Thursday, October 8, 2015

സിറിയന്‍ അഭയാര്‍ഥികളുടെ പാലായനവും യൂറോപ്പിന്‍റെ വിശാലമനസ്കതയും ഒരു നിരൂപണം.




الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

 www.fiqhussunna.com

ഈയടുത്ത് ഏറെ മനസ് നടുക്കിയ ഒരു കാഴ്ച്ചയാണല്ലോ സിറിയയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ കടല്‍ മാര്‍ഗം യൂറോപ്പിലേക് കുടിയേറാന്‍ ശ്രമിക്കുകയും, പലരും കപ്പല്‍ തകര്‍ന്ന് മരണപ്പെടുകയും ചെയ്ത കാഴ്ച...
ഹൃദയമുള്ള ഏതൊരു മനുഷ്യനും അതുകണ്ട് വേദനിച്ചിട്ടുണ്ടാകണം.. ഒരുപക്ഷേ കടല്‍തീരത്ത് ചേതനയറ്റ് കിടക്കുന്ന ഐലന്‍ എന്ന കുട്ടിയുടെ ചിത്രം കണ്ട് കരയാത്തവര്‍ വളരെ വിരളമായിരിക്കും....

 കിരാതനായ സിറിയന്‍ ഭരണാധികാരി ബഷാര്‍ അല്‍ അസദിന്‍റെ അക്രമത്തിനും, ശിയാ ഭീകരതക്കും ഇരയായി നാടുവിട്ടവര്‍... മരണം മുന്നില്‍ക്കാണുന്ന യാത്രയാണെങ്കിലും മരണം ഉറപ്പുള്ള സാഹചര്യത്തില്‍ നിന്ന് ജീവിതത്തിന്‍റെ വിദൂര സാഹചര്യത്തെ തേടി പുറപ്പെടുന്നവര്‍.. ഏതൊരാളെയും പോലെ സിറിയന്‍ പാലായനത്തെപ്പറ്റിയുള്ള എന്‍റെയും കാഴ്ചപ്പാട് ഇതായിരുന്നു...

കണക്കുകള്‍ പ്രകാരം ഇതുവരെ നാല് മില്ല്യന്‍ അഥവാ നാല്പത് ലക്ഷം അഭയാര്‍ഥികള്‍ ആണ് സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്‍റെ റിസള്‍ട്ട്. അതില്‍ 95% പേരും ഇപ്പോള്‍ കഴിയുന്നത് സമീപ രാഷ്ട്രങ്ങളില്‍. ബാക്കി വരുന്നവര്‍ യൂറോപ്പിലേക്കും മറ്റും കുടിയേറി. ഒരു വര്‍ഷം അഞ്ചു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ജര്‍മനി തയ്യാറായതായി The guardian പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു:

     

മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളും സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അഥവാ വരും ദിവസങ്ങളില്‍ ഔദ്യോഗികമായിത്തന്നെ യൂറോപ്പിലേക്കുള്ള സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം വളരെയധികം വര്‍ധിക്കും എന്നര്‍ത്ഥം.

 സിറിയന്‍ സ്വദേശിയായ സുഹൃത്ത് അബൂ അബ്ദല്ലയെ കണ്ടുമുട്ടിയപ്പോഴാണ് പാലായനത്തോടുള്ള സിറിയന്‍ നിലപാട് നേരിട്ടറിയാന്‍ സാധിച്ചത്. ബഷാര്‍ അല്‍ അസദിന്‍റെ ഒരുപാട് ക്രൂരതകള്‍ക്ക് ഇരയായ ദര്‍ആ പ്രദേശക്കാരനാണദ്ദേഹം ...

 ഞാന്‍ ചോദിച്ചു: യൂറോപ്പിലേക്ക് പാലായനം ചെയ്തവര്‍ നിങ്ങളുടെ നാട്ടുകാരാണോ ?!.
അദ്ദേഹം പറഞ്ഞു: എല്ലാ പ്രദേശത്തുകാരും ഉണ്ട്...

ഞാന്‍ ചോദിച്ചു: എന്തുകൊണ്ടാണ് അവര്‍ പാലായനം ചെയ്യാന്‍ കാരണം ?!. ജീവന്‍ പണയം വെച്ച്, ഉറ്റവരെയും ഉടയവരെയും  സ്വന്തം നാടും വീടും എല്ലാം  ഉപേക്ഷിച്ചു പോകാന്‍ അവര്‍ തയ്യാറാണോ ?!.

അദ്ദേഹം പറഞ്ഞു: ആരും പാലായനം ഇഷ്ടപ്പെടുന്നവരല്ല. പക്ഷെ നാട്ടിലെ ഭീകര അന്തരീക്ഷം മുതലെടുത്ത്‌, പാലായനം ചെയ്യുന്നവര്‍ക്ക് വലിയ ഓഫറുകളുമായി ഏജന്റുമാര്‍ രംഗത്തെത്തി. ബശാറിന്റെയും ശിയാക്കളുടെയും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലരും ഒരവസരമായി പാലായനത്തെ കണ്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതൊരു ചതിയായിരുന്നു. പാശ്ചാത്യരും ശിയാക്കളും ചേര്‍ന്നൊരുക്കിയ ചതി... (അദ്ദേഹത്തിന്‍റെ വാക്കുകളിലേക്ക് തിരിച്ചു വരാം. അതിനുമുന്‍പ്‌ ചില കണക്കുകള്‍ നമുക്ക് പരിശോധിക്കാം.)


സിറിയയില്‍ 93% അറബികളാണ്. 5% കുര്‍ദ് വംശജരും. ജനസംഖ്യയില്‍  സുന്നികള്‍ വളരെ വലിയ പൂരിപക്ഷമായിരുന്നു. 1985 ലെ സിറിയന്‍ ഗവര്‍ന്മെന്റിന്റെ കണക്ക് പ്രകാരം 76.1% സുന്നികളാണ്. 11.5% ശീഈ-അലവീ വിഭാഗം. 4.5% ക്രിസ്ത്യന്‍സ്. ബാക്കി മറ്റു ഇതര വിഭാഗങ്ങള്‍. [ar.wikipedia.org].

അമേരിക്കന്‍ കണക്കെടുപ്പ് പ്രകാരം 77% സുന്നികളാണ്. ശീഈ- അലവീ വിഭാഗം 10%വും. [ar.wikipedia.org].

മുന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍ ഹലീം ഖദ്ദാം അവതരിപ്പിച്ച കണക്ക് പ്രകാരം കുര്‍ദ് വംശജരും സുന്നികളും ചേര്‍ന്ന് 85% ഉണ്ട് എന്നാണ് കണക്ക്. ശീഈ- അലവീ വിഭാഗം 9%. ഏതായാലും സുന്നികള്‍ വന്‍പൂരിപക്ഷമുള്ള നാടാണ് സിറിയ. [ar.wikipedia.org].

ഇനി അബൂ അബ്ദല്ലയുടെ വാക്കുകളിലേക്ക് വരാം: അഹ്ലുസ്സുന്നയുടെ ആളുകള്‍ പൂരിപക്ഷമുള്ള ഞങ്ങളുടെ നാട്ടില്‍ അവരുടെ ജനസംഖ്യ ഗണ്യമായി കുറക്കുക എന്നതാണ് സ്വേച്ഛാധിപതിയായ ബഷാര്‍ അല്‍ അസദിന് ഭരണത്തില്‍ തുടരാനുള്ള ഏക മാര്‍ഗം. യൂറോപ്പിനാണെങ്കില്‍ മനുഷ്യസമ്പത്തും ആവശ്യമാണ്. അവര്‍ക്ക് വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമായ തൊഴിലാളികളെ കിട്ടുന്നതോടൊപ്പം ബഷാര്‍ അല്‍ അസദിന് തന്‍റെ എതിരാളികളുടെ ജനസംഖ്യയില്‍ ഗണ്യമായ മാറ്റം ഉണ്ടാക്കാനും സാധിക്കുന്നു. അതുകൊണ്ട് പരസ്പര ധാരണപ്രകാരമുള്ള ഒരു നാടകമാണ് പാലായനം. ഇപ്പോള്‍ സിറിയയില്‍ ഞങ്ങള്‍ സുന്നികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു.....

സ്വാഭാവികമായും അതത് നാട്ടുകാര്‍ക്കാണല്ലോ അവരുടെ അവസ്ഥ കൃത്യമായി അറിയുക. അബൂ അബ്ദല്ല പറഞ്ഞതില്‍ വസ്തുതയുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. യു എന്നിന്‍റെ കണക്ക് പ്രകാരം സിറിയയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടുലക്ഷം കഴിഞ്ഞു. നോണ്‍ ഗവണ്മെന്റ് ഓര്‍ഗനൈസേഷന്‍സിന്‍റെ കണക്കുകള്‍ പ്രകാരം നാല് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. ഏഴ് ലക്ഷത്തോളം പേരെ കാണാതായി. ഇപ്പോഴിതാ നാല് മില്ല്യന്‍ അഭയാര്‍ഥികള്‍. 95% അയല്‍രാജ്യങ്ങളില്‍. മറ്റു ചിലര്‍ യൂറോപ്പ്യന്‍ രാഷ്ട്രങ്ങളിലേക്ക് പാലായനം ചെയ്തു. അതില്‍ കര പറ്റിയവര്‍... കടലില്‍ കാണാതായവര്‍... വരും ദിവസങ്ങളില്‍ യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.... അഭയാര്‍ഥികളില്‍ ലിബറല്‍ ചിന്തകളുള്ളവരും, നിരീശ്വരവാദികളും എല്ലാം ഉണ്ടെന്നത് ശരി തന്നെ. എന്നാല്‍ ഏറിയ പങ്കും സുന്നികളാണ്... 99 ശതമാനം വരുന്നവരും ബഷാര്‍ അല്‍ അസദിന്‍റെ കിരാതഭരണത്തെ എതിര്‍ക്കുന്നവര്‍.... സ്വാഭാവികമായും അക്രമത്തിലൂടെയും, കൊലയും, പീഡനവും അഴിച്ചുവിട്ടും സിറിയക്കാരെ പാലായനത്തിന് നിര്‍ബന്ധിതരാക്കുക വഴി, തന്നെ അനുകൂലിക്കാത്തവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുക  എന്ന ബഷാറിന്‍റെ തന്ത്രം ഇവിടെ പ്രകടമാണ്.

ഒരുപക്ഷെ കടലില്‍ മുങ്ങിമരിച്ചവര്‍ അപകടമരണം സംഭവിച്ചവരോ, കൊല്ലപ്പെട്ടവരോ ആയിരിക്കാം ... ഒരു കൂട്ടക്കൊല നടന്നു എന്നതിനുള്ള  സാധ്യതകള്‍ ഒരിക്കലും തള്ളിക്കളയാനാവില്ല..

അതെ വംശീയ ഉന്മൂലനമാണ് സിറിയയില്‍ നടക്കുന്നത്. ഇറാനിലെ സ്വഫവീ വിപ്ലവം 1501 ല്‍ ഉടലെടുത്ത കാലത്ത് എങ്ങനെ വംശീയ കൂട്ടക്കൊല നടത്തിയും, നാട് കടത്തിയും ഇറാനിലെ 90% വരുന്ന സുന്നീ വംശജരെ (1979 ലെ  അവരുടെ കണക്ക് പ്രകാരം) 30% മാക്കി ചുരുക്കിയോ അതിന്‍റെ മറ്റൊരു പതിപ്പാണ്‌ ഇന്ന് സിറിയയില്‍ നടക്കുന്നത്. സുന്നികള്‍ ഇന്നും ഇറാനില്‍ 30 ശതമാനത്തോളമുണ്ടെങ്കിലും ഇറാനീ ഗവണ്മെന്റിന്റെ ഇപ്പോഴത്തെ കണക്ക് പ്രകാരം 10% മാത്രമേ ഉള്ളൂ.  1501ലാണ് ഇറാനില്‍ ഉഗ്ര ശീഈ ചിന്താഗതിക്കാരായ  സ്വഫവികളുടെ 'സ്വഫവീ രാഷ്ട്രം' ഉടലെടുത്തത്. അന്നത്തെ ഭരണാധികാരി ഇസ്മാഈല്‍ സ്വഫവി നടത്തിയ ചില ഗൂഡാലോചനകള്‍ ശ്രദ്ധേയമാണ്. അന്നും അവരുടെ സഹായികള്‍ പാശ്ചാത്യരായിരുന്നു എന്നത് പ്രത്യേകം അടിവരയിടണം:


  1. പോര്‍ചുഗീസുകാരുമായി ചേര്‍ന്ന് മക്കയും മദീനയും പിടിച്ചെടുക്കുവാനുള്ള ശ്രമം.
  2. ഈജിപ്ത്, ബഹ്‌റൈന്‍, ഖത്വീഫ് എന്നിവ പിടിച്ചെടുക്കാനുള്ള ശ്രമം.
  3. ഇറാഖിലും ഇറാനിലുമായി പരമാവധി അഹ്ലുസ്സുന്നയുടെ ആളുകളെ കൊന്നൊടുക്കി.
  4. ഇറാനിലെ തുര്‍കുമാന്‍ ഗോത്രഭരണത്തെ തുടച്ചുനീക്കി.
  5. ഫാരിസ്, അറബിസ്ഥാന്‍, കര്‍മാന്‍ പ്രവിശ്യകള്‍ കൈക്കലാക്കി.
  6. ബാഗ്ദാദ് പിടിച്ചെടുത്തെങ്കിലും ഉസ്മാനിയാക്കള്‍ തിരിച്ചുപിടിച്ചു.
ഇതില്‍ പോര്‍ച്ചുഗീസ് ഭരണാധികാരി മാനുവെല്‍ രണ്ടാമനുമായി ചേര്‍ന്ന് മക്കയും മദീനയും പിടിച്ചെടുക്കാനുള്ള ശ്രമമാണ് മുസ്‌ലിം ലോകത്തിന്റെ മേല്‍ പാശ്ചാത്യരുമായി ചേര്‍ന്ന് ഇവര്‍ നടത്തുന്ന ഗൂഡാലോച്ചനയുടെ ആഴം എത്രമാത്രമെന്ന് മനസ്സിലാക്കിത്തരുന്നത്. അന്ന് ഇരു കൂട്ടരും തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പടയോട്ടം ആരംഭിച്ചെങ്കിലും, വഴിക്ക് വെച്ച് പോര്‍ച്ചുഗീസില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനാല്‍ താന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുമെന്ന് ഭയന്ന് മാനുവെല്‍ രണ്ടാമന്‍ സൈന്യവുമായി പോര്‍ച്ചുഗീസിലേക്ക് മടങ്ങുകയാണുണ്ടായത്.... അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് ...
 
ഹിജ്റ വര്‍ഷം 920, റജബ് മാസം 14 ന് അഥവാ ക്രിസ്തുവര്‍ഷം 1514 സെപ്റ്റംബറില്‍ സ്വഫവീ രാഷ്ട്രത്തിന്‍റെ തലസ്ഥാനമായിരുന്ന തിബ്'രീസ് പട്ടണത്തില്‍ ഉസ്മാനിയാ ഭരണാധികാരി  സുല്‍ത്താന്‍ സലീം അല്‍ അവ്വല്‍ പ്രവേശിക്കുകയും, ഇസ്മാഈല്‍ സ്വഫവിയുടെ സമ്പത്ത് കണ്ടുകെട്ടുകയും അയാളെ പരാജയപ്പെടുത്തുകയും ചെയ്തു. ഹിജ്റ 920ല്‍ അഥവാ ക്രിസ്തുവര്‍ഷം 1514 ലാണ് സുല്‍ത്താന്‍ സലീം അല്‍ അവ്വല്‍  സ്വഫവികളുടെ കയ്യില്‍ നിന്നും ബാഗ്‌ദാദ് തിരിച്ചു പിടിച്ചതും. റജബ് മാസം രണ്ടിന്  ആരംഭിച്ച  പോരാട്ടം റജബ് 14 നാണ് അവസാനിക്കുകയും ആ യുദ്ധത്തില്‍ ഇസ്മാഈല്‍ സ്വഫവി കനത്ത പരാജയം ഏറ്റു വാങ്ങുകയും ചെയ്തു.

മറ്റു പ്രദേശങ്ങളില്‍ അധിനിവേശ ശക്തികളായ പാശ്ചാത്യരുമായി യുദ്ധത്തിലായിരുന്നതിനാല്‍ ഉസ്മാനിയാ ഭരണാധികാരികള്‍ക്ക് പിന്നീട് തങ്ങളുടെ സൈന്യത്തെ മറ്റു പ്രദേശങ്ങളിലേക്ക് വിന്യസിപ്പിക്കേണ്ടി വന്നു. ഈ അവസരം മുതലെടുത്ത്‌ സ്വഫവികള്‍ വീണ്ടും രംഗത്തെത്തി. 1524ല്‍ ത്വഹ്മാസ് സ്വഫവി ഭരണത്തിലെത്തി. അയാള്‍ ചെയ്ത ഗൂഡാലോചനകള്‍ നോക്കുക:
  1. നൂറുദ്ദീന്‍ കര്‍കി എന്ന ശീഈ പണ്ഡിതനെ ഇറാനിലേക്ക് കൊണ്ടുവന്ന്,അവര്‍ പരിശുദ്ധരായി വാഴ്ത്തുന്ന ഇമാമീങ്ങള്‍ക്ക് മഹ്ദിയില്‍ നിന്നും നേരിട്ട് നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ട് എന്നും അതിനാല്‍ എല്ലാവരും അവരെ അനുസരിക്കണമെന്നും നിഷ്കര്‍ശിക്കുന്ന 'വിലായതുല്‍ ഫഖീഹ്' എന്ന ശീഈ- ഇമാമീ വിശ്വാസം കെട്ടിപ്പടുത്തു. ഇറാനിന് പുറത്തുള്ള ശിയാക്കളെ ഫാരിസീ ആധിപത്യമുള്ള സ്വഫവീ ഇമാമീ ശിയാക്കള്‍ക്ക് കീഴില്‍ കൊണ്ടുവരാനുള്ള തന്ത്രമായിരുന്നു അത്. അതില്‍ അവര്‍ വിജയം കണ്ടു.

  2. ഹങ്കറി – ഓസ്ട്രിയ എന്നിവയുമായി സഖ്യം ചേര്‍ന്ന് ഉസ്മാനിയാ ഭരണാധികാരി സുല്‍ത്താന്‍ സുലൈമാന്‍ അല്‍ ഖാനൂനിക്കെതിരെ യുദ്ധം.

  3. ഇറാഖിലേക്ക് തങ്ങളുടെ ചിന്താധാര വ്യാപിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂനിയോടുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടു. 

ഇവിടെയും പാശ്ചാത്യരുമായി ചേര്‍ന്ന് മുസ്ലിമീങ്ങള്‍ക്കെതിരില്‍ യുദ്ധം ചെയ്തു എന്നത് ശ്രദ്ധേയമാണ്.

ശേഷം വന്ന സ്വഫവീ ഭരണാധികാരിയാണ് അബ്ബാസ് കബീര്‍ ഖുദാബന്‍ദ. അയാള്‍ ചെയ്ത കാര്യങ്ങള്‍: 

  1. ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് ഉസ്മാനിയാ ഖിലാഫത്തിനെതിരെ യുദ്ധം.
  2. 1500 കുര്‍ദ് കുടുംബങ്ങളെ ഇറാനില്‍ നിന്നും നാട് കടത്തി.
  3. 70000 കുര്‍ദുകളെ കൂട്ടക്കൊല ചെയ്തു.
  4. മക്കയിലേക്കുള്ള ഹജ്ജ് നിര്‍ത്തലാക്കി. മൂസ ബ്ന്‍ രിളയുടെ ഖബറിലേക്ക് ഹജ്ജ് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.
  5. ഇറാഖിലെ ബാഗ്ദാദ് , മൂസ്വില്‍ , കിര്‍കൂക് തുടങ്ങിയ ഭാഗങ്ങള്‍ കയ്യടക്കി ശിയാഇസം പ്രചരിപ്പിച്ചു.
  6. സുന്നീ മദ്രസകളെ കുതിരത്താവളങ്ങളാക്കി അപമാനിച്ചു.

 ഇറാനിലെ സുന്നികളെ കൊന്നൊടുക്കുകയും, കൂട്ടക്കൊല നടത്തുകയും ചെയ്ത സംഭവങ്ങള്‍ക്ക് ഇന്നത്തെ ബഷാര്‍ അല്‍ അസദിന്റെ ചെയ്തികളോട് ഏറെ സാമ്യമുണ്ട്‌. സ്വഫവികളുമായി ചേര്‍ന്ന്‍ അയാള്‍ ഉണ്ടാക്കിയ ബന്ധങ്ങളും സിറിയയില്‍ ഇറാന്‍ നടത്തുന്ന നേരിട്ടുള്ള ഇടപെടലുകളും തെളിവ് സഹിതം മുന്‍പ് നാം വിശദീകരിച്ചതാണ്.

ഏതായാലും 1772 ല്‍ സ്വഫവീ രാഷ്ട്രം നാമാവശേഷമായി. ശേഷം 1979ല്‍ ഫ്രാന്‍സിലായിരുന്ന ഖുമൈനിയെ ആത്മീയ നേതാവായി വാഴിച്ച് പാശ്ചാത്യ സഹായത്തോടെ വീണ്ടും സ്വഫവികള്‍ അധികാരത്തിലെത്തി. ഇന്നും  പാശ്ചാത്യരെ കൂട്ടുപിടിച്ച് അവരുടെ പഴയ പദ്ധതികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മക്കയും മദീനയും കൈക്കലാക്കുക ഇവരുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. മക്കയോടും പരിശുദ്ധ ഹറമിനോടും ഉള്ള ഇവരുടെ മനോഭാവം മിനയിലെ ദുരന്തവുമായി ബന്ധപ്പെട്ട് ഈയുള്ളവന്‍ രചിച്ച ലേഖനത്തില്‍ നേരത്തെ വ്യക്തമാക്കിയതാണ്:

ലേഖനം: മിനയിലെ അപകടവും റൂഹാനിയുടെ ആരോപണവും പ്രതിക്കൂട്ടിലാര് ?!.

എന്തുകൊണ്ട് സിറിയയില്‍ ഇവര്‍ കൂട്ടക്കുരുതി നടത്തുന്നു ?. എന്തുകൊണ്ട് അവിടത്തെ ജനങ്ങളെ പുറത്താക്കുന്നു ?. എന്നതാണ് നാം അറിയേണ്ടത്.  കാരണം മറ്റൊന്നുമല്ല ലബനാനുമായി  ഇറാനെ കരമാര്‍ഗം ബന്ധിപ്പിക്കുന്നത് ഇറാഖും സിറിയയുമാണ്. ഇറാഖ് തങ്ങളുടെ കയ്യിലാണ്. പക്ഷെ അതുകൊണ്ടായില്ല. സിറിയയിലെ ശീഈ പക്ഷക്കാരായ അലവി-നുസ്വൈരികളുടെ  ഭരണം എന്ത് വിലകൊടുത്തും നിലനിര്‍ത്തണം. അതിന് പൂരിപക്ഷം വരുന്ന സുന്നികളെ പുറത്താക്കി സിറിയയെ ശിയാ പൂരിപക്ഷ രാഷ്ട്രമാക്കിയാല്‍ ലബനാനുമായി കരമാര്‍ഗമുള്ള ബന്ധം ഒന്നുകൂടി ദൃഡമാക്കം.  സിറിയ നഷ്ടപ്പെട്ടാല്‍ അതോടുകൂടി ലബനാനിലെ ഹിസ്ബു ശൈത്താന്റെ കഥ കഴിയും .....

ഇവിടെയാണ് സിറിയന്‍ പാലായനത്തിന്റെ പിന്നിലുള്ള ചുരുളുകള്‍ അഴിയുന്നത്. പാലായനം എന്ന പദപ്രയോഗം എത്രമാത്രം ശരിയാണ് എന്നറിയില്ല. ഒരര്‍ഥത്തില്‍ നാടുകടത്തല്‍ എന്ന് പ്രയോഗിക്കുന്നതായിരിക്കും ശരി. എന്തുകൊണ്ട് മറ്റ് അറബ് രാഷ്ട്രങ്ങളും ബഹുപൂരിപക്ഷം സിറിയക്കാരും പാലായനത്തെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നത്കൂടി ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും. സിറിയയെ സ്വഫവീ അജണ്ടകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന പാലായന-പുറത്താക്കല്‍ നടപടി കയ്യും നീട്ടി സ്വീകരിച്ചാല്‍ അത് മുഴുവന്‍ അറബ് രാഷ്ട്രങ്ങളുടെയും കടക്കല്‍ കത്തിവെക്കുന്ന പണിയായിരിക്കും എന്ന് വ്യക്തം...

ഇവിടെയാണ്‌ സിറിയയിലും യമനിലും സ്വഫവികള്‍ നടത്തുന്ന നീക്കങ്ങളെ അതിശക്തമായ ഭാഷയില്‍ നേരിടുക എന്നത് പ്രസക്തമാകുന്നത്. ഇന്ന് ഉറങ്ങിയാല്‍ നാളെ അതിന്‍റെ വില നല്‍കേണ്ടി വരും. അതുകൊണ്ടാണ് സൗദിയുടെ നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങള്‍ ആസ്വിഫതുല്‍ ഹസ്മിന് മുതിര്‍ന്നത്.

(അതുമായി ബന്ധപ്പെട്ട് നേരത്തെ എഴുതിയ ലേഖനം: 'ആസ്വിഫതുല്‍ ഹസം' - അറബ് ലോകത്ത് ഇറാന്‍ നടത്തുന്ന രഹസ്യ അജണ്ടകള്‍ക്കുള്ള തിരിച്ചടി.)

 യൂറോപ്പ്യര്‍ വിശാലമനസ്കത ഉള്ളവരാണെന്നും... ഇരു കൈകളും നീട്ടി അഭയാര്‍ഥികളെ സ്വീകരിച്ചുവെന്നും... അറബ് രാഷ്ട്രങ്ങള്‍ കയ്യും കെട്ടി നോക്കി നിന്നുവെന്നും വെണ്ടയ്ക്ക അക്ഷരത്തില്‍ അടിച്ചുവിട്ട മാധ്യമങ്ങള്‍
നിങ്ങളും കണ്ടവരാണല്ലോ...

യൂറോപ്പുകാര്‍ ഇത്ര വിശാല മനസ്കരോ ?!.... പണ്ട് നമ്മള്‍ ഇന്ത്യക്കാരും കുറേ അനുഭവിച്ചതാണല്ലോ ആ വിശാല മനസ്കത ... അതുകൊണ്ട് ഏറെ പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല...സത്യത്തില്‍ അവര്‍ക്കതില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌.

ഒരു രാജ്യത്തിന്‍റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ് മനുഷ്യരാണ്.... ചില സാമ്പത്തിക ബുദ്ധിജീവികള്‍ വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിയുന്നത് എങ്കില്‍ക്കൂടി .... യൂറോപ്പിന്‍റെ ഇന്നത്തെ അവസ്ഥ എടുത്ത് നോക്കൂ... കുറേ പേര്‍ സ്വവര്‍ഗ രതിയുമായി പോയി.... കുറേ പേര്‍ പരസ്പര ധാരണയോടെ ജീവിക്കുന്നു എന്നാലും കല്യാണം വേണ്ട എന്നാണു നിലപാട്.... കല്യാണം കഴിക്കുന്നവരില്‍ത്തന്നെ കുഞ്ഞുങ്ങള്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവര്‍ വളരെ  വിരളം... ഇനി കുഞ്ഞുങ്ങള്‍ ഉള്ളവരോ, ഒന്നോ രണ്ടോ മതി എന്ന് ചിന്തിക്കുന്നവരും... സ്വാഭാവികമായും യുവാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.... തോഴിലെടുക്കാള്‍ ആളെക്കിട്ടാതായി... തൊഴില്‍ വേതനം വര്‍ധിച്ചു.... സ്വാഭാവികമായും യൂറോപ്പ്യന്‍ കമ്പനികള്‍ ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് തങ്ങളുടെ ഫാക്ടറികള്‍ മാറ്റി നടാന്‍ തുടങ്ങി.... വൃദ്ധന്മാരുടെ ആധിക്യം കാരണം വരവിനേക്കാള്‍ കൂടുതല്‍ ചിലവ് വര്‍ധിച്ചു... ഇനി ഒരേ ഒരു മാര്‍ഗമേ ഉള്ളൂ ... അഭയാര്‍ഥികള്‍ എങ്കില്‍ അഭയാര്‍ഥി ....  അവരാണെങ്കില്‍ ഇപ്പോള്‍ ഏത് തോഴിലവസരങ്ങള്‍ക്കും സജ്ജരായ അവസ്ഥയിലുമായിരിക്കും ... ആവശ്യമുള്ള മേഖലകളില്‍ എല്ലാം അവരെ വിന്യസിക്കാം... ലോകത്തിന് മുന്നില്‍ അഭയാര്‍ഥികളെ സ്വീകരിച്ചു എന്ന സല്‍പ്പേരും സമ്പാദിക്കാം... ഒരു വെടിക്ക് രണ്ടുപക്ഷി...   അതുകൊണ്ടുതന്നെ അഭയാര്‍ഥികളെ തങ്ങളുടെ രാജ്യത്ത് വിന്യസിപ്പിക്കുന്നതില്‍ അവര്‍ വ്യക്തമായ നേട്ടങ്ങള്‍ കാണുന്നുണ്ട്.

നല്ല ജീവിതാന്തരീക്ഷവും യൂറോപ്പിലേക്ക് കുടിയേറാനുള്ള സിറിയക്കാരുടെ അതിയായ ആഗ്രഹവുമാണ് യൂറോപ്പിലേക്കുള്ള പാലായനത്തിന് പിന്നില്‍ എന്ന് വിലയിരുത്തുന്നവരും വിരളമല്ല. എന്നാല്‍ അത്തരം ഒരു ചിന്തകൊണ്ട് നാടും വീടും ഉപേക്ഷിച്ച് പോകുന്നവരാണ് നാല് മില്ല്യന്‍ വരുന്ന സിറിയന്‍ അഭയാര്‍ഥികള്‍ എന്ന് വിലയിരുത്തുന്നത് ആ ജനതയെ ഒന്നടങ്കം അധിക്ഷേപിക്കലാണ്. ഞാന്‍ സൂചിപ്പിച്ചത് പോലെ യൂറോപ്പിലേക്കുള്ള പാലായനത്തെ ഒരവസരമായി കാണുന്നവരും അഭയാര്‍ഥികളില്‍ ഉണ്ടായേക്കാം. പക്ഷെ അത്തരം അഭയാര്‍ഥികള്‍ വളരെ വിരളമാണ് എന്നതാണ് വസ്തുത. കൂടുതലും പീഡനം മൂലം പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍.

റഷ്യന്‍ ബോംബുകളെ കൂട്ടുപിടിച്ച് ശിയാക്കള്‍ സിറിയയിലെ നിരപരാധികളെ കൊന്നൊടുക്കുന്നു.... നാടു കടത്തപ്പെടുന്നവരും, നാടുകടക്കാന്‍ നിര്‍ബന്ധിതരാകുന്നവരും അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നു... ചിലര്‍ യൂറോപ്പിനെ ലക്ഷ്യമാക്കി നീങ്ങുന്നു.... അവര്‍ സമുദ്രത്തില്‍ വെച്ച് ആരാരുമറിയാതെ കൊല്ലപ്പെടുകയോ അപകട മരണം വരിക്കുകയോ ചെയ്യുന്നു.... കരപറ്റുന്നവര്‍ അവരെ കാത്തിരിക്കുന്ന പാശ്ചാത്യ ശക്തികളുടെ കൈകളിലേക്കെത്തുന്നു.... തങ്ങളുടെ സംസ്കാരവും വിശ്വാസവും ചിന്തയും പാശ്ചാത്യരുടെ കാല്‍കീഴില്‍ ഉപേക്ഷിക്കുക എന്നതാണ് പ്രവേശനമൂല്യമായി നല്‍കേണ്ടത്. അല്ലാത്തവര്‍ക്ക് ആഴപ്പരപ്പിലേക്ക് തിരിച്ചുപോകാം....   

അത് വ്യക്തമാക്കുന്ന ഒരനുഭവം അബൂ അബ്ദല്ല പങ്കുവെക്കുകയുണ്ടായി അതു  കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തും കുടുംബവും ജര്‍മനിയിലേക്കാണ് കുടിയേറിയത് (ഒരര്‍ത്ഥത്തില്‍ കുടിയേറ്റപ്പെട്ടത്). അവിടെ താമസിക്കണമെങ്കില്‍ കുടിയേറ്റക്കരാറില്‍ ഒപ്പുവേക്കണം. അവര്‍ നിഷ്കര്‍ഷിക്കുന്ന എന്ത് നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥനായിരിക്കും എന്നതാണ് കരാറിന്‍റെ ചുരുക്കം. ഒരു ദിവസം കുട്ടികള്‍ സ്കൂളില്‍ നിന്നും വളരെ സങ്കടപ്പെട്ടുകൊണ്ടാണ് വന്നത്. കാര്യം തിരക്കിയപ്പോള്‍ പെണ്‍കുട്ടികളായ അവരെ വിവസ്ത്രരാക്കി ആണ്‍കുട്ടികളോടൊപ്പം സ്വിമ്മിംഗ് പൂളില്‍ കുളിക്കാന്‍ നിര്‍ബന്ധിച്ചു എന്നതാണ് പ്രശ്നം. ഇത് കേട്ട് കുപിതനായ പിതാവ് പിറ്റേ ദിവസം സ്കൂളിലെത്തി, എന്‍റെ മക്കള്‍ക്ക് സ്വിമ്മിംഗ് ഒഴിവാക്കിത്തരണം എന്ന് അധികൃതരോട് ആവശ്യപ്പെട്ടു. ഉടന്‍ വന്നു മറുപടി: "ഞങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കാം എന്ന ഉപാധിയിന്മേലാണ് താങ്കളെ ഇവിടെ നില്‍ക്കാന്‍ അനുവദിച്ചിട്ടുള്ളത്. താല്പര്യമുണ്ടെങ്കില്‍ തുടരാം. ഇല്ലെങ്കില്‍ അഭയാര്‍ഥിക്കരാര്‍ റദ്ദാക്കാം"....

.....ആ വാക്കുകളില്‍ എല്ലാം വളരെ വ്യക്തമാണ്.....