Wednesday, June 8, 2016

ആര്‍ത്തവം കാരണം നോമ്പ് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ആര്‍ത്തവം തടയാനുള്ള മരുന്ന് കഴിക്കാമോ ?.



ചോദ്യം: ആര്‍ത്തവം കാരണം നോമ്പ് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ മരുന്ന് കഴിക്കാമോ ?. 

www.fiqhussunna.com

ഉത്തരം: 
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

 ആമുഖമായി നാം മനസ്സിലാക്കേണ്ടത് റമളാന്‍ മാസത്തില്‍ ഒരു സ്ത്രീക്ക് ഹൈള് കാരണത്താലോ, നിഫാസ് കാരണത്താലോ നഷ്ടപ്പെടുന്ന നോമ്പ് പിന്നീട് നോറ്റു വീട്ടുമ്പോള്‍ അവര്‍ക്ക് റമളാനില്‍ ലഭിക്കുന്ന അതേ പ്രതിഫലം തന്നെയുണ്ട്. കാരണം അവര്‍ ശറഇയ്യായ കാരണത്താലാണ് ആ നോമ്പ് ഉപേക്ഷിച്ചത്.

عن أبي مُوسَى رضي الله عنه قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :  إِذَا مَرِضَ الْعَبْدُ أَوْ سَافَرَ كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا

അബൂമൂസല്‍ അശ്അരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ഒരടിമ രോഗിയാവുകയോ, യാത്ര പോകുകയോ ചെയ്‌താല്‍ അവന്‍  യാത്രക്കാരനല്ലാത്തപ്പോഴും ആരോഗ്യവാനായിരിക്കെയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അതേ പ്രതിഫലം അവന് രേഖപ്പെടുത്തപ്പെടും" - [ബുഖാരി: 2996].

അതുകൊണ്ട് റമളാന്‍ മാസത്തില്‍ ഹൈള് പോലുള്ള കാരണത്താല്‍ തനിക്ക് നോമ്പ് നഷ്ടപ്പെടുന്നതിനെച്ചൊല്ലി ഒരു സ്ത്രീ ആവലാതിപ്പെടേണ്ടതില്ല.  അവള്‍ക്ക് അത് നോറ്റുവീട്ടുമ്പോള്‍ റമളാന്‍ മാസത്തില്‍ ലഭിക്കുന്നഅതേ പ്രതിഫലം ലഭിക്കുന്നുണ്ട്. 


ഇനി അവര്‍ക്ക് ഹൈള് വരാതിരിക്കാനുള്ള മരുന്ന് ഉപയോഗിക്കാമോ എന്നതാണ്. റമളാന്‍ മാസത്തില്‍ അത് ഉപയോഗിക്കുന്നതിന് തെറ്റില്ല. പക്ഷെ അത് അവരെ ദോഷകരമായി ബാധിക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. അതുകൊണ്ട് ഡോക്ടര്‍മാരുടെ അറിവോടെയല്ലാതെ അത്തരം കാര്യങ്ങള്‍ ചെയ്യരുത്. മാത്രമല്ല പിന്നീട് അവരുടെ ആര്‍ത്തവ ദിവസങ്ങള്‍ ക്രമം തെറ്റാനും, അതിന്‍റെ ദിവസങ്ങള്‍ വര്‍ദ്ധിക്കാനും ഒക്കെ ഒരുപക്ഷേ അത് കാരണമായി എന്നും വരാം. അതുകൊണ്ട് അപ്രകാരമുള്ള മരുന്നുകള്‍ ഉപയോഗിക്കാതിരിക്കലാണ് ഉചിതം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ അവ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുമെങ്കില്‍ അവ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. 

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയോടുള്ള ചോദ്യവും  മറുപടിയും:

ചോദ്യം: റമളാന്‍ മാസത്തില്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാന്‍ വേണ്ടി സ്ത്രീകള്‍ ഹൈള് തടയുന്ന ഗുളിക കഴിക്കുന്നതിന്‍റെ വിധിയെന്താണ് ?.

മറുപടി:

لا حرج في ذلك أن تأخذ الحبوب لمنع الحيض حتى تصلي مع الناس وتصوم مع الناس بشرط أن يكون ذلك سليماً لا يضرها عن المشاورة للطبيب, وعن موافقة لزوجها حتى لا تضر نفسها, وحتى لا تعصي زوجها, فإذا كان عن تشاور وعن احتياط من جهة السلامة من الضرر فلا بأس, وهكذا في أيام الحج. بارك الله فيكم 

"മറ്റുള്ളവരുടെ കൂടെ നമസ്കരിക്കാനും, നോമ്പ് നോല്‍ക്കാനും വേണ്ടി ഹൈള് തടയുന്ന ഗുളിക ഉപയോഗിക്കുന്നതില്‍, ഡോക്ടര്‍മാരോട് കൂടിയാലോചിച്ച ശേഷം അതവര്‍ക്ക് ദോഷകരമായി ബാധിക്കില്ല എന്ന നിബന്ധനയോടെ, അതുപോലെ ഭര്‍ത്താവിന്‍റെ അനുമതിയോടെയും അതുപയോഗിക്കള്‍ അനുവദനീയമാണ്. അവര്‍ക്ക് ദോഷകരമാകാതിരിക്കാനും, തന്‍റെ ഭര്‍ത്താവിനെ ധിക്കരിക്കാതിരിക്കാനും ആണ് അപ്രകാരം പറഞ്ഞത്. കൂടിയാലോചിച്ച ശേഷവും, അത് ദോഷകരമായി ബാധിക്കില്ല എന്നത് ഉറപ്പ് വരുത്തിയ ശേഷവുമാണ് ഉപയോഗിക്കുന്നത് എങ്കില്‍ കുഴപ്പമില്ല. ഇതുപോലെത്തന്നെയാണ് ഹജ്ജിന്‍റെ വേളകളില്‍ അതുപയോഗിക്കുന്നതും. അല്ലാഹു അനുഗ്രഹിക്കട്ടെ " - [http://www.binbaz.org.sa/noor/9833]. 

അതുകൊണ്ട് അത് ഉപയോഗിക്കുന്നവര്‍ ഭര്‍ത്താവിനോടും  വൈദ്യശാസ്ത്രപരമായ വരുംവരായികകള്‍ അന്വേഷിച്ച് മനസ്സിലാക്കിയും മാത്രം അത് ഉപയോഗിക്കുക. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞത് പോലെ അത് സ്ത്രീക്ക് സ്വാഭാവികമായി അല്ലാഹു നിര്‍ണയിച്ച പ്രകൃതിപരമായ ഒരു കാര്യമായതിനാല്‍, തനിക്ക് നഷ്ടപ്പെടുന്ന നോമ്പുകള്‍ ഒരു സ്ത്രീ പിന്നീട് നോറ്റു വീട്ടുമ്പോള്‍ അവര്‍ക്ക് റമളാനില്‍ ഉള്ള അതേ പ്രതിഫലം ലഭിക്കുന്നുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ അനാവശ്യമായി മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുകയാകും ഉചിതം. ഉപയോഗിക്കുന്നവര്‍ നിബന്ധനകള്‍ പാലിച്ചിരിക്കുകയും ചെയ്യണം. അല്ലാഹു അനുഗ്രഹിക്കട്ടെ...
_________________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ