Tuesday, October 20, 2015

ശൈഖ് സ്വാലിഹ് അസ്സുഹൈമിക്ക് ശൈഖ് അല്‍ബാനിയോടൊപ്പം ഉണ്ടായ ഒരനുഭവം. - ത്വലബതുല്‍ ഇല്‍മ് അറിയേണ്ടത്.


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ഇന്ന് ഹിജ്റ 5/1/1437 അഥവാ  [19/10/2015] ന് തിങ്കളാഴ്ച കുവൈറ്റിലെ സ്വാലിഹ് അല്‍ കന്‍ദരി പള്ളിയില്‍ നടക്കുന്ന ദൗറയില്‍, ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് റഹിമഹുല്ലയുടെ 'ഉസ്വൂല്‍ വ ളവാബിത്വുത്തക്ഫീര്‍' എന്ന കൃതി വിവരിക്കവെ, ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് ശൈഖ് അല്‍ബാനി റഹിമഹുല്ലയുമായി അദ്ദേഹത്തിന് ഉണ്ടായ ഒരനുഭവം പങ്കുവെക്കുകയുണ്ടായി. അദ്ദേഹത്തിൽ നേരിട്ട് കേട്ട ആ അനുഭവം ത്വലബതുൽ ഇൽമിന് തീർച്ചയായും ഉപകാരപ്പെടും എന്ന നിലക്ക് ഇവിടെ രേഖപ്പെടുത്തുകയാണ് : 

www.fiqhussunna.com

ശൈഖ് അല്‍ബാനി റഹിമഹുല്ല അമ്മാനിലെ ഇസ്‌ലാമിക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ല അദ്ദേഹത്തെ സന്ദര്‍ശിച്ചു. ശൈഖ് അല്‍ബാനി അദ്ദേഹത്തെ ആരും അമിതമായി പുകഴ്ത്തരുത് എന്ന് അങ്ങേയറ്റം കണിശതയുള്ള ആളായിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ നെറ്റിയില്‍ ചുംബിക്കാന്‍ ആരെയും അനുവദിക്കാറുണ്ടായിരുന്നില്ല. (പൊതുവേ അറബികള്‍ മുതിര്‍ന്നവരോടുള്ള ബഹുമാന സൂചകം ചെയ്യുന്ന ഒരു കാര്യമാണത്). എന്നാല്‍ ഹോസ്പിറ്റലില്‍ കിടക്കുകയായതുകൊണ്ട്‌ ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ) അദ്ദേഹത്തോട് തമാശയായിപ്പറഞ്ഞു: സാധാരണ തലയില്‍ ചുംബിക്കാന്‍ നിങ്ങള്‍ അനുവദിക്കാറില്ല. എന്നാല്‍ ഈ അവസ്ഥയില്‍ നിങ്ങള്‍ അനുവദിച്ചാലും ഇല്ലെങ്കിലും ഞാന്‍ ചുംബിക്കും. അപ്പോള്‍ ഇരുവരും ചിരിച്ചു.. ശേഷം കൂടെ വന്ന ആള്‍ ശൈഖ് സ്വാലിഹ് അസ്സുഹൈമിയെ അല്‍ബാനി (റ) ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ തുടങ്ങി.

അപ്പോള്‍ ശൈഖ് അല്‍ബാനി (റ) ചിരിച്ചുകൊണ്ട് പറഞ്ഞു: ഇദ്ദേഹത്തെയാണോ നിങ്ങള്‍ എനിക്ക് പരിചയപ്പെടുത്തുന്നത്. ശനിയാഴ്ച ദിവസം നോമ്പെടുക്കുന്നതുമായി ബന്ധപ്പെട്ടും, രണ്ടാം ജമാഅത്തിനെപ്പറ്റിയും  എന്നെ ഒരുപാട് ഖണ്ഡിച്ചിട്ടുള്ള ആളല്ലേ. 

(അഥവാ മുന്‍പോ ശേഷമോ നോമ്പ് നോല്‍ക്കുകയാണ് എങ്കില്‍ ശനിയാഴ്ച ദിവസം നോമ്പ് എടുക്കുന്നതില്‍ തെറ്റില്ല, അതുപോലെ പള്ളിയില്‍ വൈകി വരുന്നവര്‍ രണ്ടാം ജമാഅത്ത് നിര്‍വഹിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു ശൈഖ് സ്വാലിഹ് അസ്സുഹൈമിയുടെ അഭിപ്രായം. എന്നാല്‍ ശൈഖ് അല്‍ബാനി അത് പാടില്ല എന്ന അഭിപ്രായക്കാരനായിരുന്നു).

അപ്പോള്‍ ശൈഖ് സ്വാലിഹ് അസ്സുഹൈമി അദ്ദേഹത്തോട് പറഞ്ഞു: യാ ശൈഖനാ,,, ഞാന്‍ ഇപ്പോഴും നേരത്തെ ഞാന്‍ പറഞ്ഞ നിലപാടില്‍ത്തന്നെയാണ്. അതിന് വിപരീതമായി യാതൊന്നും എനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഇത്തരം വിഷയങ്ങളില്‍ താങ്കളെയോ താങ്കളല്ലാത്ത മറ്റുള്ളവരെയോ അന്തമായി അനുകരിക്കാതിരിക്കാന്‍ താങ്കള്‍ തന്നെയാണല്ലോ ഞങ്ങളെ പഠിപ്പിച്ചത്.

ഉടന്‍ ശൈഖ് അല്‍ബാനി (റ) ശൈഖ് സ്വാലിഹ് അസ്സുഹൈമിയുടെ കൈകളില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു: "ഇങ്ങനെയാണ് ത്വലബതുല്‍ ഇല്‍മ് ആകേണ്ടത്".
----------------------------------------------------

ഈ അനുഭവം പറഞ്ഞ ശേഷം ശൈഖ് സ്വാലിഹ് അസ്സുഹൈമി പറഞ്ഞു: ശനിയാഴ്ച ദിവസം നോമ്പ് നോല്‍ക്കുന്നത് സംബന്ധമായി ഞാനും ശൈഖ് അബ്ദുല്‍മുഹ്സിന്‍ അബ്ബാദ് ഹഫിദഹുല്ലയും ശൈഖ് അല്‍ബാനി (റ) യുമായി ഒരുപാട് ഖണ്ഡിചിട്ടുണ്ട്. ഇപ്പോഴും ശനിയാഴ്ച ദിവസത്തെ ഒറ്റപ്പെടുത്താതെ അതിന്‍റെ മുന്‍പോ, ശേഷമോ ഒരു ദിവസം നോമ്പ് എടുക്കുകയാണ് എങ്കില്‍ അതില്‍ തെറ്റില്ല എന്ന അഭിപ്രായത്തില്‍ത്തന്നെയാണ് ഞാനുള്ളത്. ശൈഖ് അല്‍ബാനി അത് അനുവദനീയമായിക്കണ്ടിരുന്നില്ല. അദ്ദേഹത്തിന്‍റെ ഇജ്തിഹാദിന് അദ്ദേഹത്തിന് പ്രതിഫലമുണ്ട്. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കട്ടെ.
-------------------------------------------------------------------

ഇല്‍മിയായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് ഉലമാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന അദബും, വളരെ ആഴത്തില്‍ ഇല്‍മിയായ ചര്‍ച്ചകളും ഖണ്ഡനങ്ങളും നടത്തുമ്പോള്‍ പോലും അവര്‍ കാത്തുസൂക്ഷിച്ചിരുന്ന സഹിഷ്ണുതയും മനസ്സിലാക്കാനാണ് ഈ സംഭവം ഇവിടെ കുറിച്ചത്. എന്നാല്‍ ഉലമാക്കളില്‍ നിന്ന് ഇല്‍മ് സ്വീകരിച്ചിട്ടില്ലാത്ത, അവരുടെ രീതി മനസ്സിലാക്കിയിട്ടില്ലാത്ത ചില ആളുകളെ നമുക്ക് കാണാം. ഇല്‍മിയായ എതെങ്കിലും ഒരു വിഷയത്തില്‍ താന്‍ പറഞ്ഞ, അതല്ലെങ്കില്‍ താന്‍ മനസ്സിലാക്കിയ കാര്യത്തിന് വിഭിന്നമായി ആരെങ്കിലും സംസാരിച്ചാല്‍, തത് വിഷയത്തില്‍ ഉലമാക്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ, എന്തൊക്കെ അഭിപ്രായങ്ങളാണ് അതുമായി ബന്ധപ്പെട്ട് പണ്ഡിതലോകത്ത് ഉള്ളത്, ഓരോരുത്തരുടെയും തെളിവുകള്‍ എന്ത്, തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ പരിഗണിക്കാതെ .. തന്‍റെ വാദങ്ങള്‍ അനുകൂലിക്കാത്തവരെയെല്ലാം, സ്വാഹിബുല്‍ ഹവയായും, മുബ്തദിആയും മുദ്രകുത്തുന്ന ചില ആളുകളെ നമുക്ക് കാണാം. ഉലമാക്കളുമായി ഇടപഴകുകയോ, അവരുടെ അദബ് നേരിട്ട് മനസ്സിലാക്കുകയോ ചെയ്യാതെ, തനിക്ക് ആവശ്യമുള്ളതും താല്‍പര്യമുള്ളതും മാത്രം തേടിപ്പിടിച്ച് പഠിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പണ്ഡിതന്മാര്‍ വളരെ ശക്തമായ രൂപത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്കുള്ള തെളിവുകള്‍ നിരത്തിക്കൊണ്ട്‌ പരസ്പരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍പോലും പരസ്പരമുള്ള സഹിഷ്ണുതയും ആദരവും കാത്ത് സൂക്ഷിച്ചിരുന്നു.

ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല പറഞ്ഞത് പോലെ : "ചെറിയ ത്വലബതുല്‍ ഇല്‍മ് വലിയ പാണ്ഡിത്യമുള്ള പണ്ഡിതന്മാരെക്കുറിച്ച് വരെ മോശമായി സംസാരിക്കുന്നത് ഈ കാലഘട്ടത്തിലെ ഫസാദില്‍പ്പെട്ടതാണ്."

ഒരുവേള യാതൊരു ഇല്‍മുമില്ലാത്ത ചില ആളുകളും, അഹലുസ്സുന്നയില്‍പ്പെട്ട  ഉലമാക്കളെക്കുറിച്ചും, ത്വലബതുല്‍ ഇല്‍മിനെക്കുറിച്ചും വളരെ നിസാരമായി, മുബ്തദിഅ് എന്നും, സ്വാഹിബുല്‍ ഹവ എന്നുമൊക്കെ പറയുന്നത് വളരെ പ്രകടമായി ഇന്ന് കാണാന്‍ സാധിക്കും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ഇത്തരക്കാര്‍ മറ്റുള്ളവരെ വിചാരണ ചെയ്യുന്നത് പോലെ അല്ലാഹു പരലോകത്ത് അവരെയും വിചാരണ ചെയ്യാതിരിക്കട്ടെ ...

തങ്ങള്‍ മുബ്തദിഅ് എന്ന് പറയുന്ന ഒരാളെ മറ്റൊരാള്‍ മുബ്തദിഅ് ആക്കിയിട്ടില്ലെങ്കില്‍, ആ ആളും മുബ്തദിഅ് ആകും എന്നതാണ് ഇവരുടെ തത്വം. അത് സംബന്ധമായി ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് അദ്ദേഹത്തിന്‍റെ ദര്‍സില്‍ പറഞ്ഞത്: "മുബ്തദിഇനെ മുബ്തദിആയിക്കാണാത്തവനും മുബ്തദിആണ്. കാഫിറിനെ കാഫിറായിക്കാണാത്തവനും കാഫിറാണ്. ഈ രണ്ട് തത്വങ്ങളും ശരി തന്നെ. പക്ഷെ അത് പ്രയോഗവല്‍ക്കരിക്കുന്നിടത്താണ് പിഴവ്. ഖവാരിജുകള്‍  മുസ്‌ലിമീങ്ങളില്‍പ്പെട്ടവരെ കാഫിറാക്കുന്നു. എന്നിട്ട് അവര്‍ കാഫിറാക്കിയവരെ കാഫിറാക്കാത്ത ആളുകളെയും കാഫിറായിക്കാണുന്നു. അതുപോലെ മറ്റുചിലര്‍ അഹലുസ്സുന്നയിത്തന്നെ പെടുന്ന അവരുടെ സഹോദരങ്ങളെ മുബ്തദിആക്കുന്നു. അവര്‍ മുബ്തദിആക്കിയവരെ മറ്റുള്ളവര്‍ മുബ്തദിഅ് ആക്കിയില്ലെങ്കില്‍ അവരെയും മുബ്തദിഅ് ആക്കുന്നു."

ഇവിടെയാണ്‌ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ്   റഹിമഹുല്ലയുടെ അധ്യാപനം പ്രസക്തമാകുന്നത്. തക്ഫീറുമായി ബന്ധപ്പെട്ട്  'കാഫിറാണ് എന്ന് അഹ്ലുസ്സുന്നക്കിടയില്‍ ഇജ്മാഅ് ഉള്ളവരെയല്ലാതെ അദ്ദേഹം തക്ഫീര്‍ ചെയ്യാറുണ്ടായിരുന്നില്ല'. എന്ന് അദ്ദേഹത്തിന്‍റെ മന്‍ഹജിനെ സംബന്ധിച്ച് അദ്ദേഹത്തിന്‍റെ പേരമകന്‍ അബ്ദുല്ലത്തീഫ് ആലു ശൈഖ് റഹിമഹുല്ല 'ഉസ്വൂല്‍ വ ളവാബിത്വുത്തക്ഫീര്‍' എന്ന ലഘു കൃതിയില്‍ പറയുന്നതായിക്കാണാം. ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിന്‍റെ ആളുകളായി ചമയുകയും തക്ഫീര്‍ ചെയ്യുന്നതില്‍ അതിര് കവിയുകയും ചെയ്ത ആളുകള്‍ക്ക് മറുപടിയായാണ്‌ അദ്ദേഹം അത് രേഖപ്പെടുത്തിയത്.

ഒരാളെ വ്യക്തിപരമായി മുബ്തദിഅ്, സ്വാഹിബുല്‍ഹവ എന്നെല്ലാം വിശേഷിപ്പിക്കല്‍ അതിഗൗരവമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഒരാളെക്കുറിച്ച്  വ്യക്തിപരയമായി അയാള്‍ മുബ്തദിആണ് എന്ന് പറയാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ല. അഹ്ലുസ്സുന്നയുടെ ഉലമാക്കള്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുള്ളവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇന്നയാള്‍ മുബ്തദിആണ് എന്ന് പറയാന്‍ ഒരാളെ നിര്‍ബന്ധിക്കുകയും, ശേഷം  അപ്രകാരം പറയാത്തവരോ, അതല്ലെങ്കില്‍ തത് വിഷയത്തില്‍ മൗനം പാലിക്കുന്നവരോ ആയ ആളുകള്‍, അവര്‍ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നവര്‍ ആണെങ്കില്‍പ്പോലും അവരെ മുബ്തദിഉകളും, സ്വാഹിബുല്‍ഹവയുമായി മുദ്രകുത്തുകയും ചെയ്യുന്ന വാദം ഏറെ അപകടകരമാണ്.

ഒരാളെ സംബന്ധിച്ച് കൃത്യമായി ബോധ്യമുള്ളവരും അപ്രകാരം പറയാന്‍ യോഗ്യതയുള്ളവരും അയാളെക്കുറിച്ച് പറഞ്ഞുകൊള്ളട്ടെ. അല്ലാത്തവര്‍ അപ്രകാരം പറയണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. അത് ആളുകളെ അവരുടെ മേല്‍ നിര്‍ബന്ധമല്ലാത്ത കാര്യം നിര്‍ബന്ധിക്കലാണ്. അതിലും വലിയ അത്ഭുതം തങ്ങള്‍ അനുകൂലിക്കുകയും ഉദ്ദരിക്കുകയും ചെയ്യുന്ന ആളുകളെക്കുറിച്ച് പണ്ഡിതന്മാരുടെ പക്കല്‍ നിന്ന് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് മൂടിവെക്കുകയോ, ദുര്‍വ്യാഖ്യാനിക്കുകയോ ചെയ്യുന്നവര്‍, തങ്ങള്‍ വിയോജിക്കുന്നവരുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതേറ്റുപിടിച്ച് പ്രചാരണം നടത്തുകയും ചെയ്യുന്നു. ഇത് ഹിസ്‌ബിയത്ത് അഥവാ കക്ഷിത്വം കൊണ്ട് ഉണ്ടാകുന്നതാണ്. 

ഉലമാക്കള്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ വാദങ്ങളെ മാത്രം നിരത്തുകയും, മറ്റു അഭിപ്രായങ്ങളെ മറച്ചുവെക്കുകയും തങ്ങളുടെ വാദമല്ലാത്ത വാദമുള്ളവരെല്ലാം പിഴച്ചവരാണെന്ന് വിലയിരുത്തുകയും ചെയ്യുന്നതും അതിന്‍റെ ഭാഗം തന്നെ. ഇല്‍മിയായ ചര്‍ച്ച നടത്തുമ്പോള്‍ തത് വിഷയത്തില്‍ പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്ഥ നിലപാടുകള്‍ വ്യക്തമാക്കുകയും, അതില്‍ തന്‍റെ അഭിപ്രായം തെളിവ് സഹിതം വ്യക്തമാക്കുകയും ചെയ്യുകയാണ് യഥാര്‍ത്ഥത്തില്‍ ഉലമാക്കള്‍ സ്വീകരിച്ച് പോരുന്ന രീതി.

രണ്ട് ദിവസം മുന്‍പ് ബുലൂഗുല്‍ മറാം ശറഹ് ചെയ്യുന്ന ക്ലാസില്‍  ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ് മറ്റൊരു അനുഭവം പറയുകയുണ്ടായി. മൂന്ന്‍ മണിക്കൂര്‍ സമയം എന്‍റെ വീട്ടില്‍ ഞാന്‍ ചിലവഴിച്ച ഒരു സംഭവം വളരെ ചുരുക്കിയാണ് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ശൈഖിത് പങ്കുവച്ചത്:

എന്‍റെ വീട്ടില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു കുടുംബം വന്നു. ഒരാളും അയാളുടെ ഭാര്യയും, മൂത്തമകളും, ഇളയ മകളുമാണ് വന്നത്. ഭാര്യക്കും കുട്ടികള്‍ക്കും അറബി അറിയുമായിരുന്നില്ല. അതുകൊണ്ട്  ജാമിഅ ഇസ്‌ലാമിയ്യയില്‍ നിന്നുള്ള ഒരു വിവര്‍ത്തകനുമുണ്ടായിരുന്നു. ഭാര്യയും അയാളും തമ്മില്‍ മൂന്ന്‍ വര്‍ഷമായി ഭാര്യാ-ഭര്‍തൃ ബന്ധമില്ല. ഒരേ വീട്ടില്‍ത്തന്നെയാണ് താമസം. മൂത്തമകളും ഭാര്യയും അയാളെ മുബ്തദിആയി കാണുന്നു എന്നതിനാല്‍, മൂത്ത മകളുടെ നിര്‍ദേശപ്രകാരം ഉമ്മ ഉപ്പയുമായുള്ള ബന്ധം വിഛേദിച്ചതാണ്. മൂത്ത മകളുടെ ഭര്‍ത്താവ് ഒരു ശൈഖിനെപ്പറ്റി (ശൈഖ് സ്വാലിഹ് അസ്സുഹൈമി ഞങ്ങളോട്  അത് ഏത് ശൈഖാണ് എന്ന് പേര് പറഞ്ഞിട്ടില്ല. നമ്മുടെ ഇടയിലെ എല്ലാവര്‍ക്കും അറിയുന്ന നമ്മുടെ ഒരു സഹോദരന്‍ എന്ന് മാത്രമാണ് പറഞ്ഞത്). മൂത്ത മകളുടെ ഭര്‍ത്താവ് ഒരു ശൈഖിനെപ്പറ്റി അയാള്‍ മുബ്തദിഅ് ആണ് എന്ന് പറഞ്ഞു. അയാള്‍ മുബ്തദിആണ് എന്ന് ആ പിതാവ് പറയാത്തതുകൊണ്ട് അയാളും മുബ്തദിആണ് എന്ന് അയാള്‍ ആ മകളെ പറഞ്ഞ് ധരിപ്പിച്ചു. മകള്‍ ആ കാര്യം പറഞ്ഞ് സ്വന്തം പിതാവ് മുബ്തദിആണ് എന്ന് ഉമ്മയെ അതായത് അയാളുടെ ഭാര്യയെ ധരിപ്പിച്ചു. അവര്‍ തമ്മില്‍ ബന്ധം മുറിയാനിരിക്കുമ്പോള്‍ ചെറിയ മകളുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് ത്വലാഖ് ചെയ്യാതിരുന്നത്. ത്വലാഖ് ചെയ്യാതെ ക്ഷമിക്കുക. നമുക്ക് ഉലമാക്കളുടെ അടുത്ത് പോകാം എന്ന് ആ ഇളയ മകളാണ് അയാളോട്  പറഞ്ഞത് . അവള്‍ കുറച്ച് അവധാനത ഉള്ളവളാണ്. ഉമ്മയും മൂത്തമകളും ഭര്‍ത്താവും അതിവേഗം തബ്ദീഅ് ചെയ്യുന്ന കൂട്ടരാണ്. ഏതായാലും... മദീനയിലേക്ക് വന്നപ്പോള്‍ പോലും മൂത്തമകളും ഉമ്മയും ഒരു മുറിയിലും പിതാവ് വേറെ മുറിയിലും ആയാണ്  ഹോട്ടലില്‍ താമസിച്ചത്. അത്രമാത്രം അവര്‍ അകന്നിരുന്നു.  ഈ ഫിത്‌ന കാരണം അനറബികളായ ആ കുടുംബത്തില്‍ പോലും ഉണ്ടായ ചിദ്രത നിങ്ങള്‍ നോക്കണം. ഞാന്‍ അവരോട് ഒരുപാട് സംസാരിച്ചു. ഒരാളെ മുബ്തദിഅ് എന്ന് പറയുന്നതിന്‍റെ ഗൗരവത്തെപ്പറ്റിയും അതിന്‍റെ നിബന്ധനകളെപ്പറ്റിയും എല്ലാം ഞാന്‍ അവരോട് സംസാരിച്ചു. ഒടുവില്‍ അല്‍ഹംദുലില്ലാഹ് അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി... അല്ലാഹു എനിക്ക് പൊറുത്ത് തരട്ടെ .. അവരോടുള്ള സംസാരം കാരണം മഗ്'രിബ് നമസ്കാരം പോലും ഞങ്ങള്‍ അന്ന് വീട്ടില്‍ വെച്ചാണ് നിര്‍വഹിച്ചത്.. ശേഷം ഇനി കൂടുതല്‍ അത് സംബന്ധമായി അവര്‍ മനസ്സിലാക്കാന്‍ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദിന്‍റെ അടുക്കലേക്കും, ശൈഖ് റബീഇന്‍റെ അടുക്കലേക്കും (ഹഫിദഹുമുല്ലാഹ്) പോകാന്‍ ഞാന്‍ അവരോടു ആവശ്യപ്പെട്ടു... പക്ഷെ അവര്‍ പറഞ്ഞു മതി. നിങ്ങള്‍ സംസാരിച്ചത് തന്നെ ധാരാളമാണ്.  അല്‍ഹംദുലില്ലാഹ് പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കി ഒരുമയോടെയാണ് അവര്‍ പോയത്. അല്ലാഹു ആ ഇളയ കുട്ടിക്ക് പ്രതിഫലം നല്‍കട്ടെ.. മൂത്തമകളുടെ ഭര്‍ത്താവുമായി വിഷയങ്ങള്‍ സംസാരിക്കാന്‍ അവരോട് പറഞ്ഞു. ഏതായാലും ഇത്തരം ഫിത്‌നകള്‍ കാരണം എങ്ങനെയാണ് കുടുംബ ബന്ധങ്ങള്‍ പോലും തകരുന്നത് എന്ന് നോക്കുക ... ( അദ്ദേഹം പറഞ്ഞതിന്‍റെ ആശയവിവര്‍ത്തനം ആണിത്. ശേഷം ശൈഖ് അഹ്ലുസ്സുന്ന പരസ്പരം ഒത്തൊരുമയോടെ കഴിയേണ്ടതിന്‍റെ പ്രാധാന്യത്തെ ക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു ലഘുകൃതിയെക്കുറിച്ച് സൂചിപ്പിച്ചു, ഇന്‍ ഷാ അല്ലാഹ് അല്ലാഹു തൗഫീഖ് ചെയ്‌താല്‍ അത് വിവര്‍ത്തനം ചെയ്യുന്നതാണ്. ആ കൃതി എഴുതിയതിനാല്‍ എന്‍റെ ചില സഹോദരങ്ങള്‍ എനിക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും, അത് ഞാന്‍ അവര്‍ക്ക് മാപ്പാക്കിക്കൊടുക്കുന്നു എന്നും.. അതിനാല്‍ത്തന്നെ എന്‍റെ മേല്‍ അവര്‍ സംസാരിച്ചു എന്ന കാരണത്താല്‍ ആരും അവര്‍ക്കെതിരില്‍ സംസാരിക്കരുത് എന്നും ശൈഖ് പ്രത്യേകം ഉണര്‍ത്തുകയുണ്ടായി. അദ്ദേഹത്തിന്‍റെ ദൗറയില്‍ ഉടനീളം തക്ഫീറിന്‍റെയും തബ്ദീഇന്‍റെയും ഭവിഷത്തുകളെ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കട്ടെ).

മനുഷ്യാ നീ ചിന്തിച്ചിട്ടുണ്ടോ ?!, നാളെ നിന്‍റെ രക്ഷിതാവിന്‍റെ മുന്നില്‍ നീ ഉരുവിടുന്ന ഓരോ വാക്കിനും മറുപടി നല്‍കേണ്ടവനാണ് നീയെന്ന് ?!. 



 മുആദ് (റ) വില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹത്തിന് സ്വര്‍ഗത്തിലേക്ക് എത്താനുള്ള ഒരുപാട് നന്മകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്തിനു ശേഷം പ്രവാചകന്‍() പറയുകയുണ്ടായി:

 قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ

  "എന്നാല്‍ അവയെയെല്ലാം അധീനപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ, മുആദ്(റ) പറഞ്ഞു: അതേ പ്രവാചകരേ.. അപ്പോള്‍ പ്രവാചകന്‍() തന്‍റെ നാവ് എടുത്ത് പിടിച്ചുകൊണ്ട് പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കണം. അപ്പോള്‍ മുആദ് ചോദിച്ചു: അല്ലയോ പ്രവാചകരേ, ഞങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ?. അപ്പോള്‍ പ്രവാചകന്‍() പറഞ്ഞു: മുആദേ.. നിനക്കെന്തു പറ്റി, തങ്ങളുടെ നാവു കൊണ്ട് സമ്പാദിച്ചതല്ലാതെ മറ്റെന്താണ് ജനങ്ങളെ നരകത്തിലേക്ക് മുഖംകുത്തി വീഴ്ത്തുന്നത് ?!." - [തിര്‍മിദി]. 
അതിനാലാണ് ഒരു അറബി കവി പാടിയത് : 

احذر لسانك أيها الإنسان ...... لا يلدغنك إنه ثعبان 
فكم في المقابر من قتيل لسانه ..... كانت تخاف لقاءه الشجعان

മനുഷ്യാ നീ നിന്‍റെ നാവിനെ സൂക്ഷിക്കുക... 
അതൊരു പാമ്പാണ്, അത് നിന്നെ കൊത്താതെ നോക്കണം...
ആ നാവിനിരയായ എത്രയെത്ര ആളുകളാണ് ഇന്ന് ഖബറിലുള്ളത്... 
 ജീവിതകാലത്ത് , വലിയ വലിയ ശുജായിമാര്‍ പോലും ആ നാവിനെ ഭയപ്പെട്ടിരുന്നു...

അല്ലാഹു നമുക്ക് അറിവും അദബും വര്‍ദ്ധിപ്പിച് തരുമാറാകട്ടെ. ഖുര്‍ആനും സുന്നത്തും മന്‍ഹജുസ്സലഫും  അനുസരിച്ച് ജീവിക്കുന്ന ആളുകളെക്കുറിച്ച് എന്തെങ്കിലും ഒരു ചെറിയ അഭിപ്രായവിത്യാസമുണ്ടാകുമ്പോഴേക്ക്  പിഴച്ചവരായും, സ്വാഹിബുല്‍ ഹവയായുമൊക്കെ മുദ്രകുത്തുന്ന സഹോദരങ്ങള്‍ക്ക് അല്ലാഹു സല്‍ബുദ്ധി നല്‍കട്ടെ ... ഞാന്‍ നേരത്തെ പറഞ്ഞപോലെ അവര്‍ മറ്റുള്ളവരെ വിചാരണ ചെയ്യുന്ന അതേ രൂപത്തില്‍ അല്ലാഹു അവരെയും വിചാരണ ചെയ്യാതിരിക്കട്ടെ... ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും ആളുകളെ അല്ലാഹു പരസ്പരം യോജിപ്പിക്കുകയും അവര്‍ക്കിടയിലുള്ള വിഭാഗീയതകള്‍ അകറ്റുകയും ചെയ്യട്ടെ.... നമ്മുടെ തെറ്റുകുറ്റങ്ങള്‍ അല്ലാഹു വിട്ടുപൊറുത്ത് മാപ്പാക്കിത്തരുമാറാകട്ടെ... 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
__________________________________________________

അനുബന്ധ ലേഖനങ്ങൾ:

1 - അഹ്ലുസ്സുന്ന പരസ്പരം സ്നേഹമുള്ളവരാവുക PART 1 - ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് ഹഫിദഹുല്ലാഹ്.

2- നമുക്കിടയില്‍ ഭിന്നതകളും, വിഭാഗീയതകളും കടന്നുവരുന്ന വഴികള്‍ - ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ) .

3- കക്ഷിത്വം തിന്മയാണ്.. സലഫുകളുടെ പാത പിന്തുടരുക. അതാകട്ടെ നമ്മുടെ സമീപനം !!!