ക്കുന്നു. ശറഇയ്യായ സാങ്കേതിക അർത്ഥത്തിൽ ഉള്ള വാലഅ' അല്ല ഇവിടെ  അനുവദനീയമായ വലാഉ   കൊണ്ട്  ഉദ്ദേശിക്കുന്നത്. ഇതര മതസ്ഥരുമായി അനുവദിക്കപ്പെട്ട ചില ബന്ധങ്ങൾ ഉണ്ട് എന്നതാണ്.  എന്നാൽ ഇതര മതസ്ഥരുമായുള്ള അനുവദിക്കപ്പെട്ട  ബന്ധവും ഉണ്ട് എന്ന് പോലും അപക്വമതികളായ ഈ ആളുകള്‍ക്ക് അറിയില്ല എന്താണ് സത്യം.  പരുഷമായ ഭാഷ മാത്രം ശീലമാക്കുകയും ആളുകളെ അല്ലാഹുവിന്‍റെ ദീനില്‍ നിന്നും അകറ്റുകയും ചെയ്യുന്ന ഇത്തരം ആളുകള്‍ ഏറെ അപകടകാരികളാണ്. പ്രബോധനരംഗത്ത് ഗുണത്തെക്കാള്‍ ഏറെ ദോശമാണ് ഇവര്‍ വരുത്തിവെക്കുന്നത്. അല്ലാഹു പറയുന്നു: 

 ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ

"യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ." - [നഹ്ല്‍: 125].   

അതത് നാടുകളിലെ ഉത്തരവാദിത്വപ്പെട്ടവരുമായും ഭരണകൂടവുമായും സഹകരിച്ചും, പരസ്പരം നന്മയുടെ വിഷയത്തില്‍ കൈകോര്‍ത്തും യുക്തിദീക്ഷയോടു കൂടിയാണ് ഒരു പ്രബോധകന്‍ പ്രവര്‍ത്തിക്കേണ്ടത്.

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: 

وهكذا يجب على الدعاة إلى الله سبحانه في جميع الدول أن يعالجوا الأوضاع المخالفة للشرع المطهر بالحكمة والموعظة الحسنة والأسلوب الحسن ، ويتعاونوا مع المسئولين على الخير ويتواصوا بالحق مع الرفق والتعاون مع الدولة بالحكمة حتى لا يؤذي الدعاة وحتى لا تعطل الدعوة ، فالحكمة في الدعوة بالأسلوب الحسن وبالتعاون على البر والتقوى هي الطريق إلى إزالة المنكر أو تقليله وتخفيف الشر
"അതുപോലെത്തന്നെ എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ അതത് നാടുകളില്‍ നിലനില്‍ക്കുന്ന അനിസ്‌ലാമിക കാര്യങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ യുക്തിദീക്ഷയോടുകൂടിയും  സദുപദേശം കൊണ്ടും നല്ല രീതിയിലുമാണ് അവരത് നിര്‍വഹിക്കേണ്ടത്. അവര്‍ അതത് നാട്ടിലെ അധികാരികളുമായി നന്മയില്‍ സഹകരിക്കുകയും , സൗമ്യമായ സമീപനത്തോടെയും രാജ്യവുമായി സഹകരിച്ചുകൊണ്ടും  നേരായ കാര്യങ്ങള്‍ അന്യോന്യം  ഉപദേശിക്കുകയാണ് ചെയ്യേണ്ടത്. പ്രബോധകര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാനും, പ്രബോധനം തടസ്സപ്പെടാതിരിക്കാനുമാണത്. പ്രബോധനപ്രവര്‍ത്തനത്തിലെ യുക്തി എന്ന് പറയുന്നത് വളരെ നല്ല രീതിയിലൂടെ നന്മയിലും, തഖ്'വയിലും പരസ്പരം സഹകരിച്ചുകൊണ്ട് തിന്മയെ നീക്കം ചെയ്യാനും, അതല്ലെങ്കില്‍ തിന്മയെ കുറക്കാനും അതുവഴി അതിന്‍റെ ഉപദ്രവം കുറയ്ക്കാനും പരിശ്രമിക്കുക എന്നുള്ളതാണ്." - [ഫതാവ ഇബ്നുബാസ്: 202].

അല്ലാഹുവിന്‍റെ റസൂല്‍ ഇതര മതസ്ഥരോട് സ്വീകരിച്ച സമീപനം എന്തായിരുന്നു ?!. മദീനയിലേക്ക് അല്ലാഹുവിന്‍റെ റസൂല്‍ പാലായനം ചെയ്തപ്പോള്‍ മദീനത്തുള്ള ഒരൊറ്റ ജൂതനും കിടപ്പാടം നഷ്ടപ്പെട്ടില്ല. അവര്‍ അവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നില്ല. പിന്നീട് നബി (സ) യെ മക്കയിലെ സ്വവസതിയില്‍ നിന്നും പുറത്താക്കിയ ശത്രുക്കളുമായിച്ചേര്‍ന്ന് ഗൂഡാലോചന നടത്തുകയും കരാര്‍ ലംഘിക്കുകയും ചെയ്യുക വഴി സ്വയം പുറത്ത് പോകാന്‍ വഴിയൊരുക്കുകയാണ് അവര്‍ ചെയ്തത്.

 അല്ലാഹുവിന്‍റെ റസൂല്‍ ഇതര മതസ്ഥരുമായുള്ള കച്ചവടം വിലക്കിയിട്ടില്ല. ഇതര മതസ്ഥര്‍ അയല്‍പക്കങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് പഠിപ്പിച്ചില്ല. മറിച്ച് നിങ്ങളുടെ അയല്‍പക്കക്കാരന്‍ ആരാവട്ടെ അവന്‍ പട്ടിണി കിടക്കെ നിങ്ങള്‍ വയറ് നിറച്ച് ഉണ്ണുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അദ്ദേഹം പറയുന്നു: 

 قال رسول الله صلى الله عليه وسلم:  ليس بمؤمن من بات شبعان وجاره إلى جنبه جائع وهو يعلم

 റസൂല്‍ (സ) പറഞ്ഞു: "തന്‍റെ അരികിലുള്ള അയല്‍പക്കക്കാരന്‍ വിശന്നിരിക്കുന്നത് തനിക്ക് അറിയാമായിരിക്കെ വയറ് നിറച്ച് ഉണ്ണുന്നവന്‍ വിശ്വാസിയല്ല." - [سلسلة الصحيحة : 149, അല്‍ബാനി: സ്വഹീഹ് ].

  നാം ജീവിക്കുന്നത് ഇന്ത്യയെന്ന രാജ്യത്താണ്. വ്യത്യസ്ഥ മതസ്ഥരായ ജനങ്ങള്‍ പരസ്പര ധാരണയോടെയും ഉടമ്പടിയോടെയും കഴിയുന്ന രാജ്യം.  ആരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അക്രമിക്കുകയോ, അനീതി ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. ഓരോരുത്തര്‍ക്കും അവനവന്‍റെ മതമനുസരിച്ച് ജീവിക്കാം. സമാധാനത്തോടെ അതിലേക്ക് ക്ഷണിക്കാം. വിശ്വാസം, ജീവന്‍, ധനം എന്നിങ്ങനെ ഓരോ ആളുകള്‍ക്കും തങ്ങളുടേതായ അവകാശങ്ങളുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്ര നിയമപ്രകാരം 'ദാറു മുആഹദ' അഥവാ മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും  പരസ്പര ധാരണപ്രകാരം ജീവിക്കുന്ന രാഷ്ട്രം എന്ന ഗണത്തിലാണ് നമ്മുടെ രാജ്യം പെടുന്നത്. നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പ്പെടാത്ത ഇതര മതസ്ഥരോട് അനീതിയോ അക്രമമോ ചെയ്യരുത് എന്നതിലുപരി അവരോട് നീതി കാണിക്കുന്നതിനും അവര്‍ക്ക് നന്മ ചെയ്യുന്നതിനും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല എന്ന് കൂടി വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു: 

 لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

"മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു." - [മുംതഹന: 8]. 

വിവിധ മതവിശ്വാസികള്‍ പരസ്പരം സമാധാനത്തോടെ, വര്‍ഗീയതയോ വിദ്വേഷമോ പ്രച്ചരിപ്പിക്കാതെ കഴിയണം എന്നതാണ് ഈ നാട്ടിലെ ഭരണഘടന നിഷ്കര്‍ഷിക്കുന്നത്. 
ഇതൊരു കരാറാണ്. കരാര്‍ ലംഘിക്കുക എന്നത് ഒരു വിശ്വാസിക്ക് ഒരിക്കലും തന്നെ അനുവദനീയമല്ല. ഹുദൈബിയാ സന്ധിയുടെ വേളയില്‍ മക്കയില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച് കൊണ്ട് ആരെങ്കിലും മദീനയിലേക്ക് വന്നാല്‍ അവരെ മക്കയിലേക്ക് തിരിച്ചയക്കണമെന്നും, എന്നാല്‍ മദീനയില്‍ നിന്നും ആരെങ്കിലും മക്കയിലേക്ക് പോയാല്‍ അവരെ തിരിച്ചയക്കില്ല എന്നും മക്കാ മുശ്'രിക്കുകള്‍ ഉപാധി വെക്കുകയുണ്ടായി. തീര്‍ത്തും ഏകപക്ഷീയമായ ആ ഉപാധിയെ സ്വഹാബത്ത് ഒന്നടങ്കം എതിര്‍ത്തിട്ടും അല്ലാഹുവിന്‍റെ റസൂല്‍ അംഗീകരിച്ച് ഒപ്പുവെച്ചു. 

ഒപ്പുവച്ച് കഴിഞ്ഞ ഉടനെ മക്കാ മുശ'രിക്കുകളില്‍ നിന്നും കരാര്‍ എഴുതാന്‍ വേണ്ടി നിയോഗിക്കപ്പെട്ട സുഹൈലിന്‍റെ മകന്‍ അബൂ ജന്‍ദല്‍ (റ) ചങ്ങലകളില്‍ ബന്ധനസ്ഥനായി അല്ലാഹുവിന്‍റെ റസൂലിന്‍റെ മുന്നില്‍ വന്നു വീണു. അല്ലാഹുവിലും റസൂലിലും വിശ്വസിച്ചു എന്നതായിരുന്നു അവര്‍ അദ്ദേഹത്തെ പീഡിപ്പിക്കാനുണ്ടായിരുന്ന ഏക കാരണം. തന്നില്‍ വിശ്വസിച്ചത് കാരണത്താല്‍ അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ട് അവശനായി തന്‍റെ മുന്നില്‍ വീണ അബൂജന്‍ദല്‍ (റ) വിനെ നോക്കി അല്ലാഹുവിന്‍റെ റസൂല്‍ അങ്ങേയറ്റം ദുഖിതനായി. ഇതേ സമയം സ്വന്തം മകനെ ചൂണ്ടി സുഹൈല്‍ പറഞ്ഞു: 'ഇവന്‍റെ വിഷയത്തിലാണ് ഈ കരാര്‍ ഒന്നാമതായി പാലിക്കപ്പെടേണ്ടത്. നിറകണ്ണുകളോടെ വേദനയില്‍ പുളയുന്ന അബൂജന്‍ദല്‍ റസൂല്‍ കരീം (സ) യെ നോക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: 'അല്ലയോ അല്ലാഹുവിന്‍റെ റസൂലേ, എന്നെ പീഡിപ്പിച്ച് എന്‍റെ വിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിച്ച് കളയാന്‍ ശ്രമിക്കുന്ന ഈ അവിശ്വാസികളിലേക്ക് അങ്ങെന്നെ വിട്ടുകൊടുക്കുകയാണോ'. അല്ലാഹുവിന്‍റെ റസൂല്‍ ഒന്ന് മൂളിയാല്‍ അബൂ ജന്‍ദലിനെ മോചിപ്പിക്കാന്‍ തയ്യാറായ ആളുകള്‍ അദ്ദേഹത്തിന്‍റെ കൂടെയുണ്ട്. പക്ഷെ അദ്ദേഹം അബൂ ജന്‍ദലിനോട് പറഞ്ഞത്: "ഞാനിതാ ഈ സമൂഹവുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നാം അവരെ വഞ്ചിക്കുകയില്ല. അബൂ ജന്‍ദല്‍, നീ ക്ഷമിക്കുക. അല്ലാഹുവില്‍ നിന്നും നീ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പ്രതിഫലം കാംക്ഷിക്കുക. അല്ലാഹു നിനക്കും നിന്നോടൊപ്പമുള്ളവര്‍ക്കും ഒരു വഴിയുണ്ടാക്കിത്തരും". 

മാത്രമല്ല മുസ്‌ലിമീങ്ങളുമായി ഉടമ്പടിയില്‍ കഴിയുന്ന ഒരാളെ വധിക്കുന്നവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല എന്നാണ് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ചത്: 

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ ، وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا .

അബ്ദുല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ്വ് നിവേദനം: നബി (സ) പറഞ്ഞു: "ആരെങ്കിലും മുസ്‌ലിമീങ്ങളുമായി പരസ്പര ധാരണയോടെ ഉടമ്പടിക്കരാറില്‍ ജീവിക്കുന്ന ഒരാളെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അവനില്‍ നിന്നും നാല്പത് വര്‍ഷത്തെ വഴിദൂരം അകലെയായിരിക്കും അതിന്‍റെ പരിമളം പോലുമുള്ളത്" - [സ്വഹീഹുല്‍ ബുഖാരി: 3166].
.  
അതെ നാം ചെയ്ത കരാര്‍ നാം ലംഘിക്കുകയില്ല. അതല്ലാഹുവിന്‍റെ റസൂല്‍ നമ്മെ പഠിപ്പിച്ച കാര്യമാണത്. അതുകൊണ്ട് ഈ രാജ്യത്തെ സഹിഷ്ണുതയും, മാനുഷിക മൂല്യങ്ങളും, ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ജീവിക്കുവാനുള്ള അവകാശവും നിലനിര്‍ത്താന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. അതില്ലാതാക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക അനിവാര്യമാണ്. ഇസ്‌ലാമിന്‍റെ പെരിലാവട്ടെ , ഇതര മതങ്ങളുടെ പേരിലാവട്ടെ അസഹിഷ്ണുതക്ക് വേണ്ടിയോ, വര്‍ഗീയ വിദ്വേഷങ്ങള്‍ക്കോ, കലാപങ്ങള്‍ക്കോ മുറവിളി കൂട്ടുന്നവരെ നിയമനടപടികള്‍ കൊണ്ടും, ആശയ സംഘട്ടനം കൊണ്ടും നേരിടുക... 

അതോടൊപ്പം കുളം കലക്കി മീന്‍പിടിക്കുന്നവരെയും നാം തിരിച്ചറിയുക...  സമാധാനപരമായ ആശയസംവാദങ്ങള്‍ക്കും, ആശയവിനിമയങ്ങള്‍ക്കും മതപ്രബോധനത്തിനും വര്‍ഗീയ പരിവേഷം നല്‍കി തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് അജണ്ടകളെ നാം തിരിച്ചറിയുക... അസഹിഷ്ണുതയുടെ പര്യായമായ അത്തരം പ്രവണതകളെ ചെറുക്കാന്‍ ഒരേ മനസ്സോടെ നമുക്കേവര്‍ക്കും സാധിക്കുമാറാകട്ടെ ...