Sunday, October 25, 2015

ചെറിയ മകന് വീടും പറമ്പും ഉമ്മയുടെ മരണശേഷം ലഭിക്കും എന്ന് എഴുതി വെക്കാമോ ?.

ചോദ്യം: മാതാപിതാക്കള്‍ക്ക് നാല് മക്കള്‍. ഒരു പെണ്ണ്, മൂന്ന്‍ ആണ്‍മക്കള്‍. എല്ലാവരും പ്രായപൂര്‍ത്തിയായവരും വിവാഹിതരുമാണ്. പിതാവ് മരണപ്പെട്ട് സ്വത്ത് വീതം വെച്ചപ്പോള്‍ ആദ്യത്തെ മൂന്ന്‍ മക്കള്‍ക്കും പറമ്പ് ഓഹരിയായി നല്‍കി. ഏറ്റവും ചെറിയ മകന്‍റെ ഓഹരി വീടും അത് നില്‍ക്കുന്ന സ്ഥലവും മാതാവിന്‍റെ കാലശേഷം എന്ന് എഴുതിയിരിക്കുന്നു. ഈ കാലശേഷം എന്ന് എഴുതുന്ന രീതിക്ക് ഇസ്‌ലാമിക പിന്‍ബലം ഉണ്ടോ ?. മാതാവിന്‍റെ കാലത്തിന് മുന്‍പേ ഈ മകന്‍റെ കാലം കഴിഞ്ഞാല്‍ അവന്‍റെ കുടുംബത്തിന് എന്താണ് ഉണ്ടാകുക ?. 

www.fiqhussunna.com

ഉത്തരം:

 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

അല്‍ഹംദുലില്ലാഹ്... മരണശേഷം സ്വത്ത് എങ്ങനെ വിഹിതം വെക്കണം എന്ന് വളരെ കൃത്യമായി അല്ലാഹു നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് പ്രകാരം മുകളില്‍ പറഞ്ഞ സ്വത്ത് ഓഹരി വെക്കേണ്ടത് ഇപ്രകാരമാണ്:

മയ്യത്തിന്‍റെ ഭാര്യ, നാല് മക്കള്‍ (ഒരു പെണ്ണും മൂന്ന്‍ ആണും) ആണ് അനന്തരാവകാശികള്‍ ആയുള്ളത്.

മയ്യത്തിന്‍റെ മക്കള്‍ ജീവിച്ചിരിപ്പുള്ളതിനാല്‍ ഭാര്യക്ക്: 1/8 (എട്ടിലൊന്ന്).
ആണ്‍ പെണ്‍ മക്കള്‍ ഇവിടെ അസ്വബയാണ്. അതായത് നിര്‍ണ്ണിതമായ ഓഹരി നല്‍കേണ്ടവര്‍ക്ക് നല്‍കിയ ശേഷം ബാക്കി വരുന്ന മുഴുവന്‍ സ്വത്തിനും അര്‍ഹരാകുന്നവര്‍.  അതുകൊണ്ടുതന്നെ മുകളില്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ എട്ടിലൊന്ന് നല്‍കിയ ശേഷം ബാക്കി വരുന്ന സ്വത്ത് ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന രൂപത്തില്‍ വിഹിതം വെക്കും. (മരണപ്പെട്ട മയ്യത്തിന്‍റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുള്ളതായി ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിട്ടില്ല. അവര്‍ ജീവിച്ചിരിപ്പുണ്ട് എങ്കില്‍ ഓരോരുത്തര്‍ക്കും 1/6 (ആറിലൊന്ന്) വീതം ഉണ്ടാകും.

ചോദ്യകര്‍ത്താവ് ഉന്നയിച്ച സംഭവത്തില്‍ സ്വത്ത് വിഹിതം വെച്ചതില്‍ അപാകതകളുണ്ട്. ഒന്നിലധികം നിഷിദ്ധങ്ങള്‍ അതില്‍ കടന്നുവരുന്നുണ്ട്.



ഒന്ന്: മയ്യത്തിന്‍റെ സ്വത്ത് ഓഹരി വെക്കുമ്പോള്‍ ചില അനന്തരാവകാശികള്‍ക്ക് മാത്രം നല്‍കുകയും, മറ്റു ചിലരുടേത്, മറ്റൊരാളുടെ മരണത്തിന് ശേഷം എന്ന് നീട്ടി വെക്കുകയും ചെയ്യാന്‍ ഇസ്‌ലാമികമായി പാടില്ല. അത് ചോദ്യകര്‍ത്താവ് തന്നെ സൂചിപ്പിച്ചത് പോലെ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകും. അതിനാല്‍ത്തന്നെ അത് അക്രമമാണ്. സാധാരണ നമ്മുടെ നാട്ടില്‍ പറയാറുള്ളത് പോലെ 'ഉമ്മയെ അവന്‍ നോക്കാന്‍ വേണ്ടി' എന്നതാണ് കാരണമായി പറയുന്നതെങ്കില്‍, ഉമ്മയെ നോക്കാന്‍ അവര്‍ക്കെല്ലാം തുല്യ ബാധ്യതയുണ്ട്. അത് ഇളയ പുത്രന്‍റെ മാത്രം ബാധ്യതയല്ല.

രണ്ട്: മയ്യത്തിന്‍റെ ഭാര്യയുടെ (അഥവാ അവരുടെ ഉമ്മയുടെ) ഓഹരിയെ സംബന്ധിച്ച് ഇതില്‍ പരാമര്‍ശമില്ല. മറിച്ച് ഒരു മകന് നല്‍കിയ സ്വത്തില്‍ അവന്‍റെ ഉമ്മയെ പങ്കാളിയാക്കിയിരിക്കുന്നു. ഇത് ഉമ്മയുടെയും, അതുപോലെ മകന്‍റെയും അവകാശങ്ങളില്‍ ഒരുപോലെയുള്ള കടന്നുകയറ്റമാണ്. ഉമ്മക്ക് തന്‍റെ അവകാശത്തില്‍ നിന്ന് പിന്‍വാങ്ങുകയും അത് നീതിപൂര്‍വകമായി മക്കള്‍ക്ക് നല്‍കുകയും ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ അത് ജീവിതകാലത്ത് തന്നെ ആരോഗ്യത്തോടെ നില്‍ക്കുന്ന അവസ്ഥയില്‍ ചെയ്യണം.

മൂന്ന്‍:   ഉമ്മയുടെ മരണശേഷം ഇളയ മകന് ലഭിക്കും എന്നാണ് എഴുതിയിരിക്കുന്നത്. അഥവാ ശറഇന്‍റെ നിയമപ്രകാരം ഇത് വസ്വിയത്ത് ആണ്. കാരണം മരണശേഷം സ്വത്ത് ഇന്നയിന്ന രൂപത്തില്‍ നല്‍കണം എന്ന് എഴുതി വെക്കുന്നത് സാമ്പത്തികമായ വസ്വിയത്ത് ആണ്. മരണശേഷമേ അത് പ്രാബല്യത്തില്‍ വരൂ. പക്ഷെ അനന്തരാവകാശിയായ ഒരാള്‍ക്ക് വേണ്ടി സ്വത്ത് വസ്വിയത്ത് ചെയ്യാന്‍ പാടില്ല. അതിനാല്‍ത്തന്നെ ഇവിടെ ഉമ്മയുടെ മരണശേഷം മകന് എന്ന് എഴുതിയിരിക്കുന്നത്  അസാധുവായ വസ്വിയത്ത് ആണ്. നബി (സ) പറഞ്ഞു:


إن الله أعطى كل ذي حق حقه فلا وصية لوارث
"അല്ലാഹു ഓരോ അനന്തരാവകാശിക്കും അവരുടെ അവകാശങ്ങള്‍ കൃത്യമായി നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനന്തരാവകാശിയായ ഒരാള്‍ക്ക് വേണ്ടി വസ്വിയത്ത് ചെയ്യാന്‍ പാടില്ല." - [തിര്‍മിദി: 2120 ,  അല്‍ബാനി : സ്വഹീഹ് صحيح الجامع : 1720 ].
അഥവാ തന്‍റെ അനന്തരാവകാശിയായ ആള്‍ക്ക് തന്‍റെ സ്വത്ത് വസ്വിയത്ത് ആയി എഴുതി വെക്കാന്‍ പാടില്ല.  അത് നിഷിദ്ധമാണ്. കാരണം മരണശേഷം അനന്തരാവകാശികള്‍ക്ക് അവരുടെ അനന്തരസ്വത്തില്‍ നിന്നുള്ള ഓഹരി അല്ലാഹു കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതാണ്‌ അവര്‍ക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ ഉമ്മയുടെ മരണശേഷം എന്ന നിലക്ക് എഴുതിവെച്ച വസ്വിയത്തിന് യാതൊരു പിന്‍ബലവുമില്ല. ഉമ്മയുടെ മരണശേഷം ഉമ്മയുടെ സ്വത്ത് ഉമ്മയുടെ അനന്തരാവകാശികള്‍ ആയ എല്ലാവര്‍ക്കും അര്‍ഹപ്പെട്ടതാണ്. ആ നിലക്ക് അത് ഇളയ മകന്‍റെ അവകാശം നഷ്ടപ്പെടാനുള്ള കാരണമാകും.

നാല്:
ഒരാളുടെ വസ്വിയത്ത് (ഇവിടെ വസ്വിയത്ത് എന്നാല്‍ മരണശേഷം സ്വത്ത് നല്‍കുക എന്നതാണ് ഉദ്ദേശം എന്ന് സൂചിപ്പിച്ചുവല്ലോ)  അയാള്‍ക്ക് ഏത് സമയത്തും മാറ്റാം. അവകാശമായി ലഭിക്കേണ്ട സ്വത്ത് ഔദാര്യമായ വസ്വിയത്തിലേക്ക് ചേര്‍ക്കുന്നത് അവകാശം നഷ്ടപ്പെടാനുള്ള കാരണമായേക്കാം. ഇതും അക്രമമാണ്. അഥവാ അനന്തരാവകാശിക്ക് വസ്വിയത്ത് ചെയ്യുന്നു എന്ന നിഷിദ്ധവും, അവകാശമായി ലഭിക്കേണ്ട സ്വത്തിനെ എപ്പോഴും മാറ്റാവുന്ന മരണാനന്തരമുള്ള വസ്വിയത്ത് ആക്കി മാറ്റി എന്ന നിഷിദ്ധവും ഇവിടെ പ്രകടമാണ്.

മാത്രമല്ല ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ ഈ ഇളയ മകന്‍ നേരത്തെ മരണപ്പെട്ടാല്‍ അത് കൂടുതല്‍ സ്വത്ത് തര്‍ക്കത്തിലേക്കും, ഒരുപക്ഷേ അദ്ദേഹത്തിന്‍റെ അനന്തരാവകാശികള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നഷ്ടപ്പെടാനുമെല്ലാം കാരണമാകുകയും ചെയ്തേക്കാം.

ശറഇന്‍റെ നിയമങ്ങള്‍ വളരെ വ്യക്തവും സ്പഷ്ടവുമാണ്. അതുകൊണ്ടുതന്നെ ചോദ്യകര്‍ത്താവിനോട് പറയാനുള്ളത് അല്ലാഹു കല്‍പിച്ച പ്രകാരമാണ് സ്വത്ത് വിഹിതം വെക്കേണ്ടത്. നേരത്തെ ഓഹരി വെച്ച രൂപം തിരുത്തി ഇപ്രകാരമാക്കുക:

മൊത്തം സ്വത്തിന്‍റെ എട്ടിലൊന്ന് മയ്യത്തിന്‍റെ ഭാര്യക്ക് (അഥവാ അവരുടെ ഉമ്മക്ക്) നല്‍കുക. ബാക്കി വരുന്ന സ്വത്ത് ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന രൂപത്തില്‍ വിഹിതം വെക്കുക. ഓരോരുത്തരുടെയും അവകാശങ്ങള്‍ ഇപ്പോള്‍ത്തന്നെ പതിച്ച് നല്‍കുക. ഒരുകൂട്ടര്‍ക്ക് മാത്രം നല്‍കുകയും, മറ്റൊരു കൂട്ടരുടേത് നീട്ടിവെക്കുകയും ചെയ്യാന്‍ പാടില്ല.

അവരുടെ ഉമ്മ സ്വത്ത് ആഗ്രഹിക്കുന്നില്ല എങ്കില്‍, അഥവാ മയ്യത്തിന്‍റെ ഭാര്യ   സ്വതാല്പര്യത്തോടെ തന്‍റെ വിഹിതം മക്കള്‍ എടുത്തോട്ടെ എന്ന് പറയുകയാണ്‌ എങ്കില്‍ അവിടെയും ചില നിബന്ധനകള്‍ ഉണ്ട്:

ഒന്ന്: അത് ഒരാള്‍ക്കായി മാത്രം നല്‍കാന്‍ പാടില്ല. കാരണം റസൂല്‍ (സ) പറഞ്ഞു : "നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുക". അതുകൊണ്ട് അത് അവര്‍ക്കിടയില്‍ എല്ലാവര്‍ക്കും തൃപ്തികരമായ രൂപത്തില്‍ വിഹിതം വെക്കുക. ഒരാള്‍ക്ക് സ്വതൃപ്തിയോടെ തന്‍റെ വിഹിതം മറ്റൊരാള്‍ക്ക് നല്‍കാം. 

രണ്ട്: തന്‍റെ സ്വത്ത് പൂര്‍ണമായും മക്കള്‍ക്ക് നല്‍കല്‍ അനുവദനീയമാകണമെങ്കില്‍ അവര്‍ ആരോഗ്യവതിയായിരിക്കണം. രോഗശയ്യയില്‍ മരണം പ്രതീക്ഷിച്ച് നില്‍ക്കുന്ന അവസ്ഥയിലായിരിക്കാന്‍ പാടില്ല. കാരണം മരണം പ്രതീക്ഷിക്കുന്ന രൂപത്തിലുള്ള രോഗം ബാധിച്ച് കിടപ്പിലാണെങ്കില്‍ അവര്‍ക്ക് മൂന്നിലൊന്നില്‍ കൂടുതല്‍ തന്‍റെ സ്വത്തില്‍ നിന്ന് ദാനം ചെയ്യല്‍ അനുവദനീയമല്ല.  സഅദ് (റ) വിനോട് നബി (സ) അത് വിലക്കിയിട്ടുണ്ട്.


عن سعد بن أبي وقاص رضي الله عنه قال : مرضت مرضا أشفيت منه، فأتاني رسول الله صلى الله عليه و سلم يعودني، فقلت: يا رسول الله، إن لي مالا كثيرا وليس يرثني إلا ابنتي، أفأتصدق بثلثي مالي ؟ ،  قال: لا ، قلت: فالشطر ، قال: لا ، قلت :  فالثلث ، قال: الثلث والثلث كثير ، إنك أن تترك ورثتك أغنياء خير لهم من أن تتركهم عالة يتكففون الناس.
സഅദ് ബിന്‍ അബീ വഖാസ് (റ) പറയുന്നു: "എനിക്ക്  മരണത്തെ മുന്നില്‍ക്കാണുന്ന രൂപത്തിലുള്ള അതികഠിനമായ രോഗം ബാധിച്ചു. ആ സന്ദര്‍ഭത്തില്‍ എന്നെ സന്ദര്‍ശിക്കാനായി റസൂല്‍ (സ) എന്‍റെ അരികിലേക്ക് വന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: യാ റസൂലല്ലാഹ് .. എനിക്ക് ധാരാളം സമ്പാദ്യമുണ്ട്. എന്നാല്‍ എനിക്ക് അനന്തരാവകാശിയായി ഒരു മകള്‍ മാത്രമേ ഉള്ളൂ. ഞാന്‍ എന്‍റെ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം ദാനം ചെയ്യട്ടെ ?. നബി (സ) പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ പകുതി ?. അദ്ദേഹം പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ മൂന്നിലൊന്ന്. അദ്ദേഹം പറഞ്ഞു: മൂന്നിലൊന്ന് ആകാം. മൂന്നിലൊന്നുതന്നെ ധാരാളമാണ്.  നിന്‍റെ അനന്തരാവകാശികളെ ധനികരായി വിട്ടേച്ച് പോകുന്നതാണ്, മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കൈനീട്ടുന്നവരായി അവരെ വിട്ടേച്ച് പോകുന്നതിനേക്കാള്‍ ഉത്തമം".  - [നസാഇ: 3626, അല്‍ബാനി:സ്വഹീഹ്].

മക്കള്‍ മാത്രമായിരിക്കില്ലല്ലോ അവരുടെ അനന്തരാവകാശികള്‍. അതുകൊണ്ട് മരണം പ്രതീക്ഷിച്ച് കിടക്കുന്ന വേളയില്‍ സ്വത്ത് പൂര്‍ണമായും ദാനമായി നല്‍കുന്നത് നിഷിദ്ധമാണ്. അത് മക്കള്‍ക്കാണ് നല്‍കുന്നത് എങ്കില്‍പ്പോലും. എന്നാല്‍ ആരോഗ്യവാനായ വേളയില്‍ അബൂബക്കര്‍ (റ) ചെയ്തത് പോലെ  ഒരാള്‍ക്ക് തന്‍റെ സ്വത്ത് പൂര്‍ണമായും ദാനം നല്‍കാം. പക്ഷെ അത് മക്കള്‍ക്കാണ് നല്‍കുന്നത് എങ്കില്‍ നീതിപൂര്‍വകവും പരസ്പര തൃപ്തികരവുമായ രൂപത്തില്‍ നല്‍കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അത് ഏറെ വിശദീകരിക്കേണ്ട ഒരു വിഷയമാണ്. മറ്റൊരു അവസരത്തിലാകാം... ഇന്‍ ഷാ അല്ലാഹ്.


മൂന്ന്: തന്‍റെ സ്വത്ത് മരണശേഷം എന്ന രൂപത്തില്‍ അവര്‍ വസ്വിയത്ത് ചെയ്യുകയാണ് എങ്കില്‍ അത് അനന്തരാവകാശിയുടെ പേരിലാകുവാനോ, മൂന്നിലൊന്നില്‍ കൂടുതലാകുവാനോ പാടില്ല. മരണപ്പെടുന്ന വേളയില്‍ മയ്യത്തിന്‍റെ അനന്തരാവകാശിയായ ആള്‍ക്ക് മയ്യത്ത് സ്വത്ത് വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍ ആ വസ്വിയത്തിന് യാതൊരു വിലയുമില്ല. കാരണം ആ വസ്വിയത്ത് ശറഇന്‍റെ നിയമപ്രകാരം അസാധുവാണ്. അതുപോലെ മൂന്നിലൊന്നില്‍ കൂടുതല്‍ അനന്തരാവകാശിയല്ലാത്ത ഒരാള്‍ക്ക് വസ്വിയത്ത് ചെയ്ത് വെച്ചിട്ടുണ്ടെങ്കില്‍ അതില്‍ മൂന്നിലൊന്ന് മാത്രമേ നാം നല്‍കുകയുള്ളൂ. കാരണം മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയത്ത് ചെയ്യുന്നത് നിഷിദ്ധമാണ്.

അതിനാല്‍ത്തന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം  മക്കള്‍ക്ക് സ്വത്ത്  നല്‍കുകയാണ് എങ്കില്‍ അത് മരണശേഷം എന്ന് എഴുതിവെക്കാന്‍ പാടില്ല. ജീവിതകാലത്ത് നല്‍കാം. മരണശേഷം ഒരോരുത്തര്‍ക്കും അനന്തരാവകാശ നിയമമനുസരിച്ച് മാത്രമാണ് നല്‍കുക. അതുപോലെ തന്‍റെ ചില മക്കള്‍ക്ക് നല്‍കിയത് പോലെ നീതിപൂര്‍വകമാന്‍ നല്‍കാത്തവര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ അത് ജീവിതകാലത്ത് തന്നെ നല്‍കണം. ചിലര്‍ മരണശേഷം എന്ന് എഴുതി വെക്കുന്നത് കാണാം. എന്നാല്‍ ആ വസിയത്തിന് യാതൊരു സാധുതയുമില്ല. കാരണം അനന്തരാവകാശിക്ക് സ്വത്ത് വസ്വിയത്ത് ചെയ്യാന്‍ പാടില്ല. ചെയ്‌താല്‍ തന്നെ അതിന് യാതൊരു പരിഗണനയുമില്ല.

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം വീട് ഏറ്റവും ചെറിയ മകന് നല്‍കണം എന്നും , ഉമ്മയെ നോക്കേണ്ടത് അവനാണ് എന്നുമുള്ള ഒരു തെറ്റിദ്ധാരണ നമ്മുടെ നാട്ടില്‍ വ്യാപകമായി ഉണ്ട്. മറ്റ് അനന്തരാവകാശികള്‍ തൃപ്തിയോടെ വീട് അവന് നല്‍കുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അതല്ലയെങ്കില്‍ പരസ്പര തൃപ്തിയോടെ ഓഹരി വെക്കണം. ഒരാളുടെ ഓഹരി പണം നല്‍കി മറ്റൊരാള്‍ക്ക് വാങ്ങാം. എന്നാല്‍ സ്വത്ത് വിഹിതം വെക്കുമ്പോള്‍ വിട്ടുവീഴ്ചാ മനോഭാവം ഉണ്ടായിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. 

ഇനി ഒരാള്‍ക്ക് വീടോ മറ്റോ നല്‍കുകയാണ് എങ്കില്‍, അതുമൂലം മറ്റുള്ളവരുടെ ഉമ്മയെയോ ഉപ്പയെയോ നോക്കേണ്ട ബാധ്യത അവിടെ അവസാനിക്കുന്നില്ല. അവരെ പരിചരിക്കാന്‍ മക്കളെല്ലാം ഒരുപോലെ കടപ്പെട്ടിരിക്കുന്നു.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...