الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
ശനിയാഴ്ച ദിവസം സുന്നത്ത് നോമ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഈയിടെയായി അനേകം ആളുകൾ സംശയം ചോദിക്കുന്നുണ്ട്. ശനിയാഴ്ച ദിവസം നോമ്പ് നോൽക്കുന്നത് വിലക്കിക്കൊണ്ട് നബി (സ) യിൽ നിന്നും വന്ന ഹദീസ് മനസ്സിലാക്കുന്നിടത്തുള്ള തെറ്റിദ്ധാരണയാണ് ഈ ആശയക്കുഴപ്പത്തിന്നാധാരം. ആ ഹദീസ് ഇപ്രകാരമാണ്:
عَنْ عَبْدِ اللَّهِ بْنِ بُسْرٍ عَنْ أُخْتِهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا تَصُومُوا يَوْمَ السَّبْتِ إِلا فِيمَا افْتَرَضَ اللَّهُ عَلَيْكُمْ ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلا لِحَاءَ عِنَبَةٍ ، أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ )
അബ്ദുല്ലാഹ് ബ്ൻ ബുസ്ർ (റ) തൻറെ സഹോദരിയിൽ നിന്നും ഉദ്ധരിക്കുന്നു: റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "ശനിയാഴ്ച ദിവസം നിങ്ങൾ അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ ഫർള് നോമ്പുകളല്ലാതെ നോൽക്കരുത്. മുന്തിരിയുടെ പുറം തോട് അല്ലെങ്കിൽ ഒരുമരത്തിന്റെ കൊമ്പ് മാത്രമേ ഒരാൾക്ക് കിട്ടിയുള്ളൂ എങ്കിലും ശരി അത് കഴിച്ചിട്ടെങ്കിലും അവൻ തൻറെ നോമ്പ് ഉപേക്ഷിക്കട്ടെ". - [തിർമിദി : 744 , അബൂ ദാവൂദ്: 2421, ഇബ്നു മാജ: 1726. ശൈഖ് അൽബാനി (റ) ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റ) യെപ്പോലെ ഈ ഹദീസ് അങ്ങേയറ്റം ദുർബലവും തെളിവിന് നിരക്കാത്തതാണ് എന്നഭിപ്രായപ്പെട്ടവരുമുണ്ട് (https://binbaz.org.sa/fatwas/27234/ما-حكم-صيام-يوم-السبت-منفردا) . എന്നാൽ സ്വഹീഹാണ് എന്നതാണ് പ്രബലമായ അഭിപ്രായം].
www.fiqhussunna.com
പ്രത്യക്ഷത്തിൽ ഫർള് നോമ്പുകൾ അല്ലാത്ത ഒരു നോമ്പും ശനിയാഴ്ച ദിവസം നോൽക്കാൻ പാടില്ല എന്ന് ഈ ഹദീസിൽ പ്രതിപാദിച്ചു കാണാം. എന്നാൽ നബി (സ) നിന്നും വന്നിട്ടുള്ള മറ്റനേകം ഹദീസുകൾ പരിശോധിക്കുന്ന പക്ഷം ശനിയാഴ്ച ദിവസം മാത്രമായി ശനിയാഴ്ച ദിവസത്തെ ഒറ്റപ്പെടുത്തി നോമ്പ് നോൽക്കുന്ന കാര്യമാണ് ഇവിടെ വിലക്കപ്പെട്ടത് എന്ന് മനസ്സിലാക്കാം.
മേൽപറഞ്ഞ ഹദീസ് ഉദ്ദരിച്ച ശേഷം ഇമാം തിർമിദി (റ) തന്നെ ഈ ഹദീസിലെ വിലക്കിൻറെ പൊരുൾ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:
وَمَعْنَى كَرَاهَتِهِ فِي هَذَا أَنْ يَخُصَّ الرَّجُلُ يَوْمَ السَّبْتِ بِصِيَامٍ لأَنَّ الْيَهُودَ تُعَظِّمُ يَوْمَ السَّبْتِ
"ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്ന വിലക്ക് എന്നുവെച്ചാൽ ഒരാൾ ശനിയാഴ്ച ദിവസം മാത്രം പ്രത്യേകമായി നോമ്പ് നോൽക്കുക എന്നതാണ്. കാരണം ജൂതന്മാർ പ്രത്യേകം ശ്രേഷ്ഠത കല്പിക്കുന്ന ദിവസമാണ് ശനിയാഴ്ച". - [തിർമിദി : 744 vol: 3 page: 111].
മാത്രമല്ല ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസിൽ ഇപ്രകാരം കാണാം:
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه
അബൂ ഹുറൈറ (റ) നിവേദനം: നബി (സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "ഒരു ദിവസം മുൻപോ ഒരു ദിവസം ശേഷമോ നോമ്പ് പിടിച്ചുകൊണ്ടല്ലാതെ വെള്ളിയാഴ്ച ദിവസം മാത്രമായി നിങ്ങളിലൊരാളും നോമ്പ് നോൽക്കരുത്" - [സ്വഹീഹുൽ ബുഖാരി: 1985, സ്വഹീഹ് മുസ്‌ലിം: 1144].
അഥവാ വെള്ളിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് നോൽക്കാൻ പാടില്ല. വെള്ളിയാഴ്ച ദിവസം നോമ്പ് പിടിക്കുന്നവർ അതിനു മുൻപോ ശേഷമോ ഒരു നോമ്പ് നോൽക്കണം. ഈ ഹദീസിൽ നിന്നും വെള്ളിയാഴ്ചയോടൊപ്പം ശനിയാഴ്ച ഒരാൾ നോമ്പ് നോൽക്കുകയാണ് എങ്കിൽ അതിന് ശനിയാഴ്ചക്കോ, വെള്ളിയാഴ്ചക്കോ യാതൊരു വിലക്കും ഉണ്ടാകുന്നില്ല എന്നത് സുവ്യക്തമാണല്ലോ. ഈ ഹദീസിൽ എവിടെയും ഇത് ഫർള് നോമ്പിനെക്കുറിച്ച് എന്നോ, സുന്നത്ത് നോമ്പിനുനെക്കുറിച്ച് എന്നോ പരാമർശിക്കുന്നില്ല. അതുകൊണ്ടുതന്നെ വിലക്കപ്പെട്ടത് വെള്ളിയാഴ്ചയെയോ, ശനിയാഴ്ചയേയോ ഒറ്റക്ക് നോമ്പ് പിടിക്കുക എന്നതാണ് എന്ന് മനസ്സിലാക്കാം.
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:
عَنْ جُوَيْرِيَةَ بِنْتِ الْحَارِثِ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ : ( أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي ) .
ഉമ്മുൽ മുഅമിനീൻ ജുവൈരിയ ബിൻത് ഹാരിസ് (റ) നിവേദനം: ഒരു വെള്ളിയാഴ്ച ദിവസം അവർ നോമ്പുകാരിയായിരിക്കെ നബി (സ) അവരുടെ അരികിലേക്ക് പ്രവേശിച്ചു. അപ്പോൾ അദ്ദേഹം അവരോട് ചോദിച്ചു: നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ ?. അവർ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: നീ നാളെ നോമ്പ് നോൽക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ?. അവർ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: എങ്കിൽ നീ നോമ്പ് മുറിച്ചുകൊള്ളുക". - [സ്വഹീഹുൽ ബുഖാരി: 1986].
ഇവിടെ ഈ ഹദീസിൽ വെള്ളിയാഴ്ച ദിവസം മാത്രമായി നോമ്പ് പിടിച്ച ജുവൈരിയ (റ) യോട് നബി (സ) ചോദിച്ചത് തലേ ദിവസം നോമ്പെടുത്തിരുന്നോ എന്നതാണ്. ഇല്ലെന്നു പറഞ്ഞപ്പോൾ 'എങ്കിൽ നാളെ അഥവാ ശനിയാഴ്ച കൂടി നോമ്പ് എടുക്കാൻ ഉദ്ദേശിക്കുന്നോ എന്നാണ് ചോദിച്ചത്. ശനിയാഴ്ചയോ വെള്ളിയാഴ്ചയോ ഒറ്റക്ക് മാത്രം നോൽക്കുന്നതാണ് വിലക്കപ്പെട്ടത് എന്നത് ഈ ഹദീസിൽ നിന്നും സുവ്യക്തമാണ്. ഈ ഹദീസിൽ നിന്നും ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് പിടിക്കുന്നതിനേ വിലക്കുള്ളൂ എന്ന് സ്പഷ്ടമായി മനസ്സിലാക്കാം എന്ന് ഇമാം ഇബ്നു ഖുദാമ (റ) തൻറെ المغني എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചത് കാണാം. [المغني: 3/171].
മാത്രമല്ല സുന്നത്ത് നോമ്പുകളിൽ ഏറ്റവും ശ്രേഷ്ഠം ദാവൂദ് നബി (അ) ൻറെ നോമ്പ് ആണല്ലോ. ഒരുദിവസം ഇടവിട്ട് നോമ്പ് നോൽക്കലാണല്ലോ അത്. അപ്രകാരം ചെയ്യുന്നത് സുന്നത്താണ് എന്ന് നബി (സ) പഠിപ്പിക്കുകയും ചെയ്തു. :
عن عَبْد اللَّهِ بْن عَمْرِو بْنِ الْعَاصِ رضى الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لَهُ : ( أَحَبُّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ عَلَيْهِ السَّلاَمُ ، وَأَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ ، وَكَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ ، وَيَصُومُ يَوْمًا وَيُفْطِرُ يَوْمًا ) .
അബ്ദുല്ലാഹ് ബ്ൻ അംറു ബ്നുൽ ആസ് (റ) നിവേദനം: റസൂൽ (സ) അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള നമസ്കാരം ദാവൂദ് നബി (അ) യുടെ നമസ്‌കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള നോമ്പാകട്ടെ അത് ദാവൂദ് നബി (അ) യുടെ നോമ്പുമാണ്. അദ്ദേഹം രാത്രിയുടെ പാതി ഉറങ്ങും എന്നിട്ടെഴുന്നേറ്റ് രാത്രിയുടെ മൂന്നിലൊന്ന് നേരം നമസ്കരിക്കും ശേഷം അവശേഷിക്കുന്ന ആറിലൊന്ന് വീണ്ടും ഉറങ്ങും. അദ്ദേഹം ഒരു ദിവസം നോമ്പ് പിറ്റേ ദിവസം നോമ്പില്ലാതെ എന്നിങ്ങനെ ഒന്നിടവിട്ട് നോമ്പെടുക്കുകയും ചെയ്യും". [സ്വഹീഹുൽ ബുഖാരി: 1131, സ്വഹീഹ് മുസ്‌ലിം: 1159].
ഒരാൾ ഒന്നിടവിട്ട് സുന്നത്ത് നോമ്പുകൾ നോൽക്കുകയാണ് എന്ന് കരുതുക ശനിയാഴ്ച ദിവസം സ്വാഭാവികമായും നോമ്പ് വന്നിരിക്കും. ഒരു ശനിയാഴ്ച ദിവസം നോമ്പ് ഉപേക്ഷിച്ചാൽത്തന്നെ അടുത്ത ശനിയാഴ്ച ദിവസം സ്വാഭാവികമായും നോമ്പ് വന്നിരിക്കും. ആ നിലക്ക് ശനിയാഴ്ച ദിവസം വിലക്കപ്പെട്ട ദിവസമാണ് എന്ന് നിരുപാധികം പറഞ്ഞാൽ ഈ ഹദീസിൽ പരാമർശിച്ച വിധത്തിൽ നോമ്പ് നോൽക്കുക അസാധ്യമാകും. അതുകൊണ്ടുതന്നെ മുൻപോ ശേഷമോ നോമ്പെടുക്കുമ്പോൾ ശനിയാഴ്ച ദിവസം നോമ്പ് നോൽക്കാം എന്ന് പറഞ്ഞതുപോലെത്തന്നെ, സ്ഥിരമായി ഒന്നിടവിട്ട് നോമ്പെടുക്കുന്നയാൾക്ക് അതിന്റെ ഭാഗമായി ശനിയാഴ്ച ദിവസം വന്നാലും നോമ്പ് നോൽക്കാം.
ഈ വിഷയത്തിൽ ശൈഖ് അൽബാനി (റ) ക്ക് ശനിയാഴ്ച ദിവസം ഒരിക്കലും സുന്നത്ത് നോമ്പ് പാടില്ല. അതിനി അറഫാദിനം വന്നാൽപ്പോലും എന്നഭിപ്രായമുണ്ടായിരുന്നു. അങ്ങേയറ്റം ഒറ്റപ്പെട്ട ഒരഭിപ്രായം മാത്രമാണത്. മാത്രമല്ല അനേകം പ്രമുഖ പണ്ഡിതന്മാർ ശൈഖ് അൽബാനി റഹിമഹുള്ള ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന് ഈ വിഷയത്തിൽ മറുപടി എഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട്. ശൈഖ് ഇബ്നു ഉസൈമീൻ (റ), ശൈഖ് ഇബ്നു ബാസ് (റ), ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ് (ഹ) തുടങ്ങിയവരൊക്കെ ഈ വിഷയത്തിൽ ശൈഖ് അൽബാനിയുടെ വീക്ഷണത്തോട് വിരുദ്ധമായ നിലപാട് സ്വീകരിച്ചവരാണ്. മൂന്നോ നാലോ വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് ഒരു ദൗറയിൽ ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് (റ) യുടെ "ഉസൂൽ വ ളവാബിതുത്തക്ഫീർ" എന്ന ഗ്രന്ഥം വിശദീകരിച്ച് നൽകവേ ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ) ശനിയാഴ്ച നോമ്പെടുക്കുന്ന വിഷയത്തിൽ അദ്ദേഹം ശൈഖ് അൽബാനിക്ക് മറുപടി എഴുതിയതും, ശേഷം ശൈഖ് അൽബാനിയെ സന്ദർശിച്ച സമയത്ത്, പ്രാമാണികമായി മനസ്സിലാക്കിയ സത്യത്തിൽ ഉറച്ച് നിൽക്കുന്നതിനെ ശൈഖ് അൽബാനി പ്രശംസിച്ചതും ഞാൻ അന്ന് ഫിഖ്ഹുസ്സുന്നയിൽ എഴുതിയിരുന്നു. ആ ലേഖനം ഈ ലിങ്കിൽ വായിക്കാം: [http://www.fiqhussunna.com/2015/10/blog-post_20.html].
പറഞ്ഞുവന്നത് പ്രമാണബദ്ധമായി പരിശോധിച്ചാൽ ശൈഖ് അൽബാനിയുടെ നിലപാടായിരുന്നില്ല മറിച്ച് പൂർവികരും പിൻകാമികളുമായ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഖണ്ഡിതമായി വിശദീകരിച്ച പോലെ, മുൻപോ ശേഷമോ മറ്റൊരു ദിവസം നോമ്പെടുക്കുകയാണ് എങ്കിലും, ഒന്നിടവിട്ട് നോൽക്കുന്നവർക്കും ശനിയാഴ്ച ദിവസം സുന്നത്ത് നോമ്പ് നോൽക്കുന്നതിന് കുഴപ്പമില്ല എന്ന അഭിപ്രായമാണ് ശരിയായ അഭിപ്രായം എന്ന് മനസ്സിലാക്കാം.
ശൈഖ് അൽബാനിക്ക് മുൻപ് വളരെ വിരളമായ ചിലരെ അദ്ദേഹത്തിന്റെ അഭിപ്രായമുണ്ടായിരുന്നവരുള്ളൂ എന്നതും ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്. ഇമാം ഇബ്നു റുശ്ദ് (റ) തൻറെ ബിദായത്തുൽ മുജ്തഹിദിൽ നോമ്പ് നോൽക്കുന്നത് നിർബന്ധമായതും, സുന്നത്തായതും, ഹറാമായതും, അഭിപ്രായഭിന്നതയുള്ളതുമായ സന്ദർഭങ്ങൾ വിവരിക്കുന്നുണ്ട്. അതിൽ അഭിപ്രായവ്യത്യാസമുള്ള ദിവസങ്ങളുടെ കൂട്ടത്തിലാണ് ശനിയാഴ്ച ദിവസത്തിലെ സുന്നത്ത് നോമ്പിനെ എണ്ണിയത്. ഇത് ശനിയാഴ്ച ദിവസത്തിന്റെ വിഷയത്തിൽ ശൈഖ് അൽബാനി (റ) ക്ക് മുൻപ് തന്നെ ചർച്ചകൾ ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നു. പക്ഷെ അതിൽ അദ്ദേഹം ആരെല്ലാമാണ് ആ അഭിപ്രായക്കാർ എന്നത് വ്യക്തമാക്കുന്നില്ല. അതുപോലെത്തന്നെ (اقتضاء الصراط المستقيم) ഇമാം അഹ്മദിന്റെ ശിഷ്യന്മാരിൽ ചിലർ ശനിയാഴ്ച ദിവസം നോമ്പെടുക്കുന്നത് വെറുത്തിരുന്നു എന്ന് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റ) യും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ത്വാവൂസ് (റ) ഇബ്‌റാഹീം അന്നഖഇ (റ) തുടങ്ങിയ താബിഈങ്ങളിൽ നിന്നും ശനിയാഴ്ച സുന്നത്ത് നോമ്പ് പാടില്ല എന്ന അഭിപ്രായം ഇമാം ബദ്‌റുദ്ദീൻ അൽ ഐനി തന്റെ (مغاني الأخيار في شرح أسامي رجال معاني الآثار) എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട്. ഇതൊക്കെ ചിലർ ആക്ഷേപിക്കുന്ന പോലെ ശൈഖ് അൽബാനി (റ) അങ്ങനെ ഒരു പുത്തൻവാദം കൊണ്ടുവന്നതല്ല എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. എന്നിരുന്നാലും പ്രമാണങ്ങളുടെ പിൻബലവും ബഹുഭൂരിപക്ഷം വരുന്ന ഇമാമീങ്ങളുടെ അഭിപ്രായവും ഒക്കെ ആ നിലപാടിന് എതിരാണ് എന്ന് നാം വ്യക്തമാക്കിയല്ലോ.
മാത്രമല്ല ശനിയാഴ്ച മാത്രം ഒറ്റക്ക് നോമ്പെടുക്കുന്നതേ വിലക്കപ്പെട്ടിട്ടുള്ളൂ എന്നതാണ് നാല് മദ്ഹബിലെയും ആധികാരികമായ അഭിപ്രായവും
ഇമാം കാസാനി (റ) പറയുന്നു:
وَيُكْرَهُ صَوْمُ يَوْمِ السَّبْتِ بِانْفِرَادِهِ، لِأَنَّهُ تَشَبُّهٌ بِالْيَهُودِ، وَكَذَا صَوْمُ يَوْمِ النَّيْرُوزِ، لِأَنَّهُ تَشَبُّهٌ بِالْمَجُوسِ
"ശനിയാഴ്ച ദിവസം മാത്രം ഒറ്റക്ക് നോമ്പ് പിടിക്കുന്നത് വെറുക്കപ്പെട്ടതാണ്. കാരണം അത് ജൂതന്മാരോട് സാദൃശ്യപ്പെടലാണ്. അതുപോലെത്തന്നെ നൈറൂസിൻറെ ദിവസം നോമ്പെടുക്കുന്നതും വെറുക്കപ്പെട്ടതാണ്. കാരണം അത് മജൂസികളോട് സാദൃശ്യപ്പെടലാണ്" - [بدائع الصنائع: 2/79].
ഇമാം നവവി (റ) പറയുന്നു:
يُكْرَهُ إفْرَادُ يَوْمِ السَّبْتِ بِالصَّوْمِ فَإِنْ صَامَ قَبْلَهُ، أَوْ بَعْدَهُ مَعَهُ لَمْ يُكْرَهُ صَرَّحَ بِكَرَاهَةِ إفْرَادِهِ أَصْحَابُنَا مِنْهُمْ الدَّارِمِيُّ وَالْبَغَوِيُّ وَالرَّافِعِي
ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് നോൽക്കൽ വെറുക്കപ്പെട്ട കാര്യമാണ്. എന്നാൽ അതിന് മുൻപോ ശേഷമോ മറ്റൊരു ദിവസം കൂടെ നോൽക്കുകയാണെങ്കിൽ അത് വെറുക്കപ്പെട്ടതാവില്ല. ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പെടുക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ് എന്ന് ശാഫിഈ മദ്ഹബിലെ ഇമാമീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ദാരിമി, ഇമാം ബഗവി, ഇമാം റാഫിഇ തുടങ്ങിയവർ അവരിൽപ്പെടുന്നു". - [المجموع: 6/439].
ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:
قال ابن قدامة رحمه الله: " قال أصحابنا: يُكْرَه إفراد يوم السبت بالصوم ... والمكروه إفراده، فإن صام معه غيره، لم يكره; لحديث أبي هريرة وجويرية، وإن وافق صومًا لإنسان, لم يُكْرَه ". اهـ.
"ഹംബലീ മദ്ഹബിലെ ഇമാമീങ്ങളുടെ അഭിപ്രായപ്രകാരം ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് പിടിക്കുന്നത് അങ്ങേയറ്റം വെറുക്കപ്പെട്ടതാണ്. ആ ദിവസം മാത്രമായി ഒറ്റക്ക് നോമ്പെടുക്കുക എന്നതാണ് വെറുക്കപ്പെട്ടത്. എന്നാൽ ആ ദിവസത്തോടൊപ്പം മറ്റു ദിവസങ്ങളും ചേർത്ത് നോമ്പെടുത്താൽ അത് വെറുക്കപ്പെട്ടതല്ല. ജുവൈരിയ (റ) യുടെയും അബൂ ഹുറൈറ (റ) വിന്റെയും ഹദീസ് അതിന് തെളിവാണ്. ഒരാൾ സാധാരണ നോൽക്കാറുള്ള ദിവസം ശനിയാഴ്ച ഒത്തുവന്നാൽ അന്ന് നോൽക്കുന്നതും വെറുക്കപ്പെട്ടതല്ല.. " - [الشرح الكبير: / كتاب الصيام /باب صوم التطوع: ص788] .
അതുപോലെ ആറു നോമ്പ് എടുക്കുമ്പോൾ ബുധനും, വ്യാഴവും, വെള്ളിയും ഒക്കെ നോമ്പ് നോറ്റ വ്യക്തി ശനിയാഴ്ച ദിവസം മാത്രം നോമ്പ് നോൽക്കാതെ ഒഴിവാക്കുമ്പോൾ, അവിടെ ശനിയാഴ്ചക്ക് മാത്രമായി പ്രത്യേകം പ്രത്യേകത കാണാതിരിക്കാനാണ് അന്ന് മാത്രമായി നോമ്പ് നോൽക്കുന്നത് നബി (സ) വിലക്കിയത് എന്ന അതെ കാരണം ആ ദിവസം മാത്രം പ്രത്യേകമായി ഒഴിച്ചിടുമ്പോഴും സംഭവിക്കുന്നു. അതുകൊണ്ട് ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് നോൽക്കാതിരിക്കുക എന്നതാണ് ആകെച്ചുരുക്കം എന്ന് മനസ്സിലാക്കാം.
അവസാനമായി വളരെ പഠനാർഹമായതിനാൽ ഈ വിഷയത്തിൽ ശൈഖ് ഇബ്നു ഉസൈമീൻ (റ) നൽകിയ ഒരു ലഘുവിശദീകരണം കൂടി ഇവിടെ ചേർക്കുന്നു:
" وليعلم أن صيام يوم السبت له أحوال :
الحال الأولى : أن يكون في فرضٍ كرمضان أداء ، أو قضاءٍ ، وكصيام الكفارة ، وبدل هدي التمتع ، ونحو ذلك ، فهذا لا بأس به ما لم يخصه بذلك معتقدا أن له مزية .
الحال الثانية : أن يصوم قبله يوم الجمعة فلا بأس به ؛ لأن النبي صلى الله عليه وسلم قال لإحدى أمهات المؤمنين وقد صامت يوم الجمعة : ( أصمت أمس ؟ ) قالت : لا ، قال : ( أتصومين غدا ؟ ) قالت : لا ، قال : ( فأفطري ) . فقوله : ( أتصومين غدا ؟ ) يدل على جواز صومه مع الجمعة .
الحال الثالثة : أن يصادف صيام أيام مشروعة كأيام البيض ويوم عرفة ، ويوم عاشوراء ، وستة أيام من شوال لمن صام رمضان ، وتسع ذي الحجة فلا بأس ، لأنه لم يصمه لأنه يوم السبت ، بل لأنه من الأيام التي يشرع صومها .
الحال الرابعة : أن يصادف عادة كعادة من يصوم يوما ويفطر يوما فيصادف يوم صومه يوم السبت فلا بأس به ، كما قال النبي صلى الله عليه وسلم لما نهى عن تقدم رمضان بصوم يوم أو يومين : ( إلا رجلاً كان يصوم صوماً فليصمه ) ، وهذا مثله .
الحال الخامسة : أن يخصه بصوم تطوع فيفرده بالصوم ، فهذا محل النهي إن صح الحديث في النهي عنه " انتهى ).
അദ്ദേഹം പറയുന്നു: ശനിയാഴ്ച ദിവസം നോമ്പുപിടിക്കുകയെന്നുള്ളത് വിവിധ രൂപങ്ങളിലാണ് സംഭവിക്കുന്നത്:
ഒന്ന്: റമളാനിലെ ഫർള് നോമ്പ് ആ മാസത്തിൽ തന്നെ അനുഷ്ഠിക്കുമ്പോഴോ പിന്നീട് നോറ്റു വീട്ടുമ്പോഴോ ഫർള് നോമ്പ് ശനിയായാഴ്ച ദിവസം നോൽക്കുക എന്നത്. അതുപോലെ കഫാറത്തിന്റെ അഥവാ പ്രായശ്ചിത്തത്തിന്റെ നോമ്പ്, തമത്തുആയി ഹജ്ജ് ചെയ്യുന്നയാൾ അറവിന് സാധിക്കാതെ വരുമ്പോൾ പകരമായി നോൽക്കുന്ന നോമ്പ് തുടങ്ങി ഫർളായ നോമ്പുകൾ ശനിയാഴ്ചക്ക് പ്രത്യേക പ്രത്യേകത കല്പിക്കാതെ ആ ദിവസം നോൽക്കുമ്പോൾ അതിൽ യാതൊരു തെറ്റുമില്ല.
രണ്ട്: ഇനി ശനിയാഴ്ച ദിവസത്തിന് മുൻപായി വെള്ളിയാഴ്ച കൂടി നോമ്പെടുക്കുകയാണെങ്കിൽ ശനിയാഴ്ച നോമ്പെടുക്കുന്നതിൽ തെറ്റില്ല. കാരണം വെള്ളിയാഴ്ച ദിവസം നോമ്പെടുത്ത നബി പത്നിമാരിൽ ഒരാളോട് അദ്ദേഹം "നീ ഇന്നലെ നോറ്റിരുന്നോ ?" എന്ന് ചോദിച്ചു. അവർ "ഇല്ല" എന്ന് പറഞ്ഞു. "എങ്കിൽ നീ നാളെ നോൽക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ ?" എന്നദേഹം വീണ്ടും ചോദിച്ചു: അപ്പോഴും അവർ "ഇല്ല" എന്ന് പറഞ്ഞു. "എങ്കിൽ നീ ഇന്ന് നോമ്പ് മുറിക്കുക" എന്നദ്ദേഹം നിർദേശം നൽകി. ഈ ഹദീസ് വെള്ളിയാഴ്ച ദിവസത്തോടൊപ്പം ചേർത്തുകൊണ്ട് ശനിയാഴ്‌ച ദിവസം നോമ്പ് നോൽക്കുകയാണ് എങ്കിൽ അതിൽ കുഴപ്പമില്ല എന്നതിന് തെളിവാണ്.
മൂന്ന്: അറഫാദിവസം, അയ്യാമുൽ ബീള്, ആശൂറാഅ്, ശവ്വാൽ ദിവസത്തിലെ ആറ് നോമ്പ്, ദുൽഹിജ്ജ ആദ്യ ഒമ്പത് ദിനങ്ങൾ എന്നിങ്ങനെ സുന്നത്ത് നോമ്പിന്റെ ദിനങ്ങൾ ശനിയാഴ്ച ദിവസവുമായി ഒത്തുവന്നാൽ ആ ദിവസത്തിൽ നോമ്പെടുക്കുന്നതിൽ തെറ്റില്ല. കാരണം അവിടെ അയാൾ അത് ശനിയാഴ്ച ദിവസമാണ് എന്ന കാരണത്താലല്ല ആ ദിവസം നോമ്പ് നോൽക്കുന്നത് എന്നതിനാലാണത്. മറിച്ച് സുന്നത്താക്കപ്പെട്ട ദിനങ്ങളായതിനാലാണ് അയാൾ ആ ദിനങ്ങളിൽ നോമ്പ് നോൽക്കുന്നത്.
നാല്: ഒന്നിടവിട്ട് നോൽക്കുന്ന വ്യക്തിയെപ്പോലെ ഒരാൾ സാധാരണ അനുഷ്ഠിക്കാറുള്ള ദിവസങ്ങളോട് ശനിയാഴ്ച യോജിച്ച് വന്നാലും അത് നോൽക്കുന്നതിൽ തെറ്റില്ല. റമളാനിന് ഒന്നോ രണ്ടോ ദിവസം മുൻപേ നോമ്പ് പിടിക്കരുത് എന്ന് നബി (സ) വിലക്കിയ വേളയിൽ ((ഒരാൾ സാധാരണ നോറ്റുകൊണ്ടിരിക്കുന്ന നോമ്പിന്റെ ഭാഗമായാണ് അപ്രകാരം സംഭവിക്കുന്നത് എങ്കിൽ കുഴപ്പമില്ല)) എന്ന് നബി (സ) പഠിപ്പിച്ചത് കാണാം. ഇതും അതുപോലെത്തന്നെയാണ്.
അഞ്ച്: ശനിയാഴ്ച ദിവസം പ്രത്യേകമായി സുന്നത്ത് നോമ്പ് അനുഷ്ഠിക്കൽ. ആ വിഷയത്തിൽ വിലക്ക് പരാമർശിക്കപ്പെട്ട ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെടുന്ന പക്ഷം ഇതാണ് വിലക്കപ്പെട്ട കാര്യം..." -
[مجموع فتاوى ورسائل الشيخ ابن عثيمين:20/57].
സംഗ്രഹം: അതുകൊണ്ട് ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് പിടിക്കുക എന്നതാണ് വിലക്കപ്പെട്ടത് എന്ന് മനസ്സിലാക്കാം. അതിന് മുൻപോ ശേഷമോ നോമ്പ് നോൽക്കുകയാണ് എങ്കിൽ ആ വിലക്ക് വരുന്നില്ല. സൂക്ഷ്‌മത എന്ന നിലക്ക് റമളാനിലെ നോമ്പ് നോറ്റു വീട്ടുന്നവരാകട്ടെ, അതല്ല അറഫാ, ആശൂറാ, ശവ്വാലിലെ ആറു നോമ്പ് പോലുള്ള സുന്നത്ത് നോമ്പ് നോൽക്കുന്നവരാകട്ടെ ശനിയാഴ്ച ദിവസം മാത്രമായി നോൽക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ജുവൈരിയ (റ) വെള്ളിയാഴ്ച മാത്രമായി നോമ്പ് നോറ്റപ്പോൾ അത് സുന്നത്ത് നോമ്പാണോ ഫർള് നോമ്പാണോ എന്ന് നബി (സ) തിരക്കിയില്ല. മറിച്ച് മുൻപും ശേഷവും എടുക്കുന്നില്ലെങ്കിൽ മുറിക്കാനാണ് ആവശ്യപ്പെട്ടത്. അതുകൊണ്ട് വെള്ളിയാഴ്ച ദിവസമോ ശനിയാഴ്ച ദിവസമോ യാതൊരു സന്ദർഭത്തിലും ഒറ്റക്ക് നോമ്പ് പിടിക്കാതിരിക്കുക എന്നതാണ് സൂക്ഷ്മത. അതിന് മുൻപോ ശേഷമോ നോമ്പ് കടന്നുവരികയാണ് എങ്കിൽ അതിൽ യാതൊരു വിലക്കുമില്ലതാനും.
ശൈഖ് അൽബാനി (റ) യുടെ അഭിപ്രായത്തോടോ അത് സ്വീകരിക്കുന്നവരോടോ നമുക്ക് യാതൊരു തർക്കവുമില്ല. അവരുടെ സൂക്ഷ്മതക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. എന്നാൽ പ്രമാണബന്ധിതമായി നമുക്ക് മനസ്സിലാക്കാൻ സാധിച്ചത് ബഹുപൂരിപക്ഷം ഫുഖഹാക്കളും ഇമാമീങ്ങളും മുഹദ്ദിസുകളും രേഖപെടുത്തിയ ശനിയാഴ്‌ച ദിവസത്തെ ഒറ്റപ്പെടുത്തുന്നതേ വിലക്കപ്പെട്ടിട്ടുള്ളൂ എന്ന നിലപാടാണ് ശരി എന്നതാണ്. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ... അല്ലാഹു അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കിക്കൊടുക്കട്ടെ. നാളെ നമ്മെയും അദ്ദേഹത്തെയും അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ..
അല്ലാഹു അനുഗ്രഹിക്കട്ടെ ...
By: Abdu Rahman Abdul Latheef P.N