Tuesday, October 13, 2015

വോട്ട് ചെയ്യല്‍ അനുവദനീയമോ ?. ഉലമാക്കൾ എന്ത് പറയുന്നു- ഒരു ലഘു പഠനം.
إن الحمد لله ، نحمده ونستعينه ونستغفره ونعوذ بالله من شرور انفسنا ومن سيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له وأشهد أن محمدا عبده ورسوله صلى الله عليه وعلى آله وصحبه وسلم..


www.fiqhussunna.com

ഈ ലേഖനം വായിക്കുന്നതിന് മുന്‍പ് ബഹുമാന്യരായ വായനക്കാരോട് ചില കാര്യങ്ങള്‍ ഉണര്‍ത്തുവാനുണ്ട്. ഇല്‍മിയ്യായ ഒരു ചര്‍ച്ച മാത്രമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കുക എന്നതാകട്ടെ വായനക്ക് പിന്നിലെ ലക്ഷ്യം. എന്‍റെ വാക്കുകള്‍ക്കുപരിയായി ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) , ശൈഖ് അല്‍ബാനി (റഹിമഹുല്ല), ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല), ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹഫിദഹുല്ല), ശൈഖ് സ്വാലിഹ് അല്ലുഹൈദാന്‍ (ഹഫിദഹുല്ല), ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് അല്‍ ബദ്ര്‍ (ഹഫിദഹുല്ല) തുടങ്ങിയവരുടെ വാക്കുകളും, നിലപാടുകളും എടുത്ത് കൊടുത്തിട്ടുണ്ട്. അത് ശ്രദ്ധയോടെ വായിക്കുമല്ലോ. 

ഇന്ത്യയെ പോലുള്ള വ്യത്യസ്ഥ മതക്കാര്‍ പരസ്പര ധാരണയോടെ ജീവിക്കുന്ന ഒരു രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ തൻ്റെ വിശ്വാസവും മതവുമൊക്കെ സംരക്ഷിച്ചുകൊണ്ട് ഒരു വിശ്വാസിക്ക് എങ്ങനെ ജീവിക്കാം ?. 
ജനാധിപത്യ വ്യവസ്ഥയിലും വോട്ടെടുപ്പിലും പങ്കെടുക്കാന്‍ പാടുണ്ടോ  ?. ഇവയിൽ നിന്നെല്ലാം പാടെ വിട്ടുനിൽക്കുകയാണോ വേണ്ടത് ? ഇതാണ് ചർച്ചയുടെ മർമ്മം. 

 വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കൽ നിർബന്ധമാണ് എന്നും, അനുവദനീയമാണ് എന്നും പാടില്ല എന്നും പറഞ്ഞ പണ്ഡിതന്മാര്‍ ഉണ്ട്. വസ്തുനിഷ്ടമായി പരിശോധിച്ചാല്‍ ചെറിയ ദോശം കൊണ്ട് വലിയ ദോശം തടയുക, ഗുണവും ദോശവും തുല്യമാകുന്ന രൂപത്തില്‍ പരസ്പരവിപരീതമായി വന്നാല്‍ ദോശത്തെ തടയുന്നതിന് മുന്‍ഗണന നല്‍കുക. തുടങ്ങിയ കര്‍മ്മ ശാസ്ത്ര നിയമങ്ങളില്‍ പണ്ഡിതന്മാര്‍ക്കെല്ലാം ഏകാഭിപ്രായമാണെങ്കിലും ആ നിയമത്തെ പ്രാവര്‍ത്തികമാക്കുമ്പോള്‍  ഈ സാഹചര്യത്തില്‍ ഗുണമേത് ദോശമേത് എന്നത് വിലയിരുത്തുന്നതില്‍ വന്ന അഭിപ്രായ ഭിന്നതയാണ് അവര്‍ക്കിടയില്‍ തത് വിഷയത്തില്‍  അഭിപ്രായ ഭിന്നത ഉണ്ടാകാനുള്ള കാരണം എന്നതാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹു അഅ്'ലം. ഓരോരുത്തരുടെയും തെളിവുകള്‍ വിലയിരുത്തി അതില്‍ കൂടുതല്‍ പ്രമാണബദ്ധമായ സമീപനം ആണ് നാം തിരഞ്ഞെടുക്കേണ്ടത്.

ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രം കര്‍മശാസ്ത്രത്തില്‍ 'ദാറു മുആഹദ' അഥവാ വിശ്വാസികളും അവിശ്വാസികളും പരസ്പര ഉടമ്പടിപ്രകാരം ജീവിക്കുന്ന ഒരു രാഷ്ട്രമാണ്. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസങ്ങളും മതനിയമങ്ങളും  പാലിച്ചുകൊണ്ട്‌ ജീവിക്കാം എന്നതാണ് രാജ്യത്തിന്‍റെ പ്രഖ്യാപിത നിലപാട്. സ്വാഭാവികമായും ഓരോ വിഭാഗം ആളുകള്‍ക്കും രാജ്യത്തിന്‍റെ നിയമനിര്‍മാണത്തില്‍ ഭാഗവാക്കാകാനും അതുവഴി തങ്ങളുടെ വിശ്വാസത്തെയും അനുഷ്ടാനങ്ങളെയും സംരക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യം നല്‍കുന്നു. സ്വാഭാവികമായും ജനാധിപത്യ പ്രക്രിയയിലൂടെയാണ് രാജ്യത്ത് നിയമ നിര്‍മാണം നടക്കുന്നത്. മുന്‍കാലത്ത് ഉണ്ടായിരുന്ന മുസ്‌ലിം നേതാക്കള്‍ ഈ നിയമ നിര്‍മാണ പ്രക്രിയയില്‍ ഇടപെട്ടത് കൊണ്ടാണ് ഇന്ന് വൈവാഹിക- കുടുംബ നിയമങ്ങളിലും, അനന്തരാവകാശ നിയമങ്ങളിലും, വഖഫ് നിയമങ്ങളിലും മുസ്‌ലിമീങ്ങള്‍ക്ക് തങ്ങളുടെ ശരീഅത്ത് പ്രകാരം ജീവിക്കുവാനുള്ള നിയമം നമ്മുടെ നാട്ടില്‍ ഉണ്ടായത്. ഇതൊരു വസ്തുതയാണ്. നമ്മുടെ നാട്ടിലെ മുന്‍കഴിഞ്ഞു പോയ സലഫീ പണ്ഡിതന്മാര്‍ ആ പ്രക്രിയയില്‍ ഏറെ വലിയ പങ്ക് വഹിച്ചിരുന്നു. ഫറദിയുല്‍ മദീന ശൈഖ് അബ്ദുസ്സമദ് അല്‍കാത്തിബ് റഹിമഹുല്ലയുടെ പിതാവും, സൗദിയിലുള്ള പ്രമുഖ സലഫീ പണ്ഡിതരുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുമായിരുന്ന കെ. എം മൗലവി റഹിമഹുല്ല മരിക്കുന്ന സന്ദര്‍ഭത്തില്‍പ്പോലും മുസ്‌ലിം ലീഗിന്‍റെ വൈസ് പ്രസിഡണ്ടായിരുന്നു. അദ്ദേഹത്തെപ്പോലുള്ള ആളുകളുടെ അഭാവം ഇന്ന് ആ സംഘടനയെ മതപരമായി എത്രമാത്രം അധപതിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.   ഭൗതികമായ എന്തെങ്കിലും നേട്ടം ആഗ്രഹിച്ചുകൊണ്ടായിരുന്നില്ല അവരാരും രാഷ്ട്രീയ ജനാധിപത്യ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നത്. മറിച്ച് നീതി ഉറപ്പാക്കുവാനും, മുസ്‌ലിം സമുദായത്തിന് അവരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തുവാനും, അല്ലാഹുവിന്‍റെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം അവര്‍ക്ക് നേടിക്കൊടുക്കുവാനും വേണ്ടിയായിരുന്നു.

ഇവിടെയാണ്‌ ചര്‍ച്ചയുടെ മര്‍മ്മം നാം മനസ്സിലാക്കേണ്ടത്. 'ജനാധിപത്യം' എന്ന സംവിധാനത്തിന്‍റെ വിധിയെന്ത്‌ ?. അതിൻ്റെ തെറ്റും ശരിയും എന്തെല്ലാം എന്നതല്ല ഇവിടെ ചര്‍ച്ച. അല്ലാഹുവിന്‍റെ വിധിയാണ് നടപ്പാക്കപ്പെടേണ്ടത് എന്നതിലും, വൈരുദ്ധ്യാതിഷ്ഠിതമായി വരുമ്പോൾ മനുഷ്യനിര്‍മിത നിയമങ്ങൾക്ക് അല്ലാഹുവിന്‍റെ നിയമങ്ങളെക്കാള്‍ പ്രാമുഖ്യം നല്‍കുന്നത് കുഫ്റാണ് എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. 

എന്നാല്‍ ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്നിടത്ത് ജീവിക്കുന്ന ഒരു മുസ്‌ലിം എന്ത് നിലപാട് എടുക്കണം ?. ആ വ്യവസ്ഥിതിയില്‍ തങ്ങള്‍ക്കുള്ള അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി, നിയമനിര്‍മാണത്തില്‍ പങ്കാളികളാവുകയും, അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ വരുന്നതിനെ തടയുകയും, അവന്‍റെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ആവുന്നത്ര പരിശ്രമിക്കുകയും ചെയ്യുകയാണോ വിശ്വാസികള്‍ ചെയ്യേണ്ടത് ?, അതല്ല പൂര്‍ണമായും വിട്ടു നില്‍ക്കുകയാണോ ചെയ്യേണ്ടത് ?. 

ഇവിടെയാണ്‌ രണ്ട് സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്പോള്‍ അതില്‍ ഇന്നയാളാണ് തനിക്ക് ഉചിതമെന്ന് തീരുമാനിക്കാനുള്ള അനുവാദം ഒരു വിശ്വാസിക്ക് ഉണ്ടോ എന്ന വിഷയം കടന്നുവരുന്നത്. ജനാധിപത്യം വേണോ അതല്ല അല്ലാഹുവിന്‍റെ ഹുക്മ് വേണോ എന്ന വിഷയത്തിലല്ല വോട്ടെടുപ്പ് നടക്കുന്നത്. മറിച്ച് രണ്ട് സ്ഥാനാര്‍ഥികളില്‍ ഏതൊരുവനെയാണ് നിങ്ങള്‍ക്ക് ഭരണകൂടത്തിലേക്ക് വേണ്ടത് എന്നതാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നത്. ഇവിടെ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ രണ്ടുപേരും ഇസ്‌ലാമിൻ്റെ ശത്രുക്കള്‍ ആണ് എന്ന് കരുതുക. ഒരാള്‍ ഇസ്‌ലാമിനോട്‌ ശത്രുത അല്പം കുറവുള്ള ആളാണ്‌. ഒരാള്‍ ശത്രുത അല്പം കൂടിയ ആളുമാണ്‌. എങ്കില്‍ നിങ്ങള്‍ക്ക് ഇതില്‍ ആരെ വേണം എന്നാണ് വോട്ടെടുപ്പില്‍ ചോദിക്കുന്നത്. സ്വാഭാവികമായും ശത്രുത കുറഞ്ഞ ആളെ തിരഞ്ഞെടുക്കുക എന്നത് ഒരു വിശ്വാസിയുടെ ബാധ്യതയാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. 

ഉസ്വൂലുല്‍ ഫിഖ്ഹില്‍ ഒരു നിയമമുണ്ട്: 

إذا تعارضت المفسدتان روعي أعظمهما ضررا بارتكاب أخفهما

അഥവാ രണ്ടിലേതെങ്കിലും ഒരുപദ്രവം സംഭവിക്കുമെന്ന് ഉറപ്പായാല്‍ അതില്‍ ചെറിയ ഉപദ്രവം സ്വീകരിച്ച് വലിയ ഉപദ്രവത്തെ തടയണം.

ഇവിടെ രണ്ടുപേരും ഇസ്‌ലാമിന്റെ ശത്രുക്കള്‍ ആണെങ്കില്‍ പോലും ഒരാള്‍ ശത്രുത കുറവുള്ള ആളാണ്‌ എങ്കില്‍ അയാളെ തിരഞ്ഞെടുക്കണം. കാരണം ശത്രുത കൂടുതല്‍ ഉള്ളവന്‍ വന്നാല്‍ അവന്‍ അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്ക്  കൂടുതല്‍ എതിരായ നിയമ നിര്‍മാണങ്ങളാണ് നടപ്പാക്കുക.

എങ്കില്‍ ഇസ്‌ലാമിനോട് കൂറുള്ള ഒരു മുസ്‌ലിം ആണ് മത്സരിക്കുന്നതെങ്കില്‍ പിന്നെ പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്‍റെ മതത്തെയും വിശ്വാസത്തെയും സ്നേഹിക്കുന്ന ഒരു വിശ്വാസിക്ക് ആരെ വേണമെന്ന് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളപ്പോള്‍ അവന്‍ ഇസ്‌ലാമിനോട് കൂറുള്ളവരെ തിരഞ്ഞെടുക്കണം എന്നത് മതപരമായ താല്പര്യത്തെ സംരക്ഷിക്കുന്നതിന്റെ അഥവാ മഖാസിദുശരീഅയിലെ حفظ الدين എന്ന ഘടകത്തിന്‍റെ ഭാഗമാണ്. ഇനി കൂറുള്ളവര്‍ ഇല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ശത്രുത കുറഞ്ഞവരെ തിരഞ്ഞെടുക്കാനെങ്കിലും അവന്‍റെ വോട്ടവകാശം അവനുപയോഗപ്പെടുത്തണം. മനുഷ്യനിര്‍മിത നിയമങ്ങളോടുള്ള മുഹബ്ബത്തോ താല്പര്യമോ അല്ല അവനതിനുള്ള പ്രേരണ. മറിച്ച് അല്ലാഹുവിന്‍റെ നിയമങ്ങളും അവന്‍റെ ദീനും സംരക്ഷിക്കപ്പെടണം എന്ന തിരിച്ചറിവും ആഗ്രഹവുമാണ്. അപ്രകാരമാണ് അവന്‍റെ നിയ്യത്ത് എങ്കില്‍ അവന്‍ ചെയ്യുന്നത് ഒരു സല്കര്‍മ്മമാണ് എന്നാണ്  ഈയുള്ളവന് ഈ വിഷയത്തിലെ ശരിയായ നിലപാടായി മനസ്സിലാക്കാന്‍ സാധിച്ചത്. എതിരഭിപ്രായമുള്ളവര്‍ ഉണ്ടാകാം. പക്ഷെ പരസ്പരം മന്‍ഹജില്‍ നിന്നും പിഴച്ചുപോയി എന്നും, ശിര്‍ക്ക് ചെയ്യുന്നവരാണ് എന്നും മുദ്രകുത്തുന്ന വാദം ഏറെ അപകടകരം  തന്നെ.

ഞാന്‍ മുകളില്‍പ്പറഞ്ഞ നിലപാട് എന്‍റെ സ്വന്തം നിലപാടാണ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. സലഫീ ലോകത്തെ പ്രമുഖ പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാട് തന്നെയാണത്.

ആധുനിക കാലഘട്ടത്തില്‍ കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഏറെ പ്രാഗത്ഭ്യം തെളിയിച്ച ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) വോട്ടിങ്ങിനെക്കുറിച്ച് നല്‍കുന്ന മറുപടി നോക്കുക. ചോദ്യകര്‍ത്താവ് അതനുവദനീയമല്ല എന്ന മറുപടി ലഭിക്കാനുതകുന്ന രൂപത്തിലാണ് ചോദ്യം ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്:

കുവൈറ്റില്‍ നിന്നാണ് ചോദ്യം: കുവൈറ്റില്‍ ഞങ്ങള്‍ക്കിടയിലുള്ള തിരഞ്ഞെടുപ്പിന്‍റെ വിധിയെന്താണ് ?. അതില്‍ ഭാഗവാക്കായിട്ടുള്ള ഇസ്‌ലാമിക ചിന്താഗതിയുടെയും ദഅവത്തിന്റെയും  വക്താക്കളായിട്ടുള്ള പലരും പിന്നീട് മതപരമായ വിഷയങ്ങളില്‍ വ്യതിചലിച്ച് പോയിട്ടുണ്ട് എന്നത് കൂടി അതോടൊപ്പം പരിഗണിക്കണം.

ഉത്തരം: "തിരഞ്ഞെടുപ്പില്‍ ഭാഗവാക്കാകല്‍ നിര്‍ബന്ധമാണ്‌ എന്നതാണ് എന്‍റെ കാഴ്ചപ്പാട്. നന്മയുണ്ട് എന്ന് നമുക്ക് തോന്നുന്ന ആളുകളെ നാം തിരഞ്ഞെടുക്കേണ്ടതുണ്ട്. കാരണം നന്മയുള്ളവര്‍ അതില്‍ നിന്നും വിട്ടു നിന്നാല്‍ പിന്നെ ആരായിരിക്കും അവരുടെ സ്ഥാനത്ത് കടന്നുവരുന്നത് ?!. സ്വാഭാവികമായും അത് ശര്‍റിന്‍റെ (തിന്മയുടെ) ആളുകളായിരിക്കും. അതല്ലെങ്കില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത,  ഗുണമോ ദോശമോ ഒന്നുമില്ലാത്ത, ശബ്ദമുയര്‍ത്തുന്ന ആരുടെ പിന്നിലും അണിനിരക്കുന്ന രൂപത്തിലുള്ള ആളുകളായിരിക്കും.  അതുകൊണ്ടുതന്നെ നിര്‍ബന്ധമായും നന്മയുണ്ടെന്ന് തോന്നുന്ന ആളെ നാം തിരഞ്ഞെടുക്കണം.

ഇനി 'നമ്മള്‍ അങ്ങനെയുള്ള ഒരാളെ തിരഞ്ഞെടുത്തിട്ടെന്താ ?!, പാര്‍ലമെന്‍റ് മുഴുവനും അതിന് വിപരീതമായിട്ടുള്ളവരല്ലേ എന്ന് ആരെങ്കിലും പറയുകയാണ്‌ എങ്കില്‍, അവനോട് നമുക്ക് പറയാനുള്ളത്: അങ്ങനെയായെന്നിരിക്കട്ടെ, എങ്കിലും ഈ ഒരാളില്‍ അല്ലാഹു ബര്‍ക്കത്ത് ചൊരിയുകയും, അയാള്‍ ആ പാര്‍ലമെന്റില്‍ ഹഖിന്‍റെ ശബ്ദം ഉയര്‍ത്തുകയും ചെയ്‌താല്‍ അതിനൊരു പ്രതിഫലനമുണ്ടാകും. അത് തീര്‍ച്ചയാണ്. പക്ഷെ നമ്മുടെ പ്രശ്നം അല്ലാഹുവോടുള്ള സ്വിദ്ഖിന്‍റെ വിഷയത്തില്‍ നാമല്പം പിന്നിലാണ്. ഭൗതിക കാര്യങ്ങളെയാണ് നാമാശ്രയിക്കുന്നത്. അല്ലാഹുവിന്‍റെ കലിമത്തിനെ പലപ്പോഴും നാം പരിഗണിക്കുന്നില്ല..  എങ്കിലും ഞാന്‍ പറയുന്നു: പാര്‍ലമെന്റില്‍ വളരെ കുറച്ച് പേര്‍ മാത്രമേ സത്യത്തിന്‍റെ വക്താക്കളായുള്ളൂ എങ്കിലും അവരുടെ സാന്നിധ്യം ഗുണം ചെയ്യും. പക്ഷെ അവര്‍ അല്ലാഹുവിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരായിരിക്കണം. 

ഇനി ചിലര്‍ ഇങ്ങനെ പറയാറുണ്ട്: പാര്‍ലമെന്‍റ് നിഷിദ്ധമാണ്.  ഫാസിഖീങ്ങള്‍ക്കൊപ്പമുള്ള ഇരുത്തമോ അവരോടൊപ്പം പങ്കാളികളാകുന്നതോ അനുവദനീയമല്ല. (അവരോട് തിരിച്ച് ചോദിക്കാനുള്ളത്) : ആ ഫാസിഖീങ്ങളോട് യോജിക്കാനാണോ നാം അവരോടൊപ്പം ഇരിക്കുന്നത് ?!. അല്ല. മറിച്ച് അവര്‍ക്ക് നേരായ വശം വ്യക്തമാക്കിക്കൊടുക്കാനാണ് നാം ഇരിക്കുന്നത്. ചില പണ്ഡിത സുഹൃത്തുക്കള്‍ പറയുന്നത്: പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ പാടില്ല എന്നാണ്. കാരണം ദീനീബോധമുള്ള ഇയാള്‍ എങ്ങനെയാണ് വഴിപിഴച്ചവര്‍ക്കൊപ്പം ഇരിക്കുക ?. അവരോട് തിരിച്ച് പറയാനുള്ളത്: അയാള്‍ അവിടെ ഇരിക്കുന്നത് ആ വഴികേടുകള്‍ പിന്തുടരുക എന്ന ഉദ്ദേശത്തോടെയാണോ, അതോ അവരുടെ പിഴവുകള്‍ തിരുത്തണമെന്ന ഉദ്ദേശത്തോടെയാണോ ?!. ഇപ്രാവശ്യം അതിനദ്ദേഹത്തിനത്  തിരുത്താന്‍ സാധിച്ചില്ലെങ്കിലും അടുത്ത തവണ സാധിച്ചെന്ന് വരാം ...  [ശൈഖിന്‍റെ ശബ്ദം വിവര്‍ത്തനം ചെയ്തത്: ].


ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ ശബ്ദം ഈ വീഡിയോയില്‍ കേള്‍ക്കാം 


മുഹദ്ദിസുല്‍ മദീന ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് ഹഫിദഹുല്ലയോടുള്ള ചോദ്യവും അദ്ദേഹം നല്‍കിയ മറുപടിയും:


ചോദ്യം: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് താങ്കളുടെ അഭിപ്രായം എന്താണ് ?. ഒരു ക്രിസ്ത്യന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ വിജയിച്ചാല്‍ അത് മുസ്'ലിമീങ്ങളെ വളരെയധികം ദോഷകരമായി ബാധിക്കുകയും ചെയ്യും.

ഉത്തരം: "മുസ്‌ലിമീങ്ങള്‍ ആ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത് അവര്‍ക്ക് ഗുണകരമാകുമെന്നുണ്ടെങ്കില്‍ അവര്‍ അതില്‍ പങ്കെടുക്കട്ടെ. അവര്‍ പങ്കാളികളാകുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടമോ, ദോശമോ ഒന്നുമില്ലെങ്കില്‍ അവര്‍ പങ്കെടുക്കേണ്ടതില്ല. ഇനി അവര്‍ തിരഞ്ഞെടുപ്പില്‍ ഭാഗവാക്കാകുന്നത് മുസ്ലിമീങ്ങളോട് വലിയ ശത്രുതയുള്ളവരെ അകറ്റി ശത്രുത കുറഞ്ഞവരെ തിരഞ്ഞെടുക്കാന്‍ സഹായകമാകുമെങ്കില്‍ (ശത്രുത കുറഞ്ഞ) കാഫിരീങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യാം, ഏതുപോലെ , മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്ന അമുസ്‌ലിം രാഷ്ട്രങ്ങളില്‍ ചിലപ്പോള്‍ തിരഞ്ഞെടുപ്പ് രണ്ട് അവിശ്വാസികള്‍ തമ്മിലായിരിക്കും. അതിലൊരാള്‍ മുസ്‌ലിമീങ്ങളോട് വലിയ ശത്രുതയും പകയുമുള്ള ആളായിരിക്കും. അയാള്‍ അധികാരത്തിലെത്തിയാല്‍ മുസ്‌ലിമീങ്ങളെ ഉപദ്രവിക്കുകയും അവരുടെ ആരാധനാകര്‍മ്മങ്ങള്‍ യഥാവിധം അനുഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കുകയും ചെയ്യും.  എന്നാല്‍ മറ്റേയാള്‍, അപ്രകാരമല്ല. അയാള്‍ മുസ്ലിമീങ്ങളോട് സഹിഷ്ണുതയുള്ളയാളാണ്. അയാള്‍ക്ക് മുസ്‌ലിമീങ്ങളോട് പകയില്ല. മുസ്‌ലിമീങ്ങള്‍ അവരുടെ ഈമാനിന്‍റെ തലത്തില്‍ വ്യത്യസ്ഥ തട്ടിലാണ് എന്നത് പോലെ കുഫ്റും വ്യത്യസ്ത തട്ടുകളിലാണല്ലോ. ഈമാന്‍ വ്യത്യസ്ഥപ്പെടുന്നത് പോലെ കുഫ്റും വ്യത്യസ്ഥപ്പെടും. ഒരാള്‍ കുഫ്റിന്റെ വലിയ വാഹകനാകുമ്പോള്‍ മറ്റൊരാള്‍ അത്രതന്നെ ആയിക്കൊള്ളണമെന്നില്ല. അതുകൊണ്ട് മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാതിരിക്കാന്‍ സഹായകമാകുമെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യണം......." [ശൈഖിന്‍റെ മറുപടിയുടെ ശബ്ദം വിവര്‍ത്തനം ചെയ്തത് :   https://www.youtube.com/watch?v=b9-AOeuXhw4 ].ജനാധിപത്യ വ്യവസ്ഥിതിയെപ്പറ്റി പൊതുവായി ചര്‍ച്ച ചെയ്യുമ്പോള്‍ അത് ഇസ്‌ലാമികമല്ല എന്നതില്‍ രണ്ടഭിപ്രായമില്ല എന്ന് ഞാന്‍ ആമുഖത്തില്‍ത്തന്നെ സൂചിപ്പിച്ചുവല്ലോ. ആ ഒരര്‍ത്ഥത്തില്‍ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയും ശൈഖ് അബ്ദുല്‍ മുഹ്സില്‍ അബ്ബാദ് ഹഫിദഹുല്ലയും സംസാരിച്ച വാക്കുകളെ അവര്‍ നിരുപാധികം വോട്ട് ചെയ്യാന്‍ പാടില്ല എന്ന നിലപാടുള്ളവരാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ രണ്ട് വിഷയത്തെയും ഫുഖഹാക്കള്‍ വ്യത്യസ്ഥമായാണ് ചര്‍ച്ച ചെയ്തത്. അതുകൊണ്ട് ഒരാള്‍ പറഞ്ഞ വാക്ക് ഉദ്ദരിക്കുമ്പോള്‍ അയാള്‍ അത് പറഞ്ഞ സാഹചര്യം കൂടി പരിഗണിക്കണം. കാരണം الحكم على الشيء فرع عن تصوره , ഒരു വിഷയത്തില്‍ മതവിധി പറയുന്നത് ആ കാര്യത്തെക്കുറിച്ചുള്ള വിലയിരുത്തലിനെ ആസ്പദമാക്കിയാണ്.

നമുക്കറിയാം തിരഞ്ഞെടുപ്പില്‍ ഭാഗവാക്കാകുന്നതിനെ എതിര്‍ത്ത പണ്ഡിതന്മാരില്‍ പ്രഗല്‍ഭനാണ് ഈ കാലഘട്ടത്തിന്‍റെ മുഹദ്ദിസായ ശൈഖ് മുഹമ്മദ്‌ നാസ്വിറുദ്ദീന്‍ അല്‍ അല്‍ബാനി റഹിമഹുല്ല. അല്ലാഹു അദ്ദേഹത്തിന്‍റെ ഖബറിടം വിശാലമാക്കുമാറാകട്ടെ. ജനാധിപത്യത്തില്‍ പങ്കെടുക്കുന്നതിനെ അദ്ദേഹം വളരെ കടുത്ത ഭാഷയില്‍ എതിര്‍ത്തിരുന്നു.

ശൈഖ് അല്‍ബാനി റഹിമഹുല്ല തിരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞത്: "ഈ തിരഞ്ഞെടുപ്പും പാര്‍ലമെന്‍റുകളും ഇസ്‌ലാമികമല്ല. അതിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനോ, ആ പാര്‍ലമെന്‍റില്‍ ഒരംഗമാകാനോ ഒരു മുസ്‌ലിമും തയ്യാറാകരുത്. കാരണം അവന് ഇസ്‌ലാമിന് വേണ്ടി യാതൊന്നും ചെയ്യാന്‍ സാധിക്കില്ല. അവസാനം അവന്‍ ആ വ്യവസ്ഥിതിയുടെ  ഓളത്തിനൊത്ത് തുഴയുന്ന അവസ്ഥയാണുണ്ടാകുക." - [സില്‍സിലതുല്‍ ഹുദാ വന്നൂര്‍: കാസറ്റ്: 660, ഫത്'വ: 5].

അതുപോലെ അദ്ദേഹം പറഞ്ഞു: " തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത് അക്രമികളോടൊപ്പം പങ്കുചേരലാണ്. കാരണം ശരിയായ ഇസ്‌ലാമിക കാഴ്ചപ്പാടുള്ള എല്ലാ മുസ്‌ലിമും ഈ പറയുന്ന പാര്‍ലമെന്‍റ് സംവിധാനവും തിരഞ്ഞെടുപ്പും ഒന്നും തന്നെ ഇസ്‌ലാമികമായ രീതിയല്ല എന്ന വ്യക്തമായ തിരിച്ചറിവ് ഉള്ളവനായിരിക്കും." - [സില്‍സിലതുല്‍ ഹുദാ വന്നൂര്‍: കാസറ്റ്: 660. ഫത്'വ 1 മുതല്‍ 5 വരെ പരിശോധിക്കുക.]

ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ അഭിപ്രായത്തെ നാം മാനിക്കുന്നു. നിക്ഷിപ്ത താല്പര്യങ്ങള്‍ക്കൊണ്ടല്ലാതെ മതപരവും പ്രമാണബദ്ധവുമായ നിലപാട് എന്ന അര്‍ത്ഥത്തില്‍ ആ നിലപാട് സ്വീകരിച്ചവരെയും നാം മാനിക്കുന്നു. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ. ശൈഖ് അല്‍ബാനി റഹിമഹുല്ല സ്വീകരിച്ച നിലപാട് സ്വീകരിച്ചവരെ പിഴച്ചവര്‍ എന്ന് മുദ്രകുത്തുന്നവരും നമ്മുടെ നാട്ടില്‍ വിരളമല്ല. അഭിപ്രായഭിന്നതയുടെ സഭ്യത ലംഘിച്ചവരെ ഇരു അഭിപ്രായങ്ങള്‍ സ്വീകരിച്ചവരുടെ കൂട്ടത്തിലും നമ്മുടെ നാട്ടില്‍ നമുക്ക് കാണാം. കക്ഷിത്വമനോഭാവാത്താല്‍ കണ്ണ് ചുവന്നിട്ടില്ലാത്തവര്‍ക്ക് അത് പ്രത്യക്ഷമായിത്തന്നെ വിലയിരുത്താന്‍ സാധിക്കുകയും ചെയ്യും.

ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ അഭിപ്രായത്തെ നമുക്ക് പഠനവിധേയമാക്കാം. രണ്ട് തലങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ വീക്ഷണത്തെ ചര്‍ച്ച ചെയ്യാന്‍ നാം ഉദ്ദേശിക്കുന്നത്. ഇന്ന് കാണുന്ന ജനത്തിന് ആധിപത്യം നല്‍കുന്ന, അഥവാ അധികാരവും ജനപിന്തുണയുമുണ്ടെങ്കില്‍ കണ്ട അണ്ടനും അടകോടനും തന്‍റെ എന്ത് കൊള്ളരുതായ്മകളും നടപ്പാക്കാന്‍ സാധിക്കുന്ന ജനാധിപത്യ വ്യവസ്ഥിതി ഇസ്‌ലാമികമല്ല എന്ന അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് വളരെ അര്‍ത്ഥവത്താണ്. അത് എല്ലാ പണ്ഡിതന്മാര്‍ക്കും  ഏകാഭിപ്രായമുള്ള കാര്യവുമാണ്.

ജനാധിപത്യം അല്ലാഹുവിന്‍റെ ഹുക്മിനെക്കാള്‍ നല്ല ഹുക്മാണ് എന്ന് ഒരാള്‍ വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ കാഫിറാണ്. അഥവാ كفر إعتقادي വിശ്വാസപരമായ കുഫ്ര്‍ സംഭവിച്ചവനായിരിക്കും അവന്‍.   ഇനി  അല്ലാഹുവിന്‍റെ നിയമമാണ് നല്ലത് എന്ന് വിശ്വസിക്കുന്ന ഒരാള്‍ ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി, താന്‍ ചെയ്യുന്നത് തിന്മയാണ് എന്ന ബോധ്യത്തോടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭാഗവാക്കാകുന്നുവെങ്കില്‍, അവന്‍ ചെയ്യുന്നത് വന്‍പാപമാണ്. അഥവാ كفر عملي അതായത് പ്രവര്‍ത്തനതലത്തിലുള്ള കുഫ്ര്‍ ആണ്. രണ്ടും തമ്മിലുള്ള വ്യത്യാസം പ്രവര്‍ത്തന തലത്തിലുള്ള കുഫ്ര്‍ ഒരാളെ ഇസ്‌ലാമിന്‍റെ വൃത്തത്തില്‍ നിന്നും പുറം കടത്തുന്നില്ല. തക്ഫീരികളായ ഖവാരിജുകളും അഹ്ലുസ്സുന്നയും തമ്മിലുള്ള വ്യത്യാസം തന്നെ ഇവിടെയാണ്‌. അവര്‍ എല്ലാ വന്‍പാപങ്ങളെയും ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകുന്ന പാപങ്ങളായിക്കാണുന്നു. മൂന്നാമതൊരു വിഭാഗം അവര്‍ നേരത്തെ സൂചിപ്പിച്ച വിധമുള്ള ജനാധിപത്യ വ്യവസ്ഥിതിയെ അംഗീകരിക്കുന്നില്ല. അല്ലാഹുവിന്‍റെ വിധിയാണ് നടപ്പാക്കപ്പെടേണ്ടത് എന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവിശ്വാസികളുമായി പരസ്പര ധാരണപ്രകാരം കഴിയുന്ന ദാറു മുആഹദയാണ് അവര്‍ കഴിയുന്ന രാഷ്ട്രമെന്നതിനാലോ, അവര്‍ ന്യൂനപക്ഷമാണ് എന്നതിനാലോ ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ നാട്ടിലെ ജനാധിപത്യ വ്യവസ്ഥിതിയിലെ അനുകൂലഘടകങ്ങളെ ഉപയോഗപ്പെടുത്തി അവര്‍ തങ്ങളുടെ വിശ്വാസസ്വാതന്ത്ര്യത്തെയും, മതാചാരങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. അല്ലാഹുവിന്‍റെ ദീനിനോട് ഗുണം ചെയ്യുന്നവരോ, അല്ലാഹുവിന്‍റെ ദീനിനോട് ശത്രുത കുറഞ്ഞവരോ ആയ ആളുകളെ അവര്‍ തിരഞ്ഞെടുക്കുന്നു. ഈ ഗണത്തെ ഒരിക്കലും നേരത്തെ പറഞ്ഞ രണ്ട് വിഭാഗത്തിലും ഉള്‍പ്പെടുത്താന്‍ പറ്റില്ല. മറിച്ച് അവര്‍ ദീന്‍ സംരക്ഷിക്കുവാനാണ് ആഗ്രഹിക്കുന്നത്. ഇത് പരിഗണിച്ചുകൊണ്ടാണ്‌ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല വോട്ട് ചെയ്യല്‍ നിര്‍ബന്ധമാണ്‌ എന്ന് പറഞ്ഞത്.   

ഒരിക്കലും തന്നെ തിരഞ്ഞെടുപ്പുമായി എല്ലാ അര്‍ത്ഥത്തിലുള്ള സഹകരണവും നിരുപാധികം തിന്മയാണ് എന്നും, നിരുപാധികം അത് വര്‍ജ്ജിക്കണമെന്നുമുള്ള, ഒരു മുഫസ്സ്വലായ മറുപടിയായി ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ വാക്കുകളെ കാണാന്‍ സാധിക്കില്ല എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്‌.

ഒരു സാഹചര്യത്തിലും നിരുപാധികം ഭാഗവാക്കാകാന്‍ പാടില്ല എന്ന നിയമം അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നും കിട്ടില്ല എന്ന് പറയാനുള്ള കാരണം ശൈഖ് മറ്റവസരങ്ങളില്‍ പറഞ്ഞ വാക്കുകളാണ്. ഉസ്വൂലുല്‍ ഫിഖ്ഹിലെ നിയമമനുസരിച്ച് دلالة المنطوق ന് അഥവാ അദ്ദേഹത്തിന്‍റെ മൊഴിയുടെ നേരര്‍ത്ഥത്തിന്,  دلالة المفهوم നേക്കാള്‍, അഥവാ അദ്ദേഹത്തിന്‍റെ മൊഴിയില്‍ നിന്നും മനസ്സിലാക്കിയെടുക്കുന്ന അര്‍ത്ഥത്തേക്കാള്‍ പിന്‍ബലമുണ്ട്. അള്‍ജീരിയയില്‍ നിന്നും  ചോദിക്കപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി ശൈഖ് അല്‍ബാനി റഹിമഹുല്ല പറയുന്നു:

" و لكن لا أرى ما يمنع الشعب المسلم إذا كان في المرشحين من يعادي الإسلام و فيهم مرشحون إسلاميون من أحزاب مختلفة المناهج فتصح – و الحالة هذه – كل مسلم أن ينتخب من الإسلاميين و من هو أقرب إلى المنهج العلمي الصحيح " ( المجلة السلفية الصادرة بالسعودية . العدد 03 لسنة 1418 هـ . ص 29).

"സ്ഥാനാര്‍ഥികളില്‍ ഇസ്‌ലാമിനോട് ശത്രുതയുള്ളവരും, ഇസ്‌ലാമിനോട് കൂറുള്ള എന്നാല്‍ വ്യത്യസ്ഥ പാര്‍ട്ടികളിലും മന്‍ഹജിലുമുള്ള ആളുകളുമുണ്ടെങ്കില്‍ വോട്ട് ചെയ്യാം. - ഇത്തരം ഒരു സാഹചര്യത്തില്‍- മുസ്‌ലിം സ്ഥാനാര്‍ഥികളെ നോക്കിയും, അവരില്‍നിന്നുതന്നെ ശരിയായ മന്‍ഹജിനോട് ഏറ്റവും അടുപ്പമുള്ളവരെ നോക്കിയും ഓരോ മുസ്‌ലിമും തിരഞ്ഞെടുക്കേണ്ടതാണ്." - [അല്‍മജല്ല അസ്സലഫിയ്യ - ലക്കം 3 - പേജ് 29].

അദ്ദേഹത്തിനാണല്ലോ അദ്ദേഹത്തിന്‍റെ വാക്കുകള്‍ വിശദീകരിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത്. മാത്രമല്ല നിരുപാധികം ഒരു സാഹചര്യത്തിലും തിരഞ്ഞെടുപ്പുമായി സഹകരിക്കരുത് എന്നത് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നും ഗ്രഹിചെടുത്ത 'ദിലാലതുല്‍ മഫ്ഹൂം' ആണ്. എന്നാല്‍ "ഇത്തരം ഒരു സാഹചര്യത്തില്‍- മുസ്‌ലിം സ്ഥാനാര്‍ഥികളെ നോക്കിയും, അവരില്‍നിന്നുതന്നെ ശരിയായ മന്‍ഹജിനോട് ഏറ്റവും അടുപ്പമുള്ളവരെ നോക്കിയും ഓരോ മുസ്‌ലിമും തിരഞ്ഞെടുക്കേണ്ടതാണ്." എന്നത് 'ദിലാലതുല്‍ മന്‍ത്വൂഖ്' അഥവാ അദ്ദേഹത്തിന്‍റെ നേര്‍മൊഴിയാണ്. അതുകൊണ്ട് നിരുപാധികം തിരഞ്ഞെടുപ്പിനോട് യാതൊരു സാഹചര്യത്തിലും സഹകരിക്കരുത് എന്ന് അദ്ദേഹത്തിന്‍റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നില്ല എന്ന്  ഇതില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാം.

മാത്രമല്ല ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ വാക്കുകള്‍ കുറച്ചുകൂടി ആഴത്തില്‍ പരിശോധിച്ചാല്‍, രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭാഗവാക്കാകുന്നതും, സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും ആണ് അദ്ദേഹം കണിശമായ ഭാഷയില്‍ വിലക്കിയത്. എന്നാല്‍ താന്‍ സഹകരിച്ചാലും ഇല്ലെങ്കിലും വരുമെന്ന് ഉറപ്പുള്ള രണ്ട് സ്ഥാനാര്‍ഥികളില്‍ നിന്നും  തന്‍റെ ദീനിയായ താല്പര്യത്തിന് കൂടുതല്‍ ഗുണകരമായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതില്‍ ഓരോരുത്തരുടെയും അഭിപ്രായം  പ്രകടിപ്പിക്കുന്ന വോട്ടവകാശത്തെ നിരുപാധികം അദ്ദേഹം എതിര്‍ത്തതായി കാണാന്‍ സാധിക്കില്ല. അതുകൊണ്ട് അദ്ദേഹത്തിന്‍റെ നിലപാട് ഇനിയും കൂടുതല്‍ ആഴത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്.

ഇനി ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ നേതൃത്വത്തില്‍ ലജ്നതുദ്ദാഇമ ഈ വിഷയത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള ഫത്'വ നമുക്ക് പരിശോധിക്കാം:


ചോദ്യം: ഞങ്ങളുടെ രാജ്യം അല്ലാഹുവിന്‍റെ ഹുക്മു കൊണ്ടല്ലാതെ ഭരിക്കുന്ന രാഷ്ട്രമാണ്. ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും, വോട്ട് ചെയ്യാനും പാടുണ്ടോ ?.

ഉത്തരം: അല്ലാഹുവിന്‍റെ ഹുക്മു കൊണ്ടല്ലാതെ ഭരിക്കുകയും, അല്ലാഹുവിന്‍റെ ശരീഅത്തുകൊണ്ടല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്‍റെ നയങ്ങളില്‍ അത് അതേ പടി അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന ഉദ്ദേശത്തോടെ ഒരു മുസ്‌ലിമിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല. ഒരു മുസ്‌ലിമിന് സ്വയം അതില്‍ മത്സരിക്കാനോ, ആ ഭരണകൂടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരാളെ അതിനുവേണ്ടി തിരഞ്ഞെടുക്കാനോ പാടില്ല.

എന്നാല്‍ അവന്‍ സ്വയം മത്സരിക്കുന്നതോ, മറ്റൊരാളെ തിരഞ്ഞെടുക്കുന്നതോ ആ വ്യവസ്ഥിതിയില്‍ കയറിയ ശേഷം ശരീഅത്തനുസരിച്ച് നിയമങ്ങള്‍ നടപ്പാക്കുന്ന രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനോ, ഭരണസംവിധാനത്തിന്‍റെ പ്രവര്‍ത്തന രീതിയെ  മാറ്റിമറിക്കാനുള്ള വസീലയായോ ആണ് എങ്കില്‍ അത് അനുവദനീയമാണ്. അത്തരം സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നയാള്‍ അതില്‍ പ്രവേശിച്ച ശേഷം ശറഇയ്യായി നിഷിദ്ധമല്ലാത്ത മേഖലകളിലല്ലാതെ പ്രവര്‍ത്തിക്കരുത്." -  [ഫത്'വയില്‍ ഒപ്പ് വച്ചവര്‍:  ശൈഖ് അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ് റഹിമഹുല്ല, അബ്ദുറസാഖ് അഫീഫി ഹഫിദഹുല്ല, അബ്ദല്ല ബിന്‍ ഗുദയ്യാന്‍ റഹിമഹുല്ല, അബ്ദല്ല ബിന്‍ ഖഊദ് റഹിമഹുല്ല. ഫത്'വയുടെ അറബി ലഭിക്കാന്‍: http://www.alifta.net/fatawa/fatawaDetails.aspx?BookID=3&View=Page&PageNo=6&PageID=9157&languagename= ].

അഥവാ അല്ലാഹുവിന്‍റെ നിയമം കൊണ്ടല്ലാതെ ഭരിക്കുന്നത് ഏറെ ഗൗരവപരമായ പാപമാണെന്നും, എന്നാല്‍ ഇസ്‌ലാമിനും മുസ്‌ലിമീങ്ങള്‍ക്കും അവരുടെ വിശ്വാസത്തെയും മതനിയമങ്ങളെയും സംരക്ഷിക്കാന്‍ സഹായകമാകുമെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗവാക്കാകുന്നതില്‍ തെറ്റില്ല എന്നും, ഭൗതിക നേട്ടങ്ങള്‍ മാത്രം ആഗ്രഹിച്ചുകൊണ്ടാണ് ഒരു വിശ്വാസി അത്തരം സ്ഥാനങ്ങളിലേക്ക്  മത്സരിക്കുന്നത് എങ്കില്‍ അയാള്‍ ചെയ്യുന്നത് തിന്മയാണ് എന്നും ഈ ഫത്'വയില്‍ വ്യക്തമാണ്. അതുപോലെ വോട്ട് ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ വിശ്വാസ സംരക്ഷണത്തിനും ദീനിന്‍റെ ഗുണത്തിനും വേണ്ടി ഉചിതമായിത്തോന്നുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിന് തെറ്റില്ല എന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.

അതുപോലെ ലജ്നതുദ്ദാഇമയുടെ മറ്റൊരു ഫത്'വയില്‍ അമുസ്‌ലിം രാഷ്ട്രങ്ങളിലെ മുസ്‌ലിമീങ്ങള്‍ അവരുടെ പൊതു മസ്'ലഹത്ത് പരിഗണിച്ചുകൊണ്ട്‌ ഒന്നിച്ചു നില്‍ക്കുകയും, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗവാക്കാകുകയും ചെയ്യേണ്ടതിനെപ്പറ്റി  ഇപ്രകാരം കാണാം:

ചോദ്യം: മത നിഷേധത്തില്‍ ഊന്നി നില്‍ക്കുന്ന ഒരു രാജ്യത്ത് അവിടെ നിയമപരമായി രജിസ്റ്റര്‍ ചെയ്ത ഇസ്‌ലാമിക് പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് അനുവദനീയമാണോ ?.  (ചോദ്യത്തിന്‍റെ പൂര്‍ണ രൂപം ഫത്'വയുടെ അറബി ലിങ്കില്‍ പോയാല്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്. തെറ്റിദ്ധാരണാ ജനകമാകാതിരിക്കാന്‍ വേണ്ടിയാണ് പരിഭാഷപ്പെടുത്താതിരുന്നത്).

ഉത്തരം:
"അമുസ്‌ലിം രാഷ്ട്രങ്ങളില്‍ കഴിയാന്‍ പരീക്ഷിക്കപ്പെട്ട മുസ്‌ലിമീങ്ങള്‍ക്ക് ഇസ്‌ലാമിക് പാര്‍ട്ടികളുടെ കീഴിലായാലും, സംഘടനകളുടെ കീഴിലായാലും പരസ്പരം ഒരുമിച്ചു കൂടുന്നതിനും, ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും,   സഹകരിക്കുന്നതിനും ശറഇയായ അനുവാദമുണ്ട്. കാരണം അത് പുണ്യത്തിലും തഖ്'വയിലും പരസ്പരം സഹകരിക്കുന്നതിന്‍റെ ഭാഗമാണ്" - [ഫത്'വയില്‍ ഒപ്പ് വച്ചവര്‍: ശൈഖ് അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ് റഹിമഹുല്ല, ശൈഖ് അബ്ദുറസാഖ് അഫീഫി ഹഫിദഹുല്ല, ശൈഖ് അബ്ദല്ല ബിന്‍ ഗുദയ്യാന്‍ റഹിമഹുല്ല, ശൈഖ് അബ്ദല്ല ബിന്‍ ഖഊദ് റഹിമഹുല്ല - ഫത്'വയുടെ അറബി ലഭിക്കാന്‍ : http://www.alifta.net/Fatawa/FatawaChapters.aspx?View=Page&BookID=3&PageID=9158&back=true&languagename=ar ].


അതുപോലെ സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് ഫഹിദഹുല്ല വോട്ടിങ്ങുമായി ബന്ധപ്പെട്ട് പറഞ്ഞ മറുപടി ശ്രദ്ധിക്കുക:


ചോദ്യം : ശൈഖ്,,,  ഇറാഖിലെ തിരഞ്ഞെടുപ്പില്‍ അഹ്ലുസ്സുന്ന നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് താങ്കള്‍ അല്‍പ സമയം മുന്‍പ് പറയുകയുണ്ടായി, ശൈഖ്,,, ഈ തിരഞ്ഞെടുപ്പ് ബാഗ്ദാദിനെ റാഫിദിയാക്കള്‍ക്ക് സ്വര്‍ണ്ണത്തളികയില്‍  തീറെഴുതിക്കൊടുക്കുന്ന ഒന്നാണ്. - മാധ്യമ പ്രവര്‍ത്തകന്‍ ഇടപെടുന്നു : അബൂ അഹ്മദ് : ശൈഖിന്‍റെ വാക്കുകള്‍ വളരെ വ്യക്തവും സ്പഷ്ടവുമായിരുന്നു. അതിന് യാതൊരു വ്യാഖ്യാനവും വിശദീകരണവും ആവശ്യമില്ല. മറ്റു കക്ഷികള്‍ മാത്രം ഭരണം കയ്യാളാതിരിക്കാന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വരികള്‍ക്കിടയില്‍ വസ്തുതകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നവനാണ് ബുദ്ധിമാന്‍ - ചോദ്യകര്‍ത്താവ് : അമേരിക്കക്കാര്‍ അവിടെ ഉണ്ടായിരിക്കെ ഈ തിരഞ്ഞെടുപ്പ് അനുവദനീയമാണോ ?.

ശൈഖിന്‍റെ മറുപടി:
"എന്‍റെ സഹോദരാ .. അബൂ അഹ്മദ് ...    അഹ്ലുസ്സുന്ന വല്‍ ജമാഅ നന്മയുടെ വക്താക്കളും, നല്ല രൂപത്തില്‍ ചിന്തിക്കുന്നവരും, സദുദ്ദേശമുള്ളവരുമാണ്. അവര്‍ അവരുടെ വീടുകളില്‍ ചടഞ്ഞിരിക്കുകയും, കാര്യങ്ങള്‍ മറ്റുള്ളവര്‍ അവര്‍ക്കിഷ്ടമുള്ള രൂപത്തില്‍ കളിക്കുവാന്‍ വിട്ടുകൊടുക്കുകയും ചെയ്‌താല്‍ എന്തായിരിക്കും... തനിക്ക് എല്ലാ കാര്യങ്ങളും നേടിയെടുക്കാന്‍ കഴിയുമെന്ന ധാരണയോടെയല്ല  ഒരാള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. തന്നാലാവുന്നത്ര നന്മക്ക് വേണ്ടി പ്രയത്നിക്കാം എന്ന നിലക്കാണ് അവന്‍ പങ്കെടുക്കുന്നത്. ഒരു വാക്കുകൊണ്ടെങ്കിലും ഇസ്‌ലാമിനെ ഒരാള്‍ സഹായിക്കുകയാണെങ്കില്‍ അവന് അല്ലാഹു കരുണ ചെയ്യട്ടെ.... സത്യസന്ധനായ ഒരു മുസ്‌ലിം.... ആ സത്യസന്ധനായ ഒരാള്‍ മതി കള്ളന്മാരായ ആയിരക്കണക്കിന് പേര്‍ക്ക് മുന്നില്‍ സധൈര്യം നില്‍ക്കാന്‍..... വിഷയം സത്യസന്ധമായ നിയ്യത്തുണ്ടോ എന്നതാണ്.... തിരഞ്ഞെടുപ്പില്‍ ഒരാള്‍ പങ്കെടുക്കുന്നത് നന്മ ഉദ്ദേശിച്ചുകൊണ്ടാണ് എങ്കില്‍,,, കാര്യങ്ങള്‍ നല്ല ഗതിയിലാക്കണം എന്ന ഉദ്ദേശത്തോടെയല്ലാതെ അവന്‍ അതില്‍ ഭാഗവാക്കായിട്ടില്ല എന്നത് അല്ലാഹുവിനറിയാം.... തന്നാലാവുന്ന രൂപത്തില്‍ കാര്യങ്ങള്‍ ശരിയാക്കുകയും, നന്മ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ അവന് അല്ലാഹുവിന്‍റെ തൗഫീഖ് ഉണ്ടാകും..... അല്ലാതെ നമ്മള്‍ മുഖംതിരിച്ച് നിന്ന്, മതി ഇനിയൊന്നും വേണ്ട, അവരവിടെയുള്ളതിനാല്‍   നാമൊന്നും ചെയ്യുന്നില്ല എന്ന് പറയുകയല്ല വേണ്ടത്.... നമ്മള്‍ പങ്കെടുക്കുകയും, നമ്മളാലാവുന്ന നന്മ ചെയ്യുകയും, വക്രതകളില്ലാത്ത ഒരു തിരഞ്ഞെടുപ്പ് നടക്കാന്‍ നമ്മളാലാവുന്ന എല്ലാ പരിശ്രമങ്ങളും ചെയ്യുകയുമാണ് വേണ്ടത്...... നല്ല ചിന്തയും, നല്ല ഉദ്ദേശവുമുള്ള നല്ല വ്യക്തിത്വങ്ങള്‍ക്ക് അവിടെ സ്ഥാനമുണ്ടാകണം.,,,, അവരല്ലാത്ത ചീത്ത ആളുകള്‍ ആ സ്ഥാനങ്ങളില്‍ കടന്നുകൂടാതിരിക്കാനാണത്..... നല്ല ആളുകള്‍ പിന്നോട്ടടിക്കുകയും മറ്റുള്ളവര്‍ക്ക് അവസരം തുറന്നിടുകയും ചെയ്‌താല്‍,,, പിന്നെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കില്ല.... അവര്‍ ആര്‍ക്കും വേണ്ടാത്തവരാകും.... ഒരു ശബ്ദവും അവര്‍ക്ക് പിന്നീട് ഉണ്ടാവുകയില്ല. "  - [ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്  - സൗദി ഗ്രാന്‍ഡ്‌  മുഫ്തി. : https://www.youtube.com/watch?v=tisT1_E1fEU ].

ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖിന്‍റെ വാക്കുകള്‍ ഈ വീഡിയോയില്‍ ശ്രവിക്കാം

ഇനി മലിക് ഫൈസല്‍ റഹിമഹുല്ല രൂപം കൊടുത്ത ആദ്യത്തെ പണ്ഡിതസഭയില്‍ ഉണ്ടായിരുന്ന അംഗങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അംഗമായ ശൈഖ് സ്വാലിഹ് അല്ലുഹൈദാന്‍ ഹഫിദഹുല്ല തത് വിഷയത്തില്‍ നല്‍കുന്ന മറുപടി നോക്കുക (ഒരുപാട് ഇടകലര്‍ന്ന സംഭാഷണം ആയതിനാല്‍ ആശയ വിവര്‍ത്തനം ആണ്) :

ചോദ്യം: ശൈഖ്  സ്വാലിഹ്,, ഞാന്‍ ലിബിയയില്‍ നിന്നാണ്. എന്‍റെ ചോദ്യം ഞങ്ങളിപ്പോള്‍ നേരിടാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ സംബന്ധിച്ചാണ്. ആ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്ന ഒന്നല്ല. ഞങ്ങളുടെ മേല്‍ ഞങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ നടപ്പാക്കപ്പെടുന്ന ഒന്നാണ്. ഞങ്ങള്‍ സഹകരിച്ചാലും ഇല്ലെങ്കിലും അത് നടക്കും.  ഇന്നത്തേക്ക് ഏകദേശം ഒരുമാസം പിന്നിട്ടാല്‍ തിരഞ്ഞെടുപ്പാണ്. ഇരുനൂറ് പേര്‍ ഉള്ള രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണത്. ആ തിരഞ്ഞെടുക്കുന്ന ഇരുനൂറ് പേര്‍ക്ക് ചില അധികാരങ്ങളുണ്ട് .................

ശൈഖിന്‍റെ മറുപടി :  വളരെ നീട്ടി വിശദീകരിക്കേണ്ടതില്ല... സഹോദരാ നോക്ക് .. അതായത്,,, നിങ്ങളുടെ ദീനിനും ദുന്‍യാവിനും ഗുണകരമാണ് എന്നുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക... അത്രേയുള്ളൂ കാര്യം...

ചോദ്യകര്‍ത്താവ് വീണ്ടും: പക്ഷെ ശൈഖ്: ഞങ്ങളുടെ നാട്ടിലുള്ള ചില ത്വലബതുല്‍ ഇല്‍മ് (മതവിദ്യാര്‍ഥികള്‍) ഞങ്ങളെ വിമര്‍ശിക്കുകയും, നിങ്ങള്‍ വോട്ട് ചെയ്യരുത് എന്നെല്ലാം പറയുന്നു ...

ശൈഖിന്‍റെ മറുപടി:
നിങ്ങളുടെ ദീനിനും ദുനിയാവിനും ഏറ്റവും ഗുണകരമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ആള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്തുകൊള്ളുക.    

ചോദ്യകര്‍ത്താവ്: പക്ഷെ ശൈഖ്: അതില്‍പലരും മത നിഷേധ നിലപാടുള്ളവരാണ്.  അവരെ എതിര്‍ക്കുന്നവരാണല്ലോ നാം. 

ശൈഖ്:
അതെ ലിബിയയുടെ അവസ്ഥ നമുക്കറിയാം. ദീനിനും ദുന്‍യാവിനും ഗുണം ചെയ്യുന്ന രൂപത്തിലുള്ളവര്‍ ആണെങ്കില്‍ അവര്‍ മതനിഷേധികളാവില്ല. ഒരിക്കലും ദീനിനും ദുന്‍യാവിനും ഗുണം ചെയ്യുന്നവര്‍  മതനിഷേധികളാവില്ല.

ചോദ്യകര്‍ത്താവ്:
ചില യുവാക്കളും, ത്വലബതുല്‍ ഇല്‍മും പറയുന്നു: ഇനി നിങ്ങള്‍ മതനിഷേധികളെപ്പറ്റി ഒന്നും മിണ്ടരുത്. നിങ്ങള്‍ ഇഖ്'വാനികളെ സപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ ഭരണത്തില്‍ വരും ..  

ശൈഖ്: അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. ലിബിയക്കാര്‍ക്കാണ് ലിബിയയെപ്പറ്റി കൂടുതല്‍ അറിയുക. നിങ്ങളുടെ ദീനിനും ദുനിയാവിനും ഗുണം ചെയ്യുന്നവരെയായിരിക്കണം നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. അതൊരു അടിസ്ഥാന തത്വമായി നിങ്ങള്‍ കണക്കാക്കുക. നിങ്ങളുടെ രാജ്യത്തിന് അതിന്‍റെ ദീനിയായ കാര്യങ്ങളിലും, ദുന്‍യവിയായ കാര്യങ്ങളിലും ഏറ്റവും ഉചിതം ആരാണോ അവരെ നിങ്ങള്‍ തിരഞ്ഞെടുക്കുക.

ചോദ്യകര്‍ത്താവ്:
ശൈഖ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്തവരോടുള്ള അങ്ങയുടെ ഉപദേശമെന്താണ് ?.

ശൈഖ്: എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. വോട്ട് ചെയ്യുന്ന ആള്‍ സ്വതന്ത്രനാണ്. വോട്ട് ചെയ്യുകയും അതുവഴി രാജ്യത്തിന് ഉപകരിക്കാനും സാധിച്ചാല്‍, വിട്ടുനില്‍ക്കുക വഴി അവന്‍ ആ വിഷയത്തില്‍ കുറവ് വരുത്തിയവനായിരിക്കും. - [ശൈഖിന്‍റെ ശബ്ദം വിവര്‍ത്തനം ചെയ്തത്: https://www.youtube.com/watch?v=o7x7-h4Z73s ].


മുകളില്‍ ശൈഖ് സ്വലിഹ് അല്ലുഹൈദാന്‍ ഹഫിദഹുല്ല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു അടിസ്ഥാന തത്വം പഠിപ്പിക്കുന്നുണ്ട്: "നിങ്ങളുടെ നാടിന് അതിന്‍റെ ദീനിനും ദുനിയാവിനും ഏറ്റവും ഉചിതമായിത്തോന്നുന്നത് ആരോ അവര്‍ക്ക് വോട്ട് ചെയ്യുക".

വോട്ട് എന്ന് പറയുന്നത് സ്ഥാനാര്‍ഥികളില്‍ ആരെയാണ് വേണ്ടത് എന്ന് ഓരോരുത്തര്‍ക്കും തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. അവിടെ തന്‍റെ മതത്തിനും ദുനിയാവിനും കൂടുതല്‍ ഗുണകരമായിത്തോന്നുന്ന സ്ഥാനാര്‍ഥിയെ ഓരോ ആള്‍ക്കും തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുമ്പോള്‍ തന്‍റെ വിശ്വാസ സംരക്ഷണത്തിനും, ആരാധനാ സ്വാതന്ത്ര്യത്തിനും ആയിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. ഭൗതിക നേട്ടങ്ങള്‍ക്കല്ല.

ഈ വിഷയ സംബന്ധമായി ഞാന്‍ എത്തിച്ചേര്‍ന്ന ചില പ്രധാന പോയിന്‍റുകള്‍:
 1.  ഇന്ന് നിലനില്‍ക്കുന്ന രൂപത്തിലുള്ള ജനാധിപത്യ രീതി ഇസ്‌ലാമികമല്ല എന്നത് എകാഭിപ്രായമുള്ള കാര്യമാണ്.

 2. ആ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണം നടത്തുന്നവരെ നിരുപാധികം തക്ഫീര്‍ ചെയ്യാന്‍ പാടില്ല.

  അവരെ മൂന്ന് വിഭാഗമായി തിരിക്കാം:

  ഒന്ന്:
  ജനാധിപത്യത്തെ  അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍ നല്ല നിയമമായും , മതനിയമങ്ങൾക്ക് പരിഗണനയില്ലാതെ സ്വതന്ത്ര നിയമനിർമാണം മനുഷ്യന് അർപ്പിക്കുന്ന രൂപത്തിൽ ജനാധിപത്യത്തെ ഒരാൾ സമീപിക്കുന്നുവെങ്കിൽ അത് കുഫ്‌റാണ്.  

  രണ്ട്:
  അല്ലാഹുവിന്‍റെ നിയമം കൊണ്ടാണ് ഭരണം നടത്തേണ്ടത് എന്ന് വിശ്വസിക്കുന്ന ഒരാള്‍, താന്‍ ചെയ്യുന്നത് തെറ്റാണ് എന്ന ബോധ്യത്തോടെ, ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി  തെറ്റായ കാര്യങ്ങള്‍ക്ക് പിന്നാലെ പോകുകയാണ് എങ്കില്‍ അവന്‍ വന്‍പാപിയാണ് കാഫിറല്ല (ഖവാരിജിയാക്കളും തക്ഫീരികളുമായി അഹ്ലുസ്സുന്ന ഈ വിഷയത്തില്‍ വ്യത്യസ്ഥരാകുന്നു).  അവൻ ചെയ്യുന്ന പാപങ്ങളുടെ ഗൗരവം അനുസരിച്ച് തെറ്റിൻ്റെ ഗൗരവവും വർധിക്കും. കുഫ്‌റ്‌ സംഭവിക്കുന്ന പാപങ്ങൾ വരുന്നുവെങ്കിലേ കുഫ്ർ സംഭവിക്കുകയുള്ളൂ. കേവലം തെറ്റുകൾ ഉള്ളവരാണ് എന്നതുകൊണ്ട് മാത്രം അവരെ തക്ഫീർ ചെയ്യാൻ പാടില്ല എന്നർത്ഥം.  

  മൂന്ന്:
  അല്ലാഹുവിന്‍റെ നിയമത്തെ ആഗ്രഹിക്കുന്നവന്‍. അതാണ്‌ വേണ്ടതെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷെ അതുകൊണ്ട് ഭരണം നടത്താന്‍ കഴിയുന്ന യാതൊരു സാഹചര്യവും അയാള്‍ക്ക് മുന്നിലില്ല. അതുകൊണ്ട് അല്ലാഹുവിന്‍റെ നിയമങ്ങളെ തന്നാലാവുന്ന വിധം സംരക്ഷിക്കുവാനും നടപ്പാക്കുവാനും അയാള്‍ പരിശ്രമിക്കുന്നു. ഈ മൂന്നാമത്തെയാള്‍ അല്ലാഹുവില്‍ നിന്നും പ്രതിഫലം ലഭിക്കുന്നവനാണ്. الواجب يسقط بالعجز അഥവാ 'നിര്‍ബന്ധമായ ഒരു കാര്യം  അത് നിര്‍വഹിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നിര്‍ബന്ധമല്ലാതായിത്തീരുന്നു' എന്ന ഫിഖ്ഹിലെ തത്വം ഇവിടെ ബാധകമാണ്. (നിന്ന് നമസ്കരിക്കാന്‍ കഴിയാത്തവന് ഇരുന്ന് നമസ്കരിക്കാവുന്നത് പോലെ).  എന്നാല്‍ ഈ മൂന്ന് ഗണത്തെയും വ്യത്യസ്ഥമായിക്കാണാതെ എല്ലാവരെയും ഒന്നടങ്കം കാഫിറുകളായി പരിഗണിക്കുന്നവരാണ് ഖവാരിജിയാക്കള്‍.

 3. ജനാധിപത്യ വ്യവസ്ഥിതിയില്‍ വോട്ട് ചെയ്യുന്നവൻ:

  ഒന്ന്: ജനാധിപത്യ വ്യവസ്ഥിതിയും , മനുഷ്യനിർമിത നിയമങ്ങളുമാണ് അല്ലാഹുവിന്‍റെ നിയമങ്ങളെക്കാള്‍ ഉചിതം എന്ന വിശ്വാസത്തോടെയാണ് ഒരാള്‍ വോട്ട് ചെയ്യുന്നത് എങ്കില്‍ അത് കുഫ്‌റാണ്. 

  രണ്ട്:
   എന്നാൽ അത്തരം തെറ്റായ വിശ്വാസമില്ല. പക്ഷെ തിന്മയാണ് എന്ന് തിരിച്ചറിയുന്നതായ കാര്യങ്ങൾക്കും ഭൗതിക താല്പര്യങ്ങൾ മുൻനിർത്തി വേണ്ടി വോട്ട് ഉപയോഗപ്പെടുത്തുന്നു. എങ്കിൽ അയാള്‍ പാപിയാണ്. പാപത്തിൻ്റെ ഗൗരവം അനുസരിച്ച് തെറ്റിൻ്റെ ഗൗരവവും കൂടുന്നു.  

  മൂന്ന്:
   എന്നാൽ ഒരാൾ തന്‍റെ ദീനിനും ദുനിയാവിനും സമൂഹത്തിൻ്റെ നന്മക്കും നീതിക്കും ഏറ്റവും ഉചിതമായതേത് എന്നത്തിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ നന്മയുണ്ടാകും എന്ന് തോന്നുന്ന സ്ഥാനാര്‍ഥിക്കും പാർട്ടിക്കും വോട്ട് നൽകുന്നു. അവന്‍ ചെയ്യുന്നത് സല്‍കര്‍മ്മമാണ്. കാരണം തന്‍റെ ദീനിനെയും അതുപോലെ സമാധാനപരമായ ജീവിതത്തെയും സംരക്ഷിക്കുക എന്നതാണ് അവന്‍റെ പ്രധാന ലക്ഷ്യം. 

 4. ഈ വിഷയത്തില്‍ ഒരാള്‍ ആ സംവിധാനത്തോട് പുലര്‍ത്തുന്ന മനോഭാവവും അയാളുടെ ഉദ്ദേശ ലക്ഷ്യങ്ങളുമാണ് അതിന്‍റെ മതവിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകം. അതുകൊണ്ടുതന്നെ മതവിധി ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് വ്യത്യസ്ഥമായേക്കാം.

 5. ജനാധിപത്യത്തെക്കുറിച്ച് അതിന്‍റെ വിധിയെന്ത്‌ എന്ന് പൊതുവായി ചര്‍ച്ച ചെയ്യുന്ന ഭാഗവും, ജനാധിപത്യ വ്യവസ്ഥിതിയില്‍ ജീവിക്കുന്നവര്‍ അവരുടെ വിശ്വാസ സംരക്ഷണത്തിനായി ഉചിതമായ എന്ത് നിലപാട് സ്വീകരിക്കണം എന്ന വിഷയവും രണ്ടും രണ്ടായിത്തന്നെ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവ തമ്മില്‍ ഇടകലര്‍ത്തരുത്. മാത്രമല്ല മതങ്ങൾക്ക് വിശ്വാസ സ്വാതന്ത്ര്യം നൽകുന്ന ജനാധിപത്യ വ്യവസ്ഥിതിയും, മതങ്ങളെ പാടേ അവഗണിച്ചുകൊണ്ടുള്ള ജനാധിപത്യ വ്യവസ്ഥിതിയും ഉണ്ട്. എല്ലാം ഒരുപോലെയല്ല. 

 6. നമ്മുടെ നാട്ടില്‍ മുന്‍കാലങ്ങളില്‍ ജീവിച്ച സലഫീ പണ്ഡിതന്മാരുടെ തത് വിഷയത്തിലെ നിലപാടുകളും, ആ നിലപാടുകള്‍ കൊണ്ട് മുസ്‌ലിം ഉമ്മത്തിന് ഉണ്ടായ നേട്ടവും പരിശോധിക്കുന്നത് ഒരു മുസ്‌ലിം ന്യൂനപക്ഷം എന്ന നിലക്ക് ഈ വിഷയ സംബന്ധമായ ചര്‍ച്ചയില്‍ ഏറെ പ്രസക്തമാണ്.
   
 7. ഒരുപാട് വര്‍ഷങ്ങളായി വ്യത്യസ്ഥ നാടുകളില്‍ നിന്നുള്ള ആളുകളുമായി ഇടപഴകുന്ന ഒരാള്‍ എന്ന നിലക്ക്, കേരളത്തിലെ രാഷ്ട്രീയ രംഗത്തുള്ള മുസ്‌ലിമീങ്ങളുടെ സാന്നിധ്യം ഒരുപാട് ഗുണം ചെയ്തതായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും അത് വളരെ വ്യത്യസ്ഥമായി അനുഭവപ്പെട്ടിട്ടുമുണ്ട്. അത് വളരെ പ്രാധാന്യത്തോടുകൂടി പരിഗണിക്കണം. കാരണം വിഷയം ചര്‍ച്ച ചെയ്ത ഒട്ടുമിക്ക പണ്ഡിതന്മാരും അത് ദീനിന് ഗുണം ചെയ്യുമോയെന്ന ഘടകത്തെ ഏറെ പരിഗണിച്ചിട്ടുണ്ട്.

സ്ഖലിതങ്ങള്‍ മനുഷ്യ സഹചമാണ്. അല്ലാഹു നമ്മിൽ നിന്നും വന്നുപോയിട്ടുള്ള തെറ്റ് കുറ്റങ്ങള്‍ മാപ്പാക്കിത്തരുമാറാകട്ടെ.. വസ്തുനിഷ്ടമായി കാര്യങ്ങള്‍ പഠിക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ... 
______________________


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ